ജമ്മു കാശ്മീർ നയത്തിനിതാ, ജനങ്ങളുടെ ഹിതപരിശോധന

ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാന പദവി ഇല്ലാതാക്കിയതിന്റെ ഹിതപരിശോധനയാകും ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ ജമ്മു കാശ്മീർ നയത്തിന്റെ ടെസ്റ്റ് ഡോസാകും തെഞ്ഞൈടുപ്പുഫലം.

News Desk

മ്മു കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് റിസർച്ച് ആന്റ് അനാലിസിസ് വിങ്ങിന്റെ (RAW) മുൻ മേധാവി അമർജിത് സിങ് ദുലാത് ഈയിടെ ഒരു പ്രവചനം നടത്തി: ''കോൺഗ്രസ്- നാഷനൽ കോൺഫറൻസ് സഖ്യം തകരാതെ നിൽക്കുകയാണെങ്കിൽ ജമ്മു അവർക്ക് അനുകൂലമായി വോട്ട് ചെയ്യും. നേരെ മറിച്ച് സഖ്യം പരാജയപ്പെട്ടാൽ, സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വരും, ചരിത്രത്തിലാദ്യമായി ഒരു 'ഹിന്ദു മുഖ്യമന്ത്രി'യുണ്ടാവുകയും ചെയ്യും. റഷ്യൻ മീഡിയ ഹൗസായ RT- ക്കുവേണ്ടി എഴുതിയ 'Den of Intrigue: India's border with Pakistan chooses a new chief minister' എന്ന ലേഖനത്തിലാണ് ഈ പ്രവചനം.

സംസ്ഥാനം സാധാരണ നിലയിലായെന്ന് കേന്ദ്രസർക്കാർ പറയുന്നുണ്ടെങ്കിലും ഇപ്പോഴുള്ളത് 'അസാധാരണമായ സാധാരണത്വ'മാണെന്നുകൂടി, ജമ്മു കാശ്മീർ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ ഒരു കാലത്ത് (1988-90) റോ മേധാവിയായിരുന്ന ദുലാത് കൂട്ടിച്ചേർക്കുന്നു. വിരമിച്ചശേഷം, 2001 മുതൽ 2004 വരെ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിൽ കാശ്മീർ കാര്യങ്ങളുടെ ഉപദേശകനായിരുന്നു.

മുൻ ‘റോ’ മേധാവിയുടെ നിരീക്ഷണം, ബ്യൂറോക്രാറ്റിക് പക്ഷപാതിത്വം നിറഞ്ഞ ഒന്നായി തള്ളിക്കളയാനാകില്ല. കാരണം, ഈ തെരഞ്ഞെടുപ്പ് നടക്കുന്ന കാലവും അതിനുവേണ്ടി രൂപപ്പെട്ട സഖ്യവും ബി.ജെ.പിയുടെയും കേന്ദ്ര സർക്കാറിന്റെയും നിലപാടുകളും, ജമ്മു കാശ്മീരിന്റെ ഭാവിയെ നിർണയിക്കാൻ പോകുന്ന, ഏറെ ശ്രദ്ധ അർഹിക്കുന്ന രാഷ്ട്രീയ സൂചനകളാണ്.

അമർജിത് സിങ് ദുലാത്
അമർജിത് സിങ് ദുലാത്

2018-ൽ നിയമസഭ പിരിച്ചുവിട്ടശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 2019 ഒക്ടോബറിൽ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുകയും സംസ്ഥാന പദവി എടുത്തുകളഞ്ഞ് ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്ത ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്.

ഇത്തവണ, ഏറ്റവും വലിയ അവകാശവാദം ബി.ജെ.പിയുടേതാണ്. 370-ാം അനുച്ഛേദം റദ്ദാക്കിയതോടെ സംസ്ഥാനത്ത് ഭീകരവാദത്തിന് അന്ത്യം കുറിക്കാനായി എന്ന കാമ്പയിനിലാണ് പാർട്ടി. ഇന്ത്യൻ ഭരണഘടനാവകുപ്പുകളുടെ അന്തഃസ്സത്തക്കനുസരിച്ചും ഇന്ത്യൻ ദേശീയ പതാകയുടെ കീഴിലും നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന 'ചരിത്രപരമായ പ്രത്യേകത'യാണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ കാണുന്നത്.

ആർട്ടിക്കിൾ 370 പുനഃസ്ഥാപിച്ച് ജമ്മു കാ​ശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകും എന്നതാണ് കോൺഗ്രസിന്റെ ഏറ്റവും പ്രധാന വാഗ്ദാനം. ആർട്ടിക്കിൾ 370 ചരിത്രമായിക്കഴിഞ്ഞുവെന്നും അത് ഇനി ഒരിക്കലും തിരിച്ചുകൊണ്ടുവരില്ലെന്നുമാണ് അമിത് ഷാ, ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയശേഷം പ്രഖ്യാപിച്ചത്: ''സംസ്ഥാനപദവി തിരിച്ചുകൊടുക്കാൻ ആർക്കാണ് അധികാരം?, ഞങ്ങളുടെ സർക്കാറിനേ അതിന് കഴിയൂ. തെരഞ്ഞെടുപ്പിനുശേഷം അനുയോജ്യമായ സമയത്ത് അത് ചെയ്യുമെന്ന് ഞങ്ങൾ ഉറപ്പും നൽകിയിട്ടുണ്ട്''- രാഹുലിനുള്ള അമിത് ഷായുടെ മറുപടി ഇതായിരുന്നു.

ജമ്മു കാശ്മീർ നയത്തിന്റെ
ടെസ്റ്റ് ഡോസ്

ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാന പദവി ഇല്ലാതാക്കിയതിന്റെ ഹിതപരിശോധനയാകും ഈ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ ജമ്മു കാ​ശ്മീർ നയത്തി​ന്റെ ടെസ്റ്റ് ഡോസാകും തെഞ്ഞൈടുപ്പുഫലം. ‘ജമ്മു കാശ്മീർ ജനതയുടെ ആത്മാഭിമാനം നശിപ്പിച്ച നടപടി’ എന്നു പറഞ്ഞാണ് കോൺഗ്രസും നാഷനൽ കോൺഫറൻസും ബി.ജെ.പിക്കെതിരെ ഈ വിഷയം രാഷ്ട്രീയ ആയുധമാക്കുന്നത്.

2018-ൽ നിയമസഭ പിരിച്ചുവിട്ടശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.  / Photo: Voters of Kupwara in Jammu & Kashmir during the Jammu & Kashmir Assembly Election-2008
2018-ൽ നിയമസഭ പിരിച്ചുവിട്ടശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. / Photo: Voters of Kupwara in Jammu & Kashmir during the Jammu & Kashmir Assembly Election-2008

2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഒക്ടോബർ 31ന് ജമ്മു കാശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്ര ഭരണപ്രദേശങ്ങൾ നിലവിൽ വന്നു. ജമ്മു കാശ്മീരിൽ അധികാരപദവി ഗവർണറിൽനിന്ന് ലഫ്. ഗവർണറിലേക്കു മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലുമായി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഈ തീരുമാനം ശരിവച്ചു: ‘‘370-ാം വകുപ്പ് താൽക്കാലികമായിരുന്നു, അത് ഏർപ്പെടുത്തിയത് യുദ്ധസാഹചര്യത്തിലായിരുന്നു. ഭരണഘടനാ അസംബ്ലിയുടെ ശുപാർശയില്ലാതെയും രാഷ്ട്രപതിക്ക് 370-ാം വകുപ്പ് മാറ്റാം. ഇതിനെതിരെ തീരുമാനമെടുക്കാൻ സുപ്രീംകോടതിക്കാകില്ല’’ എന്നാണ് വിധിയിൽ ചൂണ്ടിക്കാട്ടിയത്.

എന്നാൽ, കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയായിരുന്നു ജമ്മു കാശ്മീരിന്റെ പൊതുവികാരം. കോൺ​ഗ്രസ്, പ്രമുഖ നേതാവ് കരൺസിങ്, നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാർട്ടി ചെയർമാൻ ഗുലാം നബി ആസാദ് തുടങ്ങിയവരെല്ലാം സുപ്രീംകോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ച് മുന്നോട്ടുവന്നു.

തങ്ങളുടെ ‘ജമ്മു കാശ്മീർ നയം’ സ്വയം കുഴിച്ച കുഴിയാകുമോ എന്ന ഭയം ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമുണ്ട്. അത് മുന്നിൽ കണ്ടാണ്, തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽ വരുന്ന സർക്കാറിനുമേൽ കേന്ദ്രത്തിന്റെ ആധിപത്യം ഉറപ്പിക്കാനുള്ള ചില നിയമഭേദഗതികൾ കേന്ദ്ര ആഭ്യന്തര വകുപ്പ് ഒളിച്ചുകടത്തിയത്. 2019-ലെ ജമ്മു കാശ്മീർ പുനഃസംഘടനാ നിയമം ഭേദഗതി ചെയ്ത് ലെഫ്. ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി. പൊലീസ്, ക്രമസമാധാനം, അഖിലേന്ത്യ സർവീസുകൾ, അഴിമതി വിരുദ്ധ സെൽ തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി വേണം. ഐ എ എസ്- ഐ പി എസ് ഉദ്യോഗസ്ഥരുടെ പൂർണ നിയന്ത്രണം ലെഫ്. ഗവർണർക്കായിരിക്കും. അഡ്വക്കറ്റ് ജനറൽ അടക്കമുള്ള നിയമ ഉദ്യോഗസ്ഥരെ ലെഫ്. ഗവർണറാകും നിയമിക്കുക. പ്രോസിക്യൂഷൻ അനുമതി നൽകൽ, അപ്പീലുകൾ സമർപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിലും പുതിയ സർക്കാരിന് ലെഫ്. ഗവർണറുടെ അനുമതി വേണ്ടിവരും.

ഒമര്‍ അബ്ദുല്ല, ഗുലാം നബി ആസാദ്
ഒമര്‍ അബ്ദുല്ല, ഗുലാം നബി ആസാദ്

ഇതോടൊപ്പം, മണ്ഡല പുനർനിർണയത്തിലും കേന്ദ്ര സർക്കാർ, ബി.ജെ.പിക്ക് അനുകൂലമായ ചില സൂത്രങ്ങൾ പ്രയോഗിച്ചു. മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളുടെ പ്രാധാന്യം കുറയ്ക്കുകയും പ്രാദേശിക പാർട്ടികളുടെ സ്വാധീനം ഇല്ലാതാക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു നടപടി. നിയമസഭാ സീറ്റുകളുടെ എണ്ണം 90 ആക്കി ഉയർത്തിയപ്പോൾ ജമ്മു മേഖലയിൽ ഏഴ് സീറ്റാണ് കൂട്ടിയത്. ജനസംഖ്യയിൽ 56 ശതമാനം വരുന്ന കശ്മീർമേഖലയിൽ ഒരു സീറ്റ് മാത്രമാണ് കൂട്ടിയത്. നാമനിർദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം അഞ്ചായി കൂട്ടുകയും ചെയ്തു.

കേന്ദ്ര സർക്കാറിന്റെ ഈ നടപടികളെല്ലാം, ജമ്മു കാശ്മീരിന് അനുയോജ്യമായ സമയത്ത് സംസ്ഥാന പദവി തിരിച്ചുനൽകുമെന്ന ബി.ജെ.പി വാഗ്ദാനം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ്. ഒരു ബി.ജെ.പി ഇതര സർക്കാർ ഭരണത്തിൽ വരികയാണെങ്കിൽ ലെഫ്. ഗവർണറുടെ ഭരണനിയന്ത്രണത്തിലുള്ള ഒരു ‘ഡൽഹി മോഡൽ’ ഭരണക്രമത്തിനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

റിസൽട്ടുണ്ടാക്കുമോ കോൺഗ്രസ്- നാഷനൽ കോൺഫറൻസ് സഖ്യം?

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും തന്ത്രപരമായ രാഷ്ട്രീയ നീക്കം, കോൺഗ്രസ്- നാഷനൽ കോൺഫറൻസ് (National Conference -NC) സഖ്യമാണ്. ശക്തരായ പൊതുശത്രുവിനെ നേരിടാനുള്ള കാലത്തിന്റെ ആവശ്യം എന്നാണ് സഖ്യത്തെക്കുറിച്ച് നാഷനൽ കോൺഫറൻസ് നേതാവ് ഡോ. ഫറൂഖ് അബ്ദുള്ള പറഞ്ഞത്.

ആകെ 90 സീറ്റിൽ എൻ.സി 51 സീറ്റിലും കോൺഗ്രസ് 32 സീറ്റിലുമാണ് മത്സരിക്കുക. ഓരോ സീറ്റിൽ സി.പി.എമ്മും ജമ്മു കാശ്മീർ നാഷനൽ പാന്തേഴ്‌സ് പാർട്ടിയും മത്സരിക്കും. കുൽഗാമിലാണ് സി.പി.എം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമി സഖ്യ സ്ഥാനാർഥിയായി മത്സരിക്കുന്നത്.
അഞ്ച് സീറ്റിൽ സഖ്യമില്ല. കാശ്മീർ താഴ്‌വരയിലെ സോപോർ, ബാനിഹാൽ, ഭാണ്ഡർവാ, ജമ്മുവിലെ ദോഹ, നഗ്‌രോട്ട എന്നീ മണ്ഡലങ്ങളിലാണ് 'സൗഹൃദമത്സരം'. ഈ അഞ്ചു മണ്ഡലങ്ങളിലും തങ്ങൾക്കാണ് സ്വാധീനമെന്ന ഇരു പാർട്ടികളുടെയും പ്രാദേശിക നേതൃത്വങ്ങളുടെ പിടിവാശിയെതുടർന്നാണ് സഖ്യം അസാധ്യമായത്.

സി.പി.എം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമി
സി.പി.എം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമി

ദേശീയതലത്തിൽ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ മെഹ്ബൂബ മുഫ്തിയുടെ പി ഡി പി, നാഷണൽ കോൺഫറൻസുമായുള്ള ഭിന്നതയെതുടർന്ന് സഖ്യത്തിൽ അംഗമാകാൻ വിസമ്മതിച്ചു. പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, 46 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി ഇതര പാർട്ടികൾക്കായിരുന്നു ലീഡ്. ഇതാണ്, പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി കോൺഗ്രസിന്റെ പിന്തുണയോടെ സർക്കാറുണ്ടാക്കാം എന്നതാണ് എൻ.സിയുടെ പ്രതീക്ഷ. ജമ്മുവിൽ ബി.ജെ.പിയോളം ശക്തരല്ല കോൺഗ്രസ് എങ്കിലും കാശ്മീർ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവക്കാനാകുമെന്നാണ് എൻ.സിയുടെ പ്രതീക്ഷ. ജമ്മുവിൽ 10-15 സീറ്റിൽ കോൺഗ്രസിന് ജയിക്കാനായാൽ കേവല ഭൂരിപക്ഷത്തിനുവേണ്ട 46 സീറ്റോടെ ബി.ജെ.പിയെ പുറത്താക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്- എൻ.സി സഖ്യം.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യം, ബി.ജെ.പിക്ക് ആധിപത്യമുള്ള ജമ്മു മേഖലയിൽ കോൺഗ്രസിന് ഉണർവേകിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമ്മുവിലെ രണ്ടിടത്തും ബി.ജെ.പിയാണ് ജയിച്ചത്. എന്നാൽ, ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ബി.ജെ.പിയും കേന്ദ്ര സർക്കാറും നൽകിയ വാഗ്ദാനങ്ങൾ പാഴായതിന്റെ നിരാശ ജനങ്ങളിലുണ്ടെന്നും ഇത് വോട്ടായി മാറുമെന്നുമാണ് കോൺഗ്രസ് കരുതുന്നത്. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം, സാമ്പത്തിക നിക്ഷേപങ്ങൾ തുടങ്ങിയ കേന്ദ്ര സർക്കാർ ഉറപ്പുകൾ പാഴായി. യുവാക്കളുടെ നിരാശയാണ് രാഹുൽ പ്രധാന കാമ്പയിൻ വിഷയമാക്കുന്നത്. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് താര പ്രചാരകർ.

സഖ്യങ്ങളുടെ അവസരവാദ ചരിത്രം

സഖ്യങ്ങൾക്കു പുറത്ത് പ്രായോഗിക രാഷ്ട്രീയത്തിന്റെ അവസരവാദ സമീപനങ്ങൾ ഭരിക്കുന്ന ഒന്നാണ് ജമ്മു കാശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയം. നാഷനൽ കോൺഫറൻസിനും പി.ഡി.പിക്കും അത്തരം അവസരവാദ നിലപാടുകളുടെ ‘സമ്പന്ന’ ചരിത്രം തന്നെയുണ്ട്.

2002-ൽ കോൺഗ്രസ്- പി.ഡി.പി സഖ്യമാണ് അധികാരത്തിൽ വന്നത്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദായിരുന്നു മുഖ്യമന്ത്രി. അമർനാഥ് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട പ്രക്ഷോഭമാണ് ഗുലാം നബി സർക്കാറിനെ താഴെയിറക്കിയത്.
2008-ൽ എൻ.സിയും കോൺഗ്രസും തെരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കി. എൻ.സി നേതാവ് 38 കാരനായ ഒമർ അബ്ദുള്ള സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എൻ.ഡി.എ സർക്കാറിൽ പങ്കാളിയായിരുന്നു എൻ.സി. ഒമർ അബ്ദുല്ല കേന്ദ്രമന്ത്രിയുമായിരുന്നു.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യം, ബി.ജെ.പിക്ക് ആധിപത്യമുള്ള ജമ്മു മേഖലയിൽ കോൺഗ്രസിന് ഉണർവേകിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ സാന്നിധ്യം, ബി.ജെ.പിക്ക് ആധിപത്യമുള്ള ജമ്മു മേഖലയിൽ കോൺഗ്രസിന് ഉണർവേകിയിട്ടുണ്ട്.

ഇത്തവണ, തെരഞ്ഞെടുപ്പിനുശേഷം പി.ഡി.പി, അപ്‌നി പാർട്ടി എന്നിവയുമായി സഖ്യമുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കും. സ്വതന്ത്രരെ കൂടി ഒപ്പം നിർത്തി സർക്കാറുണ്ടാക്കാനും ശ്രമമുണ്ടാകുമെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായി ഒമർ അബ്ദുള്ള പറയുന്നു. ഈ നീക്കം മുന്നിൽക്കണ്ട് ശ്രദ്ധാപൂർവമാണ് തങ്ങളുടെ സഖ്യം നീങ്ങുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

എന്നാൽ, മുൻകാല ചരിത്രം വച്ച് മറ്റൊരു സാധ്യത കൂടി ബി.ജെ.പി മുന്നിൽ കാണുന്നുണ്ട്. കോൺഗ്രസ് ദുർബലമാകുന്ന സാഹചര്യമുണ്ടായാൽ നാഷനൽ കോൺഫറൻസുമായി ഒരു സഖ്യം. 'ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കും' എന്ന പ്രഖ്യാപനം നാഷനൽ കോൺഫറൻസ് നടത്തുന്നുണ്ടെങ്കിലും 'സാധ്യതകളുടെ കല' പയറ്റാൻ അറിയുന്ന പാർട്ടിയാണ് എൻ.സി എന്നത് ജമ്മു കാശ്മീരിന്റെ രാഷ്ട്രീയം പറഞ്ഞുതരും.

മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയാണ് ഇത്തവണ അക്ഷരാർഥത്തിൽ ഒറ്റ​പ്പെട്ടുപോയ പാർട്ടി. മെഹ്ബൂബ മുഫ്തി മത്സരരംഗത്തില്ല. ബി.ജെ.പിയുമായുള്ള പി.ഡി.പിയുടെ കഴിഞ്ഞകാല സഖ്യങ്ങൾ നഷ്ടക്കച്ചവടമായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തെതുടർന്ന് 50 ലേറെ നേതാക്കളാണ് പാർട്ടി വിട്ടത്. അതുകൊണ്ടുതന്നെ, പുതുമുഖങ്ങളെയാണ് പാർട്ടി മത്സരിപ്പിക്കുന്നത്.

ഒരു കാലത്ത് കാശ്മീരിലെ ഏറ്റവും സ്വാധീനശേഷിയുള്ള കോൺഗ്രസ് നേതാവായിരുന്ന ഗുലാം നബി ആസാദിന്റെ പാർട്ടി ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചു.

‘സ്വതന്ത്ര വേഷ’ത്തിൽ നിരോധിത ജമാഅത്തെ ഇസ്ലാമി

നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമിയുടെ (Jamaat-e-Islami- JeI) പത്ത് സ്ഥാനാർഥികൾ സ്വതന്ത്ര വേഷത്തിൽ മത്സരരംഗത്തുണ്ട്. സംഘടനയുടെ ഇലക്ടറൽ പൊളിറ്റിക്‌സിലെ നയംമാറ്റം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി പ്രകടമായത്. സംഘടനാപ്രവർത്തകരും അനുഭാവികളും ലോക്സഭാ ​തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തി. കഴിഞ്ഞ ഞായറാഴ്ച, ദക്ഷിണ കുൽഗാം ജില്ലയിലെ ബുഗം ടൗണിൽ വൻ റാലി നടത്തി അവർ നിയമസഭാ തെരഞ്ഞെടുപ്പിനോടുള്ള അനുഭാവം പ്രകടിപ്പിച്ചു. സംഘടന, സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഭരണഘടനയുടെ പരിധികൾക്കുള്ളിൽനിന്ന് പ്രവർത്തിക്കുമെന്ന് റാലിയിൽ, നേതാക്കളിലൊരാളായ ഷമിം അഹമ്മദ് തോകർ പറഞ്ഞു.

മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയാണ് ഇത്തവണ അക്ഷരാർഥത്തിൽ ഒറ്റ​പ്പെട്ടുപോയ പാർട്ടി. മെഹ്ബൂബ മുഫ്തി മത്സരരംഗത്തില്ല. പുതുമുഖങ്ങളാണ് പാര്‍ടിയില്‍ മത്സരിക്കുന്നത്.
മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയാണ് ഇത്തവണ അക്ഷരാർഥത്തിൽ ഒറ്റ​പ്പെട്ടുപോയ പാർട്ടി. മെഹ്ബൂബ മുഫ്തി മത്സരരംഗത്തില്ല. പുതുമുഖങ്ങളാണ് പാര്‍ടിയില്‍ മത്സരിക്കുന്നത്.

മൂന്ന് പതിറ്റാണ്ടായി തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിച്ചുവരികയായിരുന്നു ജമ്മു കാശ്മീരിലെ ജമാഅത്തെ ഇസ്‌ലാമി. 1987-ൽ മുസ്‌ലിം യുണൈറ്റഡ് ഫ്രണ്ട് എന്ന ബാനറിൽ സംഘടന മത്സരിച്ചിരുന്നു.

യു.എ.പി.എ ചുമത്തി 2019-ൽ സംഘടനയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിനാൽ, സംഘടനയ്ക്ക് ഇലക്ഷനിൽ മത്സരിക്കാനാകില്ല. അതുകൊണ്ടാണ് സ്വതന്ത്ര​വേഷം സ്വീകരിച്ചത്. സംഘടനയുടെ ഈ നീക്കത്തിന് ബി.ജെ.പിയുടെ ഒത്താശയുള്ളതായും റിപ്പോർട്ടുണ്ട്. ചില ജമാഅത്ത് നേതാക്കളെ ഈയിടെ ജയിൽ മോചിതരാക്കിയിരുന്നു. ഇവരെ ഉൾപ്പെടുത്തി, മുതിർന്ന നേതാവായ ഗുലാം ക്വാദിർ വാണിയുടെ നേതൃത്വത്തിൽ ഒരു പാനലും ജമാ അത്തെ ഇസ്‍ലാമി രൂപീകരിച്ചിരുന്നു. ഈ പാനൽ ജമ്മു കാശ്മീർ അപ്‌നി പാർട്ടി പ്രസിഡന്റ് അൽതാഫ് ബുഖാരിയുടെ മധ്യസ്ഥതയിൽ കേന്ദ്രവുമായി ചർച്ച നടത്തിയിരുന്നു. സംഘടനയുടെ നിരോധനം പിൻവലിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാഹചര്യമൊരുക്കണമെന്നായിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ ആവശ്യം. ഇതിന് കേന്ദ്രത്തിൽനിന്ന് അനുകൂല സമീപനമുണ്ടായതായും റിപ്പോർട്ടുണ്ട്. അതിന്റെ പ്രതിഫലനമെന്ന നിലയ്ക്കാണ്, സ്വതന്ത്രരായി വേഷം മാറിയുള്ള സംഘടനയുടെ രംഗപ്രവേശം. സർക്കാറുണ്ടാക്കാനുള്ള സ്വതന്ത്രരുടെ പട്ടികയിൽ ആളെക്കൂട്ടാനുള്ള തന്ത്രമായി ബി.ജെ.പി, ജമാഅത്തെ സ്വതന്ത്രരുടെ മത്സരത്തിന് പിന്തുണ നൽകുന്നുവെന്നാണ് റിപ്പോർട്ട്.

ഒന്നാം ഘട്ടം റെഡി

അമിത് ഷായുടെ നേതൃത്വത്തിലാണ് ബി.ജെ.പി കാമ്പയിൻ. പി.ഡി.പിയും നാഷണൽ കോൺഫറൻസും ആം ആദ്മി പാർട്ടിയും സജീവമായി രംഗത്തുണ്ട്. കോൺഗ്രസ് 19 സ്ഥാനാർഥികളുടെ മൂന്നാം പട്ടിക തിങ്കളാഴ്ച പുറത്തിറക്കി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് രമൺ ഭല്ല ജമ്മു സൗത്തിലെ ആർ.എസ് പുരയിൽനിന്നും ചൗധരി ലാൽ സിങ് ബസോഹ്‍ലിയിൽനിന്നും മുൻ എൻ.എസ്.യു പ്രസിഡന്റ് നീരജ് കുന്ദൻ ബിഷ്‌നാഹ് പട്ടികജാതി സംവരണസീറ്റിൽനിന്നും മത്സരിക്കും.

2014-ലാണ് ജമ്മു കാശ്മീർ നിയമസഭയിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രഭരണപ്രദേശമായ ഇവിടെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. സപ്തംബർ 18, 25, ഒക്‌ടോബർ ഒന്ന് തീയയികളിൽ. നാലിനാണ് വോട്ടെണ്ണൽ.

Comments