ഇലക്‌ടറൽ ബോണ്ട്: കളളപ്പണത്തിന്റെ സർക്കാർ മേൽവിലാസം?

പൊളിറ്റിക്കൽ ഫണ്ടിങ്ങിന്, രാജ്യത്ത് പുതിയൊരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കിയിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ. ഇലക്ടറൽ ബോണ്ട് സ്കീം എന്ന ഈ പദ്ധതി 2018 ജനുവരി 2 മുതൽ തുടങ്ങി. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾക്ക് സുതാര്യത ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന പദ്ധതിയാണിത് എന്നാണ് മോദി സർക്കാർ രാജ്യത്തോട് വിശദീകരിക്കുന്നത്. ഇലക്ടറൽ ബോണ്ട് വഴി പൊളിറ്റിക്കൽ ഫണ്ടിങ്ങ് നടപ്പാക്കിയിരിക്കുന്ന ഒരേയൊരു രാഷ്ട്രം ഇന്ത്യ മാത്രം. ഈ പദ്ധതി വിശദീകരിച്ചുകൊണ്ട് പാർലമെൻ്റിന് അകത്തും പുറത്തും പ്രധാനമന്ത്രിയും സർക്കാരും അവകാശപ്പെട്ട കാര്യങ്ങളൊന്നുമല്ല പക്ഷേ, പിന്നീടിതിൻ്റെ നടത്തിപ്പിൽ ഉടനീളം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, ഇലക്ടറൽ ബോണ്ട് പദ്ധതിയെ സമഗ്രമായി വിശകലനം ചെയ്യുന്ന പരമ്പര 'ട്രൂ കോപ്പി’ പ്രസിദ്ധീകരിക്കുന്നു. ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവർത്തകനുള്ള സംസ്ഥാന സർക്കാർ അവാർഡും, ഏറ്റവും മികച്ച ജനറൽ റിപ്പോർട്ടിങ്ങിനുള്ള തിരുവനന്തപുരം പ്രസ് ക്ലബ്ബിൻ്റെ എം. ശിവറാം അവാർഡും നേടിയിട്ടുള്ള മുതിർന്ന മാധ്യമ പ്രവർത്തകൻ എം. ജയചന്ദ്രനാണ് ഈ പരമ്പര എഴുതിയത്.

തൃശൂർ ജില്ലയിലെ കൊടകരയിലുണ്ടായ വിവാദ കുഴൽപ്പണകേസിൽ യഥാർത്ഥത്തിൽ എത്ര രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്? സംഭവം നടന്നത് 2021 ഏപ്രിൽ 3 -നാണ്. പക്ഷേ പൊലീസിന് പരാതി ലഭിച്ചത്, അതിൻ്റെ മൂന്നാംപക്കം നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനു പിറ്റേന്ന്‌, ഏപ്രിൽ 7 ന് മാത്രം. 25 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടെന്നായിരുന്നു പരാതി. പൊലീസിന്റെ വിശദമായ തുടരന്വേഷണത്തിൽ 25 ലക്ഷം മൂന്നര കോടിയായും അത് പിന്നെ ഒമ്പത് കോടി രൂപയായും ഉയർന്നു. പൊലീസ് എഫ്.ഐ.ആർ ഇട്ട ശേഷം ഈ കേസിപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിലാണ്. കേരള പൊലീസിന്റെ പ്രത്യേകാന്വേഷണ സംഘം ഇ.ഡിക്ക് ഈ കേസ് കൈമാറുമ്പോൾ കവർച്ചത്തുകയുടെ വലുപ്പം 44 കോടി രൂപ വരെയായി ഉയർന്നിരുന്നു.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കർണാടകത്തിൽനിന്ന് ബി ജെ പിക്കുവേണ്ടി കേരളത്തിലേക്കു കൊണ്ടുവന്ന കള്ളപ്പണമാണിത് എന്നായിരുന്നു പ്രത്യേകാന്വേഷണ സംഘത്തിന്റെ പൊതുവായ കണ്ടെത്തൽ. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ അവരുടെ നിരവധി നേതാക്കളേയും പ്രവർത്തകരെയും പൊലീസ്‌, ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയോ മൊഴിയെടുക്കുകയോ ചെയ്‌തു. എന്നാൽ ബി ജെ പിക്ക് ഈ കേസുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ല എന്നാണ് കെ. സുരേന്ദ്രനും ബി ജെ പി സംസ്ഥാന നേതൃത്വത്തിലെ വലിയൊരു വിഭാഗവും നിലപാടെടുത്തത്‌.

അതേസമയം, പ്രസ്‌തുത കേസ് ബി ജെ പിയുടെ സൽപ്പേരിന് അവമതിപ്പുണ്ടാക്കിയെന്നും, ഈ പേരുദോഷം വരുത്തിവെച്ചതിൽ പ്രധാനി കെ. സുരേന്ദ്രനാണെന്നും അതുകൊണ്ട് കേന്ദ്രനേതൃത്വം സംസ്ഥാനത്തെ പാർട്ടി പുനഃസംഘടനയിൽ സുരേന്ദ്രനേയും അദ്ദേഹത്തിനൊപ്പമുള്ള ചില പ്രമുഖരേയും മാറ്റിനിർത്തുമെന്നുമൊക്കെ കേരള ബി ജെ പിയിലെ പി.കെ. കൃഷ്‌ണദാസ്‌, ശോഭാസുരേന്ദ്രൻ പക്ഷങ്ങൾ ഉറച്ച് വിശ്വസിക്കുകയും മാധ്യമങ്ങളിലൂടെ അന്ന് ആ വിശ്വാസത്തിന് പ്രചാരമേറ്റുകയും ചെയ്‌തിരുന്നു. അതുപക്ഷേ, ചിലരുടെ വ്യാമോഹം മാത്രമായിരുന്നു എന്ന് ബി ജെ പി കേന്ദ്രനേതൃത്വം വൈകാതെ പുറത്തിറക്കിയ പുതിയ സംസ്ഥാന കമ്മിറ്റി ലിസ്റ്റ് കണ്ടപ്പോൾ മാലോകരെല്ലാം കൃത്യമായി മനസ്സിലാക്കി. കെ.സുരേന്ദ്രന് യാതൊരു സ്ഥാനചലനവുമുണ്ടായില്ല, മാത്രമല്ല കൃഷ്‌ണദാസ്‌- ശോഭ പക്ഷ നേതാക്കളെ മൂലക്കിരുത്തുംവിധം നേതൃതലത്തിൽ സുരേന്ദ്രന് താല്പര്യമുള്ളവരെ മാത്രം അരിയിട്ടുവാഴിക്കുകയും ചെയ്തു, അന്ന് കേന്ദ്രനേതൃത്വം.

തെളിയിക്കപ്പെടാതെ പോയ അനേകമനേകം കേസുകളിലൊന്നായി, അത്തരം അഗണ്യകോടി കേസുകളുടെ പട്ടികയിലേക്ക് കൊടകര കേസും തള്ളപ്പെട്ടേക്കും
തെളിയിക്കപ്പെടാതെ പോയ അനേകമനേകം കേസുകളിലൊന്നായി, അത്തരം അഗണ്യകോടി കേസുകളുടെ പട്ടികയിലേക്ക് കൊടകര കേസും തള്ളപ്പെട്ടേക്കും

2018 ജനുവരി മുതൽ ഇന്ത്യയിൽ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അതിഭീകരമായ ഒരു പകൽക്കൊള്ളയെപ്പറ്റി വിശദമായിത്തന്നെ എഴുതാനാണ് ഇവിടെ ശ്രമിക്കുന്നത്‌. അതിന്റെ നാന്ദി എന്ന നിലയിലാണ് നമുക്കൊക്കെ വാർത്തകളിലൂടെ വളരെ പരിചിതമായ ഒരു തട്ടിപ്പുകേസിന്റെ പരിസരങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിച്ച് കൊടകര എപ്പിസോഡിൽ ഇതു തുടങ്ങിയത്‌. കൊടകര കള്ളപ്പണക്കേസ് കോടതിവിചാരണയിലൂടെ തെളിയിക്കപ്പെടുമെന്നോ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടുമെന്നോ ഉള്ള യാതൊരു വ്യാമോഹവും ഇതെഴുതുന്ന ആളിനില്ല. സ്വതന്ത്രേന്ത്യയിൽ തെളിയിക്കപ്പെടാതെ പോയ അനേകമനേകം കേസുകളിലൊന്നായി, അത്തരം അഗണ്യകോടികേസുകളുടെ പട്ടികയിലേക്ക് കൊടകര കേസും തള്ളപ്പെട്ടേക്കും. പക്ഷേ, ഇന്ത്യൻ ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ നിരന്തരം ഇടപെടാൻ കഴിയുംവിധം കള്ളപ്പണത്തിനിപ്പോൾ മാന്യതയും നിയമപരിരക്ഷയും നൽകി പൂർണ സംരക്ഷണം നൽകുകയാണ് ഇന്ത്യയുടെ ദേശീയ സർക്കാരും അതിന്റെ കീഴിലുള്ള അനുബന്ധ ഭരണ സംവിധാനങ്ങളും. ഇതിനെ നിശിതമായും തുറന്നും എതിർക്കുക എന്നത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥതിയുടെ തന്നെ മുന്നുപാധിയും വ്യഗ്രതയുമായി മാറേണ്ടതുണ്ട് എന്നതാണ് സർവ്വപ്രധാനം.

ജനാധിപത്യപരമായ ആ ജാഗ്രതയിലേക്ക് മറനീക്കപ്പെട്ട ഒരു കിളിവാതിലാണ് കൊടകര കേസ്‌. ആ ചെറു ജാലകത്തിലൂടെ, കള്ളപ്പണത്തിന്റെ ഉള്ളറകളിലേക്ക് കഴിയുന്നത്ര നാം കണ്ണുകൾ തുറന്ന് പിടിക്കുക.

ഇലക്ടൽ ബോണ്ട് പദ്ധതി ആരംഭിക്കുന്നതിന് മാസങ്ങൾക്കുമുമ്പുതന്നെ റിസർവ്വ് ബാങ്കും ഇലക്ഷൻ കമീഷനും ശക്തമായ വിയോജിപ്പുകൾ ദേശീയ സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു.

ഇലക്‌ടറൽ ബോണ്ട് എന്ന
അരുമക്കിടാവ്‌

ഒന്നാം എൻ ഡി എ സർക്കാരിൽ ആദ്യ ധനമന്ത്രിയായിരുന്ന പരേതനായ അരുൺ ജെയ്‌റ്റ്‌ലി 2017-ലെ ദേശീയ ബജറ്റിൽ ധനകാര്യ നിയമഭേദഗതിയിലൂടെ ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയാണ് ഇലക്ടറൽ ബോണ്ടുകൾ. അതിഭീകരമായ പകൽക്കൊള്ളയെന്നും മാന്യതയും നിയമപരിരക്ഷയുമുള്ള കള്ളപ്പണമെന്നും മേൽസൂചിപ്പിച്ചത് ഈ ഇലക്ടറൽ ബോണ്ടുകളെപ്പറ്റിത്തന്നെയാണ്‌.

റപ്രസന്റേഷൻ ഓഫ് ദ് പീപ്പിൾ ആക്‌ട്‌- 1951 എന്ന ജനപ്രാതിനിധ്യ നിയമം, ഇൻകംടാക്‌സ് ആക്‌ട്‌-1961, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌ട്‌- 2010 (എഫ് സി ആർ എ), കമ്പനീസ് ആക്‌ട്‌-2013 എന്നിങ്ങനെ പാർലമെന്റ് വിവിധ കാലങ്ങളിൽ പാസാക്കിയ നാല് നിയമനിർമാണങ്ങളെ ഒന്നിച്ച് ഭേദഗതി ചെയ്‌തുകൊണ്ടാണ് ആർ എസ് എസ്‌- ബി ജെ പി ബ്രെയിൻ ചൈൽഡായ ഇലക്ടറൽ ബോണ്ട് പദ്ധതി മോദി സർക്കാർ ആവിഷ്‌ക്കരിച്ച് 2018 ജനുവരി 2 മുതൽ നടപ്പാക്കിത്തുടങ്ങിയത്‌. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നാല് നിയമവ്യവസ്ഥകൾ കേവലമായി ഭേദഗതി ചെയ്‌തു എന്നതു മാത്രമല്ല, ഈ ഭേദഗതി ലോക്‌സഭയിൽ മാത്രം പാസാക്കിയാൽ മതിയെന്നും മോദി പാർലമെന്റിനെക്കൊണ്ട് അംഗീകരിപ്പിച്ചു. രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്‌മയായിരുന്നു ഇതിന്‌പ്രേരിപ്പിച്ച പ്രധാന ഘടകം.

2017 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി, ഇലക്ടറൽ ബോണ്ട് പദ്ധതിയും ധനകാര്യ നിയമഭേദഗതികളും പാർലമെന്റിൽ പ്രഖ്യാപിക്കുകയാണ് ചെയ്‌തത്‌. ലോക്‌സഭയിൽ തങ്ങൾക്കുള്ള ഭൂരിപക്ഷത്തിന്റെ ബലം വെച്ച് ഇവ പാസാക്കിയെടുത്ത മോദി സർക്കാർ യഥാർത്ഥത്തിൽ ഇതിലൂടെ നേടിയെടുത്തത്‌, ഭേദഗതി ചെയ്യപ്പെട്ട നാല് നിയമങ്ങളേയും കാണാമറയത്തേക്ക് മാറ്റി, അവയെ പൂർണമായും അപ്രസക്തമാക്കുക എന്ന ലക്ഷ്യമായിരുന്നു.

ഒന്നാം എൻ ഡി എ സർക്കാരിൽ ആദ്യ ധനമന്ത്രിയായിരുന്ന പരേതനായ അരുൺ ജെയ്‌റ്റ്‌ലി 2017-ലെ ദേശീയ ബജറ്റിൽ ധനകാര്യ നിയമഭേദഗതിയിലൂടെ ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയാണ് ഇലക്ടറൽ ബോണ്ട് സ്കീം
ഒന്നാം എൻ ഡി എ സർക്കാരിൽ ആദ്യ ധനമന്ത്രിയായിരുന്ന പരേതനായ അരുൺ ജെയ്‌റ്റ്‌ലി 2017-ലെ ദേശീയ ബജറ്റിൽ ധനകാര്യ നിയമഭേദഗതിയിലൂടെ ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയാണ് ഇലക്ടറൽ ബോണ്ട് സ്കീം

20,000 രൂപയ്‌ക്കുമേൽ സംഭാവന നൽകുന്ന എല്ലാ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും വിശദവിവരങ്ങൾ അതത് രാഷ്ട്രീയപാർട്ടികൾ ദേശീയ തെരഞ്ഞെടുപ്പ് കമീഷന് നിർബ്ബന്ധമായും നൽകണം എന്നതായിരുന്നു ജനപ്രാധിനിധ്യ നിയമം 1951 പ്രകാരം, 2017 ഫെബ്രുവരി ഒന്നു വരെ നിലനിന്നിരുന്ന വ്യവസ്ഥ. ഭേദഗതി വന്നതോടെ ഈ നിയമം മാഞ്ഞുപോയി. ഇലക്ടറൽ ബോണ്ട് വഴി എത്ര പണം നൽകിയാലും പണം നൽകുന്ന വ്യക്തികളോ സ്ഥാപനങ്ങളോ, അത് കൈപ്പറ്റുന്ന പാർട്ടികളോ, ആർക്കും ഒരു വിവരവും നൽകേണ്ടതില്ല എന്ന് ഭേദഗതി വരുത്തിയാണ് ഈ നിയമം മാറ്റിയെഴുതിയത്‌. അതുപോലെ, കമ്പനീസ് ആക്‌ട് 2013 (സെക്ഷൻ 182)-ൽ പാർലമെന്റ് ഭേദഗതി വരുന്നതിനു മുൻപുവരെ നിലനിന്നിരുന്ന നിയമപ്രകാരം, തുടർച്ചയായി മൂന്നു വർഷം ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിക്ക് മാത്രമേ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഫണ്ട് നൽകാൻ സാധിക്കുകയുള്ളൂ. അതും ആ കമ്പനിയുടെ പരമാവധി അറ്റാദായത്തിന്റെ 7.5% തുക വരെ മാത്രമേ പറ്റുകയുമുള്ളൂ. പണം കൊടുക്കുന്ന കമ്പനിയുടേയും അത് കൈപ്പറ്റുന്ന രാഷ്ട്രീയ പാർട്ടിയുടേയും വിശദവിവരങ്ങൾ ഇലക്ഷൻ കമീഷന് വീഴ്‌ച കൂടാതെ പിന്നാലെ സമർപ്പിക്കുകയും വേണം. ഇതേ നിയമവ്യവസ്ഥകൾ തന്നെയാണ് ഇൻകം ടാക്‌സ് ആക്‌റ്റ് 1961 (സെക്ഷൻ 13-എ) യിലും പാർലമെന്റ് ഭേദഗതിക്കുമുമ്പുവരെ പ്രാബല്യത്തിൽ ഉണ്ടായിരുന്നത്‌. ഇപ്പറഞ്ഞ രണ്ട് നിയമങ്ങളിലേയും വ്യവസ്ഥകളെല്ലാം പിഴുതുമാറ്റി, ഇലക്ടറൽ ബോണ്ട് വാങ്ങുന്നവർക്കും അത് സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും ഈ നിയമങ്ങൾ ബാധകമല്ല എന്നുതന്നെ പുതിയ വ്യവസ്ഥ എഴുതിച്ചേർത്തു.

2023 ൽ, നവംബർ 6 മുതൽ 20 വരെ തീയതികളിലാണ് ബോണ്ടുകളുടെ 29-ാം ഘട്ട വിൽപ്പന. ഒന്നു മുതൽ 28 വരെ ഘട്ടങ്ങളിലായി (2023 ഒക്ടോബർ വരെ) ആകെ 13,791.89 കോടി രൂപയുടെ ബോണ്ടുകളാണ് എസ് ബി ഐയുടെ 29 ബ്രാഞ്ചുകൾ വഴി വിറ്റുപോയത്‌.

ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌റ്റ്‌-2010 (എഫ് സി ആർ എ)ന്റെ ധനകാര്യ ബിൽ ഭേദഗതിക്ക് നരേന്ദ്രമോദി സർക്കാരിനുവേണ്ടി അരുൺ ജെയ്‌റ്റ്‌ലി ബജറ്റ് പ്രസംഗത്തിൽ വായിച്ച ന്യായീകരണം, അക്ഷരാത്ഥത്തിൽ അമ്പരിപ്പിക്കുന്നതായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് പണമായി ലഭിക്കുന്ന എല്ലാ സംഭാവനകളും ദേശീയ സർക്കാരിന്റെ നിയമ- ധനകാര്യ വകുപ്പുകളുടെ പരിശോധനകളിൽ നിന്ന് പൂർണമായി മുക്തമാക്കുക എന്നതാണ് എഫ് സി ആർ എ ഭേദഗതിയുടെ ലക്ഷ്യം എന്നാണ് ജെയ്‌റ്റ്‌ലി തുറന്ന് പ്രഖ്യാപിച്ചത്‌. മാത്രമല്ല, ഈ ഭേദഗതിക്ക് 1976 മുതൽക്കുള്ള മുൻകാല പ്രാബല്യം കൂടി അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി പ്രസ്‌താവിച്ചു.

അതിന് മറ്റൊരു കാരണവുമുണ്ട്‌. ബി ജെ പിയും കോൺഗ്രസും അക്കാലത്ത്‌, യു.കെ -യിലെ വേദാന്ത ബിസിനസ് ഗ്രൂപ്പിൻ്റെ ഇന്ത്യൻ പാർട്ണറായ സ്റ്റെർലിങ് ഗ്രൂപ്പിനെ ഉപയോഗിച്ച് വഴിവിട്ട രീതിയിൽ വിദേശഫണ്ട് കൈപ്പറ്റി എന്നൊരു വിവാദം സജീവമായി ഉയർന്നിരുന്നു. ഈ വിവാദത്തിൽ ഇടപെട്ട് 2014-ൽ ദൽഹി ഹൈക്കോടതി, എഫ് സി ആർ എ-യുടെ മാത്രമല്ല ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനവും ഈ ഇടപാടിൽ വളരെ പ്രകടമാണെന്നും ഇതേപ്പറ്റി കേന്ദ്ര സർക്കാരും ഇലക്ഷൻ കമീഷനും അടിയന്തരാന്വേഷണം നടത്തി കർശനനടപടി സ്വീകരിക്കണമെന്നും രൂക്ഷമായ ഭാഷയിൽ ആവശ്യപ്പെട്ടിരുന്നു. പക്ഷേ കേന്ദ്ര സർക്കാർ ഇലക്ടറൽ ബോണ്ട് പദ്ധതി നടപ്പാക്കിയതിലൂടെ ഇന്ത്യൻ പൗരർക്കു മാത്രമല്ല, വിദേശ പൗരർക്കും വിദേശ സ്ഥാപനങ്ങൾക്കും, അവർക്ക് ഇന്ത്യയിൽ തങ്ങളുടെ ഓഫീസുണ്ടെങ്കിൽ ആ വിലാസത്തിൽ യഥേഷ്ടം ഇലക്ടറൽ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയപാർട്ടികൾക്ക് നൽകാം എന്ന നിയമഭേദഗതി കൊണ്ടുവന്നാണ് അത് നടപ്പാക്കിയത്. അതിനാൽ, ദൽഹി ഹൈക്കോടതി ഉത്തരവ് അതിവേഗം കാറ്റുപോയ ബലൂൺ പോലെയായി.

ബോണ്ടുകളുടെ ഗുണഭോക്താക്കൾ ആരാരൊക്കെ...?

ധനകാര്യനിയമ ഭേദഗതികളെ തുടർന്ന് ഇലക്ടറൽ ബോണ്ടുകൾ അങ്ങനെ യാഥാർഥ്യമായി. ബോണ്ടുകളുടെ നിർവ്വഹണ ചുമതല ദേശീയ ധനമന്ത്രാലയത്തിനെന്നും അവയുടെ വിൽപ്പന ഉൾപ്പെടെയുള്ള നടത്തിപ്പ് ചുമതലകൾ രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലുമായി ചുമതലപ്പെടുത്തപ്പെട്ട 29 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകൾ വഴി മാത്രമായിരിക്കുമെന്നും പ്രത്യേക ഗസറ്റ് ഉത്തരവിലൂടെ വിജ്ഞാപനം ചെയ്യപ്പെട്ടു. നിശ്ചയിക്കപ്പെട്ട എസ് ബി ഐ ശാഖകളിൽ നിന്ന് എല്ലാവർക്കും ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ ഒന്നു മുതൽ പത്തുവരെയുള്ള തീയതികളിലാണ് ബോണ്ടുകൾ വാങ്ങാനാവുക. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി രൂപ വീതം വിലയുള്ള ഇലക്ടറൽ ബോണ്ടുകളാണ് ആവശ്യക്കാർക്ക് ബാങ്കിലൂടെ ലഭിക്കുക. ഇന്ത്യൻ പൗരരോ ഇന്ത്യയിൽ രജിസ്റ്റേഡ് ഓഫീസുള്ള വിദേശ കമ്പനികളോ വിദേശപൗരരോ ആയ ആർക്കും ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബാങ്കിൽ കെ വൈ സി (നോ യുവർ കസ്റ്റമർ ) അക്കൗണ്ട് ഉണ്ടെങ്കിൽ, അവർക്ക് ആവശ്യമുള്ളിടത്തോളം ഇലക്ടറൽ ബോണ്ടുകൾ വാങ്ങുകയും ഇന്ത്യയിൽ ഔദ്യോഗിക അംഗീകാരമുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ/ പാർട്ടികൾക്കോ ആ ബോണ്ടുകൾ സംഭാവനയായി നൽകുകയും ചെയ്യാം. വർഷത്തിൽനാലുതവണയായി നിശ്ചിതമാസങ്ങളിലെ ആദ്യ പത്തുദിവസമാണ് ബോണ്ട് വിൽപന എന്നു പറഞ്ഞുവല്ലോ. ഒരു വ്യക്തിയോ സ്ഥാപനമോ ബോണ്ട് ബാങ്കിൽനിന്ന് വാങ്ങിയാൽ, ആ തീയതി മുതൽ 15 ദിവസത്തിനകം ഇതിന്റെ സ്വീകർത്താക്കളായ രാഷ്ട്രീയപാർട്ടികൾ താന്താങ്ങളുടെ ബാങ്കുകളിൽ ബോണ്ട് ഹാജരാക്കി പണം കൈപ്പറ്റണം. 15 ദിവസം കഴിഞ്ഞുപോയാൽ ബോണ്ട് അസാധുവാകും.

ഇലക്ടറൽ ബോണ്ട് പദ്ധതി ഔപചാരികമായി ആരംഭിച്ചത് 2018 ജുനവരി രണ്ടിനാണ്‌. ഈ പദ്ധതി ആരംഭിക്കുന്നതിന് മാസങ്ങൾക്കുമുമ്പുതന്നെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും ദേശീയ ഇലക്ഷൻ കമീഷനും തങ്ങൾക്ക് ഇതിനോടുള്ള ശക്തമായ വിയോജിപ്പുകൾ ദേശീയ സർക്കാരിന്റെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ഭരണകർത്താക്കളേയും ഉദ്യോഗസ്ഥമേധാവികളേയും രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഈ ഭിന്നാഭിപ്രായങ്ങൾ മുഖവിലക്കുപോലും പരിഗണിക്കാൻ കൂട്ടാക്കാതെ അവജ്ഞയോടെ തള്ളിക്കളയുന്ന സമീപനമാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിച്ചത്‌.

ബോണ്ടുകൾ പ്രിന്റ് ചെയ്‌തത് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇന്ത്യൻ സെക്യൂരിറ്റി പ്രസ്സിലായിരുന്നു. 18,531.50 കോടി രൂപ വിലയുള്ള ഇലക്ടറൽ ബോണ്ടുകളാണ് 2018-ൽ മോദി സർക്കാർ പ്രിന്റ് ചെയ്‌തത്‌. ആ വർഷം ജനുവരിയിൽ ഒന്നാം ഘട്ട വിൽപ്പന തുടങ്ങുകയും ചെയ്‌തു. ഏറ്റവുമൊടുവിൽ 2023 ൽ, നവംബർ 6 മുതൽ നവംബർ 20 വരെ തീയതികളിലാണ് ബോണ്ടുകളുടെ 29-ാം ഘട്ട വിൽപ്പന. ഒന്നു മുതൽ 28 വരെ ഘട്ടങ്ങളിലായി (2023 ഒക്ടോബർ വരെ) ആകെ 13,791.89 കോടി രൂപയുടെ ബോണ്ടുകളാണ് എസ് ബി ഐയുടെ 29 ബ്രാഞ്ചുകൾ വഴി വിറ്റുപോയത്‌. പ്രിന്റ് ചെയ്‌തതിൽ നിന്ന് വിറ്റത് കഴിച്ച്‌ബാക്കി 4739.61 കോടി രൂപ വില വരുന്ന ഇലക്ടറൽ ബോണ്ടുകൾ ദേശീയ ധനമന്ത്രാലയത്തിന്റെ അറിവോടെ എസ് ബി ഐയുടെ പക്കൽ സൂക്ഷിച്ചിരിക്കുന്നു. വ്യക്തികളോ കോർപ്പറേറ്റ് സ്ഥാപനങ്ങളോ 2018 മുതൽ 2023 ഒക്ടോബർ വരെയുള്ള കാലയളവിൽ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളിൽ 76 ശതമാനവും നൽകപ്പെട്ടത് ബി ജെ പിക്കായിരുന്നു. ആ പാർട്ടിക്ക് ഇങ്ങനെ ലഭിച്ച തുകയിൽ 90 ശതമാനവും ഒരു കോടി രൂപയുടെ ബോണ്ടുകളായിരുന്നു. തികച്ചും സുവ്യക്തമാണ് അതിന്റെ അർത്ഥം. അതിസമ്പന്ന വർഗവും ഭീമൻ കോർപ്പറേറ്റ് സ്ഥാപനങ്ങളും ബോണ്ടുകൾ വാങ്ങി അതിൽ ബഹുഭൂരിപക്ഷവും രാജ്യം ഭരിക്കുന്ന മുഖ്യ കക്ഷിക്കുതന്നെ നൽകുന്നു എന്നതുതന്നെയാകുന്നു ആ അർത്ഥം.

ഇലക്ടറൽ ബോണ്ട് പദ്ധതി ആവിഷ്‌കരിച്ചതിനു പിന്നിലെ സർക്കാർ താൽപര്യം എന്താണ്‌? തെരഞ്ഞെടുപ്പ് ഫണ്ടിങ് സുതാര്യവും സംശുദ്ധവുമാക്കുക എന്ന ഒരൊറ്റ താല്‌പര്യം മാത്രമേ തങ്ങൾക്ക് ഇക്കാര്യത്തിലുള്ളൂ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ഭരണകൂടവുമായി ബന്ധപ്പെട്ടവരെല്ലാം അവകാശപ്പെടുന്നത്‌. ഇലക്ടറൽ ബോണ്ട് പദ്ധതി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് വരെ ഇവിടെ നിലവിലുണ്ടായിരുന്ന തെരഞ്ഞെടുപ്പ് സംഭാവനാ മാർഗങ്ങളെല്ലാം അഴിമതി നിറഞ്ഞതും സുതാര്യമല്ലാത്തതും ആയിരുന്നു എന്നും ബി ജെ പി ഭരണകൂടം വാദിക്കുന്നു.

എന്നാൽ, ഇന്ത്യയ്‌ക്കകത്തും പുറത്തുമായി വ്യാപിച്ചുകിടക്കുന്ന കണക്കിൽപ്പെടാത്ത കള്ളപ്പണം സുതാര്യതയുടെ പേരുപറഞ്ഞും തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിന്റെ മറപിടിച്ചും, അതേസമയം നിയമപരിരക്ഷ കൃത്യമായി ഉറപ്പാക്കിയും നടത്തുന്ന ഈ രാജ്യതാൽപ്പര്യവിരുദ്ധ പദ്ധതിയുടെ ഏറ്റവും പ്രധാന ഗുണഭോക്താവ്‌, യൂണിയൻ ഗവൺമെന്റിനെ നയിക്കുന്ന ഭാരതീയ ജനതാപാർട്ടിയാണ് എന്നത് തർക്കമില്ലാത്ത സംഗതിയാണ്‌. കാരണം, ഇതുവരെ ബോണ്ടുകൾ വാങ്ങിയവർ ഏറിയ കൂറും ശതകോടീശ്വരന്മാരോ വൻകോർപ്പറേറ്റുകളോ ആണ്‌, വിറ്റ ബോണ്ടുകളിൽ 90% ഒരു കോടി രൂപ വീതം വിലയുള്ളവയാണ്‌, അതിന്റെ മൂന്നിൽ രണ്ടിലധികം ബി ജെ പിക്കാണ് കിട്ടിയത്‌. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്‌, ഇലക്ടറൽ ബോണ്ടുകളെ എതിർക്കുന്നവർ സുതാര്യതയെ ആണ് എതിർക്കുന്നത് എന്നാണ്‌.

തെരഞ്ഞെടുപ്പ് ഫണ്ടിങ് കള്ളപ്പണമുക്തമാക്കുമെന്ന് വിശേഷിപ്പിച്ചും അതുതന്നെ പ്രചരിപ്പിച്ചുമാണ് മോദിയും കൂട്ടരും ഇലക്ടറൽ ബോണ്ട് പദ്ധതിയെ സ്ഥിരമായി ഇപ്പോഴും ന്യായീകരിക്കുന്നത്‌.

മധുരം വിളമ്പുന്ന തിന്മകൾ

ഇന്ത്യയിൽ കാലാകാലങ്ങളായി നടന്നുവരുന്ന ദേശീയ- സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ, അദൃശ്യമായിരുന്നുകൊണ്ട് പ്രധാന റോളിൽ കളിക്കുന്ന അനധികൃത പണം, കണക്കിൽപ്പെടാത്ത പണം എന്നൊക്കെക്കൂടി മറുപേരുകളുള്ള കള്ളപ്പണ ഉറവിടങ്ങളുടെയാകെ അടിവേരുകൾ വരെ അറുത്തുമുറിച്ചുകളയാൻ തക്കവിധം ശേഷിയുള്ളത് എന്ന് പ്രധാനമന്ത്രിയും പരിവാരങ്ങളും അവകാശപ്പെടുന്ന ഇലക്ടറൽ ബോണ്ട് പദ്ധതി നാൾതോറും കൂടുതൽ കൂടുതൽ തുറന്നുകാട്ടപ്പെടുന്നത് അതിന്റെ ഉള്ളടക്കത്തിലെയും നടത്തിപ്പിലെയും കടുത്ത ജനവിരുദ്ധതയും നിയമവിരുദ്ധതയും കൊണ്ടുതന്നെയാണ്‌.

തെരഞ്ഞെടുപ്പ് ഫണ്ടിങ് കള്ളപ്പണമുക്തമാക്കുമെന്ന് വിശേഷിപ്പിച്ചും അതുതന്നെ പ്രചരിപ്പിച്ചുമാണ് മോദിയും കൂട്ടരും ഇലക്ടറൽ ബോണ്ട് പദ്ധതിയെ സ്ഥിരമായി ഇപ്പോഴും ന്യായീകരിക്കുന്നത്‌. ഇതിനിടെ, 2022 ഫെബ്രുവരിയിലും മാർച്ചിലുമായി നടന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് വെറും ഒന്നരമാസം മുമ്പ് തമാശ നിറഞ്ഞ ഒരു അസംബന്ധ നാടകം യു.പിയിൽ അരങ്ങേറി. ആദായ നികുതിവകുപ്പും കേന്ദ്ര ജി എസ് ടി ഇൻറലിജൻസ് വകുപ്പും ചേർന്ന് വലിയൊരു കള്ളപ്പണ ശേഖരം അവിടെ പിടികൂടിയതാണ് ആ സംഭവം. യു.പി-യിലെ കാൺപൂരിന് വളരെയടുത്ത് ചരിത്രപ്രാധാന്യമുള്ള മേഖലയാണ് കനൗജ്‌. അവിടെ അത്തർ ബിസിനസിൽ ഏർപ്പെട്ടിരുന്ന പിയൂഷ് ജെയിൻ എന്ന വ്യാപാരിയെ 2021 ഡിസംബർ 24-ന് അന്വേഷണസംഘം വിശദമായ റെയ്‌ഡും ചോദ്യം ചെയ്യലും നടത്തി അറസ്റ്റ് ചെയ്‌ത് ജയിലിൽ അടക്കുകയുണ്ടായി.

257 കോടി രൂപയുടെ കള്ളപ്പണമാണ് കനൗജിൽ പിയൂഷ് ജെയിനിന്റെ തറവാട് വീട്ടിലെ ഭൂഗർഭ അറയിലെ 18 നിലവറകളിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തത്‌. ദുബായ്‌, മുംബൈ, ഡൽഹി, കാൺപൂർ, കനൗജ് എന്നിവടങ്ങളിലായി ഇയാൾ വാങ്ങിയിട്ടുള്ള 16 പ്രോപ്പർട്ടികളുടെ രേഖകളും, മാർക്കറ്റിൽ ആറുകോടി രൂപ വിലമതിക്കുന്ന 600 കിലോ കൃത്രിമ ചന്ദനത്തൈലവും അന്വേഷണ സംഘം പിടിച്ചെടുത്തു. ‘പെർഫ്യൂം സിറ്റി’ എന്ന് വിളിപ്പേരുള്ള കനൗജ്‌, ഇന്ത്യയുടെ സുഗന്ധ ദ്രവ്യ തലസ്ഥാനമായാണ് അറിയപ്പെടുന്നത്‌. കനൗജ് നഗരത്തിൽ തന്നെ ഇരുന്നൂറിൽപ്പരം പെർഫ്യൂം ഡിസ്റ്റിലറികളുണ്ട്‌. ഈ പുരാതന നഗരത്തിലെ ഒരു സാധാരണ അത്തർ വ്യാപാരി മാത്രമായി അറിയപ്പെട്ടിരുന്ന പിയൂഷ് ജെയിൻ എങ്ങനെയാണ് അതിവേഗം കോടീശ്വരനായി മാറിയതെന്ന് പരസ്‌പരം മൂക്കത്ത് വിരൽവെയ്‌ക്കുന്നു കനൗജിലും കാൺപൂരിലും പുറത്തും, ഇയാളെ അറിയുന്ന മറ്റിടങ്ങളിലും ഉള്ളവർ. ഇയാളുടെ കാൺപൂരിലും കനൗജിലുമുള്ള വ്യാപാരകേന്ദ്രങ്ങളിലും ഗോഡൗണുകളിലും 120 മണിക്കൂർ റെയ്‌ഡ് നടത്തിയ അന്വേഷണസംഘം പിയൂഷിനെ 50 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്റ്റ് ചെയ്‌തത്‌. പിയൂഷ് ജെയിൻ സമാജ്‌വാദി പാർട്ടിയുടെ കള്ളപ്പണ സ്രോതസ്സാണ് എന്ന് ബി ജെ പിക്കാർ ആഘോഷിക്കുമ്പോൾ അല്ല, അത് ശരിയല്ല, പിയൂഷ് ജെയിനിനെ പരിചയമുള്ള എല്ലാവർക്കും നന്നായി അറിയാം അയാൾ അടിയുറച്ച ബി ജെ പിക്കാരനാണ്‌, എന്ന് കൈയടിച്ച് പാസാക്കുന്നു, സമാജ്‌വാദി പാർട്ടിക്കാർ.

ഇലക്ടറൽ ബോണ്ട് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രാലയം മാധ്യമങ്ങൾക്ക് നൽകിയ പ്രസ് റിലീസ്
ഇലക്ടറൽ ബോണ്ട് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രാലയം മാധ്യമങ്ങൾക്ക് നൽകിയ പ്രസ് റിലീസ്

പക്ഷേ, ഇൻകംടാക്‌സുകാരും, ജി എസ് ടി ഇൻറലിജൻസ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരും ചേർന്ന് കോടതിയിൽ സമർപ്പിച്ച ചാർജ്ജ് ഷീറ്റാണ് ഈ നാടകത്തിലെ വിചിത്ര ഫലിതമായി മാറിയത്‌. പിയൂഷ് ജെയിനിന്റെ പക്കൽ നിന്ന് അവർ പിടിച്ചെടുത്തതിൽ യാതൊന്നും കള്ളപ്പണം ആയിരുന്നില്ലത്രേ. ചരക്കു- സേവന നികുതിയായ ജി എസ് ടി വെട്ടിച്ചുണ്ടാക്കിയ പണവും അതുപയോഗിച്ച് വാങ്ങിയ പ്രോപ്പർട്ടികളും, കൃത്രിമമായി ഉണ്ടാക്കിയ ചന്ദനത്തൈലവുമാണ് ആ വ്യാപാരി നിയമവിരുദ്ധമായി ഒളിപ്പിച്ചിരുന്നത് എന്നാണ് ചാർജ്ജ് ഷീറ്റിൽ ശാസ്‌ത്രീയാന്വേഷത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്‌. എട്ട് മാസത്തെ ജയിൽവാസത്തിനുശേഷം 2022 സെപ്റ്റംബറിൽ അലഹബാദ് ഹൈക്കോടതി പിയൂഷ് ജെയിന് ജാമ്യം അനുവദിച്ചു. ആ കേസിൽ ഇപ്പോളും വിചാരണ തുടങ്ങിയിട്ടില്ല.

പിയൂഷ് ജെയിനിൽ നിന്ന് പിടിച്ചത് കള്ളപ്പണമല്ല, ജി എസ് ടി വെട്ടിച്ച പണമാണെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് എന്നു പറഞ്ഞല്ലോ. ഇനി അഥവാ അത് കള്ളപ്പണമാണെന്നു തന്നെ കണ്ടെത്തുകയാണ് എങ്കിലോ? കോടതി അയാളെ ശിക്ഷിക്കും. മൂന്നുവർഷം തടവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ? വളരെ വലിയ തുകയുടെ കള്ളപ്പണ കേസാണെങ്കിൽ തടവുശിക്ഷ പരമാവധി ഏഴ് വർഷം വരെ ആകാം എന്നുമാത്രം.

ഇലക്ടറൽ ബോണ്ട് പദ്ധതി പ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് സംഭാവനയായി പണം നൽകുന്ന വ്യക്തികളോ സ്ഥാപനങ്ങളോ അവരുടെ പേരുകളും മേൽവിലാസങ്ങളും ആരോടും വെളിപ്പെടുത്തേണ്ടതില്ല.

ഇന്ത്യാ ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളുടേയും രഹസ്യാന്വേഷണ ഏജൻസികളുടേയും രേഖകൾ പ്രകാരം നമ്മുടെ രാജ്യത്ത് പ്രതിവർഷം ഒന്നര ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് വിനിമയം ചെയ്യപ്പെടുന്നത്‌. അതിലെ തീരെച്ചെറിയ ഒരു കണ്ണി മാത്രമാണ് യു.പി -യിലെ കനൗജ് ജില്ലയിലെ അത്തർ വ്യാപാരിയായ പിയൂഷ് ജെയിൻ. ഇയാളെപ്പോലെ പതിനായിരക്കണക്കിന് കണ്ണികർ ചേർന്ന അതിബൃഹത്തായ നിരവധി ചങ്ങലക്കുരുക്കുകളാൽബന്ധിതമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്കുതന്നെ വലിയ വെല്ലുവിളിയായി മാറിക്കഴിഞ്ഞിട്ടുള്ള കള്ളപ്പണത്തിന്റെ മേധാവിത്തവും സർവ്വാധീശത്വവും.

എന്താണ് കള്ളപ്പണം?

കള്ളപ്പണം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്‌?
കോടിക്കണക്കിന് രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ കെട്ടുകെട്ടായി കള്ളപ്പണമായി അടുക്കിയടുക്കി പലപല കേന്ദ്രങ്ങളിലായി വച്ചിരിക്കുകയാണോ? അല്ലേയല്ല. കള്ളപ്പണം എന്നത് വ്യാജനോട്ടുകളേ അല്ല. അത് എവിടെയും അടുക്കിവെക്കപ്പെട്ടിട്ടുമില്ല. നികുതി വെട്ടിച്ചും ഹവാല വഴികളിലൂടെയും സമാന്തര സമ്പദ് വ്യവസ്ഥയായിത്തന്നെയാണ് കള്ളപ്പണം ഇന്നും സമൂഹത്തിൽ ആധിപത്യം ചെലുത്തിക്കൊണ്ടിരിക്കുന്നത്‌. ക്രമേണ, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ സമൂഹത്തിലേക്ക് പടർന്നുകയറി വ്യാപിച്ച് പിടിമുറുക്കുക എന്നതാണ് അതിന്റെ പ്രവർത്തന രീതി.

എന്നാൽ, സമീപവർഷങ്ങളിലെ കള്ളപ്പണ വ്യാപനം, നവീനമായ മറ്റു ചില വേഷപ്പകർച്ചകളാണ്‌കൈക്കൊണ്ടിട്ടുള്ളത്‌. അതിൽ ഏറ്റവും പ്രധാനമായി കാണേണ്ടവയാണ്‌, ഷെയർ മാർക്കറ്റിലെ ഇടപാടുകൾ നടത്താൻ ഇപ്പോൾ ഉപയോഗിച്ചുവരുന്ന പാർട്ടിസിപ്പേറ്ററി നോട്ടുകൾ എന്ന പുത്തൻ സംവിധാനം. നികുതിവെട്ടിപ്പുകളും ഹവാല ഇടപാടുകളും വഴി നേടുന്ന കള്ളപ്പണം ഷെയർ മാർക്കറ്റിലേക്ക് ഒഴുക്കി, അവിടെ നിന്ന് അമിതലാഭം നേടിയശേഷം ഇന്ത്യയിൽ ഒരു രൂപ പോലും വരുമാനനികുതിയായി അടയ്‌ക്കാതെ കിട്ടിയ പണം മുഴുവനായും മൗറീഷ്യസ് അക്കൗണ്ടിലേക്ക് മാറ്റുന്ന നവീന വെട്ടിപ്പ് വിദ്യയാണത്‌. നികുതി നൽകാതിരിക്കാനും ഇന്ത്യയിലെ മറ്റെല്ലാ ആഭ്യന്തര നിയന്ത്രണങ്ങളും മറികടക്കാനും വിദേശ നിക്ഷേപകരെ പ്രാപ്‌തരാക്കുക എന്നതാണ് പാർട്ടിസിപ്പേറ്ററി നോട്ടുകളുടെ മുഖ്യ ദൗത്യം തന്നെ. മൗറീഷ്യസ് മാത്രമല്ല മറ്റു ചില ടാക്‌സ് ഹവെൻ (tax haven) രാജ്യങ്ങളും ഈ ഇടപാടിൽ പ്രധാന പങ്കാളികളാണ്‌.

അതേസമയം, നികുതിവിധേയമായും സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (എസ് ഇ ബി ഐ -‘സെബി’) നിയന്ത്രണങ്ങൾക്ക് വഴിപ്പെട്ടും പാർട്ടിസിപ്പേറ്ററി നോട്ട് വിനിമയം നടത്തുന്ന ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റേഴ്‌സ് എന്ന എഫ് പി ഐകളും നിരവധിയായി കാണാം. ഇതിനുപുറമേ, ഒട്ടേറെ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളും ക്രിപ്‌റ്റോ കറൻസി ഏർപ്പാടുകളും നിലനിൽക്കുന്നത് കള്ളപ്പണത്താൽ നിയന്ത്രിക്കപ്പെടുന്ന നമ്മുടെ സമാന്തര സമ്പദ് വ്യവസ്ഥയെ ആശ്രയിച്ചുതന്നെയാണ്‌. ദേശ- വിദേശങ്ങളിലൂടെ വലവിരിച്ച് പടർന്നുകിടക്കുന്ന ഇതിന്റെയെല്ലാം ഇടയിലേക്കാണ്‌, തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിലെ അഴിമതി ഇല്ലാതാക്കാനുള്ള ഒറ്റമൂലി എന്ന നിലയിൽ ഇലക്ടറൽ ബോണ്ട് പദ്ധതി 2018 ജനുവരി രണ്ടു മുതൽ നടപ്പിലാക്കിയത്‌.

ദാതാവിന്റെ അജ്ഞാതത്വം മാത്രമല്ല, എത്ര കോടി രൂപയും യാതൊരു പരിധിയും പാലിക്കാതെ സംഭാവനയായി നൽകുന്നതിനുള്ള ദാതാവിന്റെ അവകാശങ്ങളും ഇലക്ടറൽബോണ്ട് പദ്ധതി പ്രകാരം നിയമവിധേയമാക്കപ്പെട്ടു.

കാണാമറയത്ത്
കോടികളുടെ കിലുക്കം

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയിരിക്കെ, ജസ്റ്റിസ് എം.വി. രമണക്ക് രാജ്യത്തെ ഏതാനും പ്രമുഖ വ്യക്തിത്വങ്ങൾ, 2021 ഡിസംബറിൽ ഒരു കത്ത് നൽകുകയുണ്ടായി. ഭരണഘടനാ ബെഞ്ചുകളിൽ ദീർഘകാലമായി കെട്ടിക്കിടക്കുന്ന ചില സുപ്രധാന കേസുകൾ വേഗം ലിസ്റ്റുചെയ്‌ത് വാദം കേൾക്കണം എന്നതായിരുന്നു കത്തിലെ ആവശ്യം. നാലു വർഷമായി കെട്ടിക്കിടക്കുന്ന ശബരിമല കേസും, ഇലക്ടറൽ ബോണ്ടുകളുടെ സാധുത ചോദ്യം ചെയ്യുന്ന ഹർജിയും ഇവയിൽപ്പെടുന്നു. ശബരിമല കേസ് ലിസ്റ്റ് ചെയ്‌തില്ലെങ്കിലും പക്ഷേ ഇലക്ടറൽ ബോണ്ട് കേസ് ലിസ്റ്റ് ചെയ്‌തു. എന്നാൽ പിന്നീടതും അനിശ്ചിതമായി നീട്ടിവെച്ചു (ഇപ്പോൾ പക്ഷേ ബോണ്ട് കേസ് വിചാരണ തുടങ്ങി).

2018 ജനുവരി രണ്ടിന് വിജ്ഞാപനം ചെയ്യപ്പെട്ട ഇലക്ടറൽ ബോണ്ട് പദ്ധതി പ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് സംഭാവനയായി പണം നൽകുന്ന വ്യക്തികളോ സ്ഥാപനങ്ങളോ അവരുടെ പേരുകളും മേൽവിലാസങ്ങളും ആരോടും (ഗവൺമെന്റിനോടോ പൊതുസമൂഹത്തോടോ മറ്റ് എവിടെയെങ്കിലുമോ) വെളിപ്പെടുത്തേണ്ടതില്ല. ദാതാവിന്റെ അജ്ഞാതത്വം മാത്രമല്ല, എത്ര കോടി രൂപയും യാതൊരു പരിധിയും പാലിക്കാതെ സംഭാവനയായി നൽകുന്നതിനുള്ള ദാതാവിന്റെ അവകാശങ്ങളും ഇലക്ടറൽബോണ്ട് പദ്ധതി പ്രകാരം നിയമവിധേയമാക്കപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥിതിക്ക് ഇതിലൂടെയുണ്ടായ കളങ്കവും അവമതിപ്പുമാണ് ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിലൂടെ പൗരപ്രമുഖർ പങ്കുവച്ചത്‌.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മുഖ്യധാരാ ഇടതുപക്ഷ പാർട്ടിയായ സി പി ഐ (എം) അഞ്ച് വർഷം മുമ്പുതന്നെ ഇലക്ടറൽ ബോണ്ട് പദ്ധതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. പാർട്ടിക്കുവേണ്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഹർജി നൽകിയത്‌. ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻഫോർ ഡെമോക്രാറ്റിക്ക് റൈറ്റ്‌സ് (എ ഡി ആർ) എന്ന സംഘടനയും ഇതേ കാലയളവിൽ പദ്ധതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. സി പി ഐ (എം) യുടെ ഹർജിയിൽ, ദേശീയ ധനകാര്യ മന്ത്രാലയത്തിനുകീഴിലുള്ള സാമ്പത്തിക കാര്യവകുപ്പ്‌പുറപ്പെടുവിച്ച ഇലക്ടറൽ ബോണ്ട് പദ്ധതി സംബന്ധിച്ച് 2-1-2018 ലെ വിജ്ഞാപനം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും അസാധുവും ആയി പ്രഖ്യാപിക്കണം എന്നാണ് ആവശ്യപ്പെടുന്നത്‌.

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് നൽകിയ ഹർജിയിൽ പ്രധാനമായും രണ്ട് ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ട്‌:
1. 2016- ലെ ധനകാര്യ നിയമത്തിലെ 236 -ാം വകുപ്പും 2017-ലെ ഫോറിൻ റഗുലേഷൻ 2(1), j(vi)-ൽ നടപ്പാക്കിയ അനുബന്ധ ഭേദഗതി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കുക.
2. സംഭാവന പണമായി സ്വീകരിക്കരുതെന്ന് രാഷ്ട്രീയപാർട്ടികളോട് നിർദ്ദേശിക്കുക.

ഇതിനുപുറമേ രണ്ടു കക്ഷികളും കൂടി പൊതുവായ രണ്ടു ചോദ്യങ്ങൾ കൂടി ഉന്നയിച്ചിട്ടുണ്ട്‌. ഇലക്ടറൽ ബോണ്ട് പദ്ധതി ഒരു സാമ്പത്തിക നിയമമായി അവതരിപ്പിച്ചതിലൂടെ, രാജ്യസഭയെ മറികടന്ന് ഇത് പാസാക്കിയെടുത്തത് നിയമപരമായി ശരിയാണോ എന്നതാണ് ആദ്യത്തേത്‌. കോർപറേറ്റ് ശക്തികളുടെ മറവിൽ കണക്കിൽപ്പെടാത്ത പണം, ഇലക്ടറൽ ബോണ്ടായി കൈമാറ്റം ചെയ്യാനും അതിലൂടെ അജ്ഞാതദാതാക്കൾ എന്ന പുതിയൊരു വിഭാഗത്തിന്റെ കടന്നുവരവിനും ആധിപത്യത്തിനും ഈ പദ്ധതി വഴിയൊരുക്കുന്നുണ്ടോ എന്നതാണ് രണ്ടാമത്തെ ചോദ്യം.

(തുടരും)

Comments