മണിപ്പുർ ഇന്ത്യക്കു മുന്നിലെ വലിയ ചോദ്യം

സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ വിശകലനം ചെയ്താല്‍ ചില ചോദ്യങ്ങള്‍ ഉയന്നുവരും: കാലങ്ങളായി ഗോത്രവിഭാഗങ്ങള്‍ താമസിച്ചുവരുന്ന റിസര്‍വ് വനപ്രദേശം ഒഴിപ്പിക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത് എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. മണിപ്പുരിലെ പര്‍വതങ്ങളില്‍ ഹൈഡ്രോ കാര്‍ബണുകളുടെയും അപൂര്‍വ മിനറലുകളുടെയും അതിവിപുലമായ ശേഖരമുണ്ട്.

1949-ല്‍ മണിപ്പുര്‍ ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടുവെങ്കിലും, ഇന്ത്യയുടെ അനുബന്ധമായി മാറിയതിലുള്ള കടുത്ത അതൃപ്തി ബാക്കിയായിരുന്നു. അതിന് കാരണങ്ങളുമുണ്ടായിരുന്നു. മണിപ്പുരിനും ഇന്ത്യക്കും പൊതുവായ ഘടകങ്ങളൊന്നുമുണ്ടായിരുന്നില്ല: ഭാഷ, സംസ്‌കാരം, വസ്ത്രം, ആചാരങ്ങള്‍, എന്തിന് മതം പോലും.

മണിപ്പുരിലെ പ്രധാന ജനവിഭാഗമായ മെയ്തികള്‍ ആനിമിസ്​റ്റ്​ വിശ്വാസം പുലർത്തുന്നവരായിരുന്നു; പ്രകൃതിശക്തികളെ ആരാധിക്കുന്നവര്‍. അവര്‍ 'സനമാഹി' എന്ന സവിശേഷമായ ആരാധനാരീതികളും ആചാരങ്ങളുമാണ് പിന്തുടര്‍ന്നിരുന്നത്. ശാന്തി ദാസ് എന്ന ബംഗാളി ബ്രാഹ്മണ പുരോഹിതനാണ് ഹിന്ദുയിസത്തിലെ വൈഷ്ണവിസം മണിപ്പുരിലെത്തിച്ചത്. 1717-ല്‍ മണിപ്പുർ രാജാവായിരുന്ന പാംഹീബയെ സനമാഹിസത്തില്‍നിന്ന് വൈഷ്ണവിസത്തിലേക്ക് ശാന്തി ദാസ് കൊണ്ടുവന്നു. മെയ്തി എഴുത്തുകളും സ്‌ക്രിപ്റ്റുകളും നശിപ്പിക്കുകയും മെയ്തി അക്ഷരമാല തന്നെ നാമാവശേഷമാക്കുകയും പകരം ബംഗാളി സ്‌ക്രിപ്റ്റ് കൊണ്ടുവരികയും ചെയ്തു. അങ്ങനെ, ഹിന്ദുയിസത്തിന് മെയ്തികളിലേക്ക് പ്രവേശനം ലഭിച്ചു.

ബലപ്രയോഗത്തിലൂടെയുള്ള ഈ മതപരിവര്‍ത്തനം കടുത്ത എതിര്‍പ്പ് നേരിട്ടിരുന്നു. എന്നാല്‍, രാജശാസനങ്ങൾ എതിര്‍പ്പുകളെ അടിച്ചമർത്തി. ഇപ്പോള്‍ സനമാഹി മതവും മെയ്തി സ്‌ക്രിപ്റ്റും തിരിച്ചുകൊണ്ടുവരാനുള്ള അതിശക്തമായ മൂവ്‌മെന്റുകള്‍ നിലവിലുണ്ട്. പ്രൈമറി തലത്തില്‍ മെയ്തി സ്‌ക്രിപ്റ്റുകള്‍ പഠിപ്പിക്കുന്നുമുണ്ട്.

മെയ്തി സ്‌ക്രിപ്റ്റ് / Photo: Wikipedia

മണിപ്പുരിന്റെ ഹൈന്ദവേതരമായ ഈ സാംസ്‌കാരിക അടിത്തറ, ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും 'ഒരു മതം, ഒരു ഭാഷ, ഒരു പാര്‍ട്ടി' എന്ന ആശയത്തിന് എതിരാണ്. രണ്ടു ദശാബ്ദമായി ഈയൊരു ആധിപത്യ സാംസ്‌കാരിക രാഷ്ട്രീയത്തെ മണിപ്പുർ ചെറുത്തുനിൽക്കുന്നുമുണ്ട്. ഇത്​ പലതരം​ പ്രവണതകൾക്ക്​ വഴിവച്ചിട്ടുണ്ട്​. അരാംബെ തെങ്കോല്‍ പോലുള്ള തീവ്രവാദ സംഘങ്ങൾ രൂപപ്പെട്ടു, അവ വംശീയ കൂട്ടക്കൊലകളിലേക്ക് തിരിയുന്നു. സനമാഹിസത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മെയ്തി ലീപുനും ഇപ്പോഴത്തെ സംഘര്‍ഷങ്ങളിലെ പ്രധാന സഖ്യകക്ഷിയാണ്.

കേന്ദ്ര ഭരണകൂടങ്ങളുടെ സങ്കുചിത രാഷ്​ട്രീയം മണിപ്പുരിന്റെ ജനാധിപത്യവൽക്കരണത്തിനേൽപ്പിച്ച പരിക്കുകൾ ഗുരുതരമാണ്​.

സ്വാതന്ത്ര്യത്തിനുശേഷം, മണിപ്പുരില്‍ രാജാധികാരത്തിന്റെ സ്വാധീനം ശക്തമായിരുന്നു. ഇന്ദിരാഗാന്ധി പ്രിവി പഴ്‌സ് നിര്‍ത്തലാക്കുന്നതുവരെ ഇത് തുടര്‍ന്നു. എങ്കിലും, മെയ്തികള്‍ ഭൂരിപക്ഷമുള്ള ജനസംഖ്യ- ഗോത്രവിഭാഗങ്ങളൊഴിച്ച്- ജനാധിപത്യ മൂല്യങ്ങളുമായി ഒരകലം പാലിക്കുന്നുണ്ട്.

ഗോത്രവിഭാഗങ്ങളെ രാജാക്കന്മാരും പിന്നീടുവന്ന അനുബന്ധ അധികാര സംവിധാനങ്ങളും തീര്‍ത്തും വംശീയമായാണ് കൈകാര്യം ചെയ്തത്. 18-ാം നൂറ്റാണ്ടിന്റെ മധ്യം മുതലാണ് ബാപ്റ്റിസ്റ്റ് മിഷനറിമാരുടെ നേതൃത്വത്തില്‍ഗോത്ര വിഭാഗങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയത്. അധിക്ഷേപകരമായ പരാമര്‍ശങ്ങളും മറ്റും ഇവരെ, തങ്ങളുടെ ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി വീടുകളില്‍ തന്നെ തളച്ചിട്ടു.

ഭരണകൂട വിഭജനങ്ങൾ

1972- ല്‍ മണിപ്പുരിന് സംസ്ഥാന പദവി ലഭിച്ചു. മണിപ്പുര്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുഹമ്മദ് അലിമുദ്ദീനായിരുന്നു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി. അദ്ദേഹം മെയ്തി മുസ്‌ലിം വിഭാഗക്കാരനായിരുന്നു. ഗോത്ര വിഭാഗങ്ങളും മെയ്തികളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആത്മാര്‍ഥ നടപടികളുണ്ടായി. എന്നാല്‍, പ്രാദേശിക പാര്‍ട്ടികളോടുള്ള കോണ്‍ഗ്രസിന്റെ സ്വേച്ഛാധിപത്യ രാഷ്ട്രീയ സമീപനം മണിപ്പുരിനെ കലുഷിതമാക്കി.

മുഹമ്മദ് അലിമുദ്ദീനൻ

'വിഭജിച്ചു ഭരിക്കുക' എന്ന രാഷ്ട്രീയതന്ത്രത്തിലൂടെ കോണ്‍ഗ്രസ്, മണിപ്പുരിലെ ജനാധിപത്യാന്തരീക്ഷം തകര്‍ത്തു. അതോടെ, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ അല്‍പ്പായുസ്സുകളായി, സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പതിച്ചുകൊണ്ടിരുന്നു. 1972 മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങളില്‍ പത്തിലേറെ തവണയാണ് മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഈ കാലഘട്ടങ്ങളിലെല്ലാം ഗവര്‍ണറുടെ ഓഫീസ്, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്താനുള്ള താവളങ്ങളായി മാറി. ഈ കാലത്ത്, ഗോത്രവിഭാഗങ്ങളിലെ നിരവധി തീവ്രവാദ സംഘങ്ങള്‍ക്ക് ‘റോ’യുടെയും സശസ്ത്രസീമാബെല്ലിന്റെയും പിന്തുണ ലഭിച്ചിരുന്നതായി ആരോപണവുമുണ്ട്.

വനത്തില്‍ കഴിയുന്ന കുകികളുടെ ജീവിതം അതി കഠിനമാണ്. അതുകൊണ്ടുതന്നെ, സവിശേഷമായ എത്‌നിക് ഐഡന്റിറ്റിയായി അവര്‍ സ്വയം കരുതുകയും ചെയ്യുന്നു. ഇത്, മറ്റു ഗോത്രവിഭാഗങ്ങളുമായി നിരന്തര സംഘര്‍ഷത്തിലേക്ക് നയിച്ചു.

വാസ്തവത്തില്‍, വിവിധ ഗോത്ര വിഭാഗങ്ങള്‍ക്കിടക്കും സമുദായങ്ങള്‍ക്കിടക്കും ശത്രുതയുണ്ടായിരുന്നില്ല. മണിപ്പുരിന് ഗോത്ര വിഭാഗക്കാരനായ ആദ്യ മുഖ്യമന്ത്രിയെ ലഭിച്ചത് 1974-ലാണ്. യുഖ്രൂലിലെ താങ്കുല്‍ നാഗ ഗോത്രവിഭാഗക്കാരനായ യാങ്മാസോ ഷെയ്‌സ പ്രഗല്‍ഭനായ രാഷ്ട്രീയക്കാരനായിരുന്നു. സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളും മറ്റു സമുദായങ്ങളും തമ്മിലുള്ള ഐക്യത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങളെല്ലാം. ഗോത്രവിഭാഗങ്ങളെയും നാഗ വിഭാഗങ്ങളെയും മണിപ്പൂര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം വിശ്രമമില്ലാതെ ഇടപെട്ടുകൊണ്ടിരുന്നു. എന്നാല്‍, ഈ നീക്കങ്ങള്‍ നാഗാലാന്റിലെ നാഗ വിഭാഗങ്ങളെ പ്രകോപിപ്പിച്ചു. അവര്‍ ഗ്രെയ്റ്റര്‍ നാഗാലാന്റിനുവേണ്ടി നിലകൊള്ളുന്നവരാണ്. മണിപ്പുരിലെ പര്‍വത ജില്ലകളെയും ആസാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളെയും കൂട്ടിച്ചേര്‍ത്ത് 'നാഗാലിം' എന്ന പരമാധികാര രാഷ്ട്രം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ, യാങ്മാസോ ഷെയ്‌സ ഇവരുടെ ശത്രുവായി മാറി. 1984 ജനുവരി 30ന് നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് എന്ന നാഗ നാഷനലിസ്റ്റ് സംഘടനയില്‍ പെട്ട രണ്ട് അക്രമികള്‍ അദ്ദേഹത്തെ വെടിവെച്ചുകൊന്നു. മണിപ്പുരിന്റെ ഈ സമാധാനപോരാളിയെ വകവരുത്തിയതില്‍ കോണ്‍ഗ്രസിന്റെ ഒത്താശ തള്ളിക്കളയാനുമാകില്ല.

യാങ്മാസോ ഷെയ്‌സ

കേന്ദ്ര ഭരണകൂടങ്ങളുടെ സങ്കുചിത രാഷ്​ട്രീയം മണിപ്പുരിന്റെ ജനാധിപത്യവൽക്കരണത്തിനേൽപ്പിച്ച പരിക്കുകൾ ഗുരുതരമാണ്​. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത്​, ബര്‍മീസ് മലനിരകളാല്‍ ചുറ്റപ്പെട്ട കാബു താഴ്‌വര ബര്‍മക്ക് കൈമാറി. മെയ്തികളായിരുന്നു ഇവിടെ ഭൂരിപക്ഷവും. ഇത്തരം നടപടികൾ അവിശ്വാസത്തിന്റേതായ അന്തരീക്ഷമൊരുക്കുന്നതിൽ സഹായകമായി.

യാങ്മാസോ ഷെയ്‌സക്കുശേഷം, മറ്റൊരു താങ്കുല്‍ നാഗ ഗോത്രവിഭാഗക്കാരനായ റിഷാങ് കെയ്ഷിങ് മുഖ്യമന്ത്രിയായി. അദ്ദേഹം രണ്ടു തവണയായി എട്ടു വര്‍ഷത്തോളം സംസ്ഥാനം ഭരിച്ചു. ഈ കാലത്താണ് മെയ്തികളുടെ അക്രമിസംഘങ്ങൾ ശക്തമായത്. ബിഷ്‌വേഷ് വാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ന സായുധസംഘം മണിപ്പുരിനെ യുദ്ധക്കളമാക്കി. ഇവര്‍ക്ക് ചൈനയില്‍നിന്ന് പരിശീലനവും ലഭിച്ചിരുന്നു. ഇതോടൊപ്പം, പീപ്പിള്‍സ് റവല്യൂഷനറി പാര്‍ട്ടി, കാംഗ്ലിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ സായുധ ആക്രമണങ്ങള്‍ നിത്യസംഭവമായി. ഈ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നുമാത്രമല്ല, സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന 'അഫ്‌സ്പ' നിയമത്തിലൂടെ സംസ്ഥാനത്തെ അക്ഷരാര്‍ഥത്തില്‍ സൈനികനിയന്ത്രണത്തിലാക്കുകയായിരുന്നു ഭരണകൂടം. ഇതോടെ, മനുഷ്യാവകാശലംഘനം ഭരണകൂടനീതി തന്നെയായി സ്ഥാപിക്കപ്പെട്ടു. റേപ്പുകളും പ്രകോപനമില്ലാത്ത വെടിവെപ്പുകളും കൊലപാതകങ്ങളും പതിവായി. ഈ സാഹചര്യം മെയ്തികളെ കേന്ദ്ര ഭരണകൂടത്തില്‍നിന്ന് വീണ്ടും അകറ്റി. അതുകൊണ്ടുതന്നെ, സംഘര്‍ഷം ലഘൂകരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകളെല്ലാം പരാജയമായി. നിയമസംവിധാനമില്ലാതായ സംസ്ഥാനം, തീവ്രവാദി സംഘങ്ങളുടെ കൊള്ളയ്ക്കിരയായി. കവര്‍ച്ചാസംഘങ്ങളെപ്പോലെയാണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്. വ്യവസായികളും സമ്പന്നരുമെല്ലാം ഇവരുടെ ദയയിലാണ് കഴിഞ്ഞുവന്നത്.

പൊതുവേ മീഡിയ, പ്രത്യേകിച്ച് മണിപ്പുരിലെ മീഡിയയും ഗോദി മീഡിയയും, കുകികളെ കുടിയേറ്റക്കാരും പോപ്പി കൃഷി ചെയ്യുന്നവരും ഭീകരരുമായിട്ടാണ് വിശേഷിപ്പിക്കുന്നത്.

വനത്തില്‍ കഴിയുന്ന കുകികളുടെ ജീവിതം അതി കഠിനമാണ്. അതുകൊണ്ടുതന്നെ, സവിശേഷമായ എത്‌നിക് ഐഡന്റിറ്റിയായി അവര്‍ സ്വയം കരുതുകയും ചെയ്യുന്നു. ഇത്, മറ്റു ഗോത്രവിഭാഗങ്ങളുമായി നിരന്തര സംഘര്‍ഷത്തിലേക്ക് നയിച്ചു. മാത്രമല്ല, താഴ്‌വരയില്‍ കഴിയുന്ന മെയ്തികളുമായും കുകികള്‍ സംഘര്‍ഷത്തിലായിരുന്നു. രണ്ടു ദശാബ്ദം മുമ്പ് ആസാമിലെ കര്‍ബി ആഗ്ലോംങ്, ദിമ ഹാസോ ജില്ലകളില്‍ ആക്രമണം നടത്തി ഇവര്‍ നിരവധി പേരെ കൊല്ലുകയുണ്ടായി.
നിലനിൽപ്പിനായി കുകികള്‍, ആയുധക്കടത്തിലേക്കും മയക്കുമരുന്ന് ഇടപാടുകളിലേക്കും തിരിഞ്ഞു. ഇംഫാലില്‍നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ബര്‍മീസ് അതിര്‍ത്തി നഗരമായ മോറേ വഴിയായിരുന്നു കുകികളുടെ ഇടപാടുകള്‍. മെയ്തി, നാഗ തീവ്രവാദി സംഘങ്ങളെ പ്രതിരോധിക്കാന്‍ കുകികള്‍ സ്വന്തം സായുധസംഘങ്ങളുണ്ടാക്കുകയും ചെയ്തു. ഇവരാണ് കുകികളുടെ അതിര്‍ത്തിക്കച്ചവടത്തിന് കാവല്‍ നിന്നത്.

റിഷാങ് കെയ്ഷിങ്

അതിര്‍ത്തിയിലുള്ള മൊറേ നഗരത്തില്‍ കൂടുതലും തമിഴ് വംശജരാണുള്ളത്. അറുപതുകളില്‍ ബര്‍മയില്‍നിന്ന് കുടിയിറക്കപ്പെട്ടവരാണിവര്‍. കൂടാതെ, തായ്‌ലാന്റില്‍നിന്നും ബര്‍മയില്‍നിന്നുമുള്ള സിഖുകാരും ഏതാനും മെയ്തികളും കുറച്ച് കുകി കുടുംബങ്ങളും ഇവിടെ കഴിയുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കം വരെ കുകികള്‍ ഇവിടെ സ്വത്തുക്കള്‍ വാങ്ങിയിരുന്നു. ബര്‍മയിൽനിന്നും സൈനിക വിഭാഗങ്ങളിൽനിന്നുമുള്ള ഒത്താശയില്‍ പുഷ്ടിപ്പെട്ട മയക്കുമരുന്ന് വ്യാപാരമാണ് അവരെ ഇതിന് സഹായിച്ചത്. എന്നാല്‍, പൊതുവേ മീഡിയ, പ്രത്യേകിച്ച് മണിപ്പുരിലെ മീഡിയയും ഗോദി മീഡിയയും, കുകികളെ കുടിയേറ്റക്കാരും പോപ്പി കൃഷി ചെയ്യുന്നവരും ഭീകരരുമായിട്ടാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഡ്രഗ് ബിസിനസ് നിയന്ത്രിക്കുന്നത് ഇംഫാലിലെയും ഗുവാഹതിയിലെയും ദല്‍ഹിയിലെയും മാഫിയകളാണ്. പാവപ്പെട്ട കുകി ഗ്രാമീണര്‍ മുന്‍നിരയിലെ തൊഴിലാളികള്‍ മാത്രം.

ഇടതുപക്ഷത്തിന്റെയും സ്ത്രീസമരങ്ങളുടെയും ശക്തമായ സ്വാധീനമുള്ള മണ്ണുകൂടിയാണ് മണിപ്പുര്‍. ജനാധിപത്യപരമായ പൗരസമൂഹത്തെ വിപുലപ്പെടുത്തിയ നിരവധി മൂവ്‌മെന്റുകള്‍ മണിപ്പുരിന്റെ ചരിത്രത്തിലുണ്ട്.

2017-ലാണ് ബി.ജെ.പി മണിപ്പുരില്‍ അധികാരത്തിലെത്തുന്നത്. വ്യാജ വാഗ്ദാനങ്ങള്‍, കബളിപ്പിക്കലുകള്‍, തന്ത്രങ്ങള്‍ എന്നിവയിലൂടെ പാര്‍ട്ടി 21 സീറ്റ് നേടി. കോണ്‍ഗ്രസിന് ലഭിച്ചത് 28 സീറ്റ്. എന്നാല്‍, ഗോത്ര വിഭാഗ എം.എല്‍.എമാരുടെ പിന്തുണയോടെ എന്‍. ബിരന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചു. അതോടെയാണ് വിദ്വേഷ- വിഭജന രാഷ്ട്രീയം സംസ്ഥാനത്ത് ശക്തിപ്രാപിച്ചത്. മെയ്തികളും ഗോത്രവിഭാഗങ്ങളും തമ്മിലുള്ള വംശീയമായ ഭിന്നത, ശത്രുതയായി മാറി. ബിരന്‍ സിങ്ങിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍, ഒക്രം ഇബോബി സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തൊട്ടുമുമ്പുള്ള പതിനഞ്ചു വര്‍ഷങ്ങളെ ഇല്ലാതാക്കി. ഇബോബി സിങ്ങിന്റെ ഭരണം സംസ്ഥാനത്തെ അതിവേഗ വികസനത്തിലേക്ക് നയിച്ചു. അടിച്ചമര്‍ത്തിയും തലോടിയുമുള്ള നയങ്ങളിലൂടെ തീവ്രവാദ സംഘങ്ങളെ വരുതിയിലാക്കി. എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന ഇന്‍ക്ലൂസീവ് സമീപനമാണ് ഇബോബി സിങ് സ്വീകരിച്ചത്. അതോടെ, ടൂറിസം സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗമായി. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഫെസ്റ്റിവലുകള്‍ക്ക് മണിപ്പുര്‍ വേദിയായി. ഇതാദ്യമായി ഇംഫാലില്‍നിന്ന് മെറേ വഴി ബര്‍മയിലേക്ക് ഡീലക്‌സ് ബസ് സര്‍വീസ് തുടങ്ങി. ജനാധിപത്യപരമായ ഒരു സിസ്റ്റത്തിന്റെ പുനഃസ്ഥാപനമാണ്, ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞത്. 2022-ലെ തെരഞ്ഞെടുപ്പില്‍, ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ, മണിപ്പുരിന്റെ ദുരന്തം പൂര്‍ത്തിയായി എന്നു പറയാം.

എന്‍. ബിരന്‍ സിങ്ങ്, നരേന്ദ്ര മോദി

പൗരസമൂഹത്തിലെ സ്​ത്രീ,
സ്​ത്രീപോരാട്ടങ്ങൾ

ഇടതുപക്ഷത്തിന്റെയും സ്ത്രീസമരങ്ങളുടെയും ശക്തമായ സ്വാധീനമുള്ള മണ്ണുകൂടിയാണ് മണിപ്പുര്‍. ജനാധിപത്യപരമായ പൗരസമൂഹത്തെ വിപുലപ്പെടുത്തിയ നിരവധി മൂവ്‌മെന്റുകള്‍ മണിപ്പുരിന്റെ ചരിത്രത്തിലുണ്ട്.

ഹിജാം ഇറാബോട്ട് സിങാണ് മണിപ്പുരിലെ ഏറ്റവും പ്രമുഖ കമ്യൂണിസ്റ്റ് നേതാവ്. അദ്ദേഹത്തിലൂടെ സംസ്ഥാനത്ത് സി.പി.ഐക്ക് ശക്തമായ അടിത്തറയുണ്ടായി. മെയ്തികള്‍, കുകികള്‍, മെയ്തി ഭാഷ സംസാരിക്കുന്ന, മൂന്നു ശതമാനത്തോളം വരുന്ന മുസ്‌ലിം വിഭാഗമായ പാംഗല്‍ തുടങ്ങിയവരെല്ലാം മണിപ്പുരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 1948- ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചു. മണിപ്പുര്‍, മിസോറാം, കാച്ചാര്‍ എന്നിവയെ ചേര്‍ത്ത് ഒരു പൂര്‍വാഞ്ചല്‍ മേഖലക്കുവേണ്ടിയുള്ള കോണ്‍ഗ്രസ് ഗൂഢാലോചനക്കെതിരെ 1948-ല്‍ രംഗത്തുവന്നത് സി.പി.ഐയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാതിനെതിരെ ദേശീയപാതയോരത്ത്​ അണിനിരന്ന്​ റേഡിയോകൾ എറിഞ്ഞുടക്കാൻ നേതൃത്വം നൽകിയത്​ സ്​ത്രീകളായിരുന്നു.

സാമ്പത്തിക- വ്യാപാര മേഖലയില്‍ സ്ത്രീകള്‍ക്ക് നേതൃപരമായ സ്വാധീനമുണ്ട്. അരി, പച്ചക്കറി, മത്സ്യം, പുകയില, എണ്ണ തുടങ്ങിയ അവശ്യസാധനങ്ങളുടെ ആഭ്യന്തര വ്യാപാരത്തില്‍ സ്ത്രീസംഘങ്ങളാണ് മുന്നില്‍. ബ്രിട്ടീഷുകാരുടെ കാലം മുതല്‍, ഭരണകൂട നയങ്ങള്‍ക്കെതിരായ സമരങ്ങളുടെ നേതൃത്വം സ്ത്രീകള്‍ക്കായിരുന്നു. പുരുഷന്മാരെ നിര്‍ബന്ധിത തൊഴില്‍ ചെയ്യിക്കുന്നതിനെതിരെ 1904-ല്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ സ്ത്രീകള്‍ സമരം ചെയ്തു. 1939-ല്‍ നടന്ന 'നുപി ലാന്‍' (മെയ്തി ഭാഷയില്‍ നുപി എന്നാല്‍ സ്ത്രീ, ലാന്‍ എന്നാല്‍ യുദ്ധം) എന്നറിയപ്പെടുന്ന സ്ത്രീമുന്നേറ്റം മണിപ്പുരിലെ പൗരസമൂഹ ഇടപെടലുകളിലെ ഏറ്റവും ആവേശകരമായ അധ്യായമാണ്. സ്‌റ്റേറ്റ് ഡര്‍ബാര്‍ ആണ് അരിയുടെ കയറ്റുമതി നിയന്ത്രിച്ചിരുന്നത്. 1939-ല്‍ കനത്ത മഴയെതുടര്‍ന്ന് അരിയുല്‍പാദനം കുത്തനെയിടിഞ്ഞു. രണ്ടാം ലോകമഹായുദ്ധം കൂടിയായതോടെ അരിക്ക് കടുത്ത ക്ഷാമവുമുണ്ടായി. ആദ്യം അരി കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും പിന്നീട് രാജാവിന്റെ ഉത്തരവിനെതുടര്‍ന്ന് നിയന്ത്രണം പിന്‍വലിച്ചു. അത്, സംസ്ഥാനത്തെ അക്ഷരാര്‍ഥത്തില്‍ പട്ടിണിയിലേക്ക് നയിച്ചു.

'നുപി ലാന്‍' പ്രക്ഷോഭം / Photo: Wikimedia Commons

അരി അടക്കമുള്ള അവശ്യധാന്യങ്ങളുടെ കൃത്രിമ ക്ഷാമത്തിനും കയറ്റുമതിക്കും എതിരെ 1939 ഡിസംബര്‍ 12നാണ് 'നുപി ലാന്‍' പ്രക്ഷോഭം തുടങ്ങിയത്. രാജാധിപത്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയായിരുന്നു ഈ സമരമെങ്കിലും പിന്നീട് അത് ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമായി വികസിച്ചു. അരി കയറ്റുമതി നിരോധിക്കുക എന്ന തുടക്കത്തിലെ ആവശ്യം രാജഭരണത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് പരിഷ്‌കാരങ്ങള്‍ക്കുവേണ്ടിയുള്ളതായി മാറി.

സൈന്യത്തിന് അനിയന്ത്രിത അധികാരം നല്‍കുന്ന 'അഫ്‌സ്പ' നിയമത്തിനെതിരെയും സ്ത്രീകളാണ് മുന്നില്‍നിന്ന് പൊരുതിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ ആസാം റൈഫിള്‍സിനുമുന്നില്‍ നഗ്‌നരായി നിന്ന് 'ഞങ്ങളെ റേപ്പ് ചെയ്യൂ' എന്നാക്രോശിച്ച അസാധാരണമായ പ്രതിഷേധമായിരുന്നു അത്.
ഇപ്പോഴത്തെ സംഘർഷങ്ങളിലും പല തലങ്ങളിൽ സ്​ത്രീസാന്നിധ്യമുണ്ട്​. മണിപ്പുരിലെ കലാപത്തിൽ സമ്പൂർണ നിശ്ശബ്​ദത പുലർത്തുന്നതിൽ പ്രതിഷേധിച്ച്​, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാതിനെതിരെ ദേശീയപാതയോരത്ത്​ അണിനിരന്ന്​ റേഡിയോകൾ എറിഞ്ഞുടക്കാൻ നേതൃത്വം നൽകിയത്​ സ്​ത്രീകളായിരുന്നു.

ഇപ്പോഴത്തെ കലാപത്തിലേക്കുനയിച്ച വസ്തുകള്‍ വിലയിരുത്തിയാല്‍, ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച ദുരുദ്ദേശ്യമുണ്ടെന്നത് വ്യക്തമാണ്

വനം ഒഴിപ്പിക്കുന്നത്​ എന്തിന്​?

ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ വിശകലനം ചെയ്താല്‍ ചില ചോദ്യങ്ങള്‍ ഉയന്നുവരും: കാലങ്ങളായി ഗോത്രവിഭാഗങ്ങള്‍ താമസിച്ചുവരുന്ന റിസര്‍വ് വനപ്രദേശം ഒഴിപ്പിക്കാന്‍എന്തിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത് എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. മണിപ്പുരിലെ പര്‍വതങ്ങളില്‍ ഹൈഡ്രോ കാര്‍ബണുകളുടെയും അപൂര്‍വ മിനറലുകളുടെയും അതി വിപുലമായ ശേഖരമുണ്ട്.
2015-ല്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍, അവരുടെ മൂന്നാമത്തെ ടേമിന്റെ അവസാനഘട്ടത്തില്‍, വനത്തില്‍ താമസിക്കുന്നവരുടെ അവകാശവും ഭൂ ഉടമസ്ഥതയും നിയന്ത്രിക്കുന്ന വ്യവസ്ഥകളുള്ള മൂന്ന് ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവ നിരസിക്കപ്പെട്ടു. അന്നുതന്നെ ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ ബില്ലുകള്‍ ഹില്‍ ഏരിയാസ് കമ്മിറ്റികളുമായി ചര്‍ച്ച ചെയ്യാതെയാണ് കൊണ്ടുവന്നത്. മാത്രമല്ല, ഗോത്ര വിഭാഗ പ്രതിനിധിയില്ലാത്ത കമ്മിറ്റിയാണ് ബില്ലുകള്‍ക്ക് രൂപം നല്‍കിയത്.

ബില്‍ നിയമമായാല്‍ താഴ്‌വരയിലുള്ളവര്‍ വനം കൈയടക്കുമെന്നും ഗോത്രവിഭാഗങ്ങള്‍ സ്വന്തം മണ്ണില്‍ അന്യരാക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടി 2015 ആഗസ്റ്റ് 31ന് ചുരചാന്ദ്പുരിലുണ്ടായ പ്രതിഷേധങ്ങളില്‍ ഒമ്പത് യുവാക്കളാണ് വെടിയേറ്റുമരിച്ചത്. / Photo: E-Pao Manipur Facebook Page

ബില്‍ നിയമമായാല്‍ താഴ്‌വരയിലുള്ളവര്‍ വനം കൈയടക്കുമെന്നും ഗോത്രവിഭാഗങ്ങള്‍ സ്വന്തം മണ്ണില്‍ അന്യരാക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടി 2015 ആഗസ്റ്റ് 31ന് ചുരചാന്ദ്പുരിലുണ്ടായ പ്രതിഷേധങ്ങളില്‍ ഒമ്പത് യുവാക്കളാണ് വെടിയേറ്റുമരിച്ചത്. 600 ദിവസത്തിലേറെ, ഈ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ സമരക്കാര്‍ പ്രതിഷേധിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ജോലിയും നല്‍കിയാണ് രോഷം ശമിപ്പിച്ചത്.

ഈ സംഭവം ഓര്‍മിച്ചുകൊണ്ട്, ഇപ്പോഴത്തെ കലാപത്തിലേക്കുനയിച്ച വസ്തുകള്‍ വിലയിരുത്തിയാല്‍, ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച ദുരുദ്ദേശ്യമുണ്ടെന്നത് വ്യക്തമാണ്: ഏപ്രില്‍ മധ്യത്തില്‍, റിസര്‍വ് വനപ്രദേശം ക്ലിയര്‍ ചെയ്യാനെന്നു പറഞ്ഞ് ഏതാനും പഴയ ചര്‍ച്ചുകളും ഗോത്രവിഭാഗക്കാരുടെ വീടുകളും സര്‍ക്കാര്‍ തകര്‍ത്തു. ഈ നടപടി മുന്‍കൂട്ടി ഇവരെ അറിയിച്ചിരുന്നില്ല, മാത്രമല്ല, ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം താമസസൗകര്യവും നല്‍കിയില്ല.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള മെയ്തി സംഘങ്ങള്‍, ഗ്രാമങ്ങളിലേക്കുപോകുന്ന സൈനിക വാഹനങ്ങള്‍ വളഞ്ഞുവക്കുകയാണ്. ഈ തക്കത്തിന് പുരുഷന്മാര്‍ ഗ്രാമങ്ങളിലെത്തി തീവെപ്പും കൊലപാതകങ്ങളും നടത്തുന്നു.

പ്രതിഷേധക്കാരെ തണുപ്പിക്കാന്‍ ചുരചാന്ദ്പുരില്‍ നടന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി സംസാരിക്കാനിരുന്ന വേദി സമരക്കാര്‍ തീയിട്ടു. ഓള്‍ ട്രൈബല്‍സ് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് സമാധാനപരമായിരുന്നു. എന്നാല്‍, സായുധ അക്രമിസംഘം മാര്‍ച്ചിനെ ആക്രമിക്കുകയും ആംഗ്ലോ കുകി യുദ്ധ സ്മാരകം കത്തിക്കുകയും ചെയ്തതോടെ, മാര്‍ച്ച് അക്രമാസക്തമായി. ഈ സന്ദര്‍ഭം മുതലെടുത്ത് കുകി ഗ്രാമങ്ങള്‍ക്കും ഇംഫാലിലെ ചര്‍ച്ചുകള്‍ക്കും നേരെ സംഘടിത ആക്രമണമുണ്ടായി. പെട്രോള്‍ ബോംബ് അടക്കമുള്ള ആയുധങ്ങളുമായി എത്തിയ സംഘങ്ങളാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് നൂറുകണക്കിന് വീടുകളും ചര്‍ച്ചുകളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ഇംഫാലില്‍നിന്ന് കുകികളെ പൂര്‍ണമായും തുടച്ചുമാറ്റാനുള്ള ആസൂത്രിത അക്രമമായിരുന്നു ഇത് എന്ന് വ്യക്തമാണ്. ഇപ്പോള്‍, സൈന്യത്തെ വിന്യസിച്ചിട്ടും വിദൂര മേഖലകളില്‍ കുകികള്‍ക്കുനേരെയുള്ള ആക്രമണം അവസാനിച്ചിട്ടില്ല. നൂറുകണക്കിന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള മെയ്തി സംഘങ്ങള്‍, ഗ്രാമങ്ങളിലേക്കുപോകുന്ന സൈനിക വാഹനങ്ങള്‍ വളഞ്ഞുവക്കുകയാണ്. ഈ തക്കത്തിന് പുരുഷന്മാര്‍ ഗ്രാമങ്ങളിലെത്തി തീവെപ്പും കൊലപാതകങ്ങളും നടത്തുന്നു. മെയ്തി അക്രമിസംഘങ്ങള്‍ക്കൊപ്പമാണ് മണിപ്പുര്‍ പൊലീസ് എന്നും പറയുന്നു.

2015 ൽ ചുരചാന്ദ്പുരിൽ സംഘടിത ആക്രമണം നടന്നപ്പോൾ / Photo: E-Pao Manipur Facebook Page

ഇപ്പോള്‍ സ്ഥിതി അത്യന്തം സങ്കീര്‍ണമാണ്. സുരക്ഷക്കുവേണ്ടി വിന്യസിച്ച ആസാം റൈഫിള്‍സും മണിപ്പുര്‍ പൊലീസുമായി സംഘര്‍ഷമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. ആസാം റൈഫിള്‍സില്‍ 75 ശതമാനവും ഗോത്രവിഭാഗക്കാരാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ, താഴ്‌വരയില്‍ താമസിക്കുന്ന ഗോത്രവിഭാഗക്കാരെ മണിപ്പുര്‍ പൊലീസ് ആക്രമിക്കുമ്പോള്‍, അവരുടെ ഉത്തരവുകള്‍ നിരസിക്കാന്‍ ആസാം റൈഫിള്‍സ് ബാധ്യസ്ഥരായേക്കാം എന്ന കാമ്പയിന്‍ സജീവമാണ്. എന്നാല്‍, ആസാം റൈഫിള്‍സും മണിപ്പുര്‍ പൊലീസും തമ്മില്‍ വെടിവെപ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ആര്‍മി നിഷേധിച്ചിട്ടുണ്ട്.

മെയ്തികളെ ഹൈന്ദവവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും, അവരില്‍, ക്രിസ്ത്യാനിറ്റി സ്വീകരിച്ച അഞ്ചു ശതമാനത്തെ ആര്‍.എസ്​.എസും ബി.ജെ.പിയും ഭയക്കുന്നുണ്ട്.

അതേ തുടർച്ച…

മണിപ്പുരിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയവും മതപരവുമായ ഭിന്നത അതിരൂക്ഷമായിട്ടുണ്ട്. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയമാണ് മണിപ്പുരിനെ ഈയൊരു സാഹചര്യത്തിലെത്തിച്ചത്. മെയ്തികളെ ഹൈന്ദവവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും, അവരില്‍, ക്രിസ്ത്യാനിറ്റി സ്വീകരിച്ച അഞ്ചു ശതമാനത്തെ ആര്‍.എസ്​.എസും ബി.ജെ.പിയും ഭയക്കുന്നുണ്ട്. പുത്തന്‍ ദേശീയതാ വ്യവഹാരങ്ങളെ സംബന്ധിച്ച് ഈ അഞ്ചു ശതമാനത്തിന്റെ സാന്നിധ്യം ഇല്ലാതാക്കപ്പെടേണ്ടതാണ്. മെയ്തികള്‍ക്കിടയിലെ എത്‌നോ- റിലീജ്യസ് ഡിവൈഡ് രൂക്ഷമാക്കുകയാണ് ഇതിനുള്ള പോംവഴി.

ഇപ്പോഴത്തെ വംശഹത്യക്കിടെ, നിരവധി മെയ്തി ചര്‍ച്ചുകള്‍ കത്തിച്ചു, പ്രാര്‍ഥനാ ഹൗസുകളില്‍നിന്ന് മെയ്തി ഭാഷയിലുള്ള നിരവധി ബൈബിളുകള്‍ എടുത്തുകൊണ്ടുപോയി കത്തിച്ചു. വംശീയവും മതപരവുമായ ആക്രമണങ്ങളുടെ ക്രമം ഇന്ത്യയില്‍ എല്ലായിടത്തും ഒരേപോലെയാണ്. അതിന് ഗുജറാത്ത് എന്നോ കശ്മീര്‍ എന്നോ ലക്ഷദ്വീപ് എന്നോ ഭേദമില്ല.

രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച്, ഒരു റിട്ട. ആര്‍മി ജനറലിന്റെ നേതൃത്വത്തില്‍ സുരക്ഷാ നടപടിയെടുത്താലേ സ്ഥിതി ശാന്തമാകൂ എന്ന ആവശ്യം, പൗരസമൂഹങ്ങളില്‍നിന്നുപോലും ഉയരുന്നു. ജനാധിപത്യത്തിന് ഇടമില്ലാതാക്കി മാറ്റി, ഒരു സമ്പൂര്‍ണ സൈനിക നിയന്ത്രണ മേഖലയാക്കി മണിപ്പുരിനെ മാറ്റിയാല്‍, അന്യരാക്കപ്പെട്ടവരുടെ തുടച്ചുനീക്കലുകള്‍ ഭരണകൂടത്തിന് എളുപ്പമാകും.

ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുക, കുകികളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണ്ട് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെ ഭാഗമായി ഉയരുന്നുണ്ട്. ബി.ജെ.പിയും കേന്ദ്ര ഭരണകൂടവും മുന്നോട്ടുവക്കുന്ന തീവ്രദേശീയതയുടെ ഐഡിയോളജി, ഫെഡറലിസവുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമാക്കിയിട്ടുണ്ട്. മണിപ്പുര്‍ അടക്കമുള്ള വടക്കു- കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളുടെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ സവിശേഷതകള്‍ പരിഗണിച്ചാല്‍, ഈ സംസ്ഥാനങ്ങളുടെ ഫെഡറല്‍ ഐഡന്റിറ്റി അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും ഇപ്പോഴത്തെ പ്രതിസന്ധികളുമായി ചേര്‍ത്തുവായിക്കാം. ഡി.എം.കെ, ബി.ജെ.ഡി, ടി.എം.സി, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ തുടങ്ങിയ ശക്തരായ പ്രാദേശിക പാര്‍ട്ടികളുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും നിലനില്‍പ്പിലൂടെ മാത്രമേ ഫെഡറലിസത്തെ ശക്തിപ്പെടുത്താന്‍ കഴിയൂ. ഇത്, മണിപ്പുരിന്റെ ജനാധിപത്യപ്രക്രിയയെ സംബന്ധിച്ചും പ്രസക്തമായ കാര്യമാണ്.


തോമസ്​ അലക്​സ്​

ഫ്രീലാൻസ്​ മാധ്യമപ്രവർത്തകൻ. 1969 മുതൽ ആസാമിലും നോർത്ത്​ ഈസ്​റ്റിലുമായി ജീവിക്കുന്നു. ഗുവാഹതി സർവകലാശാലയിൽനിന്ന്​ ബിരുദാനന്തര ബിരുദം. നോർത്ത്​ ഈസ്​റ്റ്​ സംസ്​ഥാനങ്ങൾ, ബംഗാൾ, ബിഹാർ, ജാർക്കണ്ഡ്​, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ തുടർച്ചയായി സഞ്ചരിച്ചിട്ടുണ്ട്​.

Comments