അടിയന്തരാവസ്ഥ, സിഖ് കൂട്ടക്കൊല തുടങ്ങി തന്റെ മുൻഗാമികളുടെ ജനാധിപത്യ, മനുഷ്യ ധ്വംസന പാപക്കറകളൊക്കെ രാഹുൽഗാന്ധി ഇരുപതുവർഷമായി താൻ നേരിടുന്ന മനുഷ്യത്വരഹിതമായ അവഹേളനങ്ങളും ഒടുവിലായുണ്ടായ ശിക്ഷണ/അംഗത്വ റദ്ദുചെയ്യൽ നടപടിയും ചങ്കുറപ്പോടെ നേരിടുകവഴി ഒരുപരിധിവരെ കഴുകിക്കളഞ്ഞിരിക്കുന്നു.
2004- ൽ രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലേക്കുവരുമ്പോൾ അയാളെ ഇഷ്ടപ്പെടാൻ പാകത്തിന് ഒന്നുമില്ലായിരുന്നു. ഇഷ്ടക്കേടുണ്ടാവാൻ ധാരാളം കാരണങ്ങൾ ഉണ്ടായിരുന്നുതാനും. കുടുംബവാഴ്ചയുടെ പേരിൽ മാത്രം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് ചുവപ്പുപരവതാനി വിരിച്ച് ആനയിക്കപ്പെട്ട വ്യക്തി. ഇന്ത്യൻ ജനാധിപത്യത്തിനും ഇന്ത്യൻ ജനതക്കും ആവശ്യത്തിൽ കൂടുതൽ പരിക്കുകളേൽപ്പിച്ച രണ്ടുപ്രധാനമന്ത്രിമാരുടെ പിന്മുറക്കാരൻ. ഇന്ത്യൻ രാഷ്ട്രീയ, സാമൂഹികാവസ്ഥയെക്കുറിച്ച് യാഥാർത്ഥ്യത്തിലൂന്നിയ ഒരു കാഴ്ചപ്പാടോ ആ കാഴ്ചപ്പാട് ജനങ്ങളിലേക്കെത്തിക്കാനുള്ള വാക്ചാതുരിയോ ഒന്നും അയാൾക്കുണ്ടായിരുന്നില്ല. തീർത്തും പൊളിറ്റിക്കൽ മെച്യുരിറ്റി ഇല്ലാതിരുന്ന തുടക്കകാലത്തുനിന്ന് കുറച്ചൊക്കെ രാഷ്ട്രീയാവബോധം ആർജിച്ചെടുത്ത പിൽകാലങ്ങളിലേക്കെത്തിയപ്പോഴാവട്ടെ, സ്വയം പ്രോജക്റ്റു ചെയ്ത ‘വല്ലാതെയങ്ങു പൂത്തുലയുന്ന നന്മമരം' ഇമേജ് അയാളിൽനിന്ന് വീണ്ടും അകറ്റുകയും ചെയ്തു. ഇരുപതുവർഷങ്ങൾക്കിപ്പുറം രാഹുൽ ഗാന്ധിക്കുവേണ്ടി ഞാൻ സംസാരിക്കുമെന്ന്, എഴുതുമെന്ന് ആരെങ്കിലും 2004- ൽ എന്നോടുപറഞ്ഞിരുന്നെങ്കിൽ ഞാൻ പുച്ഛിച്ചുകൊന്നേനെ.
നരേന്ദ്രമോദി രാഹുലിനെ ‘ഡിസ്ലെക്സിയ’ ബാധിച്ച ആളായി പരോക്ഷമായി പറഞ്ഞ് ചിരിച്ച ആ ചിരി എത്രമാത്രം ഇൻസെൻസിറ്റീവ് ആയിരുന്നു.
രാഹുലിന്റെ രാഷ്ട്രീയജീവിതം വലിയൊരു ഐറണിയാണ്. വെറും എഴുപത്തഞ്ചുവർഷം മാത്രം പ്രായമുള്ള സ്വതന്ത്ര ഇന്ത്യയിലെ പ്രധാനമന്ത്രിമാരായിരുന്ന മൂന്നു മുൻമുറക്കാർ. പ്രധാനമന്ത്രിയോളമെത്തിയ അമ്മ. മുപ്പത്തെട്ടുവർഷത്തോളം നേരിട്ടും പിന്നൊരു പത്തുവർഷം നേരിട്ടല്ലാതെയും, മൊത്തം എഴുപത്തഞ്ചിൽ, അൻപതിനോടടുത്ത വർഷം നീണ്ട കുടുംബവാഴ്ച. നെഹ്റുവിന്റെ കാലം മാറ്റിനിർത്തിയാൽ ഇന്ദിരക്കും രാജീവിനും സോണിയക്കും (മൻമോഹനും) ഇന്ത്യയിലെ കോടിക്കണക്കിനു പട്ടിണിപാവങ്ങൾ മാറ്ററേ ആയിരുന്നില്ല. ഇന്ത്യ മാറ്ററേ ആയിരുന്നില്ല. തങ്ങൾ വളരെ ചെറുതായിട്ടൊന്നു ശ്രമിച്ചാൽ കൂടി തങ്ങളുടെ മുന്നിൽ പഞ്ചപുഛമടക്കിനിൽക്കുന്ന ഈ പട്ടിണിപാവങ്ങൾക്ക് കുറച്ചുകൂടി ഭേദപ്പെട്ട ജീവിതാവസ്ഥ നൽകാമെന്ന് അവർ ഒരിക്കൽപ്പോലും ആലോചിച്ചില്ല. എന്നാൽ, പട്ടിണിപ്പാവങ്ങളാവട്ടെ, മിക്കപ്പോഴും പൂർണ്ണവിധേയത്വത്തോടുകൂടിത്തന്നെ അധികാരത്തിന്റെ പളപളപ്പോടെ തങ്ങളുടെ മുന്നിലേക്കുവന്ന ഗാന്ധികുടുംബാംഗങ്ങളെ, തങ്ങളിതു ചെയ്തേ പറ്റൂ എന്നതുപോലെ ജയിപ്പിച്ചുവിട്ടുകൊണ്ടിരുന്നു. അടിയന്തരാവസ്ഥ തുടങ്ങി അങ്ങേയറ്റം അളമുട്ടിയ സന്ദർഭങ്ങളിൽ മാത്രമേ അവർ ചെറുതായൊന്നു തിരിച്ചുകടിച്ചുള്ളൂ. ഇനി ഇന്നത്തെ രാഹുലിലേക്കെത്തുമ്പോൾ, ഇതാ, ഗാന്ധി കുടുംബത്തിൽനിന്ന് ആദ്യമായി ഇന്ത്യക്കാരെ അറിയുന്ന, ഇന്ത്യയെ അറിയുന്ന-മിനിമം അറിയാൻ ശ്രമിക്കുന്ന- സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരൻ. പക്ഷേ വിധിവൈപരീത്യമെന്നുപറയട്ടെ, തന്റെ മുൻഗാമികളുടെ ചെയ്തികൾക്ക് ഇന്ത്യൻജനത കണക്കുചോദിച്ചത് ഏറെ വൈകി രാഹുലിന്റെ കാലത്താണ്. ഇന്ദിരയും രാജിവും സോണിയ- മൻമോഹന്മാരും ഒക്കെ ചേർന്ന് ചെയ്തതിനൊക്കെ പിഴ ഒടുക്കേണ്ടിവന്നത് രാഹുലാണ്. പിഴയാണെങ്കിലോ ഒട്ടും ചെറുതുമായിരുന്നില്ല, തന്റെ രാഷ്ട്രീയജീവിതം തന്നെ.
അടിയന്തരാവസ്ഥ, സിഖ് കൂട്ടക്കൊല തുടങ്ങി തന്റെ മുൻഗാമികളുടെ ജനാധിപത്യ, മനുഷ്യ ധ്വംസന പാപക്കറകളൊക്കെ രാഹുൽഗാന്ധി ഇരുപതുവർഷമായി താൻ നേരിടുന്ന മനുഷ്യത്വരഹിതമായ അവഹേളനങ്ങളും ഒടുവിലായുണ്ടായ ശിക്ഷണ/അംഗത്വ റദ്ദുചെയ്യൽ നടപടിയും ചങ്കുറപ്പോടെ നേരിടുകവഴി ഒരുപരിധിവരെ കഴുകിക്കളഞ്ഞിരിക്കുന്നു. കഴിഞ്ഞ ഇരുപതുവർഷങ്ങൾ അയാൾ നടന്ന വഴികൾ ഏറെ കഠിനമായിരുന്നു. പലപ്പോഴും അയാൾ ഒരു സാധാരണ വ്യക്തിയേപ്പോലെ ഒളിച്ചോടാൻ ശ്രമിച്ചു. പലപ്പോഴും സാധാരണ വ്യക്തിയേപ്പോലെ മണ്ടത്തരങ്ങൾ പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയനേതാവായിട്ടുകൂടി ഒരു മനുഷ്യനും നേരിടേണ്ടിവരാത്തത്ര കൊടിയ അവഹേളനങ്ങൾ സഹിച്ചു. Nobody deserves that much humiliation.
മുൻഗാമികളുടെ തെറ്റുകളുടെ ഭാണ്ഡം ഇനിയും അയാൾ പേറേണ്ടതില്ല എന്നും നമുക്കു തിരിച്ചറിയാനാകുന്നു. ഈ യുദ്ധത്തിൽ നിങ്ങളോടൊപ്പമുണ്ട്, ഇത് ഞങ്ങളുടെ കൂടി യുദ്ധമാണ് എന്നുപറഞ്ഞ് നമുക്കയാളോടൊപ്പം ചേർന്നുനിൽക്കേണ്ടതുണ്ട്.
ഒടുവിൽ ഇരുപതുവർഷം നീണ്ട, സ്വയം നവീകരണത്തിന്റേതായ ആ നടത്തത്തിനൊടുവിൽ ‘മാപ്പുപറയാൻ ഞാൻ സവർക്കറല്ല’ എന്നയാൾ വ്യക്തമായ ശബ്ദത്തിൽ, ശക്തമായ ശരീരഭാഷയോടെ പറയുമ്പോൾ, രാഹുൽ ഗാന്ധിയെ ആദ്യമായി ഗാന്ധികുടുംബത്തിൽനിന്ന് മാറ്റിനിർത്തി സ്വന്തമായി ഐഡന്റിറ്റിയുള്ള, ഇന്ത്യക്ക് പ്രതീക്ഷയർപ്പിക്കാവുന്ന പോരാളിയായ ഒരു രാഷ്ട്രീയനേതാവായി നമുക്കു തിരിച്ചറിയാനാകുന്നു. മുൻഗാമികളുടെ തെറ്റുകളുടെ ഭാണ്ഡം ഇനിയും അയാൾ പേറേണ്ടതില്ല എന്നും നമുക്കു തിരിച്ചറിയാനാകുന്നു. ഈ യുദ്ധത്തിൽ നിങ്ങളോടൊപ്പമുണ്ട്, ഇത് ഞങ്ങളുടെ കൂടി യുദ്ധമാണ് എന്നുപറഞ്ഞ് നമുക്കയാളോടൊപ്പം ചേർന്നുനിൽക്കേണ്ടതുണ്ട്. അയാൾ യുദ്ധങ്ങളൊന്നും ജയിച്ചേക്കില്ല, എങ്കിൽപ്പോലും.
രാഹുൽ ശിക്ഷിക്കപ്പെട്ടതിനെപ്പറ്റി ബി.ജെ.പിയും ഒട്ടേറെ മാധ്യമങ്ങളും നടത്തിയ വളരെ ബാലിശവും പരിഹാസ്യവുമായ ഒരു കമൻറുണ്ട്, അന്നാ പേപ്പർ കീറിയെറിഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് രാഹുൽ ശിക്ഷിക്കപ്പെടില്ലായിരുന്നുവെന്ന്. അതായത് സ്വയംകൃതാനർത്ഥം. പേപ്പർ കീറിയെറിഞ്ഞത് അവിടെ നിൽക്കട്ടെ, അന്നത്തെ അവസ്ഥയിൽ വളരെ ശരിയായ സ്റ്റാൻഡ് ആയിരുന്നു രാഹുലിന്റേത്. ജുഡീഷ്യറിയിൽ നമുക്കൊക്കെ വളരെ വിശ്വാസമുണ്ടായിരുന്ന കാലമായിരുന്നു അത്. ഒരു കോടതി ഒരു ജനപ്രതിനിധിയെ കുറ്റക്കാരനെന്നുകണ്ട് ശിക്ഷിക്കുമ്പോൾ അയാൾ കുറ്റക്കാരൻ തന്നെയായിരിക്കുമെന്നാണ് അന്നൊക്കെ നാം കരുതിയിരുന്നത്. അവർ പിന്നെ പാർലമെന്റിൽ ഇരിക്കാൻ ലവലേശം അർഹരല്ല എന്നുതന്നെയാണ് നമ്മളൊക്കെ അന്നു വിശ്വസിച്ചിരുന്നത്. ഒ.ബി.സി അധിക്ഷേപത്തിന്റേയോ എന്തെങ്കിലും തരത്തിലുള്ള അധിക്ഷേപത്തിന്റേയോ ഒരു ബാക്ക്ഗ്രൗണ്ടുമില്ലാത്ത ഒരാളെ, ജാതിയെ അല്ല, വ്യക്തിയെ ആണ് ലക്ഷ്യം വച്ചിട്ടുള്ളതെന്ന് ആർക്കും വ്യക്തമായി മനസ്സിലാകുന്ന ഒരു കേസിൽ അംഗത്വം റദ്ദാവാൻ ആവശ്യമായ രണ്ടുവർഷം തടവ് കൃത്യമായി കൊടുക്കുന്ന ഒരു ജുഡീഷ്യൽ രീതി അന്ന് രാഹുലെന്നല്ല, ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
പ്രതിയോഗിയേ അല്ലാത്ത ഒരാൾ എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ എന്നു കരുതുന്നതിനുപകരം ഒരു ഒബ്സഷൻ പോലെ മോദിയും ബി.ജെ.പിയും എന്തിനാണ് രാഹുലിനു പിന്നേ കൂടിയിരിക്കുന്നത്? കേട്ടുകേൾവിയില്ലാത്ത വിധത്തിൽ ഏറ്റവും വൾഗറായ രീതിയിൽ വ്യക്തിപരമായി അപമാനിക്കുന്നത്? നുണകൾ പറഞ്ഞുപരത്തുന്നത്?
രാഹുൽ ഗാന്ധിയെന്ന വ്യക്തിയെ നരേന്ദ്ര മോദിയും ബി.ജെ.പിയും ഇത്രയധികം ഭയപ്പെടുന്നതെന്തിനാണെന്നത് നേരേ ചൊവ്വേ എത്ര ആലോചിച്ചാലും നമുക്ക് മനസ്സിലാവില്ല. ഇപ്പോഴും രാഹുലെന്ന ദാവീദിനുമുന്നിൽ മോദി അമാനുഷികരൂപം പൂണ്ടുനിൽക്കുന്ന ഗോലിയാത്താണ്. 2024 ലെ ഇലക്ഷനിൽ മോദി തോൽക്കുമെന്ന് ഇപ്പോഴത്തെ നിലയിൽ ആരും പ്രതീക്ഷിക്കുന്നില്ല. പ്രതിയോഗിയേ അല്ലാത്ത ഒരാൾ എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ എന്നു കരുതുന്നതിനുപകരം ഒരു ഒബ്സഷൻ പോലെ മോദിയും ബി.ജെ.പിയും എന്തിനാണ് രാഹുലിനു പിന്നേ കൂടിയിരിക്കുന്നത്? കേട്ടുകേൾവിയില്ലാത്ത വിധത്തിൽ ഏറ്റവും വൾഗറായ രീതിയിൽ വ്യക്തിപരമായി അപമാനിക്കുന്നത്? നുണകൾ പറഞ്ഞുപരത്തുന്നത്? രാഹുലിന്റെ ചോദ്യങ്ങളെ നരേന്ദ്ര മോദി അത്രകണ്ടു ഭയപ്പെടുന്നു എന്നതുതന്നെയാണ് അതിനർത്ഥം. അല്ലെങ്കിലും ചോദ്യങ്ങൾ നരേന്ദ്ര മോദി ഒരിക്കലും ഇഷ്ടപ്പെടുന്നില്ലല്ലോ. ഒൻപതുവർഷത്തോളമെത്തുന്ന ഭരണകാലത്ത് അദ്ദേഹം ഒരിക്കലെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങൾ നേരിട്ടിട്ടുണ്ടോ? മൻ കി ബാത്തിലൂടെ തനിക്കുപറയാനുള്ള കാര്യങ്ങൾ, തനിക്കിഷ്ടമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി പറഞ്ഞിട്ടുപോകും. കൂടിവന്നാൽ അക്ഷയ്കുമാറുമായി മാങ്ങ തിന്നുന്നതിനെപ്പറ്റി സംസാരിക്കും.
സർ, ഞങ്ങൾ ഇന്ത്യക്കാർക്ക് ഒരു നൂറുകൂട്ടം കാര്യങ്ങൾ അങ്ങോട്ട് ചോദിക്കാനുണ്ട്. അദാനിയും താങ്കളുമായുള്ള ബന്ധത്തെപ്പറ്റി, അദാനിക്കു കിട്ടുന്ന കോൺട്രാക്റ്റുകളെപ്പറ്റി, രാഹുൽ ആവർത്തിച്ചു ചോദിക്കുന്നതുപോലെ അദാനിയുടെ ഷെൽ കമ്പനികളിൽ 20,000 കോടി രൂപ എങ്ങനെ വന്നു എന്നതിനെപ്പറ്റി, പശുവിന്റെ പേരിൽ കൊല്ലപ്പെടുന്ന മനുഷ്യരെപ്പറ്റി, താങ്കളെ, താങ്കളുടെ ഗവൺമെന്റിനെ വിമർശിക്കുന്നതിന്റെ പേരിൽ ദേശദ്രോഹക്കുറ്റം വരെ ചാർത്തപ്പെട്ട് ജയിലിലടക്കപ്പെടുന്നവരെപ്പറ്റി, ആരു താങ്കളെ വിമർശിച്ചാലും അവർക്കൊക്കെ ദിവസങ്ങൾക്കകം അന്വേഷണവും റെയ്ഡുകളും നേരിടേണ്ടി വരുന്നതിനെപ്പറ്റി, നോട്ടുനിരോധനത്തെപ്പറ്റി, സമ്പദ് വ്യവസ്ഥ കുതിക്കുമ്പോഴും മാനുഷിക സൂചികകളിൽ ഏറ്റവും പിറകെ നിൽക്കുന്നതിനെപ്പറ്റി... സർ, കുതിക്കുന്ന ഈ സമ്പദ് വ്യവസ്ഥയുണ്ടല്ലോ, അത് അദാനിയുടേതും അംബാനിയുടേതും മറ്റു 185 ഇന്ത്യൻ ബില്ല്യണയർമാരുടേതുമാണ്.
രാഹുലിന്റെ വാർത്താസമ്മേളനങ്ങളിൽ നമ്മൾ കാണുന്ന ഒരു കാര്യം അവയുടെ ജനാധിപത്യസ്വഭാവമാണ്. അവിടെ ആരും രാഹുലിനെ വലിയ ആളായി കാണുന്നില്ല. കൊടും ബി.ജെ.പി അനുകൂലികളായ മാധ്യമപ്രവർത്തകർ അൽപ്പം ധാർഷ്ട്യം കൂടി കലർത്തി ചോദ്യങ്ങൾ ചോദിക്കുന്നതു കാണുമ്പോൾ മനസ്സിൽ തോന്നാറുണ്ട്, തനിക്കൊക്കെ എന്നെങ്കിലും നരേന്ദ്ര മോദിയുടെ മുന്നിൽ ഇത്ര ധാർഷ്ട്യത്തോടെ ഒരു ചോദ്യം ചോദിക്കാൻ പറ്റുമോ? ധാർഷ്ട്യം വിട്, നട്ടെല്ലുയർത്തി ഒരു ചോദ്യം ചോദിക്കാനാവുമോ?
ഭാരത് ജോഡോ യാത്ര കോൺഗ്രസിന് വലിയ മൈലേജ് കൊടുത്തു എന്ന് ആരും വിശ്വസിക്കുന്നില്ല. എന്നാൽ വ്യക്തി എന്ന നിലയിൽ ജോഡോ യാത്രയിൽനിന്ന്രാഹുലിന് വലിയ പ്രയോജനമാണ് കിട്ടിയത്. ഒന്നാമതായി, ആ യാത്ര നൽകിയ അനുഭവം രാഹുലെന്ന വ്യക്തിയെ കൂടുതൽ നവീകരിച്ചു എന്നും രാഹുലെന്ന പൊതുപ്രവർത്തകനെ കൂടുതൽ പരുവപ്പെടുത്തിയെടുത്തു എന്നും നാം പ്രതീക്ഷിക്കുന്നു. പലരും ആദ്യം കരുതിയതുപോലെ ആ യാത്ര ഒരു ഗിമ്മിക്കായിരുന്നില്ല. നൂറുകണക്കിനു കിലോമീറ്ററുകൾ നടന്ന്, ആയിരക്കണക്കിന് ഇന്ത്യാക്കാരുമായി സംസാരിച്ച്, സംവദിച്ചാണ് രാഹുൽ ആ യാത്ര പൂർത്തിയാക്കിയത്. തീർച്ചയായും ആ യാത്രയിലൂടെ അയാൾ ഇന്ത്യയെ അടുത്തറിഞ്ഞുകാണണം. രണ്ടാമതായി രാഹുൽ തങ്ങളേപ്പോലെ ഒരു സാധാരണ ഇന്ത്യാക്കാരനാണെന്ന തോന്നൽ ഈ യാത്ര വഴി ജനങ്ങൾക്കുണ്ടായി. അയാൾ സാധാരണ മനുഷ്യർക്കൊപ്പം നടക്കുന്നു, അവരോടു സംസാരിക്കുന്നു, അവരെ ചേർത്തുപിടിക്കുന്നു. എവിടെയോ വായിച്ചപോലെ മോദിയാണെങ്കിൽ ലോകനേതാക്കളേയും ലോകമുതലാളിമാരേയും മാത്രമേ ആശ്ലേഷിക്കൂ. മറിച്ച് രാഹുലുണ്ടാക്കുന്ന ഫീൽ ഇതാണ്- വളരെ അപ്രോച്ചബിൾ ആയ ഒരു രാഷ്ട്രീയ നേതാവ്. യാത്രയിലുടനീളം തനി ഗ്രാമീണരായ അതിസാധാരണക്കാരായ കുട്ടികളോടൊപ്പം കളിക്കുകയും ചിരിക്കുകയും ഗുസ്തി പിടിക്കുകയുമൊക്കെ ചെയ്യുന്ന രാഹുലിനെ കണ്ടപ്പോൾ തോന്നി, ‘ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയക്കാരൻ ഇങ്ങനെയൊക്കെ ചെയ്യുന്നതു കാണുന്നത്. രാഷ്ട്രീയക്കാർക്ക് ഇങ്ങനേയും ആവാം.' (ഇവിടെ എസ്.പി.ജി പ്രൊട്ടക്ഷൻ എടുത്തുകളഞ്ഞ മോദിക്ക് രാഹുൽ നന്ദി പറയണം.)
ജോഡോ യാത്രയിൽനിന്ന് ഉരുത്തിരിഞ്ഞുവന്നുവെന്നു നാം പ്രതീക്ഷിക്കുന്ന പക്വതയും തിരിച്ചറിവുമൊക്കെ വരുംകാലങ്ങളിലെ രാഹുലിന്റെ രാഷ്ട്രീയജീവിതത്തിന് ഏറെ ഗുണം ചെയ്യും. ആ രാഹുലിനെ സംബന്ധിച്ച്, രാഹുൽ തന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞതുപോലെ, ‘ഞാനൊരു പാർലമെൻറംഗമോ അല്ലയോ എന്നത് വിഷയമല്ല. ഇവിടെയായാലും പുറത്തായാലും ഞാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും.’
അല്ലെങ്കിൽത്തന്നെ ഇപ്പോഴത്തെ അവസ്ഥയിൽ പാർലമെന്റിൽ അംഗമായതുകൊണ്ട് എന്തുനേട്ടമാണ് രാഹുലിനുള്ളത്? അവിടെ അയാളെ സംസാരിക്കാൻ സമ്മതിക്കുകയില്ല. സംസാരിക്കാൻ സമ്മതിച്ചാൽതന്നെ അതിലെ കാതലായ കാര്യങ്ങൾ രേഖയിലുണ്ടാവില്ല. ജനനേതാവാവാൻ അധികാരത്തിന്റെ ആവശ്യമില്ലെന്ന് ഗാന്ധിജിയും ജെ.പിയുമൊക്കെ നമുക്കു നേരത്തേ കാണിച്ചുതന്നിട്ടുണ്ടല്ലോ. (ഒരുരീതിയിലും രാഹുലിനെ അവരുമായി താരതമ്യപ്പെടുത്തുകയല്ല.)
ഇത്തരമൊരു പ്രസംഗത്തിന്റെ പേരിൽ ഒരു രാഷ്ട്രീയപ്രവർത്തകൻ ശിക്ഷിക്കപ്പെടുകയാണെങ്കിൽ ഇന്ത്യയിലെ 99.9 ശതമാനം രാഷ്ട്രീയപ്രവർത്തകരും ജയിലിൽ കിടക്കേണ്ടതാണ്.
രാഹുലിന്റെ അംഗത്വം റദ്ദാക്കിയ നടപടിയെ വിദേശ മാധ്യമങ്ങളൊക്കെ വളരെ ഗൗരവത്തോടെയാണ് അവതരിപ്പിച്ചത്. സത്യത്തിൽ അത്രയും വലിയൊരു കവറേജ് ആരും പ്രതീക്ഷിച്ചിരിക്കില്ല. ഈ വാർത്താപ്രാധാന്യം മോദിക്കുകിട്ടിയ വലിയ അടിയാണ്. യു.കെയിൽ വച്ച് ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ട് നാളുകളേ ആയിട്ടുള്ളൂ. ഇതാ ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്നതിന്റെ ഏറ്റവും വലിയ തെളിവ് കോടതിവിധി വന്ന് ഞൊടിയിടക്കുള്ളിൽ രാഹുലിന്റെ അംഗത്വം റദ്ദാക്കുക വഴി മോദി സർക്കാർ തന്നെ ലോക മാധ്യമങ്ങൾക്കു കൊടുത്തിരിക്കുന്നു.
രാഹുൽ ശിക്ഷിക്കപ്പെട്ട ആ പ്രത്യേക പ്രസംഗഭാഗം ഇനിയും ചർച്ച ചെയ്യേണ്ടതില്ല. പക്ഷേ അത്തരമൊരു പ്രസംഗത്തിന്റെ പേരിൽ ഒരു രാഷ്ട്രീയപ്രവർത്തകൻ ശിക്ഷിക്കപ്പെടുകയാണെങ്കിൽ ഇന്ത്യയിലെ 99.9 ശതമാനം രാഷ്ട്രീയപ്രവർത്തകരും ജയിലിൽ കിടക്കേണ്ടതാണ്. തന്നെ ജേഴ്സിപശു എന്നുവിളിച്ചതിന്റെ പേരിൽ സോണിയയും ഹൈബ്രിഡ് കിടാവ് എന്നുവിളിച്ചതിന്റെ പേരിൽ രാഹുലുമൊക്കെ നരേന്ദ്രമോദിക്കെതിരേ എന്നേ മാനനഷ്ടത്തിനു കേസു കൊടുക്കേണ്ടതായിരുന്നു. ‘പാംച് പച്ചീസ്’ പ്രസംഗത്തിന്റെ പേരിൽ മുസ്ലിം സമുദായാംഗങ്ങൾക്കു കേസു കൊടുക്കാം. കോൺഗ്രസിനെപ്പറ്റി ‘ഇത്രേം പ്രായായ ഈ ബുഢിയക്ക് വല്ല പണീം എടുക്കാൻ പറ്റുമോ' എന്നു ചോദിച്ചതിന്റെ പേരിൽ ബുഢിയകൾക്കു (വയസ്സായ സ്ത്രീകൾ) വരെ മാനനഷ്ടകേസുകൊടുക്കാം. നരേന്ദ്രമോദി രാഹുലിനെ ‘ഡിസ്ലെക്സിയ’ ബാധിച്ച ആളായി പരോക്ഷമായി പറഞ്ഞ് ചിരിച്ച ആ ചിരി എത്രമാത്രം ഇൻസെൻസിറ്റീവ് ആയിരുന്നു.
ഇപ്പോൾ ബി.ജെ.പി പ്രവർത്തകർ, പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകർക്കും ബി.ജെ.പി വിമർശകർക്കുമെതിരെ നടത്തുന്ന ഈ പരിപാടിയുണ്ടല്ലോ, അവർക്കുതോന്നുന്ന എന്തെങ്കിലും നിസ്സാര കാര്യം പറഞ്ഞ് ഇന്ത്യയുടെ ഏതെങ്കിലും കോണിൽ കൊണ്ടുപോയി കേസുകൊടുക്കുന്ന കലാപരിപാടി, അത് ഇനിമുതൽ പ്രതിപക്ഷവും ഒരു അജണ്ടയായി ഏറ്റെടുത്ത് നടപ്പാക്കണം. കാശ്മീർ മുതൽ കന്യാകുമാരി വരെ, ഗുജറാത്ത് മുതൽ നോർത്ത് ഈസ്റ്റ് വരെ എല്ലായിടത്തും തേരാപാരാ കേസുകൾ രജിസ്റ്റർ ചെയ്യണം. വിദ്വേഷ, വിവരദോഷ പ്രസംഗങ്ങൾ വഴി അവരായിട്ടുതന്നെ ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ടാക്കിത്തരികയും ചെയ്യും. ▮
(നല്ല രീതിയിലുപയോഗിക്കുമ്പോൾ പപ്പുവിന്റെ അർത്ഥം ‘a sweet innocent man or kid' എന്നതാണ്. common man എന്നും. സമൂഹത്തിന്റെ മുകൾത്തട്ടിലുള്ളവർ പരിഹാസത്തോടെ ‘ഒട്ടും സ്മാർട്ടല്ല, മണ്ടൻ' എന്നൊക്കെ വിചാരിക്കുന്ന ആ സാധാരണക്കാരൻ/കാരി. അങ്ങനെ നോക്കുമ്പോൾ നമ്മളൊക്കെ പപ്പുമാരാണ്. So let's be proud pappus.)