തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ആഘോഷം.

ജനം ഏറ്റെടുത്തുകഴിഞ്ഞ ജനാധിപത്യം

ഇന്ത്യൻ ജനാധിപത്യത്തിന്, പെട്ടെന്ന് നിർവചിക്കാനാകാത്ത ആന്തരികമായ ഒരു കരുത്തുണ്ടെന്ന് ചിലർ ചൂണ്ടിക്കാണിച്ചിട്ടള്ളത് ശരിയാണെന്നാണ് ഈ തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്- കെ. വേണു എഴുതുന്നു.

ത്തവണ, ലോക്സഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച സന്ദർഭത്തിൽ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഭാവിയെക്കുറിച്ച് വലിയ ഉൽക്കണ്ഠയാണ് നിലനിന്നിരുന്നത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യപ്രഖ്യാപനവുമായി കഴിഞ്ഞ നൂറു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആർ.എസ്.എസ്സിൻ്റെ പശ്ചാത്തലമുള്ളയാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലുണ്ടായിരുന്ന നരേന്ദ്ര മോദി എന്ന തിരിച്ചറിവായിരുന്നു ആ ഉൽക്കണ്ഠക്ക് കാരണം. തെരഞ്ഞെടുപ്പിൽ 400 സീറ്റാണ് ലക്ഷ്യം വെക്കുന്നതെന്ന മോദിയുടെ ആവർത്തിച്ചുള്ള ലക്ഷ്യ പ്രഖ്യാപനം ഈ ഉൽക്കണ്ഠയെ ബലപ്പെടുത്തുകയാണ് ചെയ്തത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ഭരണഘടന ഭേദഗതി ചെയ്ത് തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഇന്ത്യൻ രാഷ്ട്രീയഘടനയെ മാറ്റിത്തീർക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അന്തരീക്ഷം അനുകൂലമല്ലെന്ന് കണ്ടപ്പോൾ അധികാര സംവിധാനങ്ങളുയോഗിച്ച് എതിരാളികൾക്കെതിരെ റെയ്ഡുകൾ, അറസ്റ്റുകൾ തുടങ്ങിയവ പ്രയോഗിച്ച് നോക്കി.

നമ്മുടെ മതേതര ജനാധിപത്യഘടനയോടൊപ്പം ഫലപ്രദമായ ഫെഡറൽ ഘടനയും വിവിധ ജനവിഭാഗങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമാകാറുണ്ട്.

ആറേഴ് ഘട്ടങ്ങളിലായി ആസൂത്രണം ചെയ്യപ്പെട്ടിരുന്ന ഈ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടങ്ങൾ പിന്നിട്ടപ്പോൾ തന്നെ ജനങ്ങൾ സജീവമായി അതിൽ പങ്കെടുക്കാൻ തുടങ്ങിയിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് പ്രതീക്ഷ നൽകുന്ന കാഴ്ചകളായിരുന്നു അത്. ജനങ്ങൾ അവരുടെ ഉത്സവമായി ജനാധിപത്യത്തെ ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നെ അതിൻ്റെ ഭാവിയെക്കുറിച്ച് ആരും ഉൽകണ്ഠപ്പെടേണ്ടതില്ല.

400 സീറ്റ് ലഭിക്കുമെന്ന മോദിയുടെ ലക്ഷ്യ പ്രഖ്യാപനത്തോട് ചേർന്നുപോകുന്ന എക്സിറ്റ് പോൾ ഫലങ്ങളുണ്ടായെങ്കിലും യഥാർത്ഥ ഫലങ്ങൾ വരാൻ തുടങ്ങിയതോടെ അന്തരീക്ഷം പാടെ മാറി. എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഫലങ്ങൾ യഥാർത്ഥ ചിത്രം പുറത്തു കൊണ്ടുവന്നു. ബി.ജെ.പിക്ക് 240, എൻ.ഡി.എക്ക് 293 എന്നായി യഥാർഥ ഫലം. പ്രതിപക്ഷത്തിൻ്റെ ‘ഇന്ത്യ’ മുന്നണി 234 സീറ്റും​ നേടി.

ഈ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടങ്ങൾ പിന്നിട്ടപ്പോൾ തന്നെ ജനങ്ങൾ സജീവമായി അതിൽ പങ്കെടുക്കാൻ തുടങ്ങിയിരുന്നു.
ഈ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടങ്ങൾ പിന്നിട്ടപ്പോൾ തന്നെ ജനങ്ങൾ സജീവമായി അതിൽ പങ്കെടുക്കാൻ തുടങ്ങിയിരുന്നു.

സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള ഘടകകക്ഷികളെ വെച്ചുകൊണ്ടുള്ള മുന്നണി ഭരണം മോദിക്ക് പരിചയമില്ല. അതവിടെ വഴങ്ങുകയുമില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഗതി സങ്കീർണമായിരിക്കും; കൗതുകകരവും.

140 കോടിയിലധികം ജനങ്ങളുള്ളതും അനവധി ഭാഷ- മത- ജാതി- സാമൂഹ്യ ചേരിതിരിവുകൾ കൊണ്ട് സങ്കീർണാവസ്ഥയിലുള്ളതുമായ ഇന്ത്യൻ സമൂഹത്തിൽ ഏറെക്കുറെ ചിട്ടയായി നടക്കാറുള്ള തെരഞ്ഞെടുപ്പുകൾ ലോക രാഷ്ട്രീയ സമൂഹം ശ്രദ്ധാപൂർവം വീക്ഷിക്കാറുണ്ട്. നമ്മുടെ മതേതര ജനാധിപത്യഘടനയോടൊപ്പം ഫലപ്രദമായ ഫെഡറൽ ഘടനയും വിവിധ ജനവിഭാഗങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമാകാറുണ്ട്. നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിൽ രണ്ടു ഭാഷകൾ സംസാരിക്കുന്ന ജനങ്ങളേ ഉള്ളുവെങ്കിലും അവ തമ്മിൽ നടന്ന ദീർഘകാല സംഘട്ടനങ്ങളുടെ ചരിത്രം ലോക സമൂഹത്തിനു മുന്നിലുണ്ട്. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങളും സംഘർഷങ്ങളും ഉണ്ടാകാറുണ്ടെങ്കിലും ഇവിടത്തെ രാഷ്ട്രീയ സംവിധാനങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ അവക്ക് പരിഹാരം കാണാനും കഴിയാറുണ്ട്.

തെക്കെ ഇന്ത്യയിലും കിഴക്കേ ഇന്ത്യയിലും ഒഡീഷയിലുമൊഴിച്ച്, മോദി മുന്നണിക്ക് എടുത്തു പറയത്തക്ക നേട്ടമുണ്ടാക്കാനായില്ലെന്നത് യഥാർത്ഥ്യമാണ്.

സ്വതന്ത്രമായും ഫലപ്രദമായും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഇലക്ഷൻ കമീഷനും ലോകശ്രദ്ധ പിടിച്ചു പറ്റിയ സംവിധാനമാണ്. മോദി സർക്കാറിൻ്റെ കാലത്ത് അതിൻ്റെ സ്വതന്ത്ര സ്വഭാവത്തിന് മങ്ങലേറ്റിട്ടുണ്ടെങ്കിലും നമ്മുടെ കമീഷന് ലഭിച്ചുപോന്നിട്ടുള്ള പൊതു അംഗീകാരം തുടർന്നുപോരുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് വേളയിലും ഇലക്ഷൻ കമീഷനെതിരെ ഗൗരവമേറിയ വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടുവെങ്കിലും വലിയ കുഴപ്പങ്ങളില്ലാതെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ കമീഷനായിട്ടുണ്ട്. ഇനിയുള്ള നീക്കങ്ങൾ രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടത്.

മോദി മുന്നണിയിൽ താരങ്ങളായിരിക്കുന്നത് പ്രതിപക്ഷമുന്നണി സംഘടിപ്പിക്കുന്നതിൽ മുൻകയ്യെടുത്തശേഷം മോദി മുന്നണിയിലേക്ക് കൂറുമാറി ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാറും തെലുഗുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവുമാണ്. രണ്ടു പേരും നല്ല വിലപേശലുകാരാണ്. മന്ത്രിപദവിയോടൊപ്പം സ്പീക്കർ പദവിയിലുമാണ് നായിഡുവിൻ്റെ കണ്ണ്.

മോദി മുന്നണിയിൽ താരങ്ങളായിരിക്കുന്നത് പ്രതിപക്ഷമുന്നണി സംഘടിപ്പിക്കുന്നതിൽ മുൻകയ്യെടുത്തശേഷം മോദി മുന്നണിയിലേക്ക് കൂറുമാറി ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാറും തെലുഗുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവുമാണ്.
മോദി മുന്നണിയിൽ താരങ്ങളായിരിക്കുന്നത് പ്രതിപക്ഷമുന്നണി സംഘടിപ്പിക്കുന്നതിൽ മുൻകയ്യെടുത്തശേഷം മോദി മുന്നണിയിലേക്ക് കൂറുമാറി ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാറും തെലുഗുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവുമാണ്.

ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം കണ്ടത് ഉത്തർപ്രദേശിലാണ്. 80 സീറ്റിൽ 75 എണ്ണവും തങ്ങൾ പിടിക്കുമെന്ന് വീമ്പു പറഞ്ഞ മോദിക്ക് കിട്ടിയത് 36 സീറ്റു മാത്രം. അഖിലേഷ് യാദവിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷ മുന്നണിക്ക് 43 സീറ്റും കിട്ടി. രാമക്ഷേത്ര നിർമാണവും യോഗി ആദിത്യനാഥിൻ്റെ ബുൾഡോസർ രാഷ്ടീയവും മോദി മുന്നണിയെ സഹായിച്ചില്ല.

തെക്കെ ഇന്ത്യയിലും കിഴക്കേ ഇന്ത്യയിലും ഒഡീഷയിലുമൊഴിച്ച്, മോദി മുന്നണിക്ക് എടുത്തു പറയത്തക്ക നേട്ടമുണ്ടാക്കാനായില്ലെന്നത് യഥാർത്ഥ്യമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്, പെട്ടെന്ന് നിർവചിക്കാനാകാത്ത ആന്തരികമായ ഒരു കരുത്തുണ്ടെന്ന് ചിലർ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ശരിയാണെന്നാണ് ഈ തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്.


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments