Photo: Scroll.in

ചേരികളെ ഇടിച്ചുനിരത്തേണ്ടത്​ ഇന്ന്​
​ഭരണകൂടങ്ങളുടെ മാത്രം ആവശ്യമല്ല...

ഇന്ത്യയിലെ ചേരിജീവിതത്തെക്കുറിച്ചുള്ള സംഭാഷണമാണിത്​. 1999 മുതൽ 2009 വരെ ഡൽഹിയിൽ ചേരികൾ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ചും അതിന്റെ പുനരധിവാസവുമായും ബന്ധപ്പെട്ട്​ ഗവേഷണം നടത്തിയ ഡോ. എം.വി. ബിജു​ലാൽ, തന്റെ വ്യക്തിഗതമായ പഠനാനുഭവങ്ങളുടെ വെളിച്ചത്തിൽ, ചേരികളിലെ മനുഷ്യരെയും അവരോടുള്ള ഭരണകൂട സമീപനങ്ങളെയും രാഷ്​ട്രീയപാർട്ടികളുടെയും സിവിൽ സമൂഹത്തിന്റെയും ഇടപെടലുകളെ കുറിച്ചും സംസാരിക്കുന്നു.


കെ. കണ്ണൻ: നഗരങ്ങളിലേക്കുള്ള ഗ്രാമീണ മനുഷ്യരുടെ വരവിനുപുറകിൽ സാമൂഹികവും രാഷ്​ട്രീയവുമായ നിരവധി കാരണങ്ങളുണ്ട്​. മുൻകാലങ്ങളിൽനിന്ന്​ വ്യത്യസ്​തമായി ഈ സഞ്ചാരം, ഒരു അതിജീവനമാർഗമായി കൂടി മാറുകയാണ്​. അതായത്​, പലതരം വിവേചനങ്ങളിൽ നിന്നുള്ള ഒരു രക്ഷപ്പെടൽ. ഇന്ത്യൻ അവസ്​ഥയിൽ ചേരികൾ രൂപപ്പെടുന്നതിന്റെ അടിസ്​ഥാനമെന്താണ്​?

ഡോ. എം.വി. ബിജുലാൽ: ഇന്ത്യയിലെ ചില മഹാനഗരങ്ങളിൽ തൊഴിൽവർഗങ്ങളുടെ സെറ്റിൽമെൻറ്​ എന്നത്​ പണ്ടുമുതൽക്കേയുണ്ട്​. എന്നാൽ, അടിസ്​ഥാന സൗകര്യങ്ങളും മനുഷ്യാവകാശങ്ങളുമില്ലാത്ത ഒരു സംവിധാനത്തെയാണ്​ ഇപ്പോൾ ചേരികൾ എന്ന്​ വിശേഷിപ്പിക്കുന്നത്​. Slums എന്നത്​ മോശം വാക്കാണെന്നുപറഞ്ഞ്​ അതിനെ ആലങ്കാരികമായി മെച്ചപ്പെട്ട വിശേഷങ്ങൾ നൽകുന്ന ചില ലിബറൽ പദാവലികളൊക്കെയുണ്ട്​. ‘സിറ്റി മേക്കേഴ്​സ്​’, അതായത്​ നഗരം ഉണ്ടാക്കിയവരുടെ വാസസ്​ഥലങ്ങൾ എന്ന രീതിയിൽ പറയപ്പെടുന്നുണ്ട്​.

ദാരിദ്ര്യം എന്നത്​ ഒരു പൊതുഘടകമാണ്​. രണ്ടാമത്​, ജാതിപരവും മറ്റുമായ വിവേചനങ്ങളിൽനിന്ന്​ രക്ഷപ്പെടാൻ അവർ നടത്തുന്ന ഒരു ഓട്ടമാണ്​, ഇങ്ങനെവേണം, നഗരങ്ങളിലേക്കുള്ള മനുഷ്യരുടെ വരവിനെ കാണാൻ.

ബ്രിട്ടീഷ്​ ഭരണകാലത്ത്​ വികസനപ്രവർത്തനങ്ങളുമായി ബന്ധ​പ്പെട്ട് ​മുംബൈയിലും മറ്റും ചേരികളുണ്ടായിവന്നു. 1902 കാലത്ത്​, ബ്രിട്ടീഷ്​ ഗവൺമെൻറിന്റെ മുംബൈ പ്രോവിൻസിൽ ഇത്​ പ്രതിഫലിച്ചിരുന്നു. ഗ്രാമങ്ങളിൽനിന്ന്​ ജോലിക്കുവരുന്ന തൊ​ഴിലാളികൾ തെരുവുകളിൽ പട്ടിണി കിടന്ന്​ നരകിക്കാൻ പാടില്ല, അത്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യും. അതുകൊണ്ട്​, ബ്രിട്ടീഷുകാർ അന്നുവരെ ഇന്ത്യക്കാരോട്​ കാണിച്ചിരുന്ന അനാസ്​ഥയിൽനിന്ന്​ ഭിന്നമായി, അവരെ പരിഗണിക്കുന്ന ഒരു അർബൻ സാഹചര്യം ഈ കാലത്തുണ്ടായി. ഇതിനെ വേണമെങ്കിൽ, മനുഷ്യജീവനോട്​ കാണിക്കുന്ന ഒരു ആദരമെന്നുവേണമെങ്കിൽ പറയാം. ഈ സമയത്താണ്​ പൊതുവിതരണ സ​മ്പ്രദായം തുടങ്ങിയത്​. പണിയെടുക്കുന്നവർക്ക്​ ഭക്ഷണവും റേഷനിങ്​ സിസ്​റ്റവുമൊക്കെ ബോംബെയിലുണ്ടാവുകയാണ്​. നഗരങ്ങളെ വികസിപ്പിക്കുന്നതി​ന്റെ ഭാഗമായി, വ്യവസായവൽക്കരണത്തിനുവേണ്ട വെള്ളവും വൈദ്യുതി​യും പോലുള്ള അസംസ്​കൃതവസ്​തുക്കൾ ഒരു സ്​ഥലത്ത്​ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള ഒരു സിസ്​റ്റം വരികയാണ്​.

ഡൽഹിയിലും ഇത്​ കാണാൻ കഴിയും. ഇതിനുവേണ്ടി, ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ തൊഴിൽ ശരീരങ്ങളെ, തൊഴിലാളികളെയല്ല, സൃഷ്​ടിക്കുകയും ഉപ​യോഗിക്കുകയും ചെയ്യുക. മൈഗ്രേഷനെ അതിജീവനപരമായ ഒരു കാര്യമായി പറയാറുണ്ട്​. ഞാൻ നടത്തിയ പഠനങ്ങളിൽ തന്നെ, സാമൂഹിക വിവേചനം എന്നൊരു ആസ്​പെക്​റ്റ്​ മു​ൻനിർത്തി മൈഗ്രേഷനെ പരിശോധിക്കുന്നുണ്ട്​. ദാരിദ്ര്യം എന്നത്​ ഒരു പൊതുഘടകമാണ്​. രണ്ടാമത്​, ജാതിപരവും മറ്റുമായ വിവേചനങ്ങളിൽനിന്ന്​ രക്ഷപ്പെടാൻ അവർ നടത്തുന്ന ഒരു ഓട്ടമാണ്​, പലായനമാണ്​. ഇങ്ങനെവേണം, നഗരങ്ങളിലേക്കുള്ള മനുഷ്യരുടെ വരവിനെ കാണാൻ.

ഡൽഹി കേന്ദ്രീകരിച്ചായിരുന്നു താങ്കളുടെ ഗവേഷണം. ചേരികളിലെ സാമൂഹിക ജീവിതവുമായി, പല തലങ്ങളിൽ നേരിട്ടുതന്നെ താങ്കൾ ബന്ധപ്പെട്ടിട്ടുണ്ട്​. അന്നത്തെ അനുഭവങ്ങൾ എന്തൊക്കെയാണ്​?

1999 മുതൽ 2009 വരെയുള്ള സമയത്തായിരുന്നു ഡൽഹിയിൽ എന്റെ പഠനം. ചേരികൾ പൊളിച്ചുമാറ്റുന്നതും അതിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട ഗവേഷണമായിരുന്നു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ എഴുപതോളം സ്ഥലങ്ങളിൽ, 700ലധികം പേരിലായിരുന്നു എന്റെ​ ഗവേഷണം. ഡൽഹി സോളിഡാരിറ്റി ഗ്രൂപ്പിന്റെ (DSG) വൻ തോതിലുള്ള ഇടപെടൽ അക്കാലത്തുണ്ടായിരുന്നു. അന്നത്തെ അനുഭവങ്ങളുടെ അടിസ്​ഥാനത്തിൽ ചില കാര്യങ്ങൾ പറയാൻ കഴിയും.

ഡൽഹിയിലെ ജനസംഖ്യയുടെ നല്ലൊരു ശതമാനം ചേരികളിലാണ്​. അവർ ​ഒ​രേസമയം തൊഴിൽ പടയും​ വോട്ടുപടയുമായിരുന്നു. കോൺഗ്രസാണ്​ ഇവരെ വോട്ടിനുവേണ്ടി ഉപയോഗിച്ചിരുന്നത്​.

30 ലക്ഷത്തോളം ജനസംഖ്യയുള്ള പല നഗരങ്ങളിലും, നഗരകേന്ദ്രത്തിന്റെ 40 കിലോമീറ്റർ അപ്പുറത്തുള്ള ഇടങ്ങളിൽ ചേരികൾ കാണാം. പക്ഷെ, ഡൽഹിയിലെ കാര്യം​ പരിശോധിച്ചാൽ, 2002- 2011 കാലത്ത്​ 1270ഓളം അംഗീകൃത ​കോളനികളാണ്​ ഡൽഹി മുനിസിപ്പൽ കോർപറേഷനുകീഴിലുണ്ടായിരുന്നത്​. ഡൽഹിയിലെ ജനസംഖ്യയുടെ നല്ലൊരു ശതമാനം ഇവിടെ കാണും. അവർ ​ഒ​രേസമയം തൊഴിൽ പടയും​ വോട്ടുപടയുമായിരുന്നു. കോൺഗ്രസാണ്​ ഇവരെ വോട്ടിനുവേണ്ടി ഉപയോഗിച്ചിരുന്നത്​. അത്യന്തം സങ്കീർണമായ ഒരു ജീവിതമായിരുന്നു ഇവരുടേത്​. പല ചേരികളിലേക്കും പുറത്തുനിന്ന്​ ഒരു എൻട്രി പോലുമില്ല. അക്കാലത്ത്​, 150ഓളം കുടുംബങ്ങളെ ഒറ്റ ദിവസം കൊണ്ട്​ അക്രമാസക്തമായി ഒഴിപ്പിച്ച ഒരു സംഭവം ഓർക്കുന്നു. അന്ന്​ നിരവധി മരണങ്ങളുമുണ്ടായി. എന്നാൽ, അക്കാലത്ത്​ ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെയോ സാമൂഹികപ്രവർത്തകരുടെയോ ശ്രദ്ധയിൽ വന്നിരുന്നില്ല, പകരം, അതിനെ അഭിമുഖീകരിച്ചത്​ മറ്റൊരു വിധത്തിലായിരുന്നു. അതായത്​, പൊളിച്ചുകളഞ്ഞ വീടുകൾക്കു പകരം പുതിയ വീടുകൾ എങ്ങനെയുണ്ടാക്കാം, കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കാം എന്ന പ്രവർത്തനങ്ങളിലേക്ക്​ മടങ്ങും. അക്രമത്തിനെ എതിർക്കുക എന്ന മൗലികമായ മനുഷ്യാവകാശപ്രവർത്തനത്തിലേക്ക്​ മുന്നേറാൻ അവർക്ക്​ കഴിഞ്ഞിരുന്നില്ല. പൗരാവകാശ സംഘടനകളുടെയും പ്രശാന്ത്​ ഭൂഷനെപ്പോലുള്ളവരുടെയുമൊക്കെ ഇടപെടലുകളാണ്​ ഈ അവസ്​ഥക്ക്​ മാറ്റം വരുത്തിയത്​.

ഡൽഹി ജഹാംഗിർപുരിയിലെ ജനവാസമേഖലയിൽ മുസ്​ലിംകളുടെ കെട്ടിടങ്ങൾ പൊളിക്കുന്നതിനിടെ / Photo : Dr.T.M Thomas Isaac, fb page

കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ മാനദണ്ഡം തന്നെ പ്രശ്‌നമുള്ളതാണ്. ഭൂമി കണ്ടെത്തുക, മുനിസിപ്പാലിറ്റി അത് ക്ലെയിം ചെയ്യുക, തൊട്ടടുത്ത ചില റസിഡൻഷ്യൽ കോളനികളിലെ അപ്പർക്ലാസ്​ ആളുകൾ പരാതി നൽകുക- ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ പെ​ട്ടെന്ന്​ ഒഴിപ്പിക്കുകയാണ്. ഓൾട്ടർനേറ്റീവ്‌സ് ഓഫ് ലാൻഡ് എന്ന് പറഞ്ഞും, ഏക്കറുകളോളമുള്ള സ്​ഥലം ഒഴിപ്പിക്കും. അതായത്​, ഒരു പാർക്കിനോ നടപ്പാതക്കോ വേണ്ടി. ഒരു പാർക്കിനും നടപ്പാതക്കും നൽകുന്ന പ്രാധാന്യം പോലും ഇവർക്ക്​ നൽകുന്നില്ല.

വികസനപരമായ ഒരു കാര്യം മുന്നോട്ടുവെക്കുമ്പോൾ, അവിടെ വർഷങ്ങളായി ജീവിക്കുന്ന മനുഷ്യരുണ്ട്​ എന്നോർക്കണം. എന്നാൽ, തലമുറകളായി ജീവിക്കുന്ന അവരുടെ മിനിമം ഭൂമി അവകാശത്തിനുള്ള കാര്യം പോലും നഗരസഭ വകവെച്ചുകൊടുക്കുന്നില്ല. ഒരു ഡെമോളിഷൻ നടന്നുകഴിയുമ്പോൾ, ഡൽഹി ഗവൺമെൻറ്​ അന്ന്​ ചെയ്​തിരുന്നത്​, 12 x 12 അടി ഭൂമി കൊടുക്കുക എന്നതാണ്. നഗരകേന്ദ്രത്തിൽ നിന്ന്​ വളരെ ദൂരെയുള്ള ചില റീസെറ്റിൽമെൻറ്​ കോളനികളിലേയ്ക്ക് ആളുകളെ പറഞ്ഞുവിടുക. അവിടെ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ല. മറ്റൊരു പ്രശ്‌നം എന്താണെന്നുവെച്ചാൽ, 12 x 12 അടി പിന്നീട് 10 x10 ആയി മാറും. 10 x10 ആകുമ്പോൾ, അത്​ ഏഴു വർഷത്തേക്ക് പണം കൊടുത്ത് മെയിൻറയിൻ ചെയ്യേണ്ടതായി വരും. നഗരങ്ങളിലെ ഭൂരാഹിത്യവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണിത്. അതേസമയം, താൽക്കാലിക ക്ലെയിമുള്ള, സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി ​പോലും പതിച്ചുകൊടുക്കാറുണ്ട്​. ഇതൊക്കെ സുലഭമായി നടക്കുന്ന കാര്യങ്ങളാണ്. ഉപജീവനം, അതിജീവനം എന്നുപറയുന്ന കാര്യങ്ങളെ ഒഴിവാക്കി, അല്ലെങ്കിൽ അതിനെ പുച്ഛിച്ച്​ ഗവൺമെന്റുകൾ നടപ്പിലാക്കുന്നത്​ ഇതെല്ലാമാണ്​.

മനുഷ്യജീവന് യാതൊരു വിലയും കൊടുക്കാത്ത ആക്രമണമാണ്​ ഇവിടങ്ങളിലെല്ലാം നടക്കുന്നത്. അതൊരു ഭരണകൂടരീതി എന്നതിനേക്കാൾ ഉദ്യോഗസ്ഥരീതി എന്നുതന്നെ പറയേണ്ടിവരും

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റം 1970കളോടെ അവസാനിച്ചിരുന്നു. സഞ്ജയ് ഗാന്ധിയുടെയൊക്കെ കാലത്തെ വലിയ ഡെമോളിഷനുകൾക്കുശേഷമാണ് അതിന് ഇടിവു സംഭവിച്ചത്. 1970കൾക്കു ശേഷം ആളുകളുടെ എണ്ണത്തിൽ വലിയ കുറവുവന്നു. അനധികൃത കോളനികൾ എന്ന് പറയുന്നവ ആയിരക്കണക്കിനുണ്ട്. നിർമാണപ്രവർത്തനം നടത്താനും വീടുകളുണ്ടാക്കാനും വീടുകൾ വലുതാക്കാനുമൊക്കെ കഴിവും പിന്തുണയുമുള്ള ആളുകൾ ഒരിക്കലും അങ്ങനെയുള്ള സ്ഥലങ്ങളിൽ വരാൻ സാധ്യതയില്ല.

മനുഷ്യജീവന് യാതൊരു വിലയും കൊടുക്കാത്ത ആക്രമണമാണ്​ ഇവിടങ്ങളിലെല്ലാം നടക്കുന്നത്. അതൊരു ഭരണകൂടരീതി എന്നതിനേക്കാൾ ഉദ്യോഗസ്ഥരീതി എന്നുതന്നെ പറയേണ്ടിവരും. നോർത്ത്​ ഡൽഹി മുനിസിപ്പൽ കോർപറേഷന്റെയും റെയിൽവേയുടെയുമൊക്കെ പലതരം ചേരികളാണ്​ ഡൽഹിയിലുള്ളത്​. ഇവിടെയെല്ലാം മുൻകൂട്ടി എല്ലാ കാര്യങ്ങളും അറിയിച്ച്, നടപടികൾ പാലിച്ച്​ഡെമോളിഷൻ നടത്തുന്നുണ്ട്​. അവർക്ക് പകരം സൗകര്യങ്ങൾ ചെയ്തുകൊടുക്കും. അതൊരു ജനാധിപത്യ രാജ്യത്തിന്റെ കേവല മനുഷ്യാവകാശ പദ്ധതിയാണ്. അത് മറ്റൊരു സ്ഥലത്തും കാണാൻ പറ്റില്ല.

രസകരമായ ഒരു കാര്യം ​പറയാം. 1911 കാലത്ത്​, ഡൽഹി വികസിക്കുന്നതിനിടെ, പഹാഡ്ഗഞ്ചിൽ, അതായത് ഡൽഹി റെയിൽവേ സ്‌റ്റേഷന്റെ എതിർവശത്ത് 234 ഏക്കർ വഴിക്കുവേണ്ടി ഏറ്റെടുക്കാൻ തീരുമാനിച്ചു. അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയപ്പോൾ ഗവൺമെൻറ്​ തന്നെ അതിന്റെ കോമ്പൻസേഷൻ കൊടുക്കുന്നത് നഷ്ടമാണ് എന്നുപറഞ്ഞ് ആ പദ്ധതി പിൻവലിച്ചു. ഡൽഹിയുടെ ആദ്യകാല ചരിത്രം പറയുന്ന ഒരു പുസ്തകത്തിലാണ്​ ഈ വിവരമുള്ളത്​. ആനപ്പുറത്ത്​ പോയി ലാൻഡ്​ സർവേ നടത്തിയിരുന്ന കാലമായിരുന്നു 1911​. ഡൽഹിയുടെ ആദ്യ ക്രൂഡ്​ മാസ്​റ്റർ പ്ലാനിനുവേണ്ടിയുള്ള സർവേയായിരുന്നു ഇത്​. വന്യമൃഗങ്ങളുള്ളതുകൊണ്ടായിരുന്നു ആനകളെ ഉപയോഗിച്ച്​ സർവേ നടത്തിയത്​. ഈ കാലത്ത് നടന്ന ഒരു ഭരണകൂട നടപടിയെക്കുറിച്ചാണ്​ ഈ പറയുന്നത്. കോമ്പൻസേഷൻ ഒഴിവാക്കി പദ്ധതി പറ്റില്ല എന്നുപറഞ്ഞ് പിന്മാറുകയാണ് ബ്രിട്ടീഷ് കൊളോണിയൽ ഗവൺമെൻറ്​ ചെയ്​തത്​.

30 ലക്ഷത്തോളം ജനസംഖ്യയുള്ള പല നഗരങ്ങളിലും, നഗരകേന്ദ്രത്തിന്റെ 40 കിലോമീറ്റർ അപ്പുറത്തുള്ള ഇടങ്ങളിൽ ചേരികൾ കാണാം. പക്ഷെ, ഡൽഹിയിലെ കാര്യം​ പരിശോധിച്ചാൽ, 2002- 2011 കാലത്ത്​ 1270ഓളം അംഗീകൃത ​കോളനികളാണ്​ ഡൽഹി മുനിസിപ്പൽ കോർപറേഷനുകീഴിലുണ്ടായിരുന്നത് / Photo : Ajmal Mk Manikoth

എന്നാൽ, നമ്മുടെ ഭരണകൂടത്തിന്റെ ആക്രമണോത്സുകമായ വികസന കാഴ്ചപ്പാടിനകത്ത് നൂറുകണക്കിന് സ്ഥലങ്ങളിൽ ആളുകളുടെ മുറവിളിയും ആർത്തനാദവും മരണവുമൊക്കെ കാണുന്ന അവസ്ഥയുണ്ട്​. ഞാൻ പഠനം നടത്തുന്ന 1999 -2009 സമയത്ത് ഡൽഹിയിൽ ആയിരക്കണക്കിന് വീടുകളാണ്​ പൊളിച്ചുകളഞ്ഞത്​. വീടുകൾ പൊളിച്ചുകളയുമ്പോൾ അവിടെ താമസിച്ചിരുന്ന മനുഷ്യർ അവിടെത്തന്നെ മരിച്ചുവീഴുകയാണ്. ആളുകൾ വീടുകൾക്കകത്ത് ഇരിക്കുമ്പോൾ പോലും ബുൾഡോസറുകൾ വന്ന്​ ഉഴുതുമറിച്ച് പോകുന്ന സംഭവം അടിയന്തിരാവസ്ഥ കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ നിന്നൊന്നും നമ്മുടെ ജനാധിപത്യ സംവിധാനത്തിന് യാതൊരു വികാസവും ഉണ്ടായിട്ടില്ല എന്ന് തെളിയിക്കുന്നതാണ്​ ഇപ്പോൾ നടക്കുന്ന ഒഴിപ്പിക്കലുകൾ എന്നു പറയാം.

ചേരികളിലെ ജനസംഖ്യാനുപാതം എങ്ങനെയാണ്​? ചേരികളോടുള്ള ഭരണകൂട സ്​ഥാപനങ്ങളുടെ ആക്ര​മണോത്സുകമായ സമീപനങ്ങളെ ഇത്​ എങ്ങനെയാണ്​ സ്വാധീനിക്കുന്നത്​?

മുസ്​ലിംകളും ദലിതരും ഏറെയുണ്ടെങ്കിലും അവർക്കാണ്​ മുൻതൂക്കം എന്ന്​ പൂർണമായി പറയാൻ കഴിയില്ല. City Slum and the Marginalised: Dalits and Muslims in Delhi Slums എന്ന എന്റെ പുസ്തകത്തിലെ ഫോക്കസ് വിശേഷിച്ചും മുസ്​ലിംകളും ദലിതുകളും തന്നെയായിരുന്നു. സാമൂഹികമായും ജാതിപരമായും പിന്നാക്കം നിൽക്കുന്നവരുടെ സംഖ്യ ചേരികളിലെ താമസക്കാരിൽ വളരെ കൂടുതലാണ് എന്നു പറയാം. ജഹാംഗീർപുരിയിൽ വലിയ വിഭാഗം മുസ്​ലിം വിഭാഗത്തിലുള്ളവരാണ്. അതേസമയം, അനധികൃത കോളനികൾ എന്നു പറയുന്നിടങ്ങളിൽ മറ്റ്​ അനേകം വിഭാഗങ്ങളുണ്ട്​. അതുകൊണ്ട്​, കൃത്യമായ ഒരു കണക്ക്​ പറയാനാകില്ല. അത്തരത്തിൽ ഒരു സെൻസസ്​ ഒന്നും നടന്നിട്ടില്ലല്ലോ.

ചേരികളിൽ, പരമ്പരാഗത മുസ്​ലിം സമൂഹങ്ങൾ ധാരാളമുണ്ട്​. സച്ചാർ കമീഷന്റെ കൺസൾട്ടേഷനിൽ കണ്ട ഒരു കാര്യം, 500 വർഷമായി ബേക്കറി നടത്തുന്ന ഒരു കുടുംബത്തിൽപെട്ടയാൾക്ക്​ ലൈസൻസ് ഇല്ല. പക്ഷെ 50 വർഷം മുമ്പ് തുടങ്ങിയ ആൾക്ക് ലൈസൻസുണ്ട്. ഇത്തരം ചെറിയ വിഷയങ്ങൾ ഇന്റഗ്രേറ്റ് ചെയ്താൽ മനസ്സിലാക്കാവുന്ന കാര്യം, ഒരു മുസ്​ലിം വിരുദ്ധത അല്ലെങ്കിൽ മുസ്​ലിംകളോടുള്ള അസഹിഷ്ണുത കാണാൻ പറ്റും. മുസ്​ലിംകൾ പരമ്പരാഗതമായി, ഭരണവർഗത്തിൽ തന്നെയുള്ളവരാണ്​, ചരിത്രപരമായും അവർ അവിടെയുണ്ടായിരുന്നു എന്നും ഓർക്കണം.

2006-ൽ, എട്ടു പേരാണ് സീലംപുരിലുണ്ടായ പൊലീസ്​ വെടിവെപ്പിൽ മരിച്ചത്. 500 മീറ്റർ മാത്രം അകലെയുള്ള രണ്ട് സ്ഥലങ്ങളിൽ, അര മണിക്കൂറിനിടക്കായിരുന്നു വെടിവെപ്പ്. മരിച്ചവർക്കെല്ലാം അരയ്ക്ക് മുകളിലാണ് വെടികൊണ്ടത്.

യമുനയുടെ മറുകരയിലുണ്ടായിരുന്ന ഇലക്​ട്രോ പ്ലേറ്റിങ്​ വ്യവസായങ്ങൾ ഉൾപ്പെടെ മുസ്​ലിംകൾ കൂടുതലായി കേന്ദ്രീകരിക്കുന്ന പല തൊഴിൽ സ്ഥാപനങ്ങളും അടപ്പിക്കാൻ 2002-2004 കാലത്ത് നടപടിയുണ്ടായി, മലിനീകരണം എന്ന പേരിൽ. പക്ഷെ, സംഘടനകൾ നടത്തിയ പഠനത്തിൽ, ഗംഗ അവിടെ പ്രവേശിക്കുന്നതിനുമുമ്പും ശേഷവുമുള്ള മലിനീകരണം അളക്കുമ്പോൾ നാമമാത്രമായ മലിനീകരണം മാത്രമേ ഈ സ്ഥലത്തുണ്ടാകുന്നുള്ളൂ എന്നാണ് കണ്ടെത്തിയത്​.
​മുസ്​ലിം വിരുദ്ധത നേരത്തെ തന്നെയുണ്ട്. അതി​ന്റെയൊരു
ആംപ്ലിഫിക്കേഷനാണ് രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിക്കുന്നത്. അതാണ് നിർഭാഗ്യകരമായ കാര്യം.

ദലിതരുടെ കാര്യത്തിൽ, തുടർച്ചയായ ഒരു വരവ് ഉണ്ടായിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാന തുടങ്ങിയ ചുറ്റുമുള്ള സ്ഥലങ്ങളിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമൊക്കെ ഒരുപാടാളുകൾ ഡൽഹിയിലേക്ക്​ വന്നിട്ടുണ്ട്. ആന്ധ്ര കോളനികളും തമിഴ് കോളനികളും ഡൽഹിയിലുണ്ട്​. മലയാളികളുടെയും കർണാടകക്കാരുടെയും ചേരികളായിരിക്കും ആ രീതിയിൽ ഇല്ലാത്തത്. ജാതിവിവേചനവും സാമൂഹ്യ വിവേചനവും നിങ്ങളുടെ വരവിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ട്​ എന്നാണ്​ അവർ മറുപടി പറയുക. അതാണ് പലായനത്തിന്റെ ഒരു പ്രധാന കാരണമായി അവർ പറയുക.

2004-2006 സമയത്താണ്​, ഡൽഹിയിൽ യമുന പുഷ്​ത എന്ന പേരിൽ, ഇരുപതിനായിരത്തോളം കുടിലുകളുള്ള വലിയ കോളനിയുണ്ടായിരുന്നു. ഇന്നിപ്പോൾ അത് തരിശുഭൂമിയായിരിക്കും, അല്ലെങ്കിൽ അവിടെ വേറെ എന്തെങ്കിലുമൊക്കെ വന്നിരിക്കും. അവിടെയുള്ള 45 ഓളം മുസ്​ലിം കുടുംബങ്ങളുടെ വീട് പൂട്ടിയിട്ടതായി കണ്ടു. ബംഗ്ലാദേശികളാണെന്നുപറഞ്ഞ് പൊലീസ് അവരുടെ രേഖകൾ പിടിച്ചുവെക്കുകയും സുരക്ഷിതമല്ലാത്ത രീതിയിൽ അതിർത്തിയിലേക്ക് തള്ളിവിടുകയും ചെയ്തു. റിഫോൾമെൻറ്​ (refoulement) എന്നാണ് ആ പ്രോസസിന് പറയുന്നത്. ഒരു രാജ്യം, പൗരത്വം തെളിയിക്കാത്ത അവിടെയുള്ളവരെ നിയമനടപടി സ്വീകരിക്കാതെ, അവരുടെ ജീവന് ഹാനി വരുന്ന രീതിയിൽ അന്താരാഷ്ട്ര അതിർത്തിയിലേക്കോ കടലിലേക്കോ ഒക്കെ തള്ളിവിടുന്ന ഒരു പ്രക്രിയയാണിത്. 1980കളിൽ ആന്റി ബംഗ്ലാദേശി സെല്ലുകൾ രൂപീകരിച്ച്​ ഇവരെ ഇതിന്​ വിധേയമാക്കിയിട്ടുണ്ട്​. ബീറ്റ് പൊലീസുകാരാണ് ഈ മനുഷ്യരെ കണ്ടുപിടിക്കുന്നത്​. എന്നിട്ട്​, അവരുടെ രേഖകൾ കീറിക്കളയുകയും പ്രൊട്ടക്ഷൻ മണിയെന്ന പേരിൽ പണം വാങ്ങിക്കുകയും ചെയ്യും. 3000, 5000 രൂപയൊക്കെയാണ് വാങ്ങുക. അത് കൈയിലില്ലാത്തവരെ മർദിക്കും. ചാരായം വിൽക്കുന്നതുപോലെയുള്ള പണികൾ ചെയ്യാൻ പറയും. അങ്ങനെയൊക്കെ പലരും അപകടത്തിലായിട്ടുണ്ട്. പൊലീസുമായിട്ടുള്ള ഇവരുടെ വ്യവഹാരം പൊതുദൃഷ്ടിയിൽ ഒരിക്കലും വരാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ, നിത്യജീവിതത്തിൽ അവർക്ക് ഭയമുണ്ട്. അക്രമാസക്തമായ സംവിധാനത്തിനോട്​വിധേയത്വമുണ്ട്. അതുകൊണ്ട് കൃത്രിമമായ അനുസരണശീലമുള്ള, കാര്യമായി പ്രതികരിക്കാത്ത തരത്തിലുള്ള ആളുകളായിരിക്കും ഇവർ.

കെട്ടിടങ്ങൾ പൊളിച്ചതിന് ശേഷം ഡൽഹി ജഹാംഗിർപുരിൽ തടിച്ചു കൂടിയ മുസ്‌ലിംകൾ / Photo : Ajmal Mk Manikoth

സീലംപുർ പോലെയുള്ള സ്ഥലങ്ങളിൽ ഇൻഡസ്ട്രിയൽ ലോക്ക്ഡൗണുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് നടപടികളിൽ ഒരുപാടാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 2006ലോ 2007ലോ, എട്ടു പേരാണ് സീലംപുരിലുണ്ടായ പൊലീസ്​ വെടിവെപ്പിൽ മരിച്ചത്. 500 മീറ്റർ മാത്രം അകലെയുള്ള രണ്ട് സ്ഥലങ്ങളിൽ, അര മണിക്കൂറിനിടക്കായിരുന്നു വെടിവെപ്പ്. മരിച്ചവർക്കെല്ലാം അരയ്ക്ക് മുകളിലാണ് വെടികൊണ്ടത്.

ജഹാംഗീർപുരിയിൽ പൊലിസിന്റെ പ്രതികാരമനോഭാവമാണ്​ പ്രകടമായത്​, അതുകൊണ്ടാണ്​ അവിടെ അതിക്രൂരമായ മർദനമുണ്ടായത്​. ലോധി എസ്‌റ്റേറ്റിലൊക്കെ 1980കളുടെ അവസാനം നാലുപേർ കൊല്ലപ്പെട്ട സംഭവമുണ്ടായിരുന്നു.

കോൺഗ്രസ്, ബി.ജെ.പി സർക്കാറുകളുടെ കാലത്ത്​ ഏതാണ്ട് ഒരേ രീതിയിലാണ് ചേരികൾക്കെതിരായ നടപടികൾ മുന്നോട്ടുപോകുന്നത്​. സാമൂഹ്യനീതിയെ ഒന്നടങ്കം അക്രമാസക്തമായി ഇല്ലാതാക്കുന്ന വികസനസമീപനം നിലനിൽക്കുന്നുണ്ട്.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ എങ്ങനെയാണ് ചേരികളെയും ചേരിനിവാസികളെയും കൈകാര്യം ചെയ്യുന്നത്​?

എച്ച്​. കെ. എൽ. ഭഗത്തിനെപ്പോലെയുള്ള കോൺഗ്രസ് നേതാക്കളൊക്കെ ഏറ്റവും വയലന്റായിട്ട് ഈ മനുഷ്യരെ കൈകാര്യം ചെയ്തിട്ടുള്ളവരാണ്. ‘സ്ലം ലോർഡ്‌സ്​’ ആണ്​ ഈ നേതാക്കൾ. ശരിക്കു പറഞ്ഞാൽ അവർക്കിടയിൽ തന്നെ ഒരു ഹൈറാർക്കിയുണ്ട്. പ്രത്യേക രീതിയിൽ, മാസ്‌കുലിൻ റൗഡികളെ നിയോഗിച്ച് അവരെ ചേരിയുടെ പ്രധാൻമാരാക്കും. അയാൾ പറയുന്നത് ഈ മനുഷ്യർ അനുസരിക്കണം. അങ്ങനെയൊരു കമാൻഡ് സ്ട്രക്ചർ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

കോൺഗ്രസ്, ബി.ജെ.പി സർക്കാറുകളുടെ കാലത്ത്​ ഏതാണ്ട് ഒരേ രീതിയിലാണ് ഇത് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ പാർട്ടി പ്രത്യയശാസ്ത്രം വെച്ച് ഇതിനെ കാണാൻ പറ്റില്ല. സാമൂഹ്യനീതിയെ ഒന്നടങ്കം അക്രമാസക്തമായി ഇല്ലാതാക്കുന്ന വികസന സമീപനം നിലനിൽക്കുന്നുണ്ട്. അതിനകത്ത് ചിലയാളുകൾക്ക് കിട്ടുന്ന ലാഭങ്ങളും സന്തോഷങ്ങളുമുണ്ട്​. ഉദാഹരണത്തിന് മിഡിൽക്ലാസ് കോളനികളിലെ ആളുകളുടെ പരാതികളുടെ അടിസ്​ഥാനത്തിൽ കുടിലുകൾ ഒഴിപ്പിച്ചശേഷം, അവർക്കുതന്നെ സങ്കടം തോന്നി, അവർ തന്നെ തിരിച്ച് ഇവരെ ഇവിടെ കൊണ്ടുവരണം എന്നൊക്കെ പറയുന്ന സംഭവങ്ങളുണ്ട്.

ജഹാംഗീർപുരിയിൽ പൊലിസിന്റെ പ്രതികാരമനോഭാവമാണ്​ പ്രകടമായത്​, അതുകൊണ്ടാണ്​ അവിടെ അതിക്രൂരമായ മർദനമുണ്ടായത് / Photo : Ajmal Mk Manikoth

ആദ്യം കോൺഗ്രസിന്റെയും പിന്നീട്​ ബി.ജെ.പി.യുടെയും നിയന്ത്രണത്തിലും കസ്റ്റഡിയിലുമായിരുന്നു ചേരികളിൽ പ്രധാൻമാരെ വെച്ചുകൊണ്ടുള്ള സമ്പ്രദായം. ജഹാംഗീർപുരിയിൽ തന്നെ പൊലീസ് സ്റ്റേഷനുവേണ്ടിയും അതിനുമുമ്പ് ആശുപത്രിക്കുവേണ്ടിയും അതിനുമുമ്പ് മറ്റു കാര്യങ്ങൾക്കുവേണ്ടിയുമൊക്കെ 30 വർഷത്തിനിടെ അഞ്ചുതവണ വീട് പൊളിച്ചുമാറ്റപ്പെട്ട ആളുകളുണ്ട്. പരാതി പറയാൻ ചെന്ന ഒരു സ്ത്രീയെ പൊലീസ്​ മാറിൽ കുത്തിപ്പിടിച്ച് മുകളിലേക്ക് ഉയർത്തുന്ന ക്രൂരതയൊക്കെ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. അത്രമാത്രം ക്രൂരതയും അക്രമാസക്തവുമായ ഒരു നേതൃത്വമായിരുന്നു അന്നത്തെ കോൺഗ്രസ് പാർട്ടിയുടേത്. ‘ഓൾ ദി പ്രൈംമിനിസ്റ്റേഴ്‌സ് മെൻ’ എന്ന ജനാർദൻ ടാക്കൂറിന്റെ പുസ്തകത്തിൽ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്. ലളിത് മാക്കനെപ്പോലെയുള്ളവരുടെ സംഘം ക്രൂരമായും അക്രമാസക്തമായും ചേരികൾക്കുള്ളിൽ അക്രമം സംഘടിപ്പിച്ച് അവരെ കൂടെനിർത്തുന്ന രണ്ടാം നിര ക്രിമിനൽ നേതൃത്വം കോൺഗ്രസുമായി ബന്ധപ്പെട്ടുണ്ട്.

ഇന്ന്​ ചേരികളിലെ മനുഷ്യർക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ ചെറിയ തോതിലാണെങ്കിൽ പോലും വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്​. നിരവധി മനുഷ്യാവകാശ സംഘടനകളും ആക്​റ്റിവിസ്​റ്റുകളും ഇടപെടലുകൾ നടത്തുന്നുണ്ട്​. ഇത്തരമൊരു പ്രതിരോധം രൂപപ്പെടുന്നത്​ എങ്ങനെയാണ്​?

നേരത്തെ സൂചിപ്പിച്ച നേതാക്കളുടെ കമാൻഡ് സ്ട്രക്ചർ ബ്രേക്ക് ചെയ്യുന്ന ഒരു സംഭവം, ആം ആദ്മി പാർട്ടിയുടെ വരവാണ്. ആം ആദ്മി പാർട്ടിയെ സംബന്ധിച്ച് ചേരികളിൽ വോട്ട് ചോദിക്കാൻ പോകുന്ന ഒരു പരിപാടി അവർക്കുണ്ടായിരുന്നു. കുഷ്​ഠരോഗികളുടെ നാല് കോളനികളുണ്ട്​. ഈ നാല് കോളനികളിലും ആം ആദ്മി പാർട്ടി പോയി വോട്ട് ചോദിച്ചിട്ടുണ്ട്. അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് കുറഞ്ഞത് രണ്ടുലക്ഷം പേരെങ്കിലും അദ്ദേഹത്തെ പേരെടുത്ത് വിളിക്കുന്ന സാഹചര്യം ഡൽഹിയിലുണ്ടായിരുന്നു. അദ്ദേഹത്തെ അരവിന്ദ് എന്നുതന്നെ വിളിക്കുന്ന ഓട്ടോറിക്ഷക്കാരും മറ്റും അന്നുണ്ടായിരുന്നു. അന്ന്​ പാർട്ടി ഒരു സിവിൽ കളക്ടീവിന്റെ ഭാഗമാണ്. അതിൽ വിവരാവകാശ പ്രവർത്തകരുണ്ട്, ദലിത് വ്യക്തിത്വങ്ങളുണ്ട്, കാർഷിക ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വലിയ സമരങ്ങളുടെ പോരാളികളുണ്ട്​. ഈ പ്ലാറ്റ്‌ഫോമിൽ ഒരു ദിവസം 40- 50 പേരൊക്കെ വരും. ഇവരെല്ലാം വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്നവരായിരിക്കും. ഇവരെ ഒരു പൊളിറ്റിക്കൽ ക്യാപിറ്റലായി കൺസോളിഡേറ്റ് ചെയ്യാൻ അരവിന്ദ് കെജ്​രിവാളിന്​ കഴിഞ്ഞു. രാഷ്​ട്രീയ പാർട്ടികളുടെ നിയന്ത്രണാധികാരം മാറ്റിനിർത്തിയുള്ള, സഹകരണത്തിലൂന്നിയ ഒരു മീഡിയയാണ് കെജ്​രിവാൾ സ്വീകരിച്ചത്​. അത്​ ഇത്തരം പ്രശ്​നങ്ങളിൽ ഇടപെടാൻ സഹായകമായിട്ടുണ്ട്​.

ഒരു ചേരിയിലെ ജനങ്ങൾ സംഘടിതമായി പൊലീസ് അതിക്രമത്തിനെതിരെ സംഘടിക്കുന്നതും പൊലീസിനെ പ്രതിരോധിക്കുന്നതുമായ സമര ചരിത്രങ്ങളും ഉണ്ട്. പക്ഷെ പല കോളനികൾക്കും പല സ്വഭാവങ്ങളാണ്.

ഈ കമാൻഡ് സ്ട്രക്ചർ വാസ്തവത്തിൽ ഡൽഹിയുടെ ഏറ്റവും വലിയ ഒരു പ്രശ്‌നമായിരുന്നു. പക്ഷെ, ചേരികളിൽ വ്യാപകമായി ഇതിനെതിരെയും പൊലീസ് അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധങ്ങൾ തുടങ്ങിയിരുന്നു. മനുഷ്യാവകാശ സംഘടനകളും തദ്ദേശീയരും മാധ്യമപ്രവർത്തകരും അടക്കമുള്ളവർ ഈ വിഷയം ഏറ്റെടുത്ത് വലിയ രീതിയിൽ പ്രതിഷേധമാക്കി വളർത്തിയെടുത്തിരുന്നു.
കോൺഗ്രസ് സർക്കാരിന്റെ കാലത്ത്​, ജയ്​പാൽ റെഡ്ഡിയൊക്കെ രാത്രി രണ്ട് മണിക്കും മൂന്നുമണിക്കുമൊക്കെ ആളുകളെ വിളിച്ചുവരുത്തി പരാതികൾക്ക് പരിഹാരം കാണാൻ ശ്രമം നടത്തിയിരുന്നു. ഈ സമയത്ത് തന്നെയാണ് വി.പി. സിങ് ഇത്തരം വിഷയങ്ങളിൽ ഏറ്റവും കൂടുതൽ ഇടപെടുന്നതും. 2004 ജൂണിൽ, യമുന പുഷ്​തയിൽ നടന്ന വലിയ ഡെമോളിഷനിടയ്ക്ക് അദ്ദേഹം അവിടെ പോയിരുന്നു. അതിനുമുമ്പ് വസീർപുർ പോലെയുള്ള വ്യവസായ മേഖലയിലെ ഡെമോളിഷനുകളിൽ അദ്ദേഹം നേരിട്ട് ഇടപെട്ടിട്ടുണ്ട്​. ഞങ്ങളെപ്പോലെയുള്ള പല സംഘടനകളുടെ പ്രതിനിധികളും അന്ന്​ ബുൾഡോസറുകളുടെ മുമ്പിൽ നിന്നിട്ടുണ്ട്.

ആം ആദ്മി പാർട്ടിയെ സംബന്ധിച്ച് ചേരികളിൽ വോട്ട് ചോദിക്കാൻ പോകുന്ന ഒരു പരിപാടി അവർക്കുണ്ടായിരുന്നു. കുഷ്ഠരോഗികളുടെ നാല് കോളനികളുണ്ട്?. ഈ നാല് കോളനികളിലും ആം ആദ്മി പാർട്ടി പോയി വോട്ട് ചോദിച്ചിട്ടുണ്ട് / Photo : A.A.P. Delhi, fb page

അന്നൊക്കെ ചെറിയ രീതിയിലാണ്​ ഒഴിപ്പിക്കൽ, 24 വീടുകളേ പൊളിക്കുന്നുള്ളൂ. അപ്പോൾ അത് 24 വീട്ടുകാരുടെ മാത്രം പ്രശ്‌നമായി മാറുന്നു. പെട്ടെന്നുതന്നെ തൊട്ടടുത്തുള്ളവർ, ഇവിടെ താമസിച്ചോളൂ എന്നുപറഞ്ഞ് അവരെ സ്വീകരിക്കുന്നു. പക്ഷെ യഥാർഥ പൊളിക്കൽ വരുമ്പോൾ സ്​ഥിതി മാറും. ജഹാംഗീർപുരിയിൽ അതാണ് സംഭവിച്ചത്. 850 വീടുകളാണ് തകർത്തത്. ഇതുപോലെയുള്ള നാലോ അഞ്ചോ കേസുകൾ സംയോജിപ്പിച്ചാണ്​ പ്രശാന്ത് ഭൂഷന്റെ കേസുണ്ടാകുന്നതും കോമ്പൻസേഷൻ ഭൂമി കൊടുക്കണമെന്ന ഉത്തരവുണ്ടാകുന്നതും. കേസുകൾ കൂടാതെ, ജുഡീഷ്യറി ആൻഡ് ദി പുവർ എന്ന വിഷയത്തിൽ കോൺഫറൻസുകളും ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി കാമ്പയിനുകളുമൊക്കെ സംഘടിതമായി നടത്തിയിരുന്നു. അരുന്ധതി റോയിയൊക്കെ ഡൽഹിയിലെ പൊതുജന പ്രശ്‌നങ്ങളിൽ ഇടപെട്ടു തുടങ്ങുന്നതൊക്കെ അങ്ങനെയാണ്.
ഇതിന്റെ അടിസ്​ഥാനം, രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഒന്ന്, 1981-ലെ മധ്യപ്രദേശ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 1985-ൽ ജസ്റ്റിസ് വൈ.ബി. ചന്ദ്രചൂഡ് ബോംബെ മുനിസിപ്പൽ കോർപറേഷൻ vs ഓൾഗ ടെല്ലിസ്​ () എന്ന കേസിൽ, പാതയോരത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കണമെങ്കിൽ പോലും അവരുടെ സമ്മതം ചോദിക്കണം എന്ന ഒരു വിധിന്യായം, ഭരണഘടനയുടെ ആർട്ടിക്കിൾ 21-നെ സൂചിപ്പിച്ച്​ പുറപ്പെടുവിച്ചു. അത് ഇന്ത്യൻ ജുഡീഷ്യറിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അങ്ങനെ നിയമപരമായ, രാഷ്ട്രീയമായ ഒരുപാട്​ അനുകൂല ഘടകങ്ങളുള്ള ഒരു രാജ്യമാണ് ഇന്നും ഇന്ത്യ.

ഒരു ചേരിയിലെ ജനങ്ങൾ സംഘടിതമായി പൊലീസ് അതിക്രമത്തിനെതിരെ സംഘടിക്കുന്നതും പൊലീസിനെ പ്രതിരോധിക്കുന്നതുമായ സമര ചരിത്രങ്ങളും ഉണ്ട്. പക്ഷെ പല കോളനികൾക്കും പല സ്വഭാവങ്ങളാണ്.

ചേരിയിലെ മനുഷ്യരോട് കോടതികൾ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സമീപനം എന്താണ്​?

നേരത്തെ സൂചിപ്പിച്ച, വൈ.ബി. ചന്ദ്രചൂഡിന്റെ 1986-ലെ വിധിന്യായത്തിന്റെ ഒരു കൗണ്ടർ സ്റ്റേറ്റ്‌മെന്റായിരുന്നു ജസ്റ്റിസ് കൃപാൽ സിങ്ങിന്റെ 2001ലെ ഒരു പരാമർശം. ചേരികൾ പൊളിച്ചുകളയുമ്പോൾ അവർക്ക് രണ്ടാമത് വീട് വെച്ചുകൊടുക്കുന്നത് പോക്കറ്റടിക്കാർക്ക് സമ്മാനം കൊടുക്കുന്നതുപോലെയാണെന്നായിരുന്നു ആ പരാമർശം. നീതിയുക്തമായി നിയമം ഉപയോഗിക്കുന്നതിൽ ജുഡീഷ്യൽ കമ്മ്യൂണിറ്റിയ്ക്കകത്തുള്ള വ്യത്യാസമാണിത് കാണിക്കുന്നത്. നിരന്തരം ഡെമോളിഷൻസ് നടക്കുമ്പോൾ ജസ്റ്റിസ് മുരളീധർ ആയിരുന്നു ഇതിൽ വ്യക്തമായ ധാരണയുണ്ടായിരുന്ന ഒരാൾ. അന്ന് അദ്ദേഹം മുതിർന്ന അഭിഭാഷകനായിരുന്നു. കുസുംപുറിലെ പൊളിക്കൽ കേസിൽ അദ്ദേഹം നടത്തിയ ഒരു വാദം, ഇവിടെ നിന്ന് ആളുകൾ ഒഴിഞ്ഞുപോയാൽ ഇവരുടെ സേവനങ്ങൾ സ്വീകരിച്ച്​ ജീവിക്കുന്ന നഗരത്തിലെ മറ്റുള്ള ആളുകൾക്ക് പ്രശ്‌നമുണ്ടാകാൻ സാധ്യതയുണ്ട് എന്നായിരുന്നു. പിന്നീട് അദ്ദേഹം ജഡ്ജിയായപ്പോൾ കുറേക്കൂടി മനുഷ്യത്വപരമായ നിയമനടപടികളുണ്ടായി. പ്രതീക്ഷ നൽകുന്ന ഒരുപാട് കാര്യങ്ങൾ അന്നുണ്ടായിരുന്നു. സുഭാഷ് ബോർക്കർ, ജയ്​പാൽ റെഡ്ഡിയെ തുടങ്ങിയവരെപ്പോലെ കോൺഗ്രസിലെ ഒരുപാട് ആളുകൾ ഇതിനോട് അനുഭാവപൂർണമായ സമീപനമുള്ളവരായിരുന്നു.

ജസ്റ്റിസ് എസ്. മുരളീധർ

വാസ്തവത്തിൽ കേരളമടക്കമുള്ള സ്ഥലങ്ങളിൽ വിദ്വേഷ രാഷ്​ട്രീയത്തിന്​വലിയൊരു വിസിബിലിറ്റിയുണ്ടെന്ന് പറയാതിരിക്കാനാവില്ല. കാരണം, മുസ്​ലിം നാമധാരികളെ മറ്റൊരു തരത്തിൽ വിവേചനത്തോടെ കാണുന്ന രീതി കേരളത്തിന്റെ പൊതുസ്ഥലത്തുപോലും കാണാൻ പറ്റും. അങ്ങനെയുള്ള സാഹചര്യത്തിൽ, ഡൽഹിയെപോലൊരു സ്ഥലത്ത് അവരുടെ നിത്യജീവിതത്തിന്റെ സാധ്യതകൾ അടയ്ക്കുക എന്നത് ഒരു ഗവൺമെന്റിന്റെ മാത്രം ഓപ്ഷനല്ല ഇന്ന്. സാമ്പത്തിക വർഗങ്ങൾക്കും ടോക്‌സിക് ഐഡിയോളജിയുള്ള വ്യക്തികൾക്കുമൊക്കെ ഇതിന്​ കഴിയും.

ഇന്ത്യൻ ഗ്രാമങ്ങളിൽ സമീപകാലത്തായി രൂക്ഷമായി വരുന്ന ദാരിദ്ര്യവൽക്കരണം, തൊഴിലില്ലായ്​മ, കാർഷികവൃത്തിയിൽനിന്നുള്ള അന്യവൽക്കരണം, ഭൂമി പ്രശ്​നങ്ങൾ തുടങ്ങിയവ, സമീപകാല പലായനങ്ങളെ സ്വാധീനിക്കുന്നുണ്ടോ? പുതിയ കാലത്ത് ചേരികൾ നിലനിൽക്കുന്നതിന്റെയും അവിടേക്ക് കൂടുതൽ ജനങ്ങൾ എത്തിച്ചേരുന്നതിന്റെയും രാഷ്ട്രീയപ്രക്രിയ എന്താണ്?

നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ പാറ്റേൺ മാറുന്നുണ്ട്. കേരളത്തിലേയ്ക്ക് 30 ലക്ഷത്തോളം അൺഅക്കൗണ്ടഡായ ആളുകൾ വന്നിട്ടുണ്ടെന്ന് പറയുന്നു. കേരളത്തിലെ തൊഴിൽസേനയുടെ 18 ശതമാനം മുതൽ 23-25 ശതമാനം വരെ കുടിയേറ്റക്കാരാണിപ്പോൾ. ബംഗാളിലെയും അസമിലെയുമൊക്കെ ഗ്രാമങ്ങളിൽ തൊഴിലിനുള്ള കൂലിയുമായി ബന്ധപ്പെട്ട വലിയ പ്രശ്‌നം നിലവിലുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ കൊടുക്കുന്നതിനേക്കാൾ താഴെയാണ് അവിടെയുള്ള കൂലി. രണ്ട് ഡോളറിനു താഴെയുള്ള കൂലി മാത്രം​ ഒരു ദിവസം വരുമാനമായി ലഭിക്കുന്ന കുടുംബങ്ങളെക്കുറിച്ച്​ ആഗോള ദാരിദ്ര്യ സൂചിക തയ്യാറാക്കുമ്പോൾ പറയാറുണ്ട്. സത്യത്തിൽ അതാണ് ഇവിടങ്ങളിലെ അവസ്ഥ. നമ്മുടെയൊക്കെ വീടുകളിൽ വന്ന് പണിയെടുക്കുന്ന അന്തർ സംസ്​ഥാന തൊഴിലാളികളുടെ അവസ്ഥ ഇതാണ്. അവർക്ക്​ ഭൂമിയുണ്ട്. പക്ഷെ അത് കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ സങ്കീർണമാണ് പ്രശ്‌നങ്ങൾ. അതിൽ ജാതിവിവേചനപരമായ അവസ്ഥയുണ്ട്. പ്രത്യേകിച്ച് ഹരിയാനയുടെയും യു.പിയുടെയുമൊക്കെ കാര്യത്തിൽ അക്രമാസക്തമായ വിവേചനമുണ്ട്. അരക്ഷിതാവസ്ഥ ഭയങ്കരമായി അനുഭവിക്കുമ്പോൾ അപരിചിതമായ ഒരു സ്ഥലത്തേക്ക് മാറുക എന്നത് ലോകമെമ്പാടും നടക്കുന്ന ഒരു കാര്യമാണ്. അത് ധാരാളമായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നു.

നഗരത്തിൽ അനേകം തൊഴിലുകളിലേക്ക് മാറാൻ പറ്റും. ഒരാളുടെ എൻട്രി പോയിൻറ്​ തൊഴിൽ എന്നുപറയുന്നത് മാലിന്യശേഖരണമായിരിക്കും, അല്ലെങ്കിൽ ഹെൽപ്പറായിട്ട്​. പക്ഷെ അഞ്ചുവർഷം കഴിയുമ്പോഴേക്കും അവർ അനേകം തൊഴിലുകളിൽ പ്രാവീണ്യം നേടിയവരായിട്ടുണ്ടാകും.

സി.എസ്. വെങ്കിടേശ്വരന്റെ ഒരു പഠനത്തിന്റെ ടൈറ്റിൽ ‘മലയാളികൾ ഞങ്ങളുടെ മുഖത്ത് നോക്കാറില്ല' എന്നാണ്. അതിന് സമാനമായ അനേകം സാഹചര്യങ്ങൾ കാണാൻ പറ്റും. ഇവരെല്ലാം തൊഴിൽശരീരങ്ങളാണ്.
ഹരിയാനയിലെ വിദ്യാഭ്യാസ അവകാശങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തിനിടെ കണ്ട ചില മനുഷ്യരോട്​ അവരുടെ പ്രായം ചോദിച്ചപ്പോൾ, അവർ പറയും 45 വയസ്​ എന്ന്​. മലയാളികളുടെ ജീവിത സാഹചര്യത്തിൽ നിന്ന് നോക്കുമ്പോൾ അയാൾക്ക് 65 വയസ്സായിട്ടുണ്ടാകുമെന്ന്​ നമുക്ക് തോന്നും. ആ കാഴ്ചയും ശരിയാണ്​, അയാൾ പറയുന്നതും ശരിയാണ്. ഈ രണ്ട് ശരികൾക്കിടയിൽ, ഗവേഷണം ചെയ്യുന്ന ഒരാൾ പ്രതിസന്ധിയിലായിപ്പോകും.

''കേരളമടക്കമുള്ള സ്ഥലങ്ങളിൽ വിദ്വേഷ രാഷ്​ട്രീയത്തിന്​ വലിയൊരു വിസിബിലിറ്റിയുണ്ട്. കാരണം, മുസ്​ലിം നാമധാരികളെ മറ്റൊരു തരത്തിൽ വിവേചനത്തോടെ കാണുന്ന രീതി കേരളത്തിന്റെ പൊതുസ്ഥലത്തുപോലും കാണാൻ പറ്റും.'' / Photo: Muhammed Fasil

പഞ്ചാബായിരുന്നു കാഷ്വൽ ലേബറിന്റെ വലിയൊരു പൂൾ. ഹരിതവിപ്ലവത്തിന്റെ കാലത്ത്​ അമിതമായി ജോലി ചെയ്യിപ്പിക്കാൻ ആളുകളെ കൊണ്ടുവരികയും തൊഴിൽശാലകൾക്കുള്ളിൽ പൂട്ടിയിട്ട് പണിയെടുപ്പിക്കുകയും അതിനുശേഷം കൂലി പോലും കൊടുക്കാതെ തല്ലിയോടിക്കുകയും ചെയ്യുന്ന സമ്പ്രദായമുണ്ടായിരുന്നു. കേരളത്തിൽ 1920കളിലും 30കളിലും ഉണ്ടായിരുന്ന ഫ്യൂഡൽ വ്യവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ 1980കളിൽ പഞ്ചാബിലും ഹരിയാനയിലുമൊക്കെ നടന്നിട്ടുണ്ട്. ഇത്തരം മനുഷ്യരാണ്​ ഡൽഹിയിലേക്ക്​ ഓടിവരുന്നത്​. അങ്ങനെയുള്ള ഒരാൾക്ക്​ ഒരിക്കലും ഡൽഹിയിൽ അത്തരമൊരു പ്രശ്‌നുമുണ്ടാകില്ല. കാരണം, അവിടെ നിങ്ങൾ ഇടപെടുന്നത് നിങ്ങളുടെ നിത്യജീവിതത്തെ നിയന്ത്രിക്കുന്ന ആളുമായിട്ടല്ല. 30 കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തുനിന്നാണ് അവർ ജോലിക്ക് പോകുന്നത്.

എന്റെ പഠനത്തിനിടയിൽ, ഒരു റീസെറ്റിൽമെൻറ്​ കോളനിയിൽ പോയിരുന്നു. ഗോതമ്പ് വയലുകൾക്കിടയ്ക്കാണ് പുതിയ ആളുകളെ കൊണ്ടുവന്ന് താമസിപ്പിക്കുന്നത്. അവർക്ക് കൂര കെട്ടാനുള്ള അനുവാദം പോലുമില്ല. ഭയങ്കരമായ തണുപ്പുകാലത്ത് ഒരു കൂര പോലുമില്ലാതെ ആളുകൾ ജീവിക്കുകയാണ്. ഇതേ സാഹചര്യത്തിൽ ബവാന എന്ന റീസെറ്റിൽമെൻറ്​ കോളനിയിൽ 2006-ൽ 16 കുട്ടികളാണ് മരിച്ചുപോയത്. പ്രായമായവരും മരിക്കുന്നു. ഈ മരണങ്ങൾ പൊളിറ്റിക്കലി ഇൻവിസിബിളാണ്. ചേരികളിലെ ഈ മനുഷ്യർ ജനിച്ചോ മരിച്ചോ എന്നൊന്നും കണക്കിലെടുക്കാത്ത ഒരു സംവിധാനമാണിവിടെയുള്ളത്​.

നഗരത്തിൽ അനേകം തൊഴിലുകളിലേക്ക് മാറാൻ പറ്റും. അതായത് ഒരാളുടെ എൻട്രി പോയിൻറ്​ തൊഴിൽ എന്നുപറയുന്നത് മാലിന്യശേഖരണമായിരിക്കും, അല്ലെങ്കിൽ ഹെൽപ്പറായിട്ട്​. പക്ഷെ അഞ്ചുവർഷം കഴിയുമ്പോഴേക്കും അവർ അനേകം തൊഴിലുകളിൽ പ്രാവീണ്യം നേടിയ, 600 രൂപ മുതൽ 2000 രൂപ വരെ വാടക കൊടുക്കാൻ പറ്റുന്ന രീതിയിലുള്ള വരുമാനമുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരായിട്ടുണ്ടാകും. അവർ കുടുംബത്തെ കൊണ്ടുവരുന്നു, ഇവിടെത്തന്നെ കുട്ടികളെ പഠിപ്പിക്കുന്നു. അങ്ങനെ, ജീവിതരീതിയിൽ തന്നെ വ്യത്യാസം വന്നിട്ടുള്ള പുതിയൊരു കൂട്ടം ആളുകൾ ഉണ്ടാകുന്നു. അത് കേരളത്തിലുള്ള അന്തർ സംസ്​ഥാന തൊഴിലാളികളുടെ കാര്യത്തിലും കാണാം. എസ്.എസ്​.എൽ.സിക്ക്​ ഫുൾ എ പ്ലസ്​ വാങ്ങുന്ന ബിഹാറി പെൺകുട്ടിയെപ്പോലെ. അത്രയൊന്നും ഇല്ലെങ്കിൽ പോലും കുറേക്കൂടി സാമ്പത്തികമായി മെച്ചപ്പെട്ട രീതിയിൽ, മൂന്നും നാലും അഞ്ചും പേർ അധ്വാനിക്കുന്ന കുടുംബങ്ങളായി ഇവർ നിലനിൽക്കുന്നു. ഈയൊരു സുരക്ഷിതത്വത്തെയാണ് 1990കളുടെ അവസാനം തൊട്ട് ആസൂത്രിതമായി തകർക്കുന്നത്. ഇവരുടെ ജീവിതം തകർക്കാൻ വേണ്ടി ചെയ്യുന്നതല്ല എന്ന് വാദിക്കാമെങ്കിൽ പോലും, അതിന്റെ ഫലം എന്നുപറയുന്നത് അക്രമാസക്തവും നിയമവിരുദ്ധവുമായ പൊതു ഇടപെടലുകൾ വഴി ആളുകളുടെ ജീവിതം തകർക്കുക എന്നതുതന്നെയാണ്​.

ഇന്ത്യൻ രാഷ്ട്രീയം അതിവേഗം മെട്രൊപൊളൈസ് ചെയ്യപ്പെടുന്നതായി നിരീക്ഷണമുണ്ട്​. ഒരു നിയോ മെട്രോപൊളിറ്റൻ ബൂർഷ്വാസി ഭരണകൂടാധികാരത്തിന്റെ എല്ലാ തലങ്ങളിലും സ്വാധീനമുറപ്പിക്കുകയാണ്​. ഇത് ചേരികളിലെ Poor, Informal, migrant ജനസംഖ്യയെ എങ്ങനെയാണ് ബാധിക്കുക?

1970കൾ മുതൽ 90കളുടെ അവസാനം വരെ ഡിപ്പെൻഡൻറ്​ പോപ്പുലേഷൻ എന്ന ഒരു സർവൈവൽ എത്തിക്‌സിലല്ല ചേരിയിലുള്ളവർ മുന്നോട്ടുപോയിരുന്നത്. രാഷ്ട്രീയാധികാരികൾ വന്ന് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെങ്കിലും ജോലി- കൂലി- ജീവിതം എന്നതുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ചില കാര്യങ്ങൾ അവർക്ക്​ ലഭ്യമായിരുന്നു. 90കളിൽ കാണുന്നത് അർബൻ സെന്റേഴ്‌സിനെ മൊത്തത്തിൽ തകർക്കുന്നതാണ്​. എന്നിട്ട്​ ഇവരെ അതിർത്തിയിലേക്ക് മാറ്റും. തൊഴിലാളികളെ അഞ്ച് കിലോമീറ്ററിനുള്ളിൽ ലഭ്യമാകുന്ന ഒരു സംവിധാനമായി മാറുന്നു.

നഗരം വൃത്തിയാക്കണം, ശുദ്ധമാക്കണം. വൃത്തിയാക്കൽ എന്നു പറയുന്നത്​, ക്ലീൻ അല്ലാത്ത ആളുകളെയും കൂടി മാറ്റുക എന്നതാണ്. ഏഷ്യാഡി​ന്റെ സമയത്തും യു.എസ്​ പ്രസിഡൻറ്​ വരു​മ്പോഴുമൊക്കെ ഇത്​ സംഭവിച്ചിട്ടുണ്ട്​.

അന്താരാഷ്ട്ര വികസന ഏജൻസികളുടെ നയം നിർണയിക്കുന്ന ഗവേഷണങ്ങൾക്കകത്തും പത്രപ്രവർത്തകരിലെ ബഹുഭൂരിപക്ഷത്തിനിടയിലും നഗരത്തിലെ വലിയ വിഭാഗം മിഡിൽക്ലാസ് ലോബിയുടെ അകത്തും ചേരിയിലുള്ളവരോട് ഒരുതരം വർഗവിവേചനമുള്ള മനോഭാവം പ്രകടമാണ്​.

ചേരികളെ മോശം സ്ഥലമായി വിശേഷിപ്പിക്കുന്ന സാഹചര്യം അക്കാദമിക്കുകളുടെയിടയിലൊക്കെയുണ്ട്. രാമറാവു, മൈക്കൽ വൂൽകോക്ക് തുടങ്ങി വേൾഡ് ബാങ്കിന്​ പേപ്പറെഴുതി സമർപ്പിക്കുന്ന ഗവേഷകർ, 800 കുടുംബങ്ങളെക്കുറിച്ചുള്ള ഒരു പഠനത്തിൽ പറയുന്നത്, മയക്കുമരുന്ന് വിൽപനയും ലൈംഗികത്തൊഴിലുമാണ്​ ഇവരുടെ പണി എന്നാണ്. അവരുടെ വെബ്‌സൈറ്റിൽ ഈ പഠനമൊന്നും ഇപ്പോൾ ഇല്ല. പക്ഷെ, എന്റെ പുസ്തകത്തിൽ ഞാനത് ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ പറയുന്ന സഫ്​ദ ഖേവിഡ എന്ന ഗ്രാമത്തിൽ പോയി അന്വേഷിച്ചപ്പോൾ, അവിടെ 40 തരം ജോലികൾ ചെയ്യുന്ന ആളുകളുണ്ടായിരുന്നു. അന്താരാഷ്ട്ര വികസന ഏജൻസികളുടെ നയം നിർണയിക്കുന്ന ഗവേഷണങ്ങൾക്കകത്തും പത്രപ്രവർത്തകരിലെ ബഹുഭൂരിപക്ഷത്തിനിടയിലും നഗരത്തിലെ വലിയ വിഭാഗം മിഡിൽക്ലാസ് ലോബിയുടെ അകത്തും ചേരിയിലുള്ളവരോട് ഒരുതരം വർഗവിവേചനമുള്ള മനോഭാവം പ്രകടമാണ്​. രാഷ്ട്രീയമായി ഒരു സ്വാധീനവുമില്ലാത്ത വലിയൊരു ജനവിഭാഗത്തിനുനേരെ നടക്കുന്ന പൊലീസിന്റെയും നഗരസഭാ അധികൃതരുടെയും അക്രമങ്ങൾ സ്വാഭാവികമായ കാര്യമാണെന്നുപറഞ്ഞ് തള്ളുന്ന, ജനാധിപത്യവിരുദ്ധമായ സംസ്‌കാരം നിലനിന്നിരുന്ന സ്ഥലം തന്നെയാണ് ഡൽഹി. അതോടൊപ്പം, നിരവധി പേർ ഇതിനെതിരെ പ്രതിരോധിക്കുകയും, പുറത്തിറങ്ങിവന്ന് ഡെമോളിഷൻ തടയുന്നതുമായ സാഹചര്യവും ഉണ്ടായിട്ടുണ്ട്​. വി.പി. സിങ്ങിന്റെ ഉദാഹരണം പറയുന്നത് അതുകൊണ്ടാണ്. അക്കാലത്ത്​ ഞാൻ വി.പി. സിങ്ങിന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്. ഞാൻ മാത്രമല്ല, നൂറുകണക്കിനാളുകൾ താമസിച്ചിട്ടുണ്ട്. ഇത്തരം സംഘർഷങ്ങളുണ്ടാകുമ്പോൾ, സംഘടകളെ ഏകോപിപ്പിക്കുക, ഡെമോളിഷൻ നടക്കുന്ന ഇടങ്ങളിൽ പോയി അതിനെ തടസ്സപ്പെടുത്തുക, കോടതി കേസുകളുമായി മുന്നോട്ടുപോകുക അങ്ങനെ ഒരുപാട് കാര്യങ്ങൾ രാപകലെന്നോണം​നടത്തിയിട്ടുണ്ട്. അത് വളരെ പ്രധാനപ്പെട്ട വസ്തുത തന്നെയാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


ഡോ. എം.വി. ബിജുലാൽ

എം.ജി. യൂണിവേഴ്‌സിറ്റിയിൽ സ്‌കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻറ്​പൊളിറ്റിക്‌സിൽ അസിസ്റ്റൻറ്​ പ്രൊഫസർ. ന്യൂഡൽഹി ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹ്യുമന്റൈറ്റ്‌സ് യൂണിറ്റിലെ സീനിയർ റിസർച്ചറായിരുന്നു. നിരവധി അന്താരാഷ്ട്ര ജേണലുകളിൽ പഠനങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. City Slum and the Marginalised: The Lifeworlds of Muslims and Dalits in Delhi, Human Rights Investigation and Fact Finding Techniques (Co authored), Chengara land struggle: politics of dalit land assertion in Kerala (Co authored) എന്നിവ പ്രധാന പുസ്തകങ്ങൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments