തെരഞ്ഞെടുപ്പ് സർവേകൾ
എത്ര ശാസ്ത്രീയമാണ്?

കേവലം പ്രൈമറി ക്ലാസ്സിലെ ഗണിത ശാസ്ത്ര അറിവ് കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഗിമ്മിക്കുകളാണ് ഇന്ന് പല തെരഞ്ഞെടുപ്പു സർവേകളുടെയും പേരിൽ നടക്കുന്നത് എന്ന വിമർശനം മുന്നോട്ടുവക്കുകയാണ് ​ഡോ. കുട്ടികൃഷ്ണൻ എ.പി.

2024- ലെ ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വിവിധ മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങളുടെയിടയിൽ അഭിപ്രായ വോട്ടെടുപ്പു നടത്തി ഫലം പ്രവചിക്കുന്നത് വ്യാപകമായി നടക്കുകയാണ്. ജനവിധിയെന്തായിരിക്കുമെന്ന് തിരഞ്ഞെടുപ്പിനു മുൻപ് അറിയാനുള്ള  രാഷ്ട്രീയ- സാമൂഹ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജിജ്ഞാസയാണ് അഭിപ്രായ സർവ്വേകൾ  വ്യാപകമാവാനും അതിനു വലിയ പ്രാധാന്യം ലഭിക്കാനും കാരണം.

അഭിപ്രായ വോട്ടെടുപ്പുകളിലൂടെ പുറത്തുവരുന്ന ഫലം പൊതുജനങ്ങളുടെയിടയിൽ  രാഷ്ട്രീയ ഊഹാപോഹങ്ങൾക്കും സംവാദങ്ങൾക്കും വലിയ അവസരം നൽകുന്നതോടൊപ്പം, ഒരു ചെറിയ ശതമാനം വോട്ടർമാരിൽ, സർവേയിൽകൂടി ജയിക്കാൻ സാധ്യതയുണ്ടെന്നു പ്രവചിച്ച സ്ഥാനാർഥിക്കോ പാർട്ടിക്കോ വോട്ടു ചെയ്യാനുള്ള  താല്പര്യവും വർധിപ്പിക്കുമെന്ന്  പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മാധ്യമങ്ങളുടെ അഭിപ്രായ വോട്ടെടുപ്പും പ്രവചനങ്ങളും രാഷ്ട്രീയ പാർട്ടികളെയും സമ്മർദ്ദത്തിലാക്കും.

അതേസമയം, സർവ്വേ നടത്തുന്ന രീതി, എത്ര പേരിൽ നിന്നാണ് വിവരം ശേഖരിക്കുന്നത്, എങ്ങനെയാണ് ഫല പ്രവചനം  തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കുന്ന ശാസ്ത്രീയ വിഷയങ്ങൾ സർവ്വേ ഏജൻസികൾ  പൊതുസമൂഹത്തിനു മുന്നിൽ  അവതരിപ്പിക്കാൻ താല്പര്യം കാണിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളെക്കുറിച്ച് ധാരണയില്ലാത്തകാരണം സർവേയിലൂടെ പ്രവചിക്കുന്ന  കണക്കുകൾ പൂർണമായും ശരിയാണെന്ന അതിശയകരമായ ചിന്ത വെച്ച് പുലർത്തുന്നവരോ അഭിപ്രായ വോട്ടെടുപ്പുകൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഗിമ്മിക്കുകളാണെന്നു കരുതുന്നവരോ ആണ് പൊതുസമൂഹത്തിൽ   കൂടുതലും.

ഒരു ചെറിയ ശതമാനം വോട്ടർമാരിൽ, സർവേയിൽകൂടി ജയിക്കാൻ സാധ്യതയുണ്ടെന്നു പ്രവചിച്ച സ്ഥാനാർഥിക്കോ പാർട്ടിക്കോ വോട്ടു ചെയ്യാനുള്ള  താല്പര്യവും വർധിപ്പിക്കുമെന്ന്  പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്.

എന്നാൽ സ്ഥിതിവിവരശാസ്ത്രത്തിന്റെ തത്വങ്ങൾ പ്രകാരം ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്നതും വിശകലനം നടത്തുന്നതുമായ അഭിപ്രായ സർവേ ഫലങ്ങൾ പലപ്പോഴും യഥാർത്ഥ തെരെഞ്ഞെടുപ്പ് ഫലത്തിന്റെ വളരെ അടുത്തു വരുന്നതായി പഴയ കാല അനുഭവങ്ങൾ ബോധ്യപ്പെടുത്തുന്നു. പക്ഷെ ഇന്ന് നമ്മുടെ നാട്ടിൽ നടത്തുന്ന മിക്ക അഭിപ്രായ സർവ്വേകളും നിർബന്ധമായും പാലിക്കേണ്ട ശാസ്ത്രീയ രീതികളുടെ അടിസ്ഥാനത്തിലല്ല നടത്തുന്നത് എന്നതാണ് വാസ്തവം.

ഒരു മണ്ഡലത്തിലെ അല്ലെങ്കിൽ രാജ്യത്തെ ആകെയുള്ള വോട്ടർമാരിൽ നിന്നും ശാസ്ത്രീയ രീതിയിൽ തിരഞ്ഞെടുക്കുന്ന ഒരു ചെറിയ വിഭാഗം വോട്ടർമാരിൽ നിന്നും പ്രസക്തമായ ചോദ്യങ്ങളടങ്ങിയ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ച് വിവരം ശേഖരിച്ചാണ് അഭിപ്രായ സർവ്വേ ഫലം തയ്യാറാക്കുന്നത്. അത്തരത്തിൽ  ശാസ്ത്രീയരീതി പിന്തുടർന്ന് സർവ്വേകൾ  നടത്തുന്നതിന് വലിയ മുന്നൊരുക്കങ്ങളും മനുഷ്യശേഷിയും ആവശ്യമാണെന്നതുമാത്രമല്ല നടത്തിപ്പ് വളരെയേറെ ചെലവേറിയതുമാണ്.

സെഫോളജി എന്ന പഠനശാഖ

ജനങ്ങളുടെ രാഷ്ട്രീയ- സാമൂഹ്യ നിലപാടുകൾ രാജ്യത്തെ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുന്നുവെന്നും വോട്ടെടുപ്പുകളിലൂടെ ആര് അധികാരത്തിൽ വരുമെന്നും സ്ഥിതിവിവരശാസ്ത്ര തത്വങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യുന്ന സെഫോളജി എന്നത് പൊളിറ്റിക്കൽ സയൻസിന്റെ ഒരു പഠനവിഭാഗമാണ്.

ജനസംഖ്യാശാസ്‌ത്രം, രാഷ്ട്രീയം, സ്ഥിതിവിവരക്കണക്കുകൾ എന്നിവയെക്കുറിച്ച് അറിവുണ്ടായാൽ മാത്രമേ പ്രസ്തുത മേഖലയിലെ പഠനങ്ങൾ നല്ല രീതിയിൽ നടത്താൻ കഴിയുകയുള്ളൂ. തിരഞ്ഞെടുപ്പിലെ ജയ-പരാജയങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായ വോട്ടെടുപ്പ് ആദ്യമായി ശാസ്ത്രീയമായ രീതിയിൽ നടത്തിയത് അമേരിക്കയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്.

1936-ലെ അമേരിക്കൻ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ ജോർജ്ജ് ഗാലപ്പ് എന്ന സാമൂഹ്യ ശാസ്ത്രജ്ഞൻ പ്രസിഡന്റ് സ്ഥാനാർഥിയായ ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് വിജയിക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പിൽ കൂടി  പ്രവചിച്ചു. വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ജോർജ്ജ് ഗാലപ്പിന്റെ പ്രവചനം ശരിയാവുകയും യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം അഭിപ്രായ സർവ്വേ ഫലത്തോട്  വളരെ അടുത്തായിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

‘ഗാലപ് രീതി’ എന്നറിയപ്പെടുന്ന അഭിപ്രായ സർവ്വേകളുടെ  രീതിശാസ്ത്രം  ഗവേഷണങ്ങളുടെയും  സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ ഇന്ന് കൂടുതൽ മെച്ചപ്പെട്ടിരിക്കയാണ്. തെരഞ്ഞെടുപിന് മുൻപ് ജനങ്ങളുടെ മനസ്സിലിരിപ്പ് അറിയാനുള്ള ഉപാധിയായി ലോകമെമ്പാടും അഭിപ്രായ  സർവ്വേകൾ ഇന്ന് മാറിയിരിക്കുന്നു.

ജനങ്ങൾ തിരെഞ്ഞെടുപ്പിൽ സ്വീകരിക്കാൻ പോകുന്ന നിലപാടുകളെ ഇന്ത്യയിൽ പഠിക്കുവാൻ തുടങ്ങിയത് 1960- കളിൽ സെന്റർ ഫോർ സ്റ്റഡി ഓൺ ഡെവലപിംഗ് സൊസൈറ്റിസ്  (CSDS ) എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ്.

ജോർജ്ജ് ഗാലപ്പ് / Photo: gallup.com

ഇന്ത്യയിലെ   മാധ്യമ സർവേകൾക്ക്  വലിയ പ്രചാരം ലഭിച്ചത്  1980-കളിലെ അവസാനം  മാധ്യമ പ്രവർത്തകനായ പ്രണോയ് റോയിയുടെ നേതൃത്വത്തിൽ നടത്തിയ സർവേയാണ്. അതുപോലെ, തിരെഞ്ഞെടുപ്പ് നടന്ന ദിവസം രാജ്യത്തെ ആകെയുള്ള ബൂത്തിൽ നിന്ന് ചെറിയ ശതമാനം ബൂത്തുകൾ  ശാസ്ത്രീയ രീതിയിൽ തിരഞ്ഞെടുക്കുകയും അവിടെ വോട്ട് രേഖപ്പെടുത്തിയ സമ്മതിദായകരുടെയിടയിൽ  നിന്ന്  കുറച്ചു പേരെ തിരഞ്ഞെടുത്തു  വിവരം ശേഖരിക്കുന്ന എക്സിറ്റ് പോൾ സർവ്വേകളും പിന്നീട് പ്രചാരത്തിൽ വന്നു.  വോട്ടർമാർ രേഖപ്പെടുത്തിയ വോട്ടിനെക്കുറിച്ചും രാഷ്ട്രീയ അഭിമുഖ്യത്തെ സംബന്ധിച്ചുമുള്ള  ചോദ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഉത്തരം വിശകലം ചെയ്ത് ഔദ്യോഗികമായി വോട്ട് എണ്ണുന്നതിനു മുൻപ് ഫലം  പ്രവചിക്കുക എന്നതാണ്  എക്സിറ്റ് പോളിലൂടെ സംഭവിക്കുന്നത്. 

സർവ്വേകളുടെ രീതിശാസ്ത്രം

അഭിപ്രായ സർവ്വേകൾ ശാസ്ത്രീയമായി സംഘടിപ്പിക്കാനും ഫലം പരമാവധി കൃത്യതയോടെ പ്രവചിക്കാനും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങൾ  ഏതൊക്കെയാണ്? അവ പരിഗണിച്ചുകൊണ്ടാണോ മാധ്യമങ്ങൾ സർവ്വേ നടത്തി ജനങ്ങളുടെയിടയിൽ കാര്യങ്ങൾ പ്രഖ്യാപിക്കുന്നത്?

സാമ്പിൾ തിരഞ്ഞെടുക്കൽ: രാജ്യത്തെ മുഴുവൻ  വോട്ടർമാരിൽ നിന്ന് അഭിപ്രായം ശേഖരിക്കുകയെന്നത് പ്രായോഗികമല്ലാത്തതുകൊണ്ട് പ്രോബബിലിറ്റി സിദ്ധാന്തം അടിസ്ഥാനമാക്കി നിശ്ചിത എണ്ണം വോട്ടർമാർ ഉൾപ്പെട്ട സാമ്പിൾ തിരഞ്ഞെടുത്തുകൊണ്ടാണ് അഭിപ്രായ സർവ്വേ നടത്തുന്നത്.

പ്രണോയ് റോയ്

വോട്ടർപട്ടികയിലെ ഓരോ അംഗത്തിനും പ്രസ്തുത സാമ്പിളിൽ ഉൾപ്പെടാനുള്ള സാധ്യത അല്ലെങ്കിൽ അവസരം നൽകിക്കൊണ്ടാണ് ഈ പ്രക്രിയ നടത്തുന്നത്. ‘റാൻഡം സാംപ്ലിംഗ്’ രീതിയെന്നാണ് ഇത് അറിയപ്പെടുക. മണ്ഡലത്തെ അല്ലെങ്കിൽ രാജ്യത്തെ വോട്ടർപട്ടികയിൽ നിന്ന് ‘റാൻഡം സാംപ്ലിംഗ്’ രീതിയിൽ  ചെറിയ ഗ്രൂപ്പ് വോട്ടർമാരെ (സാമ്പിൾ) കണ്ടെത്തുകയെന്നതാണ് ഈ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്.

സ്ഥിതിവിവര ശാസ്ത്രതത്വങ്ങളെ അടിസ്ഥാനമാക്കി മതിയായ എണ്ണം വോട്ടർമാരെ ഉൾപ്പെടുത്തിയാവണം സാമ്പിൾ തിരഞ്ഞെടുക്കേണ്ടത്. വോട്ടർപട്ടികയിൽ വിവിധ വിഭാഗം ജനങ്ങളുടെ (സ്ത്രീ,പുരുഷൻ,യുവജനങ്ങൾ, ഗ്രാമീണർ,നഗരവാസികൾ തുടങ്ങിയ വിഭാഗം) ആനുപാതിക പ്രാതിനിധ്യം തിരഞ്ഞെടുത്ത സാമ്പിളിൽ ഉണ്ടെന്നു ഉറപ്പുവരുത്തണം.

ചോദ്യാവലിയുടെ പ്രാധാന്യം: തിരെഞ്ഞെടുത്ത സാമ്പിളിൽ ഉൾപ്പെട്ട വോട്ടർമാരെ നേരിൽകണ്ട് പഠന ആവശ്യത്തിനായി നടത്തുന്ന ഇത്തരം സർവേയുടെ പ്രാധാന്യത്തെ മനസ്സിലാക്കി കൊടുക്കണം. വോട്ടർമാർ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നു അവരെ ബോധ്യപ്പെടുത്തുകയും സർവേയിൽ ഉൾപ്പെട്ട ചോദ്യങ്ങളോട് നൂറു ശതമാനം സത്യസന്ധമായി പ്രതികരിക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്യുകയെന്നതാണ് അഭിപ്രായ സർവ്വേ നടത്താൻ ഉത്തരവാദിത്യപ്പെട്ട പ്രവർത്തകർ ചെയ്യേണ്ടത്.

Photo: PSSP

ചോദ്യാവലിയിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ സ്വീകരിച്ച രാഷ്ട്രീയ നിലപാടും ഇപ്പോൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതു സംബന്ധിച്ചുമുള്ള  ചോദ്യമായിരിക്കണം. പ്രസ്തുത ചോദ്യത്തിലെ ഉത്തരത്തിൽനിന്ന് അവരുടെ രാഷ്ട്രീയ നിലപാടുകളിലെ മാറ്റം തിരിച്ചറിയാൻ സാധിക്കും.ഇവ തമ്മിലുള്ള അന്തരം വിശകലം ചെയ്താണ് അനുകൂലമായും പ്രതികൂലമായും വോട്ടുകൾ മാറുന്നതിനെ (സ്വിങ്ങ്) കുറിച്ചുള്ള ധാരണ ലഭിക്കുന്നത്.

സ്ഥിതി വിവര ശാസ്ത്രതത്വങ്ങളുടെ സഹായത്തോടെയുള്ള വിശകലനം: സാമ്പിളിൽ ഉൾപ്പെട്ട വോട്ടർമാരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ സ്ഥിതിവിവര ശാസ്ത്രതത്വങ്ങളുടെ സഹായത്തോടെ വളരെ കൃത്യമായി വിശകലനം ചെയ്തും കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലവുമായി അവ താരതമ്യം ചെയ്തും ഓരോ സ്ഥാനാർത്ഥികൾക്കും അല്ലെങ്കിൽ പാർട്ടിക്കും ലഭിക്കാൻ സാധ്യതയുള്ള വോട്ട് ശതമാനം എത്രായാണെന്നു പ്രവചിക്കും. അതിന്റെ അടിസ്ഥാനത്തിൽ ഓരോ മണ്ഡലത്തിലും വിജയിക്കാൻ കൂടുതൽ സാധ്യതയുള്ള സ്ഥാനാർത്ഥി ആരാണെന്നും രാജ്യത്തു വിവിധ  പാർട്ടികൾക്ക്  ലഭിക്കാൻ സാധ്യതയുള്ള സീറ്റുകൾ എത്രയാണെന്നും പ്രവചിക്കും.

എന്നാൽ ഈ ശാസ്ത്രീയരീതികൾക്ക് തികച്ചും വ്യത്യസ്തമായാണ് മിക്ക സർവ്വേ ഏജൻസികളും അഭിപ്രായ സർവ്വേ നടത്തത്തിവരുന്നത്. ഈ മേഖലയിലെ അപൂർവം ചില ഗവേഷണ സ്ഥാപനങ്ങൾ മാത്രമാണ് ശരിയായ രീതി അവലംബിച്ചുകൊണ്ടു തിരെഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന പ്രക്രിയക്ക് നേതൃത്വം നൽകുന്നത്.

സർവേയുടെ പേരിൽ മിക്ക ഏജൻസികളും ഇന്ന് നടത്തിവരുന്നത് സംഘാടകർക്ക്  സൗകര്യപ്രദമായ രീതിയിലുള്ള വളരെ ലളിതമായ വിവരം ശേഖരിക്കൽ  മാത്രമാണ്. അവരുടെ സൗകര്യത്തിനനുസരിച്ചു ഏതെങ്കിലും സ്ഥലത്തെ കുറച്ചു വോട്ടർമാരിൽ (സാമ്പിൾ തിരഞ്ഞെടുക്കാൻ  അവലംബിക്കേണ്ട റാൻഡം സാംപ്ലിങ് രീതി പരിഗണിക്കാതെ)  നിന്ന് ആർക്ക് വോട്ട് ചെയ്യും എന്ന വളരെ ലളിതമായ ചോദ്യങ്ങൾ ചോദിക്കുന്നു. പ്രസ്തുത  വിവരത്തിൽനിന്ന് ലഭിക്കുന്ന ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത ശതാമാനം പേർ  ഒരു സ്ഥാനാർത്ഥിയെ പിന്തുണച്ചുവെന്നും കൂടുതൽ ശതമാനം ലഭിച്ച സ്ഥാനാർഥി ജയിക്കുമെന്ന വളരെ ലളിതമായ എന്നാൽ ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയിലൂടെയുള്ള പ്രവചനമാണ് നടത്തിവരുന്നത്.

Photo: PSSP

ഒരു മാധ്യമ സർവ്വേ നടത്തിയ രീതി ഇവിടെ പ്രതിപാദിക്കുന്നത് അശാസ്ത്രീയത തിരിച്ചറിയുന്നതിനു സഹായിക്കും. പ്രസ്തുത മാധ്യമം സർവ്വേ നടത്താനായി ചുമതലപ്പെടുത്തിയ ഏജൻസി മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ പോവുകയും അവിടെ കണ്ട ചിലരിൽ നിന്ന്, ഏതു സ്ഥാനാർഥിക്കു വോട്ട് ചെയ്യുമെന്ന് പരസ്യമായി ചോദിച്ച് ഉത്തരം തേടുകയും ചെയ്യുന്നു.

ഒടുവിൽ അവർ സമീപിച്ച ഏതാണ്ട് 200 പേരിൽ 110 പേർ  ഒരു സ്ഥാനാർഥിയെയും 80 പേർ മറ്റൊരു സ്ഥാനാർഥിയെയും 10 പേർ മൂന്നാമത്തെ സ്ഥാനാർഥിയെയും അനുകൂലിച്ചു സംസാരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത മാധ്യമം ആദ്യത്തെ സ്ഥാനാർഥിക്ക് 55 ശതമാനം വോട്ടും   രണ്ടാമത്തെ സ്ഥാനാർഥിക്ക് 40 ശതമാനം വോട്ടും മൂന്നാമത്തെ സ്ഥാനാർഥിക്ക് 5 ശതമാനം വോട്ടും ലഭിക്കുമെന്നും ആദ്യ സ്ഥാനാർഥി വിജയിക്കുമെന്ന പ്രവചനവും നടത്തുന്നു. കേവലം പ്രൈമറി ക്ലാസ്സിലെ ഗണിത ശാസ്ത്ര അറിവ് കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നതാണ് ഇത്തരം ഗിമ്മിക്കുകൾ.

അഭിപ്രായ സർവ്വേ നടത്താൻ വളരെ വ്യക്തമായ രീതിശാസ്ത്രമുണ്ട്. അവയൊന്നും പരിഗണിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും തങ്ങൾക്കു താല്പര്യമുള്ള രാഷ്ട്രീയ പാർട്ടികളെ സുഖിപ്പിക്കാനും മാധ്യമങ്ങളുടെ റേറ്റിംഗ് വർധിപ്പിക്കാനും നടത്തുന്ന ഇത്തരം അശാസ്ത്രീയ രീതികൾ അരോചകമാണ്, അവ നിർബന്ധമായും അവസാനിപ്പിക്കേണ്ടതുമാണ്.

രാഷ്ട്രീയ ലാഭത്തിനായുള്ള ഉപകരണം

അഭിപ്രായ സർവേയിൽ കൂടിയുള്ള കണ്ടെത്തലുകൾ പക്ഷപാതപരമായി റിപ്പോർട്ട് ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നവരെയും മാധ്യമങ്ങളെയും സ്വാധീനിക്കുന്നത് ഇന്ന് വലിയ തോതിൽ വർധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അഭിപ്രായ സർവേയിൽ സ്വീകരിക്കേണ്ട ശാസ്ത്രീയരീതികളെ വളച്ചൊടിച്ച് തങ്ങൾക്കു ഗുണപ്രദമാകുന്ന തരത്തിലുള്ള പ്രവചനം നടത്താൻ എജൻസികളെ  പ്രേരിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾ അവരുടെ താല്പര്യത്തിനനുസരിച്ചു പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ സഹായത്തോടെ കൂടുതൽ സീറ്റ് ലഭിക്കുമെന്ന പ്രവചനം നടത്തി  വോട്ടർമാരെ  സ്വാധീനിക്കാനുള്ള ഒരു രഹസ്യ ഉപകരണമായി സർവേ ഫലങ്ങളെ ദുരുപയോഗിക്കുന്നതായും നാം കണ്ടുകൊണ്ടിരിക്കുന്നു.

Comments