ഉണ്ണി ആർ.

പ്രതിരോധത്തിന്റെ അവസാന ശ്വാസമാണ് ‘ഇന്ത്യ’,
കോൺഗ്രസ് ഇല്ലാതായാൽ തകർച്ച പൂർണമാവും

‘‘നെഹ്റു എഴുത്തിലൂടെ ‘ഇന്ത്യയെ കണ്ടെത്തുകയും’ ചെറുമകൻ നടന്ന് ‘ഇന്ത്യയെ കണ്ടെത്തുകയും’ ചെയ്യുന്നത് വാക്കിൽനിന്ന് പൊരുളിലേക്കുള്ള ചരിത്രപരമായ നടത്തമാണ്. യു ഡി എഫിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത്. കോൺഗ്രസ് ഇല്ലാതായാൽ തകർച്ച പൂർണമാവും’’- ഉണ്ണി ആർ എഴുതുന്നു.

നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?

ഉണ്ണി ആർ: മാസ് ഹിറ്റ് ലക്ഷ്യമാക്കി നിർമിക്കപ്പെടുന്ന ഒരു ചലച്ചിത്രം സങ്കൽപ്പിക്കൂ. അതിലെ നായകൻ എന്തുപറഞ്ഞാലും എന്തു ചെയ്താലും വലിയൊരു പ്രേക്ഷകസമൂഹം അയാളെ വാഴ്ത്തുകയും കൈയ്യടിക്കുകയും ചെയ്യും. നായകനാവട്ടെ പല വേഷങ്ങൾ അണിയും. രക്ഷകനായും വിശ്വഗുരുവായും അയാൾ വേഷമാടും. വിലയ്ക്കെടുക്കപ്പെട്ട പത്രദൃശ്യമാധ്യമങ്ങൾ ഈ ഏകാങ്കാഭിനയത്തെക്കുറിച്ച് നിരന്തരം ഭയഭക്തിയോടെ എഴുതിനിറയ്ക്കും.

ഈ സർക്കാർ വന്ന വർഷത്തിൽ എന്തെല്ലാം പറഞ്ഞുവെന്ന് നമുക്കറിയാം. എന്നാൽ അതിനെല്ലാം വിരുദ്ധമായ ക്ലൈമാക്സിലേക്കാണ് രാഷ്ട്രീയ ചലച്ചിത്രം എത്തിയിരിക്കുന്നത്. മാസ് മസാല ചിത്രങ്ങളിൽ യുക്തിക്ക് സ്ഥാനമില്ല. നായകനിലെ വൈരുദ്ധ്യങ്ങൾ ന്യായീകരിക്കപ്പെടും. ഈ വൈരുദ്ധ്യങ്ങളെക്കുറിച്ച് സംസാരിക്കുവാൻ ഒരിടമില്ലാതാക്കിത്തീർക്കുക എന്നതാണ് ആദ്യം ചെയ്യുക (മാധ്യമങ്ങളെ നിശ്ശബ്ദരാക്കുക). പിന്നെ കേൾക്കുക, കൈയ്യടികളും ആരാധകരുടെ ഓരിയിടലും മാത്രമാവും. അവിടെ മണിപ്പുരിലെ നിലവിളികളോ സ്റ്റാൻ സ്വാമിയുടെ മരണമോ ഇല്ല. അതിനെല്ലാം പഴയ ഉച്ചപ്പടങ്ങളുടെ സ്ഥാനം മാത്രം.

മാസ് മസാല ചിത്രങ്ങളിൽ യുക്തിക്ക് സ്ഥാനമില്ല. നായകനിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് സംസാരിക്കുവാൻ ഒരിടമില്ലാതാക്കിത്തീർക്കുക എന്നതാണ് ആദ്യം ചെയ്യുക പിന്നെ കേൾക്കുക, കൈയ്യടികളും ആരാധകരുടെ ഓരിയിടലും മാത്രമാവും.

2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ‘ഇന്ത്യ’ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?

പ്രതിരോധത്തിന്റെ അവസാന ശ്വാസമാണ് ‘ഇന്ത്യ’ എന്ന സഖ്യം. ഇനിയും വിലയ്ക്കെടുക്കപ്പെടാത്ത ചിലർ ഒന്നിച്ചുകൂടുന്നു. രാഷ്ട്രീയ വൈരുദ്ധ്യങ്ങൾ നിലനിൽക്കേ, പൊതുശത്രുവിനെതിരായി ഒന്നിച്ച് നിൽക്കുക എന്നത് ഈ കാലത്തിന്റെ ആവശ്യമായി അവർ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ് അതുകൊണ്ടുതന്നെ ജനാധിപത്യത്തിനായുള്ള കൂട്ടം ചേരലിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മളെ ഓർമിപ്പിക്കുന്നു. മോദി ഭരണം ആവർത്തിക്കും എന്നതിൽ സംശയമില്ല. പുതിയ സർവേകൾ നൽകുന്ന ഫലസൂചനകളിൽ എൻ.ഡി.എയുടെ അപ്രമാദിത്വത്തിന് ഇടിവ് സംഭവിക്കും എന്നാണല്ലോ. എന്നാൽ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ മാത്രം ശക്തരായ ഏകാധിപത്യ പ്രവണത കാണാതെ പോകരുത്.

മോദിസർക്കാർ ഫാഷിസം പ്രകടിപ്പിക്കുന്നു എന്നത് അതിശയമായി കാണേണ്ടതില്ല.

ഫാഷിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?

മോദിസർക്കാർ ഫാഷിസം പ്രകടിപ്പിക്കുന്നു എന്നത് അതിശയമായി കാണേണ്ടതില്ല. കഴിഞ്ഞ നൂറ് വർഷമായി ആർ.എസ്.എസ് ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്തോ അത് അവർ ചെയ്യുന്നു. അപ്പോൾ അവരിൽ നിന്ന് ജനാധിപത്യം പ്രതീക്ഷിക്കുന്നത് വിഢിത്തരമാണ്. ഇന്ത്യയുടെ ബഹുസ്വരതയെ അത്രവേഗം തകർക്കാനാവില്ല എന്ന് ആർ.എസ്.എസിന് ബോധ്യമുണ്ട്. പക്ഷേ, പല വഴികളിലൂടെ അവർ വെറുപ്പിന്റെ രാഷ്ട്രീയം വിതയ്ക്കും. എന്നാൽ ജനാധിപത്യത്തിനായുള്ള സമരങ്ങൾ പല തുറകളിൽ നിന്നും വ്യത്യസ്ത രൂപഭാവങ്ങളിൽ പൊട്ടിപ്പുറപ്പെടും എന്നത് സംശയമില്ല.

സാംസ്കാരിക രംഗത്ത്, സിനിമ ഉൾപ്പെടെയുള്ള സകല ദൃശ്യകലാരംഗത്ത് നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. കലാരംഗത്ത്, സാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ താങ്കളുടെ കലാ-സാഹിത്യ പ്രവർത്തനത്തെ, ചിന്തകളെ, രാഷ്ട്രീയത്തെ, ഔട്ട്പുട്ടിനെ സമകാലീന രാഷ്ട്രീയാവസ്ഥ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

മതങ്ങളും മതരാഷ്ട്രീയ പ്രസ്ഥാനങ്ങളും നമുക്കിടയിൽ പണ്ടേക്കാളേറെ സ്വാധീനം ചെലുത്തുവാൻ തുടങ്ങിയിരിക്കുന്നു. അവിടെ നില്ക്കളങ്കമായി പോലും ഒരു വാക്കിന് നിലനിൽക്കാനാവില്ല. ജോസഫ് സാറിന്റെ കൈവെട്ടൽ, എൻ. പ്രഭാകരന്റെ കഥയോടുള്ള ഇടതുപക്ഷത്തിന്റെ അസഹിഷ്ണുത, മീശയോടുള്ള എതിർപ്പ്- ഇതെല്ലാം നാം കാണാതെ പോകരുത്. മോദിയെന്ന ഒറ്റയാളിലേക്ക് കാര്യങ്ങളെ ചുരുക്കുമ്പോൾ ചെറുമോദികൾ രക്ഷപ്പെടും. കലാസാഹിത്യ രംഗത്ത് ഹിന്ദുത്വാധിനിവേശം ഉണ്ടെന്നുള്ളത് എല്ലാവർക്കും അറിയാമല്ലോ. സാംസ്കാരിക മണ്ഡലത്തിലൂടെയാണ് തങ്ങളുടെ രാഷ്ട്രീയം വിനിമയം ചെയ്യേണ്ടതെന്ന് അവർക്കറിയാം. അതുണ്ടാവട്ടെ എന്നാണ് എനിക്ക് തോന്നുന്നത്.

പണ്ട് സിനിമയിൽ ഒളിച്ചു കടത്തിയ ഹിന്ദുത്വ രാഷ്ട്രീയം ഇന്ന് മറയില്ലാതെ കാണാം.

പണ്ട് സിനിമയിൽ ഒളിച്ചു കടത്തിയ ഹിന്ദുത്വ രാഷ്ട്രീയം (ജമാഅത്തെ രാഷ്ട്രീയവും ഒപ്പത്തിനൊപ്പമുണ്ട് എന്ന് മറക്കുന്നില്ല.) ഇന്ന് മറയില്ലാതെ കാണാം. ഇവിടെ നമുക്ക് നമ്മുടെ കാര്യങ്ങൾ എങ്ങനെ പറയാം എന്നതിന് ക്ലാരിറ്റി കൂടും. ശത്രു അദൃശ്യനായാലാണല്ലോ ബുദ്ധിമുട്ട്. ഇപ്പോൾ കാര്യങ്ങൾക്ക് വ്യക്തത വന്നിരിക്കുന്നു. നമ്മുടെ എഴുത്തിൽ കുറച്ചുകൂടി ഉത്തരവാദിത്വം ഈ കാലം ആവശ്യപ്പെടുന്നുണ്ട്. അത് ഹിന്ദുത്വ രാഷ്ട്രീയം ഒന്നുകൊണ്ടു മാത്രമല്ല, നിയോ ലിബറൽ ഹിന്ദുത്വ കാലത്തിന്റെ മാരീചൻ കളി അത്രയേറെ അപകടകരമായതുകൊണ്ടു കൂടിയാണ്. സാംസ്കാരിക രംഗത്ത് മാത്രമല്ലല്ലോ, ചരിത്രപുസ്തകങ്ങളിൽ നിന്നുള്ള ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും മറക്കാൻ പാടില്ല.

ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?

നെഹ്റു എഴുത്തിലൂടെ ‘ഇന്ത്യയെ കണ്ടെത്തുകയും’ ചെറുമകൻ നടന്ന് ‘ഇന്ത്യയെ കണ്ടെത്തുകയും’ ചെയ്യുന്നത് വാക്കിൽ നിന്ന് പൊരുളിലേക്കുള്ള ചരിത്രപരമായ നടത്തമാണ്.

കൂടുതൽ വേരുകളിലേക്ക് മടങ്ങിക്കൊണ്ടും ഗാന്ധി - അംബേദ്ക്കർ ആശയങ്ങൾ ഗ്രാസ്റൂട്ടിൽ തന്നെ പ്രചരിപ്പിച്ചും പുതിയൊരു സ്വാതന്ത്ര്യസമരത്തിനായി തയ്യാറാവാൻ നമുക്കാവണം. ഏകശിലാത്മകമല്ല എന്ന ബോധം ഉറപ്പിക്കണം. സാഹിത്യവും കലയുമാവും ബഹുസ്വരതയുടെ പെട്ടന്നനുഭവിക്കാനാവുന്ന മാധ്യമങ്ങൾ. അതുപോലെ പ്രാദേശിക വസ്ത്രധാരണം, ഭാഷാ പ്രയോഗങ്ങൾ, ഇതെല്ലാം സമരായുധങ്ങളാണ്.

കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ‘ഇന്ത്യ’ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഇതുവരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?

നെഹ്റു എഴുത്തിലൂടെ ‘ഇന്ത്യയെ കണ്ടെത്തുകയും’ ചെറുമകൻ നടന്ന് ‘ഇന്ത്യയെ കണ്ടെത്തുകയും’ ചെയ്യുന്നത് വാക്കിൽ നിന്ന് പൊരുളിലേക്കുള്ള ചരിത്രപരമായ നടത്തമാണ്. യു ഡി എഫിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത്. കോൺഗ്രസ് ഇല്ലാതായാൽ തകർച്ച പൂർണമാവും.


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

Comments