വാക്സിൻ വരും എല്ലാം ശരിയാകും എന്ന മട്ടിലുള്ള വാർത്തകൾ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെ ആയി. ലോകമിന്ന് ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് കൊവിഡ്- 19-നെതിരെ ഒരു വാക്‌സിനാണ്. വൈദ്യശാസ്ത്രം അതിനായി അഹോരാത്രം പണിയെടുക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. അതിനെ പറ്റി ചില കാര്യങ്ങളറിഞ്ഞാലത്ഭുതം തോന്നാം. ലോകത്തിന്ന് വരെ മറ്റൊരു രോഗത്തിനും ഇത്രയും വ്യാപകമായും, ഇത്രയും വേഗത്തിലും, ഇത്രയും വൈവിധ്യപൂർണവുമായ വാക്‌സിൻ ഗവേഷണം നടന്നിട്ടില്ല. ഇതുവരെയും 321 വാക്‌സിൻ കാൻഡിഡേറ്റുകളാണ് കൊവിഡിനെതിരേ ലോകത്താകമാനമുള്ള വിവിധ ലാബുകളിൽ മനുഷ്യന്റെ ഭാവി നിർണയിക്കുന്ന ഈ പരീക്ഷകളിൽ പരീക്ഷിക്കപ്പെടുന്നതെന്നാണ് CEPI (Coalition of Epidemic Preparedness Innovations) പറയുന്നത്.
വാക്‌സിനു വേണ്ടിയുള്ള ഈ കാത്തിരിപ്പുകൾക്ക് വിരാമമാകുന്നു എന്നുള്ള വാർത്തകളുടെ പിന്നാലെയാണിന്ന് ലോകം. കാരണം, ഡിസംബർ രണ്ടിന് യുണൈറ്റഡ് കിങ്ഡം ലോകത്താദ്യമായി ഒരു കോവിഡ് വാക്‌സിൻ പൊതുജനങ്ങൾക്ക് നൽകാനുള്ള അംഗീകാരം കൊടുത്തു കഴിഞ്ഞു. ഫൈസർ/ബയോൻടെക് (Pfizer/BioNTech) വികസിപ്പിച്ച BNT162 എന്ന വാക്‌സിനാണ് അടുത്താഴ്ച മുതൽ UK-യിൽ പൊതുജനങ്ങൾക്ക് കിട്ടിത്തുടങ്ങുന്നത്.
ഒരു വാക്‌സിൻ വികസിപ്പിക്കുന്നതിന് നിരവധി ഘട്ടങ്ങളുണ്ട്. രോഗാണുവിനെ എങ്ങനെയാണ് വാക്‌സിനിൽ ഉൾപ്പെടുത്തേണ്ടത് (സവിശേഷ സ്വഭാവമുള്ള ഒരു ചെറിയ ഭാഗം അല്ലെങ്കിൽ ജീവനുള്ളതോ നിർജ്ജീവമാക്കിയതോ ആയ മുഴുവൻ രോഗാണു തന്നെ), അത് ഏതു രൂപത്തിൽ മനുഷ്യരിൽ എത്തിക്കണം (ഇൻജെക്ഷൻ, സ്‌പ്രേ, തുള്ളിമരുന്ന് etc), മൃഗങ്ങളിലോ തുടർന്ന് മനുഷ്യരിലോ അത് അഭിലഷണീയമല്ലാത്ത ഫലങ്ങൾ ഉണ്ടാക്കുന്നുണ്ടോ, ഉണ്ടെങ്കിൽ അവ ഗൗരവമുള്ളതാണോ, എത്ര അളവിലുള്ള എത്ര ഡോസ് വാക്‌സിൻ എത്ര ഇടവേളകളിൽ കൊടുത്താലാണ് ആവശ്യത്തിന് പ്രതിരോധം ലഭിക്കുന്നത്, എത്രത്തോളം കാര്യക്ഷമമായാണ് ഈ വാക്‌സിൻ രോഗത്തെ തടയുന്നത് തുടങ്ങി വളരെ സങ്കീർണമായ നിരവധി ചോദ്യങ്ങൾക്ക് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉത്തരം നൽകിയാലാണ് ഒരു വാക്‌സിനെ പൊതു സമൂഹത്തിനു കൊടുക്കാൻ അനുവദിക്കാൻ പറ്റൂ. കാരണം, രോഗമുണ്ടാകുന്നതിനേക്കാൾ വലിയ പ്രശ്‌നമായി ഒരിക്കലും ഒരു വാക്‌സിൻ മാറാൻ പാടില്ല.
അപ്പോഴും ചില ചോദ്യങ്ങൾ ബാക്കി നിൽക്കും. അതിലേറ്റവും പ്രധാനം സമൂഹത്തിൽ ആർക്ക് ആദ്യം ഈ വാക്‌സിനുകൾ നൽകും എന്നതാണ്. എല്ലാവർക്കും ഒരുമിച്ചു നൽകാനൊക്കില്ലല്ലോ. അപ്പോൾ മുൻഗണനാ ക്രമങ്ങൾ നിശ്ചയിക്കണം. രോഗത്തിന്റെ സ്വഭാവം, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി, വാക്‌സിന്റെ ലഭ്യത, നിലവിലെ രാഷ്ട്രീയാന്തരീക്ഷം തുടങ്ങി നിരവധി ഘടകങ്ങൾ ഈ പറയുന്ന പ്രയോററ്റൈസേഷനെ സ്വാധീനിക്കും.
നിരവധി വാക്‌സിൻ കാൻഡിഡേറ്റുകൾ അണിയറയിൽ ഒരുങ്ങുന്ന കാര്യം പറഞ്ഞല്ലോ. അതിൽ ഏറ്റവുമാദ്യം മനുഷ്യർക്ക് കിട്ടാൻ പോകുന്ന ചിലരെ പരിചയപ്പെടാം.
1.Pfizer/BioNTech വാക്സിൻ
ഇപ്പോൾ UK-യിൽ കൊടുക്കാൻ അംഗീകാരം ലഭിച്ച Pfizer/BioNTech- ന്റെ BNT162 എന്ന വാക്‌സിൻ ഒരു RNA വാക്‌സിനാണ്. RNA എന്നാലതൊരു ജനിതകവസ്തുവാണ്. കോവിഡിനെതിരെ അംഗീകരിക്കപ്പെടുന്ന ആദ്യത്തെ വാക്‌സിനെന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത, മനുഷ്യന് ഏതെങ്കിലും രോഗത്തിനെതിരെ നൽകാനായി അംഗീകരിക്കപ്പെടുന്ന ആദ്യത്തെ "RNA വാക്‌സിൻ' കൂടിയാണ് BNT162.
43000 മനുഷ്യരിലാണ് ഇതിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നത്. കാര്യമായ സൈഡ് എഫക്റ്റുകൾ ആരിലും ഉണ്ടായില്ല എന്നും 95 ശതമാനം എഫിഷ്യൻസി ഈ വാക്‌സിനുണ്ടെന്നും Pfizer/BioNTech കഴിഞ്ഞമാസം അവകാശപ്പെട്ടിരുന്നു. ആ അവകാശവാദങ്ങളാണ് UK-യിലെ Medicines and Healthcare products Regulatory Agency (MHRA) ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
മൂന്നാഴ്ചത്തെ ഇടവേളയിൽ ആകെ രണ്ട് ഡോസ് വാക്‌സിനുകളാണ് ഒരാൾക്ക് നൽകേണ്ടത്. ആർക്കൊക്കെ ആദ്യം വാക്‌സിൻ നല്കണമെന്നതിന്റെ മുൻഗണനാ ക്രമവും MHRA നിശ്ചയിച്ചിട്ടുണ്ട്. ഏറ്റവുമാദ്യം വാക്‌സിൻ ലഭിക്കുന്നത് വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്കും അവരെ പരിപാലിക്കുന്നവർക്കും ആണ്. ശേഷം 85 വയസിനു മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും. തുടർന്ന് പ്രായം കുറയുന്നതിനനുസരിച്ച് മുൻഗണനാ ലിസ്റ്റിൽ പിന്നിലേക്ക് പോകും. പക്ഷെ എന്തെങ്കിലും ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്ക് പ്രായഭേദമന്യേ മുൻഗണന ലഭിക്കുകയും ചെയ്യും. പൂർണമായും സൗജന്യമായാണ് UK ഗവൺമെന്റ് ഈ വാക്‌സിൻ ജനങ്ങൾക്ക് നൽകാൻ പോകുന്നത്.
ഈ വാക്‌സിന്റെ ഒരു പോരായ്മയായി ഇപ്പോൾ പറയാൻ കഴിയുന്നത്, ഇത് മൈനസ് 70 ഡിഗ്രീ സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണം എന്നതാണ്. അതിനു വേണ്ടിയുള്ള "Deep Freeze Delivery System' കൂടുതൽ ചെലവും സാങ്കേതിക പരിജ്ഞാനവും ആവശ്യപ്പെടുന്ന ഒന്നാണ്.
2. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി / ആസ്ട്രസെനെക്ക വാക്‌സിൻ
വൈദ്യശാസ്ത്രലോകം കോവിഡ് വ്യാപനത്തിന്റെ ആദ്യകാലം മുതലേ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിട്യൂട്ടും ആസ്ട്രസെനക്ക എന്ന കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന AZD1222 എന്ന വാക്‌സിൻ.
ഇത് ഒരുതരം "വൈറൽ വെക്റ്റർ' വാക്‌സിനാണ്. താരതമ്യേന നിരുപദ്രവകാരിയായ ഒരു വൈറസിന്റെ ജനിതക പദാർത്ഥത്തിലേക്ക് വാക്‌സിൻ ഉണ്ടാക്കേണ്ട വൈറസിന്റെ (ഇവിടെ കോവിഡ് വൈറസ്) ജനിതക പദാർത്ഥം ജനറ്റിക് എഞ്ചിനീയറിംഗ് വഴി കൂട്ടിച്ചേർത്തു, ആ വൈറസിനെ ജീവനോടെ വാക്‌സിനിൽ ഉപയോഗിക്കുന്നതാണ് "വൈറസ് വെക്റ്റർ വാക്‌സിൻ'. ജീവനുള്ള വൈറസിനെ തന്നെ വാക്‌സിനിൽ ഉപയോഗിക്കുന്നതിനാൽ ആന്റിബോഡി നിർമ്മാണത്തിന്റെ കാര്യക്ഷമതയിൽ കിൽഡ് വാക്‌സിനെക്കാളും സബ് യൂണിറ്റ് വാക്‌സിനെക്കാളും വളരെ ഗുണപ്രദമാണ് ഇത്തരം വാക്‌സിനുകൾ. പക്ഷേ നിരുപദ്രവകാരിയായ ഒരു വൈറസിനെ കണ്ടുപിടിക്കുക എന്നതാണ് ഇത്തരം വാക്‌സിൻ നിർമ്മാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. മുമ്പ് എബോളക്കെതിരെ ഇത്തരമൊരു വാക്‌സിൻ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ചിമ്പാൻസികളിൽ ജലദോഷം പോലൊരു നിസാരരോഗമുണ്ടാക്കുന്ന ഒരുതരം വൈറസിനെയാണ് ഓക്‌സ്‌ഫോഡ് വാക്‌സിനിൽ വെക്റ്ററായി ഉപയോഗിച്ചിരിക്കുന്നത്.
ഈ വാക്‌സിന്റെ മറ്റൊരു പ്രത്യേകത ഇത് സൂക്ഷിക്കാൻ അധികം തണുത്ത താപനില ആവശ്യമില്ലാത്തതിനാൽ എളുപ്പത്തിൽ പലസ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും വിതരണം ചെയ്യുന്നതിനും സാധിക്കും എന്നതാണ്. മാത്രമല്ല, പ്രായമായവരിൽ ശക്തമായ ഇമ്മ്യൂൺ റെസ്‌പോൺസ് ഈ വാക്‌സിൻ കാണിക്കുന്നുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്.
20000-ലധികം പേരിൽ ഇതിനകം ഈ വാക്‌സിൻ പരീക്ഷണം നടന്നു കഴിഞ്ഞു. 70 ശതമാനമാണ് അതിന്റെ എഫിഷ്യൻസിയെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതും രണ്ടു ഡോസ് വാക്‌സിൻ വീതമാണ് ഓരോരുത്തർക്കും നൽകേണ്ടത്. UK ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആദ്യം പറഞ്ഞ വാക്സിനൊപ്പം ഈ വാക്‌സിനും ഓർഡർ ചെയ്തിട്ടുണ്ട്.
3. മോഡേണ വാക്‌സിൻ
ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയ കോവിഡ് വാക്‌സിനാണ് അമേരിക്കയിലെ മോഡേണ (MODERNA) എന്ന വാക്‌സിൻ നിർമ്മാതാക്കൾ വികസിപ്പിച്ച mRNA-1273 വാക്‌സിൻ. ഇതും Pfizer/BioNTech- ന്റെ വാക്‌സിൻ പോലെ തന്നെ ഒരു RNA വാക്‌സിനാണ്. ഈ വാക്‌സിന്റെയും ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടം ഉടനെ അവസാനിക്കും. നിലവിൽ 95 ശതമാനം പ്രതിരോധം ഈ വാക്‌സിൻ നല്കുന്നുണ്ടെന്നാണ് 30000 പേരിൽ പരീക്ഷണം നടത്തിയ കമ്പനി അവകാശപ്പെടുന്നത്. മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാൻ കഴിയുന്നതിനാൽ ഫൈസർ വാക്‌സിനേക്കാൾ ട്രാൻസ്പോർട് ചെയ്യുന്നതിൽ സൗകര്യപ്രദം ആയിരിക്കും ഇത്. നാല് ആഴ്ചകളുടെ ഇടവേളയിൽ രണ്ട് ഡോസാണ് ഈ വാക്‌സിനും വേണ്ടി വരുന്നത്.
4. റഷ്യൻ സ്പുട്‌നിക്-V വാക്‌സിൻ
ഇടക്കാലത്തു വലിയ വാർത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു റഷ്യയുടെ Sputnik-V എന്ന വാക്‌സിൻ. ഇതും മുൻപ് സൂചിപ്പിച്ച ഓക്‌സ്‌ഫഡ് വാക്‌സിൻ പോലെ ഒരു വൈറൽ വെക്റ്റർ വാക്‌സിനാണ്. Gameliya Research Institute വികസിപ്പിച്ച ഈ വാക്‌സിന് 92 ശതമാനം കാര്യക്ഷമത ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ വാക്‌സിന് അംഗീകാരം കിട്ടുന്നതും പ്രതീക്ഷിച്ച് ഇരിക്കുന്നുണ്ട്.
ഇന്ത്യയിലെപ്പോൾ വാക്‌സിൻ വരും?
ഇന്ത്യക്കാർ ഏറെ ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യങ്ങൾ ഇന്ത്യയിലെപ്പോൾ വാക്‌സിൻ വരും, ഈ പറയുന്നതിൽ ഏതു വാക്‌സിനാണ് കിട്ടാൻ പോകുന്നത്, അതാദ്യം ആർക്ക് കിട്ടും എന്നൊക്കെയാണ്. ഏതാനും ആഴ്ചകൾക്കകം ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണത്തിന് റെഡിയാവുമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സർവ്വകക്ഷിയോഗത്തിന് ശേഷം അറിയിച്ചത്. തീർച്ചയായും ശുഭപ്രതീക്ഷ നൽകുന്ന പ്രഖ്യാപനം തന്നെയാണത്. കൊവിഡ് രോഗീ പരിപാലനം നടത്തുന്ന ആരോഗ്യപ്രവർത്തകർക്കാണ് ഇന്ത്യയിൽ ആദ്യം വാക്‌സിൻ ലഭിക്കുന്നത്.
അമേരിക്കയിലെ Duke University-യുടെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്‌സിൻ ഓർഡർ ചെയ്ത് കാത്തിരിക്കുന്ന രാജ്യം ഇന്ത്യയാണ്. നിലവിൽ 1.6 ബില്യൺ ഡോസുകൾ. രണ്ടാം സ്ഥാനത്തുള്ള യൂറോപ്പ്യൻ യൂണിയൻ 1.43 ബില്യൺ ഡോസുകളും മൂന്നാമതുള്ള USA 1.01 ബില്യൺ യൂണിറ്റുകളുമാണ് ഓർഡർ ചെയ്തിരിക്കുന്നത്.
ഇന്ത്യ ഇത്രയും വാക്‌സിൻ യൂണിറ്റുകൾ വാങ്ങുന്നത് മൂന്നു വാക്‌സിൻ നിർമ്മാതാക്കളിൽ നിന്നാണ്. അതിൽ രണ്ടുപേർ മേൽ സൂചിപ്പിച്ച ഓക്‌സ്‌ഫഡ്-ആസ്ട്രസെനേക്ക വാക്‌സിനും റഷ്യൻ Sputnik-V വാക്‌സിനുമാണ്. ഓക്‌സ്‌ഫഡ് വാക്‌സിൻ 500 മില്യൺ യൂണിറ്റും റഷ്യൻ വാക്‌സിൻ 100 മില്യൺ യൂണിറ്റും ആണ് ഇന്ത്യ വാങ്ങുന്നത്. ഓക്‌സ്‌ഫഡ് വാക്‌സിൻ നിർമ്മിക്കുന്നതിന് പൂനയിലെ സീറം ഇൻസ്റ്റിട്യൂട്ടുമായി ആസ്ട്രസെനക്ക കമ്പനിക്ക് കരാറുണ്ട്. റഷ്യൻ വാക്‌സിന്റെ ക്ലിനിക്കൽ ട്രയൽ ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസുമായി ചേർന്ന് ഇന്ത്യയിലും നടക്കുന്നുണ്ട്.
1.6 ബില്യണിൽ ബാക്കിയുള്ള 1 ബില്യൺ (100 കോടി) വാക്‌സിനും ഇന്ത്യ വാങ്ങുന്നത് അമേരിക്കൻ വാക്‌സിൻ നിർമ്മാതാക്കളായ NOVAVAX എന്ന കമ്പനിയിൽ നിന്നാണ്. NVX-CoV2373 എന്ന ഈ വാക്‌സിൻ മേൽ സൂചിപ്പിച്ച മറ്റു വാക്‌സിനുകളിൽ നിന്നെല്ലാം വ്യത്യസ്തമായ "നാനോ പാർട്ടിക്കിൾ ബേസ്ഡ്' വാക്‌സിനാണ്. വൈറസിന്റെ ശരീരത്തിലെ ഏതെങ്കിലുമൊരു പ്രോട്ടീൻ ആന്റിജൻ ആണ് ഈ വാക്‌സിനിലെ പ്രധാനഘടകം. ഈ പ്രോട്ടീനെ ശരീരം നശിപ്പിച്ചു കളയാതിരിക്കാൻ അതിനെ ചില പ്രത്യേകതരം നാനോ പാർട്ടിക്കിളുകൾ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കും. 5 microgram പ്രോട്ടീൻ ആന്റിജനും 50 microgram Matrix-M പാർട്ടിക്കിളുകളും ചേർന്നതാണ് Novavax നിർമ്മിക്കുന്ന NVX-CoV2373 വാക്‌സിൻ.
ഏതായാലും ഈ മൂന്നു വാക്‌സിനുകളും ഇപ്പോൾ ക്ലിനിക്കൽ ട്രയലിന്റെ മൂന്നാംഘട്ടത്തിലാണ്. അവ എത്രത്തോളം കാര്യക്ഷമമാണെന്ന് ട്രയലിന്റെ ഫലം വന്നാൽ മാത്രമേ അറിയാൻ കഴിയൂ. ആ ഫലം വന്ന് അതിനു അംഗീകാരം കിട്ടിയതിനു ശേഷമേ ഈ വാക്‌സിൻ എന്നുമുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് പറയാൻ കഴിയൂ.
അതേസമയം ഭാരത് ബയോടെക് കമ്പനി വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം വാക്‌സിനും ക്ലിനിക്കൽ ട്രയലിന്റെ മൂന്നാംഘട്ടത്തിലാണ്. അതുപോലെ ഇന്ത്യയിലെ മറ്റൊരു സ്വകാര്യ ലാബായ Panacea biotech അയർലൻഡിലെ Rafana ഗ്രൂപ്പുമായി ചേർന്ന് സംയുക്തമായ വാക്‌സിൻ ഗവേഷണവും നടക്കുന്നുണ്ട്. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് എന്ന ലാബ് അമേരിക്കയിലെ Codagenix-മായി ചേർന്ന് ഒരു ലൈവ് അറ്റന്വേറ്റഡ് കൊവിഡ് വാക്‌സിന്റെ ഗവേഷണവും പുരോഗമിക്കുന്നുണ്ട്. ഇതൊക്കെയും പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണെങ്കിലും വാക്‌സിൻ ജനങ്ങൾക്ക് ലഭിക്കാൻ എത്രകാലം വേണ്ടിവരുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
മാത്രമല്ല ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ജനങ്ങൾ വാക്‌സിനുവേണ്ടി പണം ചെലവാക്കേണ്ടി വരുന്നതും അഭിലഷണീയമായ കാര്യമല്ല. നിലവിൽ വാക്‌സിൻ കൊടുത്തു തുടങ്ങുന്ന UK-യും വാക്‌സിൻ റെഡിയായാൽ ഉടൻ നൽകുമെന്ന് പ്രഖ്യാപിച്ച USA-യും പൂർണമായും സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്.
കോവിഡ് രോഗത്തിന്റെ സ്വഭാവമനുസരിച്ചു കുറഞ്ഞത് 60 ശതമാനം ജനങ്ങൾക്കും വാക്‌സിൻ ലഭ്യമായാൽ മാത്രമേ രോഗത്തിനെതിരെ ആവശ്യമായ സാമൂഹിക പ്രതിരോധം (HERD IMMUNITY) ലഭിക്കൂ. ഈ അവസ്ഥയിൽ ജനസംഖ്യയുടെ ഭൂരിഭാഗവും ദരിദ്രരായ ഒരു രാജ്യത്ത് വാക്‌സിൻ വാങ്ങാൻ കാശ് കൊടുക്കേണ്ടി വരുന്നത് വാക്‌സിനേഷന്റെ മൊത്തത്തിലുള്ള വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമൊന്നുമില്ല. നമ്മളൊരു പാൻഡമിക്കിനെയാണ് നേരിടുന്നത്. അവിടെ എല്ലാവർക്കും വാക്‌സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ തന്നെ ഉത്തരവാദിത്തമാണ്. തീർച്ചയായും ഇന്ത്യാ ഗവൺമെന്റ് എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുന്ന കാര്യം പരിഗണിക്കേണ്ടതാണ്.
കൊവിഡ് രോഗത്തെ പറ്റി നമുക്കുള്ള ഏറ്റവും പഴയ അറിവിനുപോലും ഒരു വർഷത്തെ പഴക്കമേയുള്ളൂ. ശാസ്ത്രമിപ്പോഴും ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ നേടിയ അറിവുകളുടെ അടിസ്ഥാനത്തിലാണ് വാക്‌സിനുൾപ്പെടെയുള്ള കാര്യങ്ങളിൽ വൈദ്യശാസ്ത്രം ഉത്തരം പറയുന്നത്. അതുകൊണ്ടു തന്നെ ആദ്യം അംഗീകരിക്കപ്പെട്ട വാക്‌സിനാണ് മികച്ചതെന്നോ ചെലവ് കൂടിയ വാക്‌സിനുകളാണ് കൂടുതൽ സുരക്ഷിതമെന്നോ ഒന്നും ഇപ്പോൾ പറയാൻ സാധിക്കില്ല. ക്ലിനിക്കൽ ട്രയലുകൾ കഴിഞ്ഞതാണെങ്കിലും പൊതുജനങ്ങൾക്ക് നൽകുമ്പോഴും വാക്‌സിൻ സേഫ്റ്റിയെ സംബന്ധിച്ച നിരീക്ഷണങ്ങൾ തുടരും. എന്തെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ ആ വാക്‌സിൻ പിൻവലിക്കാനും അത് കാരണമാകും എന്ന് കൂടി ഓർക്കണം.
അതൊക്കെ ശാസ്ത്രത്തിന്റെ രീതിയാണ്. മനുഷ്യരുടെ ആരോഗ്യവും സുരക്ഷയുമാണ് ഇവിടെ പ്രധാനം. ഒരു വാക്‌സിൻ കൊടുത്തു തുടങ്ങിയ ശേഷം പിൻവലിക്കേണ്ടി വരുന്നതൊന്നും ശാസ്ത്രത്തിന്റെയോ മനുഷ്യരാശിയുടെയോ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാൻ മാത്രം പോന്നതല്ല. കാരണം ശാസ്ത്രമെപ്പോഴും മെച്ചപ്പെട്ടതിൽ നിന്നും കൂടുതൽ മെച്ചപ്പെട്ടതിലേക്ക് തന്നെയാണ് സഞ്ചരിക്കുന്നത്.
ഇതുപോലൊരു പാൻഡെമിക്കിനെ നേരിടാൻ നമ്മുടെ മുന്നിലുള്ള ഏക വഴി വാക്‌സിൻ കണ്ടെത്തുക എന്നുള്ളത് മാത്രമാണ്. കൊവിഡിനെതിയുള്ള ഒരു വാക്‌സിൻ എന്നത് ശാസ്ത്രത്തിന്റെ ഗുണഫലമെന്നതിനേക്കാൾ മനുഷ്യരാശിയുടെ പ്രതീക്ഷയുടെ കൂടി പേരാണ്.