ആർ. രാജഗോപാൽ

ബംഗാളിനും ബി.ജെ.പിക്കും ഇടയിൽ ആരാണ്? ഒരേയൊരുത്തരം; മമത

ബി.ജെ.പിയ്‌ക്കെതിരെ പൊരുതാൻ ഇടതുപക്ഷത്തിന്റെ ധാർമിക തത്വങ്ങളും, ഇന്ത്യയിലെമ്പാടുമുള്ള കോൺഗ്രസിന്റെ സാന്നിധ്യവും മൂല്യങ്ങളും തൃണമൂൽ കോൺഗ്രസിന്റെ പാഷനും നമുക്ക് ആവശ്യമുണ്ട്. ഇതൊരു റൊമാന്റിക്കായ മോഹമല്ല. നാസികൾക്കെതിരെ സ്റ്റാലിനും ചർച്ചിലും റൂസ്‌വെൽട്ടും ഒരുമിച്ചുവന്നിട്ടുണ്ട്.

34 വർഷത്തെ തുടർച്ചയായ ഭരണത്തിനുശേഷം പശ്ചിബംഗാളിൽ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ അധികാരഭ്രഷ്ടമായിട്ട് പത്തുവർഷം പൂർത്തിയാകുകയാണ്. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 294ൽ 234 സീറ്റും നേടിയാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. സി.പി.എമ്മിനുമാത്രം കിട്ടിയത് 175 സീറ്റ്. എന്നാൽ, 2011ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയത് വെറും 62 സീറ്റ്, സി.പി.എമ്മാകട്ടെ, 40 സീറ്റും. പത്തുവർഷത്തിനിടെ ബംഗാളിലെ രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങളിൽ അതിവേഗ മാറ്റങ്ങളുണ്ടായി. കക്ഷി രാഷ്ട്രീയം നായകരും പ്രതിനായകരുമാകുന്ന തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനുപരിയായി, ബംഗാളിലെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ, അവിടുത്തെ ജനതയുടെ അസ്തിത്വത്തെയും തിരിച്ചും എങ്ങനെ സ്വാധീനിക്കുമെന്ന് പരിശോധിക്കുകയാണ് കൊൽക്കത്തയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ ആർ. രാജഗോപാൽ.

കെ. കണ്ണൻ: പശ്ചിമ ബംഗാൾ ഒരു പൊളിറ്റിക്കൽ, കൾച്ചറൽ, സോഷ്യൽ ലെഫ്റ്റിന് ഇടമുള്ള ഒരു ജനതയും സമൂഹവുമാണെന്ന് വിശേഷിപ്പിക്കാമെന്നുതോന്നുന്നു. പാർട്ടി പൊളിറ്റിക്സിനും ഇലക്ഷൻ പൊളിറ്റിക്സിനും അപ്പുറത്തുള്ള ഈ ലെഫ്റ്റ് സ്പെയ്സ് ഇന്ന് എത്രത്തോളം ആ ജനതയെ പ്രതിനിധീകരിക്കുന്നുണ്ട്?

ആർ.രാജ​ഗോപാൽ: ഈ പറയുന്ന ലെഫ്​റ്റ്​ സ്‌പെയ്‌സിനെ സി.പി.എമ്മുമായി ബന്ധപ്പെട്ട സ്‌പെയ്‌സ് ആയി കണക്കാക്കാൻ കഴിയുമോയെന്ന കാര്യത്തിൽ എനിക്കും അത്ര വ്യക്തതയില്ല. 1991ൽ ആദ്യമായി കൽക്കട്ടയിൽ വന്നപ്പോൾ കണ്ടതുപോലെ, ബംഗാളിലെ ഇടതുപാർട്ടികളുടെ ഭാഗത്തുനിന്ന്​ ഇടത് ആശയങ്ങൾ പ്രചരിപ്പിക്കാനോ പ്രത്യയശാസ്ത്രങ്ങൾ പഠിപ്പിക്കാനോ ഉള്ള ബോധപൂർവ ശ്രമങ്ങളുടെ യാതൊരു സൂചനയും ഇപ്പോൾ എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. ഇടതുപാർട്ടികളും പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നുണ്ട് എന്നത് ശരിതന്നെ (കർഷക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കോവിഡ്​ സമയത്ത് പാവപ്പെട്ടവർക്ക് കാന്റീൻ നടത്തിയതും പോലുള്ള കാര്യങ്ങൾ) പക്ഷെ, ഇതൊന്നും കൃത്യമായ പ്രത്യയശാസ്ത്രപരമായ മുന്നേറ്റങ്ങളല്ല.

ജ്യോതി ബസു

1990 കളുടെ തുടക്കം മുതലാണ് ഇവിടം വഴിതെറ്റാൻ തുടങ്ങിയതെന്ന് ബംഗാളിനെ കൃത്യമായി അറിയാവുന്നവർ പറഞ്ഞുകേട്ടിട്ടുണ്ട്. ശരിയായിരിക്കാം. പക്ഷെ 1991ൽ ഞാൻ ആദ്യമായി കൽക്കട്ടയിൽ എത്തിയ സമയത്ത് അത് പ്രകടമല്ലായിരുന്നു. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ, സമാധാനാന്തരീക്ഷത്തിനു ഭീഷണിയുയർത്തുന്ന ഏതൊരാൾക്കെതിരെയും കർശന നടപടിയെടുക്കാൻ അർത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം പൊലീസിന് നിർദേശം നൽകിക്കൊണ്ട്, സാമുദായിക സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുനൽകിക്കൊണ്ട്, ജ്യോതി ബസു കാണിച്ച നിശ്ചയദാർഢ്യത്തിൽ എനിക്ക് ഏറെ മതിപ്പുതോന്നിയിരുന്നു.

സമാധാനാന്തരീക്ഷം നിലനിന്നപ്പോൾ കൊൽക്കത്ത തെരുവുകളുടെ പെരുമ എന്നെ അതിശയിപ്പിച്ചു. തിരിഞ്ഞുനോക്കുമ്പോൾ, ഒട്ടുമിക്ക ജേണലിസ്റ്റുകളും പ്രഫഷണലുകളും പച്ചപ്പരപ്പുകൾതേടി കൊൽക്കത്ത വിട്ടുപോകുന്ന കാലത്ത് ന്യൂഡൽഹിയിൽ നിന്ന് ​കൊൽക്കത്തയിലേക്ക് തിരിച്ചുവരാൻ ഒരുപക്ഷേ എന്നെ പ്രേരിപ്പിച്ച ഒരു ഘടകം അതായിരിക്കാം.

മനുഷ്യത്വപ്രകടനങ്ങൾക്കു പിന്നിൽ ഒരു രാഷ്ട്രീയ ഇച്ഛാശക്തി സ്ഥാപിച്ച പ്രത്യയശാസ്ത്ര അടിത്തറ കാണാനേ കഴിഞ്ഞിട്ടില്ലെന്നു പറയേണ്ടിവരുന്നതിൽ എനിക്കു ദുഃഖമുണ്ട്

കൊൽക്കത്തയിലെ ആ ഇടത് സ്‌പെയ്‌സ് ഇപ്പോൾ ഇവിടെ കാണാനാവുന്നില്ല. ബംഗാളിന്റെ മറ്റുപല ഭാഗങ്ങളിലും ഇതേ അവസ്ഥ തന്നെയാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. തെറ്റിദ്ധരിക്കേണ്ട: ഇന്നും ഇവിടെ ഒരു അയൽക്കാരൻ അയാളുടെ അയൽവാസിയെ, അവന്റെ അല്ലെങ്കിൽ അവളുടെ മതം നോക്കാതെ തന്നെ, സംരക്ഷിക്കാൻ ശ്രമിക്കും. പക്ഷെ അത് ഈ പ്രദേശത്തുളള്ളവരുടെ പരമ്പരാഗതമായ സഹജീവിസ്‌നേഹത്തിന്റെ ഭാഗമാണെന്ന് ഞാൻ സംശയിക്കുന്നു- ക്ഷാമം, രോഗം, മാനുഷിക ഇടപെടലുകൾ സൃഷ്ടിച്ച കുടിയിറക്കൽ എന്നീ രൂപത്തിലുള്ള കഠിനമായ പ്രതിസന്ധികൾ അതിജീവിക്കാൻ വിധിക്കപ്പെട്ട ജനസമൂഹമെന്ന നിലയിൽ ഇവർ വളർത്തിയെടുത്ത ദയയും ധൈര്യവും കൊണ്ടാണ്. ഇത്തരം മനുഷ്യത്വപ്രകടനങ്ങൾക്കു പിന്നിൽ ഒരു രാഷ്ട്രീയ ഇച്ഛാശക്തി സ്ഥാപിച്ച പ്രത്യയശാസ്ത്ര അടിത്തറ കാണാനേ കഴിഞ്ഞിട്ടില്ലെന്നു പറയേണ്ടിവരുന്നതിൽ എനിക്കു ദുഃഖമുണ്ട്.

തകർച്ചയിൽനിന്ന് മുഖ്യധാരാ ഇടതുപക്ഷം- പാർട്ടിയെന്ന നിലക്കും ഭരണകൂടമെന്ന നിലക്കും- എന്തുപാഠമാണ് പഠിച്ചത്?

എന്തെങ്കിലും പാഠം പഠിച്ചോ എന്നെനിക്കറിയില്ല. അധികാരം നഷ്ടപ്പെട്ടശേഷം ആത്യന്തികമായി വ്യത്യസ്തമായി ഒന്നും തന്നെ ഇടതുപക്ഷം ചെയ്തിട്ടില്ല.

ബംഗാളിലെ സി.പി.എം അണികൾ 2009ലെ തെരഞ്ഞെടുപ്പു പ്രചരണ വേളയിൽ

സംഘടനയെ പൊളിച്ചുപണിയാനോ അതിനേക്കാൾ പ്രധാനമായി ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം വീണ്ടെടുക്കാനോ ഉള്ള ബോധപൂർവ ശ്രമങ്ങൾ നടന്നതായി അറിയില്ല. ഇവിടെ മഹത്തായ ഭൂപരിഷ്‌കരണത്തിന് മുൻകൈയെടുത്തത് ഇടതുപക്ഷമാണെന്ന് മറക്കുന്ന അത്ര അല്പായുസുള്ളതാവാൻ പാടില്ലായിരുന്നു ബംഗാളിന്റെ ചരിത്രസ്മൃതികൾ. ‘മഹത്തായ' എന്ന വാക്ക് (ബംഗാളിലെ ഏതാണ്ട് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ഭൂപരിഷ്‌കരണമാണെന്ന് കുറ്റപ്പെടുത്തുന്ന ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരും പരിഷ്‌കരണവാദികളും പരിഹസിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ) ഞാൻ ബോധപൂർവം ഉപയോഗിച്ചതാണ്, കാരണം ഭൂപരിഷ്‌കരണമാണ് ബംഗാളിലെ ഗ്രാമങ്ങളെ ശാക്തീകരിച്ചത്. ഭൂപരിഷ്‌കരണം ബംഗാളി ജനതയുടെ നിത്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ കേരളത്തിലേതിനേക്കാൾ ഏറെ പ്രകടനമാണ്. കാരണം ഇവിടുത്തെ കർഷകരുടെ അവസ്ഥ കേരളത്തിലേതിനേക്കാൾ വളരെയധികം പരിതാപകരമായിരുന്നു. അതുകൊണ്ടുതന്നെ, ഒരിക്കൽ അവരുടെ സുപ്രധാന അടിത്തറയായിരുന്ന ജനവിഭാഗവുമായി വീണ്ടും കണ്ണിചേർക്കപ്പെടണമെന്ന ബോധം എന്തുകൊണ്ട് ഇല്ലാതെപോയിയെന്ന് ഇടതുപക്ഷം സ്വയം ചോദിക്കേണ്ടതുണ്ടെന്നാണ് എനിക്കു തോന്നുന്നത്.

ശക്തമായ രണ്ടാംനിര നേതൃത്വത്തിന്റെ അഭാവമാണ് പ്രകടമായ ഒരു വിടവ്. കേരളത്തിൽ, അരാഷ്ട്രീയരായ ആളുകൾക്ക് പോലും ചൂണ്ടിക്കാട്ടാനുണ്ടാവും, നിരവധിയായ യുവ സി.പി.എം, സി.പി.ഐ, അല്ലെങ്കിൽ കോൺഗ്രസ് നേതാക്കളുടെ പേരുകൾ. ബംഗാളിൽ, അത്തരമൊരു രണ്ടാംനിര നിലനിൽക്കുന്നില്ല. ഇനി അഥവാ നിലനിൽക്കുന്നുണ്ടെങ്കിൽ തന്നെ അതൊരു അതീവരഹസ്യമാണ്.

ഐഷി ഘോഷ്.

ഇതിനൊരു അപവാദമാണ് ഐഷി ഘോഷ്. എന്നാൽ അവർ മുഖ്യധാരയിലേക്ക് വന്നത് വലതുപക്ഷത്തുനിന്നുള്ള ക്രൂരമായ ആക്രമണങ്ങൾ കാരണമാണ്, അല്ലാതെ സി.പി.എമ്മിന്റെ ബോധപൂർവ്വമായ ഏതെങ്കിലും ശ്രമംകൊണ്ടല്ല. കനയ്യകുമാറിന്റെ കാര്യവും ഇതുപോലെതന്നെയാണ്. ആവേശം നഷ്ടപ്പെട്ട അണികൾക്കിടയിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കാൻ സി.പി.ഐയ്ക്ക് അദ്ദേഹത്തെ ഉപയോഗിക്കാമായിരുന്നു. പക്ഷേ, അതൊന്നും ചെയ്യുകയുണ്ടായില്ല. അതുകൊണ്ടുതന്നെ, പരാജയത്തിൽ നിന്ന്​ ഇടതുപക്ഷം എന്തെങ്കിലും പഠിച്ചോയെന്ന് എനിക്കൊരുറപ്പുമില്ല.

തൃണമൂൽ കോൺഗ്രസ് യഥാർഥത്തിൽ ബി.ജെ.പിയിലേക്കുള്ള ഒരു പരിണാമഘട്ടമാണ് എന്ന നിലക്ക് വിലയിരുത്തലുകളുണ്ട്. ബംഗാളിന്റെ ഭാവി രാഷ്ട്രീയത്തിൽ തൃണമൂലിനെ എങ്ങനെ രേഖപ്പെടുത്താം?

തൃണമൂൽ കോൺഗ്രസ് സ്വയമേവ പ്രതിനിധീകരിക്കുന്നത് ബി.ജെ.പിയിലേക്കുള്ള പരിണാമഘട്ടമാണോയെന്ന് എനിക്ക് ഉറപ്പില്ല. ചരിത്രപരമായി, തൃണമൂൽ കോൺഗ്രസ് പിറവിയെടുക്കുന്നതിനും ദശാബ്ദങ്ങൾ മുമ്പേ ബംഗാളിൽ ബി.ജെ.പിയുടെ (അല്ലെങ്കിൽ അത് പ്രതിനിധാനം ചെയ്യുന്ന മാനസികാവസ്ഥയുടെ) വിത്ത് വിതക്കപ്പെട്ടിരുന്നു. ജനസംഘിന്റെ (ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര അടിത്തറ) സ്ഥാപകൻ ആയ ശ്യാമപ്രസാദ് മുഖർജി ഒരു ബംഗാളിയായിരുന്നുവെന്ന കാര്യം മറക്കരുത്. ഇലക്ടറലി അപ്രധാനമാണെങ്കിൽ കൂടിയും ബംഗാളിൽ പ്രതിജ്ഞാബദ്ധരായ അടിത്തറയുണ്ടെന്ന് ഹിന്ദു വലതുപക്ഷം എല്ലാകാലത്തും അവകാശപ്പെടാറുണ്ട്. ആർ.എസ്.എസും ബന്ധപ്പെട്ട സാമൂഹ്യവിഭാഗങ്ങളെന്ന് വിളിക്കപ്പെടുന്നവരും കാലങ്ങളായി ബംഗാളിലെ ഗ്രാമങ്ങളിൽ സജീവമാണ്.

ഒറ്റയാൾ പാർട്ടിയെന്നു പറഞ്ഞ് നമ്മൾ തൃണമൂലിനെ തള്ളിക്കളയുകയാണെങ്കിൽ അതൊരു അബദ്ധമായിരിക്കും. മമതാ ബാനർജിയില്ലാത്ത തൃണമൂലിനെക്കുറിച്ച് ആലോചിക്കാനാവില്ല, പക്ഷെ ബംഗാൾ രാഷ്ട്രീയത്തിലെ വിടവിനെ കൃത്യമായി കണ്ടെത്താൻ അവർക്കു കഴിഞ്ഞു. ആ ശൂന്യത നികത്താൻ വർഷങ്ങളോളം അക്ഷീണം അവർ പ്രവർത്തിക്കുകയും ചെയ്തു

എന്താണ് തൃണമൂൽ? അടിസ്ഥാനപരമായി, കോൺഗ്രസിലെ സി.പി.എം വിരുദ്ധ (തൃണമൂലിനെ ഇടതുവിരുദ്ധമെന്ന് വിളിക്കാൻ കഴിയില്ല) ശക്തികളെ വലിച്ചടുപ്പിച്ച ഒരു കാന്തമാണ് യഥാർത്ഥത്തിൽ തൃണമൂൽ. പിൽക്കാലത്ത്, ശക്തമായ ഒരു നേതാവിനുകീഴിൽ ഉയർത്തപ്പെട്ട ഒരു കുടയായി തൃണമൂൽ മാറുകയും എല്ലാതരത്തിലുമുള്ള സി.പി.എം വിരുദ്ധ ശക്തികൾക്ക് അതിനുകീഴിൽ ഇടംകണ്ടെത്താൻ സാധിക്കുകയും ചെയ്തു. കോൺഗ്രസിനുള്ളിൽ അടിയുറച്ചുനിൽക്കുന്ന സ്വാധീനശക്തിയായ ഒരു വിഭാഗം അവരുടെ സീറ്റുസംരക്ഷിക്കാനും പാർട്ടിയെ നശിപ്പിക്കാനുമായി സി.പി.എമ്മുമായി ഒത്തുതീർപ്പിലെത്തിയേക്കാമെന്ന് മമതാ ബാനർജി എല്ലാകാലത്തും പ്രതീക്ഷിച്ചിട്ടുണ്ട്. അത്തരം കോൺഗ്രസ് നേതാക്കളെ മമത ‘തർബൂജ്’ (തണ്ണിമത്തൻ)- പുറത്ത് പച്ചയും അകത്ത് ചുവപ്പും' എന്ന് വിളിക്കാറുണ്ടായിരുന്നു. തീർച്ചയായും, ഇക്കാര്യം ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല, എന്നാൽ നിരവധി ബംഗാളികൾ ഇത് വിശ്വസിക്കുന്നുണ്ട്.

താങ്കളുന്നയിച്ച ചോദ്യത്തെ സംബന്ധിച്ച് ഈ ചരിത്രം അപ്രസക്തമായിരിക്കാം, പക്ഷെ തൃണമൂലിന്റെ ചരിത്രപരമായ പ്രസക്തിയെന്ന് മമതാ ബാനർജി വിശ്വസിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കാനാണ് ഞാനിത് വിശദീകരിച്ചത്. ഒറ്റയാൾ പാർട്ടിയെന്നു പറഞ്ഞ് നമ്മൾ അതിനെ തള്ളിക്കളയുകയാണെങ്കിൽ അതൊരു അബദ്ധമായിരിക്കും. തീർച്ചയായും, മമതാ ബാനർജിയില്ലാത്ത തൃണമൂലിനെക്കുറിച്ച് ആലോചിക്കാനാവില്ല, പക്ഷെ ബംഗാൾ രാഷ്ട്രീയത്തിലെ വിടവിനെ കൃത്യമായി കണ്ടെത്താൻ അവർക്കു കഴിഞ്ഞു. ആ ശൂന്യത നികത്താൻ വർഷങ്ങളോളം അക്ഷീണം അവർ പ്രവർത്തിക്കുകയും ചെയ്തു.

കർഷക സമരത്തിന് പിന്തുണയുമായി കനയ്യകുമാർ പറ്റ്നയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ

ഇനി, ചോദ്യത്തിലേക്കുവരാം. തൃണമൂൽ ബി.ജെ.പിയിലേക്കുള്ള പരിണാമഘട്ടമാണെങ്കിൽ ഇടതുപക്ഷം എന്താണ്? ഇടതുപക്ഷത്തെ നമുക്ക് ‘ലിറ്റിൽ ബോയ്', അതായത് ബംഗാളിൽ നിർണായകമായ ജനപിന്തുണ നേടാൻ ബി.ജെ.പിയെ സഹായിച്ച വിനാശകരമായ ആറ്റംബോംബ് എന്നു വിളിക്കാമോ? കണക്കുകൾ നോക്കുമ്പോൾ അത്തരമൊരു നിഗമനത്തിലേക്ക് എത്താൻ എളുപ്പമാണ്, എല്ലായ്‌പ്പോഴും കണക്കുകൾ മുഴുവൻ കഥയും പറയണമെന്നില്ല എങ്കിൽ കൂടി.

കണക്കുകൾ നോക്കാം: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പിയുടെ വോട്ടു ഷെയർ ഏതാണ്ട് 30 - 40% വരെ ഉയർന്നു (2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ 10%വുമായി താരതമ്യം ചെയ്യുമ്പോൾ). ഇടതുപക്ഷത്തിന്റെ വോട്ടുഷെയർ ഏതാണ്ട് 20% - 6.30 ശതമാനം വരെയായി ഇടിഞ്ഞു (2016ൽ ഏതാണ്ട് 27% ആയിരുന്നു. 2016ലെ ഇടതുപക്ഷത്തിന്റെ വോട്ടുഷെയർ കൂടാം, കാരണം അന്ന് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. ഇരുപാർട്ടികൾക്കും ഒരുമിച്ച് 39.14% വോട്ടുകളാണ് ലഭിച്ചത്.).

തൃണമൂൽ കോൺഗ്രസ് ഏറെക്കുറെ അവരുടെ വോട്ടുഷെയർ നിലനിർത്തിയിട്ടുണ്ട് (2019ൽ 43.69%വും 2016ൽ 44.91% വുമായിരുന്നു.) അപ്പോഴും കോൺഗ്രസിന് അവരുടെ വോട്ടുഷെയറിന്റെ പകുതി നിലനിർത്താൻ കഴിഞ്ഞു (2019ൽ 5.6%വും 2016ൽ 12% വുമായിരുന്നു). ഇടതുപക്ഷത്തിന്റെ വോട്ടുകളിൽ വലിയൊരു പങ്ക് ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടെന്നാണ് പൊതുവെ അനുമാനം. (തൃണമൂൽ കോൺഗ്രസിന്റെ വോട്ടുകളാണ് ബി.ജെ.പിയിലേക്ക് പോയതെന്നും തൃണമൂൽ കോൺഗ്രസ് മറ്റാരുടേയോ വോട്ടു നേടി ആ വിടവ് നികത്തിയതാണെന്നും ചില ഇടതുവക്താക്കൾ പറയുന്നുണ്ട്.).
തെരഞ്ഞെടുപ്പിനുശേഷം മമതാ ബാനർജി ബി.ജെ.പിയിലേക്ക് പോകുമെന്ന് പല ഇടതുനേതാക്കളും വിശ്വസിക്കുന്നുണ്ട്, 30%ത്തിലേറെ വോട്ടർമാർ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരു സംസ്ഥാനത്തെ സംബന്ധിച്ച് അത് രാഷ്ട്രീയമായി ആത്മഹത്യപരമായിരിക്കുമെങ്കിൽകൂടി.

മമതാ ബാനർജി 1984ൽ ജാദവ്പൂർ മണ്ഡലത്തിൽ നിന്ന്​ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ / Photo: Mamata Banerjee, Facebook

തെരഞ്ഞെടുപ്പിനുശേഷം എന്തൊക്കെ സംഭവിച്ചാലും, നിലവിലെ സ്ഥിതിയിൽ ബി.ജെ.പിയുടെ ശക്തമായ എതിരാളി മമതയാണ്. ബി.ജെ.പിയ്‌ക്കെതിരെ പൊരുതാൻ സാധ്യമായ എല്ലാം ചെയ്യുകയാണെന്ന് ഉറക്കെ, സ്പഷ്ടമായി സന്ദേശം നൽകിക്കൊണ്ടിരിക്കുകയാണ് അവർ.
2011ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ അക്രമാസക്തമായ പ്രചരണത്തിലൂടെ ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച്​ ഗുരുതരമായ ഒരു അബദ്ധം മമത കാണിച്ചിട്ടുണ്ട് എന്നത് ശരിയാണ്. 2019ൽ ബി.ജെ.പിയിൽ നിന്ന്​ നേരിട്ട ഷോക്കിനുശേഷം പിഴവ്​ തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണവർ.

അബ്ബാസ് സിദ്ദിക്കിയുമായി സഖ്യം ചേർന്ന്​ സി.പി.എമ്മും കോൺഗ്രസും അവരുടെ മതേതര നിലപാടുകളിൽ വെള്ളം ചേർത്തു. അദ്ദേഹം അദ്ദേഹത്തിന്റെ പാർട്ടിയെ ഇന്ത്യൻ സെക്യുലർ ഫ്രണ്ട് എന്നു വിളിക്കുന്നു, പക്ഷെ അതിനെ ആരും അങ്ങനെ കാണുന്നില്ല. ഞാൻ സിദ്ദിക്കി പറയുന്നത് വിശ്വസിക്കാം, പക്ഷേ, പൊതുവിലുള്ള ധാരണയ്ക്ക് രാഷ്ട്രീയത്തിൽ നല്ല റോളുണ്ട്. മതേതര അവകാശവാദങ്ങളിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറായിയെന്ന പൊതുധാരണയ്‌ക്കെതിരെ പൊരുതാൻ സി.പി.എമ്മിനോ കോൺഗ്രസിനോ ഇതുവരെ കഴിഞ്ഞിട്ടുമില്ല.

തെരഞ്ഞെടുപ്പിനുശേഷം എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. ഇപ്പോൾ കേൾക്കുന്ന രാഷ്ട്രീയ ജൽപ്പനങ്ങളും അസംബന്ധപ്രചാരണങ്ങൾക്കും അപ്പുറത്ത്, ‘ബംഗാളിനും ബി.ജെ.പിക്കും ഇടയിൽ ആരാണ് നിലകൊള്ളുന്നത്?' എന്ന് ലളിതമായി ചോദിക്കുകയാണെങ്കിൽ, ഒരേയൊരു ഉത്തരമേയുള്ളൂ: മമത. അവർ ജയിക്കുമോ ഇല്ലയോ എന്നത് വോട്ടർമാർക്കുമാത്രമേ പറയാൻ കഴിയൂ.

കണക്കുകളുടെ അടിസ്ഥാനത്തിലുള്ള നമ്മുടെ സങ്കല്പങ്ങൾക്ക് അപ്പുറത്തുള്ള ചില സാധ്യതകൾ ഇവിടെ നിലനിൽക്കുന്നുണ്ട്. ഇത്തവണ ഇടതുപക്ഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ബി.ജെ.പിയിലേക്ക് പോയ വോട്ടുകളിൽ ചിലത് തിരിച്ചുപിടിക്കുകയും ചെയ്യുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക? അങ്ങനെവരുമ്പോൾ ഏറ്റവും വലിയ നേട്ടം മമതയ്ക്കായിരിക്കും. ഒരിക്കൽക്കൂടി ഇടതുപക്ഷം ബംഗാളിൽ തള്ളിക്കളയാനോ അവഗണിക്കാനോ കഴിയാത്ത ശക്തമായി മാറും.

ബംഗാളിൽ സോനാമുഖിയിലെ ഉൾഗ്രാമങ്ങളിൽ സംയുക്ത മോർച്ചയ്ക്ക് വോട്ടു ചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ള ചുവരെഴുത്തുകൾ / Photo: CPIM Twitter

തൃണമൂൽ കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചു പറയുകയാണെങ്കിൽ, ഏകവ്യക്തി സ്വഭാവമുള്ള മറ്റെല്ലാ പാർട്ടികളേയും പോലെ, ഭാവിയിലെ ശൂന്യത നികത്താൻ മറ്റൊരു മമത (ഏതു ജൻഡറിൽ നിന്നായാലും) പൊന്തിവന്നില്ലെങ്കിൽ തൃണമൂലിന്റെ ഭാവിയും അനിശ്ചിതത്വം നിറഞ്ഞതാവും.

ദക്ഷിണേന്ത്യയിൽ സ്വാധീനമുറപ്പിക്കുന്നതിന് സംഘ്പരിവാറിന് പ്രത്യേക പ്ലാൻ തന്നെയുണ്ട്, അത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിശ്ശബ്ദമായി പുരോഗമിക്കുന്നുമുണ്ട്. ബംഗാളിന്റെ പേരിലുമുണ്ട് അത്തരമൊരു പ്ലാൻ എന്ന് അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളിൽ, മോദിയുടെ ബംഗാൾ സന്ദർശനങ്ങളിൽ വ്യക്തമാകുന്നുണ്ട്. ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങൾ, കർഷക തൊഴിലാളികൾ തുടങ്ങി ബംഗാളി ജനതയുടെ യഥാർഥ റപ്രസന്റേഷനുമായി സംഘ്പരിവാറിനും ബി.ജെ.പിക്കും എങ്ങനെയാണ് വിനിമയം സാധ്യമാകുന്നത്? ഇടതുപക്ഷം അവഗണിച്ചുകളയുകയും ബി.ജെ.പി നട്ടുനനയ്ക്കുകയും ചെയ്യുന്ന ജാതി ഇന്ന് ബംഗാളിൽ ഒരു പൊളിറ്റിക്കൽ ടൂളായി ദുരുപയോഗിക്കപ്പെടുന്നത് എങ്ങനെയാണ്?

ഇതൊരു ഒന്നൊന്നര ചോദ്യമാണ്. എങ്ങനെയാണ് സംഘപരിവാറിന് ബംഗാളിൽ ഇടപെടാനും അവരെ സ്വാധീനിക്കാനും കഴിയുന്നത്? ബംഗാളിലെ ‘ഇടതുപക്ഷം' എന്ന് നമ്മൾ പറയുമ്പോൾ, അത് മിക്കവാറും എല്ലാ കാലത്തും വരേണ്യരാൽ നയിക്കപ്പെടുന്നതായിരിക്കും- ജാതിയുടെയും, സാമൂഹ്യ നിലയുടെയും (പല സാഹചര്യത്തിലും സാമ്പത്തിക അവസ്ഥയിലും കൂടി) വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ നോക്കുകയാണെങ്കിൽ. മനോഹരമായ, യുക്തിസഹമായ ഒരു മുഖം മുന്നോട്ടുവയ്ക്കാൻ അത് ഇടതുപക്ഷത്തെ സഹായിക്കുമ്പോഴും ഈ വരേണ്യവിഭാഗം ജാതിയെന്നു വിളിക്കപ്പെടുന്ന സുപ്രധാനമായ ഘടകത്തെ അവഗണിച്ചു. വിദ്യാസമ്പന്നരായ മധ്യവർഗ ബംഗാളികൾ അവന്റെ അല്ലെങ്കിൽ അവളുടെ ജാതിക്ക് പുറത്തുള്ളവരെ വിവാഹം ചെയ്യുന്നുവെന്നതുകൊണ്ടോ, പടിഞ്ഞാറൻ യൂറോപ്യൻ ആകാരത്തിലുള്ള പുരോഗമന ആശയങ്ങൾ അവകാശപ്പെടുന്ന വിനീത ഗണത്തിൽ ‘ജാതി'യെന്നത് ചീത്തവാക്കായി മാറിയെന്നതുകൊണ്ടോ ബംഗാളിൽ നിന്ന്​ ജാതി തുടച്ചുമാറ്റപ്പെട്ടുവെന്ന്​ അർത്ഥമില്ല.

കൽക്കത്തയിൽ വെച്ച് ‘അമർ നാം തുമാർ നാം, വിയറ്റ്‌നാം, വിയറ്റ്‌നാം' (എന്റെ പേര് വിയറ്റ്‌നാം, നിന്റെ പേര് വിയറ്റ്‌നാം) എന്ന് ആക്രോശിച്ച് നേരെ വീട്ടിൽ പോയി അവന്റെ അല്ലെങ്കിൽ അവളുടെ ദൈവത്തെ ആരാധിക്കാൻ കഴിയും

സർവ്വവ്യാപിയായ, സർവ്വശക്തിയുള്ള ഘടകമായി ജാതി നിലനിൽക്കുക തന്നെ ചെയ്യുന്നുണ്ട്. ബംഗാളിലെ ഗ്രാമത്തിൽ നിന്നുള്ള ഒരു സഖാവിനെക്കുറിച്ച് പഴയൊരു സഹ​പ്രവർത്തകൻ എന്നോട്​ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: കൽക്കത്തയിൽ വെച്ച് ‘അമർ നാം തുമാർ നാം, വിയറ്റ്‌നാം, വിയറ്റ്‌നാം' (എന്റെ പേര് വിയറ്റ്‌നാം, നിന്റെ പേര് വിയറ്റ്‌നാം) എന്ന് ആക്രോശിച്ച് നേരെ വീട്ടിൽ പോയി അവന്റെ അല്ലെങ്കിൽ അവളുടെ ദൈവത്തെ ആരാധിക്കാൻ കഴിയും. തങ്ങളുടെ പരിശ്രമത്തിലൂടെ ഗ്രാമീണ ബംഗാളിന് ദൈവവുമായുള്ള ഈ ബന്ധം സജീവമായി നിലനിർത്താൻ കഴിഞ്ഞതിലാണ് ആർ.എസ്.എസിന്റെ വിജയം (പ്രത്യേകിച്ച്, ഇടതുപക്ഷത്തിന്റെ കാലത്ത് ഏറെ സഹിക്കേണ്ടിവന്ന വിദ്യാഭ്യാസ രംഗത്ത്). നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോൾ, ആർ.എസ്.എസിന്റെ നിലമൊരുക്കൽ പ്രവർത്തനങ്ങൾ വിലയേറിയതായിരുന്നെന്ന് തെളിയിക്കപ്പെട്ടു. വിയറ്റ്നാം വിയറ്റ്‌നാം പെട്ടെന്ന്​ ജയ് ശ്രീറാം ആയി മാറി.

അടുത്തിടെ ഒരു സഹപ്രവർത്തക പറഞ്ഞ രസകരമായ കഥയിലൂടെ ജാതിയുടെ ശക്തിയെന്താണെന്ന് ഞാൻ മനസിലാക്കിത്തരാം. നേരത്തെ ഞാൻ പറഞ്ഞ ഇടത് വരേണ്യവിഭാഗം എപ്പോഴും ഉച്ഛാരണത്തിന്റെയും ഹവായ് ചെരുപ്പിന്റെയും ഒതുങ്ങിയ വീടിന്റെയുമൊക്കെ കാര്യത്തിൽ മമതാ ബാനർജിയെക്കുറിച്ച് (വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇടതുഭരണത്തിനു കീഴിൽ വർഗവ്യവസ്ഥിതിയും അതിജീവിച്ചിട്ടുണ്ട്) അവജ്ഞയോടെ സംസാരിക്കാറുണ്ടായിരുന്നു. മമതയേക്കാൾ പാവപ്പെട്ടവരുടേത് എന്ന് തോന്നുന്ന മറ്റൊരു രാഷ്ട്രീയക്കാരനെയും എനിക്കറിയില്ലയെന്ന് ഞാനുൾപ്പെടെ ബംഗാളിലെ ഒരുപാട് പേർ വിശ്വസിക്കുന്നുണ്ട്. ഞാനിതു പറഞ്ഞത്, തങ്ങൾ അരികുവത്കൃത സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് അവകാശപ്പെടാൻ കഴിയുന്ന മറ്റൊരാളും അവിടെയില്ലയെന്ന കാര്യം ബോധ്യപ്പെടുത്താനാണ്. എന്നിട്ടും, ബംഗാളിലെ ഒരു ഹിന്ദു തൊഴിലാളി എന്റെ സഹപ്രവർത്തകയോട് പറഞ്ഞു: ‘മമത ഞങ്ങളിൽ ഒരാളല്ല'.
ഞെട്ടിപ്പോയ എന്റെ സഹപ്രവർത്തക ആ തൊഴിലാളിയോട് ചോദിച്ചു: ‘എന്തുകൊണ്ടാണ്​ അങ്ങനെ?’
തൊഴിലാളി പറഞ്ഞു: ‘അവർ ഒരു ബ്രാഹ്മിൺ ആണ്'

മമത ബാനർജി

തനിക്ക് ബംഗാളിനെ അറിയാമെന്ന് വിശ്വസിച്ചിരുന്ന എന്റെ സഹപ്രവർത്തകയുടെ തലയ്‌ക്കേറ്റ അടിയായിരുന്നു ഈ മറുപടി. ഇവിടെ മമത, മുസ്‌ലിം പ്രീണനക്കാരിയെന്ന് ബി.ജെ.പി വിളിക്കുന്ന അതേ മമത, അപരയായി മുദ്രകുത്തപ്പെട്ടിരിക്കുന്നു, ഉയർന്ന ജാതിയിൽപ്പെട്ടവളായി. കാരണം അവരുടെ ജാതി.

ആ തൊഴിലാളി പറഞ്ഞത് ശരിയാണ്. മമതാ ബന്ദോപാധ്യായ്- (ബാനർജി ആംഗലേയവത്കരിക്കപ്പെട്ട വാക്കാണ്) ബ്രാഹ്മിൺ ആണ്. അതുവരെ, സിറ്റിയിൽ വളർന്ന വരേണ്യയായ എന്റെ സഹപ്രവർത്തക മമതയെ അങ്ങനെ കണ്ടിരുന്നില്ല. (എന്റെ സഹപ്രവർത്തകയെ സംബന്ധിച്ച് മമത ജനങ്ങൾക്കിടയിൽ നിന്നുയർന്നുവന്ന ഒരാളായിരുന്നു, അവരുടേതായ തന്ത്രങ്ങളിലൂടെ വർഗവ്യത്യാസങ്ങളെ തോൽപ്പിച്ച ഒരാൾ.)

പട്ടികജാതി വിഭാഗത്തിലൽപ്പെടുന്ന തൃണമൂൽ സ്ഥാനാർത്ഥികളുടെ എണ്ണത്തിലെ വർധനവ് ഒരു പുതിയ തരം ജാതി അധിഷ്ഠിത സ്വത്വരാഷ്ട്രീയം വളർന്നുവരുന്നതിന്റെ തെളിവാണ്. പട്ടികജാതി വിഭാഗത്തിൽനിന്ന്​ കൂടുതൽ സ്ഥാനാർത്ഥികളുണ്ടാവുന്നുവെന്നത് നല്ല മാറ്റമാണ്. പക്ഷെ അതിലേക്കു നയിച്ച ഘടകങ്ങൾ (അരികുവത്കൃത വിഭാഗത്തിൽ നിന്ന്​ കൂടുതലാളുകളെ ഹിന്ദുത്വയിലേക്ക് കൊണ്ടുവരാനുള്ള ആർ.എസ്.എസിന്റെ കഴിവ്) ഭയപ്പെടുത്തുന്ന ട്രെന്റാണ്. ഹിന്ദു ബംഗാളികളിന്മേലുള്ള ജാതിയുടെയും വിശ്വാസത്തിന്റെയും ശക്തമായ സ്വാധീനം എതിർക്കാൻ മമതയ്ക്കു കഴിയുമോ? ജാതിക്കാർഡ് കളിക്കുന്നതിനപ്പുറം തന്റേതായ രീതിയിൽ അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, ബി.ജെ.പി നേതാക്കന്മാരെ സന്ദർശിച്ചുകൊണ്ടുള്ള ഒരുകൂട്ടം സാംസ്‌കാരിക അബദ്ധങ്ങളുടെയടക്കം സഹായത്തോടെ.

ഇടതുപക്ഷത്തിനും മമതയ്ക്കും പോരാടാൻ ഇനിയും സമയമുണ്ടാവും- ആ പോരാട്ടം സുഖകരമായിരിക്കുകയുമില്ല. അതുപോലൊരു പോരാട്ടത്തിന് സാക്ഷിയാവാനും റിപ്പോർട്ടു ചെയ്യാനും ഞാനെന്റെ നിഷ്പക്ഷത (എന്തെങ്കിലും ബാക്കിയുണ്ടാവുകയാണെങ്കിൽ) കരുതിവെക്കുകയാണ്.

സ്വാമി വിവേകാനന്ദനെയും ഈശ്വർ ചന്ദ്ര വിദ്യാസാഗറിനെയും രവീന്ദ്രനാഥ ടാഗോറിനെയും പോലുള്ള ബംഗാളിലെ ആധുനിക കാലത്തെ ബിംബങ്ങളെയാണ് മമതത ആശ്രയിക്കുന്നത്. മമതയുടെ ഇത്തരം ശ്രമങ്ങളെ ബംഗാളിലെ വരേണ്യർ പുച്ഛിച്ചു തള്ളിക്കളയുകയാണ്, ബംഗാളിന്റെ മഹത്തായ ബിംബങ്ങളുടെ പൈതൃകം മനസിലാക്കാനും പ്രകടിപ്പിക്കാനും പറ്റിയ ആളാണോ മമതയെന്ന് വലിയ ശബ്ദത്തിൽ അത്ഭുതപ്പെടുകയാണ്. ഒരുപക്ഷെ അവസാന അടവാകാം, വ്യക്തിപരമായി എനിക്കു തോന്നുന്നത് അവർ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയായ കാര്യമാണെന്നാണ്.
ഇടതുപക്ഷത്തിനും മമതയ്ക്കും പോരാടാൻ ഇനിയും സമയമുണ്ടാവും- ആ പോരാട്ടം സുഖകരമായിരിക്കുകയുമില്ല. അതുപോലൊരു പോരാട്ടത്തിന് സാക്ഷിയാവാനും റിപ്പോർട്ടു ചെയ്യാനും ഞാനെന്റെ നിഷ്പക്ഷത (എന്തെങ്കിലും ബാക്കിയുണ്ടാവുകയാണെങ്കിൽ) കരുതിവെക്കുകയാണ്.

കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ഐഡിയോളജിക്കൽ ബേസുകൾ തമ്മിൽ ഇന്ന് വലിയ വൈരുധ്യങ്ങളില്ല. അതുകൊണ്ട്, ഓരോ തെരഞ്ഞെടുപ്പും ആത്യന്തികമായി ബി.ജെ.പിയിലേക്കുള്ള ഒരു റിക്രൂട്ടിംഗ് മേള കൂടിയായി മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇത്തരമൊരവസ്ഥയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പി തോൽപ്പിക്കപ്പെടണം എന്ന് ആ ജനതയെ ബോധ്യപ്പെടുത്താനുള്ള പൊളിറ്റിക്കൽ പ്ലാറ്റ്ഫോം സാധ്യമാണോ? മറ്റൊന്ന്​; ബംഗാളിലെ സി.പി.എം- കോൺഗ്രസ് സഖ്യം മലയാളികളെ സംബന്ധിച്ച് ഇപ്പോഴും ദഹിക്കാത്ത ഒരു യാഥാർഥ്യമാണ്. മലയാളിക്കുമാത്രമല്ല, ഇവിടുത്തെ സി.പി.എമ്മിനും കോൺഗ്രസിനു തന്നെയും ജനങ്ങൾക്കുമുന്നിൽ അതിനെ വിശദീകരിക്കാനാകുന്നില്ല. കേരളത്തിലും ബംഗാളിലും ഈ സഖ്യമുണ്ടാക്കുന്ന പൊളിറ്റിക്കൽ ഇംപാക്റ്റ് എന്തായിരിക്കുമെന്നാണ് ഒരു മാധ്യമപ്രവർത്തകൻ എന്ന നിലക്ക് തോന്നുന്നത്?

വീണ്ടും പറയുകയാണ്, കോൺഗ്രസിന്റെയും തൃണമൂലിന്റെയും പ്രത്യയശാസ്ത്ര അടിത്തറ ബി.ജെ.പിയുമായി താരതമ്യം ചെയ്യാൻ കഴിയാവുന്നതാണോയെന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല. വാസ്തവത്തിൽ, മുഖ്യധാരാ ഇടതുപക്ഷത്തെയും കോൺഗ്രസിനെയും തൃണമൂലിനെയും വേർതിരിക്കാൻ ഒന്നുമില്ലെന്നാണ് എനിക്കു തോന്നുന്നത്.

ഇടതുപക്ഷവും കോൺഗ്രസും തമ്മിലുണ്ടെന്ന് പറയപ്പെടുന്ന പ്രത്യയശാസ്ത്ര വൈരുദ്ധ്യങ്ങൾ, സി.പി.എം പാർട്ടി കോൺഗ്രസ് ഡലിഗേറ്റുകൾ മാത്രം വായിക്കുന്ന രേഖകളിൽ അല്ലാതെ മറ്റെവിടെയെങ്കിലും നിലനിൽക്കുന്നുണ്ടോ? എനിക്കു തോന്നുന്നത് ഈ പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾ ഒരു മിത്താണെന്നാണ്, എന്നോ കേരളത്തിലെ കോൺഗ്രസും സി.പി.എമ്മും അവരുടെ പദവികൾക്കുവേണ്ടി വിറ്റ ഒന്ന്.

മധ്യഭാഗത്തുള്ളത് മമതാ ബാനർജി. 1991ൽ കോൺഗ്രസ് റാലിയ്ക്കിടെ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയപ്പോൾ / Photo: aitcofficial.org

തീർച്ചയായും, ഭൂവുടമകളും പൗരോഹിത്യവും പ്രതിനിധീകരിക്കുന്ന പഴയ കോൺഗ്രസിൽ വർഗ വ്യത്യാസമുണ്ടായിരുന്നു. ആ വർഗവ്യത്യാസം ഇന്നും നിലനിൽക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ തന്നെ, അത്തരം ഘടകങ്ങളൊന്നും ഞങ്ങളെ ബാധിക്കില്ലെന്ന് സി.പി.എമ്മിന് പറയാൻ കഴിയുമോ?
കോൺഗ്രസിനൊപ്പം നിന്നതിന്റെ ചരിത്രം സി.പി.എമ്മിനുണ്ടെന്ന കാര്യം നമ്മൾ മറക്കരുത്: ബാങ്കുകളുടെ ദേശസാത്കരണമാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. കേരളത്തിലെ ഇടതുപക്ഷം ഇന്ദിരാഗാന്ധിയെ പേരെടുത്ത് വിളിച്ചിരുന്ന കാലത്തും ബംഗാളിലെ ഇടതുനേതാക്കൾക്ക് അവരുമായി നല്ല ബന്ധമാണുണ്ടായിരുന്നത്.
യു.പി.എയുമായുള്ള സഖ്യം സി.പി.എം ഉപേക്ഷിച്ചതുപോലും യു.എസുമായുള്ള ബന്ധത്തിന്റെ പേരിലാണ്, അല്ലാതെ ഏതെങ്കിലും ആഭ്യന്തര നയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടല്ല. 2004ൽ പ്ലാനിങ് കമ്മീഷനിലെ കൺസൽട്ടന്റുകളെ സി.പി.എം എങ്ങനെയാണ് എതിർത്തതെന്ന് ഓർമയില്ലേ. കേരളത്തിൽ ഇന്ന് സി.പി.എമ്മിന് ഏറ്റവും ഇഷ്ടപ്പെട്ട, കോൺഗ്രസ് ഏറെ വെറുക്കുന്ന വാക്കാണ് ‘കൺസൽട്ടന്റ്' എന്നാണ് എനിക്ക് തോന്നുന്നത്.
അവസാനമായി എപ്പോഴാണ് കോൺഗ്രസും സി.പി.എമ്മും തമ്മിൽ പ്രത്യയശാസ്ത്ര പോരിൽ ഏർപ്പെട്ടത്? വ്യക്ത്യധിഷ്ഠിതമായ എന്തെങ്കിലും പ്രശ്‌നങ്ങളുടെയോ വൃത്തികെട്ട ആരോപണങ്ങളുടേയോ പേരിലാണ് എല്ലാ ദിവസത്തെ ബഹളവും. അല്ലാതെ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ പേരിലല്ലയെന്നതാണ് കഷ്ടം.

ഹൈദരാബാദിൽ നടന്ന 22ാമത് പാർട്ടി കോൺഗ്രസ് സ്വീകരിച്ച രാഷ്ട്രീയ അടവുനയം എന്താണ് അർത്ഥമാക്കുന്നതെന്ന് സി.പി.എമ്മിന് ഇംഗ്ലീഷിലോ മലയാളത്തിലോ വ്യക്തമായി വിശദീകരിക്കാൻ കഴിയുമോ? ആ വരി പറയുന്നത് കോൺഗ്രസുമായി ‘രാഷ്ട്രീയ സഖ്യമില്ല', എന്നാൽ ‘ചില നീക്കുപോക്കുകൾ' അനുവദനീയമാണ് എന്നാണ്. ഇതെന്ത് പൊട്ടത്തരമാണെന്ന് ആരെങ്കിലും ചോദിച്ചാൽ, ബുദ്ധിജീവികൾ പറയും, സീറ്റിന്റെ കാര്യത്തിൽ ചില വിട്ടുവീഴ്ചകളാവാം, എന്നാൽ അധികാരം പങ്കുവയ്ക്കൽ അനുവദനീയമല്ല എന്ന്. പിന്നെ എന്താണ് ബംഗാളിൽ സി.പി.എം ചെയ്യുന്നത്? അതൊരു ‘രാഷ്ട്രീയ സഖ്യം' അല്ലെങ്കിൽ പിന്നെന്താണ്? ബംഗാളിൽ ഇടത്- കോൺഗ്രസ്- ഐ.എസ്.എഫ് (ഇന്ത്യൻ സെക്യുലർ ഫ്രണ്ട്) മുന്നണി മതിയായ സീറ്റുകൾ നേടുകയാണെങ്കിൽ തങ്ങൾ സർക്കാർ രൂപീകരിക്കില്ലെന്ന് സി.പി.എം പറയുമോ?

തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദേശം നൽകുന്ന പാർട്ടി പ്രവർത്തകർക്കുനേരെയുണ്ടാവുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് 2018ൽ ഇടതുപാർട്ടികളും കോൺഗ്രസും നടത്തിയ സംയുക്ത റാലിയിൽ നിന്ന്. 2018 മെയ് 14നായിരുന്നു പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്.

അതുകൊണ്ടുതന്നെ, കേരളത്തിലെ അവശേഷിക്കുന്ന ശത്രുക്കളെയും ബംഗാളിലെ സുഹൃത്തുക്കളെയും കൊണ്ട് കേരളത്തിലെയും ബംഗാളിലെയും ജനതയെ വിഡ്ഢികളാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് നമ്മൾ. ബി.ജെ.പിയുടെ ചാണകബുദ്ധിയേക്കാൾ കഷ്ടമാണിത്. സുപ്രധാനമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനും ശ്രമിക്കുന്നതിനു പകരം സരിത, സ്വപ്ന പോലുള്ള വിഷയങ്ങളിൽ സി.പി.എമ്മും കോൺഗ്രസും തമ്മിൽ തർക്കിക്കുകയാണ്.

രാജ്യത്തെ തന്നെ ആകപ്പാടെ വിഴുങ്ങുന്ന പ്രതിസന്ധിയുടെ പിടിയിലാവുമ്പോൾ കേരളത്തിലെ കോൺഗ്രസുകാർക്ക് എന്ത് ചെയ്യാൻ കഴിയും? ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം പറയുന്നതെല്ലാം അവർ വിഴുങ്ങുകയും ഗോൾഡ്- ഡോളർ വിവാദത്തിൽ കസ്റ്റംസ് പറയുന്നത് തത്ത പറയുന്നതുപോലെ ഏറ്റുപറയുകയും ചെയ്യുകയാണ്. അഴിമതി മുൻനിർത്തി ബി.ജെ.പി കൊണ്ടുവന്ന പ്രൊപ്പഗാന്റയുടെ ഏറ്റവും വലിയ ഇരയായിരുന്നു കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ. എന്നിട്ടും, കസ്റ്റംസ് പറയുന്നത് (ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആരോപണ വിധേയരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം) തൊണ്ടതൊടാതെ വിഴുങ്ങാനും പിണറായി വിജയൻ ഡോളർ കടത്തിയെന്ന് വാദിക്കാനും കോൺഗ്രസിന് യാതൊരു മനഃസ്താപവുമില്ലേ? ഇതിനേക്കാൾ പരിഹാസ്യരാകാൻ ഒരാൾക്ക് കഴിയുമോ?

മത്സ്യത്തൊഴിലാളികളോടുള്ള ഇടപെടലിന്റെ പേരിൽ രാഹുൽഗാന്ധിയെ വിമർശിക്കേണ്ട ഒരു ആവശ്യവും മുഖ്യമന്ത്രി പിണറായി വിജയനില്ല. ഒരു ‘പോരാളി ഷാജി’ക്ക് അതൊക്കെ ചെയ്യാം, പക്ഷെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു നേതാവ് ഇത് ചെയ്യാൻ പാടില്ല

ബി.ജെ.പി‌ക്കെതിരെ നിലകൊള്ളണമെന്നത് കോൺഗ്രസിനെയും സി.പി.എമ്മിനെയും സംബന്ധിച്ച് പ്രധാനമാണെങ്കിൽ, കോൺഗ്രസ് മുന്നോട്ടുവന്ന് ‘കൃത്യമായ തെളിവ് ഇല്ലാത്തിടത്തോളം കാലം ഈ കേന്ദ്രസർക്കാർ പറയുന്ന ഒന്നും ഞങ്ങൾ ഏറ്റുപിടിക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോടതി വിധി പ്രഖ്യാപിച്ചശേഷം ഞങ്ങൾ പ്രതികരിക്കാം, അതിനുമുമ്പോ, കോടതിയിലെ ചില അവകാശവാദങ്ങളുടെയോ അടിസ്ഥാനത്തിൽ ഞങ്ങൾ ഒന്നും പറയില്ല' എന്ന് പറയാനുള്ള ധൈര്യം കാണിക്കണം. പകരം, ഈ അടിസ്ഥാനരഹിതമായ വിവാദത്തെ എല്ലിൻകഷണമെന്നപോലെ കേരളത്തിലെ കോൺഗ്രസ് ചാടിപ്പിടിക്കുകയും പൊതുമധ്യത്തിൽ ചവച്ചുകൊണ്ടിരിക്കുകയുമാണ്. അരോചകം.
അതേപോലെ, മത്സ്യത്തൊഴിലാളികളോടുള്ള ഇടപെടലിന്റെ പേരിൽ രാഹുൽഗാന്ധിയെ വിമർശിക്കേണ്ട ഒരു ആവശ്യവും മുഖ്യമന്ത്രി പിണറായി വിജയനില്ല. ഒരു ‘പോരാളി ഷാജി’ക്ക് അതൊക്കെ ചെയ്യാം, പക്ഷെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു നേതാവ് ഇത് ചെയ്യാൻ പാടില്ല.

ഈ രാജ്യത്തിന്റെ എല്ലാതരം സ്വാതന്ത്ര്യങ്ങളിലും പിടിമുറുക്കിക്കൊണ്ടിരിക്കുന്ന സംഘപരിവാറിനെ ഇങ്ങനെയല്ല നേരിടേണ്ടത്. ഓരോ നേതാക്കന്മാരുടെയും സ്വഭാവസവിശേഷതകളിൽ വ്യത്യാസമുണ്ടെന്നതിനപ്പുറം സി.പി.എമ്മിനും കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനുമിടയിൽ യോജിച്ചുപോകാനാവാത്ത ഒരു വ്യത്യാസവും എനിക്കു കാണാനാവുന്നില്ല. ബി.ജെ.പിയ്‌ക്കെതിരെ പൊരുതാൻ ഇടതുപക്ഷത്തിന്റെ ധാർമിക തത്വങ്ങളും, ഇന്ത്യയിലെമ്പാടുമുള്ള കോൺഗ്രസിന്റെ സാന്നിധ്യവും മൂല്യങ്ങളും തൃണമൂൽ കോൺഗ്രസിന്റെ പാഷനും നമുക്ക് ആവശ്യമുണ്ട്.
എന്നാൽ കേരളത്തിലെ കോൺഗ്രസും സി.പി.എമ്മും എന്നെ ഓർമിപ്പിക്കുന്നത് പരസ്പരം അസൂയ വെച്ചുപുലർത്തുന്ന, പരസ്പരം ശ്രദ്ധയാകർഷിക്കാൻ എല്ലായ്‌പ്പോഴും വഴക്കുണ്ടാക്കുന്ന രണ്ട് അനശ്വര പ്രണയികളെയാണ്.
മറ്റെവിടെയെങ്കിലുമുള്ള സഖ്യത്തെ വിശദീകരിക്കാൻ കേരളത്തിലെ സി.പി.എമ്മിനും കോൺഗ്രസിനും ജാള്യം തോന്നുന്നുണ്ടെങ്കിൽ, ജനങ്ങളുടെ താൽപര്യത്തിനും മുകളിലാണ് അവരുടെ സങ്കുചിത വ്യക്തി താൽപര്യത്തെ പ്രതിഷ്ഠിക്കുന്നതെന്നാണ് എനിക്കു പറയാനുള്ളത്.

ബംഗാളിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ നിന്ന്.

നിങ്ങളുടെ ചെറുസാമ്രാജ്യങ്ങളെ സംരക്ഷിച്ചുനിർത്തേണ്ട സമയമല്ലിത്. നമ്മൾ മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര ഗുരുതരമായ അപകടത്തിന്റെ നോവിലാണ് ഇതിനകം തന്നെ നമ്മുടെ രാജ്യം. ഇപ്പോൾ തന്നെ ഏറെ വൈകി. വീടുതന്നെ കത്തിക്കൊണ്ടിരിക്കുമ്പോൾ ഒരു മുറി സംരക്ഷിക്കാനിറങ്ങുന്നവർ എന്തുതരം വിഡ്ഢികളാണ്? ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇതാണ് ഇവിടുത്തെ സി.പി.എമ്മും കോൺഗ്രസും ചെയ്തുകൊണ്ടിരിക്കുന്നത്.
ഭരണവിരുദ്ധ വോട്ടുകൾ വിഭജിച്ചുപോകുമെന്നതിനാൽ ബംഗാളിൽ ഇടതുപക്ഷവും കോൺഗ്രസും തൃണമൂൽ കോൺഗ്രസും പ്രത്യേകം പ്രത്യേകം മത്സരിക്കുന്നതാണ് നല്ലതെന്ന് ചില രാഷ്ട്രീയ പണ്ഡിതന്മാർ എന്നോട് പറഞ്ഞിരുന്നു. അല്ലാത്തപക്ഷം അത് മുഴുവനായി ബി.ജെ.പിക്ക് പോകുമെന്ന്. ഒരു അലങ്കരിച്ച പൊളിറ്റിക്കൽ സയൻസ് ക്ലാസിൽ ഇതിലൊക്കെ കാര്യമുണ്ടെന്ന് തോന്നും.

എന്നാൽ, 2019ൽ കാര്യങ്ങൾ അതുപോലെ നടന്നില്ല. മമത വിരുദ്ധ വോട്ടുകൾ മുഴുവൻ ബി.ജെ.പിയിലേക്ക് പോയി. തന്ത്രങ്ങളും ജൽപ്പനകളും (ഭരണവിരുദ്ധവോട്ടുകളിലെ പിളർപ്പ് പോലുള്ള ) കൊണ്ട് ജനങ്ങളെ വിഡ്ഢിയാക്കാൻ കഴിയുന്ന കാലം കഴിഞ്ഞു. രണ്ടുവർഷം മുമ്പ് അത് നടന്നില്ല. ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്ന വിപത്തിനെക്കുറിച്ച് ജനങ്ങളോട് പറയണം. ഒരുതരത്തിലുള്ള ഗിമ്മിക്കോ തന്ത്രങ്ങളോ വേണ്ട. കൃത്യമായ സത്യങ്ങൾ മതി: ‘പഴയതെല്ലാം മറന്ന്​ ഞങ്ങൾ ബി.ജെ.പിയ്‌ക്കെതിരെ ഒരുമിക്കുകയാണ്. നിങ്ങൾ കൂടെയുണ്ടാവില്ലേ?' എന്ന് ജനങ്ങളോട് ചോദിക്കുന്നതിലേക്ക് ഇടതുപക്ഷവും കോൺഗ്രസും തൃണമൂൽ കോൺഗ്രസും എത്തുക.

കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും ഒരുമിച്ചുനിന്നാൽ എന്താണ് സംഭവിക്കുക? കൂടിവന്നാൽ എന്തു സംഭവിക്കും? ചിലപ്പോൾ ബി.ജെ.പി പ്രതിപക്ഷ സ്ഥാനത്തെത്തിയേക്കും. അതിനെന്താ? ഇതിനകം ബി.ജെ.പി ഇന്ത്യയുടെ അധികാര സ്ഥാനത്തെത്തിക്കഴിഞ്ഞു. കേരളത്തിൽ അതിന്റെ പ്രതിപക്ഷ സ്ഥാനം വലിയ മാറ്റമൊന്നുമുണ്ടാക്കാൻ പോകുന്നില്ല. എന്തുതരം സന്ദേശമായിരിക്കും ഇത് രാജ്യമെമ്പാടുമെത്തിക്കുകയെന്ന് ആലോചിച്ചുനോക്കൂ. ഈ സാഹചര്യത്തിന്റെ ഗുരുതരാവസ്ഥയും അടിയന്തരസ്ഥിതിയും ഇതിനേക്കാൾ നന്നായി ജനങ്ങളെ ബോധ്യപ്പെടുത്താൻ മറ്റൊന്നിനും കഴിയില്ല.

ഇതൊരു റൊമാന്റിക്കായ മോഹമല്ല. നാസികൾക്കെതിരെ സ്റ്റാലിനും ചർച്ചിലും റൂസ് വെൽട്ടും ഒരുമിച്ചുവന്നിട്ടുണ്ട്. ഇടതുപക്ഷത്തെയും കോൺഗ്രസിനെയും സംബന്ധിച്ച് ഇത് എന്തെങ്കിലും തരത്തിലുള്ള ആശ്വാസമാകുമെങ്കിൽ, മൂന്ന് വമ്പന്മാരും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പരസ്പരം തർക്കിക്കുന്ന പഴയ സ്ഥിതിയിലേക്ക് തന്നെ പോയിട്ടുണ്ട്. എല്ലാ കാലത്തും സുഹൃത്തുക്കളായിരിക്കണമെന്ന് കോൺഗ്രസിനോടും ഇടതുപക്ഷത്തോടും ആരും ആവശ്യപ്പെടുന്നില്ല.

എന്റെ ഈ നിരീക്ഷണങ്ങളെ അങ്ങേയറ്റം അപക്വമെന്നും, അപ്രായോഗികം എന്നു പറഞ്ഞ് പരിഹസിക്കുന്ന ഇടത് സൈദ്ധാന്തികരുടെ ശകാരങ്ങൾ ഞാനിപ്പോഴേ കേൾക്കുന്നുണ്ട്. ഞങ്ങൾക്ക് ഈ ചെറിയ ചെറിയ പോരാട്ടങ്ങൾ മതിയേ...

ഇടത്- കോൺഗ്രസ്- തൃണമൂൽ ഒത്തുചേർന്നുള്ള ഒരു ദൗത്യം സുപ്രധാനമാണ്. കേരളത്തിലെ ഒരുവിഭാഗം ക്രിസ്ത്യാനികൾ ബി.ജെ.പിയെ പിന്തുണയ്ക്കുകയാണെങ്കിൽ, ബംഗാളിലെ ഒരുവിഭാഗം മുസ്​ലിംകൾ സിദ്ദിഖിയിൽ ഭാഗ്യപരീക്ഷണത്തിന് മുതിരുകയാണെങ്കിൽ, അതിനുകാരണം കേരളത്തിൽ കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ബംഗാളിൽ മമതയുടെയും സംരക്ഷണം അവർ ആസ്വദിച്ചിരുന്നുവെന്നതാണ്.

പൊടുന്നനെ രാജ്യദ്രോഹം ചുമത്തപ്പെടുകയെന്നത് എന്താണെന്ന് ഈ
‘വികസന അനുകൂലികൾ' എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങൾക്ക് അറിയില്ല, ടൂൾകിറ്റ് ഷെയർ ചെയ്തുവെന്നതിന്​ നിങ്ങളുടെ മകനെയോ മകളെയോ വീട്ടിൽ നിന്ന്​പിടിച്ചുവലിച്ചു കൊണ്ടുപോകുകയെന്നത് എന്താണെന്നും അറിയില്ല, കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ വേട്ടയാടപ്പെടുകയെന്നതും. സ്വാർത്ഥലക്ഷ്യങ്ങൾ മാറ്റിവെച്ച്​ കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും, ബംഗാളിൽ തൃണമൂൽ കൊൺഗ്രസും കൂടി ഒരുമിച്ച് മുന്നോട്ടുവരികയാണെങ്കിൽ ഇവരെല്ലാം തന്നെ അവരുടെ മൂഢത തിരിച്ചറിയും.

എന്നാൽ, നമ്മുടെ കംഫേർട്ട് സോണുകളിൽ നിന്ന്​ പുറത്തുകടക്കൽ ആവശ്യപ്പെടുന്ന, അതിനുള്ള ധീരതയോ രാഷ്ട്രീയ സാഹസികതയോ നമുക്കുണ്ടെന്ന് ഞാൻ കരുതുന്നില്ല. നമ്മളെ സംബന്ധിച്ച്, രാജ്യത്തെ കീറിമുറിക്കുന്ന ശക്തികളുടെ പിടിയിൽ നിന്ന്​ സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനം കേരളത്തിലെ 140 സീറ്റുകളും ബംഗാളിലെ 294 സീറ്റുകളുമാണ്. എന്റെ ഈ നിരീക്ഷണങ്ങളെ അങ്ങേയറ്റം അപക്വമെന്നും, അപ്രായോഗികം എന്നു പറഞ്ഞ് പരിഹസിക്കുന്ന ഇടത് സൈദ്ധാന്തികരുടെ ശകാരങ്ങൾ ഞാനിപ്പോഴേ കേൾക്കുന്നുണ്ട്. ഞങ്ങൾക്ക് ഈ ചെറിയ ചെറിയ പോരാട്ടങ്ങൾ മതിയേ...

കോവിഡ് പശ്ചാത്തലത്തിൽ ബംഗാളിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ സൗജന്യമായി അവശ്യസാധനങ്ങൾ വിതരണം ചെയ്തപ്പോൾ.

ബംഗാളിലെ കോൺഗ്രസ്- ഇടത് സഖ്യം എന്താവുമെന്നതിനെക്കുറിച്ച്, ഇവിടെയുള്ള എന്റെ സുഹൃത്തുക്കൾ പറയും, ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും ചെലവിൽ സിദ്ദിഖി നേട്ടമുണ്ടാക്കുമെന്ന്. അതിന് കേരളത്തിൽ എന്തെങ്കിലും സ്വാധീനമുണ്ടാവുമോ? എനിക്കു തോന്നുന്നില്ല. ആളുകൾ ഇതൊന്നും അത്ര കാര്യമാക്കില്ലെന്നാണ് എനിക്കു തോന്നുന്നത്.
നീതിയിൽ അടിയുറച്ചതായിരിക്കണം തിന്മയ്‌ക്കെതിരെയുള്ള ഏതൊരു പോരാട്ടവും. ജനങ്ങളോട് സത്യസന്ധമായി വിശദീകരിക്കാൻ കഴിയാത്ത ഒരു കരാറിൽ അല്ലെങ്കിൽ നീക്കുപോക്കിൽ നീതിയുക്തമായ ഒന്നും എനിക്കു കാണാനാവുന്നില്ല.

കലുഷിതവും പ്രവചനാതീതവുമായ ഒരു രാഷ്ട്രീയ കാലാവസ്ഥയിൽ നിശിതമായ വിമർശനത്തിന്റെയും ഒരുപരിധി വരെ പ്രകോപനത്തിന്റെതുമായ ഒരു മീഡിയ പ്ലാറ്റ്ഫോം എങ്ങനെയാണ് നിലനിർത്തുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതും?

മറ്റുപലയിടത്തും പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്, ഞാൻ വർക്കു ചെയ്യുന്ന പത്രം അതിന്റെ ജോലി മാത്രമാണ് ചെയ്യുന്നത്, ഒരുപക്ഷേ ശരാശരി നിലവാരത്തിൽ. കപട വിനയമൊന്നുമല്ല, പരിമിതമായ വിഭവങ്ങളോടും ജേണലിസത്തിന്റെ അങ്ങേയറ്റത്തെ ആവശ്യകതയുമായുമുള്ള പോരാട്ടത്തിന്റെ അടിസ്ഥാനത്തിൽ എന്റെ വ്യക്തിപരമായ വിലയിരുത്തലാണിത്.

പ്രകോപനപരമല്ലാത്ത ജേണലിസത്തിലേക്കു തിരിച്ചുപോകാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനെ എങ്ങനെ നിലനിർത്തുമെന്ന കാര്യത്തിൽ, എനിക്ക് ഉത്തരങ്ങളില്ല.

‘പ്രകോപനപരം' എന്ന വാക്ക് താങ്കൾ ഉപയോഗിച്ചു. ഒരു പത്രത്തിന്റെ ‘ബ്രെഡ്​ ആൻറ്​ ബട്ടർ’ ജോലിയുടെ ഭാഗമല്ലേ അത്? ഇത്തരം ചോദ്യങ്ങൾ ഞങ്ങളോട് ചോദിക്കപ്പെടുന്നുവെന്നതുതന്നെ രാജ്യത്തെ ഇപ്പോഴത്തെ മാധ്യമങ്ങളുടെ ദുരവസ്ഥ വെളിവാക്കുന്നതാണ്. ഞങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ ഏക കാരണം മുഖ്യധാരയിലുള്ള മറ്റുപല മാധ്യമങ്ങളും അവരുടെ ജോലി നേരാംവണ്ണം ചെയ്യുന്നില്ലയെന്നാണ്. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഞാനൊട്ടും ആസ്വദിക്കില്ല. ഗ്രൗണ്ടിൽ നിന്നുതന്നെ വിശ്വാസയോഗ്യമായ വിവരങ്ങൾ ശേഖരിക്കാൻ മതിയായ സൗകര്യങ്ങൾ ഉണ്ടാവുന്ന, പ്രകോപനപരമല്ലാത്ത ജേണലിസത്തിലേക്കു തിരിച്ചുപോകാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അതിനെ എങ്ങനെ നിലനിർത്തുമെന്ന കാര്യത്തിൽ, എനിക്ക് ഉത്തരങ്ങളില്ല. ബി.ജെ.പി പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലും ബംഗാളിലും ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് അത്ര ജനപ്രിയമാകാൻ കഴിയില്ല. ശത്രുപക്ഷത്തുളള ഒരു സർക്കാറിന് ഒരു പ്രസിദ്ധീകരണത്തോട് ചെയ്യാൻ കഴിയുന്നതിലും കഠിനമായിരിക്കും പലപ്പോഴും ശക്തമായ ചില പ്രത്യാക്രമണങ്ങൾ.
അവരുടെ ജനപ്രിയതയെ (സർക്കുലേഷന്റെ മറ്റൊരു പര്യായം, അതില്ലാതെ നമുക്ക് അതിജീവിക്കാൻ കഴിയില്ല.) ഏറെ കരുതലോടെ കാണുന്ന പരമ്പരാഗത മാധ്യമങ്ങൾ പൊതുജനങ്ങളിൽ നിന്നുളള പ്രത്യാക്രമണങ്ങൾക്കു മുമ്പിൽ ചിലപ്പോൾ കീഴടങ്ങാറുണ്ട്. പക്ഷെ ഈ കീഴടങ്ങൽ ദീർഘകാലത്തേക്ക് അവരെ സഹായിക്കുമോ?

നമുക്ക് തുടങ്ങിയ ഇടത്തേക്കു തന്നെ വരാം. പരീക്ഷ ജനങ്ങൾക്കുവേണ്ടിയുള്ളതാണ്: എന്തിനുവേണ്ടിയാണോ ബി.ജെ.പി നിലകൊള്ളുന്നത് അതിനുവേണ്ടി ശപഥം ചെയ്യുന്ന ഒരു രാജ്യം വേണോ വേണ്ടയോ എന്നത് അവരാണ് തീരുമാനിക്കേണ്ടത്. പ്രകോപിപ്പിക്കുന്ന ഒരു പത്രം തങ്ങൾക്കു വേണോയെന്നും അവർ തീരുമാനിക്കും. ▮


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

ആർ. രാജഗോപാൽ

കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടെലഗ്രാഫ്പത്രത്തിന്റെ എഡിറ്റർ

Comments