ഇന്ദിരാഗാന്ധിയെ
ഞാനും ആരാധിച്ചിരുന്നു,
സ്വയം തിരുത്തപ്പെടുന്നതുവരെ…

‘ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ’ എന്ന കാലത്തെ കുറിച്ച് കേൾക്കുമ്പോൾ ഉണ്ടാകുന്ന ആവേശത്തിൻ്റെ കൂടെ എന്നിൽ കയറിക്കൂടിയ പിശാചിന് അടിയന്തരാവസ്ഥയും ആ സുവർണ കാലഘട്ടത്തിൻ്റെ ഭാഗമായിരുന്നു- കുഞ്ഞുണ്ണി സജീവ് എഴുതുന്നു, സ്വന്തം ജീവിതത്തിലുണ്ടായ ഒരു രാഷ്ട്രീയ തിരിച്ചറിവിനെക്കുറിച്ച്.

News Desk

മഗ്രാധിപത്യം അഴിഞ്ഞാടിയ അടിയന്തരാവസ്ഥയുടെ ക്രൂരകാലത്തിനുശേഷവും ഇന്ദിരാഗാന്ധിയെ ആരാധിച്ചിരുന്ന തലമുറകളുണ്ടായിരുന്നു. അടുത്തിടെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷകാലത്തും “ഇപ്പോഴത്തെ പ്രധാനമന്ത്രി അന്നത്തെ ഉരുക്കുവനിത ആയിരുന്നെങ്കിലോ?” എന്ന ചോദ്യമുയർന്നു. രാഷ്ട്രീയ ആരാധനയിൽ നിന്ന് രാഷ്ട്രീയ വിമർശനത്തിലേക്കുള്ള വളർച്ചയ്ക്ക് തുടക്കം കുറിച്ച ഒരു തിരുത്തലിനെക്കുറിച്ച് കുഞ്ഞുണ്ണി സജീവ് ട്രൂകോപ്പി വെബ്സീനിൽ എഴുതുന്നു:

‘‘Today we are celebrating the 40th anniversary of the declaration of emergency” - സ്കൂൾ അസംബ്ലിയിലെ വാർത്താവായനയ്ക്കിടെ എൻ്റെ നാവിൽ കയറി കൂടിയ പിശാച് ആയിരുന്നു ‘അടിയന്തരാവസ്ഥയുടെ ആഘോഷം’ എന്ന പ്രയോഗം.
അസംബ്ലി കഴിഞ്ഞ് തിരികെ ക്ലാസിലേക്ക് പോകുന്ന വഴി എൻ്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ എന്നെ തിരുത്തി; “We don’t celebrate emergency, we observe the declaration of emergency” എന്ന്.

ആഘോഷത്തിൽനിന്ന് നിരീക്ഷണത്തിലേക്കുള്ള ചുവടുമാറ്റത്തിനും, രാഷ്ട്രീയ നേതാവിൻ്റെ സ്വാധീനം തലമുറകൾ കടന്നുവരുമ്പോൾ ഉണ്ടായ മറവികൾക്കും, ഓർമകൾക്കും ഇടയിൽ ജനിച്ച തലമുറ ഇന്ദിരാഗാന്ധിയെ ആരാധിച്ചിരുന്നു, ഞാനും. ‘ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ’ എന്ന കാലത്തെ കുറിച്ച് കേൾക്കുമ്പോൾ ഉണ്ടാകുന്ന ആവേശത്തിൻ്റെ കൂടെ എന്നിൽ കയറിക്കൂടിയ പിശാചിന് അടിയന്തരാവസ്ഥയും ആ സുവർണ കാലഘട്ടത്തിൻ്റെ ഭാഗമായിരുന്നു.

ഭരണഘടനയിൽ ‘സോഷ്യലിസവും’, ‘സെക്യുലറിസവും’ കൂട്ടിച്ചേർക്കപ്പെട്ട കാലം, മൗലിക അവകാശങ്ങൾക്കൊപ്പം മൗലിക കർത്തവ്യങ്ങളും ഭരണഘടനയുടെ ഭാഗമായ കാലം, യുദ്ധങ്ങൾ ജയിക്കുന്ന, ആദ്യമായി ആണവപരീക്ഷണം നടത്തിയ നേതാവിൻ്റെ കാലം. ഇന്ത്യ എന്ന രാഷ്ട്രം ലോകത്തിൻ്റെ തന്നെ നേതാവായി മാറാനാരംഭിച്ച കാലം. ഇന്നിൻ്റെ രാഷ്ട്രീയഭാഷയിൽ പറഞ്ഞാൽ വിശ്വഗുരുവായിരുന്ന കാലം.

 ‘ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ’ എന്ന കാലത്തെ കുറിച്ച് കേൾക്കുമ്പോൾ ഉണ്ടാകുന്ന ആവേശത്തിൻ്റെ കൂടെ എന്നിൽ കയറിക്കൂടിയ പിശാചിന് അടിയന്തരാവസ്ഥയും ആ സുവർണ കാലഘട്ടത്തിൻ്റെ ഭാഗമായിരുന്നു.
‘ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ’ എന്ന കാലത്തെ കുറിച്ച് കേൾക്കുമ്പോൾ ഉണ്ടാകുന്ന ആവേശത്തിൻ്റെ കൂടെ എന്നിൽ കയറിക്കൂടിയ പിശാചിന് അടിയന്തരാവസ്ഥയും ആ സുവർണ കാലഘട്ടത്തിൻ്റെ ഭാഗമായിരുന്നു.

കൗടില്യൻ്റെ അർത്ഥശാസ്ത്രത്തിലെ വിജിഗിഷുവായി, അധികാരത്തിനും ആധിപത്യത്തിനും വേണ്ടി അടങ്ങാത്ത ആഗ്രഹം വെച്ച് പുലർത്തുന്ന രാജാവോ, യോദ്ധാവോ ആയി ഇന്ത്യ രൂപാന്തരപ്പെട്ട കാലം. അങ്ങനെയങ്ങനെ… ദേശീയതയെന്ന കറുപ്പിൽ ഒരു തവണയെങ്കിലും മയങ്ങാത്ത മനുഷ്യരുണ്ടാകുമോ?.

സാം മനേക് ഷായും ഇന്ദിരാഗാന്ധിയും ചേർന്ന് 1971-ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധം ജയിച്ചു കയറിയ കഥകൾ കേട്ട് രോമാഞ്ചം കൊണ്ടിരുന്ന കുട്ടിക്കാലം. ഇന്ദിരാഗാന്ധിയോടുള്ള ആരാധന ആദ്യമായി പകർന്നുതന്നത് മുത്തശ്ശിയായിരുന്നു. “ഇന്ത്യയ്ക്ക് ആകെ ഒരു വനിതാ പ്രധാനമന്ത്രിയേ ഉണ്ടായിട്ടുള്ളൂ, അതാണേൽ ഒരു ഒന്നൊന്നര പ്രധാനമന്ത്രിയും”, റിട്ടയേർഡ് ഹൈസ്ക്കൂൾ അധ്യാപികയായിരുന്നു മുത്തശ്ശി പറഞ്ഞിരുന്നത് ഇന്നും കാതുകളിൽ മുഴങ്ങുന്നു. അടുത്തിടെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ചൂടുപിടിക്കുകയും പിന്നീട് തണുക്കുകയും ചെയ്തപ്പോൾ ആദ്യം മനസിലേക്ക് ഓടിവന്നത്, “ഇപ്പോഴത്തെ പ്രധാനമന്ത്രി അന്നത്തെ ഉരുക്കുവനിത ആയിരുന്നെങ്കിലോ?” എന്ന ചോദ്യമായിരുന്നു.

എല്ലാവരും ഉള്ളിൻ്റെയുള്ളിൽ അറിയാതെ ഒരു ഏകാധിപതിയെ ഇഷ്ടപ്പെടുന്നു, ഇന്ത്യയിൽ ജനിച്ചവർ പ്രത്യേകിച്ച്.

അടിയന്തരാവസ്ഥയുടെ കെടുതികൾ അനുഭവിച്ചവരും അനുഭവിക്കാത്തവരും ചേർന്ന് നിർമിച്ച മറവികളുടെയും ഓർമ്മകളുടെയും ലോകമായിരുന്നു എൻ്റെ കുട്ടിക്കാലം. വായനയിലൂടെ ആ കാലത്തെ കുറിച്ചുള്ള ഓർമകൾ നിർമ്മിക്കുവാൻ ശ്രമിക്കാറുണ്ടെങ്കിലും, നേരിട്ടുള്ള അനുഭവം ഇല്ലാത്തതുകൊണ്ട് മറവിയെന്ന പിശാച് വീണ്ടും മനസ്സിലും നാവിലും കയറിക്കൂടും. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഒരു മോശം കാലമാണെന്ന് കണക്കാക്കുന്നതുകൊണ്ടുതന്നെ ആരും അതിനെ കുറിച്ചുള്ള ഓർമ്മകൾ പിന്നീടുള്ള എൻ്റെ ജീവിതത്തിൽ ആവർത്തിച്ചില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഹിംസാത്മകമായ സംഭവങ്ങൾ, ചൗരി ചൗര മുതൽ ബ്രിട്ടീഷ് വിരുദ്ധമായി അരങ്ങേറിയ അനേകം സായുധ സമരങ്ങൾവരെ, മറയ്ക്കപ്പെട്ട്, അഹിംസയുടെ ചരിത്രം പൊതുധാരണയുടെ ഭാഗമായി മാറിയത് പോലെ, ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന ചരിത്രഘട്ടത്തിൽ നിന്ന് ഇന്ത്യ- പാക് വിഭജനം അഴിച്ചുവിട്ട കലാപങ്ങളുടെ ഹിംസാത്മകമായ ചരിത്രം മറയ്ക്കപ്പെട്ടപോലെ, അടിയന്തരാവസ്ഥയുടെ ഹിംസാത്മക ചരിത്രവും നമ്മുടെ ഓർമകളിൽ നിന്നും മായ്ക്കപ്പെട്ടു. ഒരുപക്ഷെ ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് കളങ്കമായി മാറുന്നതുകൊണ്ടോ, ഇന്ത്യയുടെ അഹിംസാത്മകമായ ചിത്രം ലോകത്തിന് മുൻപിലും (നമ്മുടെ) മുൻപിലും തകരാതിരിക്കുവാൻ വേണ്ടിയോ ആകാം, ചരിത്രത്തിലെ ഹിംസാത്മക ഓർമ്മകളെ നാം മറവിക്ക് ഭക്ഷണമായി നൽകുന്നത്’’.

സാം മനേക് ഷായും ഇന്ദിരാഗാന്ധിയും
സാം മനേക് ഷായും ഇന്ദിരാഗാന്ധിയും

‘‘വളരെ ദൂരെ നിന്ന് ഇന്ത്യയുടെ രാഷ്ട്രീയ വളർച്ച നിരീക്ഷിച്ചാൽ, തലമുറകളുടെ അനുഭവങ്ങൾ തമ്മിൽ കെട്ടിപ്പിണയുന്ന ഓർമകളും മറവികളും ചേർന്ന് തീർക്കുന്ന ലോകമായി നമുക്ക് മനസിലാക്കാം. ഓർമകളുടെ മേൽ ഭരണകൂടത്തിന് നിയന്ത്രണം നേടാൻ കഴിയുമ്പോൾ മറവി മാത്രമാണ് ജനങ്ങളുടെ മനസിലും നാവിലും. സ്വാതന്ത്ര്യസമരം ഓർമയുണ്ടായിരുന്ന ഒരു തലമുറയ്‌ക്ക്‌ ശേഷം സ്വാതന്ത്ര്യ സമരത്തിൻ്റെ ഓർമകൾക്ക് പ്രസക്തിയുണ്ടോ? സ്വാതന്ത്ര്യസമരം ജയിച്ച പാർട്ടി ഏകാധിപത്യത്തിലേക്കും കുടുംബവാഴ്ചയിലേക്കും തിരിഞ്ഞപ്പോൾ ഇന്ത്യൻ ജനത പതിയെ പഴയ സ്വാതന്ത്ര്യ സമരസേനാനി ജയപ്രകാശ് നാരായണനെ ഓർത്തെടുത്തു. പ്രക്ഷോഭങ്ങൾ അടിയന്തരാവസ്ഥയിലേക്ക് നയിച്ചു. ഇന്ദിരയുടെ കോൺഗ്രസിനെതിരെ ചേർന്ന രാഷ്ട്രീയകൂട്ടരെല്ലാം ഇന്ദിരാ വിരുദ്ധത ആശയമായി പ്രചരിപ്പിച്ചു. ആ പ്രചാരണം ചെറിയ രാഷ്ട്രീയലക്ഷ്യങ്ങളിൽ ഒതുങ്ങിയപ്പോൾ ഇന്ത്യൻ ജനതയുടെ അടിത്തട്ടിൽ ഹിന്ദുത്വ രാഷ്ട്രീയവും, ബഹുജൻ രാഷ്ട്രീയവും ശക്തമായി. ഓർമകളും മറവിയും ചേർന്ന് കുഴഞ്ഞു മറിയുന്ന രാഷ്ട്രീയഭൂമികയിൽ ഇന്നും ചേരികൾ തകർത്തെറിയപ്പെടുന്നുണ്ട്. മനുഷ്യരെ തുച്ഛമായ വരുമാനത്തിന് അടിമപ്പണി ചെയ്യിപ്പിക്കുന്നുണ്ട്’’.

ലേഖനത്തിന്റെ പൂർണ രൂപം വായിക്കാം, കേൾക്കാം
(ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 235):

ഓർമകൾക്കും
മറവികൾക്കുമിടയിലെ അടിയന്തരാവസ്ഥ

Comments