2005-ലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (NREGA) ഇന്ത്യയിലെ ഗ്രാമീണ ദാരിദ്ര്യനിർമ്മാർജ്ജന ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഏടാണ്. 1990-കളിലെ സാമ്പത്തിക പരിഷ്കരണങ്ങൾക്ക് ശേഷം ഗ്രാമങ്ങളിൽ തൊഴിലവസരങ്ങൾ കുറഞ്ഞ പശ്ചാത്തലത്തിൽ, തൊഴിലിനെ ഒരു പൗരാവകാശമായി മാറ്റണമെന്ന ദീർഘകാലത്തെ ആവശ്യമാണ് യു.പി.എ സർക്കാരിന്റെ കാലത്ത് നിയമമായി മാറിയത്. അന്നത്തെ ഗ്രാമവികസന മന്ത്രി രഘുവംശ് പ്രസാദ് സിംഗ് 2005 ആഗസ്തിൽ പാർലമെന്റിൽ അവതരിപ്പിച്ച ഈ ബിൽ, സെപ്തംബർ 5-ന് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും സെപ്റ്റംബർ 7-ന് ഔദ്യോഗികമായി ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് 2006 ഫെബ്രുവരി മുതൽ നടപ്പിലാക്കിത്തുടങ്ങിയ ഈ നിയമം, 2009 ഒക്ടോബർ 2-നാണ് മഹാത്മാഗാന്ധിയുടെ പേര് ചേർത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി MGNREGA ആയി പുനർനാമകരണം ചെയ്യപ്പെട്ടത്. ഈ നിയമനിർമ്മാണത്തിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ അവകാശാധിഷ്ഠിത തൊഴിൽ പദ്ധതിയായി ഇത് മാറുകയുണ്ടായി. എന്നാൽ രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം 2025 ഡിസംബറിൽ, ഈ നിയമത്തെ പിൻവലിച്ചുകൊണ്ട് 'വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ - ഗ്രാമീൺ' (VB-G RAM G) എന്ന പുതിയ നിയമം മോദി സർക്കാർ കൊണ്ടുവന്നു. 'പൂജ്യ ബാപു ഗ്രാമീൺ റോസ്ഗാർ യോജന' എന്ന പേര് പ്രാഥമികമായി ചർച്ചകളിൽ വന്നെങ്കിലും, അന്തിമമായി വികസിത് ഭാരത് എന്ന വിശാലമായ ലക്ഷ്യത്തിലേക്ക് പദ്ധതിയെ മാറ്റാനാണ് സർക്കാർ തീരുമാനിച്ചത്.
READ : ഭക്ഷണത്തിനും
തൊഴിലിനും വേണ്ടിയുള്ള
അവകാശ സമരങ്ങളെ
റദ്ദാക്കുകയാണ്,
പുതിയ ‘തൊഴിലുറപ്പ്’ നിയമം
ഈ പരിഷ്കാരം കേവലമൊരു പുനർനാമകരണം എന്നതിലുപരി, നിലവിലെ രാജ്യത്തെ ഗ്രാമീണ തൊഴിലിന്റെ നിയമപരമായ അവകാശങ്ങളെ ബാധിക്കുന്ന ഗൗരവതരമായ പല മാറ്റങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ വലിയ സംവാദങ്ങൾക്കും വഴിതുറന്നിട്ടുമുണ്ട്. പുതിയ നിയമപ്രകാരം തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് പ്രസ്തുത നിയമത്തിലെ സാമ്പത്തികവും പ്രായോഗികവുമായ നിബന്ധനകൾക്കുള്ളിൽ ആശങ്കയുണ്ടാക്കുന്ന ഒരു മാറ്റമാണ്. ഡിമാൻഡ് അധിഷ്ഠിതമായിരുന്ന (Demand-driven) പദ്ധതിയിൽ നിന്ന് നോർമേറ്റീവ് അലോക്കേഷൻ (Normative allocation) എന്ന രീതിയിലേക്കുള്ള മാറ്റം ഫണ്ടുകളുടെ ലഭ്യതയിൽ കുറവുണ്ടാക്കുമോ എന്ന ഭീതിയാണ് ഉയർത്തുന്നത്. കൂടാതെ, കാർഷിക സീസണുകളിൽ 60 ദിവസത്തെ നിർബന്ധിത ഇടവേള ഏർപ്പെടുത്തുന്നത് കാർഷിക തൊഴിലുടമകൾക്ക് ലാഭകരമാണെങ്കിലും (വൻകിട ഭൂവുടമകൾക്ക് കുറഞ്ഞ കൂലിയിൽ തൊഴിലാളികളെ ലഭ്യമാക്കാൻ ഇത് ലാഭകരമാണെങ്കിലും), ദരിദ്രരായ തൊഴിലാളികൾക്ക് വർഷം മുഴുവൻ ലഭ്യമാകേണ്ട തൊഴിൽ സുരക്ഷാവലയത്തെ ദുർബലപ്പെടുത്തിയേക്കാം. കൂടാതെ കേന്ദ്ര-സംസ്ഥാന ഫണ്ടിംഗ് അനുപാതത്തിലെ മാറ്റങ്ങൾ രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് വലിയ സംഭാവന നൽകുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കും എന്നതാണ് നിലവിലെ വരാനിരിക്കുന്ന സാഹചര്യം. ചുരുക്കത്തിൽ, ഒരു 'അവകാശ' നിയമത്തിൽ നിന്ന് 'മിഷൻ' എന്ന ലക്ഷ്യത്തിലേക്ക് മാറുമ്പോൾ, താഴേത്തട്ടിലുള്ള ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുന്നതിൽ MGNREGA പുലർത്തിയിരുന്ന ആർജ്ജവം പുതിയ VB-G RAM G നിയമത്തിന് നിലനിർത്താൻ കഴിയുമോ എന്നതാണ് വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ചോദ്യം.
സാമ്പത്തിക ഭാരവും രാഷ്ട്രീയ വിവേചനവും

ഈ പട്ടിക പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന ഒരു പ്രധാന കാര്യം, സാമ്പത്തിക ഇളവ് ലഭിച്ച സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും വടക്കുകിഴക്കൻ-മലയോര മേഖലയിലുള്ള ബി.ജെ.പി ഭരണത്തിന് കീഴിലുള്ളവയാണ് എന്നതാണ്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാലാണ് ഇങ്ങനെ എന്നുള്ള എതിർവാദമാണ് ഈ ചർച്ചയ്ക്കെതിരെ സർക്കാർ നടത്തുന്നതെങ്കിലും, ഇന്ത്യയുടെ ജി.ഡി.പിയിലേക്ക് വലിയ സംഭാവന നൽകുന്ന കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ 60:40 എന്ന കടുത്ത അനുപാതത്തിൽ ഉൾപ്പെടുത്തിയത് സർക്കാരിന്റെ സാമ്പത്തികമായ ഇരട്ടത്താപ്പാണെന്ന വിമർശനം ശക്തമാണ്. പ്രത്യേകിച്ച് കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് വേതനം ദേശീയ ശരാശരിയേക്കാൾ കൂടുതലായതിനാൽ, 40% വിഹിതം സ്വയം കണ്ടെത്തുക എന്നത് ഈ സംസ്ഥാനങ്ങളുടെ ബജറ്റ് വിഹിതത്തെ സാരമായി ബാധിക്കും. ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന വലിയ സംസ്ഥാനങ്ങളും 60:40 പട്ടികയിൽ ഉണ്ടെങ്കിലും, അവിടത്തെ കുറഞ്ഞ വേതന നിരക്ക് അവർക്കുള്ള സാമ്പത്തിക ഭാരം കുറയ്ക്കുന്നു. ചുരുക്കത്തിൽ, രാഷ്ട്രീയ സ്വാധീനമുള്ള വടക്കൻ സംസ്ഥാനങ്ങൾക്ക് ഇളവുകൾ ലഭിക്കുമ്പോൾ, മികച്ച രീതിയിൽ പദ്ധതി നടപ്പിലാക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നത് ഫെഡറൽ തർക്കങ്ങളുടെ തുടർച്ചതന്നെയാണ് എന്നതിൽ തർക്കമില്ല.
പുതിയ നിയമത്തിൽ മറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളും വെല്ലുവിളികളും
1) അവകാശത്തിൽ നിന്ന് ഔദാര്യത്തിലേക്ക് (Rights to Supply Driven):
MGNREGA പ്രകാരം ജോലി ചോദിക്കുക എന്നത് തൊഴിലാളിയുടെ നിയമപരമായ അവകാശമായിരുന്നു (Demand-driven). എന്നാൽ പുതിയ നിയമത്തിലെ 'നോർമേറ്റീവ് അലോക്കേഷൻ' (Normative Allocation) രീതി പ്രകാരം, കേന്ദ്രം ഓരോ സംസ്ഥാനത്തിനും മുൻകൂട്ടി നിശ്ചയിച്ച ഒരു തുക മാത്രമേ നൽകൂ. ഈ തുക തീർന്നുപോയാൽ, തൊഴിലാളികൾ ജോലി ആവശ്യപ്പെട്ടാലും അത് നൽകാൻ സർക്കാർ ബാധ്യസ്ഥരല്ല. ഇത് നിയമപരമായ 'തൊഴിൽ അവകാശത്തെ' ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് വിമർശകർ അവകാശപ്പെടുന്നു.
2) തിരിച്ച് ജന്മിത്വത്തത്തിലേക്ക് (Back to Feudal Control):
കൃഷിസമയത്ത് 60 ദിവസത്തെ നിർബന്ധിത ഇടവേള (Seasonal Pause) ഏർപ്പെടുത്തുന്നത് കർഷകർക്ക് തൊഴിലാളികളെ ലഭിക്കാൻ സഹായിക്കുമെന്നാണ് സർക്കാർ വാദം. എന്നാൽ, ഇത് തൊഴിലാളികളുടെ വിലപേശൽ ശേഷി (Bargaining Power) ഇല്ലാതാക്കാനാണെന്ന് ആക്ഷേപമുണ്ട്. കുറഞ്ഞ കൂലിക്ക് സ്വകാര്യ ഭൂവുടമകളുടെ കൃഷിയിടങ്ങളിൽ പണിയെടുക്കാൻ തൊഴിലാളികളെ നിർബന്ധിതരാക്കുന്ന ഒരു സാഹചര്യത്തിലേക്കാണ് ഇത് കൊണ്ടെത്തിക്കുക.
3) ഡിജിറ്റൽ എക്സ്ക്ലൂഷൻ:
എ.ഐ (Artificial Intelligence), ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ നിർബന്ധമാക്കുന്നത് വഴി ഇന്റർനെറ്റ് ലഭ്യമല്ലാത്ത ഇടങ്ങളിലെ പാവപ്പെട്ട തൊഴിലാളികൾ സ്വാഭാവികമായും പദ്ധതിക്ക് പുറത്താകും. ഇത് തൊഴിലാളികളുടെ എണ്ണം ബോധപൂർവ്വം കുറയ്ക്കാനുള്ള മാർഗ്ഗമാണെന്ന് ആരോപിക്കപ്പെടുന്നു.
4) പ്രാദേശിക ആസൂത്രണത്തിന്റെ നഷ്ടം:
പഴയ നിയമത്തിൽ ഗ്രാമസഭകൾക്കായിരുന്നു പദ്ധതികൾ നിശ്ചയിക്കാൻ അധികാരം. എന്നാൽ പുതിയ നിയമത്തിൽ പി.എം ഗതിശക്തി (PM Gati Shakti) പ്ലാറ്റ്‌ഫോമിന് കീഴിൽ കേന്ദ്രീകൃതമായ ആസൂത്രണം വരുന്നതോടെ, പ്രാദേശിക ആവശ്യങ്ങൾ അവഗണിക്കപ്പെടുമോ എന്ന ആശങ്കയും ശക്തമാണ്.
5) പേരുമാറ്റത്തിന് പിന്നിലെ രാഷ്ട്രീയം:
പദ്ധതിയുടെ പേരിൽ നിന്ന് 'മഹാത്മാ ഗാന്ധി'യെ ഒഴിവാക്കി പകരം 'വികസിത് ഭാരത്' എന്നാക്കിയത് രാഷ്ട്രീയമായ ഒരു ബ്രാൻഡിംഗിന്റെ ഭാഗമായാണ് കാണപ്പെടുന്നത്. ഇത് നിയമത്തിന്റെ ഗാന്ധിയൻ മൂല്യങ്ങളെയും ഗ്രാമസ്വരാജ് എന്ന കാഴ്ചപ്പാടിനെയും ദുർബലപ്പെടുത്തുന്നതായും പ്രതിപക്ഷം ആരോപിക്കുന്നു.
ദേശീയ ബിംബങ്ങളുടെ പുനർനിർവ്വചനം
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ പ്രധാനപ്പെട്ട നിരവധി സ്ഥാപനങ്ങളും പദ്ധതികളും സ്ഥലങ്ങളും പുനർനാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന നെഹ്റു-ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട പേരുകൾക്ക് പകരമായി പുതിയ ബിംബങ്ങളെ പ്രതിഷ്ഠിക്കുന്നവയായിരുന്നു.

ഈ മാറ്റങ്ങളെ സർക്കാർ പ്രധാനമായും രണ്ട് രീതിയിലാണ് ന്യായീകരിക്കുന്നത്. ഒന്ന്, കൊളോണിയൽ ചിന്താഗതിയുടെ (Colonial Mindset) ശേഷിപ്പുകൾ ഒഴിവാക്കി 'ഭാരതീയത' വീണ്ടെടുക്കുക എന്നത്. രണ്ട്, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വിസ്മരിക്കപ്പെട്ട നായകരെയും (ഉദാഹരണത്തിന് നേതാജി സുഭാഷ് ചന്ദ്രബോസ്, സർദാർ പട്ടേൽ) ദേശീയ ബോധത്തിന്റെ ഭാഗമായി പുനഃപ്രതിഷ്ഠിക്കുക. ഇതിലൂടെ വർത്തമാനകാലത്തെ എല്ലാ നേട്ടങ്ങളെയും 'വികസിത് ഭാരത്' എന്ന പുതിയ ദേശീയ ബ്രാൻഡിംഗിലേക്ക് കേന്ദ്രീകരിക്കാനും സർക്കാർ ശ്രമിക്കുന്നു. എന്നാൽ, ഇതിലൂടെ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രീയ പാരമ്പര്യത്തെയും ചരിത്രത്തിലെ ഗാന്ധിയൻ സ്വാധീനത്തെയും ബോധപൂർവ്വം മായ്ച്ചു കളയുകയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഭരണകൂടങ്ങൾ തങ്ങളുടെ പ്രത്യയശാസ്ത്രപരമായ മേൽക്കോയ്മ ഉറപ്പിക്കാൻ ചരിത്രപരമായ പ്രതീകങ്ങളെയും പേരുകളെയും ഉടച്ചുവാർക്കുന്നത് ലോകചരിത്രത്തിൽ ആദ്യത്തെ പുതിയ സംഭവമല്ല. 1930-കളിൽ ജർമ്മനിയിൽ അധികാരത്തിലെത്തിയ നാസി ഭരണകൂടം ഇതിന്റെ ഏറ്റവും തീവ്രമായ രൂപം പ്രകടിപ്പിച്ചിരുന്നു. അഡോൾഫ് ഹിറ്റ്‌ലർ അധികാരമേറ്റ ഉടൻ ചെയ്ത പ്രധാന കാര്യങ്ങളിലൊന്ന് ജർമ്മനിയുടെ ചരിത്രത്തെയും നഗരങ്ങളെയും 'നാസിവൽക്കരിക്കുക' (Nazification) എന്നതായിരുന്നു. രാജ്യത്തുടനീളമുള്ള പ്രമുഖ തെരുവുകളെയും ചത്വരങ്ങളെയും 'അഡോൾഫ് ഹിറ്റ്‌ലർ പ്ലാറ്റ്‌സ്' എന്ന് പുനർനാമകരണം ചെയ്തുകൊണ്ടും, ബർലിൻ നഗരത്തിന്റെ പേര് മാറ്റി 'ജർമാനിയ' എന്നാക്കാൻ പദ്ധതിയിട്ടുകൊണ്ടും ഹിറ്റ്‌ലർ ലക്ഷ്യമിട്ടത് പഴയ ജർമ്മൻ ഓർമ്മകളെ ജനമനസ്സുകളിൽ നിന്ന് ഇല്ലാതാക്കുക എന്നതായിരുന്നു. ഹിറ്റ്‌ലർ തന്റെ വ്യക്തിപരമായ പേരിനെ രാജ്യത്തിന്റെ ദേശീയ പ്രതീകമാക്കി മാറ്റി. സത്യപ്രതിജ്ഞാ വാചകങ്ങളിൽ പോലും രാജ്യത്തോടുള്ള കൂറിന് പകരം ഹിറ്റ്‌ലർ എന്ന വ്യക്തിയോടുള്ള കൂറ് അദ്ദേഹം നിർബന്ധമാക്കി. ഒരു ജനതയുടെ കൂട്ടായ ഓർമ്മകളിൽ നിന്ന് പഴയ ബിംബങ്ങളെയും നായകരെയും നീക്കം ചെയ്യുമ്പോൾ, ആ സ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ ബോധം എളുപ്പത്തിൽ കുടിയിരുത്താം എന്ന തന്ത്രമാണ് ഇത്തരം 'പേരുമാറ്റ' രാഷ്ട്രീയത്തിന് പിന്നിലുള്ളത്.
ചരിത്രത്തെയും പേരുകളെയും മാറ്റിയെഴുതുന്നത് അധികാരം ഉറപ്പിക്കാനുള്ള എളുപ്പവഴിയായി ഭരണകൂടങ്ങൾ എക്കാലത്തും കണ്ടിട്ടുണ്ട്. എന്നാൽ, മഹാത്മാ ഗാന്ധിയുടെ പേര് ഒരു തൊഴിൽ നിയമത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുമ്പോൾ അവിടെ കേവലം ഒരു വ്യക്തിയല്ല, മറിച്ച് ആ നിയമത്തിന്റെ അന്തഃസത്ത തന്നെയായ 'അവകാശ ബോധമാണ്' ചോദ്യം ചെയ്യപ്പെടുന്നത്. 100-ൽ നിന്ന് 125 ദിവസത്തേക്ക് തൊഴിൽ വർദ്ധിപ്പിക്കുന്നു എന്ന വാഗ്ദാനം ആകർഷകമാണെങ്കിലും, അതിന് പിന്നിലെ സാമ്പത്തിക വിവേചനവും 'നോർമേറ്റീവ് അലോക്കേഷൻ' എന്ന കേന്ദ്രീകൃത നിയന്ത്രണവും ഗ്രാമീണ ജനതയുടെ ഏക തൊഴിൽ സുരക്ഷാ കവചത്തെ ദുർബലപ്പെടുത്തിയേക്കാം.

വികസിത് ഭാരത് എന്ന സ്വപ്നം ഗ്രാമങ്ങളിലെ ദരിദ്ര തൊഴിലാളികളെക്കൂടി ഉൾക്കൊള്ളുന്നതാകണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതും, കാർഷിക സീസണുകളിൽ തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നതും ഫെഡറലിസത്തിനും സാമൂഹ്യനീതിക്കും വിരുദ്ധമാണ്. പേരുമാറ്റങ്ങളുടെ ഈ പുകമറകൾക്കിടയിൽ ഇന്ത്യയിലെ പാവപ്പെട്ടവന്റെ തൊഴിലവകാശം ഒരു ഔദാര്യമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് വർത്തമാനകാല ജനാധിപത്യത്തിന്റെ അനിവാര്യതയാണ്.
References:
1. On the New Legislation (VB-G RAM G): Ministry of Rural Development. (2025). Viksit Bharat-Guarantee for Rozgar and Ajeevika Mission (Gramin) Act, 2025. Government of India. https://rural.nic.in/en/documents/acts-and-rules
2. On the Historical Legislation (MGNREGA): Ministry of Law and Justice. (2005). The National Rural Employment Guarantee Act, 2005. Gazette of India. https://nrega.nic.in/MGNREGA_new/Nrega_home.aspx
4. On Fiscal Federalism and Funding Ratios: Centre for Policy Research (CPR). (2025). Analysis of State-Wise Funding Ratios and the Future of Social Security. https://cprindia.org/research/

