ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്. ഭരണഘടന രാജ്യത്തിന്റെ ജീവനും ജനാധിപത്യവും മതേതരത്വവും നമ്മുടെ പ്രാണവായുവുമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ട് ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ഏറെ വെല്ലുവിളി നേരിടുകയായിരുന്നു. അതിന്റെ സംരക്ഷണം ഉയർത്തിപിടിച്ചാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും പാർട്ടി നേതൃത്വം നൽകുന്ന ‘ഇന്ത്യ’ സഖ്യവും (The Indian National Developmental Inclusive Alliance -I.N.D.I.A.) തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്നും ബഹുസ്വരതയുടെ ശബ്ദം രാജ്യത്ത് നിലനിൽക്കണമെന്നും രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന സന്ദേശമാണ് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ജനങ്ങൾക്ക് നൽകിയത്.
16, 17 ലോക്സഭകളുടെ കാലയളവിൽ ഭരണകക്ഷിയുടെ വൻ ഭൂരിപക്ഷം രാജ്യത്തിന്റെ ചരിത്രത്തിൽ മുമ്പ് കണ്ടിട്ടില്ലാത്ത ജനാധിപത്യ ധ്വംസനങ്ങളുടെ കാലമായിരുന്നു. ഭരണഘടനക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിലകല്പിക്കാതെ മുന്നോട്ട് നീങ്ങിയ ട്രഷറി ബെഞ്ച് പലപ്പോഴും പാർലമെന്റിന്റെ നടപടിക്രമങ്ങൾ നോക്കുകുത്തിയാക്കിയാണ് ബില്ലുകൾ കൊണ്ടു വന്നത്. പാർലമെന്റ് ഇന്ത്യയുടെ ജനാധിപത്യ ചൈതന്യത്തിന്റെ പ്രതീകമാണ്. നിയമ നിർമ്മാണമാണ് പാർലമെന്റിന്റെ പ്രാഥമിക ധർമ്മം. ചോദ്യോത്തര വേളകൾ, സംവാദങ്ങൾ, സമിതികൾ തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ സർക്കാരിന്റെ ഉത്തരവാദിത്തങ്ങളെ പാർലമെന്റ് നിരന്തരം നിരൂപണ വിധേയമാക്കുന്നു. എന്നാൽ, ഇതിനെയെല്ലാം റദ്ദാക്കിക്കൊണ്ട്, ക്രിയാത്മകമായ ചർച്ചകളില്ലാതെ ബില്ലുകൾ ചുട്ടെടുത്ത കാലമായിരുന്നു കഴിഞ്ഞുപോയത്. പ്രതിപക്ഷ ശബ്ദങ്ങൾക്ക് പലപ്പോഴും ഇടം ലഭിക്കാതിരുന്ന സഭയിൽ, പ്രതിപക്ഷ അംഗംങ്ങളുടെ അവകാശങ്ങൾ പോലും ഹനിക്കപ്പെട്ടു. ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ഏറ്റവും കുറവ് പ്രോഡക്റ്റിവിറ്റി രേഖപ്പെടുത്തിയ കാലയളവാണ് 17-ാം ലോക്സഭ.
ലോക്സഭാ എന്നാൽ ‘ഹൗസ് ഓഫ് പീപ്പിൾ’ അഥവാ ജനങ്ങളുടെ സഭയും രാജ്യസഭ എന്നാൽ സംസ്ഥാനങ്ങളുടെ സഭയും ആണ്. രാജ്യത്തെ 140 കോടി ജനങ്ങളുടെ പ്രതിനിധികളാണ് ലോക്സഭയിലുള്ളതെങ്കിൽ സംസ്ഥാനങ്ങളുടെ ലെജിസ്ലേറ്റീവ് കൗൺസിലുകളുടെ പ്രതിനിധികളാണ് രാജ്യസഭയിലുള്ളത്. ട്രഷറി ബെഞ്ചും പ്രതിപക്ഷവും ഉൾക്കൊള്ളുന്നതുതന്നെയാണ് പാർലമെന്ററി ജനാധിപത്യത്തിന്റെ സൗന്ദര്യം. ക്രിയാത്മകമായ പ്രതിപക്ഷം പാർലമെന്റിന്റെ ക്ഷമതയെ പോലും വർദ്ധിപ്പിക്കുന്നു എന്നത് ഏറെ ഗൗരവമുള്ളതും കൗതുകകരവുമാണ്.
136% പ്രോഡക്റ്റിവിറ്റി
രേഖപ്പെടുത്തിയ സെഷൻ
16, 17 ലോക്സഭകളുടെ കാലയളവിൽ നിന്ന് അംഗസംഖ്യയുടെ കാര്യത്തിൽ തികച്ചും വ്യത്യസ്തമായ കക്ഷി രാഷ്ട്രീയ ഘടനയാണ് ഇപ്പോൾ ലോക്സഭയിലും രാജ്യസഭയിലുമുള്ളത്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് ഇരു സഭകളിലും വ്യക്തമായ പ്രാതിനിധ്യമുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചരിത്രം ആവർത്തിച്ച് മറ്റൊരു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ വോട്ടർമാർ ജനവിധിയെഴുതുന്ന ഉത്തർ പ്രദേശിലെ ഭൂരിപക്ഷം സീറ്റും ‘ഇന്ത്യ’ സഖ്യം നേടി. ഭരണകക്ഷിയെ മാറ്റി നിർത്തിയാൽ പാർലമെന്റിലെ കൂടുതൽ അംഗങ്ങളുള്ള പ്രധാന കക്ഷികളെല്ലാം ഇന്ന് പ്രതിപക്ഷനിരയുടെ കരുത്തരാണെന്നതും ഏറെ പ്രധാനമാണ്.
പ്രതിപക്ഷത്തിന്റെ കരുത്ത് ഉയർന്നതുകൊണ്ടുതന്നെ സഭയുടെ പ്രവർത്തനക്ഷമത അതിശക്തമായി വർദ്ധിച്ചത് 18-ാം ലോക്സഭയുടെ ആദ്യ രണ്ട് സെഷനുകളിൽ നിന്ന് മനസ്സിലാക്കാം. രണ്ട് സെഷനുകളിൽ 22 സിറ്റിങ്ങുകളിലായി പാർലമെന്റ് സമ്മേളിച്ചു. ബജറ്റ് സെഷൻ മാത്രം 115 മണിക്കൂറും 21 മിനുട്ടും സമ്മേളിച്ചപ്പോൾ 136% മാണ് പ്രോഡക്റ്റിവിറ്റി രേഖപ്പെടുത്തിയത്. 12 ബില്ലുകൾ കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചപ്പോൾ നാലു ബില്ലുകളാണ് പാസായത്. ഒരൊറ്റ ബില്ലിൽ 36 ലേറെ അംഗങ്ങൾ പങ്കെടുത്ത ചർച്ചയുണ്ടായതും അതിൽ ഭൂരിപക്ഷം അംഗങ്ങളും പ്രതിപക്ഷ ബെഞ്ചിൽ നിന്നായതും പാർലമെന്ററി സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തിന്റെ കരുത്തിന്റെ പ്രാധാന്യം വരച്ചു കാട്ടുന്നു. ശൂന്യവേളകളിൽ മാത്രം ജനങ്ങളുടെ അടിയന്തര പൊതു പ്രാധാന്യമുള്ള 400 വിഷയങ്ങൾ ഈ സെഷനിൽ പാർലമെന്റിൽ ഉന്നയിക്കപ്പെട്ടു. ഇവിടെയും പ്രതിപക്ഷം ഏറെ മുന്നിട്ടുനിൽക്കുന്നു. അക്ഷരാർത്ഥത്തിൽ ലോക്‌സഭയെ ‘ജനങ്ങളുടെ സഭ’ എന്ന തലത്തിലേക്ക് കൊണ്ടുപോകാൻ പ്രതിപക്ഷത്തിന് ഇന്ന് സാധിക്കുന്നു.
രാജ്യസഭയിലും സ്ഥിതി വിഭിന്നമല്ല. ഫെഡറൽ തത്വങ്ങളെ സഭയ്ക്കകത്തും ഭരണതലത്തിലും ഒട്ടും മാനിക്കാതെ മുന്നോട്ടുപോയിരുന്ന മോദി സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്ക് വിലങ്ങിടാൻ പ്രതിപക്ഷത്തിന് സാധിക്കുന്നു. രാജ്യസഭയെ ഉപരിസഭയായി ഭരണഘടനാ ശിൽപികൾ എന്തിന് വിഭാവനം ചെയ്തോ ആ ഉദ്ദേശ്യലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്ന രീതിയിൽ ഭരണകക്ഷിയെ ഫെഡറൽ മൂല്യങ്ങൾ പഠിപ്പിക്കുന്നതാണ് രാജ്യസഭയുടെ ഇന്നത്തെ ശക്തി. സംസ്ഥാനങ്ങളുടെ അവകാശങ്ങളും ശബ്ദങ്ങളും രാജ്യസഭയിൽ ഇപ്പോൾ അതിശക്തം ഉയർന്നു നിൽക്കുന്നു.
ഒരു പതിറ്റാണ്ടിനുശേഷം രാജ്യത്ത് ലോക്സഭാ പ്രതിപക്ഷ നേതൃപദവിയിൽ കരുത്തനായ നേതാവ് ഉണ്ടായിരിക്കുന്നു. ഇരു സഭകളിലെയും രണ്ടാമത്തെ വലിയ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതരായ നേതാക്കൾ പ്രതിപക്ഷ നേതൃസ്ഥാനങ്ങളിൽ നിന്ന് സഭയിൽ ജനങ്ങളുടെ ശബ്ദമാകുകയാണ്. പ്രതിപക്ഷം രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയും ആശയുമാകുന്നതാണ്, രാഹുൽ ഗാന്ധിയുടെ സഭയിലെ ഓരോ ഇടപെടലുകൾക്കും രാജ്യവ്യാപകമായി ഉണ്ടാകുന്ന വർദ്ധിച്ച സ്വീകാര്യത കാണിക്കുന്നത്.
ഭരണകക്ഷിയെ മാറ്റി നിർത്തിയാൽ പാർലമെന്റിലെ കൂടുതൽ അംഗങ്ങളുള്ള പ്രധാന കക്ഷികളെല്ലാം ഇന്ന് പ്രതിപക്ഷനിരയുടെ കരുത്തരാണെന്നതും ഏറെ പ്രധാനമാണ്.
പ്രതിപക്ഷത്തിനുമുന്നിൽ
മുട്ടുമടക്കിയ സന്ദർഭങ്ങൾ
പുതിയ എൻ.ഡി.എ സർക്കാർ രൂപീകരിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് രണ്ട് മാസത്തിനിടെ സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷത്തിനുമുമ്പിൽ മുട്ടുമടക്കേണ്ടിവന്നത് പ്രതിപക്ഷത്തിന്റെ കരുത്തും ജനങ്ങളുടെ വിജയവുമാണ്.
ബ്രോഡ്കാസ്റ്റിങ് സർവീസ് റഗുലേഷൻ ബിൽ (The Broadcasting Services- Regulation- Bill, 2024):
കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രതിപക്ഷ ശബ്ദം പുറത്തുവരാതിരിക്കാൻ മീഡിയയെ വിലക്കെടുത്തും സർക്കാർ വിരുദ്ധ ശബ്ദങ്ങളുടെ മുഴുവൻ വായ മൂടിക്കെട്ടിയും മുന്നോട്ടുപോയ ബി.ജെ.പി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനങ്ങളെ മുഴുവൻ തകർത്തെറിഞ്ഞത് സാമൂഹ്യ മാധ്യമങ്ങളാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു കാലത്ത് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം ഒരു പരിധിവരെ കേന്ദ്ര സർക്കാർ ചൊല്പടിയിൽ ഒതുക്കിയ സാമൂഹ്യ മാധ്യമങ്ങൾ തന്നെയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളെ ഒന്നടങ്കം കൂച്ചുവിലങ്ങിടാൻ കൊണ്ടുവന്ന ബില്ലായിരുന്നു ബ്രോഡ്കാസ്റ്റിങ് സർവീസ് റഗുലേഷൻ ബില്ല്. ഡിജിറ്റൽ മാധ്യമങ്ങളുടെ ഉള്ളടക്കവും ഒ.ടി.ടിയും ഉൾപ്പെടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് 1995-ലെ കേബിൾ ടെലിവിഷൻ സർവീസസ് ബില്ല് അവതരിപ്പിക്കാൻ ശ്രമിച്ചത്. ബില്ലിന്റെ കരട് പോലും അവതരിപ്പിക്കാൻ സാധിക്കാതെ കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടിവന്നത് പ്രതിപക്ഷത്തിന്റെ കരുത്താണ്.
വഖഫ് ബില്ലിൽ (Waqf -Amendment- Bill, 2024) ഒറ്റപ്പെട്ട ബി.ജെ.പി:
വഖഫ് നിയമത്തിൽ 40 ഭേദഗതികൾ നിർദേശിച്ച് കൊണ്ടുവന്ന വഖഫ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതുമുതൽ പാർലമെന്റ് കണ്ടത് പ്രതിപക്ഷത്തിന്റെ കരുത്തും കേന്ദ്രത്തിന്റെ പരുങ്ങലുമാണ്. ‘ഇന്ത്യ’ സഖ്യത്തിലെ മുഴുവൻ കക്ഷികളും ഒറ്റക്കെട്ടായി നഖശിഖാന്തം ബില്ലിനെ എതിർത്തപ്പോൾ എൻ.ഡി.എ ഘടകകക്ഷികൾക്കു പോലും ജാഗ്രതാപൂർവ്വം സംസാരിക്കേണ്ടിവന്നു. ബില്ലിൽ സംസാരിച്ച ‘ഇന്ത്യ’ സഖ്യം അംഗങ്ങൾ വഖഫിനെ തകർക്കാനുള്ള ബില്ലിലെ ഓരോ നീക്കങ്ങളെയും ഇഴ കീറി എതിർക്കുന്നതിന് സഭ സാക്ഷിയായി. പ്രതിപക്ഷ പ്രതിഷേധത്തിനുമുമ്പിൽ മുട്ടു മടക്കിയ സർക്കാറിന്, ബിൽ ജെ.പി.സിക്ക് വിടേണ്ടി വന്നത് മറ്റൊരു പ്രതിപക്ഷ വിജയം.
ഇതിനകം രണ്ടുതവണ വഖഫ് ഭേദഗതി ബിൽ ചർച്ച ചെയ്യാൻ ചേർന്ന ജെ.പി.സിയിലും എൻ.ഡി.എയിലെ പ്രധാന ഘടകക്ഷികളായ ടി.ഡി.പി, ജെ.ഡി- യു, എൽ.ജെ.പി എന്നിവർ അതിശക്തമായി എതിർത്ത് രംഗത്തെത്തിയതോടെ ബില്ലിൽ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ് ബി.ജെ.പി.
ലാറ്ററൽ എൻട്രിയിലും (lateral entry) യു- ടേൺ:
കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ വൈദഗ്ദ്യമുള്ളവരെ നിയമിക്കാൻ എന്ന പ്രചാരണത്തോടെ ഇഷ്‌ടക്കാരെ നിയമിക്കാനുള്ള ലാറ്ററൽ എൻട്രി നിയമന ഉത്തരവും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്നു. ഒരേസമയം സ്വജന പക്ഷപാതവും സംവരണ അട്ടിമറിയും ഒരുമിച്ച് നടക്കുന്ന ഈ നീക്കത്തിനെതിരെ പ്രതിപക്ഷത്തിന് പുറമെ ഭരണകക്ഷിയിലെ പ്രധാന പാർട്ടികളും ചേർന്നതോടെ ബി.ജെ.പി വീണ്ടും ഒറ്റപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
രാജ്യത്തെ ബഹു ഭൂരിപക്ഷം വരുന്ന സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ മുന്നേറ്റത്തിനായി ജാതി സെൻസസ് നടത്തണമെന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ ആവശ്യം ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ, വിശിഷ്യാ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ, ശക്തമായ അലയൊലികൾ സൃഷ്‌ടിക്കുകയാണ്. അനുദിനം വർദ്ധിക്കുന്ന സാമൂഹ്യ വിവേചനത്തിന്റെ കണക്കുകൾ വർഗീയത കൊണ്ട് മറികടക്കാമെന്ന ബി.ജെ.പിയുടെ മോഹങ്ങൾക്കു മേൽ വലിയ തിരിച്ചടികളാണ് ഉണ്ടാക്കുന്നത്.
എസ്.സി, എസ്.ടി വിഭാഗങ്ങൾക്കിടയിൽ ക്രീമിലെയർ സംവിധാനം കൊണ്ടുവരാനുള്ള കാബിനറ്റ് നീക്കത്തെ പാർലമെന്റിലെ ഇരു സഭകളിലെയും 100- ലേറെ വരുന്ന എൻ.ഡി.എ ഘടകകക്ഷികളിലെ അംഗങ്ങൾ തന്നെ എതിർത്തു കൊണ്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ടത് വരാനിരിക്കുന്ന രാഷ്ട്രീയ തിരിച്ചടികളെ ഭയന്നിട്ടാണ്.
വിവിധ കാര്യങ്ങളിലും സംസ്ഥാനങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രാജ്യത്ത് ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന വലിയ ലക്ഷ്യത്തിൽ സഖ്യം ചേർന്ന പ്രതിപക്ഷ ഐക്യം അനുദിനം ശക്തിയാർജ്ജിക്കുന്നത് പാർലമെന്റിനകത്തും പുറത്തും കാഴ്ചയാണ്.
ഭരണകക്ഷിയായ എൻ.ഡി.എ സഖ്യമാകട്ടെ ആദർശാധിഷ്‌ഠിതമല്ലെന്ന് മാത്രമല്ല, പ്രധാന കക്ഷികൾക്കൊന്നും ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തോട് യോജിപ്പുമില്ല. പ്രധാന അംഗങ്ങളായ ടി.ഡി.പിക്ക് ആന്ധ്രയിലെ സംസ്ഥാന ഭരണമാണ് പ്രധാനം. ജെ.ഡി- യുവിന് ബീഹാറിലെയും. എൽ.ജെ.പിയുടെയും അവസ്ഥ വിഭിന്നമല്ല. കേന്ദ്രത്തിൽ എൻ ഡി എ ഭരണം നിലനിർത്താൻ പിന്തുണക്കുന്നതുപോലും സംസ്ഥാനങ്ങളിലെ ഭരണസൗകര്യങ്ങൾക്കാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്ന കാര്യങ്ങളോട് ഇതിനകം ഈ കക്ഷികളെല്ലാം കേന്ദ്രത്തിന്റെ നയങ്ങളിൽ വിയോജിപ്പുകൾ പ്രകടമാക്കിയത് വഖഫിലും, ലാറ്ററൽ എൻട്രി നിയമനത്തിലും, സംവരണ വിഷയങ്ങളിലും കണ്ടു കഴിഞ്ഞു. കേന്ദ്ര സർക്കാറിന്റെ വിദേശ നയങ്ങളെ പോലും ഘടകകക്ഷികൾ ഇന്ന് ചോദ്യം ചെയ്യുകയാണ്.
എൻ.ഡി.എ സഖ്യകക്ഷികളെല്ലാം കേന്ദ്രത്തിന്റെ നയങ്ങളിൽ വിയോജിപ്പുകൾ പ്രകടമാക്കിയത് വഖഫിലും, ലാറ്ററൽ എൻട്രി നിയമനത്തിലും, സംവരണ വിഷയങ്ങളിലും കണ്ടു കഴിഞ്ഞു. കേന്ദ്ര സർക്കാറിന്റെ വിദേശ നയങ്ങളെ പോലും ഘടകകക്ഷികൾ ഇന്ന് ചോദ്യം ചെയ്യുകയാണ്.
വിദേശനയത്തിലെ
തോൽവികൾ
സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നയിച്ച ധിഷണാശാലിയായ നെഹ്‌റുവിന്റെ ചേരിചേരാ നയങ്ങൾ ഉൾപ്പടെയുള്ള വിദേശ നയങ്ങൾ ലോകം ശ്രദ്ധയോടെ വീക്ഷിച്ചപ്പോൾ നിലവിലെ കേന്ദ്ര സർക്കാറിന്റെ വിദേശ നയങ്ങളിൽ പോലും ആഭ്യന്തര രാഷ്ട്രീയ താല്പര്യങ്ങൾ കടന്നുകൂടുന്നത് വിനയാകുകയാണ്. ഒരു കാലത്ത് ഇന്ത്യയുമായി അഭേദ്യമായ സൗഹൃദം സൂക്ഷിച്ച അയൽ രാഷ്ട്രങ്ങൾ പോലും അകലുന്നതും മിക്ക അയൽ രാഷ്ട്രങ്ങളുമായും സ്വരച്ചേർച്ചയില്ലാതായതും വിദേശ നയങ്ങളിലെ പരാജയങ്ങളാണ്.
ഇസ്രായേൽ- പലസ്തീൻ പ്രശ്നത്തിൽ ഒരു കാലത്തും ഇന്ത്യ അക്രമത്തെ പിന്തുണച്ചിട്ടില്ല. സ്വതന്ത്ര രാഷ്ട്രമെന്ന പലസ്തീൻ ആവശ്യത്തെ പിന്തുണക്കുകയും എല്ലാത്തരം അക്രമങ്ങളിൽ നിന്ന് ഇരു രാഷ്ട്രങ്ങളെയും പിന്തിരിപ്പിക്കുകയുമാണ് ഇന്ത്യ ചെയ്തിരുന്നത്. ഇസ്രായേലിന് ആയുധം നൽകുന്ന ഇന്ത്യയുടെ നയങ്ങളെ എൻ ഡി എ ഘടകകഷികൾ പോലും എതിർക്കുന്നത് പുനർവിചിന്തനത്തിന് കേന്ദ്ര സർക്കാറിന് പ്രേരണയാകേണ്ടതാണ്.
ഇനിയും ശക്തമാകണം,
പ്രതിപക്ഷം
പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ഇനിയും ശക്തിയോടെ നീങ്ങേണ്ടതുണ്ട്. ജനാധിപത്യതിന്റെ ഭാവിക്കും സുസ്ഥിരതക്കും ഇത് അനിവാര്യമാണ്. രാജ്യത്ത് നടക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ ഇല്ലായ്മ ചെയ്യാനും തികച്ചും ആസൂത്രിതമായി നടക്കുന്ന അഴിമതികളെ പുറത്തുകൊണ്ട് വരാനും പ്രതിപക്ഷത്തിന് കഴിയും. ഇതിനായി കേന്ദ്ര സർക്കാരിന്റെ ആസൂത്രിത അഴിമതികളുടെ സങ്കീർണതകൾ ലളിതമായ രീതിയിൽ ജനങ്ങളെ മനസ്സിലാക്കി കൊടുക്കാൻ പ്രതിപക്ഷത്തിന് സാധിക്കണം. ക്രിയാത്മകമായ മാർഗങ്ങൾ ഇതിനായി പ്രതിപക്ഷം സ്വീകരിച്ചാൽ സമീപ ഭാവിയിൽ രാജ്യത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ പോലും മാറിമറിയുമെന്ന കാര്യത്തിൽ സംശയമില്ല.
വരാനിരിക്കുന്ന ഹരിയാന, മഹാരാഷ്ട്ര, ജമ്മു ഉൾപ്പടെയുള്ള സംസ്ഥാന തെരെഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടാൻ പ്രതിപക്ഷ കക്ഷികൾക്ക് സാധിക്കും. ഇത് രാജ്യത്ത് പ്രതിപക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തും.