മധ്യപ്രദേശിൽ എം.ബി.ബി.എസ് പഠനം ഹിന്ദിയിലാക്കുന്നതിന്റെ ഭാഗമായി, ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിന്റെ ഹിന്ദി പതിപ്പ്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകാശനം ചെയ്യുന്നു.

ഭാഷാ ഫാഷിസം

ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെ ഭാഷയാണ് ഹിന്ദിയെന്ന ബി.ജെ.പി വാദം തെറ്റാണെന്ന് ഭാഷാ ഗവേഷകനായ ഡോ. ഗണേഷ് ദേവിയുടെ പഠനറിപ്പോർട്ട് തെളിയിക്കുന്നു. 48 ഭാഷാവകഭേദങ്ങൾ ഉൾക്കൊള്ളുന്നതാണ് ഹിന്ദി. മാനക ഹിന്ദി സംസാരിക്കുന്നത് ജനസംഖ്യയുടെ നാലിലൊന്നു മാത്രമാണ്​.

ഭാഷ ഒരു സാംസ്‌കാരിക ഉപകരണമാണ്, ഒരു വിനിമയോപകരണം.
ഭാഷ ഒരു ആയുധവുമാണ്. മുറിവേൽപ്പിക്കാൻ വാക്കുകൾക്കുള്ള കഴിവ് എല്ലാവർക്കും അറിയുന്നതാണല്ലോ. മനുഷ്യരെ ഒന്നിപ്പിക്കാൻ കഴിയുന്നതു പോലെ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള കഴിവും ഭാഷയ്ക്കുണ്ട്. പ്രത്യേകിച്ച്, പല നാവുകളിൽ സംസാരിക്കുന്ന ഒരു ദേശത്ത്. ഭിന്നിപ്പിക്കാനുള്ള ഭാഷയുടെ ആ സാമർത്ഥ്യത്തെ ചൂഷണം ചെയ്യാനാണ് ഹിന്ദി ദേശീയവാദികൾ ശ്രമിക്കുന്നത്.

നിയമങ്ങൾ പാസാക്കുന്നതിലൂടെ മാറ്റിയെടുക്കാൻ പറ്റുന്നതല്ല, ജനങ്ങളുടെ ഭാഷയും സംസ്‌കാരവും. ഏതൊരു ഭാഷയും മറ്റു ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത് ഫാഷിസ്റ്റ് രീതിയാണ്. ഇത്തരം പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ കേന്ദ്രത്തിൽ ഭരണത്തിൽ വന്നയുടനെ ഭരണപരമായ എല്ലാ എഴുത്തുകുത്തുകളും ഹിന്ദിയിലായിരക്കണമെന്ന നിർദേശമുണ്ടായി. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽപോലും ഔദ്യോഗിക ലിഖിതങ്ങൾ ഹിന്ദിയിലായിരിക്കണമെന്ന് നിർദേശിക്കപ്പെട്ടു. പ്രധാനമന്ത്രിപോലും വിദേശത്തുനിന്നുള്ള ഉദ്യോഗസ്ഥരോട് തർജമക്കാർ വഴി ഹിന്ദിയിലാണ് ആശയവിനിമയം സാധിച്ചത്. ഇപ്പോൾ, 2022ൽ, കേന്ദ്രമന്ത്രി അമിത് ഷാ ഇന്ത്യയിലെ അഹിന്ദി സംസ്ഥാനങ്ങളിൽ ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന നിർദേശവുമായി മുന്നോട്ടു വന്നിരിക്കുകയാണ്.

വിദ്യാഭ്യാസം കൺകറൻറ്​ ലിസ്റ്റിൽപ്പെട്ടതാകയാൽ ഹിന്ദി അധ്യയന മാധ്യമമായി അടിച്ചേൽപ്പിക്കുന്നത് സംസ്ഥാനങ്ങളുടെ അധികാരം കവർച്ച ചെയ്യുന്നതിനു തുല്യമാണ്.

ഉപരിപഠന സ്ഥാപനങ്ങളിലെല്ലാം പഠനവും പാഠപുസ്തകങ്ങളും ഹിന്ദിയിലായിരിക്കണമെന്ന നിഷ്‌കർഷയും മന്ത്രിയ്ക്കുണ്ട്. ഇതര ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങൾ ഹിന്ദി ലിങ്ക് ഭാഷയായി ഉപയോഗിക്കുന്നത് നന്നായിരിക്കുമെന്ന്, ഈയിടെ, ഔദ്യോഗികഭാഷയുടെ പാർലമെന്ററി കമ്മിറ്റിയോഗത്തിൽ അമിത് ഷാ അഭിപ്രായപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, സർക്കാർ നടത്തിപ്പിനുള്ള ഭാഷ ഹിന്ദി ആകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം ഹിന്ദിയുടെ പ്രാധാന്യം തീർച്ചയായും വർധിപ്പിക്കും. ഇന്ത്യയുടെ ഈ ഔദ്യോഗിക ഭാഷയെ ദേശീയ ഐക്യത്തിന്റെ മർമ്മപ്രധാനമായൊരു കണ്ണിയാക്കി മാറ്റേണ്ട കാലം സംജാതമായിരിക്കുന്നു. ഈ പ്രസ്താവനക്കൊപ്പം, ഇംഗ്ലീഷിനു ബദലായിരിക്കും ഹിന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. സ്‌കൂൾ വിദ്യാഭ്യാസത്തിൽ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻ.ഇ.പി- 2020) നിർദേശങ്ങൾക്ക് വിരുദ്ധമാണ് അമിത് ഷായുടെ നിലപാട്.

ഒരു ഭാഷയോ, സംസ്‌കാരമോ മാത്രമാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ സ്വത്വമെന്ന് പറയുന്നത് പൂർണമായും അബദ്ധമാണ്. / Photo : Abul Kalam Azad Pattanam, FB

മെക്കാളെയുടെ അതേ തന്ത്രം

‘ഒരു രാഷ്ട്രം, ഒരു ഭാഷ' എന്നതാണ് ഹിന്ദി ദേശീയവാദികളുടെ മുദ്രാവാക്യം. രാഷ്ട്രത്തിന്റെ സ്വത്വമിരിക്കുന്നത് ഭാഷയിലാണെന്ന അബദ്ധ ധാരണയാകാം ഇതിനു കാരണം. ‘ഒരു ദേശത്തിന് ഒരു ഭാഷ’ എന്നത് പശ്ചാത്യലോകത്തുനിന്നുള്ള ആശയമാണ്. അത് ഭാരതീയമേ അല്ല. അത്തരമൊരാശയം കടമെടുക്കുന്നത് കൊളോണിയലിസത്തിലേക്കുള്ള തിരിച്ചുപോക്കാണ്. മെക്കാളയുടെ കാലത്തേക്കൊരു മടക്കം. അന്ന് ഇംഗ്ലീഷ് അറിയുന്നവരായിരുന്നു വമ്പൻ. അവർക്കായിരുന്നു വിദ്യാഭ്യാസവും, ഉദ്യോഗവും, അധികാരവും. ഇന്ന്, ഇംഗ്ലീഷ് ലോക ലിങ്ക് ഭാഷയായിരിക്കുന്ന കാലത്ത്, ഇംഗ്ലീഷിനുപകരം ഹിന്ദിയെ വാഴിക്കുന്നത്, മെക്കാളെയുടെ അതേ തന്ത്രമാണ്. ഇന്ത്യയിലെ തെക്കും കിഴക്കുമുള്ള, ഹിന്ദി സംസാരിക്കാത്ത, സംസ്ഥാനങ്ങൾക്കുമേൽ അധീശത്വം സ്ഥാപിക്കാനുള്ള കുതന്ത്രം നവകൊളോണിയൽ ഹിന്ദി സാമ്രാജ്യത്വ അജണ്ടയാണ്.

എപ്പോഴൊക്കെ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ അഹിന്ദി പ്രദേശങ്ങളിൽ അസ്വസ്ഥതയും കലാപങ്ങളും തല പൊക്കിയിട്ടുണ്ടെന്ന വസ്തുത ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

‘ഒരു ദേശം, ഒരു ഭാഷ' എന്ന ആശയം സുദീർഘമായ ചരിത്രമോ, വൈവിധ്യമാർന്ന സംസ്‌കാരമോ ഇല്ലാത്ത ഒരു ദേശത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ചേർന്നതാകാം. പക്ഷേ, ഇന്ത്യ അങ്ങനെയല്ലല്ലോ. നമ്മുടെ ഐക്യവും അഖണ്ഡതയും നമ്മുടെ വൈജാത്യത്തിലാണല്ലോ. നാനാത്വത്തിൽ ഏകത്വം എന്നതാണ് നാം പഠിച്ചതും, കണ്ടുവന്നതും, അനുഭവിച്ചതും. നമ്മുടെ ഭരണവ്യവസ്ഥിതി സംയുക്ത സംസ്ഥാന വ്യവസ്ഥിതി- ഫെഡറൽ- ആയിരിക്കുന്നത് അതുകൊണ്ടാണ്. നമ്മുടെ ഭരണവ്യവസ്ഥ ഫെഡറൽ ആണെന്നതിന്റെ അർഥമെന്താണ്? സംസ്ഥാനങ്ങൾക്ക് അവരുടെ ആഭ്യന്തര കാര്യങ്ങളിൽ സ്വാതന്ത്ര്യമുണ്ടെന്നാണ്. ഭാഷ സംസ്ഥാനങ്ങളുടെ ആഭ്യന്തരകാര്യമാണ്. ദേശത്താകെ ഒരു ഭാഷ മതിയെന്ന തീരുമാനം, അതുകൊണ്ടുതന്നെ, ഭരണവ്യവസ്ഥയുടെ ഫെഡറൽ സ്വഭാവത്തെ ഹനിക്കുന്നതാണ്. ഭരണഘടനാ വിരുദ്ധമാണ്.

തെലുങ്ക് സംസാരിക്കുന്നവരുടെ സംസ്ഥാനമായി ആന്ധ്ര സംസ്ഥാന രൂപീകരണത്തിനുവേണ്ടി പോട്ടി ശ്രീരാമലു നിരാഹാര സമരം നടത്തി ജീവൻ വെടിഞ്ഞത് സ്വതന്ത്ര ഇന്ത്യയിലാണ്

ഭാഷക്കുവേണ്ടിയുള്ള സമരങ്ങൾ

ഭാരതം എന്നു കൂടി വിളിക്കപ്പെടുന്ന നമ്മുടെ രാജ്യം, ഇന്ത്യ, നിരവധി സംസ്‌കാരങ്ങളുടെ സാകല്യമാണ്. ഏതെങ്കിലും ഒരു ഭാഷയോ, സംസ്‌കാരമോ മാത്രമാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ സ്വത്വമെന്ന് പറയുന്നത് പൂർണമായും അബദ്ധമാണ്. ദേശീയ ഏകതയുടെ ഘടകമായി കേവലം ഒരു ഭാഷയെ ഉയർത്തിപ്പിടിക്കുന്നത്, രാഷ്ട്രത്തിന്റെ ഐക്യമുണ്ടാക്കാനല്ല, ഭിന്നതകളും കലാപങ്ങളും സൃഷ്ടിക്കാനേ ഉതകൂ. എപ്പോഴൊക്കെ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ അഹിന്ദി പ്രദേശങ്ങളിൽ അസ്വസ്ഥതയും കലാപങ്ങളും തല പൊക്കിയിട്ടുണ്ടെന്ന വസ്തുത ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. നമ്മുടെ നാട്ടിൽ മാത്രമല്ല, മറ്റു നാടുകളിലും ദേശീയ ഐക്യത്തിന്റെ പേരിൽ ഒരു ഭാഷയെ രാഷ്ട്രഭാഷയായി വാഴിക്കുന്നത് പരാജയത്തിൽ കലാശിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ഇന്ന് ഏതെങ്കിലും ഒരു ദേശത്തിന്റെ ഭാഷയല്ല. അത് ലോകജനതയുടെ വ്യവഹാര ഭാഷയായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും ജീവിതശൈലിയിലും മേൽഗതി പ്രാപിക്കാൻ ഇംഗ്ലീഷ് പരിജ്ഞാനം കൂടിയേ കഴിയൂ എന്ന സ്ഥിതിയാണുള്ളത്.

മാതൃഭാഷാ സംരക്ഷണ സമരങ്ങൾ സ്വാതന്ത്ര്യാനന്തരകാലത്ത് പല പ്രക്ഷോഭങ്ങളിലേക്കും കലാപങ്ങളിലേക്കും നയിച്ചിട്ടുണ്ട്. തെലുങ്ക് സംസാരിക്കുന്നവരുടെ സംസ്ഥാനമായി ആന്ധ്ര സംസ്ഥാന രൂപീകരണത്തിനുവേണ്ടി പോട്ടി ശ്രീരാമലു നിരാഹാര സമരം നടത്തി ജീവൻ വെടിഞ്ഞത് സ്വതന്ത്ര ഇന്ത്യയിലാണ്. 1965 ൽ ഹിന്ദി വിരുദ്ധസമരത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി 500ഓളം പേരാണ് ​കൊല്ലപ്പെട്ടത്​. അതിനുശേഷം ഒരിക്കൽപോലും കോൺഗ്രസ് തമിഴ്നാട്ടിൽ അധികാരത്തിൽ വന്നിട്ടില്ല. നമ്മുടെ അയൽരാജ്യമായ പാക്കിസ്ഥാൻ തന്നെ അതിന് നല്ലൊരുദാഹരണമാണ്. ഉറുദു ഭാഷകൊണ്ട് പാക്കിസ്ഥാനെ ഏകീകരിക്കാൻ തീരുമാനിച്ചത് വിജയിക്കാതെ പോയത് എന്തുകൊണ്ടാണെന്ന് തല്പരകക്ഷികൾ മനസ്സിലാക്കുന്നത് നന്നായിരിക്കും.

ഹിന്ദി ഭൂരിപക്ഷത്തിന്റെ ഭാഷയല്ല

ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെ ഭാഷയാണ് ഹിന്ദിയെന്ന ബി.ജെ.പി വാദം തെറ്റാണെന്ന് ഭാഷാ ഗവേഷകനായ ഡോ. ഗണേഷ് ദേവിയുടെ പഠനറിപ്പോർട്ട് (People's Linguistic Survey of India- 2013) തെളിയിക്കുന്നു. ഏതു ഭാഷയെയും പോലെ ഹിന്ദിക്കും അനവധി ഭാഷാഭേദങ്ങളുണ്ട്. ഭോജ്പുരി, രാജസ്ഥാനി, ഛത്തീസ്ഗർഹി, ഹരിയാൺവി, കാനൗജി തുടങ്ങി 48 ഭാഷാവകഭേദങ്ങൾ ഉൾക്കൊള്ളുന്നതാണ് ഹിന്ദി. മാനക ഹിന്ദി സംസാരിക്കുന്നത് ജനസംഖ്യയുടെ നാലിലൊന്നു മാത്രമാണെന്ന് ഗണേഷ്ദേവിയുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അങ്ങനെ വരുമ്പോൾ, ഹിന്ദി ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾക്ക് വ്യവഹരിക്കാനുള്ള ഭാഷയായി മാറ്റുന്നതിനുപിറകിൽ ഗൂഢലക്ഷ്യമുണ്ടെന്നത് തെളിയുന്നുണ്ട്. ഹിന്ദി ഭാഷ അല്ല, മറിച്ച് ഹിന്ദി അടിച്ചേൽപ്പിക്കുന്ന ഹിന്ദു സാമ്രാജ്യത്വ അജണ്ടയാണ് എതിർക്കപ്പെടേണ്ടത്.

ഭാഷ ആശയവിനിമയോപാധി എന്നതിനപ്പുറം ജനതയുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനം കൂടിയാണ്. ഒരു ഭാഷയ്ക്കുമേൽ മറ്റൊരു ഭാഷ അടിച്ചേൽപ്പിക്കുന്നത് ആത്മാഭിമാനമുള്ള ഒരു ജനതയും പൊറുക്കില്ല.

ഇംഗ്ലീഷിനുപകരം ഹിന്ദി കൊണ്ടുവരുന്നത് ഇന്നത്തെ പരിതസ്ഥിതിയിൽ അഭികാമ്യമല്ല. ഇംഗ്ലീഷ് ഇന്ന് ഏതെങ്കിലും ഒരു ദേശത്തിന്റെ ഭാഷയല്ല. അത് ലോകജനതയുടെ വ്യവഹാര ഭാഷയായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും ജീവിതശൈലിയിലും മേൽഗതി പ്രാപിക്കാൻ ഇംഗ്ലീഷ് പരിജ്ഞാനം കൂടിയേ കഴിയൂ എന്ന സ്ഥിതിയാണുള്ളത്. ഇന്ത്യയിൽതന്നെ ഒരു സംസ്ഥാനം വിട്ട് മറ്റൊരു സംസ്ഥാനത്തിലേക്ക് അതിജീവനത്തിനായി പോകുന്നവർക്ക്, വ്യവഹാര ഭാഷയായി ആ സംസ്ഥാനത്തെ ഭാഷ അറിയില്ലെങ്കിൽ, ഇംഗ്ലീഷിനെയാണ് പലപ്പോഴും ആശ്രയിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്‌കൂളുകളിൽ മാതൃഭാഷയോടൊപ്പം ആഗോളവ്യവഹാര ഭാഷ എന്ന നിലയിൽ രണ്ടാം ഭാഷയായി ഇംഗ്ലീഷും പഠിപ്പിച്ചുവരുന്നു. ഇന്ത്യയുടെ ഭാഷാ വൈവിദ്ധ്യത്തെയും, സാംസ്‌കാരിക വൈജാത്യങ്ങളെയും അറിഞ്ഞുകൊണ്ടാണ് ഭരണഘടനാ വിദഗ്ധരും മറ്റുള്ളവരും മാതൃഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്ന ത്രിഭാഷാ പദ്ധതി പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തിയത്. ഇന്ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ നടത്തുന്ന പരീക്ഷകളിൽ ചോദ്യങ്ങളെല്ലാം ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ്. മാതൃഭാഷയിൽ ചോദ്യങ്ങളില്ല. അഹിന്ദി പ്രദേശങ്ങളിലെ ഉദ്യോഗാർഥികൾക്ക് ഇത് അന്യായമായി തോന്നാത്തത് ഇംഗ്ലീഷിൽ ചോദ്യങ്ങളുള്ളതുകൊണ്ടാണ്.

‘ഒരു ദേശത്തിന് ഒരു ഭാഷ' യെന്നത് ഒരു ഉട്ടോപ്യൻ ആശയമാണെന്ന് മാത്രമല്ല, അതൊരു ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര പദ്ധതി കൂടിയാണ്.

ഭാഷയെ രാഷ്​ട്രീയായുധമാക്കുന്ന തന്ത്രം

ഒരു ഭാഷയെന്ന നിലയിൽ ഹിന്ദി മറ്റു ഭാഷകളെപ്പോലെ തന്നെ ശ്രേഷ്ഠവും സമ്പന്നവുമാണ്. അതിന്റെ സാഹിത്യവും കലയും സംസ്‌കാരവും ശ്ലാഘനീയമാണ്. എങ്കിലും, മറ്റു ഭാഷകളെ തഴഞ്ഞ്​ ആ ഭാഷകളിൽ വ്യവഹാരം ചെയ്യുന്നവർക്ക് മീതെ, ‘ഒരൊറ്റ ജനത, ഒരൊറ്റ സ്വത്വം' എന്ന മധുരമുദ്രാവാക്യത്തിന്റെ മറയോടെ, ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. വ്യക്തമായി പറഞ്ഞാൽ, ഫാഷിസമാണ്. ന്യൂനപക്ഷങ്ങൾക്കുമേലെ ഭൂരിപക്ഷത്തിന്റെ കടന്നുകയറ്റമാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്ന അജണ്ട ഫെഡറൽ സംവിധാനമെന്ന സങ്കൽപ്പനത്തിന്റെ ധ്വംസനമാണ്. ഹിന്ദുത്വവാദികൾക്ക് സംസ്ഥാനങ്ങൾ ക്ഷയിച്ചു കാണാനാണ് ആഗ്രഹം. ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ' എന്ന ഏകശിലാ വ്യവസ്ഥിതി സൃഷ്ടിക്കാനാണ് അവരുടെ പരിശ്രമം. അതിനുതന്നെയാണ് ബി.ജെ.പിയും ശ്രമിക്കുന്നത്. ഇന്ത്യ ബഹുസംസ്‌കാര, ബഹുഭാഷാ രാഷ്ട്രമാണെന്ന് അംഗീകരിക്കാനേ അവർക്ക് മനസ്സില്ല. ‘ഒരൊറ്റ ഭാഷ, ഒരൊറ്റ സംസ്‌കാരം' എന്ന ആശയം അടിച്ചേൽപ്പിക്കാനാണ് അവരുടെ ശ്രമം. ആർ.എസ്.എസും, ബി.ജെ.പിയും ഫെഡറൽ വ്യവസ്ഥയെന്ന ആശയത്തെ തകർക്കുകയെന്നത് ‘ദേശീയലക്ഷ്യ'മാക്കിയിരിക്കുകയാണ്. ഇത് തുടങ്ങിവച്ചത് കോൺഗ്രസാണെങ്കിൽ, ഇന്നത് വ്യാപിപ്പിക്കുന്നത് ബി.ജെ.പിയാണ്. ജനാധിപത്യത്തെയെന്നപോലെ ഫെഡറലിസത്തെയും സംരക്ഷിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും നമ്മുടെ ആവശ്യമാണ്. ഫെഡറലിസവും, കേന്ദ്രസംസ്ഥാന ബന്ധങ്ങളും പുനരവലോകനം ചെയ്യേണ്ട കാലമാണിത്.

ഇംഗ്ലീഷ് ഇന്ന് ഏതെങ്കിലും ഒരു ദേശത്തിന്റെ ഭാഷയല്ല. അത് ലോകജനതയുടെ വ്യവഹാര ഭാഷയായി മാറിയിരിക്കുകയാണ് / Photo : Abul Kalam Azad Pattanam

വിദ്യാഭ്യാസം കൺകറൻറ്​ ലിസ്റ്റിൽപ്പെട്ടതാകയാൽ ഹിന്ദി അധ്യയന മാധ്യമമായി അടിച്ചേൽപ്പിക്കുന്നത് സംസ്ഥാനങ്ങളുടെ അധികാരം കവർച്ച ചെയ്യുന്നതിനു തുല്യമാണ്. കേന്ദ്ര സർക്കാർ ജോലിയ്ക്ക് ഹിന്ദി പ്രാവീണ്യം അടിച്ചേൽപ്പിക്കുന്ന തീരുമാനം നമ്മുടെ രാജ്യത്തിലെ സഹകരണാത്മക ഫെഡറലിസത്തിന് കടകവിരുദ്ധമാണ്. മാതൃഭാഷ ഒരു ജനതയുടെ ജന്മാവകാശമാണ്. ഭാഷ കവർന്നെടുക്കപ്പെടുമ്പോൾ ഒരു ജനതയുടെ സംസ്‌കാരവും സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നു.

ഭാഷ ആശയവിനിമയോപാധി എന്നതിനപ്പുറം ജനതയുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനം കൂടിയാണ്. ഒരു ഭാഷയ്ക്കുമേൽ മറ്റൊരു ഭാഷ അടിച്ചേൽപ്പിക്കുന്നത് ആത്മാഭിമാനമുള്ള ഒരു ജനതയും പൊറുക്കില്ല. ഭാഷയെ ഭൂരിപക്ഷ താന്തോന്നിത്തത്തിനുള്ള രാഷ്ട്രീയായുധമാക്കുക വഴി കേന്ദ്ര ഭരണകൂടം തീ കൊണ്ട് തല ചൊറിയുകയാണ്. ‘ഒരൊറ്റ രാഷ്ട്രം, ഒരൊറ്റ ഭാഷ' എന്ന ആശയം ഇന്ത്യയുടെ സാംസ്‌കാരിക നാനാത്വത്തിനും ഭാഷാബഹുസ്വരതയ്ക്കു നേരെയുള്ള അവഹേളനമാണ്. അപമാനമാണ്. അത് ഇന്ത്യയുടെ സ്വരൂപത്തിനും സ്വത്വത്തിനും വ്യക്തിത്വത്തിനും നേരെയുള്ള പരിഹാസമാണ്. തമിഴും, തെലുങ്കും, കന്നഡയും, മലയാളവും, ബംഗാളിയും, ഒഡിയയും, ബീഹാറിയും, മറാഠിയും, ഗുജറാത്തിയും, ഭോജ്പുരിയും സംസാരിക്കുന്നവരോട് നിങ്ങൾ ഭാരതീയരല്ല എന്നുപറയുന്നതിന് തുല്യമാണ്; മാതൃഭാഷയെ പെറ്റമ്മയായും, മറ്റു ഭാഷകളെ പോറ്റമ്മയായും കാണാൻ പഠിച്ചവരോട് അങ്ങനെ കാണരുതെന്ന് പറയുന്നതിന് തുല്യമാണ്. ‘ഒരു ദേശത്തിന് ഒരു ഭാഷ' യെന്നത് ഒരു ഉട്ടോപ്യൻ ആശയമാണെന്ന് മാത്രമല്ല, അതൊരു ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര പദ്ധതി കൂടിയാണ്. ന്യൂനപക്ഷങ്ങൾക്കുമേലുള്ള അധിനിവേശമാണ്. അത് നമുക്ക് സമ്മതിച്ചു കൊടുക്കാൻ പറ്റില്ല. ▮


പി.കെ. ജയരാജ്​

35 വർഷമായി വിവിധ തലങ്ങളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) ഇംഗ്ലീഷ് വിഭാഗം സീനിയർ കൺസൾട്ടൻറ്​. സേ വാട്ട് യു മീൻ, ഗ്രാമർ ആൻഡ് ഗ്രാമർ വാർസ്, വെൻ വേഡ്‌സ് ബ്ലൂം, ഗ്രാമർലി യുവേർസ്, ദ റൈറ്റ് വേ റ്റു സ്പീക്ക് ആൻഡ് റൈറ്റ്, ദ വോയ്‌സ് ഓഫ് ദ മൂസ് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments