യുവജനരാഷ്ട്രീയത്തിന്റെ അരാഷ്ട്രീയവൽക്കരണവും
പുതിയ ജനാധിപത്യ പ്രതിപക്ഷത്തിന്റെ അനിവാര്യതയും

ഇന്ത്യയിലെ സംഘടിത (പോഷക) വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങൾക്ക് എന്തുകൊണ്ട് ഈ സമരത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞില്ല? ഈ ചോദ്യം ദൽഹിയിലെ ഒരു പ്രക്ഷോഭത്തെക്കുറിച്ചുള്ളതുമാത്രമല്ല; സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദൗർബല്യത്തെക്കുറിച്ചുള്ളതാണ്- സി.ജെ. ജോർജ് എഴുതുന്നു.

‘മാക്ബത്തി'ൽ ഡൺസിനേൺ കോട്ടയിലേക്ക് ബർണാം വനം നടന്നുവരുന്നതുപോലൊരു രാഷ്ട്രീയ മുഹൂർത്തത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ ദൽഹി സാക്ഷ്യം വഹിച്ചത്. അപ്രതീക്ഷിതമായ ദിക്കുകളിൽനിന്ന് ഉയർന്നുവന്ന വിദ്യാർത്ഥി പ്രതിഷേധം ഭരണകൂടത്തെ പ്രതിരോധത്തിലാക്കി; രാഹുൽ ഗാന്ധി അതിന് നിർണായക ഘട്ടത്തിൽ പിന്തുണ നൽകിയത് ഗുണകരമായി. എന്നാൽ, ഈ സംഭവം ഉന്നയിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു ചോദ്യമുണ്ട്: ഇന്ത്യയിലെ സംഘടിത (പോഷക) വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങൾക്ക് എന്തുകൊണ്ട് ഈ സമരത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞില്ല? ഈ ചോദ്യം ദൽഹിയിലെ ഒരു പ്രക്ഷോഭത്തെക്കുറിച്ചുള്ളത് മാത്രമല്ല; സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദൗർബല്യത്തെക്കുറിച്ചുള്ളതാണ്.

പഴയത് മരിച്ചുകൊണ്ടിരിക്കുകയും പുതിയത് ജനിച്ചുയരാൻ കഴിയാതെ വരികയും ചെയ്യുന്ന ഇടക്കാലമാണ് പ്രതിസന്ധി (Interregnum). അത്തരം സന്ദർഭങ്ങളിലാണ് പുതിയ സാമൂഹികശക്തികളും പുതിയ രാഷ്ട്രീയ രൂപങ്ങളും ഉയർന്നുവരുന്നത്. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം അത്തരമൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തോന്നുന്നു. സംഘടിത വിദ്യാർത്ഥി-യുവജനരാഷ്ട്രീയം ജനങ്ങളുടെ ജീവിതപ്രശ്നങ്ങളെയും സാമൂഹിക സംഘർഷങ്ങളെയും പ്രതിനിധീകരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ പുതിയ ശക്തികളും പ്രതിഭാസങ്ങളും ആവിർഭവിക്കുന്നു. എന്നാൽ അവ വ്യക്തമായ രാഷ്ട്രീയരൂപം ആർജിച്ചുകഴിഞ്ഞുവെന്ന് പറയാനാവില്ല; അവ ജനാധിപത്യപരവും വിമോചകവുമായി വികസിക്കുമെന്ന് ഉറപ്പിക്കാനുമാവില്ല.

അതിരിക്കട്ടെ. ഇന്നത്തെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ചോദ്യങ്ങളിലൊന്ന് പുതിയ കൂട്ടായ്മകളുടെ ഉദയമായിരിക്കത്തന്നെ, സംഘടിത രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയെക്കുറിച്ചുള്ളതുമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

സംഘടിത വിദ്യാർത്ഥി-യുവജനരാഷ്ട്രീയം ജനങ്ങളുടെ ജീവിതപ്രശ്നങ്ങളെയും സാമൂഹിക സംഘർഷങ്ങളെയും പ്രതിനിധീകരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ പുതിയ ശക്തികളും പ്രതിഭാസങ്ങളും ആവിർഭവിക്കുന്നു.
സംഘടിത വിദ്യാർത്ഥി-യുവജനരാഷ്ട്രീയം ജനങ്ങളുടെ ജീവിതപ്രശ്നങ്ങളെയും സാമൂഹിക സംഘർഷങ്ങളെയും പ്രതിനിധീകരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ പുതിയ ശക്തികളും പ്രതിഭാസങ്ങളും ആവിർഭവിക്കുന്നു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനാസ്ഥകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ദൽഹിയിൽ CJP- യുടെ നേതൃത്വത്തിൽ ഉയർന്നുവന്ന വിദ്യാർത്ഥി പ്രക്ഷോഭം ഈ പ്രതിസന്ധിയുടെ ഏറ്റവും പുതിയ പ്രകാശനമാണ്. അതിന്റെ തൽക്ഷണ വിജയത്തിൽ മാത്രമല്ല; അതിന്റെ സംഘാടനരീതിയിലും രാഷ്ട്രീയ പ്രത്യാഘാതങ്ങളിലുമാണ് ഈ സമരത്തിന്റെ പ്രാധാന്യം. സർക്കാരിന്റെ ഉത്തരവാദിത്തബോധ്യമില്ലായ്മയെ ചോദ്യം ചെയ്യുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകേണ്ടിയിരുന്ന പരമ്പരാഗത വിദ്യാർത്ഥി-യുവജന സംഘടനകൾക്കുപകരം, കക്ഷിരാഷ്ട്രീയത്തിന് പുറത്തുള്ള കൂട്ടായ്മയാണ് മുൻകൈയെടുത്തത്. പൊതുവെ രാഷ്ട്രീയവിമുഖരെന്ന് മുദ്രകുത്തപ്പെട്ടിരുന്ന പുതുതലമുറ സ്വയം പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അസാധാരണമായ രീതിയിൽ രംഗത്തുവന്നു. ഇന്ത്യൻ ജനാധിപത്യത്തിൽ ആവശ്യമെങ്കിൽ പുതിയ പ്രതിരോധശക്തികൾ രൂപപ്പെടാനുള്ള സാധ്യത ബാക്കി നിൽക്കുന്നുവെന്നതിന്റെ വ്യക്തമായ, പ്രതീക്ഷാനിർഭരമായ സൂചനയാണ് അത് നൽകുന്നത്.

ഈ സംഭവവികാസത്തിന്റെ ശ്രദ്ധേയമായ കാര്യം, മേൽ സൂചിപ്പിച്ചതുപോലെ സംഘടിത കക്ഷിരാഷ്ട്രീയത്തിന്റെ, പ്രത്യേകിച്ച് അതിന്റെ വിദ്യാർത്ഥി-യുവജന വിഭാഗങ്ങളുടെ രാഷ്ട്രീയ ദൗർബല്യത്തെ വെളിവാക്കി എന്നതാണ്. പോഷകസംഘടനകളുടെ രാഷ്ട്രീയം തെരഞ്ഞെടുപ്പ് ഗണിതത്തിലേക്കും അധികാരസമവാക്യങ്ങളിലേക്കും നേതൃവിശ്വസ്തതയിലേക്കും ചുരുങ്ങുമ്പോൾ ജനങ്ങളുടെ പ്രശ്നങ്ങളെ രാഷ്ട്രീയ ചോദ്യങ്ങളാക്കി ഉയർത്തുകയും അവരെ സംഘടിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാന രാഷ്ട്രീയദൗത്യം അവർ മറന്നുപോയി. കക്ഷിരാഷ്ട്രീയം രാഷ്ട്രീയമായ ഉള്ളടക്കം തന്നെ കൈവെടിഞ്ഞു. സംഘടിത രാഷ്ട്രീയത്തിന്റെ ഈ കൊടിയ അരാഷ്ട്രീയവൽക്കരണമാണ് പഠിക്കേണ്ടത്. അതാണ് വാസ്തവത്തിൽ സ്വതന്ത്രവും സ്വാഭാവികവുമായ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളെ അനിവാര്യമാക്കുന്നത്.

കാമ്പസുകളിലും പൊതുസമൂഹത്തിലും പ്രതിപക്ഷ രാഷ്ട്രീയബോധം വളർത്തേണ്ട സംഘടനകൾ മിക്കവാറും പാർട്ടി നേതൃത്വത്തെ പുനരുത്പാദിപ്പിക്കുന്ന കരിയർ പരിശീലനകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാനോ ഏറ്റെടുക്കാനോ, അതിലൂടെ ആശയവ്യക്തത ആർജിക്കാനോ, സമരാനുഭവങ്ങളിലൂടെ സ്വയം രൂപപ്പെടാനോ പോഷകസംഘടനകൾക്ക് കഴിയുന്നില്ല. മേൽനേതൃത്വത്തിന്റെ അംഗീകാരമാണ് നേതൃത്വത്തെ നിർണയിക്കുന്നത് എന്ന ധാരണയാണ് യുവനിരയെ നയിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങൾക്കുപകരം പദവിപരമായ വിക്ഷോഭങ്ങളും വാർത്താസമ്മേളനങ്ങളും പ്രതീകാത്മക പ്രതിഷേധങ്ങളും സാമൂഹ്യമാധ്യമ പ്രചാരണങ്ങളും രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖ്യരൂപങ്ങളായി മാറുന്നു. ഫലത്തിൽ രാഷ്ട്രീയപ്രവർത്തനം പ്രതിച്ഛായാ നിർമ്മാണത്തിന്റെ അഭ്യാസമായി ചുരുങ്ങുന്നു. ഗുണനിലവാരമില്ലാത്ത നേതാക്കൾ അവരെ പഠിപ്പിക്കുന്നതും മറ്റൊന്നല്ല.

ദൽഹിയിൽ അരങ്ങേറിയ 'കൂറ' (Cockroach) സമരം ഈ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൂറകൾ പ്രതിഷേധത്തിന് തുടക്കമിട്ട ശേഷമാണ് പരമ്പരാഗത രാഷ്ട്രീയ സംഘടനകളും ഇങ്ങനെയൊരു വിഷയം ഉണ്ടെന്ന് മനസ്സിലാക്കിയതുതന്നെ. രാഹുൽ ഗാന്ധി പരീക്ഷാ പ്രശ്നത്തിൽ വിമർശനമുന്നയിച്ചിരുന്നു എന്നത് വാസ്തവം തന്നെ. എന്നാൽ, അതേറ്റെടുക്കാൻ അദ്ദേഹത്തിന്റെ പാർട്ടിക്കാരായ യുവാക്കളും വിദ്യാർത്ഥികളും മുന്നിട്ടിറങ്ങിയില്ല എന്നത് കാണണം. കോൺഗ്രസ്സിൽ അല്‍പ്പമെങ്കിലും യുവത്വവും രാഷ്ട്രീയവും ബാക്കിയുള്ളത് അദ്ദേഹത്തിലാണ്. അനുയായികൾ അനുയായികൾ തന്നെ; മിക്കവാറും അരാഷ്ട്രീയ മനുഷ്യരാണ് അവർ. എല്ലാം ഭദ്രമായി മുന്നോട്ടുപോവുകയാണെന്ന ഭരണകൂട ആഖ്യാനത്തെ ഭേദിക്കാനാവശ്യമായ ആശയവ്യക്തതയോ സന്നദ്ധതയോ അവർക്കില്ലാതെ പോയതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.

മേൽനേതൃത്വത്തിന്റെ അംഗീകാരമാണ് നേതൃത്വത്തെ നിർണയിക്കുന്നത് എന്ന ധാരണയാണ് യുവനിരയെ നയിക്കുന്നത്.
മേൽനേതൃത്വത്തിന്റെ അംഗീകാരമാണ് നേതൃത്വത്തെ നിർണയിക്കുന്നത് എന്ന ധാരണയാണ് യുവനിരയെ നയിക്കുന്നത്.

അപ്പോഴാണ് കൊട്ടാരങ്ങൾക്കുനേരെ ചലിക്കാൻ തുടങ്ങിയ കൂറകൾ രാഷ്ട്രീയത്തിന്റെ പാഠപുസ്തകം തുറന്നുവെച്ചത്. വ്യവസ്ഥാപിത രാഷ്ട്രീയം ജനങ്ങളുടെ അസംതൃപ്തി ഏറ്റെടുക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഉയർന്നുവരുന്ന പുതുരാഷ്ട്രീയശക്തികൾ ജനാധിപത്യത്തിന് പുതിയ ഊർജം പകരാറുണ്ട്. ഇന്ത്യൻ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ അതിന് മാതൃകകളില്ലെന്ന് പറഞ്ഞുകൂടാ; ജെ.പി. പ്രസ്ഥാനവും അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭവും അതിന് ഉദാഹരണങ്ങളാണ്. അവ പിന്നീട് സാമ്പ്രദായിക രാഷ്ട്രീയശക്തികളിൽ ലയിക്കുകയോ അവയുടെ ഉയർച്ചയ്ക്ക് വഴിയൊരുക്കുകയോ സ്വയം രാഷ്ട്രീയകക്ഷിയായി രൂപാന്തരപ്പെടുകയോ ചെയ്തു.

ആളിപ്പടരുന്ന ജനരോഷം ചിലപ്പോൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറ്റിമറിച്ചേക്കാം; ചിലപ്പോൾ പ്രതിഷേധങ്ങളിലൂടെ തന്നെ അതിന്റെ ഊർജം പുറന്തള്ളി ഒടുങ്ങിയേക്കാം. ഇങ്ങനെ ഉയർന്നുവരുന്ന സാമൂഹിക-രാഷ്ട്രീയ ശക്തികളെ അവയുടെ പേരോ രൂപമോ മാത്രം നോക്കി വിലയിരുത്താനാവില്ല. വ്യക്തമായ പ്രത്യയശാസ്ത്രവും സംഘടനാപരമായ സ്ഥിരതയും ജനാധിപത്യ ഉത്തരവാദിത്തവും ഇല്ലാത്ത മുന്നേറ്റങ്ങൾ വിവിധ രാഷ്ട്രീയ-സാമ്പത്തിക താൽപ്പര്യങ്ങൾക്ക് എളുപ്പം വഴിമാറാനും സാധ്യതയുണ്ട്. എങ്കിലും അതു നൽകുന്ന പാഠങ്ങൾ പഠിക്കുക എന്നത് വളരെ പ്രധാനമാണ്.

കേരളത്തിലെ വിദ്യാർത്ഥി- യുവജന രാഷ്ട്രീയത്തിന്റെ അവസ്ഥയും ഈ പശ്ചാത്തലത്തിൽ പഠിക്കപ്പെടണം. പ്രളയത്തിന്റെ ഇരകൾ, ഭൂരഹിതർ, പി.എസ്.സി. പരീക്ഷാ വിവാദങ്ങൾ, പിൻവാതിൽ നിയമനങ്ങൾ, ബന്ധുനിയമനങ്ങൾ, സർവകലാശാലകളിലെ സംവരണ അട്ടിമറികൾ, കൂട്ടുകച്ചവടങ്ങൾ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ അസ്വസ്ഥതകൾ, നീതിപീഠത്തിന്റെ നിരുത്തരവാദിത്തം, നിയമങ്ങളുടെ നൃശംസത തുടങ്ങി ലക്ഷക്കണക്കിന് യുവജനങ്ങളുടെ ഭാവിയെ ബാധിക്കുന്ന വിഷയങ്ങളുണ്ട്. എന്നിട്ടും അവയെ കേന്ദ്രീകരിച്ചുള്ള പ്രതികരണങ്ങളോ പ്രക്ഷോഭങ്ങളോ രൂപപ്പെടുന്നില്ല. പ്രതിഷേധം പലപ്പോഴും താരാട്ടുപാട്ടിന്റെ ഈണത്തിലും പ്രസ്താവനകളിലും ചാനൽ ചർച്ചകളിലും പ്രതീകാത്മക പരിപാടികളിലും ഒതുങ്ങുന്നു.

പിതൃസംഘടനകളുടെ രാഷ്ട്രീയ ആവശ്യങ്ങൾ മുൻഗണനയാകുമ്പോൾ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ജീവന്മരണപ്രശ്നങ്ങൾ പിന്നിലേക്ക് നീങ്ങുന്നു. ഈ നിസ്സഹായാവസ്ഥയാണ് പുതിയ ജനാധിപത്യ പ്രതിപക്ഷത്തിന്റെ ആവശ്യകതയെ മുന്നോട്ടുവയ്ക്കുന്നത്. സാംസ്കാരിക പ്രതിപക്ഷം എന്നൊക്കെ കരുതപ്പെട്ടിരുന്ന എഴുത്തുകാരും കലാകാരരും അസ്തപ്രജ്ഞരായിക്കഴിഞ്ഞു. വിമർശനത്തിന്റെ സാധ്യതകളെ വേട്ടയാടിയോ ഇര കൊടുത്തോ ഉന്മൂലനം ചെയ്യുന്നതിൽ ഭരണകൂടങ്ങൾ വിജയിക്കുകയും ചെയ്യുന്നു. ഈ സവിശേഷ സാഹചര്യത്തിൽ, ഭൂതകാലത്തിന്റെ രാഷ്ട്രീയവും ഭൂതകാലവിഷയങ്ങളും പുനരാവിഷ്കരിക്കുന്ന സമകാലസാഹചര്യത്തിൽ, പുതിയ തലമുറ പുതിയ രാഷ്ട്രീയത്തിന് കാതോർക്കുകയാണ്; ജനാധിപത്യ ബദലുകൾ തേടുകയാണ്.

പിതൃസംഘടനകളുടെ രാഷ്ട്രീയ ആവശ്യങ്ങൾ മുൻഗണനയാകുമ്പോൾ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ജീവന്മരണപ്രശ്നങ്ങൾ പിന്നിലേക്ക് നീങ്ങുന്നു. ഈ നിസ്സഹായാവസ്ഥയാണ് പുതിയ ജനാധിപത്യ പ്രതിപക്ഷത്തിന്റെ ആവശ്യകതയെ മുന്നോട്ടുവയ്ക്കുന്നത്.
പിതൃസംഘടനകളുടെ രാഷ്ട്രീയ ആവശ്യങ്ങൾ മുൻഗണനയാകുമ്പോൾ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ജീവന്മരണപ്രശ്നങ്ങൾ പിന്നിലേക്ക് നീങ്ങുന്നു. ഈ നിസ്സഹായാവസ്ഥയാണ് പുതിയ ജനാധിപത്യ പ്രതിപക്ഷത്തിന്റെ ആവശ്യകതയെ മുന്നോട്ടുവയ്ക്കുന്നത്.

കൂറകളുടെ വിജയം താൽക്കാലികമായെങ്കിലും പ്രതീക്ഷാനിർഭരമായ ഒരു ഇടവേള സമ്മാനിക്കുന്നത് ഈ സന്ദർഭത്തിലാണ്. ഈ സമരശക്തി ഘനീഭവിച്ച് ഒരു രാഷ്ട്രീയകക്ഷിയായി മാറി രക്ഷകരായി പരിണമിക്കുമോ എന്ന മട്ടിലുള്ള ആലോചനകൾ ചുറ്റുവട്ടത്തിൽ നടക്കുന്നുണ്ട്. സ്വാഭാവികമാണത്. ആം ആദ്മി വന്ന കാലത്ത്, ഒരു തെരഞ്ഞെടുപ്പുകക്ഷിയായി അത് രംഗത്തു വന്നപ്പോൾ, എന്തൊക്കെ പ്രതീക്ഷകളാണ് ഉണ്ടായത്! എല്ലാം അതിവേഗം അസ്തമിച്ചു. "അധികാരം ദുഷിപ്പിക്കും" എന്നു പറയുന്നത് കാലമെടുത്ത് സംഭവിക്കുന്ന ഒന്നായിരുന്നു മുമ്പെങ്കിൽ "അതിവേഗം ബഹുദൂരം" എന്നു പറഞ്ഞ തരത്തിലായി അതിന്റെ ചരിത്രം.

ഇന്ത്യൻ ജനാധിപത്യത്തിന് ഇന്നാവശ്യമുള്ളത് അത്തരമൊരു തെരഞ്ഞെടുപ്പ് കക്ഷിയല്ല; അധികാരത്തോട് നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന ഒരു പുതിയ ജനാധിപത്യ പ്രതിപക്ഷമാണ്. ഒരു കറക്റ്റീവ് ഫോഴ്സായി പുതിയ തലമുറ പുതിയ ഭാവുകത്വത്തോടെയും പുതിയ ശൈലിയോടെയും നിരന്തരം പ്രത്യക്ഷപ്പെടുമോ എന്നാണ് ചിന്തിക്കേണ്ടത്.

എന്നാൽ, ഇടയ്ക്കിടെ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ ഒരു ബദൽ രാഷ്ട്രീയമായി നിലനിൽക്കുമോ, ശാശ്വതമായ പരിഹാരം നൽകുമോ എന്നൊക്കെയുള്ള ചോദ്യങ്ങളുമുണ്ട്. സംഘടനാപരമായ സ്ഥിരതയും വ്യക്തമായ സാമൂഹിക-രാഷ്ട്രീയ സിദ്ധാന്തവും ഇതിനില്ലെന്ന വാദവുമുണ്ട്. വാസ്തവത്തിൽ ഇത്തരം ആലോചനകൾ പരമ്പരാഗത കക്ഷിരാഷ്ട്രീയ ചരിത്രം സമ്മാനിച്ച കാഴ്ചപ്പാടിൽ നിന്നാണ് ഉയരുന്നത്. ജനകീയ മുന്നേറ്റങ്ങളുടെ ചരിത്രപരമായ ദൗത്യം സ്ഥാപനവൽക്കരിക്കപ്പെട്ട അധികാര രാഷ്ട്രീയ കക്ഷികളായി രൂപാന്തരപ്പെടലായിരിക്കണമെന്ന മുൻധാരണ അതിലൊക്കെ പ്രവർത്തിക്കുന്നുണ്ട്.

അത് മാറ്റിവെച്ച് ചിന്തിച്ചാൽ, അധികാരം നേടുന്നതിനേക്കാൾ ജനതയുടെ വിമർശനാത്മക മനസ്സാക്ഷിയായി പ്രവർത്തിക്കുക എന്നതാകാം അത്തരം മുന്നേറ്റങ്ങളുടെ ചരിത്രപരമായ ദൗത്യം എന്ന് കാണാനായേക്കും. നിർണായക ഘട്ടങ്ങളിൽ ഭരണകൂടങ്ങളെ തിരുത്താൻ സമൂഹത്തെ സംഘടിപ്പിക്കുകയും, ലക്ഷ്യം പൂർത്തിയായാൽ തുറസ്സുകളിൽ കാറ്റുകൊള്ളാൻ പോവുകയും കടലിൽ മീൻ പിടിക്കാൻ പോവുകയും പറമ്പിൽ കിളയ്ക്കാൻ പോവുകയും ഒളിച്ചും പാത്തും പറമ്പിലിറങ്ങിയ പന്നികളെ വേട്ടയാടാൻ പോവുകയും ചെയ്യുന്ന ജീവൽമനുഷ്യരുടെ, സിദ്ധാന്തം പ്രയോഗത്തിലൂടെ മാത്രം വെളിപ്പെടുത്തുന്ന പൗരരാഷ്ട്രീയത്തിന്റെ രൂപങ്ങൾ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് പ്രയോജനകരമാകുമെന്ന് എന്തുകൊണ്ട് ചിന്തിച്ചുകൂടാ?

പുതിയ രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്നത് അതിന്റെ വിമർശനാത്മക അകലവും അധികാരവിരക്തിയും ജനങ്ങളോടുള്ള അപ്രഖ്യാപിതമായ ഉത്തരവാദിത്തബോധവുമായേക്കും. ഇതൊക്കെയാണ് വരുംകാല ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമാകുന്ന ഉപാധികൾ എന്ന് എന്തുകൊണ്ട് ചിന്തിച്ചുകൂടാ? വാസ്തവത്തിൽ ഈ സൂചിപ്പിച്ച സ്വാച്ഛന്ദ്യം നഷ്ടപ്പെടുന്ന നിമിഷം പുതിയ രാഷ്ട്രീയം പഴയ ദുരന്തങ്ങളുടെ പ്രഹസനമായി മാറില്ലെന്ന് ആരു കണ്ടു? കൂറകളുടെ പ്രസ്ഥാനം ഒരു രാഷ്ട്രീയ പാർട്ടിയായി പരിണമിച്ച് കുറുനരിപ്പാർട്ടി രൂപപ്പെട്ടാൽ എന്തു പ്രയോജനം?

പുതിയ രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്നത് അതിന്റെ വിമർശനാത്മക അകലവും അധികാരവിരക്തിയും ജനങ്ങളോടുള്ള അപ്രഖ്യാപിതമായ ഉത്തരവാദിത്തബോധവുമായേക്കും.
പുതിയ രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്നത് അതിന്റെ വിമർശനാത്മക അകലവും അധികാരവിരക്തിയും ജനങ്ങളോടുള്ള അപ്രഖ്യാപിതമായ ഉത്തരവാദിത്തബോധവുമായേക്കും.

കൂറജനതാപ്രസ്ഥാനം അദൃശ്യസാന്നിധ്യമായി, നിഴലായി, ഏതു നേരവും കളം നിറയാവുന്ന ഇരുളായി സദാ നിലകൊള്ളുന്നതല്ലേ ഉചിതം? സ്വയം പ്രഖ്യാപിത വെളിച്ചങ്ങൾക്കെതിരെ അദൃശ്യവും നിഴലും ഇരുളും സമരം ചെയ്യുന്നതിലാണ് പുതിയ ജനാധിപത്യരാഷ്ട്രീയത്തെക്കുറിച്ച് പ്രതീക്ഷ വെയ്ക്കാവുന്നത് എന്നു തോന്നുന്നു. അതിനും മുൻമാതൃകകളുണ്ട്; ഏറെക്കാലം ഇന്ത്യയെ പിൻവിളികളിൽനിന്ന് സംരക്ഷിച്ചുനിർത്തിയ അധികാരാനാസക്ത സമരജീവിതങ്ങൾ. രാഷ്ട്രീയകക്ഷികളിലൊതുങ്ങാതെ ജീവിച്ച ജീവൽരാഷ്ട്രീയമനുഷ്യർ! അവരുടെ ഒരു ചരിത്രചിത്രം എഴുതിയാൽ ഗാന്ധിയും അംബേദ്കറും എം.എൻ. റോയിയുമൊക്കെ അതിൽ ഒരൊറ്റ ഫ്രെയിമിൽ കൂടിയിരിക്കുന്നത് കാണാൻ കഴിയും.

ഇനിയും മുന്നോട്ടു പോകാനുണ്ട്. അതിന് എന്ത് സ്വഭാവം നൽകണമെന്ന് പുതിയ തലമുറ വാക്കിലും അതിലേറെ പ്രവൃത്തിയിലും തീരുമാനിക്കട്ടെ. എന്തായാലും അവർ അവരുടെ മാതാക്കളെക്കാൾ, പിതാക്കളെക്കാൾ സമകാലികരാണ്; അരാഷ്ട്രീയമായ കക്ഷിരാഷ്ട്രീയത്തെ മറികടക്കാൻ കഴിഞ്ഞ പുതിയ രാഷ്ട്രീയ മനുഷ്യരാണവർ. അവർക്ക് ക്ലാസ്സെടുക്കാൻ ഞാൻ യോഗ്യനല്ല.


Summary: Depoliticisation of youth politics and the need for a new democratic opposition, C J George writes


സി.ജെ. ജോർജ്ജ്

ഗവ. കോളജുകളിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ കോഴിക്കോട് എരഞ്ഞിപ്പാലം സെൻ്റ് സേവ്യേഴ്സ് ആർട്സ് & സയൻസ് കോളേജിൽ പ്രിൻസിപ്പൽ. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി മൗലിക രചനകൾ. വാക്കിന്റെ സാമൂഹികശാസ്​ത്രം, ചിഹ്​നശാസ്​ത്രവും ഘടനാവാദവും, അടവും തുറസ്സും, ജീവൽഭാഷയുടെ പുസ്തകം, പുരോഗമനസാഹിതി. കുതിരക്കാൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments