‘എൽ.ഡി.എഫിനെ ശക്തിപ്പെടുത്താൻ ചില കാര്യങ്ങൾ ഓപ്പൺ ആയി പറഞ്ഞിട്ടുണ്ട്, നാളെയും പറയേണ്ടിവന്നേക്കാം’, ബിനോയ് വിശ്വം സംസാരിക്കുന്നു

‘‘ചിലപ്പോൾ ഞങ്ങൾ, എൽ.ഡി.എഫിനെ ശക്തിപ്പെടുത്താൻ ചില കാര്യങ്ങൾ ഓപ്പൺ ആയി പറഞ്ഞിട്ടുണ്ട്. നാളെയും പറയേണ്ടിവന്നേക്കാം, പക്ഷേ എല്ലായ്​പ്പോഴും സി.പി.ഐ- സി.പി.എം കലഹമുണ്ടാക്കുന്നതും ഓപ്പണായ വാദപ്രതിവാദവുമാണ് ശരിയെന്ന് ഞങ്ങൾ ചിന്തിക്കുന്നില്ല. അകത്ത്, ചിലപ്പോൾ പുറത്ത്, ഇതെല്ലാം നടക്കുമ്പോഴും എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്നതാണ്​ ഞങ്ങളുടെ പൊതുലക്ഷ്യം’’- സി.പി.ഐയുടെ 24ാം പാർട്ടി കോൺ​ഗ്രസിനുശേഷം ബിനോയ് വിശ്വവുമായി വി.കെ. ബാബു നടത്തിയ അഭിമുഖം, അദ്ദേഹം സി.പി.​ഐ സംസ്ഥാന സെ​​ക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പാശ്ചാത്തലത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു.


വി. കെ. ബാബു: സി.പി.ഐ 24-ാം പാർട്ടി കോൺഗ്രസിനുള്ള ന്യൂ എജിന്റെ സ്പെഷ്യൽ എഡിഷനിൽ ജനറൽ സെക്രട്ടറി എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്, ‘പാർട്ടി കോൺഗ്രസ് ഫോർ ദ ഫ്യൂച്ചർ’ എന്നാണ്. പാർട്ടി കോൺഗ്രസ് അവസാനിച്ചപ്പോൾ, ഭാവിയിലേക്കുള്ള എന്തെല്ലാം പരിപാടികളാണ് പാർട്ടി കോൺഗ്രസ് ആവിഷ്‌കരിച്ചിട്ടുള്ളത്?

ബിനോയ് വിശ്വം: ഞങ്ങൾ അർത്ഥം അറിഞ്ഞുകൊണ്ടാണ്​ അതു പറഞ്ഞത്. ഭാവിയിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ ഒരു വലിയ നാഴികക്കല്ലായി ആ പാർട്ടി കോൺഗ്രസ് നാളെ ഓർമിക്കപ്പെടും. അതിനാവശ്യമായ രാഷ്ട്രീയ- പ്രത്യയശാസ്ത്ര- സംഘടനാ ധാരണകളും വ്യക്തതകളും ഉണ്ടാക്കിയാണ് പാർട്ടി കോൺഗ്രസ് പിരിഞ്ഞത്. പാർട്ടി കോൺഗ്രസിന്റെ മുൻപ് നടന്ന സംസ്ഥാന- ജില്ലാ- ബ്രാഞ്ച്​സമ്മേളനങ്ങളിലൊക്കെ സംഭവിച്ചിട്ടുള്ളത് ഒന്നുതന്നെയാണ്. പാർട്ടി മുന്നോട്ട് പോകണമെന്ന ചിന്ത. ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് വഹിക്കാനുള്ള പങ്ക്​ ഏറ്റെടുക്കാൻ കെൽപ്പുള്ള കമ്യൂണിസ്റ്റ് പാർട്ടിയായി സി.പി.ഐക്ക് വളരാനാകണമെന്ന അടക്കിനിർത്താനാവാത്ത ദാഹം. അതായിരുന്നു പൊതുവെ പാർട്ടി കോൺഗ്രസിലും അതിന്റെ മുന്നോടിയായ സംഘാടനങ്ങളിലും നടന്ന മുഴുവൻ രാഷ്ട്രീയ സന്നാഹങ്ങളുടെയും, ചർച്ചകളുടെയുമെല്ലാം പൊതു സ്പിരിറ്റ്. അതിനുപറ്റിയ തരത്തിലുള്ള തീരുമാനങ്ങൾ കൈകൊണ്ടുതന്നെയാണ് പാർട്ടി കോൺഗ്രസ് പിരിഞ്ഞത്.

നല്ല ബോധ്യമുണ്ട്, കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്നത്തെ ഇന്ത്യയിലെ മുഖ്യ കർത്തവ്യം. ഇന്ത്യയെന്ന മഹത്തായ ആശയത്തെ, സ്വപ്നത്തെ, രാഷ്ട്രീയാദർശത്തെ തകർത്തെറിയാൻ അച്ചാരം വാങ്ങി പുറപ്പെട്ടിരിക്കുന്ന ആർ.എസ്​.എസും ബി.ജെ.പിയും നയിക്കുന്ന മോദി ഗവൺമെന്റിനെ താഴെയിറക്കണം. അതിനാവശ്യമായ രാഷ്ട്രീയ അടവും സ്ട്രാറ്റജിയും രാഷ്ട്രീയ ധാരണയും വേണം. അതിനുള്ള യഥാർത്ഥ വഴി കണ്ടെത്തുകയാണ് ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയമായ വിജയത്തിന്റെ മർമം. സി.പി.ഐ ആണ് ആദ്യമായി അതിലേക്കുള്ള ഒരു വഴിയെ പറ്റി വ്യക്തമായൊരാശയം മുന്നോട്ട് വെച്ചത്. ഇടതുപക്ഷം മാത്രമായിട്ടല്ല അത് ചെയ്യേണ്ടത്. അത് മാത്രമായി ചെയ്യാനുള്ള കെൽപ്പ് ഞങ്ങൾക്കില്ല. ആ യാഥാർത്ഥ്യം പരിഗണിച്ചും, ശത്രു എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞും വിശാലമായൊരു ഐക്യനിര വേണമെന്നൊരാശയം ആദ്യം മുന്നോട്ട് വെച്ചത് സി.പി.ഐ ആണ്.

അതുമായി ബന്ധപ്പെട്ടുതന്നെ ചോദിക്കട്ടെ, ഇപ്പോൾ ഹിന്ദുത്വ ഫാഷിസ്റ്റ് സർക്കാരാണല്ലോ ഇന്ത്യയിൽ അധികാരത്തിലുള്ളത്. അപ്പോൾ അതിനെതിരായ മൂവ്മെൻറ്​, ഒരു ആന്റി ഫാഷിസ്റ്റ് വിശാല ജനാധിപത്യ- മതേതര മുന്നണി- അങ്ങനെയൊരു മുന്നണിയുടെ ഘടനയും സ്വഭാവവും സംബന്ധിച്ച് പാർട്ടി പ്രത്യേകമായി ഒരു ആവിഷ്‌കാരം പാർട്ടി കോൺഗ്രസിനകത്ത് നടത്തിയിട്ടുണ്ടോ?

അതിൽ സി.പി.ഐക്ക് പ്രത്യേകമായി ഒന്നും പറയാൻ, ഞങ്ങൾ ആവേശം കൊള്ളുന്നില്ല. ഞങ്ങൾ, ഞങ്ങൾ മാത്രം എന്നൊരു കാഴ്ചപ്പാടല്ല ഞങ്ങൾക്കുള്ളത്. ഹിന്ദുത്വ ശക്തികളുടെ ആശയപരമായ അടിത്തറയുടെ ആപത്തിനെ പറ്റി ഉറക്കെ പറഞ്ഞ പാർട്ടി സി.പി.ഐ ആണ്. ആർ. എസ്. എസ് ഒരു ഫാഷിസ്റ്റ് സംഘടനയാണ്. ബി.ജെ.പിയുടെ തലയും, തലച്ചോറും, നട്ടെല്ലും സകലതും ആർ. എസ്. എസും അതിന്റെ പ്രത്യയശാസ്ത്രവുമാണ്. അങ്ങനെയൊരു ഫാഷിസ്റ്റ് ആശയത്താൽ നയിക്കപ്പെടുന്ന ബി.ജെ.പിയും അതിന്റെ ഗവൺമെന്റും ഈ നാടിന്റെ എല്ലാ മൂല്യങ്ങളുടെയും ഒന്നാം നമ്പർ ശത്രുവാണെന്ന് സി.പിഐക്ക് ബോധ്യമുണ്ട്. ആ ബോധ്യം മുറുകെ പിടിച്ച്​ സി.പി.ഐ പറഞ്ഞു, ഇതൊരു ഫാഷിസ്റ്റ് ഗവൺമെന്റാണ്. അപ്പോൾ ചിലർ ചോദിക്കും, ഒരു ഫാഷിസ്റ്റ് ഗവൺമെന്റിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടോ എന്ന്. അതൊക്കെ തലനാരിഴ കീറലാണ്. പക്ഷേ ആർ.എസ്.എസ്​ പ്രത്യയശാസ്ത്രം ഫാഷിസ്റ്റാണ്. അത് ഹിറ്റ്​ലറുടെയും മുസോളിനിയുടെയും കാൽപാദങ്ങളെ പിൻതുടർന്നുണ്ടായ പ്രസ്ഥാനമാണ്. അതിന്റെ എല്ലാ പ്രത്യയശാസ്ത്ര അംശങ്ങളിലും ഈ മുസോളിനി, ഹിറ്റ്‌ലർ മുദ്രകൾ കാണാം. അതുകൊണ്ട്​, ആശയശത്രു ഒന്നാം നമ്പർ അവർ തന്നെയാണ്.

മാധ്യമവാർത്തകൾ മാത്രം എടുത്ത് നടത്തുന്ന ചർച്ചക്ക് അപൂർണതയുണ്ട്. പലപ്പോഴും അവർ മുൻകൂട്ടി നിശ്ചയിച്ച അജണ്ട പ്രകാരമാണ് എഴുതുകയും പറയുകയും ചെയ്യാറ്.

2024- ൽ പാർലമെൻറ്​ ഇലക്ഷൻ വരികയാണല്ലോ. ബി.ജെ.പി സർക്കാറിനെ താഴെ ഇറക്കാൻ കോൺഗ്രസുമായി ഓപ്പൺ അലയൻസ് വേണമെന്ന് പാർട്ടി കോൺഗ്രസിൽ കേരള പ്രതിനിധികൾ ആവശ്യപ്പെട്ടു എന്ന് വാർത്തയുണ്ടായിരുന്നു.

മാധ്യമവാർത്തകൾ മാത്രം എടുത്ത് നടത്തുന്ന ചർച്ചക്ക് അപൂർണതയുണ്ട്. പലപ്പോഴും അവർ മുൻകൂട്ടി നിശ്ചയിച്ച അജണ്ട പ്രകാരമാണ് എഴുതുകയും പറയുകയും ചെയ്യാറ്. പൊളിറ്റിക്കൽ റിപ്പോർട്ടിങിന്റെ പരിമിതിയാണത്. അജണ്ട അവർ മാത്രമല്ല തീരുമാനിക്കുന്നത്. ഫണ്ടമെന്റൽ താത്പര്യങ്ങൾ പലതുമുണ്ട്. ആ താത്പര്യങ്ങളുടെ ഒരു ഫ്രെയിം ഭേദിക്കാൻ അവർക്കാകില്ല. ഞങ്ങൾ അവരെ കാണുന്നത് സുഹൃത്തുക്കളായി തന്നെയാണ്. അല്ലാതെ ശത്രക്കളായിട്ടല്ല.

ഇത്തരമൊരു മുന്നണി രൂപീകരിക്കുന്ന ഏതൊരു ലെഫ്റ്റ് പാർട്ടിയെ സംബന്ധിച്ചും, അതിൽ ഉൾക്കൊള്ളിക്കാനാവുന്ന ബന്ധുക്കളാരാണ്, സഖ്യകക്ഷികൾ ആരൊക്കെയാണ് എന്നതിനെ പറ്റി ധാരണയുണ്ടാവുമല്ലോ.

പാർട്ടിയിൽ ചർച്ചയുണ്ടാവണം. മുഖ്യ രാഷ്ട്രീയഎതിരാളി, മുഖ്യ ഐഡിയോളജിക്കൽ എതിരാളി ഫാഷിസത്തിന്റെ രാഷ്ട്രീയമാണെന്ന് ബോധ്യപ്പെട്ടാൽ പിന്നെ ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് സംശയമുണ്ടാവാൻ പാടില്ല, ആ മുഖ്യശത്രുവിനെ തോൽപ്പിക്കാൻ ബാക്കി എല്ലാവരുമായി വിശാലമായ സഖ്യത്തിന്റെ പാഠമാണ് കമ്യൂണിസ്റ്റ് പാഠം. അതിൽ ജയിച്ചേ തീരൂ. ഞങ്ങൾ തോറ്റാൽ രാജ്യം തോൽക്കും, മറ്റെല്ലാവരും തോൽക്കും. അപ്പോൾ ആർ.എസ്.എസിന്റെയും, ബി.ജെ.പിയുടെയും ഫാഷിസ്റ്റ് ആശയങ്ങളെ തോൽപ്പിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. ആ ആവശ്യത്തോട് പൊരുത്തപ്പെടുംവിധം, എല്ലാവരുമായും സാധ്യമായ അളവിൽ, പ്രദേശങ്ങളുടെ പ്രത്യേകതകൾ പരിഗണിച്ചുള്ള സഖ്യങ്ങളും ബന്ധങ്ങളുമെല്ലാം വേണമെന്ന് കാലഘട്ടം പറയുന്നുണ്ട്. അതിൽ നമ്മൾക്കൊരു ശീലമുണ്ട്. ഉടനെ കോൺഗ്രസ്, കോൺഗ്രസ് എന്നു പറയും. അങ്ങനത്തെ കോൺഗ്രസ് ഇല്ല ഇപ്പോൾ. അതെല്ലാവരും ഓർത്തിരിക്കണം. ഇതുപേലൊരു വലിയ രാഷ്ട്രീയസമരത്തിന്റെ മുഖ്യ പങ്കാളിയാവാൻ കെൽപ്പുള്ള കോൺഗ്രസ് എവിടെയാണ്? ആ കോൺഗ്രസുണ്ടോ? ആ കോൺഗ്രസ് ഒരു ഗതകാല ഓർമ മാത്രമാണ്. ആ കോൺഗ്രസിന്റെ ഒരു നിഴലുപോലും ഇന്നില്ല. അത് ഞങ്ങൾക്കും ബോധ്യമുണ്ട്. നാടിനും ബോധ്യമുണ്ട്. കാര്യങ്ങൾ അതിലേക്ക് ചുരുക്കേണ്ട കാര്യമില്ല. ഇതിലെ മുഖ്യ വിഷയം കോൺഗ്രസ് അല്ല ഇപ്പോൾ.

ഭാവിയിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ ഒരു വലിയ നാഴികക്കല്ലായി ആ പാർട്ടി കോൺഗ്രസ് നാളെ ഓർമിക്കപ്പെടും / Photo : Amutha Jayadeep

പാർട്ടി കോൺഗ്രസിന്റെ പ്രധാനപ്പെട്ട തീരുമാനമോ അല്ലെങ്കിൽ പ്രധാനപ്പെട്ട ആശയമോ ആയി വന്നത് സാമുദായിക സംവരണം എന്നതിൽ തന്നെ പാർട്ടി ഉറച്ച് നിൽക്കണമെന്നാണ്. 2015 ൽ പുതുച്ചേരി കോൺഗ്രസിലാണ് സാമ്പത്തികസംവരണം ആവശ്യമുണ്ട് എന്ന കാര്യം വരുന്നതെന്നാണ് മനസിലാക്കുന്നത്. കേരളത്തിലാണെങ്കിൽ അൻപതുകളിൽ തന്നെ, ഇ.എം.എസിന്റെ കാലത്തുതന്നെ, എൻ. ഇ ബാലറാമിനെ പോലുള്ള അന്നത്തെ നേതാക്കൾ സാമുദായിക സംവരണമാണ് വേണ്ടത്, സാമ്പത്തിക സംവരണമെന്നത് ഇന്ത്യൻ സമൂഹത്തിന്റെ പ്രത്യേകത പരിഗണിക്കുമ്പോൾ അനുയോജ്യമായ ഒന്നല്ല എന്ന വാദം ഉയർത്തുകയുണ്ടായി. പക്ഷേ, നിലവിലെ ഇടതുമന്ത്രിസഭ, ആദ്യം ദേവസ്വം ബോർഡിലും, പിന്നീട് സർക്കാർ സർവീസിലും സാമ്പത്തിക സംവരണം ഏർപ്പെടുത്തി. ആ ഒരു പശ്ചാത്തലത്തിൽ കൂടി ഇപ്പോൾ ഈ സാമുദായിക സംവരണത്തിൽ ഉറച്ചുനിൽക്കാനുള്ള തീരുമാനം എത്രമാത്രം പ്രാധാന്യമുള്ളതാണ്?

സാമ്പത്തിക സംവരണത്തിൽ ഉറച്ചുനിൽക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടിയെ പോലൊരു പാർട്ടിക്ക് നല്ല വ്യക്തതയുണ്ട്, എന്തുകൊണ്ട് സംവരണം വന്നു എന്ന കാര്യത്തിൽ. സംവരണം വന്നത് ഒരു പ്രത്യേക ചുറ്റുപാടിലാണ്. ജാതിവ്യവസ്ഥയും അത് അടിച്ചേൽപ്പിച്ച ഉച്ചനീചത്വവുമാണ് അത് അനിവാര്യമാക്കിയത്. സംവരണം കൊണ്ട് തൊഴിലില്ലായ്മക്കോ, ജീവിത പ്രയാസങ്ങൾക്കോ പരിഹാരമുണ്ടാകാൻ പോകുന്നില്ല. അതൊരു ദാരിദ്ര്യനിർമാർജന പദ്ധതിയല്ല. ദാരിദ്ര്യം നീക്കാൻ സംവരണം എന്നു പറഞ്ഞാൽ ഞങ്ങൾ യോജിക്കുന്നില്ല.

പൊളിറ്റിക്കൽ പവറിന്റെ ഷെയറിങിൽ ഈ വിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങളുടെ പാർട്ടി സംവരണത്തെ കണ്ടത്. അല്ലാതെ എല്ലാ കാലത്തേക്കും വേണ്ട കാര്യമായിട്ടോ, സംവരണമാണ് എല്ലാത്തിന്റെയും പരിഹാരമെന്നോ ഒരിക്കലും സി.പി.ഐ കണ്ടിട്ടില്ല.

സംവരണത്തിന്റെ ഗുണഭോക്താക്കൾ എല്ലാ കാലത്തും സമൂഹത്തിലെ മേലേക്കിടക്കാരായിരുന്നു. അധികാരത്തിലെ പങ്കാളിത്തമാണ് പ്രശ്നം. പൊളിറ്റിക്കൽ പവറിന്റെ ഷെയറിങിൽ ഈ വിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങളുടെ പാർട്ടി സംവരണത്തെ കണ്ടത്. അല്ലാതെ എല്ലാ കാലത്തേക്കും വേണ്ട കാര്യമായിട്ടോ, സംവരണമാണ് എല്ലാത്തിന്റെയും പരിഹാരമെന്നോ ഒരിക്കലും സി.പി.ഐ കണ്ടിട്ടില്ല. ഇന്ത്യൻ സാഹചര്യത്തിൽ സംവരണം വേണം. ആ സംവരണത്തിന് അടിസ്ഥാനമാകേണ്ടത് പ്രത്യേക പരിഗണന തന്നെയാണ് എന്ന ബോധ്യമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. മണ്ഡൽ കമീഷന്റെ കാലമോർത്തുനോക്കണം. മണ്ഡൽ റിപ്പോർട്ടിനെ ചൊല്ലി കടുത്ത വാദപ്രതിവാദങ്ങളും, സംഘർഷങ്ങളും രാഷ്ട്രീയ കുലുക്കങ്ങളും എല്ലാമുണ്ടായപ്പോഴും മണ്ഡൽ കമീഷൻ ഉയർത്തിപിടിച്ച സാമുദായിക സംവരണത്തിന്റെ ആശയത്തിനുവേണ്ടി ഉറച്ചുനിന്ന പാർട്ടികളിൽ ഒന്നാമത്തെ പാർട്ടിയുടെ പേര് സി.പി.ഐ എന്നാണ്. അതിന്റെ പേരിൽ സി.പി.ഐക്ക് കനത്ത വില കൊടുക്കേണ്ടിവന്നു. പക്ഷേ അന്നും സി.പി.ഐ അതിന്റെ താത്വിക കാഴ്ചപ്പാടിൽ നിന്ന് വിട്ടുപോയിട്ടില്ല. എൻ. ഇ ബാലറാമിനെ പോലുള്ള നേതാക്കന്മാർ അതിനുവേണ്ടി വളരെ ശക്തമായി വാദിച്ചിട്ടുണ്ട്.

എൻ.ഇ. ബാലറാം / ഫോട്ടോ : പുനലൂർ രാജൻ

പക്ഷേ, അതേ സി.പി.ഐയ്ക്ക് പങ്കാളിത്തമുള്ള കേരള സർക്കാറാണ് 10 ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവന്നത്.

ഒരു പ്രത്യേക അവസ്ഥയുണ്ട് ഇതിനകത്ത്. സാമുദായിക സംവരണം ശരിയായിരിക്കെ തന്നെ, അതിന്റെ വിഹിതങ്ങളെല്ലാം കൊടുക്കുമ്പോൾ തന്നെ, ജന്മം കൊണ്ട് മേൽജാതിക്കാരായ ഒരു വിഭാഗം വളരെ ബുദ്ധിമുട്ടി ജീവിക്കുന്നവരുണ്ട്. അവരുടെ കാര്യത്തിൽ പരിഗണന വേണം എന്നൊരു വാദം പൊന്തി വന്നു. അതും ഇന്ത്യൻ സമൂഹത്തിൽ വരാവുന്ന ഘടകം തന്നെയാണ്. ആ വാദഗതി വന്നപ്പോഴേക്കും അതിന് വന്നൊരുത്തരമായിരുന്നു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാമൂഹികവും സാമുദായികവുമായ മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണം എന്നത്​. ആ വാദഗതിയുടെ തെറ്റും, ശരിയും ആത്യന്തികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. സുപ്രീംകോടതിക്കും അത് എളുപ്പം പറയാനാവില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കും ഇതാണ് തീർപ്പ് എന്ന് പറയാൻ എളുപ്പമല്ല. ആ യാഥാർത്ഥ്യബോധം കമ്യൂണിസ്റ്റ് പാർട്ടിക്കുമുണ്ട്.

കമ്യൂണിസ്റ്റ് പാർട്ടി പരിപാടി പുതുക്കി അംഗീകരിച്ചിട്ടുണ്ട്​. പുതുച്ചേരി പാർട്ടി കോൺഗ്രസിൽ എല്ലാ കാര്യങ്ങളെയും പറ്റി പറഞ്ഞുവന്ന ഭാഗത്ത് കമ്യൂണിസ്റ്റ് പാർട്ടി ഒരു വാചകമെഴുതി ചേർത്തിട്ടുണ്ട്. മുന്നാക്ക വിഭാഗങ്ങളിലെ, ചെറിയ വിഭാഗത്തിന്റെ, ദയനീയാവസ്ഥ പരിഗണിച്ച്​ അവർക്കുകൂടി പരിഗണനയുടെ കാര്യം ചിന്തിക്കണം എന്നൊരു കാഴ്ചപ്പാട്. അത് പാർട്ടിക്കകത്ത് ചർച്ചയാണ് അന്നും, ഇന്നും. പാർട്ടി പ്രോഗ്രാമിന്റെ ആ ചർച്ച തുടരുകയാണിപ്പോഴും. വിജയവാഡ പാർട്ടി കോൺഗ്രസിലുണ്ടായത് ആ ചർച്ചയുടെ തുടർച്ചയാണ്. പലരും പറഞ്ഞതു പോലെയൊന്നും അല്ല അത്.

ജനാധിപത്യ പാർട്ടി എന്ന് പറയുന്ന ഏത് സോ കോൾഡ് ജനാധിപത്യ പാർട്ടിയേക്കാളും ജനാധിപത്യ ഉള്ളടക്കമുള്ള പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി. ഈ പാർട്ടിക്കകത്ത് ഏത് ആശയത്തെ പറ്റിയുമുള്ള സംസാരത്തിന്, ചർച്ചക്ക്, വിയോജിപ്പിനുള്ള സ്പേസ് വേണ്ടുവോളമുണ്ട്.

നാഷണൽ കൗൺസിൽ അക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്ന് കേട്ടു...

അതാണ് കമ്യൂണിസ്റ്റ് പാർട്ടി. ഈ വിഷയത്തിൽ ഒരു ചർച്ച വന്നപ്പോൾ അത്​സ്വഭാവികമായും പാർട്ടി കോൺഗ്രസിൽ പ്രതിഫലിക്കും. അതുകൊണ്ട് പാർട്ടി പരിപാടിയിലെ ഒരു വാചകം അങ്ങനെയായിരുന്നു. അതേസമയം, ശക്തമായ ഒരു വാദഗതി കമ്യൂണിസ്റ്റ് പാർട്ടിക്കകത്തുണ്ട്. ഇതുപോലൊരു പാർട്ടിക്കകത്ത് ആശയങ്ങൾക്കുള്ള സ്പേസ് ഇഷ്ടം പോലുണ്ട്. ഒരു ആശയത്തെയും പുറത്തുപറയാൻ സമ്മതിക്കാത്ത പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി. അങ്ങനെ നോക്കിയാൽ ജനാധിപത്യത്തിന്റെ അംശങ്ങൾ ഏറ്റവും കൂടുതലുള്ള പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയാണ്, ഏതൊരു ബൂർഷാ പാർട്ടിയേക്കാളും.

ജനാധിപത്യ പാർട്ടി എന്ന് പറയുന്ന ഏത് സോ കോൾഡ് ജനാധിപത്യ പാർട്ടിയേക്കാളും ജനാധിപത്യ ഉള്ളടക്കമുള്ള പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി. ഈ പാർട്ടിക്കകത്ത് ഏത് ആശയത്തെ പറ്റിയുമുള്ള സംസാരത്തിന്, ചർച്ചക്ക്, വിയോജിപ്പിനുള്ള സ്പേസ് വേണ്ടുവോളമുണ്ട്. അത് ഈ കാര്യത്തിലുമുണ്ട്. സംവരണവിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടികളും കാഴ്ചപ്പാടുകളും അല്ല ശരി എന്നുവാദിക്കുന്ന ഒരുപാട്​ സഖാക്കളുണ്ട്. അതിന് കമ്യൂണിസ്റ്റ് പാർട്ടി നോ എന്ന് പറഞ്ഞിട്ടില്ല. അത് ചർച്ച ചെയ്ത് തീരുമാനിക്കുന്നതിന് പാർട്ടിക്കകത്ത് ഒരു പെർമനൻറ്​ പ്രോഗ്രാം കമീഷനുണ്ട്. ആ കമീഷനാണ് പാർട്ടി പരിപാടിയിൽ കാലോചിത മാറ്റം വരുത്തേണ്ടത്. ഈ കാഴ്ചപ്പാടിന്റെ കൂടെ അടിസ്ഥാനത്തിൽ ഈ വിഷയം പ്രോഗ്രാം കമീഷൻ പരിഗണിക്കട്ടെ. ആ പരിഗണനയുടെ അടിസ്ഥാനത്തിൽ നാഷണൽ കൗൺസിലിന്റെ മുൻപാകെ ഒരു റിപ്പോർട്ട് വരട്ടെ. എന്നിട്ട് അന്തിമമായി തീരുമാനിക്കാമെന്നാണ് പാർട്ടി കോൺഗ്രസ് ജനാധിപത്യപരമായി തീരുമാനിച്ചത്.

മുഖ്യ വിഷയം തൊഴിലില്ലായ്മയാണ്. തൊഴിലില്ലായ്മക്കുള്ള പരിഹാരം ഈ പറയുന്ന സംവരണം അല്ല. എത്ര ഭീകരമായ പ്രശ്ന​മാണത്. അതിന്റെ വക്കിൽ പോലും തൊടാനുള്ള സംഗതിയില്ല, നമ്മുടെ സംവരണത്തിന്റെ എല്ലാം കൂടി ചേർത്തുവെച്ചാലും. കമ്യൂണിസ്റ്റ് പാർട്ടിക്കത് ബോധ്യമുണ്ട്.

രണ്ടാമത്തെ കാര്യം, സംവരണമുള്ളത് പൊതുമേഖലയിൽ മാത്രമാണ്. പൊതുമേഖല അടച്ചുപൂട്ടി മൂലയ്ക്കിടുന്നതിനുള്ള ഓട്ടത്തിലാണ് മോദി സർക്കാർ. അപ്പോൾ, സ്വകാര്യമേഖലയുടെ വിഷയം വരുന്നു. എല്ലാ തൊഴിലവസരങ്ങളുമുണ്ടാകാൻ പോകുന്നത് സ്വകാര്യ മേഖലയിലാണ്. സ്വകാര്യ മേഖലയിൽ സംവരണം ഉണ്ടോ ഇല്ലയോ എന്നത്​ ഒരു മൗലികപ്രശ്​നമായി വരുന്നു. ഉണ്ടാകണമെന്നാണ് സി.പിഐയുടെ അഭിപ്രായം. അത്തരം മൂർത്തമായ പ്രശ്നങ്ങളുണ്ട്. അത് നയപരമാണ്. അത് സ്വകാര്യമേഖല വിരുദ്ധ നിലപാടിന്റെ മൂർച്ചയുള്ള വാദഗതിയാണ്. പൊതുമേഖലക്കുവേണ്ടിയുള്ള സമരത്തിന്റെ ഭാഗമാണത്. തൊഴിലാളിവർഗത്തിന് താത്പര്യമുള്ള കാര്യമാണത്. കമ്യൂണിസ്റ്റ് പാർട്ടിക്ക് തീർച്ചയായും അതിനകത്തൊരു ‘സ്റ്റേക്ക്’ ഉണ്ട്. പൊതുമേഖലയെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള,സ്വകാര്യമേഖല തള്ളിക്കേറുന്നതിന്റെ വഴികളെ തടയിടാനുള്ള പരിശ്രമത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ പോരാട്ടമായി ഉയർത്തേണ്ട മുദ്രാവാക്യം നിൽക്കെ, അതിനേക്കാൾ പ്രധാനമായി ഈ ചർച്ചയെ കൊണ്ടുപോകുന്നതിനുപുറകിലെ യുക്തിയെ പറ്റി സംശയമുള്ള കമ്യൂണിസ്റ്റ് ആണ് ഞാൻ. അതിന്റെ അർത്ഥം ചർച്ച വേണ്ട എന്നല്ല. പക്ഷേ അതല്ല മുഖ്യവിഷയം.

ഞങ്ങൾ അംബദ്ക്കർ ആശയങ്ങളെ ഗൗരവമായി കാണുന്നുണ്ട്. അവരോട് ഞങ്ങൾക്ക് ഫ്രൻറ്​ലി ഡിബേറ്റാണുള്ളത്​. അംബേദ്ക്കറിസവും മാർക്സിസവും തമ്മിൽ ആരോഗ്യപരമായ സംവാദത്തിന്റെ ആവശ്യകത ഇന്ന് കൂടുതലാണ്. ആ സംവാദത്തിലൂടെ ഞങ്ങൾ പരസ്പരം ഇനിയും മനസിലാക്കാൻ ബാക്കിയുണ്ട്.

താങ്കൾ എ.ഐ.എസ്​.എഫ്​ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു. എ.ഐ.വൈ.എഫ്​ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഡബ്ല്യു.എഫ്.ഡി.വൈ വൈസ് പ്രസിഡൻറായിരുന്നു. യുവാക്കളുടെയും വിദ്യാർത്ഥികളുടെ ഇടയിൽ പ്രവർത്തിച്ച നേതാവ്​ എന്ന നിലക്ക് ചോദിക്ക​ട്ടെ; ഇന്ന് ഇന്ത്യൻ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾ അംബേദ്ക്കറേറ്റ്- മുസ്​ലിം- ന്യൂനപക്ഷ സംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നതായി തോന്നുന്നുണ്ട്, അവരുടെ ഓപ്ഷൻ എന്ന നിലക്ക് എസ്​.എഫ്​.ഐയും എ.ഐ.എസ്​.എഫുമൊക്കെ വരുന്നുണ്ടെങ്കിൽ പോലും. ഏറ്റുവുമൊടുവിൽ, ടിസ്സിൽ നടന്ന തിരഞ്ഞെടുപ്പിൽ അംബേദ്ക്കറൈറ്റ് വിദ്യാർത്ഥികളും, മുസ്​ലിം ന്യൂനപക്ഷ സംഘടനകളും ചേർന്ന യൂണിയനാണ് വിജയിച്ചത്. അങ്ങനെ നോക്കുമ്പോൾ എസ്​.എഫ്​.ഐക്കും എ.ഐ.എസ്​.എഫിനുമൊക്കെ ഉണ്ടാകേണ്ട വളർച്ച ഉണ്ടായിട്ടുണ്ടോ? യുവജനങ്ങളും വിദ്യാർത്ഥികളും കൂടുതലായി ഇടതുപക്ഷ യുവജന സംഘടനകളിലേക്ക് വരുന്നുണ്ടോ?

അതിനെപറ്റി സ്വയം വിമർശനപരമായി തന്നെ വിലയിരുത്തലുണ്ട്. ഞങ്ങളൊരുപാട് ദൂരം മുൻപോട്ട് പോകാൻ ബാക്കിയാണ്. എ.ഐ.എസ്​.എഫും ഐ.ഐ.വൈ.എഫും ഞങ്ങളുടെ വാലൊന്നുമല്ല, വാലാകാനും പാടില്ല. പക്ഷേ ഞങ്ങൾക്ക് താത്പര്യമുള്ളവരാണവർ. പക്ഷേ സ്വാതന്ത്ര്യവും പ്രവർത്തനശൈലിയും വേറെയാണ്. ഞങ്ങൾ കൽപ്പിക്കുന്നവരും, അവർ അനുസരിക്കുന്നവരുമല്ല. അതുകൊണ്ട് അങ്ങനെ പറയരുത്. പക്ഷേ ഞങ്ങൾക്ക് താത്പര്യമുള്ള വിദ്യാർത്ഥി പ്രസ്ഥാനമാണ് എ.ഐ.എസ്​.എഫ്​. യൂത്ത് മൂവ്മെന്റാണ് എ.ഐ.വൈ.എഫ്​. അതിന്റെ വളർച്ചയെയും തളർച്ചയെയും ഗൗരവപൂർവം കാണുന്നു.

ഞങ്ങൾ കൽപ്പിക്കുന്നവരും, അവർ അനുസരിക്കുന്നവരുമല്ല. പക്ഷേ ഞങ്ങൾക്ക് താത്പര്യമുള്ള വിദ്യാർത്ഥി പ്രസ്ഥാനമാണ് എ.ഐ.എസ്.എഫ്.

അംബേദ്ക്കർ മൂവ്മെന്റിനെ ശത്രുക്കളായിട്ടല്ല ഞങ്ങൾ കാണുന്നത്. ടിസ്സിലോ മറ്റൊരു കാമ്പസിലോ അംബേദ്ക്കറിസത്തിന് ശക്തി വന്നാൽ ഞങ്ങളതിനെ വലിയ അവസ്ഥയിൽ കാണുകയില്ല. എ.ബി.വി.പി എന്ന, ആർ.എസ്.എസിന്റെ കളിപ്പാവയായ സംഘടനയെ തടഞ്ഞുനിർത്തുന്ന എന്തിനെയും ഞങ്ങൾ സ്വാഗതം ചെയ്യും. ആ അർത്ഥത്തിൽ ഞങ്ങൾക്ക് അംബേദ്ക്കറിസവുമായി സൗഹാർദ്രപരമായ ബന്ധമുണ്ട്. പല സ്ഥലങ്ങളിലും ഇടതുപക്ഷ- അംബദ്ക്കറേറ്റ് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തമ്മിൽ കൈകോർത്ത് നീങ്ങുന്നുണ്ട്. അങ്ങനെ നീങ്ങണം. ഏത് കാമ്പസിലായാലും ഞങ്ങളുടെ മൗലിക രാഷ്ട്രീയ നിലപാട് അതു തന്നെയാണ്. അംബദ്ക്കറൈറ്റും, ലെഫ്റ്റും തമ്മിലുള്ള പോരാട്ടം ഇതിനകത്ത് മുഖ്യ വിഷയമാവാൻ പാടില്ല. പകരം അംബദ്ക്കറൈറ്റും, ലെഫ്റ്റും ചേരുന്ന വിശാലമായ ഐക്യനിരക്കാണ് ഇന്നത്തെ കാലം വിളിക്കുന്നത്. ആ വിളി കേൾക്കണം. ആ വിളി കേൾക്കുമ്പോൾ ഞങ്ങൾ അംബദ്ക്കർ ആശയങ്ങളെ ഗൗരവമായി കാണുന്നുണ്ട്. അവരോട് ഞങ്ങൾക്ക് ഫ്രൻറ്​ലി ഡിബേറ്റാണുള്ളത്​. അംബേദ്ക്കറിസവും മാർക്സിസവും തമ്മിൽ ആരോഗ്യപരമായ സംവാദത്തിന്റെ ആവശ്യകത ഇന്ന് കൂടുതലാണ്. ആ സംവാദത്തിലൂടെ ഞങ്ങൾ പരസ്പരം ഇനിയും മനസിലാക്കാൻ ബാക്കിയുണ്ട്. മാർക്സിസത്തിന് മാർക്സിസ്റ്റ് കാഴ്ചപ്പാടിന്റെ അടിത്തറയുണ്ട്. അംബദ്ക്കറിസത്തിന് അവരുടേതായ കാഴ്ചപ്പാടുണ്ട്. അതുകൊണ്ട് അംബേദ്ക്കറൈറ്റുകളെല്ലാം ഞങ്ങളെ ശിരസാവഹിക്കണമെന്ന് ഞങ്ങൾ പറയുകയില്ല. ഞങ്ങൾ അവരുടെയെല്ലാം പുറകെ പോകുന്നു എന്നുവരാനും പാടില്ല. ഞങ്ങൾ ഞങ്ങളായി തന്നെ നിൽക്കണം. അവർ അങ്ങനെ തന്നെ നിൽക്കണം. മിത്രങ്ങളാണ് എന്ന്​ പരസ്​പരം ബോധ്യമാവണം. നിർഭാഗ്യവശാൽ ചില സ്ഥലങ്ങളിലൊക്കെ അംബേദ്ക്കർ രാഷ്ട്രീയത്തിന്റെ പുറകെ നിൽക്കുന്ന പലരും മുഖ്യ എതിരാളിയായ വലതുപക്ഷത്തെ, ബി.ജെ.പിയെ പോലും, വിട്ട്​ലെഫ്റ്റിനെ ആക്രമിക്കാൻ അത്യാവേശം കാണിക്കുന്നുണ്ട്​. അത് അംബേദ്ക്ക​ർ രാഷ്ട്രീയത്തിന്റെ കാതൽ അല്ല. There were differences between Ambedkar himself and the Marxist of those days. There was a dialogue even polemics between us. അന്ന് ഉണ്ടായിട്ടുണ്ട്, ഇന്നും ചിലപ്പോൾ ഉണ്ടാകും. അത് ശത്രുക്കൾ തമ്മിലുള്ള സംഘർഷമല്ല. മിത്രങ്ങൾ തമ്മിലുള്ളതാണ്​.

കായികമായ ഏറ്റുമുട്ടൽ ലെഫ്റ്റ് കാഴ്ച്ചപ്പാടല്ല, അത്​ ആര് ചെയ്താലും. എ.ഐ.എസ്​.എഫിനോട്​ഞങ്ങൾ എപ്പോഴും പറയും, ഇക്കാര്യം. കാരണം, അവരോട് ഞങ്ങൾക്ക് സ്വാതന്ത്ര്യം കൂടുതലുണ്ട്. അതല്ല വഴി എന്ന് ഞങ്ങൾ എപ്പോഴും പറയും. സംവാദം ആശയതലത്തിലായിരിക്കണം.

കാലം ആവശ്യപ്പെടുന്ന അത്രയും വലിയ തോതിലുള്ള ആശയപരമായ സഖ്യം, പ്രത്യേകിച്ച് ഒരു ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം ശക്തമായ സാഹചര്യത്തിൽ ആവശ്യമായ, പരസ്പരമുള്ള ആരോഗ്യകരമായ ചർച്ച നടത്തി വളരുന്ന ഒരു സഖ്യമുണ്ടായിട്ടില്ലല്ലോ.

അത് ഈ മൂവ്മെന്റിന്റെ ഒരു പരിമിതിയാണ്. ആ പരിമിതി ഞങ്ങൾക്കുമുണ്ട്, അവർക്കുമുണ്ട്. അത് ഞങ്ങളെയും അവരെയും സഹായിക്കില്ല. അങ്ങനെ ഒരു ഡയലോഗിന്റെയും കൂട്ടായ നീക്കത്തിന്റെയും അടിത്തറയാവേണ്ട ആശയ കാഴ്ച്ചപ്പാടിന്റെ വെളിച്ചമാർജിക്കാൻ ഞങ്ങളും ശ്രമിക്കണം, അവരും ശ്രമിക്കണം. അതിനുപകരം ചിലപ്പോഴെങ്കിലും അവർ ഞങ്ങളെ മൂലയിൽ ചാരാൻ ശ്രമിക്കുന്നു. ഞങ്ങളപ്പോൾ അവരോട് ആ രീതിക്ക് ഇടപെടാൻ ശ്രമിക്കുന്നു. അപ്പോൾ അതിന്റെ ബെനഫിറ്റ് ആർക്കാണ്. ഞങ്ങളിരുവരും തോൽക്കാനാഗ്രഹിക്കുന്ന, ഇല്ലാതാവാനാഗ്രഹിക്കുന്ന ശത്രുവർഗത്തിന്. ശത്രുവർഗത്തിനും, അതിന്റെ ഫിലോസഫിക്കും, ഐഡിയോളജിക്കും രാഷ്ട്രീയത്തിനും മാത്രം നേട്ടമുണ്ടാക്കുന്ന സംഘർഷത്തിന്റെ വഴിയല്ല ശരിയായ വഴി. അത് തിരിച്ചറിയാനുള്ള രാഷ്ട്രീയ പക്വത ഞങ്ങൾക്കും വേണം, അവർക്കും വേണം.

പരിമിതി എന്താണ്? അത്തരം വിഷയങ്ങളിലുള്ള ഒരു ആശയ ചർച്ചയുടെ അന്തരീഷമൊരുക്കാൻ, ആ ഒരു ഇടം കണ്ടെത്താൻ ഒരുപാട് ഞങ്ങൾ ഇനിയും ശ്രമിക്കേണ്ടതുണ്ട്. കാമ്പസുകളെ ആ രീതിയിൽ ആശയപ്രബുദ്ധമാക്കണം. അതിനാകുന്നില്ല. കാമ്പസുകളിലെ ഡിബേറ്റിന്റെ സ്വഭാവത്തിനകത്ത് ഈ കാലം ആവശ്യപ്പെടുന്ന ഒരു ആഴം, വെളിച്ചം, തെളിച്ചം, വ്യക്തത അതുണ്ടോ എന്ന് നമ്മളെല്ലാം നോക്കണം. ഞങ്ങളുടെയെല്ലാം കാലത്ത് എല്ലാം ഗംഭീരമായിരുന്നു, ഇവരൊക്കെ വന്നപ്പോൾ എല്ലാം പോയി- അങ്ങനെ പറയാൻ ഞാൻ തയ്യാറല്ല. ഇന്നത്തെ കേഡർമാർ ഞങ്ങളെക്കാളും വലിയവരും ബുദ്ധിയുള്ളവരുമാണ്. അവരുടെ അറിവിന്റെ ലോകം ഞങ്ങളെക്കാളും വലുതാണ്. അവർ ഈ പുത്തൻകാലത്തിന്റെ മക്കളാണ്. They are really more stronger than us. അത് ഞങ്ങൾക്കറിയാം.

പക്ഷേ ഞങ്ങളവരോട് പറയുന്നത്, പുതിയ കാലത്തിന്റെ ആവശ്യകതയ്ക്ക് ഇത് പോരാ എന്നാണ്​. ചർച്ചക്കൾക്ക് ഈയൊരു ഗതി പോരാ. ഈ​യൊരു സമീപനം പോരാ. കാരണം നമ്മൾ എതിർക്കേണ്ടത് നിസാരന്മാരെയല്ല. അത്യാപത്തിനെയാണ്. ആ ആപത്ത് ജയിച്ചാൽ ഒരു പക്ഷേ നമുക്ക് ചർച്ചക്കുപോലും ഇടം കിട്ടില്ല. ചിലർ പറയും, ചർച്ചയൊക്കെ ജയിലിനകത്തായിരിക്കുമെന്ന്. ചിലപ്പോൾ അതുപോലും ഉണ്ടാകില്ല. എല്ലാ ചർച്ചകളുടെയും അന്ത്യമായിരിക്കും ചിലപ്പോൾ.

എത്ര കാലമുണ്ടാകും പാർലമെൻറ്?
എത്ര കാലമുണ്ടാകും കോടതി?
എത്ര കാലമുണ്ടാകും ജുഡീഷ്യറിയുടെ സ്വതന്ത്ര്യം?
എത്ര കാലമുണ്ടാകും ഭരണഘടന സ്ഥാപനങ്ങൾ?
സുപ്രീംകോടതി പറഞ്ഞില്ലേ, ഇലക്ഷൻ കമീഷനെ പറ്റി.

പാവനമായി കണ്ടുപോരുന്ന എല്ലാ സ്ഥാപനങ്ങളെയും സ്വേച്ഛാധിപത്യ ആശയം വിഴുങ്ങുമ്പോൾ ചർച്ചകളുടെ സ്പേസ് വിപുലപ്പെടുത്തണം. കാമ്പസുകൾ നവീനചിന്തകളുടെ ഗർഭ ഇടമാകണം. അവിടെനിന്ന് പുതിയ ചിന്തകളുടെ വെളിച്ചം കടന്നുവരണം. അതിനുള്ള ആരോഗ്യപരമായ സംവാദമുണ്ടായിവരണം. അത് വരുമ്പോൾ തന്നെ കാമ്പസിന്റെ ഇന്റലക്ച്ച്വൽ ഘടന മാറും. കായികമായ ഏറ്റുമുട്ടൽ ലെഫ്റ്റ് കാഴ്ച്ചപ്പാടല്ല, അത്​ ആര് ചെയ്താലും. എ.ഐ.എസ്​.എഫിനോട്​ഞങ്ങൾ എപ്പോഴും പറയും, ഇക്കാര്യം. കാരണം, അവരോട് ഞങ്ങൾക്ക് സ്വാതന്ത്ര്യം കൂടുതലുണ്ട്. അതല്ല വഴി എന്ന് ഞങ്ങൾ എപ്പോഴും പറയും. സംവാദം ആശയതലത്തിലായിരിക്കണം. അവിടെ എന്റെ ആശയങ്ങളിൽ എനിക്കുറപ്പുണ്ടെങ്കിൽ പിന്നെ കത്തിക്കുത്തിന്റെയും കായികാക്രമണത്തിന്റെയും അടിച്ചമർത്തലിന്റെയും വാക്ക് സ്വീകരിക്കാൻ എനിക്ക് തോന്നില്ല. ആശയതലത്തിലുള്ള ബോധ്യം കുറയുമ്പോഴാണ് ഇതൊക്കെ വേണ്ടിവരുന്നത്. അതുകൊണ്ട് ആശയപരമായ വ്യക്തതയും ആഴവും വർധിപ്പിക്കുക എന്നതാണ്​ പരിഹാരം. ഈ ആശയ ആഴം വർധിപ്പിച്ചാൽ തീർച്ചയായും കാമ്പസിന്റെ സ്വഭാവത്തിൽ മാറ്റം വരും.

എൽ.ഡി.എഫിനെ ശക്തിപ്പെടുത്താൻ ചില കാര്യങ്ങൾ ഓപ്പൺ ആയി പറഞ്ഞിട്ടുണ്ട്. നാളെയും പറയേണ്ടിവന്നേക്കാം, പക്ഷേ എല്ലായ്​പ്പോഴും സി.പി.ഐ- സി.പി.എം കലഹമുണ്ടാക്കുന്നതും ഓപ്പണായ വാദപ്രതിവാദവുമാണ് ശരിയെന്ന് ഞങ്ങൾ ചിന്തിക്കുന്നില്ല.

കേരളത്തിൽ, ഇടതുപക്ഷ മുന്നണിയിലെ പ്രധാന ഘടകകക്ഷിയാണ് സി.പി.ഐ. ഇപ്പോഴുള്ള ഒരു വിമർശനം, രണ്ടാം എൽ.ഡി.എഫ്​ ഗവൺമെൻറ്​ വന്നപ്പോൾ, നേരത്തെയുണ്ടായിരുന്ന എൽ.ഡി.എഫ്​ ഗവൺമെന്റുകളുടെ കാലത്ത്, സി.പി.ഐ ഉയർത്തിപ്പിടിച്ച അത്രയും ശക്തമായ നിലപാടുകളില്ല എന്നതാണ്. വെളിയം ഭാർഗവന്റെയും സി.കെ. ചന്ദ്രപ്പന്റെയും കാലത്ത് അഭിപ്രായ വ്യത്യാസങ്ങളെ പബ്ലിക് ഡൊമൈനിലേക്ക് കൊണ്ടുവരികയും ചർച്ചകൾക്ക് വിധേയമാക്കുകയും ഒക്കെ ചെയ്​ത്​, അക്കാര്യത്തിൽ ഒരു പൊതുജനാഭിപ്രായം രൂപീകരിക്കുന്ന രീതിയിലേക്ക് വന്നിരുന്നു. ഈ മന്ത്രിസഭയുടെ ചില ചെയ്തികളോട് സി.പി.ഐ പലപ്പോഴും വിയോജിച്ചിട്ടുണ്ട്- യു.എ.പി.എ നടപ്പിലാക്കുന്നതിൽ, താഹ- അലൻ വിഷയത്തിൽ, മാവോയിസ്റ്റുകളോടുള്ള നിലപാടിന്റെ കാര്യത്തിൽ, പ്രത്യേകിച്ച് അവർക്കെതിരെയുള്ള പോലീസ് നടപടികളുടെ കാര്യത്തിൽ ഒക്കെ. പക്ഷേ ആ പ്രശ്നത്തിലൊക്കെ ഇപ്പോൾ സി.പി.ഐയുടെ സ്വതന്ത്ര അസ്തിത്വം ജനങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്നില്ല. അങ്ങനെയൊരു വിമർശനമുണ്ട്.

എനിക്കറിയാത്ത കാര്യമാണത്. നിങ്ങളെല്ലാവരും കൂടി എന്തിനാണ് ഇങ്ങനെ ഒരു കഥയുണ്ടാക്കുന്നത്. ഒന്നാം പിണറായി സർക്കാർ, രണ്ടാം പിണറായി സർക്കാർ- അത് മുഖ്യമന്ത്രിയുടെ പേരുള്ളതുകൊണ്ട് പറയുകയാണ്. പക്ഷേ ഇതിന്റെ രാഷ്ട്രീയ ഉള്ളടക്കം ഒന്നു തന്നെയാണ്. എൽ.ഡി.എഫിന്റെ രാഷ്ട്രീയ ഉള്ളടക്കവും ഒന്നുതന്നെയാണ്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമല്ലോ. പക്ഷേ, എൽ.ഡി.എഫിനോടുള്ള സി.പി.ഐയുടെ അപ്രോച്ച് വളരെ ശരിയാണ്. അത് ഇതാണ്​: എൽ.ഡി.എഫ്​ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശരിയാണ്. ആ ശരി സി.പി.ഐ ക്കും സി.പി.എമ്മിനും ഒരുപോലെ ബാധകമായ ശരിയാണ്. അതിന്റെ പ്രാധാന്യം ഇവിടെ മാത്രം ഒതുങ്ങുന്നില്ല, ഇന്ത്യക്കുകൂടി ബാധകമായ വഴിയാണത്​. നാളത്തെ ഇന്ത്യ എങ്ങനെ പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവോ, ആ യാത്രക്ക് വഴികാട്ടിയാകേണ്ട മുന്നണിയായിട്ടാണ് ഞങ്ങൾ എൽ.ഡി.എഫിനെ കാണുന്നത്. ഈ എൽ.ഡി.എഫ്​എത്രമാത്രം സി.പി.എമ്മിന്റെതാണോ അത്രമാത്രം സി.പി.ഐയുടേതുമാണ്. ഇന്നത്തെ എൽ.ഡി.എഫ്​ ഉണ്ടാകാൻ ഏറ്റവും കനത്ത വില കൊടുക്കാൻ ശ്രമിച്ച പാർട്ടിയാണ്​ സി.പി.ഐ. പാർലമെന്ററി പൊളിറ്റിക്‌സിൽ അധികാര കസേര വലുതായികണ്ട് അതിന്റെ പിറകെ പായാൻ ശ്രമിക്കുമ്പോൾ കൈയിലിരുന്ന അധികാരക്കസേര രാഷ്ട്രീയശരിക്കുവേണ്ടി വലിച്ചെറിയാൻ കാണിച്ച ധൈര്യമാണ് സി.പി.ഐ. അതാണ് സി.പി.ഐ രാഷ്ട്രീയത്തിന്റെ കാതൽ. അതുകൊണ്ടുതന്നെ ഈയൊരു എൽ.ഡി.എഫ്​ രാഷ്ട്രീയത്തിന് ശക്തിപകരുക എന്നതാണ് സി.പി.ഐ യുടെ ഇന്നലത്തെയും നാളത്തെയും രാഷ്ട്രീയ ധർമത്തിന്റെ മൗലിക ഭാവം. അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ ഞങ്ങൾ, എൽ.ഡി.എഫിനെ ശക്തിപ്പെടുത്താൻ ചില കാര്യങ്ങൾ ഓപ്പൺ ആയി പറഞ്ഞിട്ടുണ്ട്. നാളെയും പറയേണ്ടിവന്നേക്കാം, പക്ഷേ എല്ലായ്​പ്പോഴും സി.പി.ഐ- സി.പി.എം കലഹമുണ്ടാക്കുന്നതും ഓപ്പണായ വാദപ്രതിവാദവുമാണ് ശരിയെന്ന് ഞങ്ങൾ ചിന്തിക്കുന്നില്ല. അകത്ത്, ചിലപ്പോൾ പുറത്ത്, ഇതെല്ലാം നടക്കുമ്പോഴും എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്നതാണ്​ ഞങ്ങളുടെ പൊതുലക്ഷ്യം.

സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൻ. സ്മാരകം സന്ദർശിച്ചപ്പോൾ

ഞങ്ങൾ രണ്ട് പാർട്ടികളാണ്, പല സമീപനങ്ങളിലും വ്യത്യാസമുണ്ട്. ഒന്നാമതായി, യു.എ.പി.എ. ഇന്ത്യയിലെമ്പാടുമുള്ള ലെഫ്റ്റിന്റെ നിലപാടാണ് സി.പി.ഐ പറഞ്ഞത്. ആ ലെഫ്റ്റ് സി.പി​.ഐ മാത്രമല്ല, സി.പി.എമ്മും ഉൾ​പ്പെട്ടതാണ്​. ഇന്ത്യൻ ലെഫ്റ്റ് പറഞ്ഞ ചില മൗലിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ യു.എ.പി.എയെ കണ്ടത്. അത് ഞങ്ങൾ അകത്തും പുറത്തും പറഞ്ഞിട്ടുണ്ട്. അപ്പോഴും വ്യക്തത വരുത്തിയിട്ടുണ്ട്. എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള സ്​ട്രഗ്​ളിന്റെ വേറെ രൂപമാണത്. ആ സ്​ട്രഗ്​ളിന്​ ഒരു രൂപം മാത്രമല്ല ഉള്ളത്. പാർട്ടികൾ തമ്മിലുള്ള ആശയസമരമാണത്. അത് മുന്നണിക്കകത്തുള്ള സമരമാണ്. അതിന് സി.പി.ഐക്കും സി.പി.എമ്മിനും സ്വാതന്ത്ര്യമുണ്ട്. ഇതെല്ലാം ചെയ്യുമ്പോഴും We have mutual respect. ആ respect രാഷ്ട്രീയഐക്യത്തിന്റെ സ്നേഹമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധുവാരാണ് എന്ന് ഒരു പാതിരാത്രിയിൽ വിളിച്ചുണർത്തി ചോദിക്കുകയാണ് എന്നോട്, എനിക്ക് സംശയമുണ്ടാകില്ല, ഞാൻ പറയും, സി.പി.എം ആണെന്ന്​. ഞങ്ങളുടെ വിശ്വാസം ഒരു സി.പി.എം സഖാവും അത് പറയുമെന്നാണ്. ആ ബോധ്യമില്ലെങ്കിൽ ഇന്ത്യൻ ലെഫ്റ്റിന്റെ ഭാവി ഇരുണ്ടതായിരിക്കും. സി.പി.ഐക്ക്​ സി.പി.എമ്മിനെ തോൽപ്പിച്ചുകൊണ്ടോ, സി.പി.എമ്മിന്​ സി.പി.ഐയെ തോൽപ്പിച്ചുകൊണ്ടോ ഒരു വിജയമില്ല. വിജയമാണെങ്കിലും പരാജയമാണെങ്കിലും ഇരുകൂട്ടർക്കും ഒരു പോലെയേ ഉണ്ടാവൂ. അതുണ്ടാവാൻ പാടില്ല. ഇരുപാർട്ടികൾക്കും ഒരുമിച്ച് വിജയിച്ചേ പറ്റൂ എന്നാണ് എല്ലാ ചർച്ചകളിലും സി.പി.ഐക്ക്​ പറയാനുള്ളത്.

ലയനം എന്നത് ഞങ്ങളെവിടെയും പറയാത്ത കാര്യമാണ്. അത് രാഷ്ട്രീയത്തിൽ ഒരു പൈങ്കിളി വാക്കാണ്. അതൊരിക്കലും സി.പി.ഐ പറഞ്ഞിട്ടില്ല. ഞങ്ങൾ കൃത്യമായി പറഞ്ഞത്, ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വാധിഷ്ടിതമായ ഏകീകരണമാണ് ലക്ഷ്യം എന്നാണ്​.

മുമ്പ്​, പാർട്ടി കോൺഗ്രസ് അടുത്തുവരുമ്പോൾ ഉയർന്നുവരുന്ന മുദ്രാവാക്യമായിരുന്നു കമ്യൂണിസ്റ്റ്​ പുനഃരേകീകരണം. അടുത്ത കാലത്ത് നടന്ന കോൺഗ്രസുകളിൽ അത് അത്രതന്നെ ശക്തിയിൽ മുഴങ്ങി കേൾക്കുന്നില്ല.

അത് നിരീക്ഷണത്തിന്റെ പ്രശ്ന​മാണ്. ആ മുദ്രാവാക്യത്തിൽ നിന്ന് സി.പി.ഐ പുറകോട്ട് മാറിയിട്ടില്ല. പലപ്പോഴും അർത്ഥം മനസിലാവാത്തതുകൊണ്ടായിരിക്കാം, അല്ലെങ്കിൽ മനഃപൂർവമായിരിക്കാം അതിനെ സിംപ്ലിഫൈ ചെയ്യുകയാണ്. അതിനെ പൈങ്കിളിവത്കരിച്ചു. ലയനം എന്നത് ഞങ്ങളെവിടെയും പറയാത്ത കാര്യമാണ്. അത് രാഷ്ട്രീയത്തിൽ ഒരു പൈങ്കിളി വാക്കാണ്. അതൊരിക്കലും സി.പി.ഐ പറഞ്ഞിട്ടില്ല. ഞങ്ങൾ കൃത്യമായി പറഞ്ഞത്, ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വാധിഷ്ടിതമായ ഏകീകരണമാണ് ലക്ഷ്യം എന്നാണ്​. Re- unification of the Communist movement, On a principle basis. ഈ നിലപാടിൽ നിന്ന് സി.പി.ഐ ഒരിഞ്ചുപോലും പുറകോട്ട് പോയിട്ടില്ല. അതിപ്പോഴും ഉയർത്തുന്നുണ്ട്. പക്ഷേ അതങ്ങനെ ഉറക്കെയുറക്കെ പറയേണ്ട കാര്യമില്ല. അത് സി.പി.ഐയുടെ പ്രഖ്യാപിത ലക്ഷ്യമാണ്.

ഹിന്ദുത്വത്തിനെതിരെ ഒന്നാകണം എന്നുപറഞ്ഞ് ഞങ്ങളാരുടെയും പിന്നാലെ യാചനയുമായി പോകില്ല. കാലമാവശ്യപ്പെടുന്നുണ്ട്. ഞങ്ങൾക്കുറപ്പുണ്ട്, മാർക്സിസം ശരിയാണെന്ന്. ലെനിന്റെ ഉദ്ധരണിയാണ് ഓർമ വരുന്നത്. അദ്ദേഹം പറഞ്ഞു; Marxism is omnipotent, because it is true. അതാണ് വിഷയം. കാരണം ഞങ്ങൾക്കുറപ്പാണ്, Marxism is true. എന്തുകൊണ്ട് അത് ശരിയാവുന്നു, സത്യമാവുന്നു?. സത്യമായത്, അത് സയൻസ് ആയതുകൊണ്ടാണ്. ശാസ്ത്രത്തിന്റെ പ്രയോഗത്തിൽ ഒരു വലിയ മുന്നുപാധിയാണ്, സമൂഹത്തിന്റെ യാഥാർത്ഥ്യത്തെയും മാറ്റങ്ങളെയും ഉൾക്കൊള്ളുക എന്നത്. ആ അർത്ഥത്തിൽ മാർക്സിസത്തിനെ ക്രിയേറ്റീവ് ആയി വികസിപ്പിക്കുന്ന ഒരു രാഷ്ട്രീയത്തിന് സി.പി.ഐക്കായാലും സി.പി.എമ്മിനായാലും ഇന്നല്ലെങ്കിൽ നാളെ, at a point of time in history, ഒന്നിച്ചേ തീരൂ. ഒന്നിക്കേണ്ടി വരും. ഇരുപാർട്ടികളും തമ്മിൽ ഭിന്നിക്കുന്നതിനുവേണ്ടി, അല്ലെങ്കിൽ ഭിന്നതക്കുവേണ്ടി മുന്നോട്ട് വെച്ച ഒരുപാട് കാര്യങ്ങളുണ്ട്. തീവ്രമായ ആശയ സംവാദമുണ്ടായിട്ടുണ്ട്. ശത്രുതാപരമായ രാഷ്ട്രീയ പ്രവർത്തനങ്ങളുണ്ടായിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും പോരടിച്ചിട്ടുണ്ട്. ഞങ്ങളുടെ മുഖ്യ എതിരാളിയെ മറന്നുപോയിട്ടുണ്ട്. ആരാണ് ജയിച്ചത്?. ഞങ്ങളും ജയിച്ചില്ല, അവരും ജയിച്ചില്ല. അപ്പോൾ അതിന്റെ പാഠം എന്താണ്​?

എനിക്കോർമ വരുന്നത്, വൈകാരികമായ ഒരു കവിതയാണ്​; ഏഴാച്ചേരി രാമചന്ദ്രൻ വയലാറിനെ പറ്റി എഴുതിയത്​. അതിലൊരു മനോഹരമായ ഭാഗമുണ്ട്: ‘പല വഴി സഞ്ചരിച്ചൊടുവിൽ ഞങ്ങൾ വന്ന് ഹൃദയങ്ങൾ കോർത്തുനിൽക്കുമ്പോൾ നീ ഇവിടെയുണ്ടായിരുന്നെങ്കിൽ’
എന്നാണ് അദ്ദേഹത്തിന്റെ കാവ്യഭാവന. അത് എങ്ങനെയെന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. ഞങ്ങൾ പലവഴി സഞ്ചരിച്ചവരാണ്. കുറെ കൊല്ലങ്ങൾ. ഞങ്ങളുടെ എനർജി വേസ്റ്റ് ആക്കിയവരാണ്.

1964 ലെ പിളർപ്പിനോടനുബന്ധിച്ചും അതിനുശേഷമുള്ള സംവാദങ്ങളിലും താത്പര്യം കാണിക്കുകയും അതിനെ പറ്റി ധാരാളം എഴുതുകയും ചെയ്ത ഒരാളെന്ന നിലയിൽ ചോദിക്കട്ടേ, ഇന്ന് ആർ.എസ്.എസിന് മുൻതൂക്കമുള്ള ഒരു ഫാഷിസ്റ്റ് സർക്കാരാണ് കേന്ദ്രത്തിലുള്ളത് എന്നത് കണക്കിലെടുക്കുമ്പോൾ 1964 ലെ സി.പി.ഐ സഖാക്കളുടെ നിലപാടാണ് കൂടുതൽ ശരിയെന്ന് ഇന്ന് തോന്നുന്നുണ്ടോ?

അങ്ങനെയൊരു കണക്കെടുപ്പ് നടത്തി തൂക്കിനോക്കി; അരക്കഴഞ്ച്, മുക്കാൽ കഴഞ്ച് എന്നുപറയാൻ ഞാനിപ്പോൾ തയ്യാറല്ല. പകരം ഞാൻ പറയും, ഭിന്നിപ്പിന്റെ ദിനങ്ങളിൽ, ഭിന്നിപ്പിനാധാരമായി പറയപ്പെട്ട എല്ലാ കാര്യങ്ങൾക്കും ചരിത്രത്താൽ ഉത്തരം പറയപ്പെട്ടുകഴിഞ്ഞു. അതിൽ എല്ലാമുണ്ട്. ചരിത്രം ഉത്തരം പറഞ്ഞു കഴിഞ്ഞു. ആ ഉത്തരങ്ങളെ ശരിക്ക് വായിച്ചാൽ മതി. അന്ന് ഞങ്ങളെ ഭിന്നിപ്പിക്കാൻ പറഞ്ഞത്​ സോവിയറ്റ് യൂണിയൻ, ചൈന കാര്യങ്ങളായിരുന്നു. ലോക കമ്യൂണിസ്റ്റ് ചരിത്രത്തിലെ മഹാ സംവാദം, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി, സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിക്കയച്ച നീണ്ട കത്ത്, മറുപടിയായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അയച്ച കത്ത്...

ഞങ്ങൾ ചൈനയെ എപ്പോഴും കാണുന്നത്, സോഷ്യലിസ്റ്റ് രാജ്യമായിട്ടാണ്. പക്ഷേ ഇന്ത്യയിലോ ലോകത്തെവിടെയെങ്കിലുമോ സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള ഒരു മോഡലായി ഞങ്ങളിന്നാരെയും കാണുന്നില്ല.

സോവിയറ്റ് യൂനിയനിൽ നടപ്പാക്കിയ ഗ്ലാസ്​ത്​നോസ്​റ്റ്​, പെരിസ്​ട്രോയ്​ക്ക പരിഷ്‌കാരങ്ങളെക്കുറിച്ച് സി.പി.ഐ ആണ് കൂടുതൽ പറഞ്ഞത്. ഗോർബച്ചേവിന്റെ നിലപാടുകൾ ഇന്ന് നോക്കുമ്പോൾ എങ്ങനെ വിലയിരുത്തുന്നു? എവിടെയാണ് അദ്ദേഹത്തിന് പിഴവ് പറ്റിയത് എന്നാണ് കരുതുന്നത്?

As a communist, As a leader ഗോർബച്ചേവ് പരാജയപ്പെട്ടയാളാണ്. ഭരണാധികാരി എന്ന നിലയിലും അദ്ദേഹം പരാജയമായിരുന്നു. ഒരു മഹത്തായ വ്യവസ്ഥ ഓർമയായി, ആ പരിഷ്​കാരങ്ങൾ മൂലം. അതിലേക്ക് നയിച്ചത്​ രണ്ട് കാര്യങ്ങളാണ്; ഒന്ന്: സോഷ്യലിസം കൂടുതൽ ജനാധിപത്യപരമാവണം. രണ്ട്: അതിന്റെ ഘടനക്കകത്ത് പുതിയ കാലത്തെ ടെക്​നോളജിക്കൽ റവല്യൂഷന്റെ ഭാഗമായിട്ടുണ്ടായ, സയൻറിഫിക്​ മൂവ്​മെൻറിന്റെ ഭാഗമായുണ്ടായ മാറ്റം. അത് നിർമാണ പ്രക്രിയയിലും നിർമാണ വ്യവസ്ഥയിലും മാറ്റമുണ്ടാക്കി. അത് രണ്ടും ‘ഇൻ പ്രിൻസിപ്പൽസ്’ ശരിയായിരുന്നു. അത് ആദ്യം പറഞ്ഞ ആൾ ഗോർബച്ചേവ് അല്ല. ലെനിൻ പറഞ്ഞിട്ടുണ്ട്. ലെനിൻ തന്നെ, എൻ.ഇ.പി എന്ന് വിളിക്കപ്പെട്ട പോളിസിയുടെ കാലഘട്ടത്തിൽ ഇതു തന്നെയാണ് പറഞ്ഞത്, സാരാംശത്തിൽ. അത് സോഷ്യലിസ്റ്റ് നവീകരണത്തിന്റെ പാഠമാണ്. ലെനിന്റെ കാലത്തത് കുറച്ച് നടന്നു. പിന്നെ അത് വഴിമുടങ്ങി ദീർഘകാലം സ്തംഭിച്ചുനിന്നു. അതുകഴിഞ്ഞ് ലെനിൻ ആരംഭിച്ച പ്രക്രിയയെ പൊടിതട്ടി പുറത്തെടുക്കാൻ ശ്രമിച്ചു, ഗോർബച്ചേവ്. അതൊരു കുറ്റമായി ഞാൻ പറയില്ല.

മിഖായേൽ ഗോർബച്ചേവ്

ഒരാശയം നടപ്പിലാക്കാൻ ആശയം മാത്രം പോരാ, ഒരു ഭൗതികശക്തി വേണം. കൂടുതൽ ജനാധിപത്യമുള്ള സോഷ്യലിസം കെട്ടിപ്പടുക്കാനും ഉത്പാദന പ്രക്രിയയിൽ ശാസ്ത്ര- സാങ്കേതിക പുരോഗതിയെ നേരാം വണ്ണം വിനിയോഗിക്കാൻ കെൽപ്പുള്ളതുമായ ഒരാശയം, ഒരു വ്യവസ്ഥ പ്രാവർത്തികമാക്കാൻ സോവിയറ്റ് സമൂഹത്തിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി മാത്രമാണ്. പത്തെഴുപതുകൊല്ലം പഴക്കമുള്ള ഒരു വ്യവസ്ഥയെ, അതിന്റെ ശീലങ്ങളെ പുതുക്കിപ്പണിയാൻ എനിക്കെന്റെ ആശയം മാത്രം മതി, എന്റെ പ്രസംഗപാടവം മാത്രം മതി എന്ന് ചിന്തിക്കുന്നത് രാഷ്ട്രീയ തെറ്റാണ്. ആ തെറ്റിന്റെ തടവുകാരനായിപ്പോയി ഗോർബച്ചേവ്. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയെ അദ്ദേഹം പാകപ്പെടുത്തിയെടുത്തില്ല. അതുകൊണ്ടെന്തുപറ്റി? ചീട്ടുകൊട്ടാരം പോലെ ആ വ്യവസ്ഥ തകർന്നു. ലോകത്തിന് വഴികാണിച്ച വ്യവസ്ഥ തകർന്നപ്പോൾ ഒരു കല്ലെടുത്തെറിയാൻ പോലും ഒരാളെയും കിട്ടിയില്ല.

24-ാം പാർട്ടി കോൺഗ്രസിലെ ഡ്രാഫ്റ്റ് റെസല്യൂഷനിൽ, ചൈനയെ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായിട്ടാണ് വിലയിരുത്തുന്നത്. ഇന്നത്തെ ചൈനയെ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായി വിലയിരുത്താൻ പറ്റുമോ?

ഞങ്ങൾ ചൈനയെ എപ്പോഴും കാണുന്നത്, സോഷ്യലിസ്റ്റ് രാജ്യമായിട്ടാണ്. പക്ഷേ ഇന്ത്യയിലോ ലോകത്തെവിടെയെങ്കിലുമോ സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള ഒരു മോഡലായി ഞങ്ങളിന്നാരെയും കാണുന്നില്ല. ഭട്ടിൻഡ പാർട്ടി കോൺഗ്രസിന്റെ ഏറ്റവും വ്യക്തമായ രാഷ്ട്രീയവഴി കാണിക്കുന്നത് അതായിരുന്നു. അങ്ങനൊരു മോഡലില്ല. ചൈനീസ് മോഡൽ സോഷ്യലിസമാണ് ശരി, സോവിയറ്റ് മോഡൽ സോഷ്യലിസമാണ് ശരി... അങ്ങനെ എത്രയോ തർക്കിച്ചവരാണ് ഞങ്ങൾ. ഞങ്ങളവിടെ നിൽക്കുന്നില്ല ഇപ്പോൾ. ക്യൂബൻ ശരി, വിയറ്റ്നാം ശരി- അങ്ങനെ പറയാൻ ഞങ്ങളില്ല. We stand for Indian model of socialism. ഇന്ത്യക്ക് ഇന്ത്യയുടേതായ സോഷ്യലിസം വേണം. അതിൽ ഇന്ത്യൻ പ്രത്യേകതകൾ വേണം. അതിന്റെ വഴിയാണ് ഞങ്ങളുടെ വഴി. ആ വഴി നേടാൻ ശ്രമിക്കുമ്പോൾ എല്ലാ പാഠങ്ങളും വിലപ്പെട്ടവയാണ്.

തങ്ങളൊരു പൂർണവികാസം പ്രാപിച്ച സോഷ്യലിസ്റ്റ് രാജ്യമാണെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി എവിടെയും പറയുന്നില്ല. സി.പി.ഐ- സി.പി.സി സംവാദങ്ങളിൽ നേതാക്കന്മാർ എപ്പോഴും പറയുന്ന കാര്യമാണ്, അവർ സമയമെടുത്ത് വളർന്ന രാജ്യമാണ്, തങ്ങൾ സോഷ്യലിസ്റ്റ് നിർമാണം പൂർത്തിയാക്കിയിട്ടില്ല. അവർ പറയുന്ന പ്രയോഗമിതാണ്- ഞങ്ങൾ സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള യാത്രയുടെ ആദ്യ പടവിലാണ്​. ഒരു ചൈനീസ് നേതാവ് പറഞ്ഞ വാക്കെനിക്കോർമയുണ്ട്: ഈ കാലഘട്ടം നൂറുകൊല്ലം നീണ്ടുപോയാലും അത്ഭുതം വേണ്ടാ. We are only at the first stage. At the Stepping stage. അത് തുറന്നുപറയാനുള്ള വിനയം അവർ കാണിക്കുന്നുണ്ട്. അതിന്റെ അപൂർണതയെപറ്റി അവർക്കും ബോധ്യമുണ്ട്, ഞങ്ങൾക്കും ബോധ്യമുണ്ട്.

തങ്ങൾക്കൊരുപാട് പാളിച്ച സംഭവിക്കുന്നുണ്ട് എന്ന്​ ചൈന തന്നെ പറയുന്നുണ്ട്.​ അവർ പറഞ്ഞ ഒരു പാളിച്ച അഴിമതിയാണ്. ചൈനീസ് സമൂഹത്തിലും പാർട്ടിക്കകത്തും അഴിമതി വളരുന്നു. ചൈനീസ് പാർട്ടി കോൺഗ്രസിലെ രേഖകൾ വായിച്ചാൽ നിങ്ങൾക്ക് കാണാൻ പറ്റും ഈ ഭാഗം. അഴിമതി വളർന്നുവരുന്നു.

ചൈനീസ് വ്യവസ്ഥിതിയെ നിരീക്ഷിക്കുന്ന ഒരു രാഷ്ട്രീയ വിദ്യാർത്ഥിയെ സംബന്ധിച്ച്​ മാർക്കറ്റിന്റെ സ്വാധീനം അവിടെ കാണാനുണ്ട്. കുത്തക കമ്പനികളുണ്ട്​. ഈ സാഹചര്യത്തിൽ ക്ലാസിക്കൽ നിർവചനമനുസരിച്ചുള്ള ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് അവിടെയുള്ളത് എന്നു പറയാനാവുമോ?

ക്ലാസിക്കൽ റെസല്യൂഷന്റെ അടിസ്ഥാനത്തിൽ ഞാനൊന്നും പറയുന്നില്ല. അവർ പറയുന്ന പ്രയോഗമിതാണ്- തങ്ങൾ ശ്രമിക്കുന്നത് place for market. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ മാർക്കറ്റിന്റെ സ്ഥാനമെവിടെയാണ്. അപ്പോൾ, സോഷ്യലിസത്തിന് കീഴിലെ കമ്പോളമെങ്ങനെയായിരിക്കും. തങ്ങൾക്കറിയില്ല. പക്ഷേ, Market is a reality of the new world. പുത്തൻ ലോകത്തിന്റെ യാഥാർത്ഥ്യമായി മാറികഴിഞ്ഞു കമ്പോളം. ആ കമ്പോളത്തിന്റെ സ്ഥാനമെവിടെയാണ് സോഷ്യലിസത്തിൽ. തങ്ങൾക്കറിയില്ല, തങ്ങളതിന്റെ experiment ലാണ്- അവർ വിളിക്കുന്നതിന്റെ പേരാണത്​; പരീക്ഷണം. ആ പരീക്ഷണത്തിന്റെ ഭാഗമായി ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് അവർ പറയുന്നില്ല. തെറ്റുകൾ ഒത്തിരിയുണ്ട്. അവർ തന്നെ പറഞ്ഞു, തങ്ങൾക്കൊരുപാട് പാളിച്ച സംഭവിക്കുന്നുണ്ട്. അവർ പറഞ്ഞ ഒരു പാളിച്ച അഴിമതിയാണ്. ചൈനീസ് സമൂഹത്തിലും പാർട്ടിക്കകത്തും അഴിമതി വളരുന്നു. ചൈനീസ് പാർട്ടി കോൺഗ്രസിലെ രേഖകൾ വായിച്ചാൽ നിങ്ങൾക്ക് കാണാൻ പറ്റും ഈ ഭാഗം. അഴിമതി വളർന്നുവരുന്നു.

ഗ്രാമ- നഗര അന്തരം ഒഴിവാക്കാൻ ശ്രമിക്കുന്ന വ്യവസ്ഥയാണ് സോഷ്യലിസ്റ്റ് വ്യവസ്ഥ. പക്ഷേ, ആ അന്തരം വർധിച്ചുവരുന്നു. തൊഴിലില്ലായ്മ വർധിച്ചുവരുന്നു. അതുണ്ടാക്കുന്ന സാമൂഹിക സംഘർഷം വർധിക്കുന്നു. ഇതെല്ലാം അവർ പറയുന്നുണ്ട്. അതിന് പരിഹാരമായി അവർ ചെയ്യുന്ന കാര്യങ്ങൾ വിജയിച്ചാൽ സോഷ്യലിസം വിജയിക്കും. ഇല്ലെങ്കിൽ സങ്കടകരമായിരിക്കും. ഞാൻ വിചാരിക്കുന്നതും പാർട്ടി കാണുന്നതും ഈ പരീക്ഷണത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി വിജയിക്കട്ടെ എന്നാണ്. ▮

(2022 നവംബർ 27ന് പബ്ലിഷ് ചെയ്ത അഭിമുഖത്തിന്റെ എഡിറ്റഡ് വേഷൻ)


ബിനോയ്​ വിശ്വം

രാജ്യസഭാംഗം, സി.പി.ഐ കേന്ദ്ര സെക്ര​ട്ടേറിയറ്റ്​ അംഗം. RSS Unmasked, പറഞ്ഞതിൽ പാതി, മോദിയും ഗാന്ധിയും: ഇരുളും വെളിച്ചവും, സ്മരണകളിരമ്പും, ഭഗത്‌സിങ്ങിന്റെ ജയിൽ ഡയറി (വിവർത്തനം) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വി.കെ. ബാബു

എഴുത്തുകാരൻ.

Comments