കാശ്മീരിന്റെ ചുവന്ന മണ്ണിൽ
സി.പി.എമ്മിനെതിരെ ജമാഅത്തെ ഇസ്‍ലാമി

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതുട​ർന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാഴായത് വൻ ജനകീയ രോഷമുണ്ടാക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചേക്കാമെന്ന ഭയം, ബി.ജെ.പിയെ രഹസ്യബാന്ധവങ്ങളിലേക്ക് നയിക്കുന്നതായി പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. സ്വതന്ത്രരുടെ വേഷത്തിൽ മത്സരരംഗത്തുള്ള നിരോധിത ജമാഅത്തെ ഇസ്‌ലാമിയും അവാമി ഇത്തിഹാദ് പാർട്ടിയും ബി.ജെ.പിയുടെ ‘രഹസ്യസഖ്യ’മാണെന്ന ആരോപണമുയരുന്നത് ഈ പാശ്ചാത്തലത്തിലാണ്.

News Desk

മ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ഏക സ്ഥാനാർഥിയെ നേരിടുന്നത് നിരോധിത ജമ്മു കാശ്മീർ ജമാഅത്തെ ഇസ്‌ലാമി (Jamaat-e-Islami Kashmir).

ദക്ഷിണ കാശ്മീരിലെ കുൽഗാമിൽ സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമിക്കെതിരെ (Mohammed Yousuf Tarigami) മത്സരിക്കുന്നത് ജമാത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്വതന്ത്രൻ സയർ അഹമ്മദ് റെഷിയാണ് (Sayar Ahmad Reshi). മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കിറങ്ങിയ ജമാഅത്തെ ഇസ്‌ലാമി, നിരോധനം മൂലം മത്സരിക്കാനാകാത്തതിനാൽ സ്വതന്ത്രവേഷത്തിലാണ് സ്ഥാനാർഥികളെ രംഗത്തിറക്കിയിരിക്കുന്നത്. സർവ സന്നാഹവുമൊരുക്കിയാണ്, ഒരിക്കൽ തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന കുൽഗാമിൽ തരിഗാമിയെ നേരിടുന്നത്. കഴിഞ്ഞ ഞായറാഴ്ച സയർ അഹമ്മദ് റെഷിയുടെ നേതൃത്വത്തിൽ കുൽഗാമിൽ വൻ റാലി സംഘടിപ്പിച്ചാണ് ജമാഅത്തെ ഇസ്‍ലാമി കരുത്ത് പ്രകടിപ്പിച്ചത്.
കാശ്മീരിന്റെ ചുവന്ന മണ്ണിൽ ‘കമ്യൂണിസ്റ്റും ഇസ്‌ലാമിസ്റ്റും നേർക്കുനേർ’ എന്നാണ് ഈ മത്സരത്തെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കുൽഗാമിനെ പ്രതിനിധീകരിക്കുന്ന മുഹമ്മദ് യൂസഫ് തരിഗാമി അഞ്ചാം തവണയാണ് മത്സരത്തിനിറങ്ങുന്നത്.
കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കുൽഗാമിനെ പ്രതിനിധീകരിക്കുന്ന മുഹമ്മദ് യൂസഫ് തരിഗാമി അഞ്ചാം തവണയാണ് മത്സരത്തിനിറങ്ങുന്നത്.

ജമാഅത്തെ ഇസ്‌ലാമിക്ക് ശക്തമായ വേരുള്ള മണ്ഡലമാണ് കുൽഗാം. 1972-ൽ സംഘടന ആദ്യമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങിയ സമയത്ത്, ദക്ഷിണ കാശ്മീരിൽ കുൽഗാം അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ജയിക്കാനായത്. തീവ്രവാദി നേതാവ് അബ്ദുൽ റസാഖ് മിർ അടക്കമുള്ളവരാണ് അന്ന് നിയമസഭയിലെത്തിയത്. ജമ്മു കാശ്മീരിലെ ആദ്യത്തെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1977-ലെ ഇലക്ഷനിലും ജമാഅത്തെ ഇസ്‌ലാമി മത്സരിച്ചു, രണ്ടു സീറ്റിൽ ജയിച്ചു. ബി.ജെ.പിയുടെ മുൻഗാമിയായിരുന്ന ഭാരതീയ ജനസംഘവുമായി ചേർന്നാണ് രണ്ടു തവണയും ജമാഅത്തെ ഇസ്‌ലാമി മത്സരിച്ചത്. 1983-ൽ മത്സരിച്ച 26 സീറ്റിലും തോറ്റു. 1987-ൽ സംഘർഷഭരിതമായ അന്തരീഷത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി വിഭാഗമായ ജമാഅത്തെ തുൽബ മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ട് (MUF) എന്ന കൂട്ടായ്മയുടെ ഭാഗമായി മത്സരിച്ചു. കുൽഗാം അടക്കം നാലിടത്ത് കൂട്ടായ്മക്ക് ജയിക്കാനായി.

കശ്മീരിൽ ഇസ്‍ലാം ഭരണം സ്ഥാപിക്കുക എന്നതായിരുന്നു മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ടിന്റെ അജണ്ട. ഇതേതുടർന്ന് ഫ്രണ്ടിനെതിരെ പൊലീസ് നടപടിയുണ്ടായി. നിരവധി പ്രവർത്തകർ പാക്കിസ്ഥാനിലേക്ക് കടന്നു. ചില പ്രവർത്തകർ സായുധ പരിശീലനത്തിനുശേഷം ഭീകരപ്രവർത്തനത്തിലേക്കു തിരിഞ്ഞു. എം.യു.എഫ് സ്ഥാനാർഥിയായിരുന്ന മുഹമ്മദ് യൂസഫ് ഷായാണ് സയ്യീദ് സലാഹുദ്ദീൻ എന്ന പേരിൽ പിന്നീട് ഹിസ്ബുൽ മുജാഹിദ്ദീൻ (Hizbul Mujahideen) എന്ന സംഘടനയുടെ തലവനായത്. ഇയാളുടെ ഇലക്ഷൻ മാനേജറായിരുന്ന യാസിൻ മാലിക് (Yasin Malik) ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ തലവനായി. പിന്നീടുള്ള വർഷങ്ങൾ കശ്മീർ ഭീകരപ്രവർത്തനങ്ങളാൽ കലുഷിതമായിരുന്നു. 1997-ല്‍ ഗുലാം മുഹമ്മദ് ഭട്ട് അമീറായിരിക്കുമ്പോഴാണ് ജമാഅത്തെ ഇസ്‌ലാമി വിഘടനവാദപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. തടവിലായിരുന്ന അദ്ദേഹം ജയില്‍മോചിതനായശേഷം, സംഘടനയ്ക്ക് ഒരു ഭീകരസംഘടനയുമായും ബന്ധമുണ്ടായിരിക്കില്ല എന്ന് പ്രഖ്യാപിച്ചു.

1996-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് കുൽഗാം സി.പി.എമ്മിന് സ്വന്തമായത്. ജമാഅത്തെ ഇസ്‌ലാമി മത്സരരംഗത്തുനിന്ന് നിഷ്‌ക്രമിക്കുകയും ചെയ്തു. 2002, 2008, 2014 തെരഞ്ഞെടുപ്പുകളിൽ സി.പി.എം തരിഗാമിയിലൂടെ ജയം ആവർത്തിച്ചു. 2002-ൽ കുൽഗാമിനെ കൂടാതെ സെയ്‌നപോറ മണ്ഡലത്തിലും സി.പി.എമ്മിന് ജയിക്കാനായി. കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കുൽഗാമിനെ പ്രതിനിധീകരിക്കുന്ന തരിഗാമി അഞ്ചാം തവണയാണ് മത്സരത്തിനിറങ്ങുന്നത്.

വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന 42 കാരനായ സയർ അഹമ്മദ് റെഷി കുൽഗാമിലെ ഖാരോട്ട് ഗ്രാമത്തിൽനിന്നുള്ളയാളാണ്.
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന 42 കാരനായ സയർ അഹമ്മദ് റെഷി കുൽഗാമിലെ ഖാരോട്ട് ഗ്രാമത്തിൽനിന്നുള്ളയാളാണ്.

നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിലെ സഖ്യകക്ഷിയായാണ് ഇത്തവണ സി.പി.എം മത്സരിക്കുന്നത്. നാഷനൽ കോൺഫറൻസായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ തരിഗാമിയുടെ പ്രധാന എതിരാളി.

പീപ്പിൾസ് കോൺഫറൻസിന്റെ നാസിൽ ലാവേയും ഇത്തവണ തരിഗാമിക്ക് വെല്ലുവിളിയുയർത്തുന്നുണ്ട്. 2008 മുതൽ തരിഗാമിക്കെതിരെ മത്സരിക്കുന്ന അദ്ദേഹം 2014-ൽ 334 വോട്ടിനാണ് തോറ്റത്. അന്ന് പി.ഡി.പി സ്ഥാനാർഥിയായിരുന്നു. ലാവേ പിന്നീട് പി.ഡി.പിയുടെ രാജ്യസഭാംഗമായി. 2019ൽ പി.ഡി.പി വിട്ട് സജാദ് ലോൺ നേതൃത്വം നൽകുന്ന പീപ്പിൾസ് കോൺഫറൻസിൽ ചേർന്നു.
മുഹമ്മദ് അമിൻ ദാറാണ് കുൽഗാമിലെ പി.ഡി.പി സ്ഥാനാർഥി. അപ്‌നി പാർട്ടിയുടെ എഞ്ചിനീയർ മുഹമ്മദ് അക്വിബും മത്സരരംഗത്തുണ്ട്.

ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികൾക്കും അവാമി ഇത്തിഹാദ് പാർട്ടി സ്ഥാനാർഥികൾക്കും ബി.ജെ.പി ഒത്താശയുണ്ടെന്ന് ബി.ജെ.പി ഇതര രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു.

കുൽഗാമും സി.പി.എമ്മും

വിഘടനവാദ പ്രസ്ഥാനങ്ങളുടെയും മതരാഷ്ട്രീയവാദത്തിന്റെയും അതിശക്തമായ ചെറുത്തുനിൽപ്പ് നേരിട്ടാണ് കുൽഗാമിനെ തരിഗാമിയുടെ നേതൃത്വത്തിലുള്ള സി.പി.എം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പക്ഷത്ത് പിടിച്ചുനിർത്തിയിരിക്കുന്നത്. ദക്ഷിണ കാശ്മീരിൽ ഏറ്റവും ശക്തമായ രാഷ്ട്രീയപോരാട്ടം നടക്കുന്ന മണ്ഡലമാക്കി കുൽഗാമിനെ മാറ്റിയെടുത്തത് സി.പി.എമ്മിന്റെയും തരിഗാമിയുടെയും ഇടപെടലുകളാണ്. ദക്ഷിണ കാശ്മീരിലെ മറ്റ് മണ്ഡലങ്ങളിൽനിന്ന് വ്യത്യസ്തമായി വൻ പോളിങ് രേഖപ്പെടുത്തുന്ന മണ്ഡലമാണ് കുൽഗാം. 2014-ൽ ഇവിടെ 56.5 ശതമാനമായിരുന്നു പോളിങ്.

1972-ൽ ജമാഅത്തെ ഇസ്‍ലാമി ആദ്യമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങിയ സമയത്ത്, ദക്ഷിണ കാശ്മീരിൽ കുൽഗാം അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ജയിക്കാനായത്. തീവ്രവാദി നേതാവ് അബ്ദുൽ റസാഖ് മിർ അടക്കമുള്ളവരാണ് അന്ന് നിയമസഭയിലെത്തിയത്.
1972-ൽ ജമാഅത്തെ ഇസ്‍ലാമി ആദ്യമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങിയ സമയത്ത്, ദക്ഷിണ കാശ്മീരിൽ കുൽഗാം അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ജയിക്കാനായത്. തീവ്രവാദി നേതാവ് അബ്ദുൽ റസാഖ് മിർ അടക്കമുള്ളവരാണ് അന്ന് നിയമസഭയിലെത്തിയത്.

ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയത്തിലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്ന മതരാഷ്ട്രീയത്തെ തുറന്നെതിർത്താണ് 77 കാരനായ തരിഗാമിയുടെ കാമ്പയിൻ. ഒപ്പം, കാശ്മീർ ജനതയോടുള്ള കേന്ദ്ര സർക്കാറിന്റെ വാഗ്ദാനലംഘനത്തെയും തുറന്നുകാട്ടുന്നു.

കാശ്മീരിൽ സമാധാനം ഉറപ്പുവരുത്താനുള്ള വഴി അടിച്ചമർത്തലോ ജനങ്ങളെ നിശ്ശബ്ദരാക്കലോ അല്ല എന്ന് തരിഗാമി ഉറച്ച ശബ്ദത്തിൽ ഓർമിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ ബലത്തിൽ ജനങ്ങളെ ഒരുമിപ്പിച്ചുവേണം അവകാശങ്ങൾക്കുവേണ്ടി പോരാടാൻ എന്ന തരിഗാമിയുടെ ആഹ്വാനത്തിന് കുൽഗാമിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2019 ആഗസ്റ്റിൽ എന്താണ് നടന്നത്, അതിനോട് ബാലറ്റിലൂടെ പ്രതികരിക്കാനുള്ള സന്ദർഭമാണ് ഈ തെരഞ്ഞെടുപ്പ് എന്ന് തരിഗാമി ഓർമിപ്പിക്കുന്നു. (ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാന പദവി ഇല്ലാതാക്കുകയും ചെയ്ത കേന്ദ്ര സർക്കാർ തീരുമാനമുണ്ടായത് 2019 ആഗസ്റ്റിലാണ്): ''വോട്ട് ചെയ്യുക എന്ന ഭരണഘടനാപരമായ അവകാശത്തിലൂടെയാണ് കാശ്മീരിലെ ജനം പ്രതികരിക്കാൻ പോകുന്നത്. തൊഴിലവസരമുണ്ടാകും, മികച്ച ജീവിതസാഹചര്യമൊരുക്കും എന്നൊക്കെയുള്ള ഉറപ്പുകൾ ലംഘിക്കപ്പെട്ടതിനെതിരായ വിധിയെഴുത്തുകൂടിയായിരിക്കും ഇത്'', അദ്ദേഹം പറയുന്നു.

ജനാധിപത്യത്തിന്റെ ബലത്തിൽ ജനങ്ങളെ ഒരുമിപ്പിച്ചുവേണം അവകാശങ്ങൾക്കുവേണ്ടി പോരാടാൻ എന്ന തരിഗാമിയുടെ ആഹ്വാനത്തിന് കുൽഗാമിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ജനാധിപത്യത്തിന്റെ ബലത്തിൽ ജനങ്ങളെ ഒരുമിപ്പിച്ചുവേണം അവകാശങ്ങൾക്കുവേണ്ടി പോരാടാൻ എന്ന തരിഗാമിയുടെ ആഹ്വാനത്തിന് കുൽഗാമിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കാമ്പയിനിലെ ഈയൊരു മതനിരപേക്ഷ ഊന്നലിനെ അവഗണിക്കാൻ കഴിയാത്തതുകൊണ്ടുതന്നെ, അതിനെ പരമാവധി മുതലെടുത്തുകൊണ്ടാണ് സയർ അഹമ്മദ് റെഷിയുടെ കാമ്പയിൻ: ''കാശ്മീരി പണ്ഡിറ്റുകളില്ലെങ്കിൽ നമ്മുടെ പൂന്തോട്ടം ശൂന്യമായിരിക്കും. അതുകൊണ്ട്, മാതൃഭൂമിയിലേക്ക് തിരിച്ചുവരാൻ അവരോട് ഞാൻ അഭ്യർഥിക്കുന്നു. നമുക്ക് തോളോടുതോൾ ചേർന്നുനിൽക്കാം’’, ഒരു തെരഞ്ഞെടുപ്പുയോഗത്തിൽ റെഷി പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ വിദ്യാഭ്യാസം, ആശുപത്രികൾ, അവശ്യസാധന വില, തൊഴിൽ, വിഭവവിനിയോഗം തുടങ്ങിയ വിഷയങ്ങളാണ് റെഷിയും കാമ്പയിനിലേക്ക് കൊണ്ടുവരുന്നത്.
കമ്യൂണിസത്തിനെതിരായ ആക്രമണവും റെഷി കടുപ്പിക്കുന്നുണ്ട്: ‘‘കമ്യൂണിസം അപ്രത്യക്ഷമായിക്കഴിഞ്ഞു. കമ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയാണെന്ന് ഇത്തവണ കുൽഗാമിലെ ജനങ്ങൾ കാണിച്ചുകൊടുക്കും. മേലിൽ കുൽഗാമിൽ കമ്യൂണിസത്തിന് സ്ഥാനമുണ്ടാകില്ല', സയർ പറയുന്നു.

വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന 42 കാരനായ സയർ അഹമ്മദ് റെഷി കുൽഗാമിലെ ഖാരോട്ട് ഗ്രാമത്തിൽനിന്നുള്ളയാളാണ്. പൊളിറ്റിക്കൽ സയൻസിൽ എം.ഫിൽ നേടിയശേഷം കുൽഗാമിലെയും അനന്ത്‌നാഗിലെയും സർക്കാർ കോളേജുകളിൽ ലക്ചററായി ജോലി ചെയ്തിരുന്നു.

നാസിര്‍ അഹമ്മദ് ലാവേ
നാസിര്‍ അഹമ്മദ് ലാവേ

‘മാറിയ’ രാഷ്ട്രീയവും ബി.ജെ.പിയും

ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കാശ്മീരിനെ 'വീണ്ടെടുത്തു' എന്നവകാശപ്പെടുന്ന ബി.ജെ.പി, കാശ്മീർ മേഖലയിലെ മാറിയ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനുള്ള നീക്കത്തിലാണ്. സംസ്ഥാന പദവി ഇല്ലാതാക്കി രണ്ട് കേന്ദ ഭരണപ്രദേശങ്ങൾ നിലവിൽവന്നതോടെ, വികസന പ്രശ്‌നങ്ങൾ പ്രധാന വിഷയമായി മാറി. ഇതോടൊപ്പം രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റം വന്നു. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുനകൾ പാഴായത് വൻ ജനകീയ രോഷമുണ്ടാക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചേക്കാമെന്ന ഭയം, ബി.ജെ.പിയെ രഹസ്യബാന്ധവങ്ങളിലേക്ക് നയിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികൾക്കും അവാമി ഇത്തിഹാദ് പാർട്ടി (Awami Ittehad Party - AIP) സ്ഥാനാർഥികൾക്കും ബി.ജെ.പി ഒത്താശയുണ്ടെന്ന് ബി.ജെ.പി ഇതര രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ദക്ഷിണ കാശ്മീരിൽ സ്വാധീനമുറപ്പിക്കുന്ന എ.ഐ.പി, ജമ്മു കാശ്മീർ ജനതയുടെ സ്വയം നിർണയാവകാശത്തിനുവേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ്. ജമാഅത്തെ ഇസ്‌ലാമിയാകട്ടെ, കാശ്മീരുമായി ബന്ധപ്പെട്ട യു.എൻ പ്രമേയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന സംഘടനയാണ്. ‘മാറിയ’ രാഷ്​ട്രീയ കാലാവസ്ഥയിൽ ഈ പാർട്ടികളുടെ ഐഡിയോളജി തൽക്കാലം മറക്കാം എന്ന നിലപാടിലാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിനുശേഷം ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാൽ ഈ പാർട്ടികളുടെ പിന്തുണ തുണയാകുമെന്ന് ബി.ജെ.പി കരുതുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കാശ്മീരിനെ 'വീണ്ടെടുത്തു' എന്നവകാശപ്പെടുന്ന ബി.ജെ.പി, കാശ്മീർ മേഖലയിലെ ‘മാറിയ’ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനുള്ള നീക്കത്തിലാണ്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കാശ്മീരിനെ 'വീണ്ടെടുത്തു' എന്നവകാശപ്പെടുന്ന ബി.ജെ.പി, കാശ്മീർ മേഖലയിലെ ‘മാറിയ’ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനുള്ള നീക്കത്തിലാണ്.

നോർത്ത് കാശ്മീരിലെ എം.പിയും അവാമി ഇത്തിഹാദ് പാർട്ടി നേതാവുമായ എഞ്ചിനീയർ റാഷിദിനെ കഴിഞ്ഞ ദിവസം ജാമ്യത്തിൽ വിട്ടയച്ച നടപടി രഹസ്യനീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണമുണ്ട്. ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകി എന്ന കുറ്റം ചുമത്തിയാണ് റാഷിദിനെ തീഹാർ ജയിലിലടച്ചത്. കാശ്മീരിലെ 36 മണ്ഡലങ്ങളിൽ റാഷിദിന്റെ പാർട്ടി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാരാമുല്ലയിൽനിന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെയാണ് റാഷിദ് തോൽപ്പിച്ചത്. ബാരാമുല്ലയിൽ തന്നെ തോൽപ്പിക്കാൻ റാഷിദിനെ മുൻനിർത്തി കേന്ദ്ര സർക്കാറും ബി.ജെ.പിയും ഗൂഢാലോചന നടത്തിയെന്ന് ഒമർ അബ്ദുള്ള ആരോപിച്ചിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് നാമനിർദേശപത്രിക നൽകാൻ അവസരം ലഭിച്ചത് ഈ ഒത്താശ മൂലമാണെന്നും ഒമർ അബ്ദുല്ല ആരോപിച്ചിരുന്നു.

പുൽവാമ ഭീകരാക്രമണത്തെ തുടർന്നാണ് 2019 ഫെബ്രുവരിയിൽ ജമാഅത്തെ ഇസ്‌ലാമിയെ യു.എ.പി.എ ചുമത്തി നിരോധിച്ചത്. ജമ്മു കാശ്മീരിലെ ഭീകരസംഘടനകൾക്ക് കാശ്മീർ ജമാഅത്തെ ഇസ്‌ലാമി ആശയപരമായ പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.

അൽതാഫ് ബുഖാരി
അൽതാഫ് ബുഖാരി

1987 മുതൽ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി. വിഘടനവാദപ്രവർത്തനങ്ങളുടെ പേരിൽ സംഘടനയുടെ നിരവധി നേതാക്കൾ ജയിലിലാണ്. കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ, ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് ഫ്രണ്ട് എന്ന പേരിൽ പാർട്ടിയുണ്ടാക്കി ജമാഅത്തെ ഇസ്‌ലാമി ഒരുക്കം നടത്തിയിരുന്നുവെങ്കിലും നിരോധനം നീക്കാത്തതിനാൽ മത്സരിക്കാനായില്ല.

തലത്ത് മജീദ്, നാസിർ അഹമ്മദ് ഭട്ട്, ഉമർ ഹാമിദ്
തലത്ത് മജീദ്, നാസിർ അഹമ്മദ് ഭട്ട്, ഉമർ ഹാമിദ്

നിരോധനം നീക്കാൻ ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര സർക്കാറിനുമുന്നിൽ പലതരം സമ്മർദങ്ങൾ പയറ്റുന്നുണ്ട്.
ഈയിടെ ജയിൽമോചിതരായ ചില ജമാഅത്ത് നേതാക്കളെ ഉൾപ്പെടുത്തി, മുതിർന്ന നേതാവായ ഗുലാം ക്വാദിർ വാണിയുടെ നേതൃത്വത്തിൽ ഒരു പാനൽ രൂപീകരിച്ചിരുന്നു. ഈ പാനൽ ജമ്മു കാശ്മീർ അപ്‌നി പാർട്ടി പ്രസിഡന്റ് അൽതാഫ് ബുഖാരിയുടെ മധ്യസ്ഥതയിൽ കേന്ദ്രവുമായി ചർച്ച നടത്തിയിരുന്നു. സംഘടനയുടെ നിരോധനം പിൻവലിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാഹചര്യമൊരുക്കണമെന്നായിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ ആവശ്യം. ഇതിന് കേന്ദ്രത്തിൽനിന്ന് അനുകൂല സമീപനമുണ്ടായതായും റിപ്പോർട്ടുണ്ട്. അതിന്റെ പ്രതിഫലനമെന്ന നിലയ്ക്കാണ്, സ്വതന്ത്രരായി വേഷം മാറിയുള്ള സംഘടനയുടെ രംഗപ്രവേശം.
കൃഷിയിടത്തിലെ ഒരു കളയെ എങ്ങനെ പറിച്ചുമാറ്റാം എന്ന് കുൽഗാമിലെ ജനങ്ങൾക്ക് നന്നായി അറിയാം എന്നാണ് തരിഗാമി ഈ രഹസ്യ നീക്കത്തെക്കുറിച്ച് പറഞ്ഞത്.
ദക്ഷിണ കാശ്മീരിൽ മാത്രം, കുൽഗാം കൂടാതെ മൂന്നിടത്തു കൂടി ജമാഅത്തെ ഇസ്‍ലാമി മത്സരിക്കുന്നുണ്ട്: തലത്ത് മജീദ്- പുൽവാമ, നാസിർ അഹമ്മദ് ഭട്ട്- ദേവ്‌സർ, ഉമർ ഹാമിദ്- സെയ്‌നപൊറ.

Read Also | ജമ്മു കാശ്മീർ നയത്തിനിതാ, ജനങ്ങളുടെ ഹിതപരിശോധന

Comments