മുസ്​ലിം ലീഗ്​ പ്ലാറ്റിനം ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ചെന്നൈയിലെ രാജാജി ഹാളിൽ നേതാക്കൾ പ്രതിജ്ഞ പുതുക്കുന്നു

മുസ്​ലിം ലീഗിലുണ്ട്​ ​മതേതര, ജനാധിപത്യ ഇടം

മുസ്​ലിം ലീഗ് ഒരു മതേതര, ജനാധിപത്യ കക്ഷിയാണെന്ന് ഇടത്, വലത് വ്യത്യാസമില്ലാതെ എല്ലാവരും അംഗീകരിക്കുന്നു. കോൺഗ്രസുകാർ നേരത്തെ അക്കാര്യം അംഗീകരിച്ചു. കമ്യൂണിസ്റ്റ് നേതാക്കളും ലീഗിന്റെ അനിവാര്യതയെ ഉൾക്കൊണ്ടു കൊണ്ടാണ് ഈയിടെ സംസാരിച്ചുകൊണ്ടിരിക്കുന്നത്.

""1967-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ മാറ്റമുണ്ടാക്കിയത് ഡി.എം.കെയാണ്. അതിന് അണ്ണാദുരൈ ആരെയാണ് കൂടെക്കൂട്ടിയത് എന്നുചോദിച്ചാൽ അത് ആദരണീയനായ ഖാഇദെ മില്ലത്തിനെയാണ്. മുസ്​ലിം ലീഗും ഡി.എം.കെയും തമ്മിലുള്ള സ്നേഹബന്ധത്തെ ആരായാലും, എവനായാലും, ഏത് കൊമ്പനായാലും വേർപ്പെടുത്താൻ സാധിക്കില്ല''- 2023 മാർച്ച് 10ന് ചെന്നൈ കൊട്ടിവാക്കം വൈ.എം.സി.എ മൈതാനത്ത് മുഴങ്ങിയ ശബ്ദമാണിത്. പ്രസംഗിക്കുന്നത് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. വേദി ഇന്ത്യൻ യൂണിയൻ മുസ്​ലിം ലീഗ് പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനം. മുസ്​ലിം ലീഗും ഡി.എം.കെയും തമ്മിലുള്ള ബന്ധം പരാമർശിക്കുമ്പോഴാണ് അദ്ദേഹം വൈകാരികമായി സംസാരിച്ചത്.

ചെന്നൈ കൊട്ടിവാക്കം വൈ.എം.സി.സി ഗ്രൗണ്ടിൽ നടന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രസംഗിക്കുന്നു
ചെന്നൈ കൊട്ടിവാക്കം വൈ.എം.സി.സി ഗ്രൗണ്ടിൽ നടന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രസംഗിക്കുന്നു

ആശയം അതിജീവിക്കുന്നു

ഇന്ത്യൻ രാഷ്ട്രീയത്തിൽ ലീഗിന്റെ നിഴലു പോലും ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ അമ്പരപ്പിച്ചാണ് 1948 മാർച്ച് 10ന് സംഘടന പുനഃസംഘടിപ്പിച്ചത്. ഖാഇദെ മില്ലത്ത് (സമുദായത്തിന്റെ നേതാവ്) എന്ന് പ്രവർത്തകർ ആവേശത്തോടെ വിളിക്കുന്ന എം. മുഹമ്മദ് ഇസ്മായിലിനായിരുന്നു മുസ്​ലിം ലീഗ് പുനഃസംഘടിപ്പിക്കാനുള്ള നിയോഗം. പിൽക്കാലത്ത് രാജാജി ഹാൾ എന്നറിയപ്പെട്ട മദിരാശിയിലെ ബാങ്ക്വിറ്റ് ഹാളാണ് (അതിഥി മന്ദിരം) ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ യൂണിയൻ മുസ്​ലിം ലീഗിന്റെ ചരിത്രത്തിൽ മദിരാശിക്ക് വൈകാരിക പ്രാധാന്യം കൈവന്നത് ഇക്കാരണത്താലാണ്. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അതേ രാജാജി ഹാളിൽ മുസ്​ലിം ലീഗ് പ്രതിനിധികൾ പ്രതീകാത്മകമായി ഒത്തുചേരുകയും വിവിധ ഭാഷകളിൽ പ്രതിജ്ഞ പുതുക്കുകയും ചെയ്തു. നിയമപരമായി സ്ഥാപിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയോട് കൂറും വിശ്വാസവും പുലർത്തുമെന്നും സാമൂഹ്യ നീതിയും സ്വത്വവാദവും യഥാർത്ഥമായ രാഷ്ട്രീയ ജനാധിപത്യവും പ്രോത്സാഹിപ്പിക്കുമെന്നും അവർ പ്രതിജ്ഞയിൽ വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുമെന്നും സാമുദായിക സൗഹാർദ്ദവും, ഐക്യവും ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും പരിശ്രമിക്കുമെന്നും ഇന്ത്യൻ ജനതയുടെ സമാധാനത്തിനും സമൃദ്ധിക്കും സന്തോഷത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും മുസ്​ലിം ലീഗുകാർ മനസ്സിൽ ഉറപ്പിക്കുകയും നാവുകൊണ്ട് വെളിവാക്കി പറയുകയും ചെയ്തു.

വിഭജനത്തിന്റെ കുറ്റം മുഴുവൻ മുസ്​ലിം ലീഗിന്റെ തലയിലേക്ക് അടിച്ചുകയറ്റാണ് ദേശീയ ചരിത്രകാരന്മാരും ഓറിയന്റലിസ്റ്റുകളും ശ്രമിച്ചത്. മുസ്​ലിം ലീഗ് എന്ന പേരിനെ പോലും വെറുക്കുന്ന തരത്തിൽ പ്രചാരണം കനത്തു.

1948ലും ഇതേ ആശയമാണ് മുസ്​ലിം ലീഗ് രാജ്യത്തിന് മുന്നിൽ വെച്ചത്. എന്നാൽ വിഭജനാനന്തര ഇന്ത്യ അന്നത്തെ മുസ്​ലിം ലീഗിനെ വെറുപ്പോടെയാണ് നേരിട്ടത്. അബ്ദുറബ്ബ് നിഷ്താർ, സർദാർ ബൽദേവ് സിങ്ങ്, ആചാര്യ കൃപലാനി, സർദാർ വല്ലഭായി പട്ടേൽ, ജവഹർ ലാൽ നെഹ്‌റു, വൈസ്രോയി മൗണ്ട് ബാറ്റൺ, മുഹമ്മദലി ജിന്ന, ലിയാഖത്ത് അലി ഖാൻ എന്നിവർ ചേർന്നാണ് വിഭജന കരാറിൽ ഒപ്പിട്ടത്. എന്നാൽ വിഭജനത്തിന്റെ കുറ്റം മുഴുവൻ മുസ്​ലിം ലീഗിന്റെ തലയിലേക്ക് അടിച്ചുകയറ്റാണ് ദേശീയ ചരിത്രകാരന്മാരും ഓറിയന്റലിസ്റ്റുകളും ശ്രമിച്ചത്. മുസ്​ലിം ലീഗ് എന്ന പേരിനെ പോലും വെറുക്കുന്ന തരത്തിൽ പ്രചാരണം കനത്തു.

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബ്
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബ്

ഉത്തരേന്ത്യയിലെ മുസ്​ലിം നേതാക്കളും വിദ്യാസമ്പന്നരും വാഗ്ദത്ത ഭൂമിയുടെ മധുരം നുണയാനായി പാക്കിസ്ഥാനിലേക്ക് വണ്ടികയറി. രാഷ്ട്രീയ നേതാക്കളെ കൂടാതെ വലിയ ഉദ്യോഗസ്ഥരും മതപണ്ഡിതരും സമ്പന്നരും വ്യാപാരികളും കലാകാരന്മാരും സാധാരണക്കാരും ഇക്കൂട്ടത്തിൽ ഉൾപ്പെടും. മലബാറിൽ മുസ്​ലിം ലീഗിന് ബീജാവാപം നൽകിയ അബ്ദുസ്സത്താർ സേട്ട് പോലും പാക്കിസ്ഥാനിലേക്ക് വണ്ടികയറി. ഇവിടെ ബാക്കിയായത് വണ്ടിക്കൂലി പോലുമില്ലാത്ത പട്ടിണിപ്പാവങ്ങൾ. വെറുക്കപ്പെട്ടവരാകാൻ വിധിക്കപ്പെട്ടവർ. അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടവർ. ഇന്ത്യയിൽ അവശേഷിച്ച മുസ്​ലിം ലീഗ് നേതാക്കളിൽ പ്രമുഖർ അധികാരത്തിന്റെ മധുരം തേടി കോൺഗ്രസിലേക്ക് ചേക്കേറി. ഡൽഹിയിൽ മുസ്​ലിം ലീഗ് പിരിച്ചുവിടൽ ദിനം ആചരിച്ചു. ബോംബെയിൽ പാർട്ടിയുടെ പേര് മാറ്റി ഫോർത്ത് പാർട്ടി എന്നാക്കി. യു.പിയിലെ മുസ്​ലിം ലീഗുകാർ പേര് മാറ്റി ജനതാ പാർട്ടിയുണ്ടാക്കി. ഭരണഘടനാ നിർമ്മാണ സഭയിൽ അംഗങ്ങളായിരുന്ന ചൗധരി ഖലീഖുസ്സമാൻ ഉൾപ്പെടെയുള്ള പ്രമുഖർ പാക്കിസ്ഥാനിലേക്ക് പോയി. മുസ്​ലിം ലീഗ് പിരിച്ചുവിടാൻ വേണ്ടി നേതാക്കൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗം ചേർന്നു. മദിരാശി സംസ്ഥാനത്തും മലബാർ ജില്ലയിലും മുസ്​ലിം ലീഗ് ഉപേക്ഷിച്ച് നിരവധി പേർ കോൺഗ്രസിൽ ചേർന്നു. അധികാരത്തിന്റെ ചെങ്കോലും കിരീടവും കൈവശമുണ്ടായിരുന്ന ഗവർണർ ജനറൽ മൗണ്ട് ബാറ്റണും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും മുസ്​ലിം ലീഗിനെ കുഴിച്ചുമൂടാനായി നേരിട്ടും അല്ലാതെയും പദ്ധതികൾ ആവിഷ്‌ക്കരിച്ചു. എന്നാൽ ഒരു സംഘടന എന്നതിനേക്കാൾ അതൊരു ആശയമായിരുന്നു. സംഘടനയെ ഇല്ലാതാക്കാം. ആശയത്തെ ഇല്ലാതാക്കുന്നത് എളുപ്പമുള്ള കാര്യമല്ല.

യാതൊരു ഹിഡൻ അജണ്ടകളുമില്ലാതെയാണ് മുസ്​ലിം ലീഗ് പ്രവർത്തനം ആരംഭിച്ചത്. അതിന്റെ ലക്ഷ്യങ്ങളും നയങ്ങളും സുതാര്യമായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് ഒന്നാമത്തെ അജണ്ടയായി മുസ്​ലിം ലീഗ് എഴുതിച്ചേർത്തു.

മാർച്ച് 10

അങ്ങനെയൊരു ദശാസന്ധിയിലാണ് 1948 മാർച്ച് 10ന് മദിരാശിയിലെ രാജാജി ഹാളിൽ ഖാഇദെ മില്ലത്ത് മുസ്​ലിം ലീഗ് പുനഃസംഘടിപ്പിച്ചത്. ലീഗ് യോഗം നടത്താൻ രാജ്യത്തെവിടെയും സൗകര്യമുണ്ടായിരുന്നില്ല. മദിരാശിയിലും ഹാളുകളൊന്നും അനുവദിക്കപ്പെട്ടില്ല. മുസ്​ലിം ലീഗ് എന്നു കേൾക്കുമ്പോൾ ത്തന്നെ പലരും ആട്ടിയകറ്റി. ഒടുവിൽ വളരെ പ്രയാസപ്പെട്ടാണ് സർക്കാർ ഉടമസ്ഥതയിലുള്ള അതിഥി മന്ദിരം അനുവദിക്കപ്പെട്ടത്.
എ.കെ. രിഫായി ആ സംഭവം എഴുതുന്നത് ഇങ്ങനെയാണ്: ""ഇന്ന് രാജാജി മണ്ഡപം എന്ന പേരിൽ അറിയപ്പെടുന്ന മദ്രാസ് മൗണ്ട് റോഡിലെ വലിയ കെട്ടിടം അന്ന് സർക്കാർ അതിഥിമന്ദിരം എന്ന പേരിലാണറിയപ്പെട്ടിരുന്നത്. തമിഴ്നാട് ഗവൺമെന്റിന്റെ സ്വന്തം വകയായ ഈ സ്ഥലമെങ്കിലും മുസ്​ലിം ലീഗ് കൗൺസിൽ യോഗം ചേരാൻ ചോദിച്ചു നോക്കാമെന്ന അഭിപ്രായമുയർന്നു. മുസ്​ലിം ലീഗ് എം.എൽ.എമാരിൽ ചിലർ അന്നത്തെ മന്ത്രിമാരെ സമീപിച്ചുനോക്കുകയും ചെയ്തു.
ഗവൺമെന്റിന് മറ്റൊരു പദ്ധതി ഉണ്ടായിരുന്നിരിക്കണം. ഇസ്മായീൽ സാഹിബ് ഒരാൾ മാത്രമാണ് മുസ്​ലിം ലീഗ് നിലനിൽക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുന്നത്. മുസ്​ലിം ലീഗ് സംഘടനയിൽ പെട്ട മറ്റുള്ളവരെ സ്വാധീനിച്ച് തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവന്നാൽ മുസ്​ലിം ലീഗിന്റെ കൗൺസിൽ യോഗത്തിൽ വെച്ചു തന്നെ മുസ്​ലിം ലീഗ് പിരിച്ചുവിടണം എന്ന പ്രമേയം അംഗീകരിച്ചാൽ അദ്ദേഹത്തിന് എന്തു ചെയ്യാൻ കഴിയും എന്ന ആശയം ഭരണാധികാരികൾക്ക് തോന്നിയിരിക്കണം. ആ സമയം മുസ്​ലിം ലീഗിൽ അംഗത്വം വഹിച്ചിരുന്ന ചിലർ ഇതു സംബന്ധമായി ആശാവഹമായ ചില വിവരങ്ങൾ ഗവൺമെന്റിനെ അറിയിക്കുകയും ചെയ്തിട്ടുണ്ടായിരിക്കണം. ഏതായാലും മൗണ്ട് റോഡിലെ സർക്കാർ അതിഥി മന്ദിരം അവസാനം യോഗം ചേരുന്നതിന് ലഭിച്ചു'' (ഖാഇദെ മില്ലത്ത് ജീവചരിത്രം- എ. കെ. രിഫായി)

 ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് രൂപീകരണം നടന്ന രാജാജി ഹാൾ
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് രൂപീകരണം നടന്ന രാജാജി ഹാൾ

മഹാത്മാഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ ലീഗ് കൗൺസിൽ യോഗം ആരംഭിച്ചത്. മാറിയ പരിതസ്ഥിതിയിൽ ഇന്ത്യയിലെ മുസ്​ലിം സമൂഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ പുരോഗതിക്കായി മുസ്​ലിം ലീഗ് തുടരണം എന്ന ഒറ്റവരി പ്രമേയത്തിന്റെ മുകളിൽ പത്ത് മണിക്കൂർ നീണ്ട ചർച്ച നടന്നു. രാഷ്ട്രീയം ഉപേക്ഷിച്ച് ഒരു സാംസ്‌കാരിക സംഘടനയായി നിലനിന്നാൽ മതി എന്നായിരുന്നു ഒരു കൂട്ടരുടെ പക്ഷം. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിപ്ലവകാരി മൗലാന ഹസ്രത്ത് മൊഹാനിയെപ്പോലുള്ള പ്രഗത്ഭ വ്യക്തിത്വങ്ങൾ ഈ പക്ഷത്തോടൊപ്പമായിരുന്നു. 37 പേരാണ് പ്രമേയത്തെ അനുകൂലിച്ചത്. 14 പേർ എതിർത്തു. ഖാഇദെ മില്ലത്ത് എം മുഹമ്മദ് ഇസ്മായീൽ (പ്രസിഡൻറ്​), മെഹ്ബൂബ് അലി ബേഗ് (ജനറൽ സെക്രട്ടറി), ഹസനലി പി ഇബ്രാഹീം (ഖജാൻജി) എന്നിവരായിരുന്നു പ്രഥമ ഭാരവാഹികൾ.
ആദ്യ യോഗത്തിൽ തന്നെ മുസ്​ലിം ലീഗ് അതിന്റെ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു.

""ഇന്ത്യൻ സ്വാതന്ത്ര്യവും അഭിമാനവും നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും സംസ്ഥാപിക്കുന്നതിനും സഹായിക്കുക. രാഷ്ട്രത്തിലെ ജനങ്ങളുടെ അന്തസ്സും ക്ഷേമവും സുഖവും വർധിപ്പിക്കുന്നതിനായി ശ്രമിക്കുക. രാഷ്ട്രത്തിലെ മുസ്​ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും എല്ലാ ന്യായമായ അവകാശങ്ങളും താൽപര്യങ്ങളും കരസ്ഥമാക്കുകയും രക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക. ഇന്ത്യയിലെ മുസ്​ലിം കളുടെയും മറ്റു സമുദായക്കാരുടേയും ഇടയിൽ പരസ്പരവിശ്വാസവും സന്മനസ്സും സ്നേഹവും മതിപ്പും രഞ്ജിപ്പും വളർത്തുക''.

ഇബ്രാഹിം സുലൈമാൻ സേട്ട് പ്രസംഗിക്കുന്നു. പരിഭാഷകൻ ഹമീദലി ഷംനാട്. സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ, സി.എച്ച് മുഹമ്മദ് കോയ, യു.എ ബീരാൻ വേദിയിൽ
ഇബ്രാഹിം സുലൈമാൻ സേട്ട് പ്രസംഗിക്കുന്നു. പരിഭാഷകൻ ഹമീദലി ഷംനാട്. സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ, സി.എച്ച് മുഹമ്മദ് കോയ, യു.എ ബീരാൻ വേദിയിൽ

യാതൊരു ഹിഡൻ അജണ്ടകളുമില്ലാതെയാണ് മുസ്​ലിം ലീഗ് പ്രവർത്തനം ആരംഭിച്ചത്. അതിന്റെ ലക്ഷ്യങ്ങളും നയങ്ങളും സുതാര്യമായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് ഒന്നാമത്തെ അജണ്ടയായി മുസ്​ലിം ലീഗ് എഴുതിച്ചേർത്തു. രാജ്യപുരോഗതിയും ന്യൂനപക്ഷ ക്ഷേമവും മത സാഹോദര്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളും ലക്ഷ്യങ്ങളായി അവതരിപ്പിച്ചു.

മുസ്​ലിം ലീഗ് പുനഃസംഘടിക്കപ്പെട്ട വിവരമറിഞ്ഞ് ഏറെ അസ്വസ്ഥനായത് പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവാണ്. കാഴ്ച ബംഗ്ലാവിൽ വെക്കേണ്ട പ്രദർശന വസ്തു, ചത്ത കുതിര എന്നീ പ്രയോഗങ്ങൾ മുസ്​ലിം ലീഗിനെതിരെ അദ്ദേഹം ആവർത്തിച്ചു.

കഠിന കഠോരമായ കാലം

മുസ്​ലിം ലീഗ് പുനഃസംഘടിക്കപ്പെട്ട വിവരമറിഞ്ഞ് ഏറെ അസ്വസ്ഥനായത് പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവാണ്. മദ്രാസിലെ ഐലൻറ്​ ഗ്രൗണ്ടിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലേക്ക് അദ്ദേഹം കുതിച്ചെത്തിയത് നഖശിഖാന്തം ലീഗിനെ എതിർക്കാനാണ്. കാഴ്ച ബംഗ്ലാവിൽ വെക്കേണ്ട പ്രദർശന വസ്തു, ചത്ത കുതിര എന്നീ പ്രയോഗങ്ങൾ മുസ്​ലിം ലീഗിനെതിരെ അദ്ദേഹം ആവർത്തിച്ചു. നിയമം അനുവദിച്ചാലും ഇല്ലെങ്കിലും ശരി, മുസ്​ലിം ലീഗിനെ ഞാൻ നശിപ്പിക്കുക തന്നെ ചെയ്യുമെന്ന് ശപഥം ചെയ്തു. മുസ്​ലിം ലീഗിന് ശക്തിയുള്ള പ്രദേശങ്ങളിലെല്ലാം നെഹ്റു ഇതേ പ്രസംഗം ആവർത്തിച്ചു. പിരിച്ചുവിട്ടില്ലെങ്കിൽ കഴുത്ത് ഞെരിച്ച് കൊല്ലുമെന്ന് തന്നെയായിരുന്നു പ്രധാനമന്ത്രിയുടെ അന്ത്യശാസനം. സാന്തോമിലെ വീട്ടിലായിരുന്നു അന്ന് ഖാഇദെ മില്ലത്തിന്റെ താമസം. ഭരണകൂട കോപം ഭയന്ന് നേതാക്കളിൽ പലരും ആ വീട്ടിലെത്തി മുസ്​ലിം ലീഗുമായി മുന്നോട്ട് പോകരുതെന്ന് അദ്ദേഹത്തെ ഉപദേശിച്ചു. ലീഗ് നിലനിൽക്കണം എന്ന് വാദിച്ചവർക്ക് പോലും മുട്ടുവിറച്ചു. ഖാഇദെ മില്ലത്ത് എല്ലാവരെയും ശാന്തമായി നേരിട്ടു.

ജവഹർലാൽ നെഹ്റു
ജവഹർലാൽ നെഹ്റു

പാലക്കാട് സമ്മേളനത്തിൽ ബി. പോക്കർ സാഹിബ് പ്രധാനമന്ത്രിക്ക് മറുപടി നൽകി. കാര്യങ്ങൾ ശരിക്ക് പഠിക്കാതെ സംസാരിക്കുകയാണെങ്കിൽ, അത് പറയുന്നത് പ്രധാനമന്ത്രിയാണെങ്കിലും തനിക്ക് പുല്ലാണെന്ന് അദ്ദേഹം പ്രസംഗിച്ചു. ഈ പ്രസംഗം വലിയ കോലാഹലമുണ്ടാക്കി. പോക്കർ സാഹിബിന്റെ തലയെടുത്ത് ഉപ്പിലിടുമെന്ന് വരെ ഭീഷണി പ്രസംഗങ്ങളുണ്ടായി. മുസ്​ലിം ലീഗ് ചത്ത കുതിരയല്ലെന്നും ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നും സി.എച്ച്. മുഹമ്മദ് കോയ മറുപടി നൽകി. ആക്ഷേപങ്ങളുടെ ശരമാരികൾക്കിടയിലൂടെ നടന്നാണ് ഖാഇദെ മില്ലത്ത് സംഘടനയെ നിലനിർത്തിയത്. 20 വർഷങ്ങൾ നിർണായകമായിരുന്നു. മുസ്​ലിം ലീഗിന്റെ രാഷ്ട്രീയ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിരവധി സംഭവങ്ങളുണ്ടായി. 1948ലെ ഹൈദരാബാദ് ആക്ഷന്റെ പേരിൽ മുസ്​ലിം ലീഗുകാർ വേട്ടയാടപ്പെട്ടു. ബോംബെയും മദിരാശിയും പോലെ ഹൈദരാബാദും ഇന്ത്യയുടെ ഭാഗമാണെന്ന് ഖാഇദെ മില്ലത്ത് പ്രസ്താവന പുറപ്പെടുവിച്ചിട്ടും വേട്ട തുടർന്നു. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും ജയിലറക്കുള്ളിലായി. നിയമസഭയിലെ മുസ്​ലിം ലീഗ് അംഗങ്ങൾ പോലും അറസ്റ്റിലായി. സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളുടെ പാസ്പോർട്ട് തടഞ്ഞുവെച്ചു. വിജയവാഡയിലെ മുസ്​ലിം ലീഗ് എം.എൽ.എ അബ്ദുൽ ഹഖിന്റെ വീട്ടിലേക്ക് അർദ്ധരാത്രി പോലീസ് അതിക്രമിച്ചു കയറി. അപ്രതീക്ഷിതമായ അക്രമം കണ്ട് ബോധരഹിതനായ അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു.

വിരട്ടല് കണ്ട് വാലുംചുരുട്ടി ചിലരൊക്കെ പാർട്ടി വിട്ടു. ഭീരുക്കളായ നേതാക്കളിൽ പലരും മുസ്​ലിം ലീഗിൽനിന്ന് രാജിവെച്ചതായി പത്രങ്ങളിൽ പരസ്യം നൽകി. മദ്രാസ് അസംബ്ലിയിലെ 13 എം.എൽ.എമാർ ലീഗ് വിട്ടു. ചിലർ കോൺഗ്രസിലേക്ക് പോയി. മറ്റു ചിലർ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. ഇനിയും ചിലർ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു.

ഇന്ത്യൻ രാഷ്ട്രപതി സാക്കിർ ഹുസൈനൊപ്പം മുസ്‌ലിംലീഗ് നേതാക്കളായ ബി.വി അബ്ദുല്ലക്കോയ, എ.കെ.എ അബ്ദുസ്സമദ്, അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ, ഇബ്രാഹിം സുലൈമാൻ സേട്ട് തുടങ്ങിയവർ
ഇന്ത്യൻ രാഷ്ട്രപതി സാക്കിർ ഹുസൈനൊപ്പം മുസ്‌ലിംലീഗ് നേതാക്കളായ ബി.വി അബ്ദുല്ലക്കോയ, എ.കെ.എ അബ്ദുസ്സമദ്, അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ, ഇബ്രാഹിം സുലൈമാൻ സേട്ട് തുടങ്ങിയവർ

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മദ്രാസിലെ ആഭ്യന്തര വകുപ്പും മുസ്​ലിം ലീഗുകാരെ വേട്ടയാടി. മദ്രാസിലെ പോലീസ് സേനയിൽ മുസ്​ലിംകളെ എടുക്കുന്നതിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി. 1952ലാണ് ഈ നിരോധനം പിൻവലിച്ചത്.
1950ൽ മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആളെ കിട്ടാതെ മുസ്​ലിം ലീഗ് വലഞ്ഞു. പല പ്രമുഖർക്കും സീതി സാഹിബ് കത്തെഴുതിയെങ്കിലും ആരും സമ്മതം അറിയിച്ചില്ല. സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് ബാഫഖി തങ്ങളും സീതി സാഹിബും പലരെയും സമീപിച്ചു. എല്ലാവരും കൈമലർത്തി. സ്ഥാനാർത്ഥിയെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പത്രപ്പരസ്യം നൽകിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ ബാഫഖി തങ്ങളും സീതി സാഹിബും നേരിട്ടിറങ്ങി. മഞ്ചേരിയിലെ മൊയ്തീൻ കുട്ടി കുരിക്കളെ കണ്ടു. നീണ്ട ചർച്ചകൾക്ക് ശേഷം എം.പി.എം ഹസ്സൻ കുട്ടി കുരിക്കൾ സ്ഥാനാർത്ഥിയായി. ഈ തെരഞ്ഞെടുപ്പിലെ ജയമാണ് മലബാറിൽ മുസ്​ലിം ലീഗിന് ഉണർവ്വേകിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1952ൽ ലോക്സഭയിലേക്ക് ഒന്നും നിയമസഭയിലേക്ക് അഞ്ചും അംഗങ്ങളെ വിജയിപ്പിച്ച് മുസ്​ലിം ലീഗ് സാന്നിധ്യമറിയിച്ചു.

മന്ത്രിസഭക്ക് പിന്തുണ നൽകിയ ലീഗിനെ കോൺഗ്രസ് തിരിച്ച് സഹായിച്ചില്ല. രാജ്യസഭയിലേക്ക് ഖാഇദെ മില്ലത്ത് മത്സരിച്ചപ്പോൾ കോൺഗ്രസ് പുറംതിരിഞ്ഞുനിന്നു. ഒടുവിൽ സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെയാണ് ഖാഇദെ മില്ലത്ത് രാജ്യസഭാംഗമായത്.

തിക്താനുഭവങ്ങളൊക്കെ മറന്ന് മദിരാശി ഭരിക്കാൻ കേവലഭൂരിപക്ഷം കിട്ടാതിരുന്ന കോൺഗ്രസിനെ മുസ്​ലിം ലീഗ് പിന്തുണച്ചു. രാജഗോപാലാചാരി എന്ന രാജാജി മുഖ്യമന്ത്രിയായി. ഒരുകാലത്ത് ആട്ടിയകറ്റിയ അതേ കോൺഗ്രസ് നേതാക്കൾ മുസ്​ലിം ലീഗിന് മന്ത്രിസ്ഥാനം താലത്തിൽ വെച്ചു നൽകി. എന്നാൽ ലീഗ് നേതാവ് കെ. ഉപ്പി സാഹിബ് അത് സ്വീകരിച്ചില്ല. മന്ത്രിസ്ഥാനം വേണ്ടെന്നും പകരം കുറ്റിപ്പുറം പാലത്തിന്റെ നിർമാണം വേഗത്തിലാക്കണമെന്നും ഉപ്പി സാഹിബ് മറുപടി നൽകി. ഫാറൂഖ് കോളേജിന് ഫസ്റ്റ് ഗ്രേഡ് കോളേജായി അംഗീകരിക്കണമെന്നും മുസ്​ലിം ലീഗ് ആവശ്യപ്പെട്ടു. മന്ത്രിസഭക്ക് പിന്തുണ നൽകിയ ലീഗിനെ കോൺഗ്രസ് തിരിച്ച് സഹായിച്ചില്ല. രാജ്യസഭയിലേക്ക് ഖാഇദെ മില്ലത്ത് മത്സരിച്ചപ്പോൾ കോൺഗ്രസ് പുറംതിരിഞ്ഞുനിന്നു. ഒടുവിൽ സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെയാണ് ഖാഇദെ മില്ലത്ത് രാജ്യസഭാംഗമായത്.

1954ലെ മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പിലും കോൺഗ്രസ് മുസ്​ലിം ലീഗുമായി സഖ്യത്തിന് തയ്യാറായില്ല. അവസാനത്തെ ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പായിരുന്നു ഇത്. ആകെ 48 ഫർക്കകളിൽ 18 എണ്ണത്തിലും കമ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾ ജയിച്ചു. ഡിസ്ട്രിക്ട് ബോർഡ് ഭരണം കമ്യൂണിസ്റ്റുകാരുടെ കൈപ്പിടിയിലായി. കേരളപ്പിറവി സംഭവിച്ചാൽ കേരള രാഷ്ട്രീയം എങ്ങോട്ട് നീങ്ങും എന്നതിന്റെ സൂചനയായിരുന്നു ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പ്.

1957ൽ ആദ്യ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. കമ്യൂണിസ്റ്റ് ഭരണം സംഭവിക്കാതിരിക്കാൻ മുസ്​ലിം ലീഗ് കോൺഗ്രസുമായി സഖ്യത്തിന് ശ്രമിച്ചു. അപകടം മുൻകൂട്ടി കണ്ട കോൺഗ്രസ് ഹൈക്കമാന്റ് സഖ്യത്തിന് തയ്യാറായി. പലവട്ടം അതിനായി ചർച്ചകൾ നടന്നു. എറണാകുളത്തെ ശിവരാമ മേനോൻ റോഡിലുള്ള സീതി സാഹിബിന്റെ വീട്ടിലേക്ക് കോൺഗ്രസ് നേതാവ് എസ്.കെ പാട്ടീൽ നേരിട്ടെത്തി ചർച്ചകൾ നടത്തി. എന്നാൽ കേരളത്തിലെ നേതാക്കൾ അമ്പിനും വില്ലിനും അടുത്തില്ല. ഒരു കൊടില് കൊണ്ടുപോലും ലീഗിനെ തൊടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സി.കെ ഗോവിന്ദൻ നായർ പ്രസ്താവിച്ചു. പ്രതീക്ഷിച്ചത് പോലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ജയിച്ചു. മുസ്​ലിം ലീഗിനെ കൂടെ കൂട്ടിയത് പി.എസ്.പി (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി)യാണ്. ഈ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ മുസ്​ലിം ലീഗ് വിജയിച്ചു. മുസ്​ലിം ലീഗ്-പി.എസ്.പി സഖ്യത്തിൽ കോൺഗ്രസ് കൂടി ഉണ്ടായിരുന്നെങ്കിൽ ഈ തെരഞ്ഞെടുപ്പിന്റെ ചിത്രം മറ്റൊന്നാകുമായിരുന്നു.

1957ൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗ് അംഗങ്ങൾ. ഇരിക്കുന്നവരിൽ ഇടത്തുനിന്ന് മണ്ണിശ്ശേരി കെ.വി മുഹമ്മദ് (മങ്കട), കെ. ഹസ്സൻ ഗനി (മലപ്പുറം), സി.എച്ച് മുഹമ്മദ് കോയ (താനൂർ), ചാക്കീരി അഹമ്മദ് കുട്ടി (കുറ്റിപ്പുറം), കെ. മൊയ്തീൻകുട്ടി എന്ന ബാവഹാജി (തിരൂർ), നിൽക്കുന്നവരിൽ ഇടത്തുനിന്ന് എം.പി.എം അഹമ്മദ് കുരിക്കൾ (കൊണ്ടോട്ടി), എം. ചടയൻ (മഞ്ചേരി ദ്വയാംഗ മണ്ഡലം), കെ. അവുക്കാദർ കുട്ടി നഹ (തിരൂരങ്ങാടി)
1957ൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗ് അംഗങ്ങൾ. ഇരിക്കുന്നവരിൽ ഇടത്തുനിന്ന് മണ്ണിശ്ശേരി കെ.വി മുഹമ്മദ് (മങ്കട), കെ. ഹസ്സൻ ഗനി (മലപ്പുറം), സി.എച്ച് മുഹമ്മദ് കോയ (താനൂർ), ചാക്കീരി അഹമ്മദ് കുട്ടി (കുറ്റിപ്പുറം), കെ. മൊയ്തീൻകുട്ടി എന്ന ബാവഹാജി (തിരൂർ), നിൽക്കുന്നവരിൽ ഇടത്തുനിന്ന് എം.പി.എം അഹമ്മദ് കുരിക്കൾ (കൊണ്ടോട്ടി), എം. ചടയൻ (മഞ്ചേരി ദ്വയാംഗ മണ്ഡലം), കെ. അവുക്കാദർ കുട്ടി നഹ (തിരൂരങ്ങാടി)

വിമോചന സമരത്തിന് ശേഷം കോൺഗ്രസ് നിലപാട് മാറ്റി. കോൺഗ്രസ്-മുസ്​ലിം ലീഗ്- പി.എസ്.പി ത്രികക്ഷി സഖ്യം യാഥാർത്ഥ്യമായി. എന്നാൽ ഭരണം കിട്ടിയപ്പോൾ കോൺഗ്രസിന്റെ മട്ട് മാറി. ലീഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് സമ്മതിച്ചില്ല. കെ.എം. സീതി സാഹിബിനെ സ്പീക്കറാക്കി ഒത്തുതീർപ്പ് ഫോർമുല ഉണ്ടാക്കി. മുസ്​ലിം ലീഗ് അതിന് സമ്മതിച്ചു. സീതി സാഹിബിന്റെ വിയോഗത്തിന് ശേഷം സി.എച്ചിനെയാണ് സ്പീക്കറായി മുസ്​ലിം ലീഗ് നിശ്ചയിച്ചത്. സി.എച്ച്. സ്പീക്കറാകണമെങ്കിൽ മുസ്​ലിം ലീഗിൽനിന്ന് രാജിവെക്കണമെന്ന് കോൺഗ്രസ് നിബന്ധന വെച്ചു. മനസ്സില്ലാ മനസ്സോടെ സി.എച്ച് അതിന് വഴങ്ങി. സീതി സാഹിബിന്റെ ഒഴിവിൽ നടന്ന കുറ്റിപ്പുറം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഗിനെതിരെ റിബൽ സ്ഥാനാർത്ഥിയെ നിർത്തി. 1962ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് ചോദിച്ച ലീഗിന് ഒന്നും കിട്ടിയില്ല. 18ൽ 14 സീറ്റിൽ കോൺഗ്രസും ബാക്കി പി.എസ്.പിയും മത്സരിക്കാൻ തീരുമാനിച്ചു. ത്രികക്ഷി സഖ്യം കോമാളി സഖ്യമായി. അപമാനം സഹിച്ചുള്ള ഈ ഞാണിന്മേൽ കളി അധികകാലം നീണ്ടുപോയില്ല. സി.എച്ച് സ്പീക്കർ സ്ഥാനം രാജിവെച്ചു. മുസ്​ലിം ലീഗ് മുന്നണിവിട്ടു.

1962ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.എച്ച് കോഴിക്കോട്ടുനിന്നും ഖാഇദെ മില്ലത്ത് മഞ്ചേരിയിൽനിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കാസർക്കോട്ടുനിന്ന് മത്സരിച്ച എ.കെ.ജിയെ മുസ്​ലിം ലീഗ് പിന്തുണച്ചു. ഇത് ഒരു രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായിരുന്നു. 1965ൽ തെരഞ്ഞെടുപ്പ് നടന്നെങ്കിലും ആർക്കും ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തതിനാൽ നിയമസഭ പിരിച്ചുവിട്ടു. മെയ് 24 മുതൽ കേരളത്തിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു.

തമിഴ്നാട്ടിൽ ലീഗ്- ഡി.എം.കെ.- സ്വതന്ത്രപാർട്ടി സഖ്യത്തിന് മുസ്​ലിം ലീഗ് പ്രവർത്തക സമിതി അനുമതി നൽകി. കേരളത്തിലും കോൺഗ്രസിതര സർക്കാറുണ്ടാക്കാൻ മുസ്​ലിം ലീഗ് പച്ചക്കൊടി കാട്ടി.

മദിരാശി പ്രമേയം

എം.കെ. സ്റ്റാലിന്റെ പ്രസംഗത്തിലെ ഡി.എം.കെ- മുസ്​ലിം ലീഗ് ബന്ധത്തിൽനിന്നാണ് ഈ ലേഖനം തുടങ്ങിയത്. 1966ലെ മുസ്​ലിം ലീഗിന്റെ മദിരാശി പ്രമേയമാണ് ആ സഖ്യത്തിന്റെ അടിത്തറ. ആട്ടും തുപ്പും സഹിച്ച് കോൺഗ്രസിനെ പിന്തുണക്കുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ മദിരാശി പ്രമേയം വലിയ മാറ്റമുണ്ടാക്കി. പ്രമേയം തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്: ‘‘ഇപ്പോഴത്തെ കോൺഗ്രസ് ഗവൺമെന്റ് കഴിഞ്ഞ ഇരുപതു കൊല്ലമായി അധികാരത്തിലിരിക്കുന്നു. ഒരു ജനാധിപത്യ വ്യവസ്ഥയിൽ തികച്ചും അനർഹമാംവിധം ദീർഘമായ ഒരു കാലമാണിത്. സ്വയം മെച്ചപ്പെടുമെന്ന് ആവർത്തിച്ചാവർത്തിച്ച് വാഗ്ദത്തം ചെയ്തിട്ടും അത് പറ്റെ പരാജയപ്പെടുകയാണ് ചെയ്തത്''.

കോൺഗ്രസിതര സഖ്യങ്ങളുടെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു മദിരാശി പ്രമേയം. കോൺഗ്രസിനെതിരായ കുറ്റപത്രമായിരുന്നു പ്രമേയം.

""വളരെക്കാലം പരീക്ഷിക്കപ്പെടുകയും ദയനീയമാംവണ്ണം അപ്രാപ്തമെന്നു തെളിയുകയും ചെയ്ത കോൺഗ്രസ് ഗവൺമെന്റിനെ പുറംതള്ളാനായി ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മറ്റു പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കാൻ ഇന്ത്യയിലെ മുസ്​ലിംകളുടെ ഒരേയൊരു രാഷ്ട്രീയ- പ്രാതിനിധ്യ സംഘടനയെന്ന നിലയിൽ ഇന്ത്യൻ യൂണിയൻ മുസ്​ലിംലീഗ് തീരുമാനിക്കുന്നു''. പ്രമേയം വ്യക്തമാക്കി.

ഇടത്തുനിന്ന് ജി.എം ബനാത്ത് വാല, യു.എ ബീരാൻ, ഇബ്രാഹിം സുലൈമാൻ സേട്ട്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ബി.വി അബ്ദുല്ലക്കോയ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ
ഇടത്തുനിന്ന് ജി.എം ബനാത്ത് വാല, യു.എ ബീരാൻ, ഇബ്രാഹിം സുലൈമാൻ സേട്ട്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ബി.വി അബ്ദുല്ലക്കോയ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ

തമിഴ്നാട്ടിൽ ലീഗ്- ഡി.എം.കെ.- സ്വതന്ത്രപാർട്ടി സഖ്യത്തിന് മുസ്​ലിം ലീഗ് പ്രവർത്തക സമിതി അനുമതി നൽകി. കേരളത്തിലും കോൺഗ്രസിതര സർക്കാറുണ്ടാക്കാൻ മുസ്​ലിം ലീഗ് പച്ചക്കൊടി കാട്ടി. കേരളത്തിൽ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, ഇബ്രാഹിം സുലൈമാൻ സേട്ട്, സി.എച്ച്. മുഹമ്മദ്കോയ എന്നിവർക്കും തമിഴ്നാട്ടിൽ എച്ച്. മൊഹിദീൻഖാൻ, ജി. അബ്ദുൾവഖാൻ, അഡ്വ..എസ്. അബ്ദുൽ റശീദ്ഖാൻ എന്നിവർക്കും ആന്ധ്രയിൽ പേശിമാം അബ്ദുർ റസാഖ്, കെ. മൊഹിയുദ്ദീൻ, ഡോ. ഹബീബുല്ലാ ബേഗ് എന്നിവർക്കും മഹാരാഷ്ട്രയിൽ ഹാജി നൂർമുഹമ്മദ് അഹമ്മദ്, ജി.എം. ബനാത്ത്വാല, ഫാറൂഖ് അഹമ്മദ് എന്നിവർക്കും ചുമതല നൽകി.
മദിരാശി പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ ഡി.എം.കെയുമായും കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുമായും മുസ്​ലിം ലീഗ് സഖ്യമുണ്ടാക്കി. 1967ൽ മുസ്ലിംലീഗിന്റെ പിന്തുണയോടെ സപ്തകക്ഷി മുന്നണി അധികാരത്തിൽ വന്നു. ഈ തെരഞ്ഞെടുപ്പിൽ മുസ്​ലിം ലീഗ് 14 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസ് ഒമ്പത് സീറ്റുകളിലേക്ക് ചുരുങ്ങി. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു നിയമസഭയിൽ മുസ്​ലിം ലീഗിന് മന്ത്രിസ്ഥാനം ലഭിച്ചു. സി.എച്ച് മുഹമ്മദ് കോയയും എം.പി.എം അഹമ്മദ് കുരിക്കളും മന്ത്രിമാരായി.

രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമാകുന്ന ശക്തിയാണ് മുസ്​ലിം ലീഗെന്ന് തിരിച്ചറിഞ്ഞ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഒരുകാലത്ത് ചത്ത കുതിര എന്ന് വിശേഷിപ്പിച്ച മുസ്​ലിം ലീഗിന് ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്ന് തെളിയിച്ച കാലം. സ്വതന്ത്ര ഇന്ത്യയിൽ മുസ്​ലിം ലീഗിന് മേൽവിലാസമുണ്ടായി. കേരളത്തിലെ രാഷ്ട്രീയ മാറ്റം കോൺഗ്രസിന്റെ കണ്ണ് തുറപ്പിച്ചു. പിൽക്കാലത്ത് ഐക്യമുന്നണി രൂപീകരിച്ചപ്പോൾ കോൺഗ്രസ് അതിലെ പ്രധാന കക്ഷിയായി. മുസ്​ലിം ലീഗിനൊപ്പമുള്ള കേരളത്തിലെ കോൺഗ്രസിന്റെ തേരോട്ടം അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. പറിച്ചെറിഞ്ഞവർ തന്നെ പറ്റിപ്പിടിച്ചു. ഇളക്കം തട്ടാത്ത ബന്ധം സ്ഥാപിച്ചു. കൊടില് കൊണ്ട് പോലും തൊടില്ലെന്ന് പറഞ്ഞവർ കൈപ്പത്തി കൊണ്ട് പുണർന്നു. കൃത്യമായ ഇടവേളകളിൽ ഇടതു ഭരണത്തെ കേരളത്തിൽനിന്ന് മാറ്റിനിർത്താൻ ഈ സഖ്യത്തിന് സാധിച്ചു. തമിഴ്നാട്ടിൽ പക്ഷേ, കോൺഗ്രസിന്റെ പ്രതാപം ഈ തെരഞ്ഞെടുപ്പോടെ അവസാനിച്ചു. പിന്നീട് ദ്രാവിഡ കക്ഷികൾ മാത്രമാണ് തമിഴ് ഭരണം കൈയാളിയത്.

മുസ്​ലിം ലീഗ് എന്ന ആശയത്തെ അനുകൂലിക്കുന്നവരും ആ പേരിനെ പ്രശ്നവൽക്കരിക്കുന്നത് പതിവാണ്. പേരിന്റെയും ചിഹ്നങ്ങളുടെയും പേരിൽ ലീഗിനെ കോടതി കയറ്റാനും ചിലർ രംഗത്തുണ്ട്.

രാഷ്ട്രീയ പ്രേരണ

മുസ്​ലിം ലീഗ് എന്ന ആശയത്തെ അനുകൂലിക്കുന്നവരും ആ പേരിനെ പ്രശ്നവൽക്കരിക്കുന്നത് പതിവാണ്. പേരിന്റെയും ചിഹ്നങ്ങളുടെയും പേരിൽ ലീഗിനെ കോടതി കയറ്റാനും ചിലർ രംഗത്തുണ്ട്. പേര് മാറ്റിയാൽ മുസ്​ലിം ലീഗിനെ അംഗീകരിക്കുമെന്നാണ് ഇവരുടെ വാദം. എന്നാൽ അങ്ങനെയൊരു കാപട്യത്തിന് ഖാഇദെ മില്ലത്ത് തയ്യാറായില്ല. പേരിന്റെ പേരിൽ അപമാനിക്കപ്പെട്ട സമുദായം അതേ പേര് അഭിമാനത്തിന്റെ കവചമായി സ്വീകരിച്ചു. പേരിൽ തന്നെയാണ് സംഘടനയുടെ നിലനിൽപെന്ന് ഖാഇദെ മില്ലത്ത് ഊന്നിപ്പറഞ്ഞു. സമുദായത്തിന്റെ പേരിലും ചരിത്രത്തിലും അഭിമാനിക്കാനല്ലാതെ അപമാനത്തിന്റെ യാതൊരു വകയുമില്ലെന്ന് കെ.എം.സീതി സാഹിബ് പ്രസംഗിച്ചു. സകല പ്രതീക്ഷകളും അറ്റുപോയവർക്ക് ആ പേര് ആത്മവിശ്വാസം നൽകി എന്നതു തന്നെയാണ് മുസ്​ലിം ലീഗിന്റെ ചരിത്രം.

സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 1972ൽ പൊന്നാനിയിൽ നൽകിയ സ്വീകരണം. പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങളും വി.പി.സി തങ്ങളും സമീപം
സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 1972ൽ പൊന്നാനിയിൽ നൽകിയ സ്വീകരണം. പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങളും വി.പി.സി തങ്ങളും സമീപം

ന്യൂനപക്ഷ പ്രശ്നത്തെ ഇന്ത്യൻ ഭരണഘടന കൃത്യമായി അഭിസംബോധന ചെയ്തിട്ടുണ്ട്. ന്യൂനപക്ഷത്തെ പരിഗണിക്കുക എന്നത് പരിഷ്‌കൃത ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. ന്യൂനപക്ഷം അവശതകൾ അനുഭവിക്കുന്നത് കൊണ്ടല്ല ഈ പരിഗണന. മറിച്ച്, ന്യൂനപക്ഷമായത് കൊണ്ട് മാത്രമാണ്. ഭൂരിപക്ഷാധിപത്യം അവരെ വിഴുങ്ങരുത് എന്നതാണ് ഈ പരിഗണനയുടെ താൽപര്യം. ഇന്ത്യൻ ഭരണഘടനയിൽ ന്യൂനപക്ഷ അവകാശങ്ങൾ എഴുതിച്ചേർക്കുന്നതിൽ ഭരണഘടനാ അസംബ്ലിയിലെ മുസ്​ലിംലീഗ് അംഗങ്ങളായിരുന്ന ഇസ്മായീൽ സാഹിബും പോക്കർ സാഹിബുമെല്ലാം ഏറെ ഡിബേറ്റുകൾ നടത്തിയിട്ടുണ്ട്. അവർ ഉന്നയിച്ച ആവശ്യങ്ങളിൽ ചിലത് മാത്രമാണ് അംഗീകരിക്കപ്പെട്ടത്.

ന്യൂനപക്ഷ പ്രശ്നങ്ങളിൽ പ്രധാനം പ്രാതിനിധ്യം തന്നെയായിരുന്നു. 1909ലെ മിന്റോ മോർലി ഭരണപരിഷ്‌ക്കാരം തൊട്ട് 1947 വരെയും ഇന്ത്യയിലെ മുസ്​ലിംകൾക്ക് പ്രത്യേക നിയോജക മണ്ഡല വ്യവസ്ഥയിലൂടെ മത്സരിച്ച് നിയമ നിർമാണ സഭകളിൽ അംഗത്വം നേടാമായിരുന്നു. എന്നാൽ സ്വതന്ത്ര ഇന്ത്യ ആ ആനുകൂല്യം വേണ്ടെന്നുവെച്ചു. ഭരണഘടനാ അസംബ്ലിയിൽ മുസ്​ലിംലീഗ് അംഗങ്ങൾ പ്രത്യേക നിയോജക മണ്ഡലങ്ങൾക്ക് വേണ്ടി പൊരുതി നോക്കിയെങ്കിലും ഭൂരിപക്ഷ താൽപര്യം ആ ആവശ്യത്തെ നിഷ്‌ക്കരുണം നിരാകരിച്ചു.

ബി.ജെ.പിക്ക് ലോക്സഭയിൽ 303 അംഗങ്ങളുണ്ട്. പേരിന് പോലും ഒരു മുസ്​ലിം എം.പിയില്ല. പ്രത്യേക നിയോജക മണ്ഡലങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ബി.ജെ.പിക്കാരനായ മുസ്​ലിം എം.പിയെങ്കിലും ഉണ്ടാകുമായിരുന്നു.

ഇന്ത്യ ഗാന്ധിക്കു ശേഷം എന്ന പുസ്തകത്തിൽ രാമചന്ദ്ര ഗുഹ അക്കാര്യം വിസ്തരിച്ച് എഴുതുന്നുണ്ട്. മദ്രാസിൽനിന്ന് എത്തിയ ഒരു മുസ്​ലിം അംഗം വേറിട്ട നിയോജക മണ്ഡലങ്ങൾ നിലനിർത്തണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു. രാജ്യത്തെ ഇന്നത്തെ അവസ്ഥയിൽ, അമുസ്​ലിംകൾക്ക് മുസ്​ലിം സമുദായത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കാൻ ഏറെ പ്രയാസമാകും.- ബി. പോക്കർ ബഹാദൂർ പറഞ്ഞു. വേറിട്ട നിയോജക മണ്ഡലങ്ങൾ ഇല്ലാതായാൽ പ്രധാന ഗ്രൂപ്പുകൾക്ക് തങ്ങൾക്ക് രാജ്യഭരണത്തിൽ വേണ്ടത്ര പങ്കുണ്ട് എന്ന തോന്നലുണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (ഇന്ത്യ ഗാന്ധിക്കു ശേഷം- രാമചന്ദ്ര ഗുഹ).

ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് ഭട്ടേൽ ഈ ആവശ്യത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. പ്രത്യേക നിയോജക മണ്ഡലങ്ങളാണ് രാജ്യത്തെ വിഭജനത്തിലേക്ക് നയിച്ചതെന്നും അത് നിലനിർത്തണമെന്ന് പറയുന്നവർക്കുള്ള സ്ഥാനം പാക്കിസ്ഥാനിലാണെന്നും അദ്ദേഹം പറഞ്ഞു. പട്ടേൽ പോക്കർ സാഹിബിനെ അപമാനിക്കുമ്പോൾ സഭയിൽ ഉച്ചത്തിൽ കരഘോഷം മുഴങ്ങി.
പോക്കർ സാഹിബിന്റെ ആശങ്ക യാഥാർത്ഥ്യമായ ഒരു രാഷ്ട്രീയ പരിസരമാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. ജനാധിപത്യത്തിന്റെ പ്രായോഗികതയും ഹിന്ദു രാഷ്ട്രവാദവും സംഗമിച്ച അവസ്ഥ. ബി.ജെ.പിക്ക് ലോക്സഭയിൽ 303 അംഗങ്ങളുണ്ട്. പേരിന് പോലും ഒരു മുസ്​ലിം എം.പിയില്ല. പ്രത്യേക നിയോജക മണ്ഡലങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ബി.ജെ.പിക്കാരനായ മുസ്​ലിം എം.പിയെങ്കിലും ഉണ്ടാകുമായിരുന്നു. ഭൂരിപക്ഷം ഭരിക്കുന്നു എന്ന ജനാധിപത്യത്തിന്റെ മൗലിക പ്രശ്നത്തെ പരിഹരിക്കാനുള്ള ഉപായമാണ് പ്രത്യേക നിയോജക മണ്ഡലങ്ങൾ. ബ്രിട്ടീഷുകാർ അനുവദിച്ച ആ ആനുകൂല്യത്തെയാണ് സ്വതന്ത്ര ഇന്ത്യ തള്ളിക്കളഞ്ഞത്.

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ മയ്യിത്ത് നിസ്‌ക്കരിക്കുന്ന സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ. കലൈഞ്ജർ കരുണാനിധിയെയും മറ്റു നേതാക്കളെയും കാണാം
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ മയ്യിത്ത് നിസ്‌ക്കരിക്കുന്ന സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ. കലൈഞ്ജർ കരുണാനിധിയെയും മറ്റു നേതാക്കളെയും കാണാം

മുസ്​ലിം ലീഗ് നിലനിന്നതിന്റെ രാഷ്ട്രീയ പ്രേരണകളിൽ പ്രധാനം പ്രാതിനിധ്യത്തിന്റെ പ്രശ്നം തന്നെയായിരുന്നു. പ്രത്യേക നിയോജക മണ്ഡലങ്ങൾ ഇല്ലെങ്കിൽ നിലവിലുള്ള പൊതുമണ്ഡലങ്ങളിൽനിന്ന് മത്സരിച്ച് ജയിച്ച് വരുക എന്നത് മാത്രമാണ് ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ ജനാധിപത്യ പരിഹാരം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ അനുകമ്പയിലൂടെ അനുവദിച്ച് കിട്ടുന്ന സീറ്റുകൾ പരിമിതമായിരിക്കും. അപ്പോൾപ്പിന്നെ സംഘടിച്ച് ശക്തി നേടുക മാത്രമാണ് പോംവഴി. വേറിട്ട് സംഘടിക്കുക, വിദ്യാഭ്യാസ-രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ശക്തി നേടുക, മുഖ്യാധാരാ രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരവും നിയമ നിർമ്മാണ സഭകളിലെ പ്രാതിനിധ്യവും ഉറപ്പാക്കുക. ഇതാണ് മുസ്​ലിം ലീഗ് ചെയ്തുകൊണ്ടിരിക്കുന്നത്. 1952 മുതൽ പാർലമെന്റിൽ മുസ്​ലിം ലീഗ് അംഗത്വം ഉറപ്പാക്കിയത് ഈ രാഷ്ട്രീയത്തിലൂടെയാണ്. വിരലിലെണ്ണാവുന്ന അംഗങ്ങളാണെങ്കിലും ന്യൂനപക്ഷ പ്രശ്നങ്ങൾ ഉന്നയിക്കാൻ അവിടെ ആളുണ്ടാവുക എന്നത് തന്നെയാണ് പ്രധാനം.

സമുദായത്തിന്റെ രാഷ്ട്രീയ ഐക്യവും മതേതര മുന്നണി ബന്ധങ്ങളുമാണ് മുസ്​ലിം ലീഗിന്റെ രാഷ്ട്രീയ നയത്തെ ശ്രദ്ധേയമാക്കുന്നത്. സമുദായത്തിന്റെ പ്രാതിനിധ്യവും അന്തസ്സാർന്ന നിലനിൽപ്പുമാണ് ഈ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ലക്ഷ്യം.

കർണാടകയിലെ ബി.ജെ.പി സർക്കാർ ഏകപക്ഷീയമായി മുസ്​ലിം സംവരണം റദ്ദാക്കിയ വാർത്ത ചാനലുകളിൽ സ്‌ക്രോൾ ചെയ്യുമ്പോഴാണ് ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുന്നത്. മുസ്​ലിം ന്യൂനപക്ഷത്തിന് യാതൊരു ശബ്ദവുമില്ലാത്ത ഭരണകൂടം, ഒളിപ്പിച്ചുവെച്ച അതിന്റെ ദംഷ്ട്രകൾ പുറത്തെടുക്കുകയാണ്. ബി.ജെ.പിയുടെ നിയമസഭാംഗങ്ങളായി സംവരണത്തിലൂടെയെങ്കിലും മുസ്​ലിം പ്രാതിനിധ്യം ഉണ്ടായിരുന്നെങ്കിൽ ഈ ദുരവസ്ഥ സംഭവിക്കില്ലായിരുന്നു.
സമുദായത്തിന്റെ രാഷ്ട്രീയ ഐക്യവും മതേതര മുന്നണി ബന്ധങ്ങളുമാണ് മുസ്​ലിം ലീഗിന്റെ രാഷ്ട്രീയ നയത്തെ ശ്രദ്ധേയമാക്കുന്നത്. സമുദായത്തിന്റെ പ്രാതിനിധ്യവും അന്തസ്സാർന്ന നിലനിൽപ്പുമാണ് ഈ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ലക്ഷ്യം. സമുദായത്തെ മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെടുത്താനുള്ളതാണ് ഈ വേറിട്ട് സംഘടിക്കലെന്ന വാദം അപ്രസക്തമാണ്. സമുദായത്തെ ദുർബലമാക്കുന്ന രാഷ്ട്രീയ പരീക്ഷണങ്ങളിൽനിന്ന് മുസ്​ലിം ലീഗ് അവരെ രക്ഷിക്കുകയും മുഖ്യധാരാ രാഷ്ട്രീയവുമായി അവരെ ചേർത്തുനിർത്തുകയും ചെയ്യുന്നു. ന്യൂനപക്ഷത്തിന് വേണ്ടി മാത്രമുള്ള ഒരു രാഷ്ട്രീയമെന്ന ആക്ഷേപവും അപ്രസക്തമാണ്. അസ്വസ്ഥതയും നിരാശയുമില്ലാത്ത ഒരു ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ സ്വാസ്ഥ്യത്തിന് അനിവാര്യമാണ്. അക്രമവും തീവ്രവാദവും വെടിഞ്ഞ് ജനാധിപത്യ മാർഗ്ഗത്തിൽ ഒരു ജനതയെ മുന്നോട്ട് നയിക്കാൻ ഈ ആശയത്തിലൂടെ സാധ്യമാകുന്നു. കേരളത്തിലെങ്കിലും പരീക്ഷിച്ച് വിജയിച്ച കാര്യമാണിത്. ആ അർത്ഥത്തിൽ മുസ്​ലിം ലീഗ് നിലനിൽക്കേണ്ടത് ഭൂരിപക്ഷത്തിന്റെയും ആവശ്യമായി മാറുന്നു.

മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിലെ വനിതാ ലീഗിന്റെ പ്രകടനം
മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിലെ വനിതാ ലീഗിന്റെ പ്രകടനം

മതേതര ഇന്ത്യ എന്നാൽ മതമില്ലാത്ത ഇന്ത്യ എന്നല്ല. മതങ്ങളെയും സംസ്‌കാരങ്ങളെയും ഉൾക്കൊള്ളുന്ന ഇന്ത്യ എന്നാണ്. അംബേദ്കറും അയ്യങ്കാളിയും സ്വന്തം സമുദായത്തെക്കുറിച്ച് സംസാരിച്ചത് വർഗീയതയായിരുന്നില്ല. അടിച്ചമർത്തപ്പെട്ട ജനതയുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു അവരുടെ സ്വപ്നം. എബ്രഹാം ലിങ്കണും മാർട്ടിൻ ലൂഥർ കിങും കറുത്തവർക്ക് വേണ്ടി സംസാരിച്ചത് വംശീയതയല്ല. കറുത്തവനും വെളുത്തവനും തോളുരുമ്മി നടക്കുന്ന ഒരു കാലത്തെക്കുറിച്ചുള്ള സ്വപ്നമായിരുന്നു അവരുടെ മനസ്സിൽ. തന്തൈ പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കറിലൂടെ തമിഴ്നാടിന് പകർന്നുകിട്ടിയ ദ്രാവിഡ രാഷ്ട്രീയവും അതിജീവനത്തിന്റെ മറ്റൊരു കഥയായിരുന്നു. ഇന്ത്യ വൈവിധ്യങ്ങളുടേതാണ്. ആ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ് മതേതരത്വം. അതുതന്നെയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം.

തമിഴ്നാട്ടിൽ ലീഗ് സ്ഥാനാർത്ഥിക്കു വേണ്ടി കമ്യൂണിസ്റ്റുകളും കമ്യൂണിസ്റ്റുകാർക്ക് വേണ്ടി ലീഗുകാരും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു.

മതേതര മഹാസഖ്യം

ബി.ജെ.പിക്കെതിരായ മതേതര മഹാ സഖ്യത്തിൽ ഇന്ന് മുസ്​ലിം ലീഗ് പ്രധാന കക്ഷിയാണ്. പ്രതിപക്ഷ കക്ഷികളുടെ യോഗങ്ങളിൽ മുസ്​ലിം ലീഗും ക്ഷണിക്കപ്പെടുന്നു. നരേന്ദ്ര മോദി സർക്കാരിനെതിരായ സമരങ്ങളിലും പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിയമ പോരാട്ടത്തിനും മുസ്​ലിം ലീഗ് മുൻനിരയിലുണ്ട്. മുസ്​ലിം ലീഗ് ഒരു മതേതര, ജനാധിപത്യ കക്ഷിയാണെന്ന് ഇടത്, വലത് വ്യത്യാസമില്ലാതെ എല്ലാവരും അംഗീകരിക്കുന്നു. കോൺഗ്രസുകാർ നേരത്തെ അക്കാര്യം അംഗീകരിച്ചു. കമ്യൂണിസ്റ്റ് നേതാക്കളും ലീഗിന്റെ അനിവാര്യതയെ ഉൾക്കൊണ്ടു കൊണ്ടാണ് ഈയിടെ സംസാരിച്ചുകൊണ്ടിരിക്കുന്നത്.

തമിഴ്നാട്ടിൽ ലീഗ് സ്ഥാനാർത്ഥിക്കു വേണ്ടി കമ്യൂണിസ്റ്റുകളും കമ്യൂണിസ്റ്റുകാർക്ക് വേണ്ടി ലീഗുകാരും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. മുസ്​ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് സി.പി.എം തമിഴ്നാട് സെക്രട്ടറി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി മുത്തുരസൻ എന്നിവരും എത്തിച്ചേർന്നു. ആർ.എസ്.എസ്​ നേതാക്കൾ ഈയിടെ നടത്തിയ പത്രസമ്മേളനത്തിനും മുസ്​ലിം ലീഗിനെ ഒരു ജനാധിപത്യ കക്ഷിയായി വിശേഷിപ്പിക്കുകയുണ്ടായി.

1967 മുതൽ 2023 വരെ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനമാണ് ഈ പ്രതികരണങ്ങൾ. മുസ്​ലിം ലീഗ് അതേ ആശയത്തിൽ നിലനിൽക്കേണ്ടത് അനിവാര്യതയാണെന്ന് മുസ്​ലിം ലീഗുകാർ അല്ലാത്തവർ പോലും അംഗീകരിക്കുന്നു എന്നത് ആ പാർട്ടിയുടെ 75 വർഷത്തെ പ്രവർത്തനത്തിനുള്ള അംഗീകാരം തന്നെയാണ്. ▮


ഷെരീഫ് സാഗർ

മാധ്യമ പ്രവർത്തകൻ, കഥാകൃത്ത്, നോവലിസ്റ്റ്. ചോര പറ്റിയ ചിറക്, ഫൂക്ക, കത്രികപ്പൂട്ട് (നോവൽ), മണൽച്ചൊരുക്ക് (പ്രവാസ കഥകൾ), ഐ.എസ്: രക്തദാഹികളുടെ മതം (പഠനം) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments