മിനാക്ഷി മുഖർജി

'ലഡാകു മിനാഖി'

‘‘മിനാക്ഷി മുഖർജി എന്ന ബംഗാളിന്റെ മിനാഖി ചെങ്കൊടിക്കുകീഴിലെ പുതിയ ക്രൗഡ് പുള്ളറാണ് ഇപ്പോൾ ബംഗാളിൽ. വനിതകളടങ്ങുന്ന നേതാക്കളുടെ പുതുനിരയെ അവതരിപ്പിക്കാനുള്ള ബംഗാൾ സി.പി.എം നീക്കം അവർക്ക് മൃതസഞ്ജീവനിയാണോ എന്നതാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. മിടുക്കികളായ നേതാക്കൾ ബംഗാളിലെ ഇടതുരാഷ്ട്രീയത്തിൽ ഓളമുണ്ടാക്കാനിറങ്ങിയ കാലം കൂടിയാണിത്. ബാക്കിയെല്ലാം തെളിയിക്കപ്പെടേണ്ട കാര്യവും’’- വി.എസ്. സനോജ് എഴുതുന്നു.

'ഖേലോ ഹോബേ' (ഗെയിം ഓൺ) എന്ന മമതയുടെ ഉച്ചത്തിലുള്ള പ്രഖ്യാപനത്തോട് അതേ പ്രയോഗം ഏറ്റെടുത്ത് തിരിച്ചുപറഞ്ഞ് തെരുവിലേക്കിറങ്ങിനടക്കുന്ന യുവ കമ്യൂണിസ്റ്റുകാരിയുടെ പേരാണ് മിനാഖി എന്ന് ബംഗാളികൾ ഉച്ചരിക്കുന്ന മിനാക്ഷി മുഖർജിയുടേത്. ബംഗാളി ജനതയുടെ ഉച്ചാരണം വെച്ച് മിനാക്ഷി അവർക്ക് മിനാഖിയാണ്.

ചെങ്കൊടിക്കൂട്ടങ്ങളെ ആവേശത്തിലാഴ്ത്തുന്ന സി.പി.എമ്മിന്റെ പുതിയ ക്രൗഡ് പുള്ളർ സഖാവ്. ഉശിരുള്ള പുതിയ സ്ത്രീമുഖങ്ങൾ കമ്യൂണിസ്റ്റ് ചേരിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കാലമാണിത്, ബംഗാളിൽ. വരുന്ന തെരഞ്ഞെടുപ്പ് അത് കാണിച്ചുതരുന്നു. തിരിച്ചടി നേരിട്ട് പതറിപ്പോയ ബംഗാൾ സി.പി.എമ്മിന് മിനാക്ഷിയും ഐഷി ഘോഷും ദിപ്സിത ദറും അടക്കമുള്ളവരുടെ മുഷ്ടിചുരുട്ടിയുള്ള മുദ്രാവാക്യം വിളിയും കിലോമീറ്ററുകൾ നീളുന്ന നടത്തവും പ്രചാരണങ്ങളും റാലികളും വലിയ ആവേശമുണ്ടാക്കുന്നുണ്ട്. സി.പി.എമ്മിന്റെ അണികളെ ആവേശത്തിലാഴ്ത്താൻ ഈ പുതിയ മുഖങ്ങൾക്ക് കഴിയുന്നുമുണ്ട്. അരിവാൾ ചുറ്റിക നക്ഷത്രവുമായി മത്സരിക്കുന്ന മറ്റൊരു സ്ത്രീ, സൗത്ത് കൊൽക്കത്ത മണ്ഡലത്തിലാണ്. നടൻ നസറുദ്ദീൻ ഷായുടെ മരുമകൾ സൈറ ഷാ ഹാലിം. 
മുസഫർഭവൻ എന്ന ബംഗാൾ പാർട്ടിയുടെ എ.കെ.ജി സെന്ററിൽ നിന്ന് പുറത്തേക്ക് തെരുവിലും ഗ്രാമങ്ങളിലും മഞ്ഞും വെയിലും കൊണ്ട് പദയാത്ര നടത്തിയും ജനങ്ങളെ സംഘടിപ്പിച്ചും കാര്യങ്ങൾ ബോധിപ്പിച്ചും നീങ്ങുന്ന കാഴ്ച്ച ഇടത് അണികൾക്കുണ്ടാക്കുന്ന ആവേശം വലുതാണ്.

സന്ദേശ്ഖാലി സന്ദർശന വേളയിൽ മിനാക്ഷി മുഖർജി

മിനാഖി മുഖർജി അവരിലെ ശ്രദ്ധാകേന്ദ്രമാണ്. സി.പി.എമ്മിന്റെ ബംഗാളിലെ പുതിയ നേത്രി. പോപ്പുലർ മീഡിയയുടെ ഭാഷയിൽ പറഞ്ഞാൽ സി.പി.എമ്മിന്റെ ക്രൗഡ് പുള്ളറായ സ്റ്റാർ കാംപെയിനർ. ക്ഷ എന്ന അക്ഷരം, ഖ എന്നാണ് ബംഗാളികൾ ഉച്ചരിക്കുക. മിനാക്ഷിയെന്ന പേര് ബംഗാളികൾക്ക് മിനാഖിയാണ്. ബംഗാളിന്റെ കാമ്പസുകളിലെ യുവതീ- യുവാക്കളും തെരുവുകളിലെ പാർട്ടി പ്രവർത്തകരും സ്നേഹത്തോടെ വിളിക്കുന്ന പുതിയ പേരായി മിനാഖി മുഖർജി കൊൽക്കത്ത ഗല്ലികളിലും ബംഗാളിന്റെ പൊതുയോഗങ്ങളിലും ബ്രിഗ്രേഡ് ഗ്രൗണ്ട് റാലിയിലും മറ്റ് പാർട്ടി പരിപാടികളിലും കടന്നുവന്നിട്ട് കുറച്ചുനാളായി. ഇൻസാഫ് യാത്രയും ബ്രിഗ്രേഡ് ഗ്രൗണ്ടിലെ സമാപന പൊതുയോഗവും, സന്ദേശ്ഖലി സംഭവവും പ്രതിഷേധങ്ങൾക്കുമെല്ലാം ശേഷം മിനാക്ഷി മുഖർജിയുടെ മുഖം കൊൽക്കത്തയ്ക്ക് പുറത്തെ മാധ്യമലോകത്തേക്കും എത്തിയിരിക്കുന്നു. മിനാക്ഷി മുഖർജിയിലെ പോരാളിയെ ഇന്ത്യൻ മാധ്യമങ്ങൾ അവതരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. 

പോരാളിയായ മിനാക്ഷി എന്ന അർത്ഥത്തിൽ ‘ലഡാകു മിനാഖി’ എന്ന് ഉച്ചത്തിൽ ഗ്രാമീണർ ഈ ഡി.വൈ.എഫ്.ഐ. ബംഗാൾ സംസ്ഥാന സെക്രട്ടറിയെ അവർ വിളിക്കുന്നു.

വീറിന്റേയും വാശിയുടേയും കാര്യത്തിൽ, തെരുവിലിറങ്ങി ഫൈറ്റ് ചെയ്യുന്ന, നേരിട്ട് ഇടപെട്ട് ചെന്നിറങ്ങുന്ന രാഷ്ട്രീയ മുഖമാണിപ്പോ ബംഗാളിൽ മിനാക്ഷി മുഖർജി. ഏത് വിഷയത്തിലും ഇറങ്ങിച്ചെന്ന് ഇടപെടാനുള്ള വൈമനസ്യമില്ലായ്മയുടെ കാര്യത്തിൽ ഏതാണ്ടൊരു 40 ശതമാനം മമത ബാനർജിയുണ്ട് മിനാക്ഷിയിൽ എന്നാണ് മാധ്യമപ്രവർത്തകരുടെ പക്ഷം. ആവേശക്കമ്മിറ്റിക്കാരല്ലാത്ത ബംഗാളിലെ മാധ്യമപ്രവർത്തകരിൽ പലരും ഇത് സമ്മതിച്ചുതരുന്നു. പാർട്ടി അനുകൂല മാധ്യമങ്ങളും ഇടതു സഹയാത്രികരും പക്ഷേ മിനാക്ഷി മുഖർജിയെ അവരുടെ മമതാ ദീ പ്രോ വേർഷനായി നേരത്തെ കണ്ടുകഴിഞ്ഞു. അണികൾക്ക് ആവേശമുണ്ടാക്കുന്ന കാര്യത്തിൽ ഏതായാലും തകർന്നുപോയ ബംഗാളിലെ സി.പി.എമ്മിന് മിനാക്ഷിയടക്കമുള്ള പുതിയ നേതാക്കളുടെ സക്രിയമായ ഇടപെടലുകൾ നല്ല ഉണർവുണ്ടായിരിക്കുന്നു. പോരാളിയായ മിനാക്ഷി എന്ന അർത്ഥത്തിൽ ‘ലഡാകു മിനാഖി’ എന്ന് ഉച്ചത്തിൽ ഗ്രാമീണർ ഈ ഡി.വൈ.എഫ്.ഐ. ബംഗാൾ സംസ്ഥാന സെക്രട്ടറിയെ അവർ വിളിക്കുന്നു.  മിനാക്ഷി മാത്രമല്ല എസ്.എഫ്.ഐ. നേതാക്കളായ ദിപ്സിത ദർ, ഐഷി ഘോഷ്, ശ്രിജൻ ഭട്ടാചാര്യ, സായൻ ബാനർജി തുടങ്ങി നല്ലൊരു യുവനിരയെ കുറച്ചുനാളായി ബംഗാൾ സി.പി.എം നേതൃനിരയിൽ കൃത്യമായ ഇടം കൊടുത്ത് അവതരിപ്പിക്കുന്നുണ്ട് എന്നത് ബംഗാളിലെ അവശേഷിക്കുന്ന ഇടതുപ്രവർത്തകർക്ക് ആവേശവുമുണ്ടാക്കിയിട്ടുണ്ട്.

സൈറ ഷാ ഹലീം, ഐഷി ഘോഷ്, ദിപ്സിത ദർ, ശ്രിജൻ ഭട്ടാചാര്യ

ബംഗാളിലെ സി.പി.എം കഴിഞ്ഞ കുറെ വർഷങ്ങളായി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി നേതൃതുടർച്ച ഇല്ലാതെ പോയതാണ്. സാധാരണ ജനങ്ങളെ ആകർഷിക്കുന്ന യുവനിരയെ മുന്നിൽ നിർത്താനാകാതെ പോയത് അവർക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. നന്ദിഗ്രാം, സിംഗുർ അടക്കമുള്ള കുത്തൊഴുക്കളിൽ ഭരണവും പാർട്ടി അടിത്തറയും കൈവിട്ട് ഒലിച്ചുപോയ കാലത്ത് സി.പി.എം നേരിട്ട വലിയ വിമർശനവും ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് ഓടിച്ചെന്ന് കാര്യങ്ങൾ ബോധിപ്പിക്കാനും അണികളെ പിടിച്ചുനിർത്താനുമുള്ള എനർജിയുള്ള പുതുനിര നേതാക്കളുടെ അഭാവമായിരുന്നു. പാർട്ടി പ്ലീനത്തിന് ശേഷം ബംഗാൾ സി.പി.എം ഇതിന് പരിഹാരം ഉണ്ടാക്കി എന്ന് പറയാം. 2019-ലെ തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് പോലും കിട്ടാതെ പരാജയപ്പെട്ടുപോയ നേതാക്കളുടെ വലിയ നിര എന്ന ദുഃസ്വപ്നത്തിൽ നിന്ന് മറികടക്കാൻ അവരുടെ കയ്യിലുള്ളത് പ്രതീക്ഷയുടെ ഇത്തരം പുതിയ ട്രംപ് കാർഡുണ്ട്. പുതുനിരയിലൂടെ പഴയ അടിത്തറ വീണ്ടെടുക്കാൻ ശ്രമിക്കാനുള്ള യത്നത്തിലാണ് അവർ. അതിന് പെട്ടെന്നൊരു ഗുണമുണ്ടാകുകയില്ലെങ്കിലും ഭാവിയിൽ അതിന്റെ ഗുണം പാർട്ടിയ്ക്ക് ബംഗാളിൽ അനുഭവിക്കാൻ കഴിഞ്ഞേക്കാം. മിനാക്ഷിയുടെ നേതൃത്വം നൽകിയ ഇൻസാഫ് യാത്ര അടക്കമുള്ള പാർട്ടി ക്യാമ്പെയിനുകൾ പല പ്രാദേശിക മേഖലകളിലും വലിയ ആകർഷണമുണ്ടാക്കി. ഇൻസാഫ് യാത്രയെ തുടർന്ന് ബംഗാളിന്റെ ഗ്രാമങ്ങളിൽ വേരുപിടിക്കുന്ന പേരാകാൻ മിനാക്ഷിയ്ക്ക് കഴിഞ്ഞു.

മമതയുടെ അനന്തിരവൻ അഭിഷേക് ബാനർജിയുടെ ജോനോ സംജോഗ് യാത്രയിൽ നിന്ന് ഡി.വൈ.എഫ്.ഐ. നടത്തിയ ഇൻസാഫ് യാത്രയ്ക്കുള്ള വ്യത്യാസം അതിന്റെ ലാളിത്യമാണെന്ന് ബംഗാളിലെ ജേർണലിസ്റ്റുകൾ പറയുന്നു. നോർത്ത് ബംഗാളിലെ പ്ലാന്റേഷൻ മേഖലയിലും, കുടിയേറ്റ തൊഴിലാളികൾക്കിടയിലും അടക്കം 300 ഓളം പൊതുയോഗങ്ങളിൽ രണ്ട് മാസം കൊണ്ട് ഇൻസാഫ് യാത്രയിലൂടെ മിനാക്ഷിയും സംഘവും അടിത്തട്ടിലെ ജനതയുമായി സംവദിച്ചു. അതിന്റെ സമാപനത്തിലാണ് ബ്രിഗ്രേഡ് ഗ്രൗണ്ടിനെ ജനപ്രളയമാക്കിയ പൊതുയോഗം നടന്നതും ആ ചിത്രം ദേശീയ പത്രങ്ങൾ ഒന്നാംപേജിൽ വീശിയതും.

ഡി.വൈ.എഫ്.ഐ. നടത്തിയ ഇൻസാഫ് യാത്രയിൽ നിന്ന്

സന്ദേശ്ഖലിയിലെ തൃണമൂൽ അതിക്രമത്തിൽ അതിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകാനും ബി.ജെ.പി അതിന് വർഗീയ നിറം നൽകാൻ ശ്രമിച്ചത് തടയാനും ഗ്രാമത്തിലെ ജനങ്ങളെ അക്രമത്തിനെതിരെ അണിനിരത്താനും മിനാക്ഷി മുഖർജിയ്ക്കും സി.പി.എമ്മിനും ഒരുപരിധിവരെ കഴിഞ്ഞു. സന്ദേശ്ഖലി സംഭവം മമതയുടെ ഭരണത്തിലെ തുടക്കകാലത്ത് നടന്ന, തൃണമൂലുകാർ പ്രതികളായ, കാംദുനി റേപ്പ് കേസിനോട് സമാനത പുലർത്തുന്നുണ്ട്, ചില കാര്യത്തിൽ. അവിടേയും പ്രതിഷേധക്കാർ ഗ്രാമത്തിലെ സ്ത്രീകളായിരുന്നു എന്നത് ഇതിനോട് കൂട്ടി വായിക്കണം. പോലീസ് എതിർപ്പ് മറികടന്ന് മുഖംമറച്ച് സന്ദേശ്ഖലിയിലെത്തിയ മിനാക്ഷി മുഖർജിയെ പിന്നീട് പോലീസ് തടഞ്ഞെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് അവിടം സന്ദർശിക്കാനായതും അവരുടെ ഇടപെടലും വലിയ വാർത്താശ്രദ്ധ നേടി. സന്ദേശ്ഖലി സംഭവം മാത്രമല്ല മമതയേയും സുവേന്ദു അധികാരിയേയും പോലുള്ള പടക്കുതിരകൾക്കെതിരെ തട്ടകത്തിൽ മത്സരിപ്പിച്ചതും മിനാക്ഷി മുഖർജിയ്ക്ക് ശ്രദ്ധാകേന്ദ്രമാകാൻ കഴിഞ്ഞതും ചില്ലറക്കാര്യമല്ല. ഏത് വിഷയത്തിലും ഇടപെടാൻ കാണിക്കുന്ന താൽപര്യം മാത്രമല്ല, മികച്ച പ്രസംഗമാണ് മിനാക്ഷി മുഖർജിയുടെ പ്ലസ് പോയിന്റ്. പ്രസംഗം എന്ന യു.എസ്.പി എങ്ങനെ ഉപയോഗിക്കാമെന്ന് ആലോചിച്ചതുകൊണ്ടാകാം ഈ തെരഞ്ഞെടുപ്പിൽ മിനാക്ഷിയെ മത്സരിപ്പിക്കുന്നതിനുപകരം സംസ്ഥാന പ്രചാരണത്തിന്റെ പ്രധാന മുഖങ്ങളിലൊന്നാക്കി മാറ്റിയ തീരുമാനം. സംഘടനാ പ്രവർത്തനത്തിൽ ഉറപ്പിച്ച് നിർത്താനാകാം ബംഗാൾ ഘടകം തീരുമാനം.

മിനാക്ഷി മുഖർജിയും ദിപ്സിത ദറും

She is a rising star in West Bengal politics എന്നാണ് രാഷ്ട്രീയ നിരീക്ഷകൻ ബിശ്വന്ത് ചക്രവർത്തി മിനാക്ഷി മുഖർജിയെക്കുറിച്ച് പറഞ്ഞത്. ബർദ്വാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് പി.ജിയും കഴിഞ്ഞ് എസ്.എഫ്.ഐയിലൂടെ തുടങ്ങിയ മിനാക്ഷി ഇപ്പോൾ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. ദിപ്സിത ദർ അടക്കമുള്ള യുവനേതാക്കൾ മത്സരിക്കുന്നു എന്നത് ഇടതിന് ആവേശമുണ്ടാക്കുന്നു. തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ അരക്ഷിതാവസ്ഥയും അടക്കമുള്ള വിഷയങ്ങളുമായാണ് സെറാംപുരിൽ ദിപ്സിതയുടെ പ്രചാരണം. ദിപ്സിതയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ഗ്രാമീണമേഖലയിൽ ഓളമുണ്ടാക്കിയിട്ടുമുണ്ട്. ജാദവ്പൂരിലെ ഇടതു സ്ഥാനാർത്ഥി സായൻ ബാനർജിയും മുൻ എസ്.എഫ്.ഐ. നേതാവാണ്. ചെറുപ്പക്കാർ ഇടതു സ്ഥാനാർത്ഥികളായി വന്നത് യുവ വോട്ടർമാരിൽ  ആവേശമുണ്ടാക്കിയിട്ടുണ്ടെന്ന് ടെലഗ്രാഫും ദ വയറും അടക്കമുള്ള മാധ്യമങ്ങൾ പറയുന്നു. ജെ.എൻ.യുവിലെ എസ്.എഫ്.ഐ. നേതാവായിരുന്ന ഐഷി ഘോഷും സി.പി.എമ്മിന്റെ അടുത്ത പട്ടികയിൽ ഇടം നേടുമെന്ന് കരുതാം. ഭയരഹിതമായി സംസാരിക്കാനും പെരുമാറാനും ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാനും മിനാക്ഷിയ്ക്കും ഐഷി ഘോഷിനും ദിപ്സിത ദറിനും കഴിയുന്നുവെന്നത് നല്ലൊരു നേട്ടമാണ്. ഭാവിയിലെങ്കിലും അത് ബംഗാളിൽ സി.പിഎമ്മിന് ഗുണം ചെയ്തേക്കും. അത്തരം പുതുനിര നേതാക്കളുടെ വരവ് ഇല്ലാതായി തുടങ്ങിയ കാലത്താണ് ബംഗാൾ പാർട്ടി ഏറ്റവും അഭിശപ്തമായ കാലത്തെ നേരിട്ടതും. 

മമത ബാനർജി

വോട്ട് പോരാട്ടത്തിനായി ഖേലോ ഹോബേ (ഗെയിം ഓൺ) എന്ന മമതയുടെ വാക്കിന്, ‘നിങ്ങൾ അടയാളപ്പെടുത്തിക്കോളൂ, ഞങ്ങളും റെഡി’ എന്ന മറുപടിയുമായി ഈ പെണ്ണുങ്ങളുണ്ട്. മിനാഖി എന്ന മിനാക്ഷി മുഖർജിയും ഐഷിയും ദിപ്സിതയും സൈറ ഷായും അടക്കമുള്ള പുതിയ മുഖങ്ങൾ ചെങ്കൊടിയുമായി ബംഗാളിന്റെ തെരുവുകളിൽ പ്രചാരണത്തിലാണ്. അവർ ചെങ്കൊടിയെടുത്ത് പോരാട്ടവീര്യത്തോടെ തെരുവുകളിലും ഗ്രാമങ്ങളിലും കൊൽക്കത്ത നഗരത്തിലും തെര‍ഞ്ഞെടുപ്പ് തിരക്കിലാണിപ്പോൾ. അവരുടെ വരവ് ആവേശത്തോടെ നോക്കുന്ന കമ്യൂണിസ്റ്റ് അനുഭാവമുള്ള ഒരു ജനതയുണ്ട്, ബംഗാളിൽ. ഐഷി ഘോഷും മിനാക്ഷി മുഖർജിയും ദിപ്സിത ദറും സൈറ ഷായും അടക്കമുള്ള ബംഗാളിലെ കമ്യൂണിസ്റ്റ് പെണ്ണുങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്നത് ഇനിയുള്ള നാളുകൾ വേണം തെളിയിക്കാൻ. ഇന്നല്ലെങ്കിൽ നാളെ, ഈ തെരഞ്ഞെടുപ്പിൽ അല്ലെങ്കിൽ അടുത്തതിന് ഇവരിലൂടെ പുതിയ ചരിത്രമെഴുതാൻ സാധിക്കുമെന്ന് ഇടതുപക്ഷവും കരുതുന്നു.

Comments