രാജ്യവ്യാപകമായി വോട്ടർപട്ടിക പരിഷ്കരിക്കാൻ നീക്കം; ഘടകകക്ഷികളുടെ എതിർപ്പ്, ബി.ജെ.പിക്കും ആശങ്ക

ബിഹാറിന് പിന്നാലെ രാജ്യത്താകെ വോട്ടർ പട്ടികയിൽ തീവ്ര പുനരവലോകനത്തിന് ലക്ഷ്യമിട്ടിരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിൽ തുടങ്ങിയ പ്രക്രിയയിൽ ബി.ജെ.പിക്കും ഇപ്പോൾ ചില ആശങ്കകളുണ്ട്. എൻഡിഎ ഘടകകക്ഷികൾ പോലും പലവിധത്തിലുള്ള വോട്ടർ പട്ടിക പരിഷ്കരണത്തിൽ എതിർപ്പുമായി രംഗത്തെത്തിയിട്ടുമുണ്ട്.

News Desk

രാജ്യവ്യാപകമായി വോട്ടർപട്ടിക പരിഷ്കരണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ബാക്കിനിൽക്കെയാണ് കേന്ദ്ര സർക്കാരിൻെറ നിർദ്ദേശത്തിൽ വോട്ടർ പട്ടികയിൽ Special Intensive Revision (SIR) നടത്താൻ കമ്മീഷൻ തീരുമാനിച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഏകദേശം 8 കോടിയോളം വരുന്ന വോട്ടർമാരുടെ കണക്ക് സമഗ്രമായി പരിഷ്കരിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. ബിഹാറിൽ പ്രഖ്യാപിച്ച വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെയും സംസ്ഥാനത്തെയും രാജ്യത്തെയും പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ നിലവിലുള്ള പദ്ധതിയുമായി മുന്നോട്ട് പോവാൻ തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ഇത്ര തിടുക്കപ്പെട്ട് എന്തിനാണ് ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരിക്കുന്നതെന്ന് സുപ്രീം കോടതി പോലും കമ്മീഷനോട് ചോദിച്ചിരുന്നു. വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരണത്തിൻെറ മറവിൽ രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിട്ടുണ്ട്.

ഇതിനെല്ലാമിടയിൽ രാജ്യവ്യാപകമായി വോട്ടർപട്ടികയിൽ തീവ്ര പുനരവലോകനം (SIR) നടപ്പിലാക്കാൻ പോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിന് പിന്നാലെ ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പുനരവലോകനത്തിന് വേണ്ടി പട്ടിക പുറത്തിറക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാരോട് ലിസ്റ്റിലെ തങ്ങളുടെ സ്ഥാനം ഉറപ്പാക്കുന്നതിന് മതിയായ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യവ്യാപകമായി തന്നെ വോട്ടർപട്ടിക പരിഷ്കരണത്തിനായുള്ള നടപടിക്രമം ജൂലൈ 28-ന് ശേഷം കമ്മീഷൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. അതായത് ബിഹാർ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി പരിഗണിച്ച് അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വന്നതിന് ശേഷം. ഇന്ത്യൻ പൗരരല്ലാത്ത പലരും സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലുണ്ടെന്നും ഇവരെ പുറത്താക്കുകയാണ് സമഗ്രമായ വോട്ട‍ർ പട്ടിക പരിഷ്കരണത്തിൻെറ പ്രധാന ലക്ഷ്യമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻെറ വാദം.

നിർദ്ദേശങ്ങളുമായി ടിഡിപി

പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എതിർപ്പിന് പിന്നാലെ തീവ്ര വോട്ടർ പട്ടിക പുനരവലോകനത്തിൽ എതിർപ്പ് അറിയിച്ചിരിക്കുകയാണ് എൻഡിഎ ഘടകകക്ഷിയായ ടി.ഡി.പി. ജനാധിപത്യ പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിന് വോട്ടർ പട്ടിക തീവ്ര പുനരവലോകന പ്രക്രിയയിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ട് ടി.ഡി.പി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരിക്കുകയാണ്. നടക്കുന്ന പ്രക്രിയ സുതാര്യമായിരിക്കണമെന്നും വോട്ടർപട്ടികയിൽ നിന്ന് അനാവശ്യ കാരണങ്ങളിലൂടെ ആരെയും ഒഴിവാക്കരുതെന്നും കൃത്യമായി പുതിയ വോട്ടർമാരെ ഉൾപ്പെടുത്തണമെന്നും ടി.ഡി.പി ആവശ്യപ്പെടുന്നു. SIR ധൃതി പിടിച്ചല്ല നടപ്പാക്കേണ്ടത്, പ്രത്യേകിച്ച് ഏതെങ്കിലും പ്രധാന തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ആറ് മാസത്തിനുള്ളിലല്ലെന്നും അവർ വിശദീകരിക്കുന്നു. ബിഹാറിൽ നടക്കുന്ന ധൃതി പിടിച്ചുള്ള വോട്ടർപട്ടിക പരിഷ്കരണത്തോടുള്ള വിയോജിപ്പാണ് ടി.ഡി.പി ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കുന്നതിന് പകരം നേരത്തെ ചെയ്യണം. ആന്ധ്രയിൽ ഇങ്ങനെയാണ് നടപ്പാക്കേണ്ടതെന്നാണ് ടി.ഡി.പിയുടെ ആവശ്യം. വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് സിഎജിയുടെ മേൽനോട്ടത്തിൽ ഓരോ വർഷവും തേർഡ് പാർട്ടി ഓഡിറ്റ് നടപ്പിലാക്കണം. വോട്ടർപട്ടിക പരിഷ്കരണത്തിൽ വെരിഫിക്കേഷൻെറ ഭാഗമായി ബൂത്ത് തലത്തിൽ ഓരോ പ്രദേശത്തെയും പ്രധാന പാർട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ടിഡിപി ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: ബിഹാറിൽ വോട്ടർപട്ടിക പുതുക്കാൻ എന്തിന് തിടുക്കം? തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതിയുടെ ചോദ്യങ്ങൾ

ബിജെപിക്ക് ആശങ്കയുണ്ട്

ബിഹാറിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി അതിവേഗം വോട്ടർപട്ടിക പരിഷ്കരിക്കുന്നതിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയതാൽപര്യം പ്രധാനപങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അവലോകന പ്രക്രിയയുമായി മുന്നോട്ട് പോകവേ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കൾക്ക് ഇപ്പോൾ ആശങ്കയുണ്ട്. കമ്മീഷൻ പോവുന്ന അതേ വേഗതയിൽ തങ്ങളുടെ പ്രവർത്തകരെ ബോധവൽക്കരിക്കാൻ ബി.ജെ.പിക്ക് സാധിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. സംസ്ഥാന ബി.ജെ.പി നേതൃത്വം ഈ രീതിയിൽ പ്രവർത്തിച്ചാൽ പോരെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾക്ക് അനുകൂലമായിട്ടുള്ള വോട്ടർമാർക്ക് കൃത്യമായി നിർദ്ദേശം നൽകി പട്ടികയിലെ സ്ഥാനം ഉറപ്പാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടക്കം മുതലേ നീക്കത്തെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് തങ്ങളുടെ പ്രവർത്തകരെ വിഷയം ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ബൂത്ത് തല ഏജൻറുമാരുടെ സഹായത്തോടെ ആർ.ജെ.ഡി തങ്ങൾക്ക് അനുകൂലമായ വോട്ടർമാർക്ക് കൃത്യമായി നിർദ്ദേശം നൽകി മുന്നോട്ട് പോവുന്നുണ്ട്. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ തങ്ങൾ തയ്യാറാക്കിയ പദ്ധതി തങ്ങൾക്ക് തന്നെ തിരിച്ചടിയായി മാറുമോയെന്ന ആശങ്കയാണ് ബി.ജെപിക്കുള്ളത്.

Comments