ഭക്ഷണത്തിനും
തൊഴിലിനും വേണ്ടിയുള്ള
അവകാശ സമരങ്ങളെ
റദ്ദാക്കുകയാണ്,
പുതിയ ‘തൊഴിലുറപ്പ്’ നിയമം

രാഷ്ട്രപതി ഒപ്പിട്ടതോടെ VB- G RAM - G- എന്ന പുതിയ നിയമം നിലവിൽ വരികയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ചരിത്രമായി മാറുകയും ചെയ്തു. സ്ഥിരം ജോലി, മിനിമം വേതനം, സാമൂഹ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവയ്ക്കായി നടന്ന സമരപരമ്പരകൾക്കൊടുവിൽ നിലവിൽ വന്ന ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെട്ടതിലൂടെ സമീപകാലത്ത് രാജ്യം കണ്ട വലിയൊരു പ്രക്ഷോഭ ചരിത്രത്തെ കൂടിയാണ് കേന്ദ്ര സർക്കാർ റദ്ദാക്കാൻ ശ്രമിക്കുന്നതെന്ന് മനോജ് വി. കൊടുങ്ങല്ലൂർ.

ന്ത്യയിലെ ഗ്രാമീണ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും നേരിടാൻ ഡോ. മൻമോഹൻ സിങ്ങിനെ നേതൃത്വത്തിലുള്ള UPA ഭരണകാലത്ത് (2004–2014) രാജ്യവ്യാപകമായി നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (NREGA) ആധുനിക ഇന്ത്യയിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ സുരക്ഷാ പദ്ധതിയായി വിലയിരുത്തപ്പെടുന്നു.

ഇപ്പോൾ നരേന്ദ്രമോദി സർക്കാർ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കു പകരം (MNREGA) വികസിത് ഭാരത്- ഗ്യാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ ​ഗ്രാമീൺ- VB- G RAM - G- എന്ന പുതിയ പദ്ധതി കൊണ്ടുവരികയും അത് രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമാകുകയും ചെയ്തിരിക്കുന്നു. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബിൽ പാസാക്കിയെടുത്തത്. ബിൽ സെലക്റ്റ് കമ്മിറ്റിയ്ക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം പോലും സർക്കാർ അംഗീകരിച്ചില്ല.

ഈ ദിവസങ്ങളിൽ തന്നെ, ഇൻഷുറൻസ്, ആണവോർജ്ജം, ഉന്നത വിദ്യാഭ്യാസമേഖല, ലേബർ കോഡ് എന്നിവയിലടക്കം വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന നിയമനിർമ്മാണങ്ങൾ പാർലമെൻ്റിൽ നടക്കുകയാണ്.

ഈ സന്ദർഭത്തിൽ, രാജ്യത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഉത്ഭവം, അതിൻ്റെ രാഷ്ട്രീയം, അതിനായുള്ള നിയമങ്ങൾ, പ്രക്ഷോഭങ്ങൾ എന്നിവ സംബന്ധിച്ചുള്ള പരിശോധന നടത്തുന്നത് പ്രസക്തമായിരിക്കും.

തൊഴിൽ അവകാശമാക്കുന്നതിനായി തൊണ്ണൂറുകളിൽ ഉത്തരേന്ത്യയിൽ നടന്ന പ്രക്ഷോഭത്തിൽനിന്ന്.
തൊഴിൽ അവകാശമാക്കുന്നതിനായി തൊണ്ണൂറുകളിൽ ഉത്തരേന്ത്യയിൽ നടന്ന പ്രക്ഷോഭത്തിൽനിന്ന്.

വിശപ്പ്, തൊഴിൽ, നീതി, രാഷ്ട്രീയം

2004-ൽ അധികാരത്തിലെത്തിയ ഒന്നാം UPA സർക്കാരിനെ നയിച്ചിരുന്ന കോൺഗ്രസ്, 1990- കളിൽ കേന്ദ്ര സർക്കാരുകൾ വഴി നടപ്പിലാക്കിത്തുടങ്ങിയ നവലിബറൽ സാമ്പത്തിക നയങ്ങൾ തുടരുന്നതോടൊപ്പം 'Common Minimum Programme (CMP)' വഴി സാമൂഹ്യ സുരക്ഷ ഉറപ്പാക്കാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചിരുന്നു. പൊതു മിനിമം പരിപാടിയിൽ മുന്നോട്ടുവെച്ച കാര്യങ്ങളുടെ നടത്തിപ്പ് വേഗത്തിലാക്കാൻ ഈ സർക്കാരിനെ പിന്തുണച്ചവർക്കുതന്നെ നിരവധി പ്രക്ഷോഭങ്ങൾ ഉയർത്തേണ്ടിവന്നു. തൊഴിൽ, ഭക്ഷണം, ഭൂമി, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ചെറുതും വലുതുമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് ആ നാളുകളിൽ രാജ്യം സാക്ഷ്യം വഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനായുള്ള (NREGA) പ്രക്ഷോഭങ്ങൾ അതിലേറെ പ്രധാനപ്പെട്ട ഒന്നായിരുന്നു.

അന്ന് യു പി എ സർക്കാരിൻ്റെ പ്രവർത്തനം വിലയിരുത്താൻ പിന്തുണയ്ക്കുന്ന പാർട്ടികളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സ്‌റ്റിയറിങ് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. സമിതിയിലെ സി.പി.എം പ്രതിനിധി സീതാറാം യെച്ചൂരിയായിരുന്നു.

2000-കളുടെ തുടക്കത്തിൽ, രാജ്യത്ത് പലയിടത്തും ഗ്രാമീണ തൊഴിലില്ലായ്മ, കുടിയൊഴുക്ക് (Migration), വരൾച്ച, കാർഷിക പ്രതിസന്ധി, ദാരിദ്ര്യം പട്ടിണി എന്നിവയെല്ലാം അതിരൂക്ഷമായിരുന്നു.

പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കുമ്പോൾ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പദ്ധതിയാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. എന്നാൽ സീതാറാം യെച്ചൂരി അടക്കമുള്ള ചിലർ ഇതിനെ ചോദ്യം ചെയ്‌തു. 'ഗരീബി ഹഠാവോ' അടക്കം എണ്ണമറ്റ പദ്ധതികൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടപ്പാക്കിയിട്ടുണ്ടെന്നും സാധാരണ നിലയ്ക്കുള്ള പദ്ധതികൊണ്ട് ഫലമുണ്ടാകില്ലെന്നും അദ്ദേഹം വാദിച്ചു. നിയമപരിരക്ഷയോടെയുള്ള ദാരിദ്ര്യ നിർമാജന പദ്ധതിയിൽ, തൊഴിൽ അവകാശമാക്കണമെന്നും ശക്തിയായി ഇടതുപക്ഷ പ്രതിനിധികൾ വാദിച്ചു. പ്രതിവർഷം 100 ദിവസമെങ്കിലും തൊഴിൽ അവകാശമാക്കുന്ന ബില്ല് രൂപപ്പെട്ടത് അങ്ങനെയാണ്.

ബിൽ പാർലമെൻറിൽ അവതരിപ്പച്ചശേഷം അത് പരിഗണിച്ച സംയുക്ത പാർലമെന്ററി സമിതിയിൽ രാജ്യസഭാംഗമായിരുന്ന ബൃന്ദ കാരാട്ടിന്റെ ഇടപെടൽ നിർണായകമായി. സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ കുറഞ്ഞ കൂലിയായിരുന്നു കരട് ബില്ലിൽ വ്യവസ്ഥ ചെയ്‌തിരുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനം നൽകണമെന്ന ബൃന്ദയുടെ നിർബന്ധ ബുദ്ധിയിൽ, വ്യവസ്ഥയിൽ മാറ്റം വരുത്താൻ സംയുക്ത പാർലമെൻററി കമ്മിറ്റി തയ്യാറായത് ചരിത്രം.

'Right to Work' ആവശ്യപ്പെട്ട് രാജസ്ഥാനിൽനിന്നാരംഭിച്ച Mazdoor Kisan Shakti Sangathan (MKSS) പ്രക്ഷോഭങ്ങൾ പിന്നീട് ഉത്തരേന്ത്യയിലാകമാനം വ്യാപിച്ചു.
'Right to Work' ആവശ്യപ്പെട്ട് രാജസ്ഥാനിൽനിന്നാരംഭിച്ച Mazdoor Kisan Shakti Sangathan (MKSS) പ്രക്ഷോഭങ്ങൾ പിന്നീട് ഉത്തരേന്ത്യയിലാകമാനം വ്യാപിച്ചു.

ഇന്ത്യൻ ഗ്രാമങ്ങളിൽ തീ പടർന്ന നാളുകൾ

2000-കളുടെ തുടക്കത്തിൽ, രാജ്യത്ത് പലയിടത്തും ഗ്രാമീണ തൊഴിലില്ലായ്മ, കുടിയൊഴുക്ക് (Migration), വരൾച്ച, കാർഷിക പ്രതിസന്ധി, ദാരിദ്ര്യം പട്ടിണി എന്നിവയെല്ലാം അതിരൂക്ഷമായിരുന്നു. പലയിടത്തുമുണ്ടായ കർഷക ആത്മഹത്യകൾ പുറംലോകം അറിയാൻ തുടങ്ങി. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീസ, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം പ്രതിസന്ധി രൂക്ഷമായിരുന്നു.

കേരളത്തിൽ വയനാട് ജില്ലയിലടക്കം കടക്കെണിയിൽ കർഷകർ സ്വയം മരിക്കാൻ തീരുമാനിക്കുന്ന സംഭവങ്ങളുണ്ടായി. പല ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും പട്ടിണി മൂലം ആരോഗ്യം ക്ഷയിച്ച് ആളുകൾ മരിക്കുന്ന അവസ്ഥ ഉണ്ടായി. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അകാലമരണം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇവയ്‌ക്കെതിരെ 'Right to Work' (തൊഴിലിനുള്ള അവകാശം) ആവശ്യപ്പെട്ട് ശക്തമായ ജനമുന്നേറ്റം ഉണ്ടായി. രാജസ്ഥാനിൽനിന്നും ആരംഭിച്ച Mazdoor Kisan Shakti Sangathan (MKSS) പ്രക്ഷോഭങ്ങൾ പിന്നീട് ഉത്തരേന്ത്യയിലാകമാനം വ്യാപിച്ചു. NREGA Sangharsh Morcha മറ്റൊരു മുന്നേറ്റമായിരുന്നു. AIDWA, NFIW, CITU, AITUC തുടങ്ങിയ വനിതാ- തൊഴിലാളി സംഘടനകളും, PUCL പോലുള്ള സന്നദ്ധ സംഘടനകളും ഈ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ നിന്നു. സാമൂഹിക പ്രവർത്തകരായ അരുണാ റോയ്, നിഖിൽ ഡേ, മേധപട്കർ, ഡോ. ജീൻ ഡ്രാസ്, ഡോ. ജയന്തി ഘോഷ്, ആനി രാജ തുടങ്ങിയവരെല്ലാം ആ നാളുകളിൽ ഈ പ്രക്ഷോഭത്തിൻ്റെ കുന്തമുനകളായിരുന്നു.

Read More: ആണവമേഖല കൂടുതൽ നിഗൂഢമാകും, ഒഴുകും സ്വകാര്യ മൂലധനം

ഗ്രാമസഭകളിൽ പ്രമേയങ്ങൾ, ജനാധികാര ജാഥകൾ, ഡൽഹിയിലും അതിന് പുറത്തും ധർണകളും ബഹുജന റാലികളും, 'Right to Work – Not Charity' എന്ന മുദ്രാവാക്യം മുന്നിൽ വെച്ചുകൊണ്ടുള്ള പാർലമെൻ്റ് മാർച്ചുകളെന്നിവയെല്ലാം നടന്നു. തൊഴിൽ ഒരു അവകാശമാണെന്ന മുദ്രാവാക്യം മുന്നിൽ വെച്ചുകൊണ്ട് ചെറുതും വലുതുമായ ജനപ്രവാഹങ്ങൾ രാജ്യത്തെമ്പാടും ഉണ്ടായി.

തൊഴിൽ ഒരു അവകാശമാണെന്ന മുദ്രാവാക്യം മുന്നിൽ വെച്ചുകൊണ്ട് ചെറുതും വലുതുമായ ജനപ്രവാഹങ്ങൾ രാജ്യത്തെമ്പാടും ഉണ്ടായി. 10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 100 ജില്ലകളിലൂടെ കടന്നുപോയ  'ജനാധികാരയാത്ര' അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു.
തൊഴിൽ ഒരു അവകാശമാണെന്ന മുദ്രാവാക്യം മുന്നിൽ വെച്ചുകൊണ്ട് ചെറുതും വലുതുമായ ജനപ്രവാഹങ്ങൾ രാജ്യത്തെമ്പാടും ഉണ്ടായി. 10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 100 ജില്ലകളിലൂടെ കടന്നുപോയ 'ജനാധികാരയാത്ര' അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു.

പ്രക്ഷോഭം, നിയമങ്ങൾ, പദ്ധതികൾ

10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 100 ജില്ലകളിലൂടെ കടന്നുപോയ 'ജനാധികാരയാത്ര' അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. പ്രക്ഷോഭം നയിച്ച ദേശീയ നേതാക്കൾ ഒരു ബസിൽ 10,000 കിലോമീറ്റർ സഞ്ചരിച്ച് നുറുക്കണക്കിന് ഗ്രാമങ്ങളിൽ എത്തിച്ചേർന്നു. മുലായം സിങ് യാദവ്, ലല്ലുപ്രസാദ് യാദവ്, സംസ്ഥാനങ്ങളിലെ ഇടതുപക്ഷ- സോഷ്യലിസ്റ്റ് നേതാക്കൾ അടക്കമുള്ളവർ പ്രക്ഷോഭത്തിന്റെ ഭാഗമായി.

പ്രാദേശിക കലാ- സാംസ്കാരിക പരിപാടികളോടെയായിരുന്നു ഈ ജാഥക്ക് സ്വീകരണമൊരുക്കിയത്. ഓരോ ഗ്രാമത്തിലും ഗ്രാമീണർ, ഡിമാന്റുകൾക്കൊപ്പം സ്വന്തം കയ്യൊപ്പ് ചാർത്തിയ ബാനറുകൾ നൽകി ജാഥയെ സ്വീകരിച്ചു. ലക്ഷക്കണക്കിന് പേർ സ്വന്തം പേരെഴുതി 'രക്തം' ചാർത്തിയ തുണിബാനറുകൾ പാർലമെൻ്റ് സ്ട്രീറ്റിൽ നിരത്തിയിട്ടാണ് ആ യാത്ര ഡൽഹിയിൽ സമാപിച്ചത്.

പ്രധാന രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, അക്കാദമിക്ക് വ്യക്തിത്വങ്ങൾ എന്നിവരെല്ലാം ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന ഒരു സമ്മേളനത്തിനായി എത്തിച്ചേർന്നു. കെ. ആർ. നാരായണൻ, സ്വാമി അഗ്നിവേശ്, വി. പി. സിംഗ്, പ്രകാശ് കാരാട്ട്, എ. രാജ, സീതാറാം യച്ചൂരി, ആനി രാജ, രഘുവംശ പ്രസാദ്, പ്രൊഫ. പ്രഭാത് പട്നായിക്, ഡോ. ജയന്തി ഘോഷ് തുടങ്ങിയവർ അന്നതിൽ പങ്കെടുത്തിരുന്നു.

'ഭക്ഷണത്തിനുള്ള അവകാശം' പ്രക്ഷോഭം രാജ്യത്ത് സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിപുലീകരണം, ദേശീയ ഭക്ഷ്യസുരക്ഷാനിയമം പോലുള്ള അടിസ്ഥാന നിയമ നിർമ്മാണങ്ങളിലേക്ക് വഴിവെച്ചു.

പാലമെൻ്റ് സ്ട്രീറ്റിൽ നിരത്തിയിരുന്ന ബാനറുകൾ ദൽഹി പോലീസ് തൂത്തുവാരി കൊണ്ടുപോയെങ്കിലും 2005-ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (NREGA) പാർലമെൻ്റിൽ അവതരിപ്പിച്ച് പാസാക്കി. അന്നത്തെ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ആർ ജെ ഡി നേതാവ് രഘുവംശ പ്രസാദ് ആണ് ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചത്. ഇന്ത്യയിലാദ്യമായി, തൊഴിൽ പൗരരുടെ അവകാശമായി മാറി. ഇത് ആ വലിയ പ്രക്ഷോഭത്തിൻ്റെ വിജയം തന്നെയായിരുന്നു.

ഒപ്പം, സർക്കാരിൻ്റെ നവലിബറൽ നയങ്ങളെ എതിർത്തുകൊണ്ടുള്ള പ്രക്ഷോഭങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു. കേന്ദ്രസർക്കാർ സ്വകാര്യവൽക്കരണനയം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി തൊഴിലാളി സമരങ്ങൾ ഉണ്ടായി. കരാർ തൊഴിൽ വർദ്ധനവ്, തൊഴിൽ നിയമങ്ങളിൽ വരുത്തിയ ഇളവുകൾ ഇവയ്‌ക്കെതിരെ നിരവധി പണിമുടക്കുകൾ നടന്നു. ബാങ്ക്, ഇൻഷുറൻസ്, കൽക്കരി, തുറമുഖം, സ്റ്റീൽ മേഖലകൾ പലപ്പോഴും സ്തംഭിച്ചു. CITU, AITUC, HMS, INTUC തുടങ്ങിയ യൂണിയനുകൾ ഈ പ്രക്ഷോഭത്തിൻ്റെ നേതൃത്വം വഹിച്ചു.

ഈ സമരങ്ങളിലെല്ലാം സ്ഥിരം ജോലി, മിനിമം വേതനം, സാമൂഹ്യ സുരക്ഷ, ഭക്ഷ്യ സുരക്ഷ തുടങ്ങിയവ പ്രധാന ഡിമാൻഡുകളായിരുന്നു. ഭക്ഷണത്തിനായുള്ള പ്രക്ഷോഭങ്ങൾ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. 'ഭക്ഷണത്തിനുള്ള അവകാശം' (Right to Food Movement) പ്രക്ഷോഭം രാജ്യത്ത് സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ (MDM) വിപുലീകരണം, ദേശീയ ഭക്ഷ്യസുരക്ഷാനിയമം (NFSA2013) പോലുള്ള അടിസ്ഥാന നിയമ നിർമ്മാണങ്ങളിലേക്കൊക്കെ ഈ സമരങ്ങൾ വഴിവെച്ചു.

1990-കളിലും 2000-കളുടെ തുടക്കത്തിലും രാജ്യത്തെ ഭക്ഷ്യ ഗോഡൗണുകളിൽ ലക്ഷക്കണക്കിന് ടൺ ധാന്യം കെട്ടിക്കിടക്കുന്നു, എന്നാൽ, മറുവശത്ത് ദാരിദ്ര്യവും ക്ഷാമവും പലയിടത്തും ജനജീവിതം പ്രതിസന്ധിയായിരുന്നു. ഈ നാളുകളിൽ 'ഭക്ഷണം ഒരു അവകാശമാണ്' എന്ന മുദ്രാവാക്യത്തോടെ വലിയ പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി നടക്കുന്നുണ്ടായിരുന്നു.

രാജസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഒരു സന്നദ്ധ സംഘടന 'People’s Union for Civil Liberties (PUCL)' സുപ്രീം കോടതിയിലടക്കം ഇതിനായി വ്യവഹാരങ്ങളിൽ ഏർപ്പെട്ടു. ഡോ. കവിതാ ശ്രീവാസ്തവ, ഡോ. ജീൻ ഡ്രാസ് എന്നിവരെല്ലാം ഈ പ്രക്ഷോഭങ്ങളുടെ പുറകിൽ ഉണ്ടായിരുന്നു. വിഷയത്തിൽ താല്പര്യമുള്ള നിരവധി സാമൂഹ്യ സംഘടനകളും പ്രക്ഷോഭകാരികളും അവർക്കൊപ്പം അണിചേർന്നു, കോടതിക്ക് പുറത്ത് സംസ്ഥാനതല ധർണകൾ, റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധം, പട്ടിണി മരണങ്ങൾ നടന്നതു സംബന്ധിച്ചുള്ള മാധ്യമ റിപ്പോർട്ട് എന്നിവയെല്ലാം എടുത്തുവെച്ചുകൊണ്ടുള്ള സമരങ്ങൾ, പൊതു താൽപര്യത്തോടെ വിവിധ കോടതികളെ സമീപിക്കൽ (PIL) തുടങ്ങിയവയെല്ലാം പ്രക്ഷോഭത്തിൻ്റെ രൂപങ്ങളായിരുന്നു.

സുപ്രീം കോടതിയിൽ ‘Right to Food’ കേസ് നടന്നു. PUCL vs Union of India (2001) ആയിരുന്നു കക്ഷികൾ. 1989- ലെ കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര കൺവെൻഷനിൽ (Convention on the Rights of the Child- CRC) ഇന്ത്യ പങ്കെടുക്കുകയും പ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. CRC പ്രഖ്യാപനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. കുട്ടികളുടെ അവകാശം ഭക്ഷണത്തിനുള്ളത് കൂടിയാണെന്ന വാദം ശക്തമായി കോടതിയിൽ നടന്നു. ഒന്നാം യു പി എ സർക്കാരിൻ്റെ കാലത്ത് ഈ കേസ് നിർണായക ഘട്ടത്തിലെത്തി.

ഭക്ഷണം എന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന കോടതി വിധി 2001 നവംബർ 28 നുണ്ടായി. സുപ്രീംകോടതി ഇടപെട്ട് മിഡ്-ഡേ മീൽ പദ്ധതി രാജ്യത്തെ എല്ലാ സർക്കാർ സ്കൂളുകളിലും നിർബന്ധമാക്കി. ICDS (അംഗൻവാടി) വിപുലീകരിക്കാൻ തീരുമാനിക്കപ്പെട്ടു. അന്തോദയ അന്ന യോജന ശക്തിപ്പെടുത്തൽ, വയോധികർ, ഗർഭിണികൾ, കുട്ടികൾ എന്നിവരുടെ ഭക്ഷണാവകാശം എന്നിവയെല്ലാം ഈ പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് സംഭവിച്ചത്. ഈ പദ്ധതികൾക്ക് വേണ്ടിയുള്ള കേന്ദ്ര ബജറ്റ് വിഹിതം ഓരോ വർഷത്തിലും ഉയരാൻ തുടങ്ങി. വിവിധ കോടതി ഉത്തരവുകളുടെ ഭാഗമായുണ്ടായ പദ്ധതികളും ആ പദ്ധതികളുടെ മോണിറ്ററിങ് സംവിധാനങ്ങളും ഭക്ഷണാവകാശ പ്രക്ഷോഭത്തിന്റെ വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ (MDM) ഫീൽഡ് മോണിറ്റിറങ്ങിനായി അന്നത്തെ വിധിയിൽ ഗൗരവപ്പെട്ട ചില നിർദ്ദേശങ്ങൾ സുപ്രീകോടതി കേന്ദ്ര സർക്കാരിന് നൽകിയിരുന്നു. അതിലൊന്നായിരുന്നു ഉച്ചഭക്ഷണ പരിപാടികൾക്കായി സുപ്രീംകോടതിയുടെ പങ്കാളിത്തമുള്ള ദേശീയ റിവ്യൂ മിഷനുകൾ. ഓരോ വർഷവും ദേശീയതലത്തിൽ ഈ മിഷനുള്ള കമ്മറ്റികൾ രൂപീകരിക്കണം, തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ റിവ്യൂ മിഷനുകൾ സന്ദർശനം നടത്തി റിപ്പോർട്ട് തയ്യാറാക്കണം, അത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഒപ്പം സുപ്രീംകോടതിക്കും സമർപ്പിക്കണം.

2009 മുതൽ 2024 വരെ 13 സംയുക്ത റിവ്യൂ ദൗത്യങ്ങൾ കൃത്യമായി നടന്നു. 2022- 2023 നു ശേഷം സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ റിവ്യൂ റിപ്പോർട്ട് തയ്യാറാക്കുന്നതിന് നേതൃത്വം നൽകേണ്ട കമ്മറ്റികൾ കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടില്ല. സാമൂഹ്യ സുരക്ഷാ പദ്ധതികളോടുള്ള മോദി സർക്കാരിൻ്റെ സമീപനം വെളിപ്പെടുത്തുന്നതാണ് ഉത്തരം സമീപനങ്ങൾ.

കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിലുറപ്പ് നിയമം തൊഴിൽ അവകാശങ്ങളാകെ അട്ടിമറിക്കുന്നു. മോദിഭരണത്തിന്റെ ഔദാര്യമായി നിയമവ്യവസ്ഥയാകെ മാറുകയാണ്. തൊഴിൽ അവകാശമല്ലാതെയും ഉറപ്പില്ലാതെയുമാക്കുന്നു.

അരി, ഗോതമ്പ്, പയർവർഗങ്ങൾ, പച്ചക്കറി വില കുതിച്ചുയർന്നതിനെ തുടർന്ന് വിലക്കയറ്റത്തിനെതിരായ ഭക്ഷണ പ്രക്ഷോഭങ്ങൾ (2007–2009) രണ്ടാം യു പി എ സർക്കാരിന്റെ കാലത്തും സജീവമായിരുന്നു. CPI(M), CPI, മറ്റു പ്രതിപക്ഷ പാർട്ടികൾ സജീവമായ സംസ്ഥാനങ്ങളിൽ വിപുലമായ സമരങ്ങൾതന്നെ ഉണ്ടായി. 'വിലക്കയറ്റം = വിശപ്പ്' എന്ന മുദ്രാവാക്യം സജീവമായി ചർച്ച ചെയ്യപ്പെട്ടു. പൊതു വിതരണ സംവിധാനങ്ങൾ (PDS) ശക്തിപ്പെടുത്തണമെന്ന ആവശ്യം ഈ പ്രക്ഷോഭങ്ങളുടെ ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു.

കർഷക ആത്മഹത്യകളും, ഭക്ഷണം- തൊഴിൽ പ്രക്ഷോഭങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ആ നാളുകളിൽ രാജ്യത്താകമാനം കൃഷിനാശം, കടബാധ്യത, വരുമാനമില്ലായ്മ, ഭക്ഷണ പ്രതിസന്ധി എന്നിവയ്ക്കെതിരെ വലിയ പ്രക്ഷോഭങ്ങൾ വളർന്നു വന്നുകൊണ്ടിരുന്നു. രാജ്യവ്യാപകമായി കർഷകരുടെയും തൊഴിലാളികളുടെയും ചെറുതും വലുതുമായ കൂട്ടായ്മകൾ ഉണ്ടായി. കർഷക റാലികൾ, കടങ്ങൾ എഴുതി തള്ളാനാവശ്യപ്പെട്ട് നടന്ന പാർലമെൻ്റ് മാർച്ചുകൾ, NREGA കൃഷിയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം, തൊഴിലുറപ്പ് പരിപാടിയുടെ സുതാര്യമായ പദ്ധതി നടത്തിപ്പ് എന്നിവയെല്ലാം ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഉയർന്നുവന്ന മുദ്രാവാക്യങ്ങളായിരുന്നു.

ഒന്നാം യു.പി.എ ഭരണകാലത്ത് തൊഴിലിനും ഭക്ഷണത്തിനും വേണ്ടി നടന്ന പ്രക്ഷോഭങ്ങൾ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നിർണായക സാമൂഹ്യ സമരഘട്ടങ്ങളിൽ ഒന്നാണ്.
ഒന്നാം യു.പി.എ ഭരണകാലത്ത് തൊഴിലിനും ഭക്ഷണത്തിനും വേണ്ടി നടന്ന പ്രക്ഷോഭങ്ങൾ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നിർണായക സാമൂഹ്യ സമരഘട്ടങ്ങളിൽ ഒന്നാണ്.

തൊഴിലും ഭക്ഷണവും 'ദാനമല്ല, അവകാശമാണ്' എന്ന ആശയം പൊതുസമൂഹത്തിൽ ആഴ്ന്നിറങ്ങി, NREGA, Mid-Day Meal, ICDS വിപുലീകരണം എല്ലാം ഇക്കാലയളവിലാണ് സംഭവിച്ചത്. ഇന്ത്യയിലെ Rights-Based Welfare State ആശയത്തിന് അടിത്തറ പകാനും ഈ കാലയളവിലുണ്ടായ നിയമങ്ങളും പദ്ധതികളും സഹായിച്ചിട്ടുണ്ട്. ഒന്നാം യു.പി.എ ഭരണകാലത്ത് തൊഴിലിനും ഭക്ഷണത്തിനും വേണ്ടി നടന്ന പ്രക്ഷോഭങ്ങൾ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നിർണായക സാമൂഹ്യ സമരഘട്ടങ്ങളിൽ ഒന്നാണ്. ഈ കാലഘട്ടത്തിൽ, നിരവധി തെരുവ് സമരങ്ങൾ, കോടതി വ്യവഹാരങ്ങൾ, നിയമനിർമാണം എന്നിവയെല്ലാം ഉണ്ടായി. എല്ലാം ചേർന്ന് ദാരിദ്ര്യത്തെയും വിശപ്പിനെയും നേരിടുന്ന പുതിയ സാമൂഹ്യ രാഷ്ട്രീയ മാതൃക രൂപപ്പെട്ടു.

2008-ൽ രണ്ടാം യു പി എ സർക്കാർ കർഷക കടങ്ങൾ എഴുതി തള്ളാനുള്ള ബൃഹത് പദ്ധതി (അടങ്കൽ ഏതാണ്ട് ₹70,000 കോടി) കൊണ്ടുവന്നത് കർഷക- തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഫലമായിരുന്നു.

യു പി എ സർക്കാരിൻ്റെ കാലത്ത് പൊതുമിനിമം പരിപാടി (CMP) ഉണ്ടാക്കിയെടുക്കുന്നതിലും നടപ്പിൽ വരുത്താൻ വിമുഖത കാണിച്ചവയ്ക്ക് എതിരായി പ്രക്ഷോഭങ്ങൾ ഉയർത്തിയും കോടതി വ്യവഹാരങ്ങൾ വഴിയും പോരാടിയതിലും ഇടതു പക്ഷത്തിൻ്റെ പങ്ക് എടുത്തുപറയേണ്ട ഒന്നാണ്. ആ കാലയളവിൽ ഇടതുപക്ഷത്തിന് മാത്രമായി പാർലമെൻ്റിൽ ഉണ്ടായിരുന്ന 60- ഓളം എംപി മാരുടെ സാന്നിധ്യം, ഇത്തരം ജനപക്ഷ നിയമങ്ങളുടെ രൂപീകരണത്തിന് ആക്കം കൂട്ടി.

തൊഴിലുറപ്പ് നിയമം എന്തുകൊണ്ട് വേറിട്ടതാകുന്നു?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഗ്യാരന്റി ആക്ട് (MGNREGA), ഇന്ത്യയിൽ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും നേരിടാനുള്ള കൃത്യമായ നിയമമാണ്. നിയമം എന്ന നിലയിൽ 2005 ആഗസ്റ്റ് 23 ന് പാർലമെൻ്റ് പാസാക്കിയതും, 2006 ഫെബ്രുവരി 2 മുതൽ നടപ്പിലാക്കിയതുമാണ്. ഗ്രാമീണ കുടുംബങ്ങളിലെ ഓരോ വീട്ടിലും 100 ദിവസം വരെ അനുസൃത തൊഴിൽ നല്‍കുക, കുറഞ്ഞതിലും സാധുവായ വേതനം നൽകുക എന്നതാണ് ഈ നിയമത്തിൻ്റെ കാതൽ. റോഡുകൾ, കനാലുകൾ, കിണറുകൾ, മൺപാത്രങ്ങൾ എന്നിവയുടെ നിർമ്മാണം പോലെ ദൈനംദിന 'ശാരീരിക' തൊഴിൽ നിർമ്മാണം ഈ പദ്ധതിയുടെ ഭാഗമായി വരുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

തൊഴിലുറപ്പുനിയമം മുഖ്യമായും തൊഴിലാളികൾക്ക് 10 അവകാശങ്ങൾ ഉറപ്പ് നൽകിയിരുന്നു. തൊഴിൽ കാർഡിനായി അപേക്ഷിച്ചാൽ രണ്ടാഴ്ചയ്ക്കകം കാർഡ്, തൊഴിൽ ആവശ്യപ്പെട്ടാൽ രണ്ടാഴ്ചയ്ക്കകം തൊഴിൽ, തൊഴിലെടുത്താൽ രണ്ടാഴ്ചയ്ക്കകം കൂലി, കൂലി വൈകിയാൽ പിഴപ്പലിശ, ജോലി നൽകിയില്ലെങ്കിൽ തൊഴിൽരഹിത വേതനം, തൊഴിലിടങ്ങളിൽ അപകടമുണ്ടായാൽ സൗജന്യ ചികിത്സ, തൊഴിലിടങ്ങളിലെ അപകടമരണത്തിന് രണ്ടുലക്ഷം രൂപ കുടുംബത്തിന് സഹായം, തൊഴിൽ കണ്ടെത്തി നൽകാനുള്ള അവകാശം ഉൾപ്പെടെയുള്ളവ ഉറപ്പ് നൽകുന്നതുകൊണ്ടാണ് ഇതിനെ അവകാശാധിഷ്ഠിത നിയമമായി പരിഗണിച്ചിരുന്നത്.

Read More: സുഡാനിൽ എന്താണ് സംഭവിക്കുന്നത്? വിമോചനത്തെ ശ്വാസം മുട്ടിക്കുന്ന സാമ്രാജ്യത്വം

തൊഴിലാളികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് തൊഴിൽ ലഭ്യമാക്കാനുള്ള ചുമതല പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരുന്നു. ഇപ്പൊൾ, ആ ചുമതല പൂർണമായും ഇല്ലാതാകുകയും കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽമാത്രം പദ്ധതികൾ ഏറ്റെടുക്കുകയും നൽകുകയും ചെയ്യുക എന്നതായി പുതിയ നിയമം മാറുന്നു. അനുവദനീയമായ പ്രവൃത്തികൾ മുൻകൂട്ടി നിശ്ചയിച്ച്, പദ്ധതി രൂപീകരിച്ച്, അനുമതി വാങ്ങി പദ്ധതി നിർവഹണം സുതാര്യമാക്കുന്ന നിയമമാകെ അട്ടിമറിക്കപ്പെടുന്നു.

കേന്ദ്രസർക്കാരിന്റെ പുതിയ നിയമം ഈ അവകാശങ്ങളാകെ അട്ടിമറിക്കുന്നു. മോദിഭരണത്തിന്റെ ഔദാര്യമായി നിയമവ്യവസ്ഥയാകെ മാറുകയാണ്. തൊഴിൽ അവകാശമല്ലാതെയും ഉറപ്പില്ലാതെയുമാക്കുന്നു.

അരി, ഗോതമ്പ്, പയർവർഗങ്ങൾ, പച്ചക്കറി വില കുതിച്ചുയർന്നതിനെ തുടർന്ന് വിലക്കയറ്റത്തിനെതിരായ ഭക്ഷണ പ്രക്ഷോഭങ്ങൾ (2007–2009) രണ്ടാം യു പി എ സർക്കാരിന്റെ കാലത്തും സജീവമായിരുന്നു.
അരി, ഗോതമ്പ്, പയർവർഗങ്ങൾ, പച്ചക്കറി വില കുതിച്ചുയർന്നതിനെ തുടർന്ന് വിലക്കയറ്റത്തിനെതിരായ ഭക്ഷണ പ്രക്ഷോഭങ്ങൾ (2007–2009) രണ്ടാം യു പി എ സർക്കാരിന്റെ കാലത്തും സജീവമായിരുന്നു.

ലോകത്തെ തൊഴിലുറപ്പ് പദ്ധതികൾ

MGNREGA- യുടെ മുമ്പും ഇത്തരം പദ്ധതികൾ ഉണ്ടായിട്ടുണ്ട്. National Food for Work Programme (NFWP)- 2004 ൽ ഇന്ത്യയുടെതന്നെ ഒരു തൊഴിൽ പദ്ധതിയായിരുന്നു, പിന്നീടത് MGNREGA- യിൽ ലയിപ്പിച്ചു. MGNREGA ലോകതലത്തിൽ ഏറ്റവും വലിയ (യഥാർത്ഥ തൊഴിൽ 'ഉറപ്പ്' _ നിയമത്തിൻ്റെ അടിസ്ഥാനമാക്കിയുള്ളത്) തൊഴിൽ സംഭാവനാ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു.

ലോകത്തെ സമാന തൊഴിൽ / തൊഴിലുറപ്പ് പദ്ധതികലേതൊക്കെയാണെന്ന് പരിശോധിക്കാം. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും തൊഴിലിനും വരുമാനം ഉറപ്പാക്കുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.

യുണൈറ്റഡ് കിങ്ഡം: New Deal (1998-2010): തൊഴിലില്ലാത്ത യുവാക്കൾക്കുള്ള തൊഴിൽ ആശ്രിത പരിപാടി.

ആസ്ട്രേലിയ: Work for the Dole. സർക്കാർ നടത്തുന്ന Workfare-Programme. ഉപജീവന സഹായം വാങ്ങാനാഗ്രഹിക്കുന്ന തൊഴിൽ രഹിതർക്ക് 'Mutual Obligation' എന്ന നിലയിൽ Community / Nonprofit Projects-ലോ മറ്റു Work-Like Activities-ലോ പങ്കെടുക്കേണ്ടതായ ക്രമീകരണം.

അർജൻറീന: Jefes de Hogar - 2001-ലെ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അർജൻറീന സർക്കാർ ആരംഭിച്ച തൊഴിലുറപ്പ് / Workfare പദ്ധതി. തൊഴിൽമുട്ടപ്പെട്ട കുടുംബ മേധാവികൾക്ക് (പ്രധാനമായും കുട്ടികളുള്ള കുടുംബങ്ങൾക്ക്) വേണ്ടി ലക്ഷ്യമിട്ട പദ്ധതി.

സൗത്ത് ആഫ്രിക്ക: EPWP, സൗത്ത് ആഫ്രിക്കൻ സർക്കാർ 2003-ൽ ആരംഭിച്ച തൊഴിലുറപ്പ് / Workfare പദ്ധതി. ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ആദ്യ 5 വർഷത്തിൽ 100 ലക്ഷം ജോലികൾ സൃഷ്ടിക്കാനായി എന്ന് കണക്കാക്കുന്നു.

ഈ പദ്ധതികളെയൊക്കെ പലപ്പോഴും 'പബ്ലിക് എംപ്ലോയ്മെന്റ് സ്കീംസ്' എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്, പക്ഷേ ഇന്ത്യയിലെ MGNREGA അതിന്റെ വി​ശാലതയും നിയമാത്മക വാഗ്ദാനവും കൊണ്ട് വ്യത്യസ്തമാണ്. MGNREGA- യിലൂടെ തൊഴിൽ ലഭ്യമാകാത്ത പക്ഷം 15 ദിവസത്തിനുള്ളില്‍ തൊഴിലില്ലായ്മ വേതനം (Unemployment Allowance) നൽകണമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇന്ത്യയിലെ പല കോടതികളും (സുപ്രീം കോടതിയടക്കം) ഇത്തരത്തിൽ കുടിശ്ശികയായ വേതനം തൊഴിലാളികൾക്ക് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

കേരളം; നഗരപ്രദേശങ്ങൾക്കായി വേറിട്ടപദ്ധതി

ഇന്ത്യയിലെ ഗ്രാമീണർക്കായി തയ്യാറാക്കിയ ഒരു പരിപാടിയായിരുന്നു മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. എന്നാൽ കേരളം അതിനപ്പുറത്തേക്കും കടന്നു, രാജ്യത്തിനാകെ അഭിമാനമായി മാറിയ ഒന്നായിരുന്നു അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ 2010- ലാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. നഗരപ്രദേശത്തെ ഓരോ കുടുംബത്തിലെയും പ്രായപൂർത്തിയായ അംഗങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസം തൊഴിൽ ഉറപ്പാക്കുന്നതിലൂടെ കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുകയായിരുന്നു പദ്ധതി ലക്ഷ്യം. എല്ലാ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഈ പദ്ധതി നടപ്പാക്കുന്നുണ്ട്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഏറ്റെടുത്ത് നടപ്പാക്കാവുന്ന എല്ലാ പ്രവൃത്തികളും അയ്യൻകാളി പദ്ധതിയുടെ കീഴിലും ഏറ്റെടുക്കാനാകും. നഗരങ്ങളിലെ മാലിന്യസംസ്കരണവും അനുവദനീയമായ പ്രവൃത്തിയാണ്. കൂടാതെ 2019- 20 മുതൽ രണ്ട് കന്നുകാലികളിൽ കൂടുതലുള്ള അവശത അനുഭവിക്കുന്ന വിഭാഗത്തിൽപ്പെടുന്ന ക്ഷീരകർഷകരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.

തൊഴിലുറപ്പ് പദ്ധതിയിൽ 10% മാത്രമുണ്ടായിരുന്ന സംസ്ഥാന പദ്ധതി വിഹിതം പുതിയ നിയമത്തിൽ 40% മാക്കി ഉയർത്തിയിരിക്കുകയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അത് വലിയ പ്രഹരമാണ്.

2016-17 മുതൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനുമായി. ബജറ്റ് വിഹിതം പത്തിരട്ടിയിൽ അധികം വർധിപ്പിച്ചാണ് സംസ്ഥാന സർക്കാർ പദ്ധതിയെ നെഞ്ചേറ്റിയത്. 2015-16ൽ മൂന്നുലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സ്ഥാനത്ത് 2021-2022ൽ 46.33 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനായി. നഗരപ്രദേശങ്ങളിലെ മൂന്നുലക്ഷം കുടുംബങ്ങളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്‌തത്‌. ഇതിൽ ഒരു ലക്ഷത്തോളം സജീവ തൊഴിലാളികളുണ്ട്. രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളുടെ താൽപ്പര്യപ്രകാരം 2023-24ൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ പത്തിരട്ടി തുക വകയിരുത്തി. 2023-24ൽ 150 കോടി നൽകിയപ്പോൾ 2025-26 സാമ്പത്തിക വർഷം 180 കോടിയായി അത് വർധിപ്പിച്ചു.

ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന്
പിൻവാങ്ങുന്ന സർക്കാർ

കുറച്ച് വർഷങ്ങളായി ബജറ്റ് വിഹിതത്തിൽ കുറവ് വരുത്തി MGNREGA പദ്ധതി അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പദ്ധതി നിർവഹണത്തിനായി കഴിഞ്ഞ വർഷങ്ങളിലെ കേന്ദ്ര ബജറ്റ് വിഹിതം താഴെ ചേർക്കുന്നു:

2019–20: 60,000 കോടി രൂപ. പുതുക്കിയ വിഹിതം 71,001 കോടി രൂപ, വിതരണം ചെയ്തത് 71,687 കോടി.

2020–21: 61,500 കോടി രൂപ. പുതുക്കിയ വിഹിതം 1,11,500 കോടി, വിതരണം ചെയ്തത് 1,11,170 കോടി.

2021–22: 73,000 കോടി രൂപ, പുതുക്കിയ വിഹിതം 98,000 കോടി, വിതരണം ചെയ്തത് 98,467 കോടി._

2022–23: 73,000 കോടി രൂപ. പുതുക്കിയ വിഹിതം 89,400 കോടി, വിതരണം ചെയ്തത് 90,810 കോടി._

2023–24: 60,000 കോടി രൂപ, പുതുക്കിയ വിഹിതം 86,000 കോടി, വിതരണം ചെയ്തത് 89,268 കോടി രൂപ._

2024–25: 86,000 കോടി രൂപ, പുതുക്കിയ വിഹിതം 85,838 (വിതരണം ചെയ്തത് ലഭ്യമായിട്ടില്ല).

2025–26: 86,000 കോടി രൂപ. (പുതുക്കിയ വിഹിതം, വിതരണം ചെയ്തത് ലഭ്യമായിട്ടില്ല)

കഴിഞ്ഞ 7 വർഷക്കാലത്തെ തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര സർക്കാരിന്റെ വിഹിതം പരിശോധിച്ചാൽ, പദ്ധതി വിഹിതം ഗണ്യമായി കുറഞ്ഞുവരുന്നതായി കാണാം.

2020- 2021 ൽ 1,11,170 കോടി രൂപ ഈ പദ്ധതിക്കായി കേന്ദ്രം വിതരണം ചെയ്തിരുന്നെങ്കിൽ 2023–2024 ലെ ബഡ്ജറ്റ് വിഹിതം കേവലം 60,000 കോടിയായി കുറഞ്ഞു. എന്നാൽ പദ്ധതി നടത്തിപ്പിനൊടുവിൽ വിതരണം ചെയ്ത തുക 89,268 കോടി രൂപയായിരുന്നു. 2024-2025_ലാകട്ടെ ബഡ്ജറ്റ് വിഹിതം 86,000 കോടി രൂപയായിരുന്നു, ഈ വർഷത്തെ പദ്ധതി പുതുക്കിയപ്പോൾ അത് 85,838 കോടി രൂപയായി കുറഞ്ഞു. ആ വർഷം വിതരണം ചെയ്ത പദ്ധതി വിഹിതം സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി സർക്കാർ വിതരണം ചെയ്യുന്ന തുക കുറഞ്ഞുകൊണ്ടിരിക്കുന്ന വേളയിലാണ് ഇപ്പോൾ പദ്ധതിയെ പുനഃസൃഷ്ടിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പദ്ധതി തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

2023-24ൽ 307 കോടി തൊഴിൽ ദിനങ്ങൾ അംഗീകരിച്ചത് 2024-25ൽ 286 കോടിയായി കേന്ദ്രസർക്കാർ കുറച്ചു. 2025-26 ലാകട്ടെ 186 കോടിയായി വെട്ടിച്ചുരുക്കി. കേരളത്തിന് 2023-24ൽ 10.5 കോടി തൊഴിൽദിനങ്ങൾ അംഗീകരിച്ചു തന്നത് 2024-25ൽ ആറു കോടിയായും 2025-26ൽ അഞ്ചു കോടിയായും ചുരുക്കി. കോടിക്കണക്കിന് ഇന്ത്യൻ ദരിദ്രരുടെ ജീവിതം ദുരിതപൂർണമാക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്.

MGNREGA വേതനങ്ങളും പ്രോത്സാഹനങ്ങളും ഉൾപ്പെടുന്ന ബജറ്റ് തൊഴിലുറപ്പ് പദ്ധതിയുടെ പ്രധാന ഭാഗമാണ്. കാരണം, ഓരോ സംസ്ഥാനങ്ങൾക്കും അവരുടെ ആവശ്യത്തിനനുസരിച്ചാണ് പദ്ധതി തയ്യാറാക്കാൻ അവസരം ലഭിക്കുന്നത്. അതുകൊണ്ട്, പദ്ധതിക്കുവേണ്ടി ബഡ്ജറ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ തുക പദ്ധതിയുടെ വിഹിതം പുതുക്കി നിശ്ചയിക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും പ്രയോജനപ്പെടുത്താനാകുന്നു. ഇത് ഇത്തരത്തിലുള്ള ഒരു പദ്ധതിയുടെ മേന്മയായിരുന്നു. ഇനിമുതൽ ആ രീതി മാറും, പദ്ധതിയുടെ രൂപീകരണവും നടത്തിപ്പും കീഴ്ത്തട്ടിൽനിന്നും മേൽത്തട്ടിലേക്ക് തട്ടിയെടുത്ത്' കൊണ്ടുപോകുന്ന ഒന്നാണ് പുതിയ നിയമം മൂലം സംജാതമായിട്ടുള്ളത്.

എന്തുകൊണ്ട് പുതിയ നിയമം
ജനവിരുദ്ധമാകുന്നു?

കേന്ദ്രസർക്കാർ പാസാക്കിയെടുത്ത പുതിയ നിയമം; വികസിത് ഭാരത്- ഗ്യാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ ​ഗ്രാമീൺ- VB- G RAM - G- തീർത്തും നിരാശാജനകമാണ്. പുതിയ നിയമത്തിലെ പല വ്യവസ്ഥകളും സംസ്ഥാനങ്ങൾക്ക് വലിയ പ്രഹരമാണ്.

10% മാത്രമുണ്ടായിരുന്ന സംസ്ഥാന പദ്ധതി വിഹിതം പുതിയ നിയമത്തിൽ 40% മാക്കി ഉയർത്തിയിരിക്കുകയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അത് വലിയ പ്രഹരമാണ്. വരും വർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കണമെങ്കിൽ കേരളം കുറഞ്ഞത് പ്രതിവർഷം 1,500/ കോടി രൂപയിലധികം പുതുതായി കണ്ടെത്തേണ്ടി വരും.

കേന്ദ്ര വിഹിതം കുറച്ചാൽ, അല്ലെങ്കിൽ ഫണ്ട് വൈകിയാൽ സംസ്ഥാനങ്ങൾക്ക് സ്വന്തം ഫണ്ടിൽനിന്ന് പദ്ധതിക്കാവശ്യമായ തുക ചെലവഴിക്കേണ്ടി വരും. സംസ്ഥാനങ്ങളുടെ ബജറ്റ് സമ്മർദ്ദം വർധിക്കും. കേരളം പോലുള്ള ചെറിയ- ദരിദ്ര സംസ്ഥാനങ്ങളെ അത് കൂടുതൽ ബാധിക്കും.

പദ്ധതിവിഹിതം നൽകാൻ തയ്യാറാകാതെ അനുവദിക്കുന്ന ജോലി ദിവസങ്ങൾ സംസ്ഥാനങ്ങൾ കുറച്ചാൽ, ഗ്രാമീണ മേഖലയിൽ തൊഴിലില്ലായ്മയും അതിനെ തുടർന്നുണ്ടാകുന്ന കുടിയേറ്റവും വർധിക്കും.

MGNREGA എന്ന പേര് മാറ്റി VB-GRAM G എന്ന പുതിയ നിയമമാണ് വരാൻ പോകുന്നത്. Rural Employment Scheme ആയാണ് പുതിയ നിയമം നടപ്പാക്കുക. പേരുമാറ്റം നിർദോഷമായി തോന്നാമെങ്കിലും, പദ്ധതിയുടെ 'Legal Right to Work' ൻ്റെ നിലവാരം അത് കുറയ്ക്കുമെന്നാണ് വിമർശനം.

പുതിയ നിയമം മുന്നോട്ടുവെക്കുന്ന നിബന്ധനകളിൽ ഒന്ന് പദ്ധതിയുടെ പൂർണ്ണമായ ഡിജിറ്റൈസേഷനാണ്. (Aadhaar, App-Based Attendance Etc). ഇതിനായി സംസ്ഥാനങ്ങൾക്ക് അധിക Infrastructure, Training, നിർവഹണ ഉദ്യോഗസ്ഥർ എന്നിവ ആവശ്യമായി വരും. ഇതിനാവശ്യമായ ചെലവ് ആരു വഹിക്കും എന്നതിനെ കുറിച്ച് നിശ്ചയമില്ല. കേന്ദ്രം കർശനമേൽനോട്ടം ഏർപ്പെടുത്തിയാൽ, സംസ്ഥാനങ്ങളുടെ സ്വതന്ത്ര തീരുമാനാധികാരം കുറയുമെന്ന വിമർശനവും ശക്തമാണ്.

പദ്ധതിവിഹിതം നൽകാൻ തയ്യാറാകാതെ അനുവദിക്കുന്ന ജോലി ദിവസങ്ങൾ സംസ്ഥാനങ്ങൾ കുറച്ചാൽ, ഗ്രാമീണ മേഖലയിൽ തൊഴിലില്ലായ്മയും അതിനെ തുടർന്നുണ്ടാകുന്ന കുടിയേറ്റവും (Migration) വർധിക്കും. ചില സംസ്ഥാനങ്ങളിൽ പദ്ധതി Seasonal Employment ആയതിനാൽ തൊഴിൽ വിതരണം നിലവിലുള്ള ഗ്രാമീണ കാർഷിക മേഖലയെ നല്ല രീതിയിൽ ബാധിക്കും.

കാർഷിക ജോലികൾ നടക്കുന്ന സീസണിൽ 60 ദിവസം തൊഴിലുറപ്പു പദ്ധതി നടത്താൻ പാടില്ലെന്ന പുതിയ വ്യവസ്ഥ തൊഴിലാളികളെ വൻകിട കോർപറേറ്റ് ഉടമകൾക്ക് ചൂഷണം ചെയ്യാൻ അവസരമൊരുക്കുന്നതായി മാറും. ഫലത്തിൽ തൊഴിലാളി താൽപ്പര്യമല്ല, കോർപറേറ്റുകളുടെ ആവശ്യവും താൽപ്പര്യവുമാണ് പുതിയ നിയമം ഉറപ്പുവരുത്തുന്നത്.

നിലവിലുള്ള തൊഴിലുറപ്പ് പദ്ധതി ദാരിദ്ര്യം, ഭക്ഷ്യസുരക്ഷ, സ്ത്രീ തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇതിൽ മാറ്റങ്ങൾ വന്നാൽ സ്ത്രീകൾ, ദലിതർ, ആദിവാസികൾ എന്നിവരെ അത് കൂടുതൽ ബാധിക്കും. സാമൂഹിക അസന്തുലിതാവസ്ഥയാകും ഫലം. ഗ്രാമീണ മേഖലകളിൽ പ്രതിഷേധങ്ങൾ ഉയർന്നു വരാനുള്ള സാധ്യതയും നിലനിൽക്കുന്നു. നിബന്ധനകൾ കർശനമാകുമ്പോൾ സംസ്ഥാനങ്ങൾ ചെലവു കുറഞ്ഞ, കുറഞ്ഞ നിലവാരമുള്ള പ്രവൃത്തികൾ തെരഞ്ഞെടുക്കും. ദീർഘകാല വികസന ആസ്തികൾ കുറയ്ക്കാൻ അത് കാരണമാകും.

കേന്ദ്രത്തിന്റെ 'എല്ലാവർക്കും / എല്ലായിടത്തും ഒരേ നയം, ഒരേ നിയമങ്ങൾ, ഒരേ രീതികൾ (One-Size-Fits-All)' എന്ന സമീപനം സംസ്ഥാനങ്ങളുടെ പ്രാദേശിക ആവശ്യങ്ങളെ അവഗണിക്കും. ഫെഡറൽ സംഘർഷങ്ങൾ വർധിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.

കുറഞ്ഞ വേതനം, വൈകി മാത്രം ലഭ്യമാകുന്ന പദ്ധതി വിഹിതം, പലപ്പോഴും മാറിമറിയുന്ന ബഡ്ജറ്റുകൾ എന്നിവയെ കുറിച്ച് നേരത്തെ തന്നെ വലിയ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്, ഇനിയും ഇതെല്ലാം തുടരാനുള്ള, പദ്ധതി തന്നെ തകിടം മറിയ്ക്കാനുള്ള സാധ്യത നിലനിൽക്കുന്നു.

പുതിയ തൊഴിലുറപ്പ് നിയമം സംസ്ഥാനങ്ങളെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കുകയും, ഭരണഭാരം വർധിപ്പിക്കുകയും, തൊഴിലവസരങ്ങളും സാമൂഹ്യ സുരക്ഷയും കുറയാൻ ഇടയാക്കുകയും ചെയ്യും.

100 ദിവസം വരെ തൊഴിൽ എന്നത് അർഹതയുള്ള എല്ലാവർക്കുള്ള നിയമപരമായ അവകാശമായിരുന്നു. ഇത്രയും ദിവസത്തെ തൊഴിൽ ലഭിക്കാത്ത പക്ഷം 15 ദിവസത്തിനുള്ളിൽ Unemployment Allowance നൽകണമെന്നത് പഴയ നിയമം കൃത്യമായി വ്യവസ്ഥ ചെയ്യുന്നു. പദ്ധതി നിർവഹണ പ്രവർത്തനങ്ങൾക്ക് എംപ്ലോയ്മെന്റ് കാർഡ്, നിയതമായ കൂലി (അതും തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ട് വഴി), സുതാര്യത, സോഷ്യൽ ഓഡിറ്റിംഗ് എന്നിവയും പഴയ നിയമം ഉറപ്പാക്കിയിരുന്നു.

എന്നാൽ പുതിയ നിയമം സംസ്ഥാനങ്ങളെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കുകയും, ഭരണഭാരം വർധിപ്പിക്കുകയും, തൊഴിലവസരങ്ങളും സാമൂഹ്യ സുരക്ഷയും കുറയാൻ ഇടയാക്കുകയും ചെയ്യും. ഇതോടെ കേന്ദ്ര–സംസ്ഥാന ബന്ധങ്ങളിൽ സംഘർഷവും ഫെഡറൽ അസന്തുലിതാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്.

  • 'Right to Work' ആവശ്യപ്പെട്ട് തൊണ്ണൂറുകളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ജനമുന്നേറ്റം ഉണ്ടായി. രാജസ്ഥാനിൽനിന്നും ആരംഭിച്ച Mazdoor Kisan Shakti Sangathan (MKSS) പ്രക്ഷോഭങ്ങൾ പിന്നീട് ഉത്തരേന്ത്യയിലാകമാനം വ്യാപിച്ചു. NREGA Sangharsh Morcha മറ്റൊരു മുന്നേറ്റമായിരുന്നു. AIDWA, NFIW, CITU, AITUC തുടങ്ങിയ വനിതാ- തൊഴിലാളി സംഘടനകളും, PUCL പോലുള്ള സന്നദ്ധ സംഘടനകളും ഈ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ നിന്നു. സാമൂഹിക പ്രവർത്തകരായ അരുണാ റോയ്, നിഖിൽ ഡേ, മേധപട്കർ, ഡോ. ജീൻ ഡ്രാസ്, ഡോ. ജയന്തി ഘോഷ്, ആനി രാജ തുടങ്ങിയവരെല്ലാം ആ നാളുകളിൽ ഈ പ്രക്ഷോഭത്തിൻ്റെ കുന്തമുനകളായിരുന്നു. ആ പ്രക്ഷോഭനാളുകളുടെ ചില ദൃശ്യങ്ങൾ:


Summary: With the President's assent, the new law VB- G RAM - G- came into effect and the Mahatma Gandhi Rural Employment Guarantee Scheme became history, Manoj V Kodungallur writes.


മനോജ്​ വി. കൊടുങ്ങല്ലൂർ

റിട്ട. അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ - ദേശീയ റിവ്യൂ മിഷൻ - മോണിറ്ററിങ്ങ് കമ്മിറ്റിയിലേക്ക് സുപ്രീം കോടതി നാമനിർദ്ദേശം ചെയ്തിട്ടുള്ള അംഗം.

Comments