ജന്തർ മന്തറിലെത്തിയ
വിദ്യാർത്ഥികളും
ജനസഞ്ചയ
ദൗർബല്യങ്ങളും

ജനസഞ്ചയപ്രക്ഷോഭങ്ങളുടെ ഏറ്റവും പുതിയ ഇന്ത്യൻ രൂപമാണ് കോക്രോച്ച് ജനതാ വിപ്ലവം എന്ന്, ട്രൂകോപ്പി വെബ്സീനുമായുള്ള അഭിമുഖത്തിൽ ബി. രാജീവൻ നടത്തിയ വിശലകനം, യാഥാർഥ്യത്തെ തെറ്റായി മനസ്സിലാക്കുന്ന ഒന്നാണ് എന്ന വിമർശനമുന്നയിക്കുകയാണ് നവീൻ പ്രസാദ് അലക്സ്.

ന്യൂദൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച സമരത്തെ വിലയിരുത്തിക്കൊണ്ടുള്ള ചർച്ചകളിൽ മുന്നോട്ടുവെക്കുന്ന ഒരു വാദമുണ്ട്: ‘‘കർഷക സമരത്തിനുശേഷം ഉയർന്നുവന്ന ഈ വിദ്യാർത്ഥി മുന്നേറ്റം മൈക്കൽ ഹാർട്ടും അന്റോണിയോ നെഗ്രിയും മുന്നോട്ടുവച്ച ‘മൾട്ടിറ്റ്യൂഡ്’ (Multitude) എന്ന ആശയത്തിന്റെ ചരിത്രപരമായ സ്ഥിരീകരണമാണ്’’.

വൈവിധ്യമാർന്ന സാമൂഹിക വിഭാഗങ്ങൾ സ്വയംസംഘടിതമായി ഉയർന്നുവരുമ്പോൾ അവ തന്നെ പുതിയ രാഷ്ട്രീയ സബ്ജക്ടായി മാറുമെന്നാണ് ‘Multitude’ സിദ്ധാന്തത്തിന്റെ കേന്ദ്രധാര.

എന്നാൽ ഈ വായന യാഥാർത്ഥ്യത്തെ തെറ്റായി മനസ്സിലാക്കുന്ന ഒന്നാണ്. CJP സമരം ‘മൾട്ടിറ്റ്യൂഡ്’ സിദ്ധാന്തത്തെ സാധൂകരിക്കുന്നില്ല. മാത്രമല്ല, ആ സിദ്ധാന്തത്തിന്റെ അടിസ്ഥാനപരമായ പരിമിതികളെയാണ് അത് തുറന്നുകാട്ടുന്നത്.

ആദ്യം മനസ്സിലാക്കേണ്ടത്, ഈ സമരത്തിന്റെ പ്രാധാന്യം അതിന്റെ ‘ആൾക്കൂട്ട / ജനസഞ്ചയ’ സ്വഭാവത്തിലല്ല എന്നതാണ്. തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണം, തൊഴിൽ സുരക്ഷയുടെ തകർച്ച, യുവതയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയ ഭൗതിക പ്രശ്നങ്ങളാണ് സമരത്തിന്റെ ഉള്ളടക്കം. അതുകൊണ്ടുതന്നെ ഇതിന്റെ വർഗരാഷ്ട്രീയപരമായ മാനമാണ് സമരത്തിന്റെ ആശയപരമായ കേന്ദ്രം.

BJP വർഷങ്ങളായി വർഗപ്രശ്നങ്ങളെ മറച്ചുവെച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബലത്തിലാണ് നിലനിന്നുപോരുന്നത്. കർഷകസമരമാണ് ഈ തന്ത്രത്തിൽ ആദ്യമായി വിള്ളൽ വീഴ്ത്തിയത്. ഇന്ന് വിദ്യാർത്ഥികൾ അതേ പ്രക്രിയയെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുകയാണ്. നവലിബറലിസം സൃഷ്ടിച്ച പ്രതിസന്ധികളാണ് രണ്ടു സമരങ്ങളിലേക്കും നയിച്ചത് എന്നതാണ് വസ്തുത.

വൈവിധ്യമാർന്ന സാമൂഹിക വിഭാഗങ്ങൾ സ്വയംസംഘടിതമായി ഉയർന്നുവരുമ്പോൾ അവ തന്നെ പുതിയ രാഷ്ട്രീയ സബ്ജക്ടായി മാറുമെന്നാണ് ‘Multitude’ സിദ്ധാന്തത്തിന്റെ കേന്ദ്രധാര.
വൈവിധ്യമാർന്ന സാമൂഹിക വിഭാഗങ്ങൾ സ്വയംസംഘടിതമായി ഉയർന്നുവരുമ്പോൾ അവ തന്നെ പുതിയ രാഷ്ട്രീയ സബ്ജക്ടായി മാറുമെന്നാണ് ‘Multitude’ സിദ്ധാന്തത്തിന്റെ കേന്ദ്രധാര.

ചിലർ ഈ സമരത്തെ ‘മധ്യവർഗ ആശങ്ക’യായി കാണുന്നു. ആസ്‌പയറിംഗ് മിഡിൽ ക്ലാസിന്റെ പ്രതീക്ഷകളെ വികസന വാഗ്ദാനങ്ങളിലൂടെ BJP ഒരുകാലത്ത് അതിന്റെ സാമൂഹിക അടിത്തറയാക്കി മാറ്റിയിരുന്നു. ഇന്ന് അതേ വിഭാഗം തൊഴിലില്ലായ്മയും സ്വകാര്യവൽക്കരണവും ജീവിത പ്രതിസന്ധിയും കാരണം നിരാശയിലേക്ക് നീങ്ങുകയാണ്. യുവാക്കൾ "ആഭ്യന്തര ശത്രുക്കൾ" അല്ല, തൊഴിലും വിദ്യാഭ്യാസവുമാണ് ഇന്ത്യയുടെ പ്രധാന പ്രശ്നമെന്ന് പ്രഖ്യാപിക്കുന്നു. അതാണ് സമരത്തിന്റെ യഥാർത്ഥ രാഷ്ട്രീയം. നവഉദാരീകരണത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച നഗരമധ്യവർഗത്തിന്റെ വലിയൊരു വിഭാഗമാണ് ബി ജെ പിയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും പ്രധാന സാമൂഹിക അടിത്തറയായി മാറിയത്. ഹിന്ദുത്വത്തിന് ഏറ്റവും ശക്തമായ പിന്തുണ നൽകിയ വിഭാഗത്തിനുള്ളിൽ തന്നെ ഭൗതിക ജീവിതപ്രശ്നങ്ങൾ കേന്ദ്രസ്ഥാനമെടുക്കുന്നു എന്നതാണ് ഈ സമരത്തിന്റെ ചരിത്രപ്രാധാന്യം.

പക്ഷേ, ഈ രാഷ്ട്രീയ ഉള്ളടക്കത്തെ കേവലം "ആൾക്കൂട്ടം" എന്ന രൂപവുമായി തുല്യമാക്കുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. Multitude സിദ്ധാന്തത്തിന്റെ അടിസ്ഥാന വീഴ്ച ഇതാണ്. വ്യത്യസ്ത സാമൂഹിക ശക്തികളുടെ സ്വാഭാവികസംഗമം തന്നെ ഒരു വിമോചന രാഷ്ട്രീയ സബ്ജക്ടായി മാറുമെന്നാണ് അത് കരുതുന്നത്. എന്നാൽ ഒരു ചോദ്യം അവശേഷിക്കുന്നു: അധികാരം ആരാണ് പിടിച്ചെടുക്കുന്നത്? ഉൽപാദനബന്ധങ്ങളെ ആരാണ് മാറ്റിമറിക്കുന്നത്? പഴയ ഭരണകൂടത്തെ ആരാണ് പൊളിച്ചെഴുതുന്നത്? പുതിയ സ്ഥാപനങ്ങൾ ആരാണ് നിർമ്മിക്കുന്നത്? പ്രതിവിപ്ലവത്തെ ആരാണ് നേരിടുന്നത്?

ഇതെല്ലാം ‘പിന്നീട് സംഭവിക്കും’ എന്ന മട്ടിലാണ് Multitude സിദ്ധാന്തം മുന്നോട്ടുപോകുന്നത്.

സ്ലാവോയ് സിസെക്
സ്ലാവോയ് സിസെക്

സ്ലാവോയ് സിസെക് ലെനിനെ പുനർവായിക്കുമ്പോൾ ഉയർത്തുന്ന വിമർശനം ഇവിടെ പ്രസക്തമാണ്. ഒരു വിപ്ലവം ഒരിക്കലും അനന്തമായ "പ്രവാഹങ്ങളുടെ" കൂട്ടിച്ചേർക്കൽ മാത്രമല്ല. ഒരു ഘട്ടത്തിൽ നിർണായകമായ ഒരു രാഷ്ട്രീയ വിച്ഛേദം സംഭവിക്കണം. സ്വത്ത് സാമൂഹികവൽക്കരിക്കണോ? പഴയ രാഷ്ട്രയന്ത്രത്തെ പൊളിക്കണോ? പുതിയ സ്ഥാപനങ്ങൾ രൂപപ്പെടുത്തണോ? ഈ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഒരു സംഘടിത രാഷ്ട്രീയ സബ്ജക്ട് അനിവാര്യമാണ്. പാർട്ടിരൂപത്തെ തള്ളിക്കളയുന്നതുകൊണ്ട് ഈ പ്രശ്നം ഇല്ലാതാകുന്നില്ല; അത് പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു.

ഇവിടെയാണ് CJP സമരം Multitude സിദ്ധാന്തത്തെ നിഷേധിക്കുന്നത്. ഈ സമരം സ്വയം ഒരു വിപ്ലവ സബ്ജക്ടല്ല. അത് ഒരു സാധ്യതയാണ്. അതിന് സംഘടിത രൂപം നൽകപ്പെടണം. അതിന്റെ നിയോലിബറൽ വിരുദ്ധ ഉള്ളടക്കം വ്യക്തമായ രാഷ്ട്രീയ പരിപാടിയായി വികസിപ്പിക്കപ്പെടണം. അല്ലാത്തപക്ഷം അതിനെ റിഫോമിസ്റ്റ് രാഷ്ട്രീയം എളുപ്പം ആഗിരണം ചെയ്യും.

ചരിത്രം ഇതിന്റെ ഉദാഹരണങ്ങൾ നേരത്തെ കാണിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ കർഷകസമരത്തിന്റെ രാഷ്ട്രീയ ഊർജം കോൺഗ്രസ് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിച്ചു. എന്നാൽ കോൺഗ്രസ് ഒരിക്കലും നിയോലിബറൽ നയങ്ങൾ ഉപേക്ഷിച്ചില്ല. മറിച്ച്, ഇന്ത്യയിലെ ഇന്നത്തെ പ്രതിസന്ധിയുടെ അടിത്തറ പാകിയത് കോൺഗ്രസാണ്. അതിനെ കൂടുതൽ കേന്ദ്രീകൃതമായ കോർപ്പറേറ്റ്- രാഷ്ട്ര സഖ്യമായി വികസിപ്പിച്ചത് ബി ജെ പിയാണ്.

കോൺഗ്രസ് ചിതറിക്കിടക്കുന്ന ക്രോണി ക്യാപിറ്റലിസത്തിന്റെ രാഷ്ട്രീയമായിരുന്നുവെങ്കിൽ, ബി ജെ പി അതിനെ കേന്ദ്രീകൃതമായ ക്രോണി ക്യാപിറ്റലിസമാക്കി മാറ്റി. ഏകീകൃത നികുതി, കേന്ദ്രീകൃത ഭരണകൂടം, കോർപ്പറേറ്റ് ആധിപത്യം എന്നിവയിലൂടെ ക്രോണി ക്യാപിറ്റലിസത്തിന്റെ മാതൃക രൂപപ്പെട്ടു. എന്നാൽ അത് ഇന്ത്യയെ ഉൽപാദനശേഷിയുള്ള സമ്പദ്‌വ്യവസ്ഥയായി ഉയർത്തിയില്ല, മറിച്ച് തൊഴിലില്ലായ്മയും സ്വകാര്യവൽക്കരണവും വർധിച്ച്, ജനജീവിതം ദുസഹമായി.

ബി. രാജീവൻ
ബി. രാജീവൻ

ഈ സാഹചര്യത്തിൽ കോൺഗ്രസിന് സമരത്തെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി പിടിച്ചെടുക്കാനാകും. പക്ഷേ അതിന്റെ വർഗസ്വഭാവം അടുത്ത നിമിഷം തന്നെ പുറത്തുവരും. കോൺഗ്രസ് അതിന്റെ ഭരണവർഗ്ഗസ്വഭാവം വെടിഞ്ഞ് കീഴാള പാർട്ടിയായി മാറി എന്ന വാദമാണ് ട്രൂകോപ്പി ​വെബ്സീൻ അഭിമുഖത്തിൽ ബി. രാജീവൻ മുന്നോട്ടുവെക്കുന്നത്. എന്നാൽ ഒരു പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ഊർജം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നു എന്നതുകൊണ്ട് ഒരു പാർട്ടിയുടെ വർഗസ്വഭാവം മാറുന്നില്ല. അധികാരത്തിൽനിന്ന് പുറത്തായ ഘട്ടങ്ങളിൽ ഇന്ത്യൻ ഭരണവർഗത്തിന്റെ ചില വിഭാഗങ്ങളുടെ പൂർണ പിന്തുണ കോൺഗ്രസിന് നഷ്ടപ്പെട്ടിട്ടുണ്ടാകാം. പക്ഷേ സമീപവർഷങ്ങളിൽ കോൺഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെ ഭരണാനുഭവങ്ങൾ പരിശോധിച്ചാൽ അത് ഇന്നും ഒരു ബൂർഷ്വാ പാർട്ടിയായി തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്.

വായിക്കാം: തെരുവിൽനിന്ന്
പറന്നുയരുന്ന
വിദ്യാർത്ഥികളുമായി
കൈകോർക്കാം

കർഷകസമരകാലത്ത് കണ്ടതുപോലെ, ജനകീയ പ്രക്ഷോഭങ്ങളുടെ തെരഞ്ഞെടുപ്പ് നേട്ടം സ്വന്തമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് പുതുമയുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ, ഇത്തരം പ്രക്ഷോഭങ്ങളുടെ തെരഞ്ഞെടുപ്പ് നേട്ടം കോൺഗ്രസ് കൊയ്യുന്നു എന്നതിൽ നിന്ന് അതൊരു കീഴാള (subaltern) രാഷ്ട്രീയശക്തിയായി മാറിയെന്ന നിഗമനം അതിവായനയാണ്.

ഇവിടെ മറ്റൊരു സൈദ്ധാന്തിക പ്രശ്നവുമുണ്ട്. Multitude സിദ്ധാന്തം സമൂഹത്തിന്റെ വൈവിധ്യത്തെയും വികേന്ദ്രീകരണത്തെയും നെറ്റ്‌വർക്കുകളെയും വിമോചനത്തിന്റെ അടയാളങ്ങളായി കാണുന്നു. എന്നാൽ ഈ സ്വഭാവങ്ങൾ മൂലധനവും തന്റെ വികാസത്തിന്റെ ഭാഗമായി നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്സും എംഗൽസും ചൂണ്ടിക്കാണിച്ചതുപോലെ, മുതലാളിത്തം പഴയ സാമൂഹിക ബന്ധങ്ങളെയും സ്ഥാപനങ്ങളെയും നിരന്തരം പുനർനിർമ്മിച്ചുകൊണ്ട് സൃഷ്ടിക്കുന്ന ഒരു വ്യവസ്ഥയാണ്. അതുകൊണ്ട് വൈവിധ്യവും വികേന്ദ്രീകരണവും കൊണ്ടുമാത്രം വിമോചനത്തിന്റെ സാധ്യമാവില്ല. അവയെ ഏത് വർഗരാഷ്ട്രീയമാണ് നയിക്കുന്നത്, ഏത് സാമൂഹിക ലക്ഷ്യത്തിനാണ് അവ ഉപയോഗിക്കപ്പെടുന്നത് എന്നതാണ് നിർണായകം. അല്ലാത്തപക്ഷം, ഈ രാഷ്ട്രീയ സാധ്യതകൾ മൂലധനത്തിന്റെ ചലനത്തെ ആഘോഷിക്കുന്ന അവസ്ഥയിലേക്ക് വഴുതിപ്പോകും.

കർഷകസമരകാലത്ത് കണ്ടതുപോലെ, ജനകീയ പ്രക്ഷോഭങ്ങളുടെ തെരഞ്ഞെടുപ്പ് നേട്ടം സ്വന്തമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് പുതുമയുള്ള കാര്യമല്ല.
കർഷകസമരകാലത്ത് കണ്ടതുപോലെ, ജനകീയ പ്രക്ഷോഭങ്ങളുടെ തെരഞ്ഞെടുപ്പ് നേട്ടം സ്വന്തമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് പുതുമയുള്ള കാര്യമല്ല.

അതുകൊണ്ടാണ് “ജനസഞ്ചയം" സ്വയം ഒരു രാഷ്ട്രീയ വിഭാഗമല്ലെന്ന് പറയേണ്ടിവരുന്നത്. അതിന് അർത്ഥം നൽകുന്നത് അതിന്റെ സാമ്പത്തിക അടിത്തറയും അതിനെ നയിക്കുന്ന രാഷ്ട്രീയ പദ്ധതിയുമാണ്. ഒരേ ആൾക്കൂട്ടം ഭരണവർഗ്ഗത്തിന്റെ തിരഞ്ഞെടുപ്പ് ഉപകരണമായും മാറാം; സംഘടിത ഇടതുപക്ഷ ഇടപെടലിലൂടെ വർഗരാഷ്ട്രീയത്തിന്റെ ശക്തിയായും മാറാം. അതിന്റെ ഭാവി അതിന്റെ സ്വാഭാവിക രൂപത്തിൽ അല്ല, അതിന്റെ രാഷ്ട്രീയ സംഘടനയിലാണ് നിശ്ചയിക്കപ്പെടുന്നത്.

CJP സമരം Multitude സിദ്ധാന്തത്തെ സാധൂകരിക്കുന്നില്ല. മറിച്ച്, സംഘടിത വർഗ്ഗരാഷ്ട്രീയത്തിന്റെ അനിവാര്യതയെ വീണ്ടും ചരിത്രത്തിന്റെ മുൻപിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. ചോദ്യം; ആൾക്കൂട്ടം ഉണ്ടായോ എന്നതല്ല; ആ ആൾക്കൂട്ടം ഏത് വർഗരാഷ്ട്രീയമാണ് സ്വന്തമാക്കുന്നത് എന്നതാണ്.

അതുകൊണ്ട് CJP സമരം Multitude സിദ്ധാന്തത്തെ സാധൂകരിക്കുന്നില്ല. മറിച്ച്, സംഘടിത വർഗ്ഗരാഷ്ട്രീയത്തിന്റെ അനിവാര്യതയെ വീണ്ടും ചരിത്രത്തിന്റെ മുൻപിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. ചോദ്യം; ആൾക്കൂട്ടം ഉണ്ടായോ എന്നതല്ല; ആ ആൾക്കൂട്ടം ഏത് വർഗരാഷ്ട്രീയമാണ് സ്വന്തമാക്കുന്നത് എന്നതാണ്. അതിന്റെ ഉത്തരമാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുക.

ഈ സൈദ്ധാന്തിക പ്രശ്നങ്ങൾക്ക് പുറമെ സമരവുമായി ബന്ധപ്പെട്ട ചില സംഘടനാപരമായ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്.

ഈ സമരത്തിൽ ഇന്ത്യൻ ഇടതുപക്ഷം വെറും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കാഴ്ചക്കാരായിരുന്നില്ല. സി.പി.എം, സി.പി.ഐ, സി.പി.ഐ (എം.എൽ) ലിബറേഷൻ അടക്കമുള്ള ഇടതുപക്ഷ പാർട്ടികളും SFI, AISA പോലുള്ള വിദ്യാർത്ഥി സംഘടനകളും സമരത്തിന് നിർണായകമായ സംഘടനാപരമായ പിൻബലം നൽകി. ജന്തർ മന്തറിൽ സമരത്തിന്റെ വിവിധ ഘട്ടങ്ങളിലും ആദർശ് എം. സജി, ഐഷെ ഘോഷ്, ഗോപിക ബാബു, നെഹ ബോറ, സഖി, ശരണ്ണ്യ തുടങ്ങിയ വിദ്യാർത്ഥി നേതാക്കൾ സ്ഥിരമായി സാന്നിധ്യമറിയിക്കുകയും സമരത്തിന്റെ സംഘടന, ഏകോപനം, രാഷ്ട്രീയവൽക്കരണം എന്നിവയിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. ഈ ഇടപെടലിനെ CJP വക്താക്കളും പരസ്യമായി അഭിനന്ദിച്ചിരുന്നു.

ഈ സമരത്തിൽ ഇന്ത്യൻ ഇടതുപക്ഷം വെറും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കാഴ്ചക്കാരായിരുന്നില്ല.
ഈ സമരത്തിൽ ഇന്ത്യൻ ഇടതുപക്ഷം വെറും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കാഴ്ചക്കാരായിരുന്നില്ല.

ഇടതുപക്ഷ എം.പിമാരായ ജോൺ ബ്രിട്ടാസ്, എ.എ. റഹിം, വി. ശിവദാസൻ, സന്തോഷ് കുമാർ, കെ. രാധാകൃഷ്ണൻ, എസ്. യു. വെങ്കിടേശൻ, അമ്രാ റാം എന്നിവർ സമരത്തിന് നിരന്തര പിന്തുണ നൽകി. സി.പി.എം ജനറൽ സെക്രട്ടറി എം. എ. ബേബി ഉൾപ്പെടെ നിരവധി ഇടതുപക്ഷ നേതാക്കൾ സമരവേദി സന്ദർശിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സ്വാഭാവികമായി ഉയർന്നുവന്ന പ്രതിഷേധത്തിന് സംഘടനാപരമായ കരുത്തും രാഷ്ട്രീയദിശയും നൽകാൻ ഇടതുപക്ഷം നടത്തിയ ഈ ഇടപെടലാണ് ഒരു അസംഘടിത പ്രതിഷേധത്തെ കൂടുതൽ ഉറച്ച ജനകീയ മുന്നേറ്റമായി നിലനിർത്താൻ സഹായിച്ചത്. ഇടതുപക്ഷം സമരത്തിന്റെ ഏകശക്തിയായിരുന്നില്ല; എന്നാൽ അതിന് സംഘടനാപരമായ രൂപവും രാഷ്ട്രീയദിശയും നൽകുന്നതിൽ അത് വഹിച്ച പങ്ക് നിഷേധിക്കുന്നത് ചരിത്രപരമായും വസ്തുതാപരമായും നിലനിൽക്കാത്ത അവകാശവാദമാണ്.

സമരത്തിനിടെ ഉയർന്ന മുദ്രാവാക്യങ്ങളും താത്കാലിക ലൈബ്രറികളും തെരുവുനാടകങ്ങളും ഗാനങ്ങളും പരിശോധിച്ചാൽ, ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ സമരത്തെ വിശാലമായ സാമൂഹിക- സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധിപ്പിക്കാനും അതിന്റെ നിയോലിബറൽ വിരുദ്ധ ഉള്ളടക്കത്തെ രാഷ്ട്രീയവൽക്കരിക്കാനും ബോധപൂർവ ശ്രമം നടത്തിയതായി കാണാം. ഇതോടൊപ്പം സമരത്തിന് അവർ നൽകിയ സംഘടനാപരമായ പിന്തുണയും നിർണായകമായിരുന്നു. ഈ സംഘടനാപരമായ ഇടപെടലുകളെക്കുറിച്ച് രേവതി ലൗലും തന്റെ ലേഖനത്തിൽ എടുത്തുപറയുന്നുണ്ട്. ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ, സമരത്തിന്റെ രാഷ്ട്രീയ വികാസത്തിൽ സംഘടിത ഇടപെടൽ നിർണായകമായിരുന്നുവെന്നും, സ്വയമുയർന്ന ഒരു ‘മൾട്ടിട്യൂഡ്’ മാത്രം ഈ പ്രക്ഷോഭത്തെ വിശദീകരിക്കാൻ മതിയാകില്ലെന്നുമാണ് വ്യക്തമാകുന്നത്.


Summary: Naveen Prasad Alex writes a response to B Rajeevan's arguments on Cockroach Janta Party (CJP) Jantar Mantar youth protest.


നവീൻ പ്രസാദ് അലക്സ്

ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ബയോളജിയിൽ IMPRS ഫെലോ. ഇക്കോളജി, എവല്യൂഷണറി ബയോളജി എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്നു.

Comments