ഇന്ത്യയെന്നാൽ
​ഹിന്ദിയല്ല

ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറൽ തത്വങ്ങളനുമസരിച്ച് ഇന്ത്യൻ ഭാഷകൾ തമ്മിൽ അധീശത്വവും മത്സരവുമല്ല സഹവർത്തിത്ത്വവും സഹകരണവുമുൾച്ചേർന്ന ബന്ധമാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതനുസരിച്ച് നമ്മുടെ ഭാഷാനയം ന്യൂനപക്ഷ ഭാഷകളെയും ഗോത്രഭാഷകളെയും വിലമതിക്കുന്നതാകണം.

തിജീവനത്തിന്റെയും നിലനില്പിന്റെയും പുരോഗതിയുടെയും സംസ്‌കാരത്തിന്റെയും ആധാരങ്ങളിലൊന്നാണ് ഭാഷ. ജീവിതത്തിന്റെ എല്ലാ വ്യവഹാരമണ്ഡലങ്ങളെയും അഭിമുഖീകരിക്കാൻ കഴിയും വിധം മാതൃഭാഷകൾ കെല്പും പരപ്പും നടപ്പുമുള്ളതായി തീരുന്നിടത്താണ് വികസനവും വൈജ്ഞാനിക കുതിച്ചുചാട്ടവുമുണ്ടാകുന്നത് എന്നതാണ് ലോകാനുഭവം.

ലോകത്ത് ഭാഷാ വൈവിധ്യം കൊണ്ട് മുൻനിരയിൽ നില്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഭാഷാ ബഹുത്വം ശല്ല്യമോ പരിമിതിയോ ആയല്ല വൻ സാധ്യതയായാണ് ഇന്ന് ലോകം പരിഗണിക്കുന്നത്. സുസ്ഥിര ഭാവിയ്ക്ക് ജൈവ വൈവിധ്യമെന്ന പോലെ പ്രധാനമാണ് ഭാഷാ വൈവിധ്യവും. അതുകൊണ്ടാണ് ഭാഷാമരണവും ഹത്യയും അന്തർദേശീയ വേദികൾ അതീവ ഗൗരവത്തോടെ ചർച്ച ചെയ്യുന്നത്.

സംസാരിക്കുന്നവരുടെ എണ്ണത്തിനതീതമായി ഇന്ത്യൻ ഭാഷകൾക്കെല്ലാം തുല്ല്യ പ്രാധാന്യമായിരിക്കെ എല്ലാ ഭാഷകളുടെയും വികാസത്തിന് കേന്ദ്രസർക്കാരിൽ നിന്ന് തുല്യപരിഗണന ലഭിക്കേണ്ടതാണ്.

ഭാഷ അധീശത്വത്തിന്റെയും ചൂഷണത്തിന്റെയും രൂപമായിരുന്ന കൊളോണിയൽ ഭരണ നുകത്തിൽ നിന്നുമാണ് സ്വാതന്ത്ര്യത്തിലേയ്ക്ക് നാം കാലെടുത്തു വെച്ചത്. രാഷ്ട്രീയമായി നാം നേടിയ സ്വാതന്ത്ര്യം സാംസ്‌കാരികവും നാമ്പത്തികവുമായ തലങ്ങളിലേയ്ക്ക് പടരണമെങ്കിൽ വ്യത്യസ്ത ഭാഷാസമൂഹങ്ങളുടെ മാതൃഭാഷാവകാശവും ഭാഷാസ്വാതന്ത്ര്യവും പരമാവധിയിലെത്തിച്ചേരണം. ഭരണ പ്രക്രിയ സുതാര്യമാവാനും മൗലിക സംഭാവനകൾ നല്കും വിധം പഠനം ആഴവും പരപ്പുമുള്ളതായി തീരാനും നീതിപീഠങ്ങൾ അക്ഷരാർഥത്തിൽ അത്തരത്തിലായി മാറാനും വ്യവഹാരമാധ്യമം മാതൃഭാഷയാവണം. ഇവയ്‌ക്കൊക്കെ പര്യാപ്തമാകും വിധം വ്യത്യസ്ത ഭാഷകളെ കെല്പുളളതാക്കുക എന്നത് ബോധപൂർവം നടക്കേണ്ടതാണ്. അഥവാ സ്വാതന്ത്ര്യമെന്നത് പൂർണമായും നേടിക്കഴിഞ്ഞ ഒന്നല്ല; നേടാനിരിക്കുന്നതു കൂടിയാണ്.

photo: facebook

സ്വാതന്ത്ര്യാനന്തരം നിലവിൽ വന്ന ഇന്ത്യൻ ഭരണഘടന നമ്മുടെ ഭാഷാ വൈവിധ്യത്തെ ഗൗരവത്തോടെ പരിഗണിച്ചിട്ടുണ്ട്.
ജനതയ്ക്കിടയിലെ പ്രധാന ഇണക്കു കണ്ണിയെന്ന നിലയിൽ ഭാഷയെ സംസ്ഥാന രൂപീകരണത്തിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്നായി സ്വീകരിച്ചു. നീണ്ട ചർച്ചകൾക്കൊടുവിൽ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അവരോധിച്ചെങ്കിലും 14 ഭാഷകൾക്ക് ഭരണഘടനാ പദവി നൽകി. പിന്നീട് ഭരണഘടന ഭേദഗതിയിലൂടെ ഭാഷകൾ കൂടി ഈ പട്ടികയിൽ വന്നിട്ടുണ്ട്. ഭരണ പ്രക്രിയ കാലക്രമത്തിൽ ഇംഗ്ലീഷിൽ നിന്ന് സംസ്ഥാനങ്ങളുടെ മാതൃ ഭാഷകളിലേയ്ക്കും ഹിന്ദിയിലേയ്ക്കും മാറണമെന്ന് ഭരണഘടന നിർദ്ദേശിച്ചിട്ടുണ്ട്.

മാതൃഭാഷകളിലൂടെ വിദ്യാഭ്യാസത്തിന്റെ ഏത് ഘട്ടവും പൂർത്തിയാക്കാനവസരമുള്ള രാജ്യങ്ങൾ പലതും കൈവരിക്കുന്ന അക്കാദമിക ഔന്നത്യം ശ്രദ്ധേയമാണ്.

ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറൽ തത്വങ്ങളനുമസരിച്ച് ഇന്ത്യൻ ഭാഷകൾ തമ്മിൽ അധീശത്വവും മത്സരവുമല്ല സഹവർത്തിത്ത്വവും സഹകരണവുമുൾച്ചേർന്ന ബന്ധമാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതനുസരിച്ച് നമ്മുടെ ഭാഷാനയം ന്യൂനപക്ഷ ഭാഷകളെയും ഗോത്രഭാഷകളെയും വിലമതിക്കുന്നതാകണം.

കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെയും ഭരണ നടപടികളുടെയും പൊതുസ്വഭാവമനുസരിച്ച് ഹിന്ദി അടിച്ചേൽപിക്കാനുള്ള നിർദ്ദേശങ്ങൾ പേടിപ്പെടുത്തുന്നതാണ്. ഭാഷാവൈവിധ്യത്തിനു മുകളിൽ അധീശത്വമുള്ള ഒറ്റ ഭാഷയെ സ്ഥാപിക്കാനുള്ള ഉറച്ച നടപടിയുടെ പടപ്പുറപ്പാടായി മാത്രമേ ഈ നിർദ്ദേശങ്ങളെ കരുതാനാവൂ.

ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന ഭാഷാ നയത്തിനനനുസരിച്ചുള്ള വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങൾ പലഘട്ടങ്ങളിലായി ഇന്ത്യയിൽ നടന്നിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ കമ്മീഷനുകൾ ശിശുവിദ്യാഭ്യാസം മുതൽ ഉന്നത ഗവേഷണ പഠനങ്ങളും പ്രൊഫഷണൽ വിദ്യാഭ്യാസവും പരമാവധി മാതൃഭാഷയിലൂടെ നടക്കണമെന്നാണ് നിർദ്ദേശിച്ചത്. ആ നിലയിൽ ഇന്ന് വിദ്യാഭ്യാസത്തിന്റെ മുഖ്യമാധ്യമമായ ഇംഗ്ലീഷിനു പകരമായി ഹിന്ദി മാത്രമല്ല എല്ലാ ഇന്ത്യൻ ഭാഷകളും ഉയർത്തപ്പെടുകയാണ് വേണ്ടത്. എന്നാൽ പ്രാദേശിക ഭാഷകളുടെ പഠനവും, പ്രാദേശിക ഭാഷയിലൂടെയുള്ള പഠനവും അനുദിനം തകർന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 112 നിർദ്ദേശങ്ങളടങ്ങിയ ഔദ്യോഗിക ഭാഷ സമിതി റിപ്പോർട്ട് രാഷ്ട്രപതിയ്ക്ക് സമർപ്പിച്ചിരിക്കയാണ്. മാധ്യമങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഇതിലെ നിർദ്ദേശങ്ങളിൽ പലതും, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഭാഷാവകാശങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്കും കടകവിരുദ്ധമാണ്. കേന്ദ്രസർക്കാർ സർവ്വീസിലേയ്ക്കുള്ള തൊഴിൽ പരീക്ഷകളിൽ ഹിന്ദിനിർബന്ധമാക്കുമെന്ന് നിർദ്ദേശത്തിലുണ്ട്.
ഐ ഐ ടി, എയിംസ്, കേന്ദ്രസർവകലാശാലകൾ, തുടങ്ങിയ കേന്ദ്ര സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠനബോധന മാധ്യമം ഹിന്ദിയാക്കുമെന്നതാണ് മറ്റൊരു നിർദ്ദേശം.

അമിത് ഷാ

ഐ.എ.എസ് ഉൾപ്പെടെ കേന്ദ്രസർക്കാർ സർവ്വീസിലേയ്ക്കുള്ള ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനുളള പരീക്ഷകൾ ഇഷ്ടമുള്ള ഭാഷയിലെഴുതാം. ഷാ കമ്മറ്റിയുടെ നിർദ്ദേശം നടപ്പിലായാൽ ഇല്ലാതാവുന്നത് ഈ സൗകര്യമാണ്. ഹിന്ദി മുഖ്യ ഭാഷയല്ലാത്ത ഉദ്യോഗാർഥികളോടുള്ള കടുത്ത ഭാഷാവിവേചനവും മൗലികാവകാശ ധ്വംസനവുമല്ലാതെ മറ്റെന്താണിത്?

മാതൃഭാഷകളിലൂടെ വിദ്യാഭ്യാസത്തിന്റെ ഏത് ഘട്ടവും പൂർത്തിയാക്കാനവസരമുള്ള രാജ്യങ്ങൾ പലതും കൈവരിക്കുന്ന അക്കാദമിക ഔന്നത്യം ശ്രദ്ധേയമാണ്. അത്തരത്തിലൊരു മാറ്റത്തിനായി വിദ്യാഭ്യാസ വിചക്ഷണരിൽ നിന്നും വ്യത്യസ്ത ഭാഷാസമൂഹങ്ങളിൽ നിന്നുമുയരുന്ന പരിദേവനങ്ങൾ ഇന്ത്യയിൽ അവഗണിക്കപ്പെടുകയാണ്. 2021 ൽ എ.ഐ.സി.ടി. ഇ ഇന്ത്യയിലെ 11 പ്രാദേശിക ഭാഷകളിൽ എഞ്ചിനീയറിങ് പഠനത്തിന് അനുമതി നല്കിയത് ഏറെ പ്രതീക്ഷയുണർത്തിയിരുന്നു. നേരിയ ആ പ്രതീക്ഷകൾക്കുമേൽ കൂടിയാണ് ഇരുട്ട് വീഴുന്നത്.

കേരളത്തിലെ വിദ്യാർഥികളിൽ ഉന്നത പഠനത്തിന് കേന്ദ്രസർവകലാശാലകളെയും ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളെയും തെരഞ്ഞെടുക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്. പഠന മാധ്യമം ഹിന്ദിയാവുന്നതോടെ പ്രവേശന പരീക്ഷകളുടെ ചോദ്യഘടനയും മാധ്യമവും പരിഷ്‌കരിക്കപ്പെടുകയാണെങ്കിൽ ഉണ്ടാവുന്ന ഫലം ഊഹിക്കാവുന്നതേയുള്ളൂ. കൂടാതെ ഇത്തരം സ്ഥാപനങ്ങളെ ലക്ഷ്യമാക്കുന്ന വിദ്യാർഥികൾ ഹിന്ദി ഒഴികെ മാതൃഭാഷകളെ കൈയൊഴിയുന്ന നിരക്ക് വർധിക്കും. ഇംഗ്ലീഷിനെ മാറ്റി ഹിന്ദിയാക്കുക എന്നത് ആകർഷകമായി തോന്നാമെങ്കിലും അത് വിനാശം സൃഷ്ടിക്കാൻ പോകുന്നത് ഹിന്ദിയൊഴികെ മാതൃഭാഷ പഠനത്തെയുമാണ്. ബിരുദതലം വരെ ഇംഗ്ലീഷ് നിർബന്ധിത പഠന വിഷയമായിരിക്കെ ബന്ധഭാഷ എന്ന നിലയിൽ ഹിന്ദിയെക്കാൾ മലയാളികൾക്ക് ഇംഗ്ലീഷ് തന്നെയാണ് അഭികാമ്യം. എങ്കിലും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിനും പരീക്ഷയ്ക്കും സ്വന്തം മാതൃഭാഷ തെരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടായേ തീരൂ. വിവര സാങ്കേതികവിദ്യ തർജമയെ ഏറ്റവും സരളമാക്കിത്തീർത്ത ഈ കാലത്തും വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും മാതൃ ഭാഷാവകാശം ഹനിക്കുന്നതെന്തിന്?

ഭരണ നടപടികളിലും സാമ്പത്തിക സഹായത്തിലും ഹിന്ദിയ്ക്ക് ലഭിക്കുന്ന അമിത പരിഗണന വിമർശനവിധേയമാണ്. കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെയും ഭരണ നടപടികളുടെയും പൊതുസ്വഭാവമനുസരിച്ച് ഹിന്ദി അടിച്ചേല്പിക്കാനുള്ള നിർദ്ദേശങ്ങൾ പേടിപ്പെടുത്തുന്നതു കൂടിയാണ്.

സംസാരിക്കുന്നവരുടെ എണ്ണത്തിനതീതമായി ഇന്ത്യൻ ഭാഷകൾക്കെല്ലാം തുല്ല്യ പ്രാധാന്യമായിരിക്കെ എല്ലാ ഭാഷകളുടെയും വികാസത്തിന് കേന്ദ്രസർക്കാരിൽ നിന്ന് തുല്യപരിഗണന ലഭിക്കേണ്ടതാണ്. എന്നാൽ പ്രഖ്യാപനങ്ങളിലും ഭരണ നടപടികളിലും സാമ്പത്തിക സഹായത്തിലും ഹിന്ദിയ്ക്ക് ലഭിക്കുന്ന അമിത പരിഗണന വിമർശനവിധേയമാണ്. കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെയും ഭരണ നടപടികളുടെയും പൊതുസ്വഭാവമനുസരിച്ച് ഹിന്ദി അടിച്ചേല്പിക്കാനുള്ള നിർദ്ദേശങ്ങൾ പേടിപ്പെടുത്തുന്നതു കൂടിയാണ്.
പുഷ്‌ക്കലമായ ഭാഷാവൈവിധ്യത്തിനു മുകളിൽ അധീശത്വമുള്ള ഒറ്റ ഭാഷയെ സ്ഥാപിക്കാനുള്ള ഉറച്ച നടപടിയുടെ പടപ്പുറപ്പാടായി മാത്രമേ ഈ നിർദ്ദേശങ്ങളെ കരുതാനാവൂ. ▮

Comments