പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമാനതകളില്ലാത്ത വിധത്തിൽ വിദ്വേഷ പരാമർശങ്ങളുടെ ഇരയാവുകയാണ്. മൂന്നാം മോദി സർക്കാർ അധികാരമേറ്റെടുത്തത് മുതൽ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്ന രാഹുലിൻെറ വായടപ്പിക്കുകയാണ് ഇപ്പോൾ സംഘപരിവാർ സംഘടനകളുടെ ലക്ഷ്യം. ബി.ജെ.പി, ആർ.എസ്.എസ്, ശിവസേന നേതാക്കളാണ് രാഹുലിനെതിരെ വധഭീഷണിയും ആക്രമണ ആഹ്വാനങ്ങളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ ഇന്ത്യയിൽ സംഘപരിവാർ സംഘടനകളുടെ സ്വാധീനം കുറഞ്ഞുവെന്ന് രാഹുൽ അമേരിക്കയിൽ പറഞ്ഞിരുന്നു. ജനങ്ങൾക്ക് മോദിയോടും ബി.ജെ.പിയോടുമുള്ള ഭയം ഇല്ലാതായെന്നും അദ്ദേഹം വ്യക്തമാക്കി. സംവരണവുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ പരാമർശത്തെ വളിച്ചൊടിച്ചാണ് ഇപ്പോൾ സംഘപരിവാർ നേതാക്കൾ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത്.
സംവരണം നിർത്തലാക്കണമെങ്കിൽ ഇന്ത്യ നീതിയുക്തമായ രാജ്യമാകണമെന്നായിരുന്നു ജോർജ്ടൌൺ സർവകലാശാലയിൽ ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് ഉത്തരം നൽകവേ രാഹുൽ ഗാന്ധി പറഞ്ഞത്. നിലവിൽ ഇന്ത്യയിലെ അവസ്ഥ അത്തരത്തിൽ അല്ലെന്നും അദ്ദേഹം വ്യക്തമായിരുന്നു. ഇന്ത്യയിൽ സാമ്പത്തിക സാമൂഹിക അസമത്വം നിലനിൽക്കുന്നിടത്തോളം സംവരണം തുടരേണ്ട ആവശ്യകതയുണ്ടെന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ, രാഹുൽ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. രാഹുൽ സംവരണത്തിനെതിരെയാണ് സംസാരിക്കുന്നതെന്നതാണ് ബി.ജെ.പി. ആരോപണം.
ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ തന്നെയാണ് ആദ്യം രാഹുലിനെതിരെ തിരിഞ്ഞിരുന്നത്. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയാണ് വാർത്താസമ്മേളനം വിളിച്ച് ആദ്യം രാഹുലിൻെറ പ്രസംഗത്തിനെതിരെ സംസാരിച്ചത്. മുൻ നിയമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ രവി ശങ്കർ പ്രസാദ് മറ്റൊരു വാർത്താസമ്മേളനത്തിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും സംവരണവിരുദ്ധ മനോഭാവം പുലർത്തുന്നവരാണെന്നും പറഞ്ഞിരുന്നു. ഇന്ത്യയെ ഭിന്നിപ്പിക്കുന്ന ശക്തികൾക്ക് വേണ്ടിയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്നായിരുന്നു കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത് ഷായുടെ പ്രതികരണം. രാഹുലിനെതിരായ ആക്രമണം ഇപ്പോൾ ഒരുപടി കൂടി കടന്ന് ശാരീരികമായി ആക്രമിക്കണമെന്ന ആഹ്വാനവും വധഭീഷണിയുമൊക്കെയായി മാറിയിരിക്കുകയാണ്.
രാഹുലിൻെറ നാക്ക് മുറിക്കുന്നയാൾക്ക് 11 ലക്ഷം രൂപ നൽകുമെന്ന് പരസ്യമായി പ്രസംഗിച്ചത് ശിവസേന എം.എൽ.എ. സഞ്ജയ് ഗെയ്ക്വാദാണ്. രാജ്യം മുഴുവനും സംവരണത്തിനായി മുറവിളി ഉയരുമ്പോൾ രാഹുൽ ഗാന്ധി സംവരണം അവസാനിപ്പിക്കുമെന്ന് പറയുന്നുവെന്നാണ് രാഹുലിൻെറ പ്രസംഗം വളച്ചൊടിച്ച് ഗെയ്ക്വാദ് പറഞ്ഞത്. നാക്ക് മുറിച്ചാൽ പോരാ, കരിച്ച് കളയണമെന്നാണ് ബി.ജെ.പി. എം.പി അനിൽ ബോണ്ടെയുടെ പരാമർശം. “സംവരണത്തിനെതിരെ രാഹുൽ പറഞ്ഞത് അപകടകരമാണ്. വിദേശത്തുപോയി ആരെയെങ്കിലും ഇത്തരത്തിൽ പറഞ്ഞാൽ നാവ് മുറിച്ചെടുക്കുന്നതിനുപകരം കരിച്ചുകളയുകയാണ് വേണ്ടത്” - അനിൽ ബോണ്ടെയുടെ പ്രസംഗം ഇങ്ങനെയാണ്.
അമേരിക്കൻ സന്ദർശനത്തിനിടെ വിർജീനീയയിൽ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാഹുൽ ഗാന്ധി നടത്തിയ മറ്റൊരു പരാമർശവും ബി.ജെ.പി. രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കവേ ഒരു സിഖുകാരന് തലപ്പാവ് ധരിക്കാനാവുമോ ഗുരുദ്വാരയിൽ പോകാനാവുമോ എന്നത് സംബന്ധിച്ച പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് ഇന്ത്യയിലെ സിഖ് മതങ്ങളുടെ മാത്രം അവസ്ഥ അല്ലെന്നും എല്ലാ മതങ്ങളുടെയും സ്ഥിതി ഇത് തന്നെയാണെന്നും, ആർ.എസ്.എസ്. ചില മതങ്ങളെലും ഭാഷകളെയും സമൂഹ്യങ്ങളെയും മറ്റുള്ളവയെക്കാൾ താഴ്ന്നതായി പരിഗണിക്കുന്നുവെന്നും രാഹുൽ തൻെറ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
സിഖ് മതവുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ ഈ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് തർവീന്ദർ സിംഗ് മർവ അതിരൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. രാഹുൽ ഗാന്ധി നന്നായി പെരുമാറിയില്ലെങ്കിൽ മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയുടെ അതേ വിധി രാഹുൽ ഗാന്ധിയ്ക്കും നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. സിഖ് അംഗ രക്ഷകരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുന്നത്. അതോർമിപ്പിച്ച് രാഹുലിനെതിരെ വധഭീഷണി മുഴക്കുകയാണ് മഡവ ചെയ്തത്. നേരത്തെ കോൺഗ്രസിലുണ്ടായിരുന്ന മർവ 2022ൽ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് മാറിയ നേതാവാണ്. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ തീവ്രവാദിയാണെന്നായിരുന്നു റെയിൽവൈ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവിൻെറ പരാമർശം. ബി.ജെ.പി. നേതാവും ഉത്തർപ്രദേശിലെ മന്ത്രിയുമായ രഘുരാജ് സിംഗും സമാനമായ പരാമർശം നടത്തിയിരുന്നു.
രാഹുൽ ഗാന്ധിയ്ക്കെതിരെ വധഭീഷണി മുഴക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്ന ബി.ജെ.പി, എൻ.ഡി.എ. നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസ്. ഡൽഹി പോലീസിന് കോൺഗ്രസ്സ് പരാതി നൽകിയിട്ടുണ്ട്. ബി.ജെ.പി നേതാവ് രവ്നീത് സിംഗ് ബിട്ടു ,തർവീന്ദർ സിംഗ് മർവ, രഘുരാജ് സിംഗ്, ശിവസേന എം എൽ എ സഞ്ജയ് ഗെയ്ക്വാദ് തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തീവ്രവാദി പരാമർശത്തിനെതിരെ രവ്നീത് സിംഗ് ബിട്ടുവിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രിയടക്കമുള്ളവർ കലാപത്തിന് ആഹ്വാനം ചെയ്ത് സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ്സ് നേതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. രാഹുൽ ഗാന്ധി രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദം ഉയർത്തുന്നത് ബി.ജെ.പി നേതാക്കളെ ഭയപ്പെടുത്തുന്നതിനാൽ അവർ രാഹുലിനെ വകവരുത്താൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഒന്നാം മോദി സർക്കാരിൻെറയോ രണ്ടാം മോദി സർക്കാരിൻെറയോ കാലത്തുള്ളത് പോലെയല്ല ഇപ്പോൾ രാഹുൽ ഗാന്ധിക്കെതിരെ തുടരുന്ന ആക്രമണങ്ങൾ. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം താഴേത്തട്ടിലുള്ള ജനങ്ങൾക്കിടയിൽ രാഹുലിന് വലിയ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നത് ബി.ജെ.പി. ഗൗരവത്തോടെയാണ് കാണുന്നത്. നേരത്തെ പപ്പുവെന്നും മറ്റും വിളിച്ച് പരിഹസിച്ചിരുന്ന രീതിയിൽ നിന്ന് സംഘപരിവാർ നേതാക്കൾ കളം മാറിയിരിക്കുന്നു. നേരിട്ടുള്ള ആക്രമണ ആഹ്വാനങ്ങളാണ് ഇപ്പോൾ രാഹുലിനെതിരെ അവർ നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതെ പോയത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാർലമെൻറിൽ പ്രതിപക്ഷ നേതാവായ ശേഷം രാഹുൽ നടത്തിയ പ്രസംഗത്തിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോൾ അമേരിക്കയിൽ നടത്തിയ പ്രസംഗം അന്താരാഷ്ട്ര തലത്തിലും രാഹുലിൻെറ ഇമേജ് മാറ്റിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം ബി.ജെ.പിയെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ട്. രൂപവും ഭാവവും മാറിയ ആക്രമണത്തിന് പ്രേരകമായിരിക്കുന്നത് ഇക്കാര്യങ്ങളാണെന്നാണ് രാഷ്ട്രീയ വിദഗ്ദരുടെ വിലയിരുത്തൽ.