ഭയപ്പെടുത്തുന്നവരുടെയും ഭയത്തിന് കീഴ്പ്പെടുന്നവരുടെയും ലോകവും കാലവുമാണ് നമ്മുടേത്. സത്യം സ്വതന്ത്രമാകണമെങ്കിൽ ഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണ് ആദ്യം വേണ്ടത്.
സമകാലിക ലോകത്തിൽ ഭയം എപ്രകാരം സ്വാതന്ത്ര്യത്തെയും, അതു വഴി സത്യത്തെയും തമസ്‌ക്കരിക്കുന്നുയെന്ന് ഗാന്ധിയൻ ധാരയിൽ പരിശോധിക്കാം. ഹന്നാ അരേൻദ് Men in Dark Times എന്ന പുസ്തകത്തിൽ റോസ ലക്സംബർഗിന്റെ The Accumulation of Capital ലിലെ വരികൾ ഉദ്ധരിച്ച് ലക്സംബർഗ് എങ്ങനെ മാർക്സിന്റെ മൂലധനത്തെപ്പറ്റിയുള്ള കാഴ്ചപ്പാടിനെ തിരുത്തി എഴുതുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. മൂലധനം അതിന്റെ തന്നെ വൈരുദ്ധ്യങ്ങൾ കൊണ്ട് നിലംപൊത്തുന്നില്ല; മറിച്ച്, അത് ഭൂമിയിലെ പുതിയ പുതിയ പച്ചപ്പുകൾ കണ്ടെത്തി, പുതുപുത്തൻ സാങ്കേതിക വിദ്യകളും ഉൽപ്പാദന രീതികളും ഉപയോഗപ്പെടുത്തി അവയെ കൈവശപ്പെടുത്തുന്നു. മൂലധനം നിലംപൊത്തണമെങ്കിൽ ഭൂമിയിലെ എല്ലാ വിഭവങ്ങളും ചൂഷണം ചെയ്യപ്പെട്ട് ഭൂമിയാകെ തിന്നുതീർക്കപ്പെടണം.
കഴിഞ്ഞ 30 കൊല്ലങ്ങളായുള്ള നവ ഉദാരീകരണത്തിന്റെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും ദുരന്തഫലങ്ങൾ ഇത് ശരിവെയ്ക്കുന്നു. മഹാപ്രളയവും (2018), ഇടുക്കി പെട്ടിമുടിയിലെ ഭീകര മണ്ണിടിച്ചിലും (2019), ഹിമാലയൻ മലനിരകളിലെ മഞ്ഞുമലകളുടെ സ്ഫോടനമുണ്ടാക്കിയ ദുരന്തവും (2021), കത്തുന്ന ആമസോൺ കാടുകളും, ഭൂമിയിൽ എവിടെയും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളും പാരിസ്ഥിതിക തകർച്ചകളും പുതിയ ചൂഷണങ്ങളിലൂടെ മൂലധനം എങ്ങനെയൊക്കെ മാറ്റിത്തീർക്കപ്പെടാമെന്നതിന്റെ ഉദാഹരണങ്ങളാണ്.
5000 കൊല്ലം മുമ്പുണ്ടായ ‘പ്രകൃതി' ദുരന്തമല്ല നമ്മുടെ കാലത്തേത്. മനുഷ്യനിർമിത ദുരന്തങ്ങളാണവ. ദുര മൂത്ത മനുഷ്യൻ ശാസ്ത്ര-സാങ്കേതികതകളുടെ മറവിൽ ചെയ്തുകൂട്ടുന്നവ.
‘രാജ്യദ്രോഹി’കളുടെ തടവറ
മൂലധനം മാറുന്നതിനൊപ്പം ഭരണകൂടങ്ങളുടെ സ്വഭാവങ്ങളും മാറുന്നു. ഫ്യൂഡലിസം, സാമ്രാജ്യത്വം, കമ്യൂണിസം, സോഷ്യലിസം ഇവയെല്ലാം പുത്തൻ അവതാരങ്ങളെടുക്കുന്നു. ഇന്ന് ലോകത്തെ ജനാധിപത്യ ഭരണകൂടങ്ങളിൽ ബഹുഭൂരിപക്ഷവും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും മറവിൽ മതാധിപത്യമായും സ്വേഛാധിപത്യമായും ഏകാധിപത്യമായും ഭൂമിയിലെ പരമാവധി വിഭവങ്ങൾ കയ്യേറി കയ്യൂക്കുള്ള കുറച്ചുപേരുടെ, രാജ്യാന്തര കോർപ്പറേറ്റുകളുടെ അത്യാർത്തി ശമിപ്പിക്കാനുള്ള തിരക്കിലാണ്. ഇതോടെ പാരിസ്ഥിതിക നിയമങ്ങൾ, മനുഷ്യാവകാശങ്ങൾ, നീതിന്യായ സ്ഥാപനങ്ങൾ, ജനപ്രതിനിധി സഭകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, മതങ്ങൾ, ദൈവങ്ങൾ, ഭാഷകൾ, സംസ്‌കൃതികൾ തുടങ്ങിയവയെല്ലാം മൂലധനത്തിന്റെ ചൂഷണത്തിനായി വളരെ സമർത്ഥമായി അട്ടിമറിക്കപ്പെടുന്നു. തങ്ങളുടെ ഹിതങ്ങൾക്ക് കൂട്ടുനിൽക്കാത്തവരെയെല്ലാം രാജ്യദ്രോഹികളായി മുദ്രയടിച്ച് തടവറയിലോ തടങ്കൽപ്പാളയങ്ങളിലോ അയക്കുന്നു. ഇന്ത്യയിൽത്തന്നെ എത്ര മനുഷ്യാവകാശ പ്രവർത്തകരും, എഴുത്തുകാരും, സാംസ്‌കാരിക പ്രവർത്തകരും സർക്കാരിനെ, സർക്കാരിന്റെ ചെയ്തികളെ, അതിന്റെ പ്രതിനിധികളെ വിമർശിച്ചതിന്റെ പേരിൽ "രാജ്യദ്രോഹികളാ'യി തടവറകളിൽ കഴിയുന്നുണ്ട്.!
വിശപ്പുമാറ്റാനുള്ള ഭക്ഷണം പരസ്യങ്ങൾ വഴിയാണ് തീൻമേശകളിലെത്തുന്നത്. ദേഹശുദ്ധി വരുത്താനും വസ്ത്രമലക്കാനുമുള്ള വിദ്യയും സോപ്പും കോർപറേറ്റുകളാണ് നമ്മെ ഓർമിപ്പിക്കുന്നത്
പുത്തൻ ഉദാരവൽകൃത നാഗരികതയുടെ ആത്യന്തിക ലക്ഷ്യം വ്യക്തിയുടെ പഞ്ചേന്ദ്രിയങ്ങളുടെ മേൽ സർവ്വാധിപത്യം സ്ഥാപിക്കുകയാണ്. കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക്- എന്താണ് സുന്ദരമായതെന്ന് വ്യക്തിയെ ബോധ്യപ്പെടുത്താൻ അത് നമ്മുടെ കാഴ്ചയുടെമേൽ അധികാരം സ്ഥാപിച്ച് കോർപ്പറേറ്റുകളുടെ കാഴ്ച പകരം വെയ്ക്കുന്നു. നല്ല ശബ്ദമേതെന്ന് കൽപ്പിക്കാൻ കാതിനെ. ഏതുതരം മണമാണ് കേമമെന്ന് അത് പറയുന്നു. രുചികരമായ ഭക്ഷണവും പാനീയവും ഏതെന്ന് അത് നമ്മെ ബോധ്യപ്പെടുത്തുന്നു. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന നമ്മുടെ മനസ്സിനെ വരുതിയിലാക്കുന്നു. അമേരിക്കയുടെ പെന്റഗണിനേക്കാൾ ആയിരമിരട്ടി ശക്തമാണ് പഞ്ചേന്ദ്രിയങ്ങളുടെ മേലുള്ള അധിനിവേശം.
പരസ്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിയമനിർമ്മാണ സഭകൾ, നീതിന്യായ വ്യവസ്ഥകൾ എന്നുതുടങ്ങി നമുക്കുചുറ്റുമുള്ള എല്ലാ സ്ഥാപനങ്ങളും പ്രത്യക്ഷത്തിൽ മനുഷ്യനുവേണ്ടിയുള്ളതാണെന്ന് തോന്നാം. പക്ഷേ, ഗാന്ധിയൻ കാഴ്ചപ്പാടിൽ വ്യക്തിയുടെ സഹജമായ സിദ്ധികളെ പ്രലോഭിപ്പിച്ചും ഇക്കിളിപ്പെടുത്തിയും മയപ്പെടുത്തിയും രാക്ഷസീയമായി വളർന്ന് മനുഷ്യനെ ചൂഷണം ചെയ്യുകയാണ്. കൃത്രിമ പാനീയങ്ങളുടെ, ഭക്ഷണ സാധനങ്ങളുടെ, സൗന്ദര്യ ഉപഭോഗവസ്തുക്കളുടെ, വിദ്യാഭ്യാസത്തിന്റെ, സാംസ്‌കാരത്തിന്റെ, വ്യാജമായ ആത്മീയതയുടെ, വ്യാജമായ മതനിർമിതികളുടെ സന്ദേശങ്ങൾ വമ്പൻ പരസ്യങ്ങളിലൂടെ, ചാനലുകളിലൂടെ, റേഡിയോകളിലൂടെ, സോഷ്യൽ മീഡിയായിലൂടെ ജനങ്ങളിലെത്തിക്കുന്നു. നാം ഓരോ നിമിഷവും അവയുടെ ഭാഗങ്ങളായി മാറുന്നു; നമ്മുടെ യഥാർത്ഥ സ്വത്വം നഷ്ടപ്പെടുത്തി.
ഉദാഹരണത്തിന്, ശുദ്ധമായ കിണറ്റുവെള്ളമല്ല ആരോഗ്യത്തിനും രുചിക്കും യോജിച്ചതെന്ന് പറഞ്ഞ് നമ്മെ കൊക്കോകോളയിലേക്കും രസനകളിലേക്കും പായിക്കുന്നു. വിശപ്പുമാറ്റാനുള്ള ഭക്ഷണം പരസ്യങ്ങൾ വഴിയാണ് തീൻമേശകളിലെത്തുന്നത്. ദേഹശുദ്ധി വരുത്താനും വസ്ത്രമലക്കാനുമുള്ള വിദ്യയും സോപ്പും കോർപറേറ്റുകളാണ് നമ്മെ ഓർമിപ്പിക്കുന്നത്. കോർപറേറ്റുകളാണ് നമ്മുടെ സൗന്ദര്യബോധവും വസ്ത്രങ്ങളും ഡിസൈൻ ചെയ്യുന്നത്.
വ്യക്തി അകപ്പെട്ട വിഷമവൃത്തങ്ങൾ
ആരോഗ്യം സംരക്ഷിക്കാനുള്ള പടുകൂറ്റൻ സ്ഥാപനങ്ങളാണ് ആശുപത്രികൾ. വിദ്യ ലഭ്യമാകാൻ കലാലയങ്ങളും വിദ്യാലയങ്ങളും വേണം. കൃഷി പഠിക്കാൻ സർവ്വകലാശാലകൾ. മനുഷ്യനിലെ നൈസർഗ്ഗികമായ, സഹജമായ യാതൊന്നിനും സ്ഥാനമില്ല. വളരെ തന്ത്രപരമായി മനുഷ്യനെ അസ്വതന്ത്രനാക്കുന്ന, അടിമയാക്കുന്ന ഒരു നൂറായിരം സ്ഥാപനങ്ങളാണ് നമ്മെ ചൂഴ്ന്നുനിൽക്കുന്നത്.
ജനാധിപത്യത്തിന്റെ ക്ഷേത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പാർലമെൻറിനെ ഗാന്ധി വിശേഷിപ്പിച്ചത് ‘വന്ധ്യ'യായ-യാതൊരു സർഗാത്മകതയും ഇല്ലാത്ത- വനിതയെന്നാണ്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന ഭരണകൂട നിയമങ്ങൾക്ക് സാധുത നൽകുന്ന സ്ഥാപനം.
അതോടെ എല്ലാറ്റിനും നാം സ്ഥാപനങ്ങളെ ആശ്രയിക്കുന്നു. വ്യക്തിയുടെ സ്വാശ്രിത ബോധവും സ്വാതന്ത്ര്യവും അധികാരവും സ്ഥാപനങ്ങൾക്ക് പണയപ്പെടുത്തുന്നു. ഇതൊരു വൻ രാഷ്ട്രീയ പദ്ധതിയായി മാറുന്നതോടെ സ്‌റ്റേറ്റും ഭരണകൂടങ്ങളും പട്ടാളവും പൊലീസും തടവറകളും ഏകാധിപതികളും സൃഷ്ടിക്കപ്പെടുന്നു. വികസനത്തിന്റെ പേരിൽ വൻകിട പദ്ധതികൾ സ്ഥാപിക്കപ്പെടുമ്പോൾ, പാരിസ്ഥിതിക നാശം സംഭവിക്കുമ്പോൾ, അതിനെ ചോദ്യം ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകരും എഴുത്തകാരും ബുദ്ധിജീവികളും തടവിലാക്കപ്പെടുന്നു. സ്‌റ്റേറ്റ് അടിച്ചേൽപ്പിക്കുന്ന അധാർമിക, അസമത്വ നിയമങ്ങളെ ചോദ്യം ചെയ്യുന്നവർ രാജ്യദ്രോഹികളായി അമർച്ച ചെയ്യപ്പെടുന്നു.
വ്യക്തി അകപ്പെട്ട ഈ വിഷമവൃത്തത്തെ ഗാന്ധി അതിസൂക്ഷ്മമായി അപഗ്രഥിച്ചിട്ടുണ്ട്; പടിഞ്ഞാറൻ മുതലാളിത്ത നാഗരികതയെന്ന ആധുനിക നാഗരികതയുടെ ചെയ്തികളെയും, ആശയങ്ങളെയും മുൻനിർത്തിയും തന്റെ ജീവിതത്തെ പുതുക്കിപ്പണിതും. ഒരേസമയം വ്യക്തിയിലും സമഷ്ടിയിലും (സമൂഹത്തിലും) ഗാന്ധിയെന്ന ക്രാന്തദർശിയുടെ ഉൾക്കണ്ണ് പതിയുന്നുണ്ട്. വ്യക്തിയെ സ്ഥാപനങ്ങളുടെ തടവറകളിൽനിന്ന് മോചിപ്പിക്കുന്ന പ്രക്രിയയിലൂടെ സമൂഹത്തെയും ഈ ഭൂമിയെയും പുനരുജ്ജീവിപ്പിച്ച് സ്വതന്ത്രമാക്കാമെന്നതിന്റെ സാക്ഷ്യങ്ങളാണ് ഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ. അധാർമിക സ്ഥാപനങ്ങളുടെ തകർച്ചയും പുതിയ മനുഷ്യന്റെ ഉദയവും ഒരേ കാലത്തിൽ സംഭവിക്കേണ്ടത്.
1909 ൽ ഗാന്ധി എഴുതിയ ഹിന്ദ് സ്വാരാജ് സമകാലിക ലോകത്തെ ഗാന്ധി എങ്ങിനെ കാണുന്നു എന്നതിന്റെ കണ്ണാടിയാണ്. ആധുനിക നാഗരികതയുടെ പ്രതിനിധികളായ വക്കീലന്മാരും, അവരുടെ മച്ചുനന്മാരായ ജഡ്ജിമാരും, ഭിഷഗ്വരന്മാരും, പാർലമെന്റും, തീവണ്ടിയും ചേർന്നാണ് ഇന്ത്യ പാപ്പരാക്കിയതെന്ന് ഗാന്ധി അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഹിന്ദ് സ്വരാജിൽ സമർത്ഥിക്കുന്നുണ്ട്. തീവണ്ടിയെ നാമിവിടെ കാണേണ്ടത് അതിവേഗതയുടെ, അക്ഷമയുടെ, അസഹിഷ്ണുതയുടെ, അധർമത്തിന്റെ അടയാളമായിട്ടാണ്. വക്കീലന്മാർ അധാർമികമായ നീതിന്യായ വ്യവസ്ഥയുടെ പ്രതീകമാണ്. ഡോക്ടർമാരെന്ന ഭിഷഗ്വരന്മാർ ആധുനികകാലത്തെ വൈദ്യവ്യവസായത്തിന്റെ സ്ഥാപനമാണ്. ഇവാൻ ഇല്ലിച്ച് Limits to Medicine ൽ സൂചിപ്പിക്കുന്നതുപോലെ വ്യക്തിയുടെ സ്വതസിദ്ധമായ ആരോഗ്യ പ്രതിരോധത്തെ അടിമപ്പെടുത്തുന്ന സ്ഥാപനമാണ്. ജനാധിപത്യത്തിന്റെ ക്ഷേത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പാർലമെൻറിനെ ഗാന്ധി വിശേഷിപ്പിച്ചത് ‘വന്ധ്യ'യായ-യാതൊരു സർഗാത്മകതയും ഇല്ലാത്ത- വനിതയെന്നാണ്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന ഭരണകൂട നിയമങ്ങൾക്ക് സാധുത നൽകുന്ന സ്ഥാപനം. ‘ഞാനെന്റെ എല്ലാ ശക്തികളുമെടുത്ത് പോരാടുന്നത് ഇത്തരം സംഗതികളുടെ, അംഗീകൃത ഘടനകളോടാണെന്ന്' ഗാന്ധി പറയുന്നുണ്ട്.
ആദ്യകാല ഗാന്ധിയെ വർണവിവേചനത്തിന് കൂട്ടുനിന്നവനായി ചില വിമർശനങ്ങൾ അടുത്ത കാലത്തായി ഉയർന്നുകേൾക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ തദ്ദേശീയരെ ‘കാഫിർ' എന്നാണ് വെള്ളക്കാരെപ്പോലെ ഗാന്ധിയും വിളിച്ചിരുന്നത്.
എപ്രകാരം മേൽപറഞ്ഞ അടിമത്തം വിതയ്ക്കുന്ന സ്ഥാപനങ്ങളുടെ വിഷമവൃത്തത്തിൽനിന്ന് നമുക്ക് സ്വതന്ത്രമാകാം? ഈ ചോദ്യം ഗാന്ധിയെ തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ പ്രേരിപ്പിച്ചു. ഗാന്ധി ഓരോ നിമിഷവും സ്വയം പരിണമിക്കുകയാണ്. പോയ നിമിഷത്തെ ഗാന്ധിയല്ല വർത്തമാന നിമിഷത്തെ ഗാന്ധി. കെട്ടിക്കിടക്കുന്ന വെള്ളമായിരുന്നില്ല ഗാന്ധി, ഒഴുകുന്ന പുഴയായിരുന്നു. അദ്ദേഹം തുടങ്ങിവെച്ച ഓരോ ജീവിതപരീക്ഷണവും പരിണാമത്തിന് വിധേയമാണ്. ദക്ഷിണാഫ്രിക്കയിലെ ആദ്യകാല ഗാന്ധിയെ വർണവിവേചനത്തിന് കൂട്ടുനിന്നവനായി ചില വിമർശനങ്ങൾ അടുത്ത കാലത്തായി ഉയർന്നുകേൾക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ തദ്ദേശീയരെ ‘കാഫിർ' എന്നാണ് വെള്ളക്കാരെപ്പോലെ ഗാന്ധിയും വിളിച്ചിരുന്നത്. ഗാന്ധിയിലെ ഗാന്ധി പരിണമിക്കുന്നതോടെ അവർ അദ്ദേഹത്തിന്റെ ദർശനത്തിന്റെ, ജീവിതത്തിന്റെ സ്വത്വത്തിന്റെ അംശമായി മാറുകയാണ്. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശമെ'ന്ന് അടിവരയിടുന്ന ഗാന്ധി തന്റെ അനുഭവത്തിന്റെ നേരിൽനിന്ന് അന്യമായിട്ടുള്ള യാതൊന്നും പറഞ്ഞിട്ടില്ല. പ്രവർത്തിച്ചിട്ടില്ല. വാക്കും പ്രവൃത്തിയും ഗാന്ധിയിൽ ഒന്നായി മാറുന്നു. വാക്കിൽനിന്ന് വേറിട്ട പ്രവൃത്തിയും പ്രവൃത്തിയിൽനിന്ന് വേറിട്ട വാക്കുമില്ല ഗാന്ധിയിൽ.
ഇതോടെ ഗാന്ധി മതങ്ങളെ, ദൈവങ്ങളെ, രാഷ്ട്രീയത്തെ പുരാണ കഥാപാത്രങ്ങളെ, വേദങ്ങളെ, ഉപനിഷത്തുക്കളെ, പുനഃനിർവചിച്ചു. മനുഷ്യനെ പുനഃനിർവചിച്ചു.
ഹിന്ദു, കൃസ്ത്യൻ, ഇസ്‌ലാം, ബുദ്ധ, ജൈന മതങ്ങളെ ഗാന്ധി, അതുവരെയുള്ള ചിന്താധാരയിലൂടെയല്ല കാണാൻ ശ്രമിച്ചത്. വില്യം മാകിൻടയർ സാൾട്ടറിന്റെ Ethical Religion എന്ന പുസ്തകം മൊഴിമാറ്റുന്നതിലൂടെ ഗാന്ധി എല്ലാ മതങ്ങൾക്കും അതീതമായ, എന്നാൽ എല്ലാ മതങ്ങളുടെയും അന്തഃസ്സത്ത അന്തർലീനമായ ഒരു മതബോധത്തെ, ദർശനത്തെ ഉണർത്തുകയാണ്. അതോടെ ധാർമികതയാണ് ഗാന്ധിയുടെ മതം എന്നത് പ്രകാശിതമാകുന്നു.
ആരാധനാലയങ്ങളിൽ പോകാത്ത, വ്യക്തിദൈവങ്ങളില്ലാത്ത ഗാന്ധി മതത്തിന്റെ ധാർമികത അന്വേഷിച്ചത് മതത്തിന് പുറത്തല്ല, മനുഷ്യന്റെയുള്ളിലാണ്. മതത്തെ രാഷ്ട്രീയലാഭത്തിനുപയോഗിച്ച് ഹിംസയുടെ വിത്തുവിതച്ച് നൂറുമേനി കൊയ്യുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിനോ, ബി.ജെ.പിക്കോ ഗാന്ധിയുടെ ഹിന്ദുമതം എന്തെന്ന് തിരിച്ചറിയാനാവില്ല. അവരുടെ ഹിന്ദുത്വത്തിന് ഗാന്ധിയുടെ ഹിന്ദുമതവുമായി പുലബന്ധം പോലുമില്ല. ഹിന്ദുത്വയെന്നത് യൂറോ മാതൃകയിലുള്ള സെമറ്റിക് മതത്തിന്റെ ഒരു പതിപ്പ് മാത്രമാണ്. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് സവർക്കറിന്റെ അരുമശിഷ്യനായ വിനായക് നാഥുറാം ഗോഡ്സെ ഗാന്ധിയെ വെടിവെച്ചുകൊന്നത്. Why I assassinated Mahatma Gandhi എന്ന പുസ്തകത്തിൽ ഗോഡ്സെ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ഗാന്ധിയുടെ ധാർമിക മതത്തോടും ഗാന്ധിയോടുമുള്ള കടുത്ത വെറുപ്പ് ഗോഡ്സെ തുറന്നുപറയുന്നുണ്ട്: ഗാന്ധി എപ്പോഴൊക്കെ പുനർജ്ജനിക്കുന്നുവോ അപ്പോഴെല്ലാം ഒരു ബ്രാഹ്‌മണനായതിനാൽ താൻ പുനർജ്ജനിക്കുകയും ഗാന്ധിയെ വകവരുത്തകയും ചെയ്യും. അപരന്റെ ആരാധനാലയം നശിപ്പിച്ച് തങ്ങളുടേത് കെട്ടിപ്പൊക്കിയവർ ഗാന്ധിയുടെ ധാർമിക മതത്തെ കുഴിച്ചുമൂടുന്നവരാണ്. ഗോഡ്സെയുടെ പിൻഗാമികളാണ്.
പുതിയ കാലത്ത് ഗാന്ധിയെ അന്വേഷിക്കുന്നവർ സവർക്കറും ഗോഡ്സെയും സംഘപരിവാറുമെല്ലാം ഹിന്ദുമതത്തിന്റെ പേരിൽ മുന്നോട്ടുവെയ്ക്കുന്ന ഹിന്ദുത്വയെ ഗാന്ധിയുടെ ധാർമിക മതത്തിന്റെ ഊർജ്ജം കൊണ്ട് പ്രതിരോധിക്കണം.
ഗാന്ധിയുടെ മതം ധാർമികതയാണെന്ന് തിരിച്ചറിയുന്നതോടെ മനുഷ്യൻ നൈതികത തേടുന്ന ഒരു ജീവൽബിന്ദുവാണെന്ന അടിസ്ഥാന യാഥാർത്ഥ്യം നാം കണ്ടെത്തുകയാണ്. ഈ നൈതികാന്വേഷണം സത്യാന്വേഷണമാണ്. ഈ സത്യമോ ‘സത്' ആണ്. ഈ സത്യമോ ‘സത്' എന്നതിന്റെ തദ്ധിതമാണ്. ‘സത്' എന്നാൽ അസ്തിത്വം. being. അസ്തിത്വമുള്ളവനായിരിക്കുന്നതിൽ സംഘർഷമുണ്ട്. മനുഷ്യൻ എപ്പോൾ അവന്റെ/അവളുടെ അസ്തിത്വത്തിൽനിന്ന് വ്യതിചലിക്കുന്നുവോ, തനിക്ക് ബാഹ്യമായ ഒരു ശക്തിയെ ആശ്രയിക്കുന്നുവോ, മനുഷ്യന് തന്നെത്തന്നെ നഷ്ടപ്പെടുന്നു.
‘സത്' (സത്യം, ഉണ്മ, beingness) മനുഷ്യനിൽ മാത്രമല്ല ഉള്ളത്. ഭൂമിയിലെ പുല്ലിലും പുഴുവിലും പുൽച്ചാടിയിലും പുലിയിലും പശുവിലും പന്നിയിലും എരുമയിലും കൊതുകിലും ശലഭത്തിലുമുണ്ട്. അജൈവികമെന്ന് കരുതുന്ന മണ്ണിലും ജലത്തിലും വായുവിലും ആകാശത്തിലുമുണ്ട്. അതിനാൽ ഇവയ്ക്ക് ക്ഷതമേൽക്കുന്നതെല്ലാം ഗാന്ധിയിൽ ഹിംസയാണ്. ഭൂമിയിലെ ജൈവികവും അജൈവികവുമായ സകലതിനോടും ഇണങ്ങി ജീവിക്കുമ്പോഴാണ് മനുഷ്യനടക്കമുള്ള എല്ലാറ്റിന്റെയും സ്വാതന്ത്ര്യം സത്യമായിത്തീരുന്നത്. മറ്റ് ജീവികളിൽനിന്ന് ഭിന്നമായി ജീവന്റെ ഉണ്മ- സത്യം- യെപ്പറ്റി ബോധമുള്ള മനുഷ്യന് അവയെ ഓരോന്നിനെയും സംരക്ഷിക്കേണ്ടതായ ഉത്തരവാദിത്തമുണ്ട്. ഓരോ നിമിഷവും അവയുമായി സാത്മ്യപ്പെടേണ്ടതുണ്ട്. അതുകൊണ്ടാണ് ഗാന്ധി പുതിയ കാലത്ത് പാരിസ്ഥിതിക ബോധത്തിന്റെ ഊർജ്ജമായി മാറുന്നത്.
ഭീരുവായ ഭരണാധികാരിയും പൗരനും
മേൽപറഞ്ഞ ഉത്തരവാദിത്വം മനുഷ്യനിൽനിന്ന് പിഴുതെറിയപ്പെടുന്നുണ്ട്. മിക്കപ്പോഴും സ്‌റ്റേറ്റ്, നിയമനിർമ്മാണസഭകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നീതി നിർവ്വഹണ വ്യവസ്ഥകൾ, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ എന്നു തുടങ്ങി നൂറായിരം സ്ഥാപനങ്ങൾ മനുഷ്യന് തന്റെ ധാർമികമായ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ തടസം നിൽക്കുന്നു. അവൻ/അവൾ സ്റ്റേറ്റിന്റെ, ഭരണകൂടങ്ങളുടെ, വ്യവസ്ഥകളുടെ, സ്ഥാപനങ്ങളുടെ തടവിലാക്കപ്പെടുന്നു. ഗാന്ധി ഇതിനെ ആധുനിക നാഗരികതയുടെ മാലിന്യങ്ങളായി കണ്ടെത്തി. അവനിൽ/അവളിൽ താൽക്കാലികമായി അടിഞ്ഞുകൂടിയ ഈ മാലിന്യങ്ങൾ മനുഷ്യനെ അധികാര ശക്തികൾക്ക് കീഴ്പ്പെടുത്തുന്നു. തന്റെയുള്ളിലെ സത്യമറിയാത്ത മനുഷ്യൻ ഭയചകിതനായി അധികാരികൾക്ക് വഴങ്ങുന്നു. എന്തിനും ഏതിനും. അന്യന്റെ ഉൺമയും തന്റെ ഉൺമയും ഒരേ സമയം തിരിച്ചറിയാത്ത അധികാരികൾ അപരനെ ഭയപ്പെടുത്തി തങ്ങൾക്ക് വിധേയരാക്കുന്നു. അതോടെ സമൂഹം അന്യവൽക്കരിക്കപ്പെട്ടവരുടെയും അപരത്വത്തിന്റെയും ലോകമായി മാറുന്നു.
ഭയത്തിൽനിന്ന് സ്വതന്ത്രരായ ഭരണാധികാരി- അത് നമ്മുടെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെല്ലാം ബാധകമാണ്- ‘മൻ കി ബാത്ത്’ എന്ന ഏകഭാഷണത്തിലൂടെ ജനങ്ങളെ സംവാദത്തിൽനിന്ന് പുറത്താക്കില്ല.
എന്തുകൊണ്ട് മനുഷ്യൻ സ്വയം കീഴടങ്ങിപ്പോകുന്നുയെന്നത് പ്രസക്തമാണ്. ഭയമാണ് കാരണമെന്ന് കണ്ടു. ഭയത്തിന്റെ നിഴലിൽ നിൽക്കുന്നവൻ സത്യം പറയില്ല. ഭയം കൊണ്ട് സ്വയം ചതിക്കുന്നു. അനീതിക്കും ചൂഷണത്തിനും സ്വയം കീഴടങ്ങുന്നു. സ്വന്തം സ്വത്വത്തെപ്പറ്റിയുള്ള, അധികാരത്തെക്കുറിച്ചുള്ള അന്ധതയാണ് ഹേതു. ബാഹ്യ (വിദേശി) ശക്തികൾ രാജ്യാതിർത്തികളിലേക്ക് മാത്രമല്ല തള്ളിക്കയറുന്നത്. മനുഷ്യന്റെ (വ്യക്തിയുടെ) ആന്തരിക ഭൂമികകളും ആക്രമിക്കപ്പെടുന്നു. ഇവിടെ മർദ്ദകനും മർദ്ദിതനും ചൂഷകനും ചൂഷിതനും ഭയത്താൽ ചൂഴപ്പെട്ടിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും സംവാദവും നിഷേധിക്കുന്ന ഭരണാധികാരി ഭീരുവാണ്. തന്റെ സത്വം തിരിച്ചറിയുന്നില്ല. അതിന് കീഴടങ്ങുന്ന പൗരനും ഭയപ്പാടിലാണ്. ഭരണാധികാരിക്ക് കീഴ്പ്പെട്ടില്ലെങ്കിൽ താൻ തുറുങ്കിലടയ്ക്കപ്പെടും. തന്റെ ജീവിതം തകരും. സുഖങ്ങൾ ഇല്ലാതാകും. അങ്ങനെ മർദ്ദകനും മർദ്ദിതനും പരസ്പരം വഞ്ചിക്കുകയാണ്. ഈ വഞ്ചന പൊളിക്കുകയാണ് ഗാന്ധി സത്യ സാക്ഷാത്കാരത്തിലൂടെ ഒരേ സമയം മർദ്ദകനെയും മർദ്ദിതനെയും അവരുടെ അന്ധത മസ്സിൽനിന്ന് സ്വതന്ത്രമാക്കിക്കൊണ്ട്.
ഭയത്തിൽനിന്ന് സ്വതന്ത്രരായ ഭരണാധികാരി- അത് നമ്മുടെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെല്ലാം ബാധകമാണ്- ‘മൻ കി ബാത്ത്’ എന്ന ഏകഭാഷണത്തിലൂടെ ജനങ്ങളെ സംവാദത്തിൽനിന്ന് പുറത്താക്കില്ല. സത്യം കണ്ടെത്തുവാനുള്ള വഴി സംവാദമാണ്. ഗാന്ധി സംവാദത്തിൽ വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത ആളാണ്. 5,50,000 ൽ പരം കത്തുകൾ ഗാന്ധി എഴുതിയിട്ടുണ്ടെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
ഡൽഹി അതിർത്തിയിൽ ആറുമാസത്തിലധികമായി നടന്നുകൊണ്ടിരിക്കുന്ന കർഷക സമരക്കാരോട് ഒരു സംവാദത്തിനുപോലും തയ്യാറാകാത്ത ഇന്ത്യൻ ഭരണകൂടം കടുത്ത അനീതിയും അധർമവുമാണ് ചെയ്യുന്നത്. ഭീരുത്വമാണ് ഭരണകൂടത്തെ നയിക്കുന്നത്. സംവാദത്തിന് തയ്യാറാകാത്ത ഭരണകൂടവും അതിന്റെ പ്രതിനിധികളും ജനാധിപത്യ മൂല്യങ്ങളെ വിലവെയ്ക്കാത്തവരാണ്. അതേ സമയം, ഡൽഹി അതിർത്തിയിലെ കർഷകസമരം പൂർണമായ രീതിയിൽ ഗാന്ധിയൻ സമരമാണോയെന്ന് ചോദിച്ചാൽ, അതിൽ ഗാന്ധിയൻ നിർമാണപ്രവൃത്തികളുടെ ദർശനവും പ്രവൃത്തിയും ഉൾചേർന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം.
ഗാന്ധി ഇന്ന് നമ്മുടെ ലോകത്ത് വരിയാണെങ്കിൽ, നിലവിലുള്ള ഒരു പാർട്ടിയോടും ഇസത്തോടും അദ്ദേഹത്തിന് യോജിക്കാനാവില്ല. സത്യത്തെ മുൻനിർത്തി ഒരു പുതിയ മൂവ്മെൻറ് അദ്ദേഹം രൂപപ്പെടുത്തും.
ഗാന്ധി ഇന്ന് നമ്മുടെ ലോകത്ത് വരിയാണെങ്കിൽ, ഇന്ത്യയിൽ വരികയാണെങ്കിൽ അദ്ദേഹം ആദ്യം ചെയ്യുക ജനങ്ങളെ ഭയത്തിൽനിന്ന് മോചിപ്പിക്കുവാനുള്ള മുന്നേറ്റങ്ങൾക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയായിരിക്കും. നിലവിലുള്ള ഒരു പാർട്ടിയോടും ഇസത്തോടും ഗാന്ധിക്ക് യോജിക്കാനാവില്ല. സത്യത്തെ മുൻനിർത്തി ഒരു പുതിയ മൂവ്മെൻറ് അദ്ദേഹം രൂപപ്പെടുത്തും.
ഇനി ഗാന്ധിയുടെ സത്യത്തിലേക്ക് തിരിച്ചുവരാം. having (ഉണ്ടായിരിക്കുക), being (ആയിരിക്കുക) എന്നീ ജീവിതാനുഭവങ്ങൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുമ്പോഴാണ് നാം ഗാന്ധിയുടെ സത്യത്തിന്റെ മറ്റൊരു തലത്തിൽ എത്തുന്നത്.
To Have or To be എന്ന പുസ്തകത്തിൽ എറിക് ഫ്രോം മൂന്ന് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധവും ഇവിടെ വ്യക്തമാകുന്നുണ്ട്. ടെന്നിസനും ബാഷോയും (ജപ്പാനീസ് കവി; 1644-1694) ഗോയ്ഥേയും മൂന്നു കവിതകളിലൂടെ ഒരേ വസ്തുവിനെപ്പറ്റി മൂന്ന് അർത്ഥങ്ങൾ പ്രതിപാദിക്കുന്നു. ഒരു പൂവാണ് വിഷയം. ‘മനുഷ്യരെയും പ്രകൃതിയെയും പഠിക്കുന്നതിന് ടെന്നിസന് പുഷ്പം സ്വന്തമായുണ്ടായിരിക്കണം. അങ്ങിനെ സ്വന്തമാക്കുക വഴി പുഷ്പം നശിപ്പിക്കപ്പെടുന്നു.' അതിനെ കീറിമുറിച്ച്, ലഘൂകരിച്ച് വസ്തുതകൾ പഠിക്കുകയാണ് ‘ഉണ്ടായിരിക്കുക' എന്ന ക്രിയയിലൂടെ ടെന്നിസൻ ചെയ്യുന്നത്. ടെന്നിസന് പൂവിനോടുള്ള ബന്ധം ഭൗതികമായി സ്വന്തമാക്കൽ എന്ന അറിവിന്റെ ഉടമസ്ഥതയാണ്.
ബാഷോ അതിനെ കാണുക, വെറുതെ നോക്കിനിൽക്കുക, അതുമായി തദാത്മ്യപ്പെടുക. അതായിരിക്കുക. അതിനെ അതിന്റെ വഴിക്ക് ജീവിക്കാൻ വിടുക.
ടെന്നിസൺ പൂവുള്ള ചെടിയടക്കം പിഴുതെടുത്തപ്പോൾ ബാഷോ ചെടിയെ അങ്ങനെ തന്നെ ജീവിക്കാൻ വിട്ട് ആ പൂവിനെ നോക്കിക്കാണുവാനാണ് മുതിർന്നത്. എന്നാൽ ഗോയ്ഥേയാവട്ടെ വേരുകളൊന്നുപോലും നഷ്ടപ്പെടാതെ ആ ചെടി മണ്ണിൽനിന്ന് പറിച്ചെടുത്ത് മറ്റൊരു ദിക്കിൽ നട്ടുപിടിപ്പിച്ചു. അതിന്റെ ജീവൻ നശിപ്പിക്കരുതെന്ന് ഗോയ്ഥേയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ജീവനെ അടിമുടി സ്നേഹിച്ച മഹാനായിരുന്നു ഗോയ്ഥേ. യാന്ത്രികവൽക്കരണത്തിനും മനുഷ്യനെ വിഭാഗീയവൽക്കരിക്കുന്നതിനുമെതിരെ പോരാടിയ അദ്ദേഹം സ്വന്തമാക്കുക - having രീതിക്കെതിരെ, ആയിരിക്കുക- being എന്ന ഉൺമയ്ക്ക് -സത്യത്തിന്- സത്ത നൽകുന്നു.
ബ്രിട്ടീഷ് കൊട്ടാരത്തിലെ കാര്യസ്ഥനായിരുന്ന ഫ്രാൻസിസ് ബേക്കനാണ് ‘സ്വന്തമാക്കുക' (Having) എന്ന രീതിശാസ്ത്രത്തിന് അടിത്തറയിട്ട് ആധുനിക നാഗരികതയുടെ സന്തതിയായ ആധുനിക ശാസ്ത്രത്തിനും അതുവഴി നാമിന്ന് എത്തി നിൽക്കുന്ന വിനാശം വിതയ്ക്കുന്ന ആധുനിക- ശാസ്ത്ര സാങ്കേതിക വിദ്യകൾക്കും വികസനത്തിനും തത്ത്വചിന്താപരമായ സംഘാടനം രൂപപ്പെടുത്തിയത്. ആധുനിക നാഗരികതയുടെ മാലിന്യങ്ങളിൽനിന്ന് ഗാന്ധിയാണ് ഉൺമയെ- സത്യത്തെ- സ്വതന്ത്രമാക്കാൻ ശ്രമിച്ചത്. Being and Nothingness എന്ന ബൃഹദ് ഗ്രന്ഥത്തിലൂടെ ജീൻ പോൾ സാത്ര് വ്യക്തിയുടെ സ്വാതന്ത്ര്യത്തെ അന്വേഷിക്കുന്നതും ഈ വഴിയിലൂടെയാണ്.
സത്യത്തിന് പുതിയ ഭാഷ, ഊർജം
ദൈവമാണ് സത്യം എന്ന നിലപാടിലാണ് ഗാന്ധിയുടെ ആദ്യകാല ജീവിതം തുടങ്ങുന്നത്. അത് അതുവരെയുള്ള സത്യത്തെപ്പറ്റിയുള്ള പരമ്പരാഗത കാഴ്ചപ്പാടായിരുന്നു. ദൈവമാണ് സത്യം എന്നുപറയുമ്പോൾ എന്താണ് ദൈവമെന്ന് ആദ്യമേ വിശദീകരിക്കേണ്ടതുണ്ട്. പലർക്കും പലതാണ് ദൈവം. ദൈവസങ്കൽപ്പം അമൂർത്തമാണ്. മുസൽമാന്റെ ദൈവമല്ല കൃസ്ത്യാനിയുടെ. ക്രിസ്ത്യാനിയുടേതല്ല ശിഖന്റെയോ (Sikh) ജിനന്റെയോ ബുദ്ധിസ്റ്റിന്റെയോ ഹിന്ദുവിന്റെയോ. ഒരു നാസ്തികന് ദൈവമില്ല. ഇതോടെ ഗാന്ധി ആത്മസംഘർഷത്തിൽപ്പെടുന്നു. ഹിന്ദു- മുസ്ലിം- ക്രിസ്ത്യൻ- പാഴ്സി- ബുദ്ധ-ജൈന- സിഖ് ദൈവങ്ങളുടെ അനേകതകളുണ്ടാക്കുന്ന സങ്കീർണതകളിൽനിന്ന് പുറത്തുകടക്കേണ്ടതുണ്ട്. സാധാരണക്കാരനായ ഇന്ത്യൻ കർഷകനും ക്ഷുരകനും നെയ്ത്തുകാരനും തോട്ടിക്കും നിരക്ഷരനും സത്യത്തെ ദൈവവുമായി താദാത്മ്യപ്പെടുത്തുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
വെള്ളക്കാരൻ തോട്ടമുടമയുടെ മർദ്ദനമേറ്റ് ഭയപ്പെട്ടുനിൽക്കുന്ന ബാലസുന്ദരത്തിൽ ഗാന്ധി മുപ്പത്തിമുക്കോടി ദൈവങ്ങളെയും കണ്ടതായി രേഖപ്പെടുത്തുന്നുണ്ട്. ബാലസുന്ദരം സത്യമാണ്. ആ അടിമത്തൊഴിലാളിയിൽ സത്യം എന്ന ഉണ്മ ഭയത്തിന്റെ മാലിന്യങ്ങൾക്കുള്ളിൽ മൂടിക്കിടക്കുന്നു.
ഈ സന്നിഗ്ദഘട്ടത്തിലാണ് ദക്ഷിണാഫ്രിക്കയിൽവെച്ച് ബാലസുന്ദരം എന്ന അടിമത്തൊഴിലാളി ചോരയിൽ കുതിർന്ന ശിരസുമായി, ശരീരമാകെ ചാട്ടവാറടികളേറ്റ്, തലേക്കെട്ട് കൈയ്യിൽപ്പിടിച്ച് കൂനിക്കൂടി ഗാന്ധിയുടെ വക്കീലാഫീസിലെത്തുന്നത്. വെള്ളക്കാരൻ തോട്ടമുടമയുടെ മർദ്ദനമേറ്റ് ഭയപ്പെട്ടുനിൽക്കുന്ന ബാലസുന്ദരത്തിൽ ഗാന്ധി മുപ്പത്തിമുക്കോടി ദൈവങ്ങളെയും കണ്ടതായി രേഖപ്പെടുത്തുന്നുണ്ട്. ബാലസുന്ദരം സത്യമാണ്. ആ അടിമത്തൊഴിലാളിയിൽ സത്യം എന്ന ഉണ്മ ഭയത്തിന്റെ മാലിന്യങ്ങൾക്കുള്ളിൽ മൂടിക്കിടക്കുന്നു. ആ വെളിപാടിൽ ഗാന്ധിയുടെ കാഴ്ച കുറെക്കൂടി തെളിഞ്ഞു. സത്യം ദൈവമായിമാറുന്നു.
ദൈവം സത്യമാണെന്നതിൽനിന്ന് സത്യം ദൈവമാണെന്നതിലേക്കുള്ള പരിണാമം നിരന്തരമായ അന്വേഷണ പ്രക്രിയയിലൂടെയാണ് സംഭവിക്കുന്നത്. ഒരു നിരീശ്വരവാദിക്കുപോലും സത്യം നിഷേധിക്ക വയ്യ. നെയ്ത്തുകാരനും തോട്ടിക്കും അടിമത്തൊഴിലാളിക്കും സത്യബോധമുണ്ട്. അങ്ങിനെ സത്യം ദൈവമാകുമ്പോൾ അതിന്റെ സാന്നിദ്ധ്യം ആർക്കും നിഷേധിക്കാനാവില്ല. ഗാന്ധി സത്യം കണ്ടെത്തുന്നത് അനുഭവത്തിൽനിന്നാണ്. ധർമശാസ്ത്രങ്ങളുടെ പഠനങ്ങളിൽനിന്നോ മനുസ്മൃതിയിൽനിന്നോ ശങ്കരസിദ്ധാന്തങ്ങളിൽനിന്നോ അല്ല. അവയെയെല്ലാം തിരസ്‌ക്കരിച്ച് ഗാന്ധി സത്യത്തിന് പുതിയൊരു ഭാഷയും ഊർജ്ജവും കണ്ടെത്തി. ഇത് ഓരോ ഇന്ത്യക്കാരനെയും, അവനെത്ര നിരക്ഷരനും ദരിദ്രനുമാകട്ടെ, നിത്യജീവിതത്തിൽ സത്യം പരിശീലിക്കാൻ പ്രാപ്തനാക്കുന്നു.
‘" "സത്യം ദൈവമാണെന്ന്' പ്രഖ്യാപിക്കുന്നതോടെ ഗാന്ധി, സത്യം അറിയുകയും സത്യസന്ധമായി ജീവിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തം മതഗ്രന്ഥങ്ങളുടെയും ധർമ്മസംഹിതകളുടെയും നൂറായിരം വ്യാഖ്യാനങ്ങളിൽനിന്ന്, ഓരോ മനുഷ്യന്റെയും മനഃസാക്ഷിയിലേക്ക് മാറ്റുന്നു’’ (ആർ.ആർ. ദിവാകർ).
നമ്മുടെ കാലത്ത് നാം ഏറ്റവും കൂടുതൽ എതിർക്കേണ്ടത് ഭീരുത്വത്തെയാണ്. ഭയപ്പെടുത്തുന്ന ഭരണാധികാരികളും ഭയക്കുന്ന പ്രജകളും ഭീരുക്കളാണ്. ഹിംസയ്ക്കും ഭീരുത്വത്തിനും തമ്മിൽ ഗാന്ധി ഹിംസയെ താൽപ്പര്യപ്പെട്ടു.
സത്യത്തെ മൂടിയിരിക്കുന്ന മാലിന്യങ്ങളെ, സാമ്രാജ്യത്വ ചങ്ങലകളെ, ആഗോളവൽക്കൃത- ഉദാരീകരണ കോർപ്പറേറ്റ് അധിനിവേശങ്ങളെ, എങ്ങനെ ഇല്ലാതാക്കാം എന്നതാണ് നാം ഗാന്ധിയിൽ അന്വേഷിക്കേണ്ടത്. ഹിംസയിലൂടെ നാമിവയെ നേരിടുകയാണെങ്കിൽ അപരന്റെ രക്തം, ശത്രുവിന്റെ ചോര, മണ്ണിൽ ഒഴുകും. പരസ്പരം ഹിംസയിലൂടെ മനുഷ്യർ കൊല്ലപ്പെടും. യുദ്ധങ്ങളിലൂടെ. പരിസ്ഥിതി പോലും നശിക്കും. അതുകൊണ്ട് എന്തായിരിക്കണം തന്റെ ആയുധമെന്ന് ഗാന്ധി അന്വേഷിക്കുന്നു. അപരന്റെ സ്വത്വത്തെ- ഉണ്മയെ - സത്യത്തെ- ജീവനെ- സ്വാതന്ത്ര്യത്തെ ഒരു തരത്തിലും മുറിവേൽപ്പിക്കാത്തതായിരിക്കണം സമരത്തിന്റെ മാധ്യമം. അങ്ങിനെയാണ് ഗാന്ധി അഹിംസയിലെത്തുന്നത്.
അഹിംസ എന്ന പരീക്ഷണം
നാമെല്ലാം ഒരേ ബ്രഷ് കൊണ്ട് ചായം പിടിപ്പിച്ചവരാണ്. നമ്മിലെ നൈതികതയ്ക്ക്-ഉൺമയ്ക്ക്- സത്യത്തിന് അതിരുകളില്ല. വ്യവസ്ഥിതിയെ- സാമ്രാജ്യത്വത്തെ-ആധുനിക ഉപഭോഗ സംസ്‌കൃതിയെ- അധിനിവേശ നാഗരികതയെ-എതിർക്കുന്നതിനുപകരം വ്യവസ്ഥിതിയുടെ ഉപകരണമായവരെ എതിർക്കുന്നതിന് തുല്യമാണ്. അതിനാൽ സത്യാന്വേഷണത്തിന്റെ അടിത്തറ അഹിംസയാകുന്നു. അഹിംസയുടെ വഴി ദുഷ്‌ക്കരമാണ്. സത്യം വഴിയല്ല; ലക്ഷ്യമാണ്, സ്വാതന്ത്ര്യം പോലെ. അവിടേയ്ക്കെത്താൻ ഒരു വഴിയേയുള്ളൂ-അഹിംസ.
അഹിംസ ഭീരുത്വമല്ല. ഭീരുത്വം കൊണ്ട് നിഷ്‌ക്രിയനായിരിക്കുന്നത് അഹിംസയല്ല. ഭീരുത്വത്തെ ഒരു കാരണവശാലും മാപ്പാക്കിയില്ല ഗാന്ധി. ഹിംസാത്മകനായ ഒരു മനുഷ്യന് എന്നെങ്കിലും അഹിംസാത്മകനായിത്തീരാം. പക്ഷേ ഒരു ഭീരുവിന് പ്രതീക്ഷയ്ക്ക് വകയില്ല എന്ന് ഗാന്ധി പറഞ്ഞു. ഭീരുത്വത്തെ ഏറ്റവും കൊടിയ അധർമമായി ഗാന്ധി തിരസ്‌ക്കരിച്ചു. അത് വെറുപ്പിന്റെയും ആർത്തിയുടെയും സന്തതിയത്രെ. മറ്റുള്ളവർക്കുകൂടി അർഹമായത് തനിക്കും തന്റെ ഭാവി തലമുറകൾക്കുമായി കൂട്ടിവെയ്ക്കുന്നത് ഭീരുത്വമാണ്. നമ്മുടെ കാലത്ത് നാം ഏറ്റവും കൂടുതൽ എതിർക്കേണ്ടത് ഭീരുത്വത്തെയാണ്. ഭയപ്പെടുത്തുന്ന ഭരണാധികാരികളും ഭയക്കുന്ന പ്രജകളും ഭീരുക്കളാണ്. ഹിംസയ്ക്കും ഭീരുത്വത്തിനും തമ്മിൽ ഗാന്ധി ഹിംസയെ താൽപ്പര്യപ്പെട്ടു.
ഗാന്ധിക്ക് അഹിംസ ഒരു നയമല്ല. അത് തന്റെ വിശ്വാസപ്രമാണമാണ്. ‘അഹിംസ എന്റെ വിശ്വാസത്തിന്റെ ആദ്യപ്രമാണമാകുന്നു. അതെന്റെ വിശ്വാസസംഹിതയുടെ അന്ത്യപ്രമാണവുമാകുന്നു' എന്ന് ഗാന്ധി.
അഹിംസയുടെ ഏറ്റവും നല്ല പരീക്ഷണമാണ് കാരുണ്യം. ആക്രമിക്കാൻ വരുന്ന ഒരാളെ തിരിച്ചടിക്കുന്നതിൽനിന്ന് മറ്റേയാൾ മാറിനിൽക്കുന്നത് ഭയം മൂലമാണെങ്കിൽ അത് അഹിംസയല്ല. തിരിച്ചടിക്കാൻ കരുത്തുണ്ടായിട്ടും ബോധപൂർവ്വം തിരിച്ചടിക്കാതിരിക്കുന്നുവെങ്കിൽ അത് അഹിംസയാണ്. കാരുണ്യത്തോടും പൂർണബോധത്തോടും കൂടിയുള്ള ഹിംസയുടെ തിരസ്‌കാരമാണ് അഹിംസ. സചേതനമായ അഹിംസയാണ് കാരുണ്യം.
ഉപ്പു സത്യഗ്രഹത്തിന്റെ നാളുകളിൽ ദർസാന ഉപ്പുശാലയിലേക്ക് അടിവെച്ചടിവെച്ച് നീങ്ങിയ ഗാന്ധിയൻ സത്യഗ്രഹ ഭടന്മാരെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉപകരണങ്ങളായ ഗൂർഖാ പട്ടാളം അടിച്ചടിച്ച് നിലത്ത് വീഴ്ത്തി. അവരുടെ വൃഷണങ്ങൾ കശക്കിയുടച്ചു. രക്തത്തിൽ കുളിച്ച അവർ, വേദനകൊണ്ട് പിടഞ്ഞിട്ടും പ്രതിരോധിക്കാൻ കൈവിരൽ പോലും ഉയർത്തിയില്ല. അവിടെയാണ് യഥാർത്ഥ സത്യഗ്രഹി ഉണർന്നെണീക്കുന്നത്. അമേരിക്കൻ പത്രപ്രവർത്തകനായ മില്ലർ ഈ രംഗം ലോകമാധ്യമങ്ങളിൽ റിപ്പോർട്ടു ചെയ്യുന്നതോടെ ബ്രിട്ടീഷ് സാമ്രാജ്യത്തത്തിന്റെ അടിത്തറ ഇളകുകയാണ്.
സത്യം എന്ന സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണ് അഹിംസ. സദാഗ്രഹം സത്യഗ്രഹമാക്കി മാറ്റുന്നതിലൂടെ ലോകത്തിന് പുതിയൊരു സമരായുധം നൽകുകയാണ് ഗാന്ധി. സത്യഗ്രഹസമരത്തിൽ മാക്സിമവും മിനിമവും ഇല്ല. എന്തിൽനിന്ന് സമരം തുടങ്ങി അതേ ആവശ്യത്തിൽ ഉറച്ചുനിന്നാണ് സത്യഗ്രഹി അവസാനം വരെയും മുന്നോട്ടുനീങ്ങുന്നത്. സത്യഗ്രഹത്തിലൂടെയേ വ്യക്തിക്കും സമൂഹത്തിനും സ്വാതന്ത്ര്യത്തിലെത്താനാവൂ. സ്വാതന്ത്ര്യമെന്നത് സ്വരാജാണ്. സ്വരാജ്- സ്വാതന്ത്ര്യം- ഉൺമ തന്റെ ഉള്ളം കയ്യിൽ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഗാന്ധി, സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള സത്യഗ്രഹസമരങ്ങളിലൂടെ, നിസ്സഹകരണ സമരങ്ങളിലൂടെ, വ്യക്തിക്കും സമൂഹത്തിനും പൂർണസ്വരാജ് നേടാനാവുമെന്ന് ഉദാഹരിക്കുകയാണ്.
പക്ഷേ, ഗാന്ധിയൻ സത്യഗ്രഹ സമരങ്ങൾ നിർമാണ പ്രവൃത്തികൾ-രചനാത്മകപദ്ധതികൾ- ഇല്ലാതെ, പൂർണമാകുന്നില്ല, ക്രിയാത്മകമാകുന്നില്ല. നിർമാണ പ്രവൃത്തികളില്ലാത്ത സത്യഗ്രഹസമരം പക്ഷാഘാതത്താൽ അവയവങ്ങൾ ചലിപ്പിക്കാൻ കഴിയാത്ത മനുഷ്യശരീരം പോലെയാണ്.
നിർമാണ പ്രവൃത്തികൾ, നമ്മുടെ ദേശത്തുനിന്നും, നമ്മുടെ മണ്ണിൽനിന്നും, അതാതിടങ്ങളിലെ മനുഷ്യാധ്വാനത്തിൽനിന്നും അവരുടെ ശാസ്ത്ര സാങ്കേതികളിൽനിന്നും ഉരുത്തിരിയേണ്ടതാണ്
ആധുനിക ശാസ്ത്രവും ഗാന്ധിയും
ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ്, ടോൾസ്റ്റോയ് ആശ്രമങ്ങൾ, ഇന്ത്യയിലെ സബർമതി, വാർധ എന്നിവ ഗാന്ധിയൻ നിർമാണ പ്രവർത്തനങ്ങളുടെ-സത്യാന്വേഷണ പരീക്ഷണങ്ങളുടെ- ലബോറട്ടറികളാണ്. അവിടെ പരീക്ഷിക്കാത്തതൊന്നും ഗാന്ധി ഒരിടത്തും പരീക്ഷിച്ചിട്ടില്ല. 1917 ലെ ചമ്പാരൻ സത്യഗ്രഹവും, അഹമ്മദാബാദ് മിൽ തൊഴിലാളി സമരവും, രചനാത്മക പ്രവർത്തനവും സത്യഗ്രഹവും സമന്വയിപ്പിച്ച പരീക്ഷണങ്ങളാണ്.
നിർമാണ പ്രവൃത്തികൾ, നമ്മുടെ ദേശത്തുനിന്നും, നമ്മുടെ മണ്ണിൽനിന്നും, അതാതിടങ്ങളിലെ മനുഷ്യാധ്വാനത്തിൽനിന്നും അവരുടെ ശാസ്ത്ര സാങ്കേതികളിൽനിന്നും ഉരുത്തിരിയേണ്ടതാണ്. 18ാം നൂറ്റാണ്ടിലും അതിനുമുമ്പും ഇന്ത്യയിലുണ്ടായിരുന്ന നാടൻ ശാസ്ത്ര സാങ്കേതികതകൾ നമ്മുടെ കൃഷിയിലും ആരോഗ്യത്തിലും മെറ്റലർജിയിലും വാസ്തുശിൽപ്പ ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ജലസേചനത്തിലുമെല്ലാം ഉയർന്ന നിലവാരം പുലർത്തിയിരുന്നു എന്നതിന് തെളിവുണ്ട്. ധരംപാലിന്റെ The Beautiful Tree, Indian Science and Technology in the Eighteenth Century എന്നീ ഗവേഷണ ഗ്രന്ഥങ്ങൾ അത് അടയാളപ്പെടുത്തുന്നുണ്ട്. ഒരു ഗാന്ധിയൻ സ്വദേശി ശാസ്ത്രത്തിന്റെ നീലരേഖ അതിലുണ്ട്. അത് ആധുനിക ശാസ്ത്രത്തിനും സാങ്കേതികതയ്ക്കും വെല്ലുവിളി ഉയർത്തുന്നതാണ്. ഡോ.സുനിൽ സഹസ്രബുധേയുടെ Gandhi's Challenge to Modern Science ഇത് വിശദമാക്കുന്നുണ്ട്. തെർമോ ഡൈനാമിക്സിന്റെ രണ്ടാമത്തെ നിയമത്തിൽ പറയുന്ന entropy ആധുനിക ശാസ്ത്രത്തിന് പറ്റിയ പിഴവാണ്. അത് സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ആധുനിക ശാസ്ത്രത്തിന്റെ പ്രതീകമായി മാറുന്നത് ഡോ.സി.വി.ശേഷാദ്രിയെ ഉദ്ധരിച്ച് സഹസ്രബുധേ പറയുന്നുണ്ട്.
ആധുനികശാസ്ത്രത്തെ ഗാന്ധി തള്ളിക്കളയുന്നില്ല. കാരണം ശാസ്ത്രം സംസ്‌കാരങ്ങളുടെ ഭാഗമാണ്. എന്നാൽ ആധുനിക ശാസ്ത്രസാങ്കേതികതയുടെ യന്ത്രങ്ങളെ ഗാന്ധി സംശയത്തോടെയാണ് കാണുന്നത്. അത് മനുഷ്യനെ അടിമയാക്കുന്നു. മനുഷ്യന്റെ സഹജമായ സത്യബോധത്തെ തമസ്‌ക്കരിക്കുന്നു. മനുഷ്യനെ അടിമയാക്കാത്ത ശാസ്ത്രബോധത്തെ ഗാന്ധി നിരാകരിക്കുന്നില്ല. അതിനാൽതന്നെ ആധുനിക ശാസ്ത്രവും ഇന്ത്യൻ ശാസ്ത്രബോധവും തമ്മിലുള്ള സംവാദം അനിവാര്യമാണ്. ഈ സംവാദം ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, കൃഷി, മൃഗപരിപാലനം, ജനാധിപത്യം, പുരനിർമാണം തുടങ്ങി എല്ലാറ്റിലും സാധ്യമാണ്. പാശ്ചാത്യ സംഗീതവും കർണാടക സംഗീതവും തമ്മിൽ, വയലിനും, നന്തുണിയും തമ്മിൽ ജുഗൽബന്ദി ആകാമെങ്കിൽ എന്തുകൊണ്ടിത് സാധിക്കുന്നില്ല? ഗാന്ധിയുടെ ചർക്ക ഗാന്ധിയൻ നിർമാണ പ്രവർത്തനങ്ങളുടെ നട്ടെല്ലായ സ്വദേശിയുടെ ശാസ്ത്രബോധത്തിന്റെ പ്രതീകമാണ്. ഈ പ്രതീകത്തെ മുൻനിർത്തി ഒരു സ്വദേശി സംസ്‌കാരം ഇന്ത്യയിൽ രൂപപ്പെടേണ്ടതാണ്. അത് അദാനിക്കും, അംബാനിക്കും അതുപോലുള്ള ദേശാന്തര കോർപ്പറേറ്റുകൾക്കും ഇന്ത്യയെ വിൽക്കുന്നതിലൂടെ പുലരുന്ന പ്രധാനമന്ത്രിയുടെ ആത്മനിർഭരതയല്ല. ഗാന്ധിയൻ സ്വദേശി ശാസ്ത്രത്തിന്റെ മൂശയിൽനിന്ന് രൂപപ്പെടേണ്ട ജനകീയ വികസനത്തിന്റെ മുന്നേറ്റമാണ്.
ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ പ്രൊഫസർ മാധവ് ഗാഡ്ഗിൽ അദ്ധ്യക്ഷനായി 2011 ൽ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട് ഗാന്ധിയൻ രചനാത്മക പ്രവർത്തനം നടപ്പിലാക്കാനുള്ള രൂപരേഖകളിൽ ഒന്നാണ്. ഭരണഘടന ഭേദഗതി പ്രദാനം ചെയ്യുന്ന വികേന്ദ്രീകൃത ഭരണസംവിധാനം ഉപയോഗിച്ച് പശ്ചിമഘട്ടത്തിലെ വികസന ആസൂത്രണം നടത്താവുന്നതാണ്. ഓരോ ഗ്രാമപഞ്ചായത്തും ഗാന്ധിയൻ സ്വയം ഭരണ റിപ്പബ്ലിക്കുകളായി മാറി പൂർണ സ്വരാജിലെത്താനുള്ള വഴി ഗാഡ്ഗിൽ റിപ്പോർട്ടിലുണ്ട്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കും ഭൂമിയുടെ അതിജീവനത്തിനും മാത്രമല്ല, ആരോഗ്യം, കൃഷി, വ്യവസായം, മൃഗപരിപാലനം തുടങ്ങിയ നിരവധി മേഖലകളിൽ ഗാന്ധിയൻ നിർമാണ പ്രവർത്തനങ്ങൾ പരീക്ഷിക്കാവുന്നതാണ്.
കേരള സംസ്ഥാന ജൈവ വൈവിധ്യബോർഡ് നിലവിലുണ്ടെങ്കിലും നമ്മുടെ വളരെ കുറച്ച് ഗ്രാമപഞ്ചായത്തുകൾ മാത്രമേ വർഷാവർഷം പ്രവർത്തന റിപ്പോർട്ടുകൾ പോലും സമർപ്പിക്കുന്നുള്ളൂ. അനധികൃത മണലെടുപ്പ്, തണ്ണീർത്തടം നികത്തൽ, ക്വാറി പ്രവർത്തനം എന്നിവ തടയാൻ ഗ്രാമപഞ്ചായത്തുകളിലെ ജൈവവൈവിധ്യ കമ്മിറ്റികൾക്ക് ക്രിയാത്മകമായി പലതും ചെയ്യാനുണ്ട്. വാസ്തവത്തിൽ ആ ജനകീയാധികാരം ഇന്ന് കൈയ്യാളുന്നത് സെക്രട്ടറിയേറ്റിലാണ്. അധാർമിക രാഷ്ട്രീയത്തിന്റെ ഇരകളായിപ്പോകുന്നു ജനങ്ങളും കേരളത്തിന്റെ പരിസ്ഥിതിയും. അധാർമികത ജീവിതവൃത്തിയാക്കിയ ഭരണകൂടവും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും ജനങ്ങളുടെ ആത്മബോധത്തെ-ഉൺമയെ-സത്യത്തെ തടയുന്നു. ജൈവവൈവിധ്യം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നത് ഗാന്ധിയൻ നിർമാണ പ്രവർത്തനമാണ്.
ഭയത്തിൽനിന്ന് മുക്തമാകാൻ നമ്മുടെ വിദ്യാർത്ഥി സമൂഹത്തിന് ഗാന്ധിയിൽനിന്ന് പലതും അന്വേഷിക്കാനും കണ്ടെത്താനുമുണ്ട്. സ്ത്രൈണത തുളുമ്പുന്ന ഗാന്ധിയുടെ ഇരിപ്പും നിൽപ്പും നടത്തവും ഭക്ഷണവും ചിന്തയും പഠിക്കുന്നതിലൂടെ അവർ ഗാന്ധിയുടെ ജീവിത ദർശനം കണ്ടെത്തുകയാണ്. തങ്ങളിലുള്ള ഭയത്തെ മുഖാമുഖം നേരിടുകയാണ്. തങ്ങളിലെ സത്യത്തെ കണ്ടെത്തുകയാണ്. അവരിലൂടെയാണ് പുതിയ കാലത്ത് ഗാന്ധിയുടെ സത്യം പരീക്ഷണവിധേയമാകേണ്ടത്.▮
(2021 ജൂൺ ആറിന് ആലുവ യു.സി. കോളേജ് വിദ്യാർത്ഥികൾക്കായി വെബിനാറിലൂടെ നടത്തിയ പ്രഭാഷണത്തിന്റെയും തുടർന്നുണ്ടായ ചോദ്യോത്തരങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയത്.)