ജനകീയം എന്ന് മുഖ്യധാര അടയാളപ്പെടുത്തിയ ഇന്ത്യയിലെ ജനകീയ മുന്നേറ്റങ്ങളുടെ ഗുണഭോക്താവ് ആർ.എസ്.എസ്സായിരുന്നു എന്നത് മറന്നുകൂടാൻ പാടില്ലാത്ത ഒരു വസ്തുതയാണ്. ചുരുങ്ങിയത് രണ്ട് സന്ദർഭങ്ങളിലെങ്കിലും ഇത് യഥാർത്ഥ്യമാണ്. ഒന്ന് അടിയന്തരവസ്ഥക്കെതിരായ മുന്നേറ്റം. രണ്ട് അന്നാ ഹസാരെയുടെ ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷന്റെ നേതൃത്വത്തിൽ മാധ്യമങ്ങളുടെ സഹായത്തോടെ ദേശവ്യാപകമാക്കിയ സമരം. ഈ രണ്ട് സമരങ്ങളും രരണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ, വ്യത്യസ്ത രീതികളിൽ ആർഎസ്എസ്സിന് ഇന്ത്യയുടെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതിന് അവസരം നൽകി.
ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ചരിത്രത്തിലേക്ക് ഒന്ന് നോക്കേണ്ടി വരുന്നത്. ആം ആദ്മിയുടെ പരാജയം, ബിജെപിയ്ക്കും ആർഎസ്എസ്സിനുമെതിരായ ചെറുത്തുനിൽപ്പിൽ നിർണായകമായ തിരിച്ചടിയാണെന്നും പ്രതിപക്ഷ ഐക്യത്തിന്റെ അഭാവമാണ് ഇതിന് കാരണമെന്നുമുള്ള വിശകലനങ്ങൾ ധാരളം വന്നുകഴിഞ്ഞു. വലിയ പ്രതിപക്ഷ പാർട്ടിയെന്ന നിലയിലുള്ള ഉത്തരവാദിത്വം കോൺഗ്രസ് നിർവഹിക്കാത്തതാണ് തലസ്ഥാനത്തെ ബി.ജെ.പിയുടെ വിജയത്തിന് കാരണമെന്നുമുള്ള മതേതര കുറ്റപ്പെടുത്തലുകളാൽ സജീവമാണ് സാമൂഹ്യ മാധ്യമങ്ങൾ. പതിമൂന്ന് സീറ്റിലെങ്കിലും ബി.ജെ.പിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് കോൺഗ്രസിന് ലഭിച്ച വോട്ടുകൾ എന്നത് ഈ ആശങ്കയുടെ അടിത്തറയായി വിമർശർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

അത്രയും ലളിതമായ കണക്കുകൂട്ടലുകളിലൂടെ വിശദീകരിക്കാൻ കഴിയുന്നതാണോ ജനങ്ങളുടെ രാഷ്ട്രീയ പരിഗണനകൾ എന്ന് തീർത്ത് പറയാൻ കഴിയില്ല. കോൺഗ്രസും ആപ്പും ഒന്നിച്ച് നിന്നിട്ടും ഡൽഹിയിലെ ഏഴ് പാർലമെന്റ് സീറ്റിലും ജയം ബിജെപിയ്ക്കായിരുന്നു എന്ന വസ്തുതയും ശേഷിക്കുന്നു. എങ്കിലും ഈ വിമർശനങ്ങൾ ഒക്കെ ഉന്നയിക്കപ്പെടുന്നത് ഹിന്ദുത്വത്തിന്റെ മുന്നേറ്റം തടയാൻ ഇനി കഴിയില്ലേ എന്നുള്ള വളരെ സ്വാഭാവികമായ, ജനാധിപത്യപരമായ ആശങ്കയിൽനിന്നാണ്. പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന് ഉണ്ടാക്കിയ ചെറിയ ഉണർവുകൾ പോലും പിന്നീട് ഹരിയാനയിലും മഹാരാഷ്ട്രയിലും ഇപ്പോൾ ഡൽഹിയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നഷ്ടമായി എന്ന രാഷ്ട്രീയ നിരാശയാണ് ഇതിലൂടെ പങ്കുവെയ്ക്കപ്പെടുന്നത്.
ഇനി നേരത്തെ ചൂണ്ടിക്കാണിച്ച ചരിത്ര സന്ദർഭങ്ങളിലേക്ക് പോകാം. അടിയന്തരവസ്ഥയ്ക്കെതിരായ ജനകീയ മുന്നേറ്റങ്ങളുടെ പിറകിൽ കയറിയാണ്, ആർ.എസ്.എസ് എന്ന സംഘടന ഇന്ത്യയുടെ മുഖ്യധാരയിലേക്ക് എത്തുന്നത്. ഗാന്ധി വധത്തിന് കാരണക്കാരനെന്ന നിലയിൽ ആർ.എസ്.എസ്സിന് 1948-ലെ നിരോധനത്തിന് ശേഷവും രാജ്യത്തിന്റെ മുഖ്യധാരയിലെത്താൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഭാരതീയ ജനസംഘിന് കാര്യമായ ഒരു നേട്ടവും അക്കാലത്ത് തെരഞ്ഞെടുപ്പുകളിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല.
അതിൽനിന്ന് ആർഎസ്എസ്സിനെ രക്ഷപ്പെടുത്തിയെന്ന ഒരു ദൗത്യം കൂടി അടിയന്തരാവസ്ഥയ്ക്കെതിരായ പ്രതിഷേധങ്ങൾ നിർവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ജയപ്രകാശ് നാരയൺനെ പോലുള്ള സോഷ്യലിസ്റ്റ് നേതാക്കൾ ആയിരുന്നു ആർഎസ്എസ്സിനെ വീണ്ടും മുഖ്യധാരയിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചത്. 1930-കളിലും 40-കളിലും ആർഎസ്എസ്സിനെ തിന്മയുടെ ശക്തികൾ എന്ന് വിശേഷിപ്പിച്ച ജയപ്രകാശ് നാരയൺ അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസ് അനുകൂലിയാകുകയായിരുന്നു. അക്കാലത്ത് അദ്ദേഹം ആർ.എസ്.എസ് ഫാസിസ്റ്റാണെങ്കിൽ താനും ഫാസിസ്റ്റാണെന്നാണ് പ്രഖ്യാപിച്ചത്. പറഞ്ഞുവന്നത് സോഷ്യലിസ്റ്റുകളുടെ കൂടി സഹായത്തോടെ, അടിയന്തരാവസ്ഥയ്ക്കെതിരായ ജനകീയ മുന്നേറ്റം ഉപയോഗപ്പെടുത്തി ആർഎസ്എസ് മുഖ്യധാരയിലെത്തിയതിനെക്കുറിച്ചാണ്. അന്നത്തെ വിശാല രാഷ്ട്രീയ സഖ്യത്തിൽ വേഷമഴിച്ചുവെച്ച് ആർഎസ്എസ്സുകാരും സജീവപങ്കാളികളായി. ഇന്ന് സങ്കൽപിക്കാൻ സാധിക്കാത്ത രാഷ്ട്രീയ കൂട്ടുകെട്ടുകളുണ്ടായി. അതിന്റെയൊക്കെ ഗുണഭോക്താവായി ആർഎസ്എസ്സും സംഘപരിവാറും മാറുകയും ചെയ്തു.

ഇനി മറ്റൊരു സന്ദർഭം നോക്കാം. മൻമോഹൻ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ അവസാനകാലത്ത് ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധവും ഉപവാസവും. അന്നത്തെ ആ സമരത്തിന് നേതൃപരമായ പങ്കുവഹിച്ചവർ മണ്ഡൽ വിരുദ്ധ- സംവരണ വിരുദ്ധ സമരത്തിന്റെ വക്താക്കളായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭം സർവാധിപത്യത്തിനെതിരെ ആയിരുന്നുവെങ്കിൽ, ജനാധിപത്യ ഘടനയ്ക്ക് മുകളിൽനിൽക്കുന്ന ‘സർവാധികാരിയായ’ ലോക്പാലിന് വേണ്ടിയായിരുന്നു അന്നാ ഹസാരെയും കെജ്രിവാളും അന്ന് ദേശീയ പതാകവീശി സമരം നടത്തിയത്. അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തിന്റെ ഗുണഭോക്താവായിരുന്നു ആർഎസ്എസ്സെങ്കിൽ, അന്നാ ഹസാരെ- കെജ്രിവാൾ സമരത്തിന്റെ നടത്തിപ്പുകാർ തന്നെ ആർഎസ്എസ്സായിരുന്നു. അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തിലൂടെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിയ ആർഎസ്എസ്, അന്നാ ഹസാരെ- കെജ്രിവാൾ സമരത്തിന്റെ കൂടി ഗുണഭോക്താവായി 2014-ൽ ശക്തിയോടെ അധികാരത്തിലുമെത്തി. ആർഎസ്എസ്സിന്റെ ആശയങ്ങൾ നടപ്പിലാക്കുന്നതിന്, വംശഹത്യയുടെ പരീക്ഷണ ശാലയിൽ നിന്നുള്ള അനുഭവങ്ങളുമായെത്തിയ മോദിയെ തന്നെ അവർ പ്രധാനമന്ത്രിയുമാക്കുകയും ചെയ്തു. ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട സമഗ്രാധിപത്യ വ്യവസ്ഥയിലേക്ക് പതുക്കെ മാറ്റപ്പെട്ടു.
ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ രണ്ട് മുന്നേറ്റങ്ങൾ (അടിയന്തരാവസ്ഥയ്ക്കെതിരായ ജനമുന്നേറ്റം ജനകീയവും രാജ്യത്തെമ്പാടും നടന്നുവെങ്കിൽ അന്നാ- കെജ്രിവാൾ സമരം ടെലിവിഷൻ മാധ്യമങ്ങളുടെ സഹായത്തോടെ ഒരു ജനകീയ പ്രതീതി സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തതെന്ന വ്യത്യാസം ഉണ്ട്) ആർഎസ്എസ്സിനെ സഹായിച്ചുവെന്ന് തുടക്കത്തിൽ പറഞ്ഞത്.
പിന്നീട് കെജ്രിവാളും സംഘവും അന്നാ ഹസാരെയുമായി അകലുകയും 'പ്രത്യയശാസ്ത്ര മുക്ത'മായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഏറെ വൈകാതെ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് തുടങ്ങി നിരവധി പേരെ പുറത്താക്കി കൊണ്ട് കെജ്രിവാൾ ആം ആദ്മി പാർട്ടിയിലെ സർവാധികാരിയായി. പ്രത്യയശാസ്ത്രത്തിന്റെ ഭാരമില്ലാതെ സംശുദ്ധ ഭരണ വാഗ്ദാനം ഇടത്തരക്കാരെയും താഴെക്കിടയിലുളളവരേയും ഒരുപോലെ ആകർഷിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വലിയ വിജയം ആം ആദ്മി നേടുന്നു. റൈറ്റ് വിങ് പോപ്പുലിസത്തിന്റെ മറ്റൊരു കട കൂടി ഇന്ത്യൻ രാഷ്ട്രീയത്തിൽ തുറക്കപ്പെടുകയാണ് ചെയ്തത്. നരേന്ദ്രമോദിയുടെ എതിരാളി കെജ്രിവാളായിരിക്കുമെന്ന വിലയിരുത്തലുകൾ വ്യാപകമായി. എ.എ.പി ഡൽഹിയിൽ വിജയം ആവർത്തിച്ചതിന് ശേഷം പഞ്ചാബും പിടിക്കുന്നു. കോൺഗ്രസിനെ മറികടക്കുന്ന തരത്തിൽ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ സ്വാധീനമുള്ള പ്രതിപക്ഷ പാർട്ടിയായി ആം ആദ്മി മാറുമെന്ന വിലയിരുത്തലുകൾ വരുന്നു.

മോദിയുടെ മൂക്കിന് താഴെ, ബി.ജെ.പിയുടെ എല്ലാവിധ ഞെരുക്കലുകൾക്കും ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുന്ന ലഫ്റ്റനന്റ് ഗവർണറുടെ തടസ്സങ്ങൾക്കും നടുവിൽ കെജ്രിവാൾ ഭരണം തുടർന്നു. മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിട്ടും കെജ്രിവാൾ പോരാട്ടം തുടർന്നു. ബി.ജെ.പിയുടെ ഡൽഹി സംസ്ഥാനത്തോടുള്ള സമീപനത്തിൽ മാത്രമായിരുന്നു കെജ്രിവാളിന്റെ എതിർപ്പുകൾ. മൂന്ന് തുടർച്ചയായ വിജയങ്ങൾക്ക് ശേഷം കെജ്രിവാൾ ഒടുവിൽ പരാജയപ്പെട്ടു. ഇപ്പോൾ ഒരു ചരിത്രസന്ധിയിലാണ് ആ പാർട്ടി. പരാജയത്തിൽ പിടിച്ചുനിൽക്കാൻ മാത്രമുള്ള ആശയദൃഡത ഒരു പ്രത്യയശാസ്ത്ര വിരുദ്ധ പാർട്ടിക്കുണ്ടാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു. പരാജയപ്പെടുന്നതിന് മുമ്പ് തന്നെ ആംആദ്മിയിലെ എം.എൽ.എമാർ അടക്കം നിരവധി പേരാണ് ബിജെപിയിലെത്തിയത്. ആപ്പ് അധികാരമില്ലാതെ പിടിച്ചുനിൽക്കുമോ എന്നത് മറ്റൊരു വിഷയമാണ്. എന്തായാലും ബിജെപിയ്ക്ക് വെല്ലുവിളിയാകുമെന്ന് ചിലരെങ്കിലും കരുതിയ, ബിജെപി നേതൃത്വം അതിശക്തമായി നേരിട്ട ഒരു രാഷ്ട്രീയ പാർട്ടി പരാജയപ്പെട്ടത് ഹിന്ദുത്വത്തിനെതിരായ പോരാട്ടത്തെ എങ്ങനെയാണ് ബാധിക്കുക? അങ്ങനെ മതേതര ജനാധിപത്യ ചെറുത്തുനിൽപ്പുകളെ ദീർഘകാലാടിസ്ഥാനത്തിൽ ആപ്പിന്റെ പരാജയം ബാധിക്കില്ലെന്ന് വേണം കരുതാൻ. ബിജെപിയോട് ലാലു പ്രസാദിന്റെ പാർട്ടിയോ, സമാജ്വാദി പാർട്ടിയോ കോൺഗ്രസോ തോൽക്കുമ്പോൾ ഉണ്ടാകുന്ന നിരാശ, അതേ അളവിൽ കെജ്രിവാളിന്റെ തോൽവി മതേതര ജനാധിപത്യ വിശ്വാസികളിൽ ഉണ്ടാക്കേണ്ടതില്ലെന്നാണ് തോന്നുന്നത്. കാരണം കെജ്രിവാളിന്റെ പാർട്ടിയുടെ സാന്നിധ്യം ഹിന്ദുത്വ വിരുദ്ധ മുന്നണിയ്ക്ക് അടിസ്ഥാനപരമായി എന്തെങ്കിലും ഗുണം ചെയ്തിട്ടില്ലെന്നത് കൊണ്ടാണ്.
ആർഎസ്എസ് സഹായത്തോടെ വളർത്തിയെടുത്ത ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷന്റെ തുടർച്ചയായാണ് അത് രൂപികരിക്കപ്പെട്ടത് എന്നതുതുകൊണ്ടുമാത്രമല്ല, മറിച്ച് അത് ഒരു രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ ഹിന്ദുത്വ അജണ്ടകളെ സ്വാഭാവികവൽക്കരിച്ചുവെന്നതുകൊണ്ടുകൂടിയാണ്. ഇത് വളരെ പ്രധാനമാണ്. ബിജെപിയ്ക്ക് പുറത്ത് ഹിന്ദുത്വ അജണ്ടകളെ ഇത്രയധികം താലോലിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനം ആം ആദ്മിയെ പോലെ മറ്റൊന്നുണ്ടാവില്ല. അത് കേജ്‌റിവാളിന്റെ ഹനുമാൻ ചാലിസ ചൊല്ലുന്നതു കൊണ്ടല്ല, മറിച്ച് ബിജെപിയുടെ മുഖ്യ ഹിന്ദുത്വ അജണ്ടകളോടൊക്കെ, ആം ആദ്മി ഒരു പാർട്ടിയെന്ന നിലയിൽ തന്നെ ഏറ്റെടുക്കുകയായിരുന്നു ചെയ്തത് എന്നതുകൊണ്ടാണ്്്. ബാബ്‌റി മസ്ജിജിദ് തകർത്തയിടത്ത് ക്ഷേത്രം പണിതപ്പോഴും, പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ സമരത്തോടെടുത്ത സമീപനത്തിന്റെ കാര്യത്തിലായാലും കശ്മീരിന്റെ 370 വകുപ്പ് എടുത്തുകളഞ്ഞ് അത് കേന്ദ്ര ഭരണ പ്രദേശമാക്കിയപ്പോഴും ( ഡൽഹിയ്ക്ക് എല്ലാ അർത്ഥത്തിലും അധികാരമുള്ള സംസ്ഥാന പദവി വേണമെന്ന് കേജ്‌റിവാളും സംഘവും വാദിക്കുമ്പോൾ തന്നെയായിരുന്നു കശ്മീരിന്റെ കാര്യത്തിൽ ഈ സമീപനം എടുത്തത്), റോഹിങ്ക്യ അഭയാർത്ഥികളുടെ കാര്യത്തിലായും എല്ലാം ആം ആദ്മി ഒരു പാർട്ടിയെന്ന നിലയിൽ എടുത്തത് ഹിന്ദുത്വ സമീപനമായിരുന്നു. ബിജെപിയ്ക്ക് പുറത്തുനിന്ന് അത് ഹിന്ദുത്വ നിലപാടുകളെ അത് സ്വാഭാവികവൽക്കരിച്ചുകൊണ്ടെയിരുന്നു. ഒരു ഹിന്ദുത്വ കൺസെൻസസിനോട് വിധേയപ്പെട്ട പ്രസ്ഥാനമായിരുന്നു ആം ആദ്മി. ബിജെപിയോടുള്ള അതിന്റെ എതിർപ്പുകൾക്ക് കാരണം ആ പാർട്ടിയുടെ ഹിന്ദുത്വ ആശയങ്ങളായിരുന്നില്ലെന്ന് വ്യക്തമാണ്.

ഹിന്ദുത്വ അനുകൂല സമീപനങ്ങൾ സ്വീകരിക്കുന്നത് ആപ്പ് മാത്രമാണോ, എന്ന ചോദ്യം സ്വാഭാവികമാണ്.
കോൺഗ്രസും മൃദു ഹിന്ദുത്വ സമീപനം പലപ്പോഴും സ്വീകരിച്ചിട്ടുണ്ട്. അത്തരമൊരു മൃദു ഹിന്ദുത്വ ധാര കോൺഗ്രസിലെപ്പോഴുമുണ്ടായിരുന്നുവെന്നതും യാഥാർത്ഥ്യമാണ്. എങ്കിലും അതിനെതിരായ ശക്തമായ ഒരു വിഭാഗം കോൺഗ്രസിലുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ രണ്ടാം വരവിലും, രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവരുടെ കാലത്തുമാണ് കോൺഗ്രസിൽ മൃദു ഹിന്ദുത്വക്കാർക്ക് മേൽക്കൈ കിട്ടിയത്.
അതുകൊണ്ട് തന്നെ ഹിന്ദുത്വ ആശയങ്ങളെ അതേപടി സ്വീകരിക്കുന്ന ആം ആദ്മി പാർട്ടി മറ്റേതെങ്കിലും പ്രതിപക്ഷ പാർട്ടിയെ പോലയല്ല. ചില നേതാക്കളുടെ ഹിന്ദുത്വാഭിമുഖ്യ നിലപാടുകളാണ് കോൺഗ്രസിലുള്ളതെങ്കിൽ ആപ്പ് എന്ന പാർട്ടി മൊത്തത്തിൽ ഹിന്ദുത്വ ആശയങ്ങളെ സ്വാംശീകരിക്കുകയാണ് ചെയ്തത്.
ഇങ്ങനെയൊക്കെയാണെങ്കിലും, ഒരിടത്തുകൂടി ബിജെപി അധികാരത്തിലെത്തുന്നുവെന്നത് ദുഃഖകരമായ സംഗതിയാണ്. എന്നാൽ ഹിന്ദുത്വത്തിനെതിരായ രാഷ്ട്രീയ പ്രതിരോധത്തെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുമെന്ന് കരുതാൻ വയ്യ. കാരണം ഹിന്ദുത്വ ആശയങ്ങളെ നേരിടാൻ ഒരിക്കലും തയ്യാറാവാതിരുന്ന' പ്രത്യയശാസ്ത്രമില്ലാത്ത' പാർട്ടിയാണ് ആപ്പ് എന്നതുകൊണ്ടു തന്നെ. അത് ഹിന്ദുത്വ വിരുദ്ധമായിരുന്നില്ല. ഒരിക്കലും