പ്രിയംവദ ഗോപാൽ

ആർ.എസ്.എസിലും ഹിന്ദുത്വയിലും എത്രത്തോളം ഇന്ത്യയുണ്ട്?

ആർ.എസ്.എസ്, ഹിന്ദുത്വ, വംശീയത, ഇടതുപക്ഷവും ജാതിയും, ജെ.എൻ.യു, ഇന്ത്യൻ സാഹിത്യവും ബുദ്ധിജീവിതവും, കേരളം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കേംബ്രിഡ്ജ് സർവകലാശാലയിൽ പോസ്റ്റ് കൊളോണിയൽ സ്റ്റഡീസ് പ്രൊഫസറായ പ്രിയംവദ ഗോപാലുമായി ആഗോള പരിപ്രേക്ഷ്യത്തിൽ ഒരു സംഭാഷണം

ഷാജഹാൻ മാടമ്പാട്ട്: കൃത്യമായ ഒരു ഉത്തരം ഇല്ലെന്ന് നമ്മളിൽ പലരും പരിതപിച്ചിരിക്കുന്ന ഒരു ചോദ്യത്തിൽ നിന്നു തന്നെ തുടങ്ങാം. ഇന്ത്യയിൽ ഇന്നു നടക്കുന്നത് എന്താണെന്ന് നമുക്കെല്ലാം വ്യക്തമായി അറിയാം. ഈ ഒരു അവസ്ഥയിൽ ഇനി ഒരു മതേതര, ജനാധിപത്യ, ബഹുസ്വര ഇന്ത്യക്ക് എന്തെങ്കിലും പ്രതീക്ഷിക്കാൻ ഉണ്ടോ? അതോ നമ്മൾ സ്വാതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഘട്ടത്തിന്റെ അവസാനത്തിലാണോ?

പ്രിയംവദ ഗോപാൽ: കാര്യങ്ങളെല്ലാം ദാരുണമായ രീതിയിൽ തകർന്നടിയുകയാണ്. നമ്മുടെ മതേതര, ബഹുസ്വര, ജനാധിപത്യ സ്വപ്നങ്ങളുടെ നാടകീയമായ പൊളിച്ചടുക്കലാണ് കഴിഞ്ഞ ഒരു ദശാബ്ദ കാലത്ത് നമ്മൾ കണ്ടത്. ഇന്ത്യ ഒരിക്കലും പരിപൂർണ അർത്ഥത്തിലുള്ള ജനാധിപത്യ രാഷ്ട്രമായിരുന്നില്ല, അത് എപ്പോഴും അങ്ങനെ ആവാനുള്ള നിരന്തര ശ്രമത്തിലായിരുന്നു എന്നു വേണം കരുതാൻ. എന്നാൽ കഴിഞ്ഞ ആറു മുതൽ പത്തുവരെ വർഷക്കാലയളവിൽ ഈ സ്വപ്നങ്ങൾ ഭയാനകമായ രീതിയിൽ തകർന്നടിയുന്നതാണ് നമ്മൾ കണ്ടത്. ഞാൻ ശുഭാപ്തിവിശ്വാസമില്ലാത്ത ആളല്ല, അതുകൊണ്ട് തന്നെ കാര്യങ്ങൾ കെെവിട്ടു പോയി എന്നൊന്നും ഞാൻ പറയുന്നില്ല.

ബാബരി മസ്ജിദ് തകർക്കുന്നതിന് തലേന്ന് പിക്കാസുകളും ഹാമറുകളുമായി സംഘം ചേർന്ന കർസേവകർ / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.
ബാബരി മസ്ജിദ് തകർക്കുന്നതിന് തലേന്ന് പിക്കാസുകളും ഹാമറുകളുമായി സംഘം ചേർന്ന കർസേവകർ / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

ദൈനംദിന ബഹുസ്വരതയിലും, സഹവർത്തിത്വത്തിലും, ക്രിയാത്മകതയിലുമെല്ലാം ഉറച്ചു വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ആളുകൾ നമ്മുടെ രാജ്യത്ത് ഇപ്പോഴുമുണ്ട് എന്നാണു ഞാൻ വിശ്വസിക്കുന്നത്. പക്ഷെ നമ്മൾ ഇപ്പോൾ തന്നെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയില്ലെങ്കിൽ നമ്മുടെ ബഹുസ്വരതയും, സാംസ്‌കാരിക വൈവിധ്യങ്ങളും, പലമത പാരമ്പര്യവുമെല്ലാം എന്നന്നേക്കുമായി നാമാവശേഷമാകുന്നത് അതിവിദൂരമല്ലാത്ത ഒരു ഭാവിയിൽ നമ്മൾ കാണേണ്ടി വരും. നമ്മൾ പോരാടുന്ന മറുപക്ഷത്തെ ചെറുതായിക്കാണരുത്. സ്വാതന്ത്ര്യാനന്തരം, ജനാധിപത്യ സങ്കല്പം നേരിട്ടതിൽ വെച്ചേറ്റവും ഭീകരമായ വെല്ലുവിളിയോടാണ് നമ്മൾ എതിരിടുന്നത്.

ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന തന്ത്രം ഹിന്ദുക്കളെ തമ്മിലും, ഇന്ത്യൻ നാട്ടുരാജ്യങ്ങളെ തമ്മിലുമെല്ലാം പോരടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ അത് കേവലം ഹിന്ദു- മുസ്‌ലിം വിഷയമല്ല

അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്കുണ്ടായ ഒരു സംശയം, നമ്മൾ എങ്ങനെയാണ് ഹിന്ദുത്വത്തിന്റെ ആശയ പാരമ്പര്യം അന്വേഷിച്ചെടുക്കുക എന്നതാണ്. പലരും കരുതുന്നത് അത് ബ്രിട്ടീഷ് തന്ത്രമായ ഭിന്നിപ്പിച്ചു ഭരിക്കലിന്റെ അനന്തരഫലമാണെന്നാണ്. അത് ശരിയായ വിശകലനമാണോ, അതോ ഹിന്ദുത്വത്തിന്റെ വേരുകൾ സാമ്രാജ്യത്വത്തിന്റെ കാലത്തേക്കാൾ ആഴങ്ങളിലേക്ക് പടർന്നിട്ടുള്ളതാണോ? കോളനികാലഘട്ടത്തിനു മുൻപുള്ള ഇന്ത്യയെ ചിത്രീകരിക്കുമ്പോൾ ഹിന്ദു- മുസ്‌ലിം സഹവർത്തിത്വത്തിന്റെ മനോഹരമായ ചിത്രങ്ങൾ പലരും വരച്ചുകാണാറുണ്ട്, അത് ചരിത്രപരമായി അത്ര ശരിയാണോ?

ഇതിന്റെ ഉത്തരവാദിത്വം ഞാൻ ബ്രിട്ടീഷുകാരുടേത് മാത്രമായി
ചുരുക്കിക്കാണുന്നില്ല. അതുപോലെ, ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അധീശത്വ
തന്ത്രത്തിന്റെ അനന്തരഫലമാണ് ഇതെന്നും ഞാൻ വിശ്വസിക്കുന്നില്ല. ഭിന്നിപ്പിച്ചു ഭരിക്കലിന് ഇവിടെ ഒരു പങ്കുണ്ട്. മുസ്‌ലിം, ഹിന്ദു വിഭാഗങ്ങളിൽ പെട്ട മൗലിക സ്വത്വവാദികളുടെ സംയോജനത്തിന് ഇത് കാരണമായിട്ടുണ്ടെന്നാണത്. ഓർക്കേണ്ട ഒരു വസ്തുത, ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന തന്ത്രം ഹിന്ദുക്കളെ തമ്മിലും, ഇന്ത്യൻ നാട്ടുരാജ്യങ്ങളെ തമ്മിലുമെല്ലാം പോരടിപ്പിച്ചിരുന്നു എന്നതാണ്. അതുകൊണ്ട് തന്നെ അത് കേവലം ഹിന്ദു- മുസ്‌ലിം വിഷയമല്ല, മറിച്ച് വളരെ ജാതിയഭിമതമായ, സാമുദായികമായ ഒന്നായിരുന്നു.

ഇറ്റലിയിലെ നാഷനൽ ഫാസിസ്റ്റ് പാർട്ടിയുടെ അർദ്ധസൈനിക വിഭാഗമായിരുന്നു കുപ്രസിദ്ധ ബ്ലാക് ഷർട്ട്‌സ്. മുസ്സോളിനിയുടെ സൈനിക അക്കാദമികൾ സന്ദർശിച്ച  ഹിന്ദു മഹാസഭയുടെ ആദ്യ പ്രസിഡൻറ് ബി. എസ്. മൂഞ്ചെ, ഇന്ത്യയിലും സമാനമായ രീതിയിൽ ഫാസിസ്റ്റ് യുവതയെ വാർത്തെടുക്കണമെന്നും, അവരെ സേനാപരമായി വിന്യസിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഇറ്റലിയിലെ നാഷനൽ ഫാസിസ്റ്റ് പാർട്ടിയുടെ അർദ്ധസൈനിക വിഭാഗമായിരുന്നു കുപ്രസിദ്ധ ബ്ലാക് ഷർട്ട്‌സ്. മുസ്സോളിനിയുടെ സൈനിക അക്കാദമികൾ സന്ദർശിച്ച ഹിന്ദു മഹാസഭയുടെ ആദ്യ പ്രസിഡൻറ് ബി. എസ്. മൂഞ്ചെ, ഇന്ത്യയിലും സമാനമായ രീതിയിൽ ഫാസിസ്റ്റ് യുവതയെ വാർത്തെടുക്കണമെന്നും, അവരെ സേനാപരമായി വിന്യസിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

ഹിന്ദുത്വം ഏകശിലോൽപത്തിയുള്ള ആശയമായി കണക്കാക്കാൻ കഴിയില്ല. അതിന്റെ വേരുകൾ ബ്രാഹ്‌മണിക പാരമ്പര്യത്തിൽ വളരെ പ്രകടമായി പടർന്നു കിടക്കുന്നത് നമുക്ക് കാണാൻ കഴിയും. ഹിന്ദുത്വത്തെ ഹിന്ദു മഹാസഭയിലേക്കോ ആർ.എസ്.എസ്സിലേക്കോ ഉൾച്ചേർന്ന് നില്ക്കുന്ന ഒന്നായി എടുക്കുമ്പോൾ നമ്മൾ മനസ്സിൽ കരുതേണ്ട ഒരു വശം, ഇവയൊന്നും കേവലമൊരു ഹിന്ദു പൊതുസംഘടനയായിരുന്നില്ല, മറിച്ച് ബ്രാഹ്‌മണിക വരേണ്യജാതി സംഘടനകളായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ, സാമ്രാജ്യത്വത്തിനുമപ്പുറം കിടക്കുന്ന ജാതി എന്ന ആശയത്തിന് ഇതിൽ നിർണ്ണായക പങ്കുണ്ട്. ഹിന്ദുത്വത്തെ വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്ന ഒരു വസ്തുത, അത് പല ആശയസംഹിതകളേയും അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നതാണ്. എന്നാൽ കോളനീകരണ തന്ത്രത്തിലെ ആശയങ്ങളിലൊന്നായ ഭിന്നിപ്പിച്ചു ഭരിക്കലിനെ അല്ല അത് അനുകരിക്കുന്നത്. മറിച്ച്, ഏക ഭാഷ- ഏക മതം- ഏക ദേശം എന്ന ഒരു ആശയപരിസരത്തിൽ നിന്നാണ് ഹിന്ദുത്വം അതിന്റെ ഊർജ്ജം ഉൾക്കൊണ്ടത്.

മുസ്സോളിനി ഇറ്റലിയിൽ രൂപപ്പെടുത്തിയ "ബ്ലാക്ക്ഷർട്ടു'കളെ വളരെ പ്രകടമായി അനുകരിച്ചുകൊണ്ട് ആർ.എസ്.എസ് രംഗത്തുവന്നിരുന്നു

18, 19 നൂറ്റാണ്ടുകളിൽ ദേശരാഷ്ട്രങ്ങളായി പരിണമിച്ചുകൊണ്ടിരുന്നിരുന്ന യൂറോപ്പിൽ നിന്നാണ് ഈ ആശയങ്ങൾ ആർ.എസ്.എസ് കടമെടുത്തത് എന്നതാണ് ഇതിലെ കൗതുകകരമായ വൈരുദ്ധ്യം. ഒരു ദേശരാഷ്ട്രമാവുന്നതിന് ഒരു രാജ്യം, ഒരൊറ്റ ഭാഷ സംസാരിക്കുന്ന, ഒരൊറ്റ മതം ആചരിക്കുന്ന (യൂറോപ്പിന്റെ പ്രത്യേക സാഹചര്യത്തിൽ, ക്രിസ്തുമതം), ഒരൊറ്റ വർഗബന്ധം പുലർത്തുന്ന ഒരു ജനസമൂഹമായിരിക്കണം എന്നൊരു ചിന്താരീതി അവിടെ പ്രബലമായിരുന്നു. അതുകൊണ്ടു തന്നെയാണ്‌ ഹിന്ദുത്വം യൂറോപ്യൻ ആശയധാരയെ അനുകരിക്കുകയാണ് ചെയ്യുന്നത് എന്ന് പറയാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് യൂറോപ്പിൽ നാസിസവും, ഫാസിസവും ഉയിർക്കൊള്ളുമ്പോൾ
ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ അവതാരകർ, വിശിഷ്യാ ആർ.എസ്.എസിന്റെ ആദ്യകാല നേതാക്കൾ പ്രസ്തുത യൂറോപ്യൻ "ഇസ'ങ്ങളുടെ അനുവാചകരെപ്പോലെ ശബ്ദിച്ചത്. അവർ ഹിറ്റ്‌ലറാലും മുസ്സോളിനിയാലും അങ്ങേയറ്റം ആകൃഷ്ടരായിരുന്നു എന്നു മാത്രമല്ല, മുസ്സോളിനി ഇറ്റലിയിൽ രൂപപ്പെടുത്തിയ "ബ്ലാക്ക്ഷർട്ടു'കളെ വളരെ പ്രകടമായി അനുകരിച്ചുകൊണ്ട് ആർ.എസ്.എസ് രംഗത്തു വരികയും ചെയ്യുകയുണ്ടായി.

ഹിന്ദുത്വം മൗലികമായ ഒരു ഇന്ത്യൻ ആശയമല്ല എന്നത് ഇതിൽ നിന്നും നമുക്ക് സംശയലേശമന്യേ മനസ്സിലാക്കാം. അതിവിനാശകരമായ ജാതിയധീശത്വ രീതികളുടേയും യൂറോപ്യൻ സങ്കൽപനങ്ങളുടെ അനുകരണങ്ങളുടേയും അനന്തരഫലമായി രൂപംകൊണ്ട ഒരു ആശയപരിസത്തുനിന്നാണ് ഇന്ത്യയിൽ ഹിന്ദുത്വം രൂപമെടുക്കുന്നത്. സവിശേഷമാം വിധം ഭാരതീയമാണ് എന്ന് ആവർത്തിച്ചു വാദിക്കുമ്പോഴും അത് എല്ലാ അർത്ഥത്തിലും സാമ്രാജ്യത്വപരവും
വൈദേശികവുമാണ് എന്നത് ഒരു തരത്തിൽ നോക്കിയാൽ ഹിന്ദുത്വത്തെ സംബന്ധിച്ച ദയനീയ വിരോധാഭാസമാണ്. അതോടൊപ്പം, യൂറോപ്യൻ ഫാസിസ
ത്തോട് അത് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതുമാണ്.

ഹിന്ദുത്വത്തിന്റെ പരിണാമം നോക്കിയാൽ, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ, അവർ ജാതിവ്യത്യാസങ്ങളെ ഒരുവിധത്തിൽ ആന്തരികവൽക്കരിച്ചിരിക്കുന്നതായി കാണാം. ബി.ജെ.പി യുമായി സഖ്യം ചേരുന്നതിനു പല ദളിത് സംഘടനകളും ഒട്ടും വൈമനസ്യം കാണിക്കുന്നില്ല. മായാവതി ബി.ജെ.പി യുമായി ചേർന്ന് രണ്ടു തവണ അധികാരം പങ്കിട്ടു എന്നത് ഇതിനൊരു ഉദാഹരണമാണ്. അതുപോലെ , ഉദിത് രാജിനെപ്പോലുള്ള പല ദളിത് ബുദ്ധിജീവികളും, പിന്നീട് തിരിച്ചു വന്നെങ്കിലും, ബി.ജെ.പിയിൽ ചേരാൻ ഒരു മടിയും കാണിച്ചിരുന്നില്ല. ഇപ്പോൾ, എൻ.ഡി.എയ്ക്ക് സർക്കാർ രൂപീകരിക്കാൻ കിട്ടിയ ഏക സഖ്യകക്ഷി റിപ്പബ്ലിക്കൻ പാർട്ടിയുടെ പതിപ്പായ ഒരു ദളിത് പാർട്ടിയാണ്. മോദി തന്നെ ഒരു ഉന്നത ജാതിക്കാരൻ അല്ല എന്നതുകൂടി ഓർക്കുക. ഹിന്ദുത്വത്തിന്റെ വരേണ്യ അല്ലെങ്കിൽ ബ്രാഹ്‌മണിക ബന്ധത്തെക്കുറിച്ചുള്ള പരമ്പരാഗത വാദങ്ങൾ ഒന്ന് പുനഃപരിശോധിക്കേണ്ടതില്ലേ? എങ്ങിനെയാണ് ഇതിനെ നോക്കിക്കാണുന്നത്?

അതിൽ ചില ശരികളും തെറ്റുകളുമുണ്ട്. മേലേത്തട്ടിൽ നില്ക്കുന്ന ഏതൊരു പ്രത്യയശാസ്ത്രത്തിനും അതിന്റെ കീഴ്തട്ടിലുള്ളവരുടെ സഹകരണം കൂടിയേ തീരൂ. നാസിസത്തിന്റെ ഭാഗത്ത് ചേർന്നുന്നിരുന്ന ജൂതന്മാർ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇതിൽ അതിശയകരമായി ഒന്നും തന്നെയില്ല. ദളിത്- ബഹുജൻ രാഷ്ട്രീയ പാർട്ടികളുമായി ബുദ്ധിപരമായ സഖ്യങ്ങൾ രൂപീകരിക്കുന്നതും, അതിനാൽ അത്തരം സഖ്യങ്ങൾ ബ്രാഹ്‌മണികമല്ല എന്ന് പറയുന്നതും തമ്മിൽ നമ്മൾ ഒരു വേർതിരിവ് വരുത്തേണ്ടതുണ്ട്. ബ്രാഹ്‌മണികമായി നിൽക്കുമ്പോൾ തന്നെ നിങ്ങൾക്ക് സഖ്യങ്ങൾ രൂപീകരിക്കാം, മുസ്‌ലിംകളെപ്പോലും കൂടെ ചേർക്കാം. ബി.ജെ.പി എപ്പോഴും മുസ്‌ലിംകളേയും ക്രിസ്ത്യാനികളേയും കൂടെ ചേർത്തിട്ടുണ്ട്. കോളനീകരണവുമായി ഇതിനുള്ള സാമ്യവും ഇതു തന്നെയാണ്.

കോളനീകരണം എപ്പോഴും കോളനിവൽക്കരിക്കപ്പെട്ടവരുടെ
സഹായത്തോടെ തന്നെയാണ് നിലനിന്നിട്ടുള്ളത്. ഇന്ത്യൻ സാഹചര്യത്തിലും ഇതു തന്നെയായിരുന്നു കോളനിവല്ക്കരണത്തിന്റെ രീതി. ഇതൊന്നും തന്നെ ഹിന്ദുത്വത്തിന്റെ ഉൽഭവവും അതിന്റെ അധീശത്വ രീതികളും ബ്രാഹ്‌മണികമായ ഒന്നാണ് എന്ന വാദത്തെ എതിർക്കുന്നില്ല. ആർ.എസ്.എസിൽ പ്രവർത്തിച്ചിരുന്ന ഒരു ദളിതന്റെ അനുഭവക്കുറിപ്പായ I Could Not Be Hindu : The Story of a Dalit in the RSS എന്ന ഒരു പുസ്തകം ഞാൻ അടുത്തിടെയാണ് വായിച്ചത്. തന്റെ കുടുംബം പറയുന്നതായിരുന്നു ശരി എന്നയാൾക്ക് ആ പ്രസ്ഥാനത്തിൽ അധികം തുടരാതെ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു - എത്ര തന്നെയായാലും വരേണ്യർ ദളിതരെ അംഗീകരിക്കില്ല എന്നത്. അതുകൊണ്ട് തന്നെ ഹിന്ദുത്വവുമായി ഇഴചേർന്ന് പോകുന്നതിന് ഒരു ദളിതനു വലിയ പരിമിതികളുണ്ട്. നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട്. കാരണം 1930 ലെ ഹിന്ദുത്വമല്ല 2020 ലെ ഹിന്ദുത്വം. പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും മാറുന്നുണ്ട്. മാറാതെ അവശേഷിക്കുന്നത് ഹിന്ദുത്വത്തിന്റെ നിഷേധക വംശ ദേശീയ ആശയവാദവും അതിന്റെ മതഭൂരിപക്ഷ അധീശത്വവാദവുമാണ്.

ഇസബെൽ വിൽകർസൺ. യു.എസിലെ ആഫ്രിക്കൻ അമേരിക്കൻ വംശജർ നേരിടുന്ന അടിച്ചമർത്തൽ വംശീതയെന്ന വിശേഷണത്തിൽ ഒതുങ്ങുന്നതല്ലെന്ന് പുലിസ്റ്റർ ജേതാവ് ഇസബെൽ CASTE: The Origins of Our Discontents എന്ന പുസ്തകത്തിൽ പറയുന്നു. അമേരിക്കയിലെ ജാതി വ്യവസ്ഥയായിട്ടാണ് വംശീയതയെ വിൽകർസൺ കാണുന്നത്.
ഇസബെൽ വിൽകർസൺ. യു.എസിലെ ആഫ്രിക്കൻ അമേരിക്കൻ വംശജർ നേരിടുന്ന അടിച്ചമർത്തൽ വംശീതയെന്ന വിശേഷണത്തിൽ ഒതുങ്ങുന്നതല്ലെന്ന് പുലിസ്റ്റർ ജേതാവ് ഇസബെൽ CASTE: The Origins of Our Discontents എന്ന പുസ്തകത്തിൽ പറയുന്നു. അമേരിക്കയിലെ ജാതി വ്യവസ്ഥയായിട്ടാണ് വംശീയതയെ വിൽകർസൺ കാണുന്നത്.

ഹിന്ദുത്വം അതിന്റെ രൂപീകരണ ലക്ഷ്യങ്ങളിൽ നിന്നും മാറുന്നില്ലെങ്കിൽ ഇത് വലിയ ഒരു വെല്ലുവിളിതന്നെയാണ്. ആർ.എസ്.എസിന്റെ തലപ്പത്തിരിക്കുന്ന ഒരാൾ പോലും ദളിതരല്ലെന്ന വസ്തുതയെ മറയ്ക്കാൻ, മുസ്‌ലിംകളുമായോ ക്രിസ്ത്യാനികളുമായോ ദളിത് സംഘടനകളുമായോ സഖ്യം ഉണ്ടാക്കുന്നതിലൂടെ സാധിക്കില്ല. ആർ.എസ്.എസ്സിലൂടെ ബ്രാഹ്‌മണികത ബി.ജെ.പിയിലും എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രത്യയശാസ്ത്രം
അടിസ്ഥാനപരമായി എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് നമുക്ക് വ്യക്തികളേയും, സഖ്യസമവാക്യങ്ങളേയും വേർതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്.
അതുപോലെതന്നെ ആ പ്രത്യയശാസ്ത്രത്തിന്റെ പുതിയ രൂപങ്ങളിൽ എന്തെല്ലാം ഉൾച്ചേർന്നിരിക്കുന്നു എന്നതിനേയും.

വംശങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ നിങ്ങൾ നടത്തിയിട്ടുണ്ട്. വംശവുമായി തട്ടിച്ചുനോക്കുമ്പോൾ ജാതിയെ നിങ്ങൾ എങ്ങനെയാണ് കാണുന്നത്? ജാതീയതയും വംശീയതയുമായി എന്തെങ്കിലും ബന്ധമുണ്ടോ?

തീർച്ചയായും. ജാതിയേയും വംശത്തേയും കുറിച്ചുള്ള പ്രസക്തമായ സംവാദങ്ങൾ പല കോണുകളിൽ നിന്നായി ഉയർന്നുവരുന്നുണ്ട്. ഇസബെൽ വിൽകർണസിന്റെ
കാസ്റ്റ് എന്ന പുസ്തകത്തിൽ അവർ ഇവയെ ബന്ധപ്പെടുത്തുന്നുണ്ട്. സൂരജ് യെങ്ഡേയെപ്പോലുള്ള യുവ ദളിത് ബുദ്ധിജീവികളും ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കോളനിവല്ക്കരണത്തിന്റേയും അടിമത്തത്തിന്റേയും ഫലമായിട്ടാണ് വംശീയത ഉയർന്നുവരുന്നത്. അടിമത്വത്തിന്റെ ആദ്യഘട്ടത്തിലെ ന്യായീകരണ യുക്തിയായി വംശീയതയാണ് വർത്തിച്ചത്. കരീബിയൻ, അമേരിക്കൻ നാടുകളിൽ വംശീയത കൊടുമ്പിരിക്കൊണ്ടപ്പോൾ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലാണ് ഇന്ത്യക്കാർ വംശീയത അനുഭവിക്കുന്നത്. ദളിതരുടെ അനുഭവങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വലിയ സാമ്യതയാണ് വംശീയതയുടെ അനുഭവങ്ങൾക്കുമുള്ളത്. വിവേചനങ്ങളുടെ രീതിയിലും, ചൂഷണത്തിലും, അവകാശനിഷേധത്തിലും എല്ലാം വലിയ സാമ്യത കാണാം, അതിനു അടിസ്ഥാനമാക്കി ഉപയോഗിക്കുന്നത് ആളുകളുടെ ജന്മത്തേയോ, തൊലിനിറത്തേയോ ആകാം എന്ന് മാത്രം. നിങ്ങൾ എവിടെയാണ് എന്നതിനനുസരിച്ച് അതിന്റെ പ്രയോഗ രീതിയിൽ ചില മാറ്റങ്ങൾ കാണാം.

ഡോ: സൂരജ് യെങ്ഡെ
ഡോ: സൂരജ് യെങ്ഡെ

പരിഹാരക്രിയകൾ നടത്തുന്നിടത്താണ് ഇവരണ്ടും സമാനമാകുന്ന ഒരു രൂപം കൈവരിക്കുന്നത്. ബ്ലാക്ക് ലൈവ്സ് മാറ്ററിനെക്കുറിച്ചുള്ള ചർച്ചകൾ ദളിത് ജീവിതങ്ങളുടെ കഷ്ടതകളെക്കുറിച്ച് സംസാരിക്കുന്ന എല്ലാവർക്കും വേഗത്തിൽ മനസ്സിലാകുന്നതായി വരുന്നത് ഇവിടെയാണ്. അമേരിക്കയിലും, ബ്രിട്ടനിലും ഇന്ത്യയിലുമെല്ലാം പരിഹാരക്രിയകൾ നടത്തുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന സംഘങ്ങൾ ഉയർന്നുവരുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇത് വളരെ പ്രധാനപ്പെട്ട ഒരുകാര്യം തന്നെയാണ്, വിശിഷ്യാ തലമുറകളായി ചില ജനവിഭാഗങ്ങൾ അടിച്ചമർത്തപ്പെടുകയും, സാമൂഹികോത്കർഷ എന്നത് അവരെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒന്നായിത്തീരുകയും ചെയ്ത ഒരു സാഹചര്യത്തിൽ. ജാതിയുടെ കാര്യത്തിലാണെങ്കിലും വംശത്തിന്റെ കാര്യത്തിലാണെങ്കിലും അവകാശങ്ങൾ നിഷേധിക്കപ്പെട്ട, അവസരസമത്വം എന്നത് തങ്ങളുടെ കാര്യത്തിൽ വെറുമൊരു തമാശയായ ഒരു ജനവിഭാഗത്തിനു മുഴുവൻ പരിഹാരക്രിയയാകാവുന്ന വ്യവസ്ഥാനുഗതമായ മാറ്റങ്ങളെ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് നമ്മൾ
സംസാരിക്കേണ്ടത്. രണ്ടാമത്തെ കാര്യം, ബ്ലാക് ലൈവ്സ് മാറ്ററിന്റെ പ്രവർത്തകരെയും, അവരുമായി ബന്ധപ്പെട്ട ബുദ്ധിജീവികളേയും പത്രപ്രവർത്തകരേയുമെല്ലാം നമ്മൾ കേൾക്കുകയും വായിക്കുകയും ചെയ്യുന്നുണ്ട്.. പക്ഷെ ഇന്ത്യയിലെ ദളിതർക്ക്‌ അത്രതന്നെ മാധ്യമപ്രാപ്തി ലഭ്യമായിട്ടില്ല എന്ന് വേണം കരുതാൻ. കൂടുതൽ കൂടുതൽ ദളിത് ബുദ്ധിജീവികളേയും, പ്രവർത്തകരെയും, നമ്മൾ കേൾക്കേണ്ടതും വായിക്കേണ്ടതുമുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങൾ ഇപ്പോഴും വരേണ്യ മുതലാളിത്തത്തിന്റെ പിടിയിൽ തന്നെയാണെന്നത്‌
നമുക്കെല്ലാം അറിയുന്ന കാര്യമാണ്. അതിനെ അതിജയിച്ചുവരുന്ന ദളിത് ശബ്ദങ്ങളെ ലോകം കേൾക്കേണ്ടതുണ്ട്. .

ബാരക്ക് ഒബാമയുടെ "പ്രോമിസ്ഡ്‌ ലാന്റി'ൽ തുറന്നു സമ്മതിക്കുന്നതുപോലെയുള്ള ഒരു എഴുത്ത് കെ. ആർ. നാരായണനെപ്പോലെയുള്ള ഒരു ഇന്ത്യൻ പ്രസിഡന്റിന്റെ എഴുത്തിൽ കാണാൻ കഴിയില്ല. ഒബാമ സമ്മതിക്കുന്ന പോലെ ഒരു ദളിതൻ തന്റെ വിജയത്തെ വിവരിക്കുമ്പോൾ തന്റെ ജാതിയെ ഉയര്ത്തിപ്പിടിക്കുന്നതിനു പകരം അതിനെ ചെറുതാക്കി കാണിക്കുകയാണ് കാണുന്നത്?

ബാരക് ഒബാമ വംശീയതയെ നിശിതമായി വിമർശിച്ചു എന്നതിൽ എനിക്ക് വിയോജിപ്പുണ്ട്, അതുകൊണ്ട് തന്നെ ഒബാമയുടെ വംശീയതക്കെതിരെയുള്ള തുറന്നുപറച്ചിലിനു സമാനമായ എഴുത്തുകൾ ഇന്ത്യയിൽ നിന്നു വരുന്നില്ല എന്ന ആധി അസ്ഥാനത്താണ് എന്നാണ് ഞാൻ കരുതുന്നത്. അംബേദ്ക്കറുടെ "ജാതിനിർമൂലനം' പോലെയുള്ള ഒരു എഴുത്ത് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. പക്ഷെ ഒരു ദളിത്‌ പ്രധാനമന്ത്രി തന്റെ ദളിത്‌ സ്വത്വത്തെ ഉയർത്തിപ്പിടിക്കാൻ സന്നദ്ധനാകുമോ എന്ന ചോദ്യം വരുമ്പോൾ അത് ഒരു തുറന്ന ചോദ്യമായി തന്നെ അവശേഷിക്കും. എന്റെ പ്രതീക്ഷ, പ്രോജ്വലനായ ഒരു ദളിത് നേതാവിന്റെ അരങ്ങേറ്റത്തിനുള്ള എല്ലാ സാധ്യതയും ഇന്ന് ഇന്ത്യയിൽ ഉണ്ട്.

ഇടതുപക്ഷം ജാതി പ്രശ്നത്തെ ഗൗരവകരമായി എടുത്തിട്ടുണ്ടോ? ജാതിയെ വർഗവുമായി തെറ്റിദ്ധരിക്കുന്ന ഒരു പരിജ്ഞ്ഞാനത്തിലേ ഇന്ന് പല ഇടതുചിന്തകരും എത്തിയിട്ടുള്ളൂ, ഒരു പക്ഷെ അവരുടെ വരേണ്യ സാംസ്‌കാരിക പാശ്ചാത്തലവും സൈദ്ധാന്തികമായി മാത്രം നേടിയ അറിവിന്റെ പരിമിതിയുമാവാം ഇതിനു കാരണം. താങ്കൾക്ക്‌ എന്ത് തോന്നുന്നു?

താങ്കളുടെ നിരീക്ഷണത്തോട് ഞാൻ യോജിക്കുന്നു. വരേണ്യ പശ്ചാത്തലത്തിൽ നിന്നു വരുന്നവർക്ക്‌ ജാതിക്കെടുതികളെക്കുറിച്ച് ശുഷ്‌കമായ അറിവുമാത്രമേ ഉണ്ടാവുകയുള്ളൂ. വംശീയതയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് എന്നെ ജാതീയതയുടെ പഠനങ്ങളിലേക്ക് വീണ്ടും കൊണ്ടെത്തിച്ചത്. ജാതിയും വർഗവും ഒന്നാണെന്ന തെറ്റിദ്ധാരണയിലായിരുന്നു അതുവരെ ഞാൻ ഉണ്ടായിരുന്നത്. ഇടതുപക്ഷം ചരിത്രപരമായി ജാതിയെക്കുറിച്ച് അജ്ഞരാണ്, അവർ ഇനിയും അത് പഠിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് നമുക്ക് അല്പം സംസാരിക്കാം. ജെ. എൻ. യു പോലെയുള്ള ഒരു മഹത്തായ സ്ഥാപനം അവർ പൂർണമായും നശിപ്പിച്ചു എന്ന് പറയാവുന്ന അവസ്ഥയിലാണ്‌ ഇപ്പോഴുള്ളത്. ആർ.എസ്.എസിന്റെ​ അനുഭാവികളെ കുത്തിനിറച്ച് ഇപ്പോൾ ജെ. എൻ. യു അതിന്റെ പൂർവകാലപ്രതാപങ്ങൾ ഒന്നൊന്നായി പൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ച് നമ്മൾ​ ആകുലപ്പെടേണ്ട സമയം അതിക്രമിച്ചില്ലേ?

ഞാൻ ജെ. എൻ. യുവിനെക്കുറിച്ച് ദി ഗാർഡിയനിൽ ഒരിക്കൽ എഴുതിയിരുന്നു. ആ കലാലയം നമുക്ക് നല്കിയിരുന്ന ഒരു വൈജ്ഞാനിക ഉണർവുണ്ടായിരുന്നു, സാംസ്‌കാരിക, മത, ധാർമിക, ബൗദ്ധിക ബഹുസ്വരതയുടെ ഒരു വിശാലമായ ഇടം അത് അതിന്റെ വിദ്യാർഥികൾക്കുമുന്നിൽ തുറന്നിട്ടിരുന്നു. സാമൂഹിക പരിവർത്തനങ്ങളേയും ധൈഷണിക ജീവിതങ്ങളേയും വിളക്കിച്ചേർക്കുന്ന ഒരു വേദിയായി അത് വർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആറോ അതിലധികമോ വർഷങ്ങളായി നമ്മൾ കാണുന്നത് ഇതിനെയെല്ലാം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്ക്‌ ആ കാമ്പസ് സാക്ഷിയാവുന്നതാണ്. വിമർശനങ്ങളുടേയോ വിചാരണകളുടേയോ ഒന്നും സാധ്യതകളില്ലാത്ത അടിയറവുപറച്ചിലുകളുടെ രംഗങ്ങളായി അവിടുത്തെ വേദികൾ മാറിക്കഴിഞ്ഞു. പുതിയ കാലക്രമത്തിന് ധൈഷണിക യുക്തികളോട് ഏറ്റുമുട്ടാനുള്ള ഭയത്തിന്റേയും ഭീതിയുടേയും കാര്യം വിളിച്ചോതുന്നതാണ് ഇപ്പോൾ അവിടെ പ്രകടമായി കാണുന്ന അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും. അതുപോലെ തന്നെ പ്രധാനമായ ഒരു കാര്യമായി എനിക്ക് തോന്നുന്നത്, ജെ. എൻ. യു പോലുള്ള ഒരു കലാലയത്തെ അവർ ആക്രമിക്കുന്നുണ്ടെങ്കിൽ അതിനു കാരണം അവിടെ നടക്കുന്ന ബൗദ്ധികോൽപാദനം, ധൈഷണിക ചർച്ചകൾ എല്ലാം അവരെ ഭയപ്പെടുത്തുന്നതാണ് എന്നും, അവർ അത് തങ്ങളെ നശിപ്പിക്കുമെന്ന് പേടിക്കുന്നുണ്ട് എന്നുമാണ്.

2020 ജനുവരി 5ന് അമ്പതോളം പേരടങ്ങിയ ആയുധധാരികളായ സംഘം, മുഖം മറച്ച് ജെ.എൻ.യുവിലെ വിദ്യാർഥികളേയും അധ്യാപകരേയും മർദ്ദിക്കുകയുണ്ടായി
2020 ജനുവരി 5ന് അമ്പതോളം പേരടങ്ങിയ ആയുധധാരികളായ സംഘം, മുഖം മറച്ച് ജെ.എൻ.യുവിലെ വിദ്യാർഥികളേയും അധ്യാപകരേയും മർദ്ദിക്കുകയുണ്ടായി

അതുകൊണ്ട് നമ്മൾ ഈ ബൗദ്ധികവ്യവഹാരങ്ങൾ ശക്തിയുക്തം തുടരേണ്ടതുണ്ട്. അതോടൊപ്പം എനിക്ക് രണ്ട് കാര്യങ്ങൾ കൂടി സൂചിപ്പിക്കുവാനുണ്ട്, ഒന്ന്, രാജ്യത്തുടനീളം ദളിത്- മുസ്‌ലിം- ബുദ്ധിജീവികൾ, ചിന്തകർ എന്നിവർ വളഞ്ഞാക്രമിക്കപ്പെടുകയും വേട്ടയാടപ്പെടുകയും, കൊല്ലപ്പെടുകയുമൊക്കെ ചെയ്യുന്നുണ്ട് എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. രണ്ട്, ജെ. എൻ. യു വിൽ ഇപ്പോൾ സംഭവിക്കുന്നത് ദശാബ്ദങ്ങളായി തങ്ങളുടെ നാട്ടിലെ യൂണിവേഴ്സിറ്റികളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് തന്നെയാണ് എന്ന് നമ്മുടെ പല കാശ്മീരി സുഹൃത്തുക്കളും പറയുകയുണ്ടായി. ജെ. എൻ. യുവിൽ ഇപ്പോൾ മുഴങ്ങിക്കേൾക്കുന്ന പട്ടാള ബൂട്ടടികളും, ആക്രോശങ്ങളും കാശ്മീരീ യൂണിവേഴ്സിറ്റികളിൽ അല്പം മുമ്പുതന്നെ എത്തിയിരുന്നു. ഇത് നമ്മോട് ചിലത് പറയുന്നുണ്ട്. നമ്മൾ പുതിയ വിശാല സഖ്യങ്ങൾ രൂപപ്പെടുത്തേണ്ട സമയ അതിക്രമിച്ചുവരികതന്നെയാണ്.

ലോകത്തിലെ തന്നെ മികച്ച സർവ്വകലാശാലകളിൽ ഒന്നായി ഇടം പിടിച്ച ജെ. എൻ. യു ഇനി ആ പട്ടികയിൽ നിന്നു തന്നെ പുറത്താവുകയാണ്.

പുതിയകാലത്തെ സാംസ്‌കാരിക- വിദ്യാഭ്യാസ നയങ്ങൾ വളരെക്കാലമായി നമ്മൾ​ പടുത്തുയർത്തിക്കൊണ്ട് വന്ന സക്രിയമായ ബൗദ്ധികസംസ്‌കാരത്തെ നിരാകരിക്കുന്നതായിട്ടാണ് കാണുന്നത്. മറ്റു പല വികസ്വര രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ​ നമ്മുടെ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. പക്ഷെ പുതിയ വിദ്യാഭ്യാസ നയങ്ങൾ നമ്മെ കൂപ്പുകുത്തിക്കുന്ന വിധത്തിലല്ലേ പ്രവർത്തിക്കുക എന്ന ഒരു ആശങ്ക ബാക്കിയാവുകയാണ്. എങ്ങിനെയാണ് താങ്കൾ ഇതിനെ നോക്കിക്കാണുന്നത്?

തീർച്ചയായും, വലിയ അപകടത്തിലാണ് നമ്മൾ എത്തിനില്ക്കുന്നത്. ലോകത്തിലെ തന്നെ മികച്ച സർവ്വകലാശാലകളിൽ ഒന്നായി ഇടം പിടിച്ച ജെ. എൻ. യു ഇനി ആ പട്ടികയിൽ നിന്നു തന്നെ പുറത്താവുകയാണ്. രാഷ്ട്രീയ പ്രാധാന്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന നിലവാരം കുറഞ്ഞ അധ്യാപക നിയമനങ്ങളും, ലോകശ്രദ്ധയും അംഗീകാരവും നേടിയ അധ്യാപകരെ രാഷ്ട്രീയ- മതകീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ പീഡിപ്പിച്ച് പുറത്താക്കുന്നതുമെല്ലാം നമ്മുടെ വിജ്ഞാനോല്പാദനത്തെ ദോഷകരമായി ബാധിക്കും എന്നതിൽ സംശയത്തിനിടയില്ല. ഗൗരവകരമായ ബൗദ്ധികവ്യവഹാരങ്ങളിൽ ഏർപ്പെടാൻ
ആഗ്രഹിക്കുന്നവർ ഇനി രാജ്യത്തിനകത്തു തന്നെ നില്ക്കാൻ സാധ്യതകളില്ലാതാവുകയാണ്. അതേസമയം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സമിതികളെല്ലാം അതിലെ രാഷ്ട്രീയ നിയമനങ്ങൾ കാരണം അല്പന്മാരുടെ കേന്ദ്രങ്ങളാവുകയാണ്. അന്തർദേശീയതലത്തിൽ അതുകൊണ്ട് തന്നെ ഇന്ത്യയിലെ വിദ്യാഭ്യാസ സമിതികൾ ഒരു തമാശയായി മാറിയിരിക്കുകയാണ് എന്നുമാത്രമല്ല, ഇന്ത്യയിൽ നിന്നു പുറത്തിറങ്ങുന്ന വിദ്യാർഥികളിൽ അവർക്ക്‌ പ്രതീക്ഷ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയുമാണ്.

ഇന്ത്യൻ സാഹിത്യത്തിലേക്ക് വരാം. എന്താണ് ഇന്ത്യൻ സാഹിത്യം? ഇന്ത്യൻ ഭാഷകളിൽ എഴുതുന്ന സാഹിത്യവും ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യവും തമ്മിൽ എങ്ങനെയാണ് മാറ്റുരക്കുക?

ഇവ തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് പറയാനാവില്ല. ഇന്ത്യൻ രാഷ്ട്രാതിർത്തികൾക്കുള്ളിലുള്ളവർ ഉല്പാദിപ്പിക്കുന്ന സാഹിത്യത്തെയാണ്‌ പൊതുവെ ഇന്ത്യൻ സാഹിത്യം എന്ന് പറയുന്നത്. ഇതിൽ ഒരുപാട് ചർച്ച നടന്നിട്ടുള്ളതാണ്. എന്നാൽ എന്റെ ഒരു ചോദ്യം, സാഹിത്യ നിർമിതികളെ ഒരു ദേശ- രാഷ്ട്രത്തിന്റെ ഭൗതികാതിർത്തികൾക്കുള്ളിലേക്ക് ഒതുക്കി നിർവ്വചിക്കുന്നത് ശരിയാണോ എന്നതാണ്. അതിർത്തികളുടെ നാമവിശേഷണങ്ങളില്ലാതെ സാഹിത്യങ്ങളെ സ്വീകരിക്കാനും ആസ്വദിക്കാനും ഉള്ള വിശാലതയിലേക്ക് നമ്മൾ വളരേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. സാഹിത്യപഠനങ്ങളെ സീമകളില്ലാതെ വ്യാപിക്കാൻ അനുവദിക്കണമെന്നാണ് ഞാൻ പറയുന്നത്.

ഇന്നത്തെ സാഹിത്യ വിമർശനങ്ങളുടെ അവസ്ഥയെന്താണ്, അകാലത്തിൽ ചരമമടഞ്ഞ ഒരു സാഹിത്യമണ്ഡലമായി വിമർശനം അവസാനിച്ചോ? അതല്ല പുസ്തക നിരൂപണം മാത്രമായി പരിണമിച്ചോ പുതിയ കാലത്തെ സാഹിത്യ വിമർശനം?

സാഹിത്യ വിമർശനം ഇന്ന് പ്രത്യേക ചില ഭാഷവിന്യാസങ്ങളുടെ, അറിവു പ്രദർശനങ്ങളുടെ ഒരു മണ്ഡലമായി മാറിയിരിക്കുകയാണ്, ഗൗരവകരമായി ഇതിനെ കൈകാര്യം ചെയ്യുന്ന ഒരു ന്യൂനപക്ഷത്തിന്റെ ഇടപെടൽ ഒഴികെ. താങ്കൾ സൂചിപ്പിച്ചത് ഒരു വലിയ പ്രശ്നത്തിന്റെ ലക്ഷണത്തെയാണ്. സർവകലാശാലകൾ കൂടുതൽ കൂടുതൽ കോർപറേറ്റ് ഇടങ്ങളാകുമ്പോൾ അവിടങ്ങളിലെ അധ്യാപകർ വിദഗ്ധരുടെ ഭാവ- വേഷാധികൾ ധരിക്കാൻ നിർബന്ധിതരാവുന്നു. തത്ഫലമായി മടുപ്പുളവാക്കും വിധമുള്ള ഭാഷാവിന്യാസങ്ങളും വ്യവഹാര കസർത്തുകളുമായി സാഹിത്യ മണ്ഡലങ്ങളിലുള്ള അവരുടെ ഇടപെടൽ തരംതാഴ്ന്നുപോവുന്ന എന്നതാണ് യാഥാർഥ്യം. ഇത്തരത്തിൽ വിദഗ്ധരുടെ മണ്ഡലമായി സാഹിത്യ വിമർശനം മാറുന്നതോടെ പൊതുജനസമ്പർക്കമുള്ള, സാധാരണക്കാരായ വിമർശകർക്കും നിരൂപകർക്കും ഈ മണ്ഡലത്തിൽ ഇടമില്ലാതാവുന്നു. അവർ സാഹിത്യ വിമർശനങ്ങൾ നടത്തിയിരുന്ന ഭാഷാരീതി അന്യംനിന്ന് പോവുന്നു. വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കുപുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ജ്ഞാനോൽപാദനവും വൈജ്ഞാനിക വ്യവഹാരങ്ങളും നിലച്ചുപോവുകയും ചെയ്യുന്നു എന്നതും ഇതിന്റെ പ്രശ്നമാണ്.

എഡ്വേഡ് സെയ്ദിനെപ്പോലെയോ ഹാരോള്ഡ് ബ്ലൂമിനെപ്പോലെയൊ സ്വതന്ത്രമായി ഇരുന്നു വിശാലമായി എഴുതാനുള്ള സാഹചര്യമല്ല ഇന്നുള്ള യുവ ബുദ്ധിജീവികൾക്കുള്ളത്

വൈജ്ഞാനികോല്പാദനത്തെ കുറിച്ച് പറയുമ്പോൾ, പുതിയ കാലത്തിന്റെ ജ്ഞാന നിർമാതാക്കൾ പൂർവകാലങ്ങളിലുള്ളവരെ വച്ചു നോക്കുമ്പോൾ വളരെ ക്ഷണികമായ പ്രഛന്നവേഷക്കാരായ, പണ്ഡിതനാട്യക്കാരയവരായിട്ടാണ് തോന്നുന്നത്. എഡ്വാഡ് സെയ്ദിനെ പോലുള്ളവർക്കുശേഷം അത്രമേൽ പ്രസക്തമായി കാലഘട്ടങ്ങളെ അതിജീവിച്ച ഗ്രന്ഥരചയിതാക്കൾ പിന്നീട് ഉണ്ടായിട്ടുണ്ടോ?

ഇല്ല എന്ന് ഞാൻ പറയില്ല. ധാരാളം മഹത്തായ ഗ്രന്ഥങ്ങൾ പിന്നീടും രചിക്കപ്പെട്ടിട്ടുണ്ട്. സർവവിജ്ഞ്ഞാനകോശങ്ങളായ പണ്ഡിതർ പലരും ഉണ്ടായിട്ടുണ്ട്. അവരുടെ ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന രചനകൾ ലോകത്തെ അൽഭുതപ്പെടുത്തിയിട്ടുമുണ്ട്. പക്ഷെ എഡ്വേഡ് സെയ്ദിനെപ്പോലെയോ ഹാരോള്ഡ് ബ്ലൂമിനെപ്പോലെയൊ സ്വതന്ത്രമായി ഇരുന്നു വിശാലമായി എഴുതാനുള്ള സാഹചര്യമല്ല ഇന്നുള്ള യുവ ബുദ്ധിജീവികൾക്കുള്ളത്, അതുകൊണ്ട് തന്നെ അവർ പുറത്തുകൊണ്ടുവരുന്ന കൃതികളിലും ആ വ്യത്യാസം കാണുന്നു എന്നുമാത്രം.

പോസ്റ്റ് കൊളോണിയൽ പഠന ശാഖയുടെ പ്രോദ്ഘാടകനാണ് എഡ്വേഡ് സെയ്ദ്. സാഹിത്യവിമർശനം ജനകീയമാക്കുന്നതിൽ വലിയ പങ്കു വഹിച്ച് സെയ്ദ്, ഫലസ്തീൻ വിഷയത്തിലും നിരന്തരം ഇടപെട്ടിരുന്നു.
പോസ്റ്റ് കൊളോണിയൽ പഠന ശാഖയുടെ പ്രോദ്ഘാടകനാണ് എഡ്വേഡ് സെയ്ദ്. സാഹിത്യവിമർശനം ജനകീയമാക്കുന്നതിൽ വലിയ പങ്കു വഹിച്ച് സെയ്ദ്, ഫലസ്തീൻ വിഷയത്തിലും നിരന്തരം ഇടപെട്ടിരുന്നു.

പ്രസാധക വ്യവസായത്തിന്റെ ഇടപെടൽ മറ്റൊരു പ്രധാന ഘടകമാണ്. ഒരു മഹത്തായ ബ്രഹത്‌ഗ്രന്ഥം ക്ഷമയോടെ കാത്തിരിക്കാൻ പ്രസാധകർ തയ്യാറവുമോ എന്നതൊരു ചോദ്യം തന്നെയാണ്. വേഗതയില്ലാത്ത പാണ്ഡിത്യത്തിനു അനുഗുണമായ ഒരു കാലാവസ്ഥയല്ല ഇന്നുള്ളത് എന്ന് ചുരുക്കിപ്പറയാം.

സ്വാതന്ത്രത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചിരുന്നു, അതിൽ താങ്കൾ സ്വാതന്ത്രത്തെ കാലങ്ങൾക്കും ദേശങ്ങൾക്കും അനുസരിച്ച് മാറുന്ന ഒരു ആശയമായാണ് അവതരിപ്പിച്ചത്. ഇന്ന് അത്തരമൊരു അവതരണത്തെ ആപേക്ഷികതാത്മകം എന്ന് വിമർശിക്കപ്പെടുകയില്ലേ, വിശിഷ്യാ സൗദീ അറേബ്യയുടെ കാര്യത്തിലും, ചില സംഘപരിവാർ വ്യാഖ്യാനങ്ങളിലും ഇത്തരം ഒരു സ്വതന്ത്ര നിർവചനത്തിന്റെ പ്രശ്‌നങ്ങൾ പ്രകടമായി നാം കാണുമ്പോൾ?

ആപേക്ഷിതയല്ല ഞാൻ സ്വീകരിക്കുന്ന രീതി എന്ന് ഞാൻ ആദ്യമേ വ്യക്തമാക്കട്ടെ. സ്വാതന്ത്രത്തെ നിർവ്വചിക്കേണ്ടത് അതിനു വേണ്ടി പോരാടുന്നവരാണ്, അല്ലാതെ അധികാരത്തിലിരിക്കുന്നവരല്ല എന്നതായിരുന്നു ഞാൻ ഉന്നിപ്പറഞ്ഞ ഒരു കാര്യം. അപ്പോൾ സൗദിയിലെ സ്വാതന്ത്രത്തിന്റെ നിർവ്വചനം സൗദിയിലെ പാരതന്ത്രരുടെ ഇടയിൽ നിന്നാണ് ഞാൻ സ്വീകരിക്കുക, ഭരണകൂടത്തിൽ നിന്നല്ല.

ബ്രിട്ടീഷ് സാമ്രാജ്യം എന്നും ന്യായീകരിച്ചിട്ടുള്ളത് അവർ ലോകത്തിലെ പീഢിതർക്ക് മോചനം നല്കുകയാണ് എന്നായിരുന്നു. ഈ സാഹചര്യത്തിലാണ് ഞാൻ പറഞ്ഞത് ബ്രിട്ടീഷ് ഭരണകൂടം നിർവ്വചിച്ച് വകവെച്ച് നല്കേണ്ടതല്ല സ്വാതന്ത്രം, അത് ജമൈക്കയിലായാൽ അവിടുത്തെ ജനങ്ങള് നിർവ്വചിക്കെണ്ടതും, 1882 ലെ ഈജിപ്തിലാണെങ്കിൽ തുർക്കി ഖിലാഫത്തിനെതിരെ പോരാടുന്ന കർഷകർ നിർവ്വചിക്കേണ്ടതും ആണെന്നാണ് ഞാൻ പറയുന്നത്. വസ്തുതകൾ സന്ദർബന്ധിതമായിതന്നെയാണ് നിർവ്വചിക്കപ്പെടുന്നത്, അത് സ്വാതന്ത്രത്തിലും അപ്രകാരം തന്നെ. സ്വാതന്ത്രം എന്ത് എന്നതിനു ഒരു പൊതു നിർവ്വചനം അസാധ്യമാണ് എന്നുതന്നെയാണ് എന്റെ ബോധ്യം.

കോളനിവൽകൃത രാഷ്ട്രങ്ങളിൽ നിന്നുള്ള ബുദ്ധിജീവികളെക്കുറിച്ച് പറയുകയാണെങ്കിൽ, ബ്രിട്ടീഷ് ചിന്തയെ സ്വാധീനിച്ച 19ാം നൂറ്റാണ്ടിലെ ഇന്ത്യൻ ചിന്തകർ ആരൊക്കെയാണ്?

19ാം നൂറ്റാണ്ടിൽ അത്രയധികം പേരൊന്നും ഇല്ല. ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് സഞ്ചാരികളെയാണ് ഞാൻ എന്റെ "ഇൻസർജന്റ് എംപയറി'ൽ ഒരിടത്ത് പറയുന്നത്. 1857 ന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നിടത്തും ഞാൻ സൂചിപ്പിച്ചിരുന്നു; ഒരു ന്യൂനപക്ഷം ബ്രിട്ടീഷുകാർ ബ്രിട്ടീഷ് ഭരണപക്ഷത്ത് ചേരാതെ പോരാടുന്ന ഇന്ത്യക്കരുടെ പക്ഷമാണ് ചേർന്നത്. ആ പുസ്തകത്തിൽ ഞാൻ പറഞ്ഞ ഏറ്റവും പ്രധാന വ്യക്തിവിശേഷണം ഇന്ത്യയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് പോയി അവിടെ എം.പി യായി മാറിയ ഷപൂർജി ശക്‌ലത്‌വാല എന്ന ഒരു ഇന്ത്യക്കാരനെക്കുറിച്ചുള്ളതാണ്.

ലണ്ടനിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യുന്ന ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എം.പി ഷപൂർജി ശക്ലത്‌വാല (1933) / photo: parsikhabar
ലണ്ടനിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യുന്ന ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എം.പി ഷപൂർജി ശക്ലത്‌വാല (1933) / photo: parsikhabar

ഗാന്ധിക്കും, തിലകിനും അപ്പുറം മഹത്തായ സ്വാധീനം ചെലുത്തിയ മറ്റുപല ഇന്ത്യക്കാരേയും ഞാൻ അതിൽ പരാമർശിച്ചിരുന്നു. ശശി തരൂർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇന്ത്യയെ അവതരിപ്പിക്കുന്നതിൽനിന്നും എന്റെ പുസ്തകം വ്യത്യസ്തമാണ് എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം ആ പുസ്തകം എഴുതുന്നത് ദേശീയതയുടെ ആദ്യപാഠം എന്ന നിലക്കാണ്. എന്നാൽ എനിക്ക് എന്റെ പുസ്തകം ദേശീയതയുടെ പാഠമല്ല, മറിച്ച് കോളനി പ്രതിരോധത്തിന്റെ,
പ്രതിപ്രവർത്തനത്തിന്റെ, കോളനി വിരുദ്ധ നീക്കങ്ങളുടെ പാഠമാണ്.

ഗാന്ധിയെക്കുറിച്ച് പറയുമ്പോൾ, അമേരിക്കയിലും, ആഫ്രിക്കയിലും അനേകം ബുദ്ധിജീവികളേയും ചിന്തകരേയും സ്വാധീനിച്ച ഒരു വ്യക്തിത്വമാണ് അദ്ദേഹം, പക്ഷെ ആ കാലത്തെ ബ്രിട്ടനിൽ മാത്രം അദ്ദേഹത്തിന്റെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഒരു മഹാനേയും കാണുന്നില്ല. അതെങ്ങിനെയാണ്സംഭവിച്ചത്?

ഞാൻ ഗാന്ധിയെക്കുറിച്ച് എന്റെ പുസ്തകത്തിൽ പറഞ്ഞിട്ടില്ല. പക്ഷെ ഗാന്ധിയെക്കുറിച്ച് ബ്രിട്ടീഷ്‌ ഗ്രന്ഥകാരന്മാർ വാല്യങ്ങളിലുള്ള പുസ്തകങ്ങൾ
എഴുതിയിട്ടുണ്ട്, ബ്രിട്ടീഷ് മാധ്യമങ്ങളും പാർലമെന്റ്‌ തന്നെയും ഗാന്ധിയുടെ രചനകളും കത്തുകളുമൊക്കെ ചർച്ചക്കെടുക്കുകയും ഉണ്ടായിട്ടുണ്ട്.

ശശി തരൂർ
ശശി തരൂർ

പക്ഷെ താങ്കൾ ചോദിച്ച ചോദ്യത്തിനു ഉത്തരം പറയാൻ ഞാൻ ഗാന്ധി വിഷയത്തിൽ അത്ര വൈദഗ്ധ്യം ഉള്ള ആളല്ല എന്നാണ് എനിക്ക് തോന്നുന്നത്.

അതിൽ ഞാൻ താങ്കളോട് പൂർണമായും യോജിക്കുന്നു.
ശശി തരൂർ, തന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ ദേശീയത എന്ന ആശയത്തെ അനാവശ്യമായി വലിച്ചുനീട്ടി പറയുന്നത് അരോചകകരമായ വായനാനുഭവമാണ് നൽകുന്നത്. ദേശീയതയും ദേശഭക്തിയും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുവാൻ ആ പുസ്തകം നടത്തുന്ന ശ്രമങ്ങളൊക്കെ വിശ്വാസ്യയോഗ്യമല്ലാതെയനുഭവപ്പെട്ടു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ സമ്മർദങ്ങളാവാം ഒരു പക്ഷെ. അത് വിടാം. മലയാളം സാഹിത്യം, സംസ്‌കാരം, കേരളം ഇതെല്ലാം താങ്കളുടെ മനസ്സിൽ എന്ത് ചിന്തകളാണ് അല്ലെങ്കിൽ ഓർമകളാണ് കൊണ്ടുവരുന്നത്?

ജന്മം കൊണ്ട് ഞാൻ ഒരു തമിഴ്നാട്ടുകാരിയാണ്. പക്ഷെ ഞാൻ കേരളം ശരിയായ രീതിയിൽ ഒന്നു കാണുന്നത് 2018-19 കാലഘട്ടത്തിലാണ്. കൊച്ചി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കേരളത്തിന്റെ തീരദേശ വ്യാപാര സംസ്‌കാരം എന്നെ വല്ലാതെ ആകർഷിച്ച ഒന്നാണ്. അത് യഥാർഥത്തിൽ ബഹുസ്വരതയുടെ ഒരു നേർരൂപമാണ്. എല്ലാ വിയോജിപ്പുകൾക്കുമപ്പുറം കേരളത്തിൽ ജനങ്ങൾ ഒന്നിച്ച് ഇടലകർന്ന് ജീവിക്കുന്നു എന്നത് മഹത്തായ ഒരു കാര്യം തന്നെയാണ്.

കേരളത്തിന്റെ സാക്ഷരത എന്ന സവിശേഷ സ്വഭാവവും പരസ്പര സൗഹാർദവും പറയേണ്ടതു തന്നെയാണ്

ഞാൻ പക്ഷെ, കേരളത്തെ കുറിച്ച് അത്ര ശുഭാപ്തി വിശ്വാസക്കരനല്ല. കാര്യങ്ങൾ​ വഴിമാറിപ്പോകുന്നത് ഇവിടെ സാധാരണമായിരിക്കുന്നു. തമിഴ്നാട് പക്ഷെ ഒരു പ്രതീക്ഷയാണ്.

കേരളത്തെ ഞാൻ എഴുതിത്തള്ളാത്തത് രണ്ട് കാരണങ്ങൾ കൊണ്ടാണ്, വർഗീയത എല്ലായിടത്തുമുണ്ട്, അസഹിഷ്ണുതയും. പക്ഷെ കേരളത്തിന്റെ സാക്ഷരത എന്ന സവിശേഷ സ്വഭാവവും പരസ്പര സൗഹാർദവും പറയേണ്ടതു തന്നെയാണ്. സാധാരണ ജനങ്ങൾക്ക്‌ എഴുതാനും വായിക്കാനും കഴിയുന്ന ഒരു നാട് ഏതാണോ, അവിടെയാണ് പ്രതീക്ഷയുള്ളത് എന്നാണ് എന്റെ അഭിപ്രായം.

ഒരു പരിധിവരെ, അതെ. സൗഹാർദം എന്ന വാക്ക് താങ്കൾ ഉപയോഗിച്ചപ്പോൾ​ ഞാൻ ആഷിഷ്‌ നന്ദി അല്പം മുമ്പ്‌ ആ വാക്ക് ഉപയോഗിച്ചത് ഓർക്കുകയായിരുന്നു. കൊച്ചിയിൽ അദ്ദേഹം കണ്ട പരസ്പര സഹവർത്തിത്വത്തെ വിശേഷിപ്പിക്കാൻ ഇസ്‌ലാമിക് സ്‌പെയിനിൽ അദ്ദേഹം കണ്ട ഒരു തരം സൗഹാർദത്തിന്റെ വാക്ക് ഉപയോഗിക്കുകയുണ്ടായി. താങ്കളും അതേ വാക്ക് തന്നെയാണ് ഉപയോഗിച്ചത്. വളരെ അടുത്തം കാലം വരെ കേരളത്തിലെ ഭൂരിപക്ഷം ആളുകളും താങ്കളുടെ അഭിപ്രായത്തെ അനുകൂലിക്കുന്നവരായിരുന്നു. ഞാനുൾപ്പെടെ പലരും വിചാരിച്ചത് ഇന്ന് മലയാളികള്ക്കുള്ള എല്ലാ സവിശേഷതകളും നമ്മൂടെ വിജ്ഞാന പാരമ്പര്യത്തിന്റെ ഫലമല്ല, മറിച്ച് തങ്ങളുടെ തനതായ ജനവാസരീതിയുടേതാണ് എന്നാണ്.

ജനവാസരീതി നിർണായകം തന്നെയാണ്, കാരണം അത് ദൈനംദിന സഹവർത്തിത്വത്തിന്റെതാണ്‌ എന്നതുകൊണ്ട്. ഒരു സമൂഹം എത്രത്തോളം ബഹുസ്വരമാകുന്നുവോ, അതുപോലെ ബഹുസ്വരതയെ എത്രത്തോളം വിലമതിക്കുന്നുവോ, അത്രത്തോളം അത് ഗോത്രദേശീയതയെ ചെറുക്കും, എന്നാണെന്റെ വിശ്വാസം. ▮

(ഈ അഭിമുഖത്തിന്റെ വീഡിയോ truecopythink.mediaൽ ഉടൻ പ്രസിദ്ധീകരിക്കും)


പ്രിയംവദ ഗോപാൽ

കേംബ്രിഡ്ജ് സർവകലാശാലയിലെ ഇംഗ്ലീഷ് ഫാക്കൽറ്റിയിൽ പോസ്റ്റ് കൊളോണിയൽ സ്റ്റഡീസ് പ്രൊഫസർ. ചർച്ചിൽ കോളേജിലെ ഫെല്ലോ. കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ സ്റ്റഡീസ്, സൗത്ത് ഏഷ്യൻ ലിറ്ററേച്ചർ, ക്രിട്ടിക്കൽ റെയ്‌സ് സ്റ്റഡീസ്, ഗ്ലോബലൈസേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഗവേഷക. Literary Radicalism in India: Gender, Nation and the Transition to Independence, The Indian English Novel: Nation, History and Narration, Insurgent Empire: Anticolonial Resistance and British Dissent തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments