‘I.N.D.I.A’: ‘ഇൻക്ലൂസീവ്​’ നൽകുന്ന വലിയ പ്രതീക്ഷ

‘I.N.D.I.A’ എന്ന പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതീക്ഷകളും അത്​ അഭിമുഖീകരിക്കാൻ പോകുന്ന വെല്ലുവിളികളും വിലയിരുത്തപ്പെടുന്നു.

26 പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു പുതിയ ഇന്ത്യ ഉണ്ടാക്കുമ്പോള്‍, അല്ലെങ്കില്‍ അതിനു ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും വലിയ പ്രതീക്ഷയുണ്ട്. അതിനൊപ്പം, സന്ദേഹങ്ങളുമുണ്ട്.

ഏറ്റവും വലിയ പ്രതീക്ഷയും ആനന്ദവും ആ പുതിയ ഇന്ത്യയിലെ ഇന്‍ക്ലൂസീവ് എന്ന വാക്കാണ്. ആദ്യമായിട്ടാണ് ഇന്ത്യന്‍ രാഷ്ട്രീയ പൊതുബോധത്തിലേക്ക് ഇന്‍ക്ലൂസീവ് എന്ന മനോഹര പദം കടന്നുവരുന്നത്. ഡെമോക്രസി എന്ന വാക്ക് എല്ലാ അര്‍ത്ഥത്തിലും പൊളിറ്റിക്കല്‍ ആണ്. അതൊരു സിസ്റ്റത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. അതിന് യാതൊരു വിധത്തിലുള്ള മാനുഷിക കൊണോട്ടേഷനും ഇല്ല. എന്നാല്‍ ഇന്‍ക്ലൂസീവ് എന്ന വാക്കില്‍നിന്നും മനുഷ്യത്വത്തിന്റെ, മാനവികതയുടെ എല്ലാ നന്മയും തെളിച്ചവും വെളിച്ചവും നിറഞ്ഞ് പരന്നൊഴുകുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ആ പുതിയ ഇന്ത്യക്കുറിച്ചുള്ള സ്വപ്നങ്ങള്‍പോലും വലിയൊരു യൂഫോറിയയാണു തരുന്നത്!

ഭൂതകാലം നല്‍കുന്ന
സന്ദേഹങ്ങള്‍

സഖ്യരൂപീകരണത്തിനുശേഷം മമത ബാനര്‍ജി പറഞ്ഞതാണ് ഇന്ത്യന്‍ സഖ്യത്തെക്കുറിച്ചുള്ള ഏറ്റവും റിയലിസ്റ്റിക്കായ കാഴ്ചപ്പാട്: 'യഥാര്‍ത്ഥ വെല്ലുവിളി ഇനിയാണു തുടങ്ങുന്നത്.'
ചരിത്രം നോക്കുമ്പോള്‍ പ്രതിപക്ഷസഖ്യങ്ങള്‍ രൂപീകരിച്ച സര്‍ക്കാരുകള്‍ പൊതുവെ ഇന്ത്യയില്‍ വാഴാറില്ല. 77-ലെ മൊറാര്‍ജി സര്‍ക്കാരും 89-ലെ വി.പി. സിംഗ് സര്‍ക്കാരും എത്ര വലിയ പ്രതീക്ഷകളോടെയായിരുന്നു അധികാരത്തിലെത്തിയത്! എന്നിട്ടും എത്ര പെട്ടെന്നായിരുന്നു ജനതാപാര്‍ട്ടിയും ജനതാദളും, എത്ര മഹദ്ലക്ഷ്യങ്ങളുടെ പേരിലാണോ അവ ഉടലെടുത്തത്, അവയെല്ലാം മറന്ന് ഛിന്നഭിന്നമായത്. ആ രണ്ടുകാലങ്ങളെയും അപേക്ഷിച്ച് ജെ.പിയെപ്പോലെയോ വി.പിയെപ്പോലെയോ ഇന്ത്യ മുഴുവന്‍ കീഴടക്കാന്‍പാകത്തിന് കരിസ്മയുള്ള നേതാക്കളാരും ഈ പുതിയ സഖ്യത്തിലില്ല. ഈ മഹാസഖ്യം കോണ്‍ഗ്രസിനപ്പുറം പ്രാദേശിക പാര്‍ട്ടികളുടേതാണ്. ഏതാണ്ട് ഇന്ത്യയെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന ഒരിന്ത്യയാണത്. ഈ സഖ്യത്തിന്റെ ഏറ്റവും വലിയ പ്ലസ്പോയന്റും അതാവും.

പ്രതിപക്ഷ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും മമതബാനർജിയും
പ്രതിപക്ഷ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും മമതബാനർജിയും

26 പാര്‍ട്ടികള്‍! അതിലുമധികം നേതാക്കള്‍! അതിലുമധികം വെല്ലുവിളികള്‍!

സത്യത്തില്‍ ‘ഇന്ത്യ’ എന്നൊരു സഖ്യമുണ്ടാവുമെന്ന് കുറച്ചുകാലം മുമ്പുവരെ ഇന്ത്യാ സഖ്യത്തിലെ നേതാക്കളോ ഇന്ത്യാ രാജ്യത്തെ ജനങ്ങളോ വിചാരിച്ചിരുന്നില്ല. 2024-ലും മോദി പാട്ടുംപാടി ജയിക്കുമെന്നാണ് കുറച്ചുനാളുകള്‍ക്കു മുമ്പുവരെ നമ്മളൊക്കെ കരുതിയിരുന്നത്! ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി തിരിച്ചറിയാനും അതിനെ ഫലപ്രദമായി നേരിടാനായി ഇതുവരെ പോരടിച്ചുനിന്നവരും ഇനിയുമങ്ങോട്ടും പോരടിക്കാന്‍ പോകുന്നവരുമായ ഈ പാര്‍ട്ടികള്‍ക്ക് ഒന്നിക്കാൻ കഴിഞ്ഞു എന്നതുതന്നെ അവിശ്വസനീയമായ കാര്യമാണ്. പല പാര്‍ട്ടികളെയും സംബന്ധിച്ച് അത് തങ്ങളുടെ സ്വത്വത്തെ തന്നെ ബാധിക്കുന്ന സംഗതിയാണ്. എന്നിട്ടും ഒത്തുചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ മുന്നോട്ടുവന്ന ആ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഇന്‍ക്ലൂസീവ് ഇന്ത്യ, മതേതര ഇന്ത്യ കൊടുക്കണം ഒരു വലിയ കയ്യടി.

യു പി എ മുന്നണിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള വലിയ വ്യത്യാസം കോണ്‍ഗ്രസിന്റെ റോള്‍ വളരെയധികം മാര്‍ജിനലൈസ്ഡ് ആയി എന്നതാണ്.

ഒരിക്കല്‍കൂടി മമത പറഞ്ഞത് ആവര്‍ത്തിക്കട്ടെ, ഇന്ത്യയെ സംബന്ധിച്ച് പ്രശ്നങ്ങളും വെല്ലുവിളികളും തുടങ്ങാന്‍ പോകുന്നതേ ഉള്ളൂ. കോണ്‍ഗ്രസിനായാലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായാലും ത്രിണമൂലിനായാലും ‘ആപ്പി’നായാലും, പല സംസ്ഥാനങ്ങളിലും ഈ സഖ്യത്തിനുള്ളിലെ സഖ്യമില്ലായ്മ എന്ന വൈചിത്ര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പെടാപ്പാടുപെടേണ്ടിവരും. ബി ജെ പിയാണെങ്കില്‍ ബംഗാളിലും കേരളത്തിലും പഞ്ചാബിലുമൊക്കെ ഇന്ത്യ സഖ്യം പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയെ പരമാവധി മുതലെടുക്കുകയും ചെയ്യും.

ബംഗാളിലും കേരളത്തിലുമൊക്കെ സഖ്യകക്ഷികള്‍ തന്നെ പ്രധാന തെരഞ്ഞെടുപ്പ് എതിരാളികളായി വരുമ്പോള്‍ ബീഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുടെ എണ്ണം കൂടുന്നതുകൊണ്ട് സീറ്റു വിഭജനം തന്നെ വലിയ കീറാമുട്ടിയായിമാറാന്‍ സാദ്ധ്യതയുണ്ട്. ബീഹാര്‍ രാഷ്ട്രീയത്തില്‍ പരസ്പരം പോരാടിയിരുന്ന, ഏറ്റവും വലിയ പാര്‍ട്ടികളായ ആര്‍ ജെ ഡിയും ജെ ഡി- യുവും ഒരേ ചേരിയില്‍ വരുമ്പോള്‍ അവിടെ ആരാണ് അവസാന തീരുമാനം പറയുക? നിയമസഭയിലെ ഏറ്റവും വലിയ കക്ഷി ആര്‍ ജെ ഡി ആണെങ്കിലും തല്‍ക്കാല സാഹചര്യങ്ങളില്‍ തേജസ്വി നിതീഷിനുകീഴെയെന്നോണം നില്‍ക്കുന്നുണ്ട്. അള മുട്ടിയ അവസരത്തില്‍മാത്രം ബി ജെ പി ബാന്ധവം അവസാനിപ്പിച്ചു പുറത്തുവന്ന നിതീഷിനെ, മുന്നില്‍നില്‍ക്കാന്‍ എത്രകാലം തേജസ്വി അനുവദിക്കും?

യു പി എ മുന്നണിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള വലിയ വ്യത്യാസം കോണ്‍ഗ്രസിന്റെ റോള്‍ വളരെയധികം മാര്‍ജിനലൈസ്ഡ് ആയി എന്നതാണ്. അന്ന് കോണ്‍ഗ്രസ് വല്യേട്ടന്‍ ആയിരുന്നുവെങ്കില്‍ ഇന്ന് കോണ്‍ഗ്രസ് ഏറിവന്നാല്‍ ‘ഫസ്റ്റ് എമങ്ങ് ഈക്വല്‍സ്’ മാത്രമാണ്. ഇന്ത്യ സഖ്യത്തിലെ ഒട്ടു മിക്ക നേതാക്കളും പ്രാദേശികരാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞുവന്നവരാണ്. മമതയായാലും സ്റ്റാലിനായാലും നിതീഷായാലും ഉള്ളില്‍ ഒരു പ്രധാനമന്ത്രി മോഹം എന്തായാലും സൂക്ഷിക്കുന്നുണ്ടാവും. ഇത്രയധികം നേതാക്കളില്‍നിന്ന്​ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ, ഒരു ക്യാപ്റ്റനെ ഐകകണ്ഠേന എങ്ങനെ കണ്ടെത്തും? ഇവരില്‍ എത്ര നേതാക്കള്‍ക്ക് ഇന്‍ക്ലൂസീവ് ഇന്ത്യ എന്ന വലിയ ലക്ഷ്യത്തിനുവേണ്ടി സ്വന്തം വ്യക്തിതാല്‍പ്പര്യങ്ങള്‍ ബലികഴിക്കാനുള്ള മനസ്സുണ്ടാവും?

2024- ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ മോദി നേരിടേണ്ടിവരിക രണ്ടു പ്രശ്നങ്ങളാണ്. ഒന്ന് പരാജയം എന്ന റിയാലിറ്റി തന്നെ. രണ്ട് ഇതേവരെയുള്ള ചെയ്തികള്‍ക്കെല്ലാം കണക്കുചോദിക്കപ്പെടും.

ഇസവും ഐഡിയോളജിയുമൊന്നും ഇന്നത്തെ കാലത്ത് വലിയ മാറ്ററാവുന്ന കാര്യങ്ങളല്ല. എങ്കില്‍പോലും ഈ 26 പാര്‍ട്ടികളും തമ്മില്‍ ഏറ്റവും ബേസിക്കായ കാര്യങ്ങളില്‍ പോലുമുള്ള അതിഭയങ്കരമായ വൈജാത്യം ഇന്ത്യാ സഖ്യത്തെ ഉള്ളില്‍ എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്‌നിപര്‍വ്വതതത്തിനു സമാനമായ അവസ്ഥയിലാക്കും.

ഹിന്ദുത്വ പാര്‍ട്ടിയായ, സവര്‍ക്കറെ ആരാധിക്കുന്ന ശിവസേന. രാഹുല്‍ ഗാന്ധി സവര്‍ക്കറെക്കുറിച്ച് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്ന സമയത്ത് ശിവസേന സവര്‍ക്കറെക്കുറിച്ച് പറയരുത് എന്ന മുന്നറിയിപ്പ് കൊടുത്തതോര്‍ക്കണം. ബി ജെ പി അധികാരത്തില്‍വന്നശേഷം സവര്‍ക്കര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും സജീവ വിഷയങ്ങളിലൊന്നാണ്. വരുംകാലങ്ങളില്‍ ബി ജെ പി സവര്‍ക്കറെ പ്രകീര്‍ത്തിക്കുമ്പോള്‍ ഇന്ത്യയുടെ, കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡ്​ എന്തായിരിക്കും?

‘ഇന്‍വിന്‍സിബിള്‍.. അജയ്യന്‍’ എന്നൊക്കെ മീഡിയ ചാര്‍ത്തിക്കൊടുത്തിരിക്കുന്ന തന്റെ ഇപ്പോഴത്തെ ഇമേജിനെ ഒരു കാരണവശാലും ഇല്ലാതാക്കാന്‍ മോദി അനുവദിക്കുകയില്ല. പരാജയം മോദി ഒരിക്കലും ഇഷ്ടപ്പെടാത്ത, ഒരുകാരണവശാലും അംഗീകരിക്കില്ലാത്ത ഒരവസ്ഥയാണ്. 2024- ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ മോദി നേരിടേണ്ടിവരിക രണ്ടു പ്രശ്നങ്ങളാണ്. ഒന്ന് പരാജയം എന്ന റിയാലിറ്റി തന്നെ. രണ്ട് ഇതേവരെയുള്ള ചെയ്തികള്‍ക്കെല്ലാം കണക്കുചോദിക്കപ്പെടും. ഇ.ഡിയും സി ബി ഐയും മറ്റ് അന്വേഷണഏജന്‍സികളുമൊക്കെ പിന്നെ ആരുടെയൊക്കെ ഗേറ്റിനു മുന്നിലാണു പ്രത്യക്ഷപ്പെടുക? എവിടെയൊക്കെയാണു റെയ്ഡുകള്‍ നടക്കുക?

നരേന്ദ്രമോദി
നരേന്ദ്രമോദി

എന്‍കൗണ്ടര്‍ മരണങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘപരിവാര്‍ വിമര്‍ശകരുമൊക്കെ നേരിടേണ്ടിവന്ന കൊടും പീഢനങ്ങള്‍, നാട്ടിലെ ലോക്കല്‍ ബി ജെ പി പ്രവര്‍ത്തകർ മുതല്‍ മോദി വരെ ഒത്തിരി കാര്യങ്ങള്‍ക്ക് ഉത്തരം കൊടുക്കേണ്ടിവരും.
അതുകൊണ്ട് അടുത്ത വർഷത്തെ തിരഞ്ഞെടുപ്പില്‍ ജയിക്കാനായി ബി ജെ പി ഏതറ്റം വരെയുപോകും. പരാജയം മോദിയെ സംബന്ധിച്ച്​ ഒരോപ്ഷന്‍ അല്ല. ഇനി അഥവാ ഈ പ്രശ്നങ്ങളെല്ലാം മറികടന്ന് ഇന്ത്യ സഖ്യം ജയിച്ചുവന്നെന്നിരിക്കട്ടെ. (അങ്ങനെതന്നെ സംഭവിക്കട്ടെ) മറുവശത്ത് കാത്തുനില്‍ക്കുന്നത് ‘ഓപ്പറേഷന്‍ കമല’യാണ്. നോട്ടുകെട്ടുകളുമായി കാത്തുനില്‍ക്കുന്ന ‘കമല’യുടെ പ്രലോഭനത്തെ അതിജീവിക്കുക എന്നാല്‍ ഹെര്‍ക്കൂലിയന്‍ ടാസ്‌ക്കാണ്.

‘ഇന്ത്യ’ വിജയിക്കേണ്ടതിന്റെ അനേകം കാരണങ്ങളില്‍ അവസാനത്തേത്...

ഇതൊക്കെയാണെങ്കിലും ഈ പുതിയ ഇന്ത്യ വലിയൊരു പ്രതീക്ഷയാണ്. 2024 നേരത്തേ വിചാരിച്ചിരുന്നപോലെ അത്ര എളുപ്പമാവില്ല എന്ന് മോദിയും റിയലൈസ് ചെയ്തുകഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മണ്‍സൂണ്‍ സെഷനുമുന്നോടിയായി പ്രധാനമന്ത്രി പാര്‍ലമെന്റിനുമുന്നില്‍ നടത്തിയ പ്രസംഗം. മണിപ്പുര്‍ വിഷയത്തെപ്പറ്റി പ്രധാനമന്ത്രി പ്രസ്താവന നടത്തി എന്ന രീതിയിലാണ് ഇത് അവതരിക്കപ്പെട്ടത്. മാസങ്ങളായി കത്തുന്ന മണിപ്പുരിനെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെങ്കില്‍ ആ സംസാരം തുടങ്ങേണ്ടത് മണിപ്പുരിനെപ്പറ്റി പറഞ്ഞുകൊണ്ടായിരുന്നു. പകരം നാട് കത്തിക്കൊണ്ടിരിക്കുമ്പോള്‍ സാവന്‍ കാ മഹീനയെപ്പറ്റിയും ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ സാവന്‍ എത്ര നല്ല സമയമാണെന്നും ഒക്കെ വളരെ ഉല്ലാസവാനായി പറയുന്ന പ്രധാനമന്ത്രി തന്റെ എട്ടര മിനുട്ട് നീണ്ട പ്രസംഗത്തിന്റെ ആറര മിനുട്ടിലാണ് മണിപ്പുര്‍ സ്പര്‍ശിക്കുന്നത്! അതും മണിപ്പുര്‍ വിഷയമല്ല, വീഡിയോ പുറത്തുവന്ന ആ പ്രത്യേക കാര്യം മാത്രം. അപ്പോഴും മണിപ്പുരിനൊപ്പം പ്രധാനമന്ത്രി രാജസ്ഥാനേയും ഛത്തീസ്ഘട്ടിനെയും കൂട്ടുപിടിച്ചു. എല്ലാത്തരം മനസ്സിലാക്കലുകള്‍ക്കും അപ്പുറമാണിത്.

എങ്ങനെ ഇതൊക്കെ സാധിക്കുന്നു? കൂട്ടത്തില്‍ 140 കോടി ഇന്ത്യാക്കാരും ലജ്ജിച്ചു തലതാഴ്ത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഞാന്‍ഒരിന്ത്യാക്കാരിയാണ്. ഞാന്‍ എന്തിന് ഈ വിഷയത്തില്‍ ലജ്ജിച്ചു തലതാഴ്ത്തണം? ലജ്ജിച്ചു തലതാഴ്ത്താന്‍ പാകത്തിന് ഒന്നും ഞാന്‍ ചെയ്തിട്ടില്ല. തല താഴ്ത്തേണ്ടത് താങ്കളുടെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും താങ്കളുമാണ്.

(സച്ചിന്‍ വാഴ്ത്തുകളുമായി ഇനിയും ദയവുചെയ്ത് മിനിമം മലയാളികളെങ്കിലും ഈ വഴി വരരുത്. ഗുസ്തി താരങ്ങളുടെ സമരമാണെങ്കിലും മണിപ്പുര്‍ വിഷയമാണെങ്കിലും ‘ക്രിക്കറ്റ്​ ദൈവം’പ്രധാനമന്ത്രിയെപ്പോലെ മൗനിബാബയാണ്. ഇത്രയും കൗശലത്തോടെ കളിക്കുന്ന, ഇത്രയും സേഫായി കളിക്കുന്ന മറ്റൊരു കളിക്കാരന്‍ ഉണ്ടാവുമോ എന്ന് സംശയമാണ്.)


Summary: INDIA Opposition alliance sandhya mary writes


സന്ധ്യാ മേരി

കഥാകൃത്ത്​, നോവലിസ്​റ്റ്​. വർഷങ്ങളായി ദൃശ്യ- ശ്രവണ മാധ്യമരംഗത്ത്​ പ്രവർത്തിക്കുന്നു. ​​​​​​​ചിട്ടിക്കാരൻ യൂദാസ് ഭൂത വർത്തമാന കാലങ്ങൾക്കിടയിൽ (കഥ), മരിയ വെറും മരിയ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments