സർക്കാർ റെയ്ഡിൽനിന്ന് രക്ഷപ്പെടാൻ
ഇലക്ടറൽ ബോണ്ട് വാങ്ങിയ മദ്യക്കമ്പനി;
പിന്നീട് എന്തു സംഭവിച്ചു?

‘‘ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനാണ് എന്ന് കൊൽക്കത്തയിലെ പ്രമുഖ മദ്യനിർമാതാക്കളായ ഐ എഫ് ബി കമ്പനി പറയുന്നു. 40 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ് വാങ്ങുന്നത് എന്നാണ് പുറത്തു പറയുന്നതെങ്കിലും യഥാർത്ഥത്തിൽ ഇതിന്റെ നാലിരട്ടി യെങ്കിലും തുകയ്‌ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഐ എഫ് ബി വാങ്ങിയിട്ടുണ്ട് എന്നാണ് ചില 'റിലയബിൾ സോഴ്‌സുകൾ' ഈ ലേഖകനോട് പറഞ്ഞത്‌’’ ഇലക്ടറൽ ബോണ്ടുകളുടെ പിന്നാമ്പുറങ്ങളെക്കുറിച്ചുള്ള അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം.

ഇലക്ടറൽ ബോണ്ട്:
കള്ളപ്പണത്തിന്റെ
സർക്കാർ മേൽവിലാസം- 2

പിടിമുറുക്കുന്ന
കോർപറേറ്റ് സ്വാധീനം

ലക്ടറൽ ബോണ്ടുകളുടെ 19-ാം ഘട്ട വിൽപ്പന 2022 ജനുവരി ഒന്നു മുതൽ പത്തുവരെ തീയതികളിലാണ് നടന്നത്. 1213 കോടി രൂപയുടെ ബോണ്ടുകളാണ് അത്തവണ വിറ്റത്‌. ഇതുവരെയുണ്ടായ ബോണ്ട് വിൽപനയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിൽപനയായിരുന്നു ഇത്‌.
ഒന്നാം സ്ഥാനം, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ഏപ്രിൽ ഒന്നു മുതൽ 10 വരെ നടന്ന വിൽപനയിൽ നിന്നായിരുന്നു. 19-ാം ഘട്ടത്തിൽ വിറ്റ 1213 കോടി രൂപയിൽ ഏറ്റവും ഉയർന്ന വിൽപന 489.6 കോടി രൂപ വിറ്റ എസ് ബി ഐ മുംബൈ ബ്രാഞ്ചിലായിരുന്നു. തൊട്ടുപിന്നിൽ ചെന്നൈ- 227 കോടി രൂപ, കൊൽക്കത്ത 157 കോടി രൂപ, ഹൈദരാബാദ് 126 കോടി രൂപ എന്നിങ്ങനെ പോകുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് അക്കാലയളവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള സംഭാവനകളായിരുന്നു അവ എന്നത് വ്യക്തം. 2021 ഏപ്രിലിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനുമുമ്പ് 2021 ജനുവരി ഒന്നു മുതൽ പത്തുവരെ നടന്ന ബോണ്ട് വില്‌പ്പനയിലൂടെ ലഭിച്ചത്‌695 കോടി രൂപ.

രാജ്യത്തെ 29 എസ് ബി ഐകളിലൂടെയാണ് ഇലക്ടറൽ ബോണ്ടുകളുടെ വിൽപന നടക്കുന്നത്‌. 2021-ൽ പക്ഷേ 12 ശാഖകളിലൂടെയാണ് വിൽപന ഏകോപിപ്പിക്കപ്പെട്ടത്‌. അന്ന് ആകെ വിറ്റത് 2068 ബോണ്ടുകൾ. അതിൽ ഒരു കോടി രൂപ വീതം മൂല്യമുള്ള ബോണ്ടുകൾ 1156 എണ്ണം. 536 ബോണ്ടുകൾ 10 ലക്ഷം രൂപയുടേതും 365 എണ്ണം ഒരു ലക്ഷം രൂപയുടേതും, പത്തെണ്ണം പതിനായിരം രൂപ ബോണ്ടുകളും, ഒരെണ്ണം മാത്രം ആയിരം രൂപയുടെ ബോണ്ടുമാണ് വിൽക്കപ്പെട്ടത്‌. കഴിഞ്ഞ അഞ്ച് വർഷവും വിറ്റഴിച്ച ഇലക്ടറൽ ബോണ്ടുകളിൽ 92 ശതമാനവും ഒരു കോടി രൂപ വീതം ഉള്ളവയായിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടായി ആയിരങ്ങളോ പതിനായിരങ്ങളോ ലക്ഷങ്ങളോ പോര, കോടിക്കണക്കിന് രൂപ നൽകിക്കൊണ്ടു മാത്രമേ വ്യവസ്ഥിതിയുടെ നടത്തിപ്പുകാരെ തങ്ങളുടെ വരുതിക്കുനിർത്താൻ കഴിയൂ എന്ന് അറിയേണ്ടവർക്കെല്ലാം നന്നായി മനസ്സിലായിട്ടുണ്ട്‌. ഇലക്ടറൽ ബോണ്ട് വിൽപനയുടെ പാഠങ്ങൾ വിലയിരുത്തുമ്പോൾ നമുക്കും അതാണ് തിരിച്ചറിയാനാവുക.

രാജ്യത്തെ 29 എസ് ബി ഐകളിലൂടെയാണ് ഇലക്ടറൽ ബോണ്ടുകളുടെ വിൽപന നടക്കുന്നത്‌.

മോദി സർക്കാരിലെ കോർപ്പറേറ്റ് കാര്യ സഹമന്ത്രി റാവു ഇന്ദ്രജിത് സിങ് 2022 ഫെബ്രുവരി 22-ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ ഒരു വിശദീകരണത്തിൽ വ്യക്തമാക്കിയത്‌, അതുവരെ 19 ഘട്ടങ്ങളിലായി നടന്ന ഇലക്ടറൽ ബോണ്ട് വിൽപനയിലൂടെ 9208.24 കോടി രൂപയുടെ ബോണ്ടുകളാണ് വ്യക്തികളും സ്ഥാപനങ്ങളും വാങ്ങുകയും, പിന്നാലെ അത് രാഷ്ട്രീയ പാർട്ടികൾക്ക് നൽകുകയും ചെയ്‌തത് എന്നാണ്‌. ദേശീയ ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പ് നൽകിയ പ്രകാരമുള്ള കണക്കാണ് ഇതെന്നും കോർപ്പറേറ്റ് കാര്യ സഹമന്ത്രി പറഞ്ഞു.

ആയിരം മുതൽ ഒരു കോടി രൂപ വരെ മൂല്യമുള്ള ഇലക്ടറൽ ബോണ്ട് നിശ്ചിത സമയങ്ങളിൽ ആർക്കും നിർദിഷ്ട എസ് ബി ഐ ശാഖകളിൽ നിന്ന് വാങ്ങാം. എന്നിട്ടിത് തൊട്ടടുത്ത 15 ദിവസത്തിനകം തനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിക്ക് കൈമാറിക്കൊള്ളണം. 15 ദിവസം കഴിഞ്ഞാൽ ബോണ്ട് കാലഹരണപ്പെടും. പിന്നീട് മാറിയെടുക്കാനും കഴിയില്ല. പണം മുടക്കി ബോണ്ട് വാങ്ങുന്നയാളിനെ സംബന്ധിച്ച യാതൊരു വിവരങ്ങളും ബോണ്ടിലുണ്ടാകില്ല. ദാതാവിന്റെ അജ്ഞാതത്വം പരിപൂർണമായും സംരക്ഷിച്ചുകൊണ്ടാണ് ബോണ്ടുകൾ വിൽക്കുക.

കേന്ദ്ര കോർപ്പറേറ്റ് കാര്യ സഹമന്ത്രി റാവു ഇന്ദ്രജിത് സിങ്

അനിയന്ത്രിതമായ കോർപറേറ്റ് സ്വാധീനം ക്ഷണിച്ചുവരുത്തി, നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ജനാധിപത്യപരമായ ഉള്ളടക്കത്തെ സമ്പന്നർക്ക് അനുകൂലമാക്കുന്നതിനുള്ള നയവും നടപടിയും വഴിയുമാണ് ഈ ഇലക്ടറൽ ബോണ്ട് പദ്ധതി. രാഷ്ട്രീയ പാർട്ടികൾക്ക് നൽകപ്പെടുന്ന തെരഞ്ഞെടുപ്പ് സംഭാവനകളുടെ സുതാര്യതയെ പാടേ പരാജയപ്പെടുത്തുകയാണ് ഇലക്ടറൽ ബോണ്ടുകളിലൂടെ. വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്ക് അവയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ കോടികണക്കിന് രൂപ ഭരണകക്ഷിക്ക് സംഭാവന നൽകുന്നതിനും അതിലൂടെ വഴിവിട്ട ആനുകൂല്യങ്ങൾ തങ്ങൾക്ക് തരപ്പെടുത്തുന്നതിനുമുള്ള പരസ്‌പര സഹായ പദ്ധതികളായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്നതു തന്നെയാണ് മുഖ്യ വിമർശനം.

രാഷ്ട്രീയ പാർട്ടികൾക്ക് ആരിൽ നിന്നൊക്കെ എത്രത്തോളം രൂപ തെരഞ്ഞെടുപ്പ് സംഭാവനയായി കിട്ടിയിട്ടുണ്ട് എന്നത് അറിയാനുള്ള അവകാശം ഇലക്ടറൽ ബോണ്ട് വന്നതോടെ ഇല്ലാതെയായി.

തെരഞ്ഞെടുപ്പ് സംഭാവനകളെ സംബന്ധിച്ച് കൂടുതൽ സുതാര്യത സ്ഥാപിക്കുക എന്നതാണ്‌ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ, ബോണ്ട് വാങ്ങുന്നവരുടേയും അവർ ഏതു പാർട്ടിക്ക് എത്ര രൂപ വീതം സംഭാവനകൾ നൽകുന്നു എന്നതിന്റെയും പേരു വിവരങ്ങളും മറ്റ് വിശദാംശങ്ങളും പരസ്യപ്പെടുത്തുകയാണ് നിശ്ചയമായും ചെയ്യേണ്ടത്‌. പതിനായിരക്കണക്കിന് ഓഹരി ഉടമകൾ ഉള്ള വലിയൊരു കോർപറേറ്റ് കമ്പനി ഇലക്ടറൽ ബോണ്ടുകളിലൂടെ ഏതൊക്കെ പാർട്ടികൾക്ക് എത്രകോടി രൂപ വീതം തെരഞ്ഞെടുപ്പ് സംഭാവന കൊടുത്തു എന്ന് ഓഹരി ഉടമകൾക്ക് അറിയാനുള്ള അവകാശം, ബോണ്ട് പദ്ധതി നിലവിൽ വന്നതോടെ ഇല്ലാതെയായി. അതുപോലെ തന്നെയാണ് പൗരരെ സംബന്ധിച്ച്, രാഷ്ട്രീയ പാർട്ടികൾക്ക് ആരിൽനിന്നൊക്കെ എത്രത്തോളം രൂപ തെരഞ്ഞെടുപ്പ് സംഭാവനയായി കിട്ടിയിട്ടുണ്ട് എന്നത് അറിയാനുള്ള അവകാശവും ഇല്ലാതെയായി എന്ന യാഥാർഥ്യവും. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്ന ആളുകളുടേയും സ്ഥാപനങ്ങളുടേയും പേരുവിവരങ്ങൾ ഇത്തരത്തിൽ അജ്ഞാതമായി നിലനിലനിർത്തിക്കൊണ്ടുപോകുന്ന ഈ സാഹചര്യമാണ് രാജ്യത്തുടനീളം സമാന്തര സമ്പദ്‌വ്യവസ്ഥയെ കരുത്തേറ്റി കള്ളപ്പണത്തിന്റെ കുത്തൊഴുക്കിന് വഴിതെളിക്കുന്നത്‌. അടിസ്ഥാനപരമായി ഇത് ജനാധിപത്യത്തിന്റെ ആത്മാവിനെത്തന്നെയാണ് കുത്തിക്കീറി മാരകമായി മുറിവേൽപ്പിക്കുന്നത്‌.

രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ ഡൊണേഷൻ കണക്ക്, (അവലംബം BBC)

ഇതിനൊരു മറുപുറം കൂടിയുണ്ട്‌. ഇലക്ടറൽ ബോണ്ടുകളുടെ വിൽപനയും ധനവിനിമയവും സംബന്ധിച്ച്‌, ദേശീയ ധനമന്ത്രാലയത്തിനും റിസർവ്വ്‌ബാങ്കിനും യഥാസമയങ്ങളിൽ വിശദമായ ലിസ്റ്റുകളും റിപ്പോർട്ടുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ കൃത്യമായ ഇടവേളകളിൽ നൽകാറുണ്ട് എന്നതാണത്‌. ഇത് തങ്ങൾക്കും ലഭ്യമാക്കണം എന്ന്‌പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വിവരാവകാശ പ്രവർത്തകരും മറ്റും നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും അതൊന്നും, ബന്ധപ്പെട്ടവർ നാളിതുവരെ പരിഗണിക്കുക പോലും ചെയ്‌തിട്ടില്ല. 2018-ൽ ഇത്തരമൊരു അപേക്ഷ വെങ്കിടേഷ് നായിക് എന്ന വിവരാവകാശ പ്രവർത്തകൻ കേന്ദ്ര വിവരാവകാശ കമീഷനിൽ നൽകിയതിന് മറുപടി ലഭിച്ചത് 2021 ഡിസംബറിലാണ്‌. അന്നത്തെ സെൻട്രൽ ഇൻഫർമേഷൻ കമീഷണർ സുരേഷ്‌ചന്ദ്ര നൽകിയ പ്രസ്‌തുത മറുപടി, ''താങ്കൾ ഉന്നയിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതാകയാൽപരമോന്നത കോടതിയുടെ തീർപ്പ് വരുന്നതുവരെ താങ്കളുടെ അപേക്ഷയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പ്രസക്തമല്ല'' എന്നായിരുന്നു.

സ്വിസ് ബാങ്കിലും നികുതിരഹിത പണസങ്കേതങ്ങളായ മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലും ഉൾപ്പെടെ സൂക്ഷിച്ചിട്ടുള്ള ഇന്ത്യൻ കള്ളപ്പണത്തിന്റെ അളവ് 375 ലക്ഷം കോടി രൂപ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്‌.

കള്ളപ്പണത്തിന്റെ
പിന്നാമ്പുറക്കഥകൾ

ഇതുമായി ബന്ധപ്പെട്ടതോ സമാനമോ ആയ മറ്റൊരു പ്രതിഭാസമാണ് ഇന്ത്യയിലെ കള്ളപ്പണത്തിന്റെ പ്രശ്‌നം. യഥാർത്ഥത്തിൽ കള്ളപ്പണം എന്നൊന്ന് ഇല്ല. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെക്യൂരിറ്റി പ്രസിൽനിന്ന് പ്രിന്റ് ചെയ്‌തിറക്കുന്ന പണം എല്ലാം തന്നെ തികച്ചും ഒറിജിനലാണ്‌. ബോധപൂർവ്വം രൂപപ്പെടുത്തുന്ന ചില താൽപര്യങ്ങൾക്കുവേണ്ടി കറൻസി നോട്ടുകൾ ഒളിപ്പിച്ച് /പൂഴ്‌ത്തി വെച്ച്‌, ഒരു സമാന്തര സമ്പദ്‌ധാരയുടെ വക്താക്കളും പ്രയോക്താക്കളുമായി ചിലർ മാറും. ഇവരാണ് 'ബ്ലാക് മണി' അഥവാ കള്ളപ്പണത്തിന്റെ വാഹകരും സംരക്ഷകരുമായി നിലകൊള്ളുന്നവർ. നമുക്ക് ലഭിക്കുന്ന വരുമാനത്തിൽ നികുതി അടയ്‌ക്കാതെ നമ്മൾ കൈവശം വയ്‌ക്കുന്ന പണമാണ് കള്ളപ്പണം. കാലാകാലങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന പ്രകാരം ഒരു നിശ്ചിത തുകയ്‌ക്കുമേൽ വാർഷിക വരുമാനമുള്ള എല്ലാവരും, സർക്കാരിന് സ്വന്തം വരുമാനത്തിൽനിന്ന് വരുമാന നികുതി നൽകണം. എന്നാൽ അത് അടയ്‌ക്കാൻ കൂട്ടാക്കാതെ സ്ഥിരമായി നികുതി വെട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പ്രബലന്മാരുടെ ഒരു സമൂഹം രാജ്യത്ത് വളരെ സജീവമാണ്‌. തങ്ങളുടെ യഥാർത്ഥ വരുമാനവും അതിന്റെ സ്രോതസും ഒളിച്ചുവെച്ച് സർക്കാരിന് ഇവർ എല്ലാ വർഷവും കള്ളക്കണക്ക് സമർപ്പിക്കും. ഇത്തരക്കാർ ചേർന്ന് നിലനിർത്തിപ്പോരുന്ന ഈ കള്ളപ്പണ വ്യവസ്ഥ ഇപ്പോൾ ഒരു സമാന്തര സാമ്രാജ്യമാണ്‌. രാജ്യത്തിനകത്തും പുറത്തും ആഴത്തിൽ വേരുപടർത്തി കള്ളപ്പണം എപ്പോഴും അതിന്റെ പുതിയ ലോകങ്ങൾ നിർമിച്ചുകൊണ്ടിരിക്കുന്നു. സ്വകാര്യ പ്രാക്‌റ്റീസ് നടത്തുന്ന സർക്കാർ ഡോക്ടർമാരും സ്വകാര്യ ട്യൂഷനെടുക്കുന്ന സർക്കാർ- എയ്‌ഡഡ് സ്‌ക്കൂൾ / കോളജ് അധ്യാപകരും ഉൾപ്പെടെയുള്ള ജീവനക്കാരും ചെറുകിട, ഇടത്തരം, സമ്പന്ന, അതിസമ്പന്ന, കോർപറേറ്റ്, സംരംഭകരിൽ പെട്ട ജനവിഭാഗങ്ങളിലെ ചിലരുമൊക്കെ തങ്ങൾക്ക്ലഭിക്കുന്ന വരുമാനത്തിന് കൃത്യമായി നികുതി അടയ്‌ക്കാറില്ല. അതേസമയം കുറേപ്പേർ അടുത്ത കാലത്തായി നികുതി അടച്ചുപോരുന്നുമുണ്ട്.

2017-2023 കാലത്ത് ഇന്ത്യയിലെ കള്ളപ്പണത്തിന്റെ കണക്കുകൾ

കള്ളപ്പണം, വല്ലാതെ കുമിഞ്ഞുകൂടുന്നു എന്ന് കാണുമ്പോൾ ഭരണാധികാരികൾ തന്നെ അതിനെ വെള്ളപ്പണമാക്കാനുള്ള ഒത്താശ ചെയ്‌തുകൊടുക്കും; കോർപ്പറേറ്റുകളുടേയും, അതിസമ്പന്നരുടേയും, സമ്പന്നരുടേയും മറ്റും സാമ്പത്തിക ബാധ്യതകൾ ബാങ്കുകളിൽ അടപ്പിക്കാതെ. കിട്ടാക്കടത്തിന്റെ പരിധിക്കകത്താക്കി വായ്‌പ എഴുതിത്തള്ളുന്ന കലാപരിപാടി അങ്ങനെയാണ് ആവിഷ്‌കരിച്ച് നടപ്പാക്കപ്പെട്ടത്.

ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ എം എഫ്‌) എന്ന അന്താരാഷ്ട്ര നാണയനിധിയുടെ വെളിപ്പെടുത്തൽ പ്രകാരം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 50% കള്ളപ്പണമാണ് എന്നാണവർ അടുത്തിടെ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ലോകബാങ്ക് പറയുന്നതാകട്ടെ, ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 20 ശതമാനമാണ് കള്ളപ്പണം എന്നാണ്‌. എന്നാൽ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയായ സി ബി ഐയുടെ കണക്കുകൾ പറയുന്നതാകട്ടെ, 25 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ കള്ളപ്പണത്തിന്റെ അളവ് എന്നാണ്‌. ഞെട്ടിപ്പിക്കുന്ന മറ്റൊരു ആഗോളകണക്കും ഇതിനിടെ പുറത്തുവരികയുണ്ടായി. 2021 ജൂൺ വരെ ശേഖരിക്കപ്പെട്ട പ്രസ്‌തുത കണക്ക് പ്രകാരം, സ്വിസ് ബാങ്കിലും നികുതിരഹിത പണസങ്കേതങ്ങളായ (ടാക്സ് ഹവെൻ) മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലും ഉൾപ്പെടെ സൂക്ഷിച്ചിട്ടുള്ള ഇന്ത്യൻ കള്ളപ്പണത്തിന്റെ അളവ് 375 ലക്ഷം കോടി രൂപ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്‌.

IMF കണക്ക് പ്രകാരം സ്വിസ് ബാങ്കിലുള്ള ഇന്ത്യൻ നിക്ഷേപങ്ങളുടെ കണക്കും വ്യത്യസ്ത കാലങ്ങളിലെ ശതമാന കണക്കും

വെളിവാക്കപ്പെടുന്ന
ഹിഡൻ അജണ്ടകൾ

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മദ്യനിർമാതാക്കളാണ് ഐ എഫ് ബി ആഗ്രോ ഇൻഡസ്‌ട്രീസ് ലിമിറ്റഡ് എന്ന കമ്പനി. റം, ബ്രാൻഡി, വിസ്‌കി, വോഡ്‌ക, ജിൻ, ബിയർ എന്നിവയുടെ നിർമാണത്തിൽ പൂർവ്വേന്ത്യയിലെ ഏറ്റവും പ്രാമാണികരാണ് ഈ കമ്പനി. മദ്യത്തിന് ദേശീയ / സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന വിവിധയിനം നികുതികളുടെ പേരിൽ ചില ഉദ്യോഗസ്ഥ വിഭാഗങ്ങളിൽ നിന്നും രാഷ്ട്രീയക്കാരിൽനിന്നും അവരുടെയൊക്കെ പിണിയാളുകളിൽ നിന്നും, എന്തിന് ഗുണ്ടകളിൽ നിന്നുവരെ പലപ്പോഴും തങ്ങൾക്ക് പലവിധ സമ്മർദ്ദങ്ങളും ഭീഷണികളും മനഃപീഡകളും ഉണ്ടാകുന്നതായി കമ്പനിക്കാർ, അധികൃതർക്ക് പരാതികൾ നൽകുകയുണ്ടായി. പക്ഷേ, യതൊരു പരിഹാരവും ഉണ്ടായില്ല. സഹികെട്ട് ഒടുവിൽ ഐ എഫ് ബി ആഗ്രോ ഇൻഡസ്‌ട്രീസ് ലിമിറ്റഡിന്റെ ചീഫ്‌ഫിനാൻസ് ഓഫീസർ രാഹുൽ ചൗധരി ഇക്കാര്യങ്ങളാകെ വിശദീകരിച്ച് അന്നത്തെ ബംഗാൾഗവർണർ ജഗ്‌ദീപ് ധൻകർ (ഇപ്പോൾ ഉപരാഷ്ട്രപതി ), മുഖ്യമന്ത്രി മമത ബാനർജി, ധന, എക്‌സൈസ്‌, വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രിമാർ എന്നിവർക്ക് പരാതികൾ നൽകി.

സമീപവർഷങ്ങളിൽ തങ്ങൾക്കെതിരെ തുടർച്ചയായി അയക്കുന്ന നോട്ടീസുകൾ, അകാരണമായ റെയ്‌ഡുകൾ, ഡിസ്റ്റിലറികൾക്കും ബോട്ടിലിങ് പ്ലാന്റുകൾക്കും മുമ്പിൽ ബോധപൂർവ്വം സൃഷ്ടിക്കുന്ന വാക്കേറ്റങ്ങളും കയ്യേറ്റങ്ങളും മറ്റ് തരത്തിലുള്ള സംഘർഷശ്രമങ്ങളുമെല്ലാം രാഹുൽ ചൗധരി തന്റെ പരാതിയിൽ അക്കമിട്ട് അവതരിപ്പിച്ചിട്ടുണ്ട്‌. എന്നാൽ, ഗവർണറോ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇതേപ്പറ്റി പ്രാഥമികമായിപ്പോലും ഒരുവിധ അന്വേഷണത്തിനും തുനിഞ്ഞതുപോലുമില്ല.

കൊൽക്കത്തയിലെ പ്രമുഖ മദ്യനിർമാതാക്കളായ ഐ എഫ് ബി ആഗ്രോ ഇൻഡസ്‌ട്രീസ് ലിമിറ്റഡ് എന്ന കമ്പനി, ദേശീയ / സംസ്ഥാന എക്‌സൈസ് വകുപ്പുകളുടെ റെയ്‌ഡുകൾ ഉണ്ടാകാതിരിക്കുന്നതിനുള്ള പ്രൊട്ടക്ഷൻ മണിയായി 40 കോടി രൂപ ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നതിനായി ചെലവഴിക്കാൻ തിരുമാനിച്ച കാര്യം 2022 മാർച്ച് 31-ന് ചേർന്ന ഡയറക്ടർ ബോർഡ് മീറ്റിങ്ങിൻ്റെ മിനിറ്റ്‌സിൽ എഴുതിവെച്ചു.

പ്രശ്‌നപരിഹാരത്തിന് ഇനി ഏത് മാർഗം തേടും എന്ന് ഐ എഫ് ബി ആഗ്രോ ഇൻഡസ്‌ട്രീസ് ഇതോടെ വിശദമായ ആലോചനകൾ തുടങ്ങി. ദേശീയ / സംസ്ഥാന സർക്കാരുകളെ പിണക്കിയും അവരുടെ ഹിറ്റ്‌ലിസ്റ്റിൽ ഇടംപിടിച്ചും ബിസിനസ് നടത്തിക്കൊണ്ടു പോകാനാവില്ല. അതേസമയം, ചോദിക്കുമ്പോളൊക്കെ പണം കൊടുത്ത് തൃപ്‌തിപ്പെടുത്താനും കഴിയില്ല. ഫലപ്രദമായ പോംവഴി ആലോചിച്ച് ഐ എഫ് ബി മദ്യമുതലാളിമാർ പലവട്ടം ഡയറക്ടർ ബോർഡ് യോഗം ചേർന്നു. ഏറ്റവും ഒടുവിൽ 2022 മാർച്ച് 31-ന് ചേർന്ന ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ, തങ്ങൾ നേരിടുന്ന ഗുരുതര പ്രതിസന്ധി മറികടക്കാൻ അവർ ഒരു വഴി കണ്ടെത്തുകതന്നെ ചെയ്‌തു. ഇലക്ടറൽ ബോണ്ട് സ്‌കീമിൽ പങ്കാളികളായിക്കൊണ്ടുമാത്രമേ ഈ വിഷമവൃത്തത്തിൽനിന്ന് പുറത്തുകടക്കാനാകൂ എന്ന് ബോർഡ് മീറ്റിങ് വിലയിരുത്തി. അവർക്ക് ലഭിച്ച ലീഗൽ- പൊളിറ്റിക്കൽ അഡ്വൈസും അതായിരുന്നു. ഇതേത്തുടർന്ന് 40 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ ഉടൻ വാങ്ങി രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിലേക്ക് നല്‌കണമെന്നും ഐ എഫ് ബി ഡയറക്ടർ ബോർഡ് യോഗം തീരുമാനമെടുത്തു. കമ്പനിക്കെതിരെ ഭാവിയിൽ ദേശീയ / സംസ്ഥാന എക്‌സൈസ് വകുപ്പുകളുടെ റെയ്‌ഡുകൾ ഉണ്ടാകാതിരിക്കുന്നതിനുള്ള പ്രൊട്ടക്ഷൻ മണി ആയിട്ടാണ് 40 കോടി രൂപ ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നതിനായി ചെലവഴിക്കാൻ നിശ്ചയിച്ചതെന്നു തന്നെ ഐ എഫ് ബി ആഗ്രോ ഇൻഡസ്‌ട്രീസ് ഡയറക്ടർ ബോർഡ് മീറ്റിങ്ങിൻ്റെ മിനിറ്റ്‌സിൽ അവർ എഴുതിവെച്ചു.

ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും, രാജ്യം ഭരിക്കുന്ന ബി ജെ പിയും ആഗ്രഹിച്ചത്ര വലിപ്പത്തിലുള്ള ഫണ്ട് ഐ എഫ് ബി കമ്പനി ഇലക്ഷനു നൽകിയിരുന്നില്ലത്രെ! റെയ്ഡുകളുടെ ഡിഫാക്റ്റോ കാരണവും അതുതന്നെയായിരുന്നു.

2022 ഏപ്രിൽ ഒന്നിന് ബോംബെ സ്റ്റോക്ക് എക്‌സേഞ്ച് (ബി എസ് ഇ), നാഷണൽ സ്റ്റോക്ക് എക്‌സേഞ്ച് (എൻ എസ് ഇ) എന്നിവയ്‌ക്ക് നൽകിയ അസാധാരണമായ ഒരു വെളിപ്പെടുത്തലിൽ, കമ്പനി നേരിടുന്ന എക്‌സൈസ് സംബന്ധമായ പ്രതികൂല പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന്‌, ഇലക്ടറൽ ബോണ്ടുകൾ വാങ്ങി അത് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി നൽകാൻ തൊട്ടുതലേന്ന് (മാർച്ച് 31-ന്‌) ചേർന്ന തങ്ങളുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചതായാണ് ഐ എഫ് ബി ആഗ്രോ ഇൻഡസ്‌ട്രീസ് വെളിപ്പെടുത്തിയത്‌. അന്നുതന്നെ ഈ വിവരം ഐ എഫ് ബി ഒരു പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചെങ്കിലും ഏപ്രിൽ നാല്‌, അഞ്ച് തീയതികളിലായാണ് ദൃശ്യ- അച്ചടി മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചത്‌.

സുപ്രീംകോടതിയിലെ സീനിയർ ലോയറും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സ് (എഡിആർ) എന്ന സംഘടനയ്‌ക്കുവേണ്ടി ഇലക്ടറൽ ബോണ്ട് സ്‌കീമിനെതിരെ നിയമപോരാട്ടം നടത്തുകയും ചെയ്യുന്ന അഡ്വ. പ്രശാന്ത് ഭൂഷൺ ഏപ്രിൽ അഞ്ചിന് ഐ എഫ് ബി വിഷയം ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ കൃഷ്‌ണമുരാരി, ഹിമ കോഹ്‍ലി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെത്തന്നെ വളച്ചൊടിക്കുകയാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ അടിയന്തിര ഇടപെടൽ തേടിക്കൊണ്ട് സമർപ്പിക്കപ്പെട്ട ഹർജികൾ എപ്പോഴും മാറ്റിവെയ്‌ക്കപ്പെടുകയാണ്‌, പ്രശാന്ത് ഭൂഷൺ പരമോന്നത കോടതിയിൽ പരിഭവത്തോടെ പരാതി പറഞ്ഞു.

''കോവിഡ്‌- 19 മൂലമാണ് ഇതടക്കം ഒട്ടേറെ കേസുകൾ പലതവണകളായി മാറ്റിവെയ്‌ക്കപ്പെട്ടത്‌. ഇനി ഒട്ടും വൈകാതെ ഇലക്ടറൽ ബോണ്ട് കേസ് അടിയന്തിര പ്രാധാന്യത്തോടെ ഈ കോടതി വിശദമായി കേൾക്കുന്നതാണ്'' എന്നാണ് ഭൂഷണിന്റെ പരാതിക്ക് അന്നത്തെ ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്‌.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സ് (എ ഡി ആർ) എന്ന സംഘടനയ്‌ക്കുവേണ്ടി ഇലക്ടറൽ ബോണ്ട് സ്‌കീമിനെതിരെ നിയമപോരാട്ടം നടത്തുന്ന അഡ്വ. പ്രശാന്ത് ഭൂഷൺ

അറിയാക്കഥകളും
ചില ഇന്നർ ഡീലിങ്‌സും

കൊൽക്കത്തയിലെ ഐ എഫ് ബി ആഗ്രോ ഇൻഡസ്‌ട്രീസ് ലിമിറ്റഡ് എന്ന കമ്പനി പത്രക്കുറിപ്പിലൂടെ നടത്തിയ അസാധാരണ വെളിപ്പെടുത്തൽ സമാനതകളില്ലാത്തതാണ്‌. 1700 കോടി രൂപ ആസ്‌തിയുള്ള പ്രസ്ഥാനമാണ് ഐ എഫ് ബി ആഗ്രോ. എക്‌സൈസ് സംബന്ധമായി തങ്ങൾ നേരിടുന്ന പ്രതികൂലപ്രശ്‌നങ്ങൾ തരണം ചെയ്യാനാണ് 40 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് നൽകാൻ കമ്പനി ബോർഡ്‌തീരുമാനിച്ചത്‌. ഇക്കാര്യം വിശദമാക്കിക്കൊണ്ടുള്ള പ്രസ് റിലീസ് 2022 ഏപ്രിൽ ഒന്നിന് ഉച്ചയ്‌ക്ക് മുമ്പുതന്നെ മാധ്യമങ്ങൾക്കെല്ലാം കമ്പനി ലഭ്യമാക്കുകയും ചെയ്തു. എന്നാൽ, മാധ്യമങ്ങൾ തങ്ങളുടെ പ്രേക്ഷകർക്ക് / വായനക്കാർക്ക് ഈ വിവരം നൽകിയത് ഏപ്രിൽ നാലിനും അഞ്ചിനും മാത്രം. മാധ്യമങ്ങളുടെ പ്രൊഫഷണലിസത്തിനോ ജനാധിപത്യ ബോധത്തിനോ നീതിബോധത്തിനോ നിരക്കാത്ത ഈ നിലപാട് എന്തുകൊണ്ട് മാധ്യമപ്രവർത്തകർക്കും മാധ്യമ മാനേജ്‌മെന്റുകൾക്കും സ്വീകാര്യമാകുന്നു എന്ന ചോദ്യം പക്ഷേ എവിടെയും ഉണ്ടായില്ല.

കള്ളപ്പണ വേട്ടക്കിറങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രിയും പരിവാരങ്ങളും എന്ന് ആവർത്തിച്ച്‌പറയുമ്പോഴും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും നമ്മുടെ മുന്നിലേക്ക് വീണ്ടും വീണ്ടും കടന്നുവരുന്നുണ്ട്‌.

ഉയരേണ്ടിയിരുന്ന, മറ്റൊരു പ്രധാന ചോദ്യവും ആരും ചോദിച്ചില്ല. ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനാണ് എന്ന് കമ്പനിയുടെ പത്രക്കുറിപ്പിൽ കൃത്യമായി പറയുന്നുണ്ട്‌. ഇങ്ങനെയൊരു റിലീസ് വായിക്കുന്ന ഏതൊരു മാധ്യമപ്രവർത്തകന്റെയും ജിജ്ഞാസ ആദ്യം ഉണരേണ്ടത് ഇലക്ടറൽ ബോണ്ടുകളും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ അവിശുദ്ധമായ എന്തോ ഒന്നുണ്ടല്ലോ എന്ന ആലോചനയിലേക്കും അതിന്റെ വിശദാംശങ്ങൾ എന്തൊക്കെ എന്ന അന്വേഷണത്തിലേക്കുമാണ്‌. തൊഴിൽപരമായി പുലർത്തേണ്ടുന്ന സത്യസന്ധതയുടെ പേരിൽ പോലും ആരുംതന്നെ അത്തരമൊരു അന്വേഷണത്തിലേക്ക് കടന്നതിന്റെ യാതൊരു സൂചനയും ഏതായാലും ഇതുവരെ പുറത്തുവന്നതായി കാണാൻ സാധിച്ചിട്ടില്ല.

40 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ് വാങ്ങുന്നത് എന്നാണ് പുറത്തു പറയുന്നതെങ്കിലും യഥാർത്ഥത്തിൽ ഇതിന്റെ നാലിരട്ടി യെങ്കിലും തുകയ്‌ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഐ എഫ് ബി വാങ്ങിയിട്ടുണ്ട് എന്നാണ് ചില 'റിലയബിൾ സോഴ്‌സുകൾ' ഈ ലേഖകനോട് പറഞ്ഞത്‌.

കൊൽക്കത്തയിലെ ഐ എഫ് ബി ആഗ്രോ ഇൻഡസ്‌ട്രീസ് ലിമിറ്റഡ് കമ്പനിയുടെ ആസ്ഥാനം

മദ്യക്കമ്പനിയായ ഐ എഫ് ബി നേരിടുന്ന പ്രശ്‌നങ്ങൾ ബംഗാൾ സംസ്ഥാനത്തിനുള്ളിൽ നിന്നാണ്‌. അപ്പോൾ ആ സംസ്ഥാനത്തിനകത്താണ് പരിഹാര നടപടികളും ഉണ്ടാകേണ്ടത്‌. ബംഗാളിൽ 2021 മാർച്ചിലും ഏപ്രിലിലുമായാണ് അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്‌. ഇലക്ടറൽ ബോണ്ട് എന്ന തെരഞ്ഞെടുപ്പ് ഫണ്ടിങ്‌, രണ്ടര വർഷം മുമ്പത്തെ ബംഗാൾ ഇലക്ഷന് സമയത്താണ് അവിടെ നടക്കേണ്ടത്‌. എന്തായാലുമത് നിശ്ചയമായും കഴിഞ്ഞ സാമ്പത്തിക വർഷത്തിലല്ല സംഭവിച്ചിരിക്കുക. പക്ഷേ നോക്കൂ, 40 കോടി രൂപ മുടക്കി ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ ഐ എഫ് ബി ബോർഡ് യോഗം തീരുമാനിച്ചത് 31 മാർച്ച്‌2022-ന്‌. എക്‌സൈസ് റെയ്‌ഡുകൾ ഇനി ഉണ്ടാകാതിരിക്കാനുള്ള പ്രൊട്ടക്ഷൻ മണി ആയിട്ടാണ് തങ്ങൾ ബോണ്ടുകൾ പർച്ചേസ് ചെയ്യുന്നതെന്ന് കമ്പനിയുടെ ബോർഡ് മീറ്റിങ് തന്നെ വ്യക്തമാക്കുന്നു. പ്രൊട്ടക്ഷൻ മണി ആർക്കാണ് നൽകുക? സാധാരണയായി ഭരണകക്ഷിക്കാണ് പ്രൊട്ടക്ഷൻ മണി കൊടുക്കേണ്ടത്‌. അപ്പോൾ ഈ കേസിൽ തൃണമൂൽ കോൺഗ്രസിനാണ് ഐ എഫ് ബി എന്ന കമ്പനി തങ്ങളുടെ തടി കേടാകാതിരിക്കാൻ വേണ്ടി നോക്കുകൂലി നൽകുന്നത്‌.

ഇലക്ടറൽ ബോണ്ട് പദ്ധതി തുടങ്ങി അഞ്ച് വർഷം കഴിഞ്ഞപ്പോൾ, ബോണ്ടുകളിലൂടെ ഇതുവരെ കിട്ടിയത് 13,000ൽ പരം കോടി രൂപ. ഇതിൽ, പകുതിയിലധികവും കിട്ടിയത് ബി ജെ പിക്കും.

അപ്പോൾ രണ്ടര വർഷം മുമ്പ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ബംഗാളിൽ, അതും കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷം ഇലക്ടറൽ ബോണ്ട് വാങ്ങിയിട്ട് ഭരണകക്ഷികൾ, തങ്ങൾക്ക് വേണ്ടി പണിയെടുക്കുന്നതിനുള്ള പ്രൊട്ടക്ഷന് മണിയായി ആ ബോണ്ടുകൾ കൈമാറിക്കൊണ്ട് നടത്തുന്നത് രാഷ്ട്രീയ യജമാന പ്രീതിക്കുവേണ്ടിയുള്ള ഡീൽ അല്ലാതെ മറ്റെന്താണ്‌? എന്നാൽ ഈ ഡീലിലെ 'ഇന്നർ ഡീലിങ്‌സിൽ' പിന്നെയും ചില ഉൾപ്പിരിവുകൾ നിലയെടുക്കുന്നുണ്ട്‌. അതിനും വളരെയേറെ പ്രാധാന്യമുണ്ട്‌. എക്‌സൈസ് നികുതികൾ എന്ന കെണി വെച്ചാണ് ഗവണ്മെൻ്റ് തങ്ങളെ കുടുക്കാൻ നോക്കുന്നത് എന്നാണ് ഐ എഫ് ബിയുടെ ആവലാതി. എക്‌സൈസ് വകുപ്പിന്റെ നികുതി നിരക്കുകൾ പൊടുന്നനെ പൊട്ടിമുളച്ചതല്ല. കാലാകാലങ്ങളായി അത് അവിടെത്തന്നെ ഉണ്ട്‌. ഇന്ത്യൻ നിർമ്മിത വിദേശമദ്യങ്ങൾക്ക്‌, നിർമാതാക്കൾ ദേശീയ /സംസ്ഥാന തലത്തിൽ അതത് സർക്കാരുകൾ നിശ്ചയിക്കുന്ന നിരക്കിൽ നികുതി നൽകാൻ നിയമപരമായിത്തന്നെ ബാധ്യസ്ഥരാണ്‌. അത് കൃത്യമായി അടച്ചില്ലെങ്കിൽ ഒരു കമ്പനിക്കും ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ പോലും സാധിക്കുകയില്ല. അപ്പോൾപ്പിന്നെ ഐ എഫ് ബി ആഗ്രോ ഇൻഡസ്‌ട്രീസ് എന്ന കമ്പനിക്കു മാത്രം പുതുതായി ഉണ്ടാകുന്ന പ്രതിസന്ധികളുടെ അടിസ്ഥാനമെന്താവാം?

ഇവിടെയും 'വില്ലൻ റോൾ' ഇലക്ടറൽ ബോണ്ടിനു തന്നെയാണ്‌. ഇലക്ടറൽ ബോണ്ടു പദ്ധതി നടപ്പിലാകുന്നത് 2018 ജനുവരി രണ്ട് മുതലാണ്‌. ഒരു വർഷം കഴിഞ്ഞ് 2019 ഏപ്രിൽ- മെയ്‌മാസങ്ങളിലാണ്‌, 17-ാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്‌. ബംഗാളിൽ ആകെയുള്ള 42 ലോക്‌സഭാ സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് 23- ഉം ബിജെപി 17-ഉം കോൺഗ്രസ് രണ്ടും സീറ്റുകളിൽ വിജയിച്ചു. എൽ ഡി എഫിനു സീറ്റൊന്നും ലഭിച്ചുമില്ല. ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും, രാജ്യം ഭരിക്കുന്ന ബി ജെ പിയും ആഗ്രഹിച്ചത്ര വലിപ്പത്തിലുള്ള ഫണ്ട് ഐ എഫ് ബി കമ്പനി ഇലക്ഷനു നൽകിയിരുന്നില്ലത്രെ! റെയ്ഡുകളുടെ ഡിഫാക്റ്റോ കാരണവും അതു തന്നെയായിരുന്നു. നേരിട്ട് തർക്കവിതർക്കങ്ങളൊന്നും ഉണ്ടായില്ലങ്കിലും തൃണമൂൽ /ബി ജെ പി പ്രവർത്തകർ പലവട്ടം വെവ്വേറെയായി ഐ എഫ് ബിയുടെ വിവിധ ഡിസ്റ്റിലറികൾക്കും ബോട്ടിലിങ് പ്ലാന്റുകൾക്കും മുമ്പിൽ സംഘർഷസമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു.

  ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും ഐ എഫ് ബി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഐ എഫ് ബി കമ്പനിക്ക് ബംഗാളിൽ ഏഴ് ബോട്ടിലിങ് പ്ലാന്റുകളുണ്ട്‌. കൽക്കത്ത, ഹൂഗ്‌ളി, ബർധമാൻ, മൂർഷിദാബാദ്‌, നോർത്ത് ബംഗാൾ, പുരുലിയ, സൗത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലാണവ. 2020 ജൂൺ 26 ന് സൗത്ത് 24 പർഗാനാസിലെ നൂർപൂർ പ്ലാന്റിന് നേരെ, 150 പേരടങ്ങുന്ന സായുധ ഗുണ്ടകളുടെ ആക്രമണമുണ്ടായി. സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിക്കുകയും മറ്റ് ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്‌ത ഗുണ്ടകൾ ഫാക്ടറിക്ക് വലിയ നാശ നഷ്ടങ്ങളുണ്ടാക്കി. വൈകാതെ ഈ പ്ലാന്റ് പൂട്ടി. ബംഗാൾ മുഖ്യമന്ത്രിക്കും, ധന, വാണിജ്യ, എക്‌സൈസ്‌, വ്യവസായ മന്ത്രിമാർക്കും ഇതു സംബന്ധിച്ച് കമ്പനി പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്ന് അന്നത്തെ സംസ്ഥാന ഗവർണർ ജഗ്‌ദീപ് ധൻകറിനും കമ്പനി പരാതി നൽകി. പക്ഷേ, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇടപെടലോ പരിഹാര നടപടികളോ ഉണ്ടായില്ല. ഇതോടെ വിഷയവുമായി കമ്പനി കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞതിനെ തുടർന്ന് പ്ലാന്റ് തുറക്കാൻ പ്രാദേശിക അധികാരികൾ അനുമതി നൽകി. പക്ഷേ ഫാക്ടറി ആക്രമിച്ച ആർക്കുമെതിരെ യാതൊരു കേസും രജിസ്റ്റർ ചെയ്യാൻ, അധികാരികൾ തയ്യാറായതുമില്ല. എന്തുകൊണ്ട്…?

അവസാനിക്കാത്ത
ചോദ്യങ്ങൾ

കള്ളപ്പണ വേട്ടക്കിറങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രിയും പരിവാരങ്ങളും എന്ന് ആവർത്തിച്ച്‌പറയുമ്പോഴും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും നമ്മുടെ മുന്നിലേക്ക് വീണ്ടും വീണ്ടും കടന്നുവരുന്നുണ്ട്‌. അതുകൊണ്ട് നമുക്കിനി മറ്റേതാനും ചോദ്യങ്ങളിലേക്കുകൂടി പോകാം.

ചോദ്യം: ഇലക്ടറൽ ബോണ്ട് പദ്ധതി എന്നു തുടങ്ങി?
ഉത്തരം: 2018 ജനുവരി 2 മുതൽ ബോണ്ട് വിൽപ്പനയുടെ ഒന്നാം ഘട്ടം തുടങ്ങി.
ചോദ്യം: ഇപ്പോൾ എത്രാമത് ഘട്ടം വരെയായി ബോണ്ട് വിൽപ്പന?
ഉത്തരം: ബോണ്ടുകളുടെ 29-ാം ഘട്ട വിൽപ്പന 2023 നവംബർ 6 മുതൽ 20 വരെ.
ചോദ്യം: ഇതുവരെ എത്രകോടി രൂപയുടെ ബോണ്ടുകൾ വിറ്റു?
ഉത്തരം: ആകെ ഇതുവരെ 13791.89 കോടി രൂപയുടെ ബോണ്ടുകളാണ് വിറ്റത്‌. (2023 ഒക്ടോബർ വരെയുള്ള കാലയളവിൽ)

ഇന്ത്യയിലെ ദേശീയ / സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയപാർട്ടികൾ ചെലവഴിക്കുന്ന പണത്തിന്റെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായും കള്ളപ്പണ സ്വാധീനം ഇല്ലാതാക്കാനുമാണ് ഇലക്ടറൽ ബോണ്ട് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ ദേശീയ ജനാധിപത്യസഖ്യം എന്ന ബി ജെ പി മുന്നണിയുടെ സകല നേതാക്കളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്‌. പക്ഷേ പദ്ധതി തുടങ്ങി അഞ്ച് വർഷം കഴിഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തിൽ പരിശോധിക്കുമ്പോഴോ? പ്രസ്‌തുത ബോണ്ടുകളിലൂടെ ഇതുവരെ കിട്ടിയത് 13,000ൽ പരം കോടി രൂപ. ഇതിൽ, പകുതിയിലധികവും കിട്ടിയത് ബി ജെ പിക്കും.

ഇലക്ടറൽ ബോണ്ടുകളിലൂടെ ഇതുവരെ കിട്ടിയത് 13,000ൽ പരം കോടി രൂപ. ഇതിൽ, പകുതിയിലധികവും കിട്ടിയത് ബി ജെ പിക്കാണ്.

പ്രസക്തമായ മറ്റൊരു കണക്ക് കൂടി ഇവിടെ വിലയിരുത്തേണ്ടതുണ്ട്‌.

ഏതാണ്ട് കാൽ നൂറ്റാണ്ടായി ഇന്ത്യയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്ക് മാത്രമായി രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ച തുകയുടെ കണക്ക് നോക്കൂ (കോടി രൂപയിൽ):
1998- 9,000.
1999- 10,000.
2004- 14,000.
2009- 20,000.
2014- 30,000.
2019- 58,000.

ഇതിനൊപ്പം ചേർത്തുവച്ച് പരിശോധിക്കേണ്ട മറ്റൊരു കണക്കുകൂടി പരിശോധിക്കാം. 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം 2019 മേയ് 24-ന് ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യയുടെ കണ്ടുകെട്ടൽ റിപ്പോർട്ട് (Seizure report) പ്രകാരം 3475 കോടി രൂപയുടെ പണവും മറ്റ് വസ്‌തുക്കളും കണ്ടുകെട്ടി. ഇവയുടെ ഇനം തിരിച്ചുള്ള കണക്ക് ഇതാ:

പണമായി കണ്ടുകെട്ടിയത് 844 കോടി രൂപ.
മദ്യം- 304 കോടി രൂപ.
മയക്കുമരുന്ന്‌-1279 കോടി രൂപ.
സ്വർണം മുതലായ വിലപിടിപ്പുള്ള ലോഹങ്ങൾ- 987 കോടി രൂപ.
സുഗന്ധദ്രവ്യങ്ങളും മറ്റുള്ളവയും കണ്ടുകെട്ടിയത്‌- 60 കോടി രൂപ.

(തുടരും)

Comments