ജി.എൻ. സായിബാബ

കെട്ടുകഥകളും, കള്ളത്തെളിവുകളും കൊണ്ട് സായിബാബയെ തടവറയിലാക്കിയ ഭരണകൂടം

പരസഹായമില്ലാതെ ഒരടിപോലും മുന്നോട്ടുവെക്കാൻ കഴിയാത്ത തരത്തിൽ 90% ശാരീരികപരിമിതികളുള്ള സായിബാബയെപ്പോലും ജാമ്യവും പരോളുമെല്ലാം മനുഷ്യത്വരഹിതമായി നിഷേധിച്ചുകൊണ്ടുകൂടിയാണ് ഇത്രയും കാലം തടവിലിട്ടത്.

മാവോവാദ രാഷ്ട്രീയപ്രവർത്തകരെന്ന കുറ്റാരോപണത്തിൽ ഭരണകൂടം പത്ത് വർഷം നരകതുല്യമായി തടവിലിട്ടതിനു ശേഷം പ്രൊഫസർ ജി.എൻ. സായിബാബയടക്കമുള്ള അഞ്ച് പേരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നു. ഇവരെ ഉടനടി മോചിപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പരസഹായമില്ലാതെ ഒരടിപോലും മുന്നോട്ടുവെക്കാൻ കഴിയാത്ത തരത്തിൽ 90% ശാരീരികപരിമിതികളുള്ള സായിബാബയെപ്പോലും ജാമ്യവും പരോളുമെല്ലാം മനുഷ്യത്വരഹിതമായി നിഷേധിച്ചുകൊണ്ടുകൂടിയാണ് ഇത്രയും കാലം തടവിലിട്ടത്. 2014-ൽ അറസ്റ്റ് ചെയ്ത ഇവരെ 2017-ലാണ് സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിജയിന് 10 വർഷമായിരുന്നു ശിക്ഷ. ശിക്ഷിക്കപെട്ടവരിൽ ഒരാളായ പാണ്ഡു നരോട്ടെ തടവിൽക്കിടന്ന് വേണ്ടത്ര വൈദ്യസഹായം കിട്ടാതെ മരിച്ചു(2022 ആഗസ്റ്റ്).

യാതൊരുവിധത്തിലുള്ള വിശ്വസനീയ തെളിവുകളുമില്ലാതെ, 24 സാക്ഷികളിൽ 23 പേരും പൊലീസ് സാക്ഷികളായിരുന്ന ഒരു കേസിലാണ് വിചാരണ കോടതി സായിബാബ, മഹേഷ് ടിർക്കി, പാണ്ഡു പോറ നരോട്ടെ, ഹേം മിശ്ര, പ്രശാന്ത് റാഹി, വിജയ് ടിർക്കി എന്നിവരെ ശിക്ഷിച്ചത്. UAPA -യിലെ 45 (1) അനുസരിച്ചുള്ള വിചാരണ അനുമതി ലഭ്യമാക്കുന്നതിൽ നടപടിക്രമങ്ങളും സമയക്രമവും പാലിച്ചില്ല എന്നതിലെ വീഴ്ചകൾ കാണിച്ചാണ് ഹൈക്കോടതി 2022 ഒക്ടോബർ 14-നു വിചാരണ നടപടികളുടെ സാധുതയും ശിക്ഷയും റദ്ദാക്കിയത്.

ജി.എൻ. സായിബാബ
ജി.എൻ. സായിബാബ

എന്നാൽ തൊട്ടുപിറ്റേന്ന്, അവധിദിനമായ ശനിയാഴ്ച സർക്കാരിന്റെ അപ്പീലിലിൽ അസാധാരണമായ സിറ്റിംഗ് നടത്തി സുപ്രീം കോടതി ഈ വിധി മരവിപ്പിക്കുകയായിരുന്നു. പിന്നീട് 2023 ജൂണിൽ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ട് (വിചാരണാനുമതിയുടെ സമയക്രമമടക്കം കേസിന്റെ എല്ലാ വശങ്ങളും) ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് കേസ് വീണ്ടും കേൾക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. അതിനെത്തുടർന്ന് നടന്ന നടപടിയിലാണ് ബോംബെ ഹൈക്കോടതി ഇപ്പോൾ സായിബാബയടക്കമുള്ളവരെ വെറുതെ വിട്ടത്.

നേരത്തെ വിചാരണാനുമതിയുടെ നിയമപ്രകാരമുള്ള സാങ്കേതികപ്രശ്നം മാത്രമാണ് ഹൈക്കോടതി നോക്കിയത് എന്നായിരുന്നു സർക്കാരിന്റെ ആരോപണം. എന്നാൽ ഇത്തവണ അതിനോടൊപ്പം വിചാരണക്കോടതിയുടെ ശിക്ഷാവിധിയേയും സർക്കാരിന്റ തെളിവുകളെയും വാദങ്ങളെയുമെല്ലാം മുഴുവനായും പരിശോധിക്കുകയും പ്രതികൾക്കെതിരെ ഒരുതരത്തിലുള്ള കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയും ചെയ്തിരിക്കുന്നു. അടിമുതൽ മുടിവരെ കെട്ടുകഥകളും നിയമാനുസൃതമായ ചട്ടങ്ങൾ പാലിക്കാത്ത തരത്തിലുള്ള അനേഷണരീതികളും കള്ളത്തെളിവുകളും കൂട്ടിക്കലർത്തിയ, നീതിനടത്തിപ്പിന്റെ സാമാന്യതത്വങ്ങളെപ്പോലും കൊഞ്ഞനം കുത്തുന്ന കുറ്റപത്രവും ശിക്ഷാവിധിയുമാണ് ഈ കേസിൽ ഉണ്ടായത്. അതാണിപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെയും സമൂഹത്തിലെ ഭിന്നാഭിപ്രായങ്ങളുടെയും ക്രിയാത്മകജീവിതത്തിൽ നിന്നും ഒരു ദശാബ്ദത്തിലേറെക്കാലം തീർത്തും അന്യായവവും അനീതിയും നിറഞ്ഞ നഗ്‌നമായ അടിച്ചമർത്തലിലൂടെ കവർന്നെടുക്കുന്ന ഭരണകൂടസംവിധാനത്തിന് അതിനൊന്നും ഒരുത്തരവും പറയേണ്ടതില്ലാത്ത വിധത്തിൽ നിസ്സഹായമാണ് നമ്മുടെ രാഷ്ട്രീയ, സാമൂഹ്യക്രമം എന്നതുകൂടിയാണ് കാണേണ്ടത്.

റോണാ വിത്സന്‍
റോണാ വിത്സന്‍

ഇത്തരത്തിലുള്ള നിരവധി കള്ളക്കേസുകളിലാണ് റോണാ വിത്സനും ഷോമ സെന്നും അടക്കമുള്ള ഭീമ കോരേഗാവ് കേസിലെ പ്രതികളും ഉമർ ഖാലിദ് അടക്കമുള്ള ദൽഹി കലാപക്കേസിലെ പ്രതികളുമൊക്കെ മനുഷ്യാവകാശ ലംഘന നിയമമായ UAPA ചുമത്തപ്പെട്ട് തടവിലടയ്ക്കപ്പെട്ടിരിക്കുന്നത്. അനന്തമായി നീണ്ടുപോകുന്ന വിചാരണയും പൊലീസ് എന്ത് അസംബന്ധം എഴുതിവെച്ചാലും ജാമ്യം പോലും നൽകാതെ തടവിലിടുന്ന കോടതികളും കൂടിയാകുമ്പോൾ ഇന്ത്യയിലെ മനുഷ്യാവകാശ, രാഷ്ട്രീയ പ്രവർത്തനം അസാധ്യമായൊരു സാമൂഹ്യപ്രക്രിയയായി മാറുകയാണ്. ഒരു ദശാബ്ദക്കാലത്തെ അന്യായത്തടവിന് ശേഷം സായിബാബയടക്കമുള്ളവർ വിമോചിതരാകുമ്പോൾ UAPA എന്ന ജനാധിപത്യവിരുദ്ധ നിയമം സംബന്ധിച്ചും അത് ചുമത്തി തടവിലടയ്ക്കപ്പെട്ട നൂറുകണക്കിനായ മനുഷ്യാവകാശ,രാഷ്ട്രീയ പ്രവർത്തകരുടെ മോചനത്തെക്കുറിച്ചും കൂടുതൽ ശക്തമായ സമരങ്ങളും സംവാദങ്ങളും ഉണ്ടാകേണ്ടതുണ്ട്. UAPA തടവുകാരുടെ ജാമ്യം സംബന്ധിച്ചുള്ള ഏറ്റവും പുതിയ സുപ്രീം കോടതി വിധിയടക്കം ഈ ദിശയിൽ ആശാവഹമായ സൂചനയല്ല നൽകുന്നത് എന്നിരിക്കെ വളരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലൂടെ ഈ രാജ്യം ഇനിയും കടന്നുപോകും എന്നുതന്നെയാണ് കരുതേണ്ടത്.

ഉമർ ഖാലിദ് / Photo: Ritambhara Agarwal
ഉമർ ഖാലിദ് / Photo: Ritambhara Agarwal

വെള്ളം കുടിക്കാൻ ഒരു ചെറിയ കുഴലുപോലും കിട്ടാതെയാണ് ഭീമ കോരേഗാവ് കേസിലെ പ്രതിയായ സ്റ്റാൻ സ്വാമി എന്ന വൃദ്ധ പുരോഹിതൻ തടവിൽക്കിടന്ന് മരിച്ചത്. ഇപ്പോൾ ഹൈക്കോടതി കുറ്റവിമുക്തരാക്കിയവരിൽപ്പെട്ട പാണ്ഡു നരോട്ടെ തടവിൽക്കിടന്നു മരിച്ചതും മതിയായ വൈദ്യസഹായം ലഭിക്കാതെയാണ്. കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ടവരെ, നടപടിക്രമങ്ങളുടെ ലംഘനം കാണിച്ചുകൊണ്ട് മോചിപ്പിച്ച ഹൈക്കോടതിയുടെ ആദ്യവിധി ഉണ്ടായപ്പൾ ഒരു ദിവസം പോലും അവരെ പുറംലോകം കാണിക്കരുതെന്ന ഭരണകൂടശാഠ്യത്തിന് വഴങ്ങി ശനിയാഴ്ച്ച അസാധാരണ യോഗം ചേർന്ന് തിരക്കിട്ട് ഹൈക്കോടതി വിധി മരവിപ്പിച്ച സുപ്രീം കോടതി അന്ന് നൽകിയ സന്ദേശവും ഇതേ ദിശയിലായിരുന്നു. ആ വിധി പുറപ്പെടുവിച്ച ബഞ്ചിനു നേതൃത്വം നൽകിയ ബി. ആർ. ഷാ ഭരണകൂടത്തിന്റെ നിയന്ത്രണാധികാരത്തെ ശക്തിപ്പെടുത്തുന്ന വിധികൾ പലതും നൽകിയാണ് വിരമിച്ചത് എന്നത് കാണേണ്ടതുണ്ട്.

ഫാദർ സ്റ്റാൻ സ്വാമി
ഫാദർ സ്റ്റാൻ സ്വാമി

UAPA എന്ന ജനാധിപത്യ വിരുദ്ധ, മനുഷ്യാവകാശ ലംഘന നിയമം റദ്ദാക്കുക എന്ന അടിസ്ഥാന ആവശ്യവും UAPA തടവുകാർക്ക് ജാമ്യം നിഷേധിക്കാതിരിക്കുക എന്ന അടിയന്തരാവശ്യവും നിരന്തരമായി ഉയരണം. നമ്മുടെ തെരഞ്ഞെടുപ്പ് വ്യവഹാരങ്ങളിലോ മുഖ്യധാര രാഷ്ട്രീയചർച്ചകളിലോ ഇത്തരം അടിസ്ഥാന രാഷ്ട്രീയ സ്വാതന്ത്ര്യ, മനുഷ്യാവകാശ പ്രശ്നങ്ങൾ വരുന്നില്ല എന്നത് എങ്ങനെയാണ് മുഖ്യധാര എന്നാൽ ഭരണകൂടം ആവശ്യപ്പെടുന്ന ചട്ടക്കൂടിൽ സംവാദങ്ങൾ കോലാഹലങ്ങളാക്കി മാറ്റി, ജനാധിപത്യത്തിന്റെ വ്യാജപ്രതീതിയുണ്ടാക്കുന്ന ഒരു ആസൂത്രിത സംവിധാനമാകുന്നത് എന്നതിന്റെകൂടി തെളിവാണ്.

Comments