കോൺഗ്രസും ബി ജെ പിയും (ബി ജെ പിയുടെ മുൻ രൂപമായ ജനസംഘവും) 1952 മുതൽ 2019 വരെ നടന്ന 17 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ നേടിയ സീറ്റുകളും വോട്ടു ശതമാനവും പരിശോധിച്ചാൽ കോൺഗ്രസിൻ്റെ അടിത്തറ ദുർബലപ്പെട്ടതിൻ്റെയും ബി ജെ പിയുടെ വളർച്ചയുടെയും ചിത്രം വ്യക്തമാകും.
1991 വരെ 40- 49 ശതമാനത്തിനിടയിൽ വോട്ട് നേടിക്കൊണ്ടിരുന്ന കോൺഗ്രസിന് കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പിലും ലഭിച്ചത് 20 ശതമാനത്തിനടുത്ത് വോട്ടു മാത്രം. 400 സീറ്റു വരെ ലഭിച്ചിരുന്ന ദേശീയ പാർട്ടിയായ കോൺഗ്രസിന് നിലവിലെ ലോക്സഭയിലുള്ളത് 50-നടുത്ത് സീറ്റു മാത്രം. കോൺഗ്രസിന് തിരിച്ചുവരാൻ സാഹചര്യമൊരുക്കുന്ന രാഷ്ട്രീയ ചിന്തകളും മുദ്രാവാക്യങ്ങളും ഉയർത്തി ജനങ്ങളിൽ സ്വാധീനം നേടിയെടുക്കാനുള്ള ശേഷി ദേശീയതലത്തിൽ ഇപ്പോഴും ദുർബലമാണ്.
1984- ലെ തിരെഞ്ഞെടുപ്പിലാണ് ബി ജെ പി ആദ്യമായി മത്സരിക്കുന്നത്. അതിനുമുൻപ് ഭാരതീയ ജനസംഘം എന്ന പേരിലായിരുന്നു സംഘപരിവാർ ആശയമുള്ള രാഷ്ട്രീയ പ്രസ്ഥാനം പ്രവർത്തിച്ചിരുന്നത്.
രണ്ടു സീറ്റാണ് 1984- ൽ ബി ജെ പിക്ക് നേടാനായത്. വർഗീയ ധ്രുവീകരണം നടത്തി തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനത്തെ വളർത്തിയെടുക്കാൻ ബി ജെ പി നേതൃത്വം ശക്തമായി പ്രവർത്തിച്ചതിൻ്റെ ഫലമായി ബി ജെ പിയുടെ വോട്ടുവിഹിതം ഗണ്യമായി വർധിക്കാൻ തുടങ്ങി എന്നതാണ് 1996, 1998, 1999 വർഷങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന ചിത്രം.
1996-ൽ തെരഞ്ഞെടുപ്പിനുശേഷം ബി ജെ പി മറ്റു കക്ഷികളുടെ സഹായത്തോടെ അധികാരത്തിൽ വന്നെങ്കിലും പ്രധാനമന്ത്രിയായ എ.ബി. വാജ്‌പേയിക്ക് ഭൂരിപക്ഷം തെളിയിക്കാനാവാതെ 13 ദിവസം കഴിഞ്ഞ് രാജിവെക്കേണ്ടിവന്നു.
രാഷ്ട്രീയ അനിശ്ചിതത്തിനൊടുവിൽ 1998-ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലും ആർക്കും കേവല ഭൂരിപക്ഷം നേടാനായില്ല. 1999- ൽ വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. ബി ജെ പിയും സഖ്യകക്ഷികളും കേവല ഭൂരിപക്ഷം നേടി, വാജ്പേയിയുടെ നേതൃത്വത്തിൽ അഞ്ചു വർഷം ബി ജെ പി മുന്നണി അധികാരത്തിൽ തുടർന്നു.
2014 ലും 2019 ലും അധികാരത്തിലിരുന്ന നരേന്ദ്ര മോദിയുടെ ബി ജെ പി സർക്കാർ തന്നെ ഇത്തവണയും അധികാരത്തിൽ വരുമെന്ന പ്രതീതി സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, ബി ജെ പിക്ക് അവരുടെ രാഷ്ട്രീയശക്തി ഏറ്റവും ഉയർന്ന ഘട്ടത്തിലുള്ള തിരഞ്ഞെടുപ്പുകളിൽ പോലും 25 ശതമാനത്തിനടുത്ത് വോട്ടു മാത്രമാണ് ലഭിച്ചത് എന്നോർക്കണം, പരമാവധി ലഭിച്ചത് 31 ശതമാനവും. ഈ വോട്ട് വിഹിതം വരുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും കുറയാനാണ് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ സാധ്യത.
അതുപോലെ, സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കണക്കുകൾ സൂചിപ്പിക്കുന്നത് കോൺഗ്രസിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ശതമാനവും സീറ്റുകളും വലിയ തോതിൽ വർധിക്കാനുള്ള സാഹചര്യമില്ല എന്നുമാണ്.
കർണാടകയിലും തെലങ്കാനയിലും സംസ്ഥാന ഭരണകക്ഷിയെന്ന നിലയിൽ കോൺഗ്രസിന് സീറ്റുകൾ നേടാനാകുന്ന അനുകൂല സാഹചര്യമുണ്ടായാൽ രാജ്യത്താകെ പരമാവധി 60- 70 സീറ്റാണ് കോൺഗ്രസിന് ലഭിക്കാൻ സാധ്യത. അതുകൊണ്ട് ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആർ ജെ ഡിക്കും സമാജ്‌വാദി പാർട്ടിക്കും പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ ആം ആദ്മി പാർട്ടിക്കും തമിഴ്നാട്, കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ഡി എം കെയ്ക്കും ഇടതുപക്ഷത്തിനും എത്ര സീറ്റ് നേടാൻ സാധിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും അടുത്ത കേന്ദ്രഭരണം ആരുടെ നേതൃത്വത്തിലായിരിക്കുമെന്നത് നിശ്ചയിക്കുക.
അതോടൊപ്പം, ബംഗാളിൽനിന്ന് ജയിച്ചുവരുന്ന തൃണമൂൽ അംഗങ്ങളും ഒറീസയിലെ ബി ജെ ഡി അംഗങ്ങളും ഏതു പക്ഷത്തോട് അനുകൂല നിലപാട് സ്വീകരിക്കുമെന്നതും നിർണായകമായിരിക്കും.