സീറ്റു ചോർച്ച അടയ്ക്കാൻ
വിദ്വേഷം എന്ന ‘മോദി ഗ്യാരണ്ടി’

ഏകപക്ഷീയമായി തങ്ങൾക്ക് അനുകൂലമാകുമെന്ന് വിശ്വസിച്ചിരുന്ന തെരഞ്ഞെടുപ്പ് കൈവിട്ടുപോകുമോയെന്ന ഭീതിയിലാണ് ആദ്യ മൂന്നു ഘട്ടങ്ങളിലെ വോട്ടെടുപ്പിനുശേഷം ബി ജെ പി. ഈ പശ്ചാത്തലത്തിൽ കൂടുതൽ അസംബന്ധങ്ങളും വർഗീയതയും വ്യാജങ്ങളും നിറച്ചുകൊണ്ടുള്ള പ്രചാരണത്തിനായിരിക്കും ബി ജെ പി അടുത്ത നാലു ഘട്ടങ്ങളിലും ശ്രമിക്കുകയെന്നത് ഉറപ്പാണ്- ഡോ. കുട്ടികൃഷ്ണൻ എ.പി എഴുതുന്നു.

ഴ് ഘട്ടങ്ങളിൽ നടക്കുന്ന 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നു ഘട്ടങ്ങൾ പൂർത്തിയായി. ആകെയുള്ള 543-ൽ 283 സീറ്റുകളിൽ വോട്ടെടുപ്പ് കഴിഞ്ഞു, അതായത് ഏതാണ്ട് പകുതിയോളം സീറ്റുകളിൽ. തമിഴ്നാട്, കേരളം, ഗുജറാത്ത്, ഛത്തീസ്‌ഗഡ്‌, കർണാടക രാജസ്ഥാൻ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ പോളിംഗ് മൂന്നാം ഘട്ടത്തോടെ പൂർത്തിയായി.

ആദ്യഘട്ടത്തിൽ 102 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 88 മണ്ഡലങ്ങളിലും മൂന്നാംഘട്ടത്തിൽ 93 മണ്ഡലങ്ങളിലും ജനം വിധിയെഴുതി. ഗുജറാത്തിലെ സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് പ്രകാരം ആദ്യ ഘട്ടത്തിൽ 66.14 ശതമാനവും രണ്ടാം ഘട്ടത്തിൽ 66.71 ശതമാനവുമാണ് പോളിങ്. മൂന്നാം ഘട്ടത്തിൽ, പ്രാഥമിക കണക്കനുസരിച്ച് 64.4 ശതമാനവും. 2019- ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തോളം പോളിംഗ് കുറവുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

2019-ൽ ആദ്യ മൂന്നു ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളുടെ എണ്ണവും എൻ.ഡി.എയും കോൺഗ്രസ് സഖ്യവും നേടിയ സീറ്റുകളും.

ആദ്യഘട്ടത്തിൽ വോ​ട്ടെടുപ്പ് നടന്ന 102 മണ്ഡലങ്ങളിൽ കോൺഗ്രസ് ഉൾപ്പെട്ട ‘ഇന്ത്യ’ സഖ്യം 45 സീറ്റിലും എൻ.ഡി.എ 42 സീറ്റിലുമാണ് 2019- ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
രണ്ടാം ഘട്ടത്തിലെ 88 സീറ്റിൽ 23- ഇടത്ത് സ്ഥലത്ത് കോൺഗ്രസ്- പ്രതിപക്ഷ കക്ഷികളും 62 സീറ്റിൽ എൻ.ഡി.എയുമായിരുന്നു 2019- ൽ ജയിച്ചത്. മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്ന 93 മണ്ഡലങ്ങളിൽ 12 സ്ഥലത്ത് മാത്രമാണ് കോൺഗ്രസ്- പ്രതിപക്ഷ കക്ഷികൾ 2019- ൽ വിജയിച്ചത്. ബാക്കി 82 സ്ഥലങ്ങളിലും എൻ.ഡി.എയായിരുന്നു.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുശേഷം ഏറ്റവും ശ്രദ്ധേയമായ കാര്യം, 400 സീറ്റു നേടി വീണ്ടും അധികാരത്തിൽ വരാമെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടുതുടങ്ങി എന്നതാണ്.

വോ​ട്ടെടുപ്പ് പൂർത്തിയായ 284 സീറ്റുകളിൽ കഴിഞ്ഞ പ്രാവശ്യം ജയിച്ച 186 സീറ്റ് നിലനിർത്താനും കൂടുതലായി നേടാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രചാരണത്തിനായിരുന്നു നരേന്ദ്ര മോദിയും കൂട്ടരും നേതൃത്വം നൽകിയത്. എന്നാൽ കർഷക പ്രതിഷേധം, വിലക്കയറ്റം, തൊഴിലില്ലായ്മ, പത്തുവർഷമായി നൽകിവന്ന പല വാഗ്ദാനങ്ങളും നടപ്പിലാക്കാത്ത കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധം എന്നിവയാണ് ആദ്യ ഘട്ട പ്രചാരണത്തിൽ പല സംസ്ഥാനങ്ങളിലും ശക്തമായി പ്രതിഫലിക്കുന്നതെന്ന് ബി ജെ പി കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ കേന്ദ്ര ഭരണകക്ഷി പ്രതീക്ഷിച്ചതുപോലെ ആദ്യ രണ്ടു ഘട്ടങ്ങൾ ആശ്വാസകരമല്ല. മൂന്നു ഘട്ടങ്ങളിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയം സൂക്ഷ്മമായി വിലയിരുത്തി തയ്യാറാക്കിയ പല റിപ്പോർട്ടുകളും നൽകുന്ന സൂചന, 2019-ൽ എൻ.ഡി.എ ജയിച്ച ആദ്യ ഘട്ടങ്ങളിലുൾപ്പെട്ട 284 മണ്ഡലങ്ങളിൽ ചുരുങ്ങിയത് 25- 35 വരെ സീറ്റ് അവർക്കു നഷ്ടപ്പെടാനാണ് സാധ്യതയെന്നാണ്.

‘മോദി ഗ്യാരണ്ടി’യിൽനിന്ന്…

ജനങ്ങളുടെ ഉന്നമനത്തിനെന്ന പേരിൽ അവതരിപ്പിക്കുന്ന ‘മോദി ഗ്യാരണ്ടി’ക്കായിരുന്നു ആദ്യ രണ്ടു ഘട്ടങ്ങളിലെ കാമ്പയിനിൽ മോദിയും കൂട്ടരും പ്രാമുഖ്യം കൊടുത്തത്. എന്നാൽ, പത്തു വർഷമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയെന്നവകാശപ്പെടുന്ന വികസന പ്രവർത്തങ്ങൾ പൊള്ളയാണെന്ന് വോട്ടർമാർ തിരിച്ചറിയാൻ തുടങ്ങിയെന്ന വസ്തുത പ്രചാരണ കാലത്ത് മോദിയും കൂട്ടരും മനസ്സിലാക്കി തുടങ്ങി. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുശേഷം ഏറ്റവും ശ്രദ്ധേയമായ കാര്യം, 400 സീറ്റു നേടി വീണ്ടും അധികാരത്തിൽ വരാമെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടുതുടങ്ങി എന്നതാണ്. തങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ പ്രചാരണത്തിൽ മേൽക്കൈ ലഭിക്കുന്നില്ല എന്നതും കാര്യങ്ങൾ കൈവിട്ടുപോവുകയാണോ എന്ന സംശയവും ബി.ജെ.പി നേതൃത്വത്തിന് ശക്തമായിട്ടുണ്ട്.

ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ അമിത് ഷാ, രാജ്നാഥ് സിങ്, നരേന്ദ്രമോദി

ഈ പശ്ചാത്തലത്തിലാണ് ‘മോദിയുടെ ഗ്യാരണ്ടി’, ‘400 സീറ്റു നേടി വീണ്ടും ബി ജെ പി’ തുടങ്ങിയ പ്രചാരണം ഏതാണ്ട് ഉപേക്ഷിച്ച് വർഗീയ ചേരിതിരിവുണ്ടാക്കുന്ന വിദ്വേഷ പരാമർശങ്ങളുമായി പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയത്. അതിനായി, രണ്ടാം ഘട്ട വോട്ടെടുപ്പിനുശേഷം നിസ്സാര രാഷ്ട്രീയ പ്രശ്നങ്ങളാണ് മോദിയും സംഘവും കൂടുതലും ഉന്നയിക്കുന്നത്.

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിനുശേഷം രഹസ്യമായി ലഭിക്കുന്ന രാഷ്ട്രീയ റിപ്പോർട്ടുകൾക്കനുസരിച്ച് അടുത്ത ഘട്ടത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചാരണ രീതികളും മാറ്റി പരീക്ഷിക്കുകയാണ് ഇപ്പോൾ. ബി ജെ പി. രാജ്യത്തെ ഒരു പ്രധാനമന്ത്രിയിൽ നിന്ന് ഒരിക്കലുമുണ്ടാകാൻ പാടില്ലാത്ത തരത്തിലുള്ള നിസ്സാര രാഷ്ട്രീയ പ്രശ്നങ്ങളും ആളുകളുടെ ബുദ്ധിശക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കളവുകളും വർഗീയ ചേരിതിരിവുകളും നിറഞ്ഞതായി മാറിയിരിക്കുന്നു മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ.

ആദ്യ രണ്ട് ഘട്ടങ്ങളിലും ഉത്തരേന്ത്യയിലെ വോട്ടർമാരിലും സ്വന്തം അണികളിലും അലസതയും നിരാശയും നിറഞ്ഞുനിൽക്കുന്നതായിട്ടാണ് ബി ജെ പിയുടെതന്നെ രാഷ്ട്രീയ നിരീക്ഷകർ കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽനിന്ന് 80 എം.പിമാരെയാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കുന്നത്. ബി ജെ പിയുടെ ശക്തികേന്ദ്രം കൂടിയായ ഇവിടെ നിന്ന് ഏറ്റവും കൂടുതൽ സീറ്റുകൾ തങ്ങൾക്കു നേടാനാവുമെന്നാണ് യു.പി മുഖ്യമന്ത്രി യോഗിയുടെയും പ്രധാനമന്ത്രി മോദിയുടെയും പ്രതീക്ഷ. ഏഴു ഘട്ടങ്ങളിലും യു.പിയിൽ തെരഞ്ഞെടുപ്പുണ്ട്. അതുപോലെ പ്രതീക്ഷയർപ്പിക്കുന്ന മഹാരാഷ്ട്ര, ബീഹാർ, വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂർത്തീകരിക്കുന്നത് അവസാനഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ മാറിമാറി പരീക്ഷിക്കുന്ന തന്ത്രങ്ങളും പ്രചാരണരീതികളും ഫലപ്രദമായി നടപ്പിലാക്കി അവിടെയൊക്കെ ബി ജെ പിക്ക് അനുകൂല സാഹചര്യമുണ്ടാക്കാൻ ശ്രമിക്കുകയാണ്.

1996 മുതൽ 2014 വരെയുള്ള കാലത്ത് കോൺഗ്രസിനും ബി.ജെ.പിക്കും ലഭിച്ച പട്ടികജാതി വിഭാഗ വോട്ട് ഷെയർ.

ആദ്യ രണ്ട് ഘട്ടങ്ങളിലും ഉത്തരേന്ത്യയിലെ വോട്ടർമാരിലും സ്വന്തം അണികളിലും അലസതയും നിരാശയും നിറഞ്ഞുനിൽക്കുന്നതായിട്ടാണ് ബി ജെ പിയുടെതന്നെ രാഷ്ട്രീയ നിരീക്ഷകർ കണ്ടെത്തിയിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിൽ 2019- ലെ പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5- 7 ശതമാനം വരെ പോളിംഗ് കുറഞ്ഞത് ഈയൊരു നിരീക്ഷണത്തെ ശക്തിപ്പെടുത്തുന്നതുമാണ്.

തിരിച്ചടിയായ ‘400 സീറ്റ്’ മുദ്രാവാക്യം

400 സീറ്റു നേടി അധികാരത്തിൽ വന്നാൽ ഭരണഘടനയടക്കം മാറ്റുമെന്ന പ്രചാരണത്തിന് പല മുതിർന്ന ബി ജെ പി നേതാക്കളും ആദ്യ ഘട്ടത്തിൽ പ്രാമുഖ്യം കൊടുത്തിരുന്നു. ബി ജെ പിയുടെ പ്രത്യയ ശാസ്ത്രത്തിനനുസരിച്ച് ഇന്ത്യൻ ഭരണഘടനാ മാറ്റിയെഴുതാൻ വർധിച്ച സീറ്റുകൾ നേടി കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നത് വോട്ടർമാരെ ബോധ്യപ്പെടുത്താൻ പ്രചാരണകാലത്ത് അവർ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഈ വിഷയം തിരിച്ചടിയായി എന്ന് ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിനുശേഷം മോദിക്കും കൂട്ടർക്കും മനസ്സിലായി.

ബി ജെ പിയുടെ പ്രത്യയ ശാസ്ത്രത്തിനനുസരിച്ച് ഇന്ത്യൻ ഭരണഘടനാ മാറ്റിയെഴുതാൻ വർധിച്ച സീറ്റുകൾ നേടി കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നത് വോട്ടർമാരെ ബോധ്യപ്പെടുത്താൻ പ്രചാരണകാലത്ത് അവർ ശ്രമിച്ചുകൊണ്ടേയിരുന്നു.

തങ്ങളുടെ അവകാശങ്ങളുടെയും സംവരണാനുകൂല്യങ്ങളുടെയും ഉറവിടമായ ഭരണഘടനയിൽ ബി ജെ പി കാര്യമായ മാറ്റം വരുത്തുമെന്നുള്ള ഭയം പിന്നാക്ക വിഭാഗക്കാരിൽ വല്ലാതെ വർധിച്ചു. 400 സീറ്റു നേടി ബി ജെ പി അധികാരത്തിൽ വന്നാൽ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പട്ടിക വിഭാഗങ്ങളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസ- തൊഴിൽ സംവരണ ആനുകൂല്യങ്ങൾ ഭരണഘടനാ മാറ്റത്തിലൂടെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നത് പല പ്രബല പിന്നാക്ക വിഭാഗങ്ങളും വ്യാപകമായി പ്രചാരണ ആയുധമാക്കി. ഇത് മനസ്സിലാക്കിയാണ് അധികാരത്തിൽ തിരിച്ചെത്തിയാൽ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് രാജ്‌നാഥ് സിംഗ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം നിരന്തരം പറയാൻ നിർബന്ധിതരായത്.

സംവരണം എടുത്തുകളയുമെന്ന ഭീതി വോട്ടർമാരിൽ ശക്തമായാൽ ബി ജെ പിക്ക് അനുകൂലമായികൊണ്ടിരുന്ന ദലിതരുടെയും ആദിവാസികളുടെയും ഒ ബി സി വിഭാഗത്തിലെയും വോട്ടു വിഹിതം ഗണ്യമായി കുറയാനിടയുണ്ട്.

സെൻസസ് ഡാറ്റയും മണ്ഡൽ കമീഷൻ റിപ്പോർട്ടും അനുസരിച്ച് ദലിത്, ആദിവാസി, ഒ ബി സി വിഭാഗങ്ങൾ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 70 ശതമാനത്തോളമാണ്. അവരിൽ ഏതാണ്ട് 8.6 ശതമാനം പട്ടികവർഗ്ഗക്കാരും 16.6 ശതമാനം പട്ടികജാതിക്കാരും 44 ശതമാനം ഒബിസി വിഭാഗവുമാണെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പ്രശ്നങ്ങളോടൊപ്പം ഈ വിഭാഗം വോട്ടർമാർ സ്വീകരിക്കുന്ന നിലപാടുകളും നിർണായകമാണ്.

2000-നുമുൻപുള്ള പല തെരഞ്ഞെടുപ്പുകളിലും ദലിതരും ആദിവാസികളും കോൺഗ്രസിനെയാണ് കൂടുതലും പിന്തുണച്ചിരുന്നത്. അതാതുകാലത്തെ രാഷ്ട്രീയ മത്സരത്തിൻ്റെ സ്വഭാവത്തെയും രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങളെയും ആശ്രയിച്ചായിരുന്നു പ്രധാനമായും ഒ ബി സി വിഭാഗക്കാർക്കിടയിലെ വോട്ടിംഗ് രീതി. എന്നാൽ 2014-ലെ തെരഞ്ഞെടുപ്പിലാണ് ദലിതർ, ആദിവാസികൾ, വലിയ വിഭാഗം ഒ ബി സി വോട്ടുകൾ കോൺഗ്രസിന് നഷ്ടപ്പെട്ടതും അത് ബി.ജെ.പിക്ക് നേടിയെടുക്കാൻ സാധിച്ചതും.

1996 മുതൽ 2014 വരെയുള്ള കാലത്ത് കോൺഗ്രസിനും ബി.ജെ.പിക്കും ലഭിച്ച പട്ടികവർഗ വോട്ട് ഷെയർ.

ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ പിന്നാക്ക വിഭാഗക്കാരായ വോട്ടർമാർ എങ്ങനെ ചിന്തിക്കുന്നുവെന്നതിനെക്കുറിച്ച് ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റിസ് (CSDS) പഠനം നടത്തിയിട്ടുണ്ട്. 2009-ലെ തെരഞ്ഞെടുപ്പിൽ ഏതാണ്ട് 17 ശതമാനത്തിനടുത്ത് ഒ ബി സി വോട്ടുവിഹിതം ലഭിച്ച ബി ജെ പിക്ക് 2019- ൽ 47 ശതമാനത്തിനടുത്ത് ഒ ബി സി വോട്ട് നേടാനായി എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സംവരണം എടുത്തുകളയുമെന്ന ഭീതി വോട്ടർമാരിൽ ശക്തമായാൽ ബി ജെ പിക്ക് അനുകൂലമായികൊണ്ടിരുന്ന ദലിതരുടെയും ആദിവാസികളുടെയും ഒ ബി സി വിഭാഗത്തിലെയും വോട്ടു വിഹിതം ഗണ്യമായി കുറയാനിടയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഛത്തിസ്‌ഗഢ് സംസ്ഥാനങ്ങളിൽ നിന്ന് ബി.ജെ.പി പ്രതീക്ഷിച്ചിരുന്ന സീറ്റുകളിൽ പലതും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

സംവരണ വിഷയത്തെ രാഷ്ട്രീയമായി തങ്ങൾക്ക് അനുകൂലമാക്കാനുള്ള പ്രചാരണതന്ത്രമാണ് അഖിലേഷ് യാദവ്, തേജസ്വി യാദവ്, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ നടക്കുന്നത്.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് കൂടുതൽ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് പ്രചാരണവും മുദ്രാവാക്യങ്ങളും വ്യത്യസ്തമാക്കൻ ബി ജെ പി തീരുമാനിച്ചത്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കുന്ന നിരവധി അസംബന്ധങ്ങളിലൊന്ന് സംവരണം സംബന്ധിച്ചുള്ളതാണ്. എസ്‌.സി / എസ്‌.ടി, ഒ.ബി.സി സംവരണം മുസ്‍ലിംകൾക്കായി തട്ടിയെടുക്കാനും മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പിലാക്കാനും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശ്രമിക്കുമെന്നാണ് രണ്ടാം ഘട്ട വോട്ടെടുപ്പിനുശേഷം നിരവധി പൊതുയോഗങ്ങളിൽ അദ്ദേഹം പ്രസംഗിച്ചത്. ഇത്തരം പ്രചാരണങ്ങൾക്ക് മറുപടി പറഞ്ഞ്, സംവരണ വിഷയത്തെ രാഷ്ട്രീയമായി തങ്ങൾക്ക് അനുകൂലമാക്കാനുള്ള പ്രചാരണതന്ത്രമാണ് അഖിലേഷ് യാദവ്, തേജസ്വി യാദവ്, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ നടക്കുന്നത്. അങ്ങനെ സംവരണ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആധിപത്യം സ്ഥാപിക്കുന്നതാണ് മൂന്നാം ഘട്ട പ്രചാരണത്തിൽ കണ്ടത്. ഭരണഘടന സംരക്ഷിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയും ഭരണഘടന മാറ്റിയെഴുതി സംവരണ വിഷയങ്ങളിലടക്കം ബി ജെ പി ആശയങ്ങൾ നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമവും തമ്മിലുള്ള പോരാട്ടമായി അവസാനഘട്ടങ്ങളിലെ കാമ്പയിൻ മാറുകയാണ് എന്നാണ് ഉത്തേരേന്ത്യയിൽ നിന്ന് ലഭിക്കുന്ന ചിത്രം.

അഖിലേഷ് യാദവ്, തേജസ്വി യാദവ്, രാഹുൽ ഗാന്ധി

പത്തു വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് തങ്ങളുടെ ഭരണകാലത്ത് നടപ്പിലാക്കിയ പ്രസക്തമായ ജനോപകാര പദ്ധതികളൊന്നും എടുത്തുകാണിക്കാനില്ലാത്ത പശ്ചാത്തലത്തിൽ വികസന പ്രവർത്തനങ്ങളെയോ ക്ഷേമ പദ്ധതികളെയോ മുൻനിർത്തി വോട്ടു നേടാൻ കഴിയാത്ത ദയനീയ സ്ഥിതിയിലാണ്. അതുകൊണ്ടുതന്നെ മതം ഉപയോഗിച്ചും വർഗീയ വേർതിരിവുണ്ടാക്കിയുമാണ് അവർ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. എന്നാൽ, ഏകപക്ഷീയമായി തങ്ങൾക്ക് അനുകൂലമാകുമെന്ന് വിശ്വസിച്ചിരുന്ന തെരഞ്ഞെടുപ്പ് കൈവിട്ടുപോകുമോയെന്ന ഭീതിയിലാണ് ആദ്യ മൂന്നു ഘട്ടങ്ങളിലെ വോട്ടെടുപ്പിനുശേഷം ബി ജെ പി. ഈ പശ്ചാത്തലത്തിൽ കൂടുതൽ അസംബന്ധങ്ങളും വർഗീയതയും വ്യാജങ്ങളും നിറച്ചുകൊണ്ടുള്ള പ്രചാരണത്തിനായിരിക്കും ബി ജെ പി അടുത്ത നാലു ഘട്ടങ്ങളിലും ശ്രമിക്കുകയെന്നത് ഉറപ്പാണ്. അതായത്, കാമ്പയിനി​ൽ ഇപ്പോൾ പ്രകടമാകുന്ന വിദ്വേഷമാണ് വോട്ടർമാർക്കായി യഥാർഥത്തിൽ മോദിക്ക് ‘ഗ്യാരണ്ടി’ ചെയ്യാനുള്ളത്.

Comments