Photo : Rashtriya Swayamsevak Sangh, FB Page

അഭിമാനി, സന്ദേഹി, വിരോധി, അജ്ഞാനി

ആർ.എസ്​.എസിന്റെ പുതിയ ഹിന്ദു ചാതുർവർണ്യം

ഇനി മുതൽ ഇന്ത്യയിലുള്ളവരെ നാല് ഹിന്ദു വിഭാഗങ്ങളിൽ ചേർത്തായിരിക്കും പരിഗണിക്കുക എന്നും അഹിന്ദുക്കൾ എന്ന വിശേഷണം ഉണ്ടായിരിക്കുകയില്ലെന്നും ആർ.എസ്.എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത് പ്രഖ്യാപിച്ചിരിക്കുകയാണ്. മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെല്ലാം അഹിന്ദുക്കൾ എന്നതിനുപകരം ഈ വിഭാഗങ്ങളിലാണ് ഉൾപ്പെടുകയത്രേ. ആത്യന്തികമായി ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുകയും ആഗോളതലത്തിൽ സംഘ്പരിവറിനെതിരായ വിമർശനങ്ങളെ മറികടക്കുകയുമാണ്​ പുതിയ ഹിന്ദു ശ്രേണീകരണ നിർമിതിയുടെ ലക്ഷ്യം

നി അഹിന്ദുക്കളില്ലെന്നും രാജ്യത്തെ പൗരജനങ്ങളെല്ലാവരും ഹിന്ദുക്കളാണെന്നും ഹിന്ദുത്വ ബ്രാഹ്മണ്യ ശക്തികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിസ്ത്യൻ- മുസ്​ലിം വിഭാഗങ്ങളെ അഹിന്ദുക്കൾ എന്ന് അഭിസംബോധന ചെയ്യില്ലെന്നും ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ചതുഃശ്രേണികളിൽ ഉൾപ്പെട്ട ഹിന്ദുക്കളായി അറിയപ്പെടുമെന്നുമാണ് പരിവാര ശക്തികളുടെ വാദം.

ഹിന്ദു രാഷ്ട്രവാദ രാഷ്ട്രീയക്കാർ ഹിന്ദുവിനെ അഭിമാനിയായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, വിരോധിയായ ഹിന്ദു, അജ്ഞാനിയായ ഹിന്ദു എന്നിങ്ങനെയാണ് വർഗീകരിച്ചിട്ടുള്ളത്. ഹിന്ദുമതാചാരങ്ങൾ കൃത്യമായി പാലിച്ച് മതത്തെ ആഴത്തിൽ മനസ്സിലാക്കുന്നവരാണ് ‘അഭിമാനിയായ ഹിന്ദു'. മതത്തിന് അകത്തുമല്ല, പുറത്തുമല്ല എന്ന രീതിയിൽ ജീവിക്കുന്നവരാണ് ‘സന്ദേഹിയായ ഹിന്ദു'. ഹിന്ദു മതത്തിൽ ജനിച്ചുവെങ്കിലും മറ്റ് ഹിന്ദുക്കൾക്കെതിരെ പ്രവർത്തിക്കുന്നവരാണ് ‘വിരോധിയായ ഹിന്ദു'. മറ്റു മതങ്ങളിലേക്ക് മാറിപ്പോയവരാണ് ‘അജ്ഞാനിയായ ഹിന്ദു'. ഇത്തരമൊരു വാദമുന്നയിച്ച്​ ആത്യന്തികമായി ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. മറ്റൊന്ന്, ആഗോള തലത്തിൽ പരിവാരത്തിനെതിരായി ഉയരുന്ന വിമർശനങ്ങളെ സഹിഷ്ണുതാ നാട്യത്തിലൂടെ മറികടക്കാമെന്നുമാണ് നാലു വിധത്തിലുള്ള ഹിന്ദു ശ്രേണീകരണ നിർമിതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വീ, ഓർ അവർ നാഷൻഹുഡ്​ ഡിഫൈൻഡ്​ എന്ന പുസ്​തകത്തിൽ ഗോൾവാൾക്കർ പ്രസ്താവിക്കുന്നത്, ഹിന്ദുവംശത്തിലും മതത്തിലും സംസ്‌കാരത്തിലും ഭാഷയിലും ഉൾപ്പെടാത്ത എല്ലാം തന്നെ സ്വാഭാവികമായി ദേശീയ ജീവിതത്തിന്റെ അതിർത്തിക്ക് പുറത്തായിരിക്കും എന്നാണ്. ഇങ്ങനെ ഹിന്ദുത്വം നിർവചിക്കുന്ന സാംസ്‌കാരിക ദേശീയതയുടെ ഫലപൂർത്തി മുന്നിൽ കണ്ടാണ് രാജ്യത്തെ മുഴുവൻ ജനങ്ങളും മേലിൽ നാലായി ശ്രേണീകരിക്കപ്പെട്ട ഹിന്ദുവായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഹിന്ദുത്വ ശക്തികളുടെ ഈ ശ്രേണീകരണം ചാതുർവർണ്യ വിഭജനത്തിന്റെ പുതിയ ഒരവതാരം മാത്രമാണ്. യഥാർത്ഥത്തിൽ, ഭരണഘടനാ ജനാധിപത്യത്തിലും പ്രാതിനിധ്യ ബഹുസ്വര വൈവിധ്യ സംസ്‌കാര ജനായത്തത്തിലും അടിയുറച്ച ഇന്ത്യയുടെ ആധുനികമായ പൗര രാഷ്ട്ര സങ്കല്പത്തെ ഏകശിലാ നിർമിതവും ഹിംസാത്മകവുമായ ചാതുർവർണ്യ ഹിന്ദുസങ്കല്പത്തിലേക്ക് ഉപനയിക്കുകയാണ് അഭിമാനി- സന്ദേഹി - വിരോധി - അജ്ഞാനി ഹിന്ദു സങ്കല്പങ്ങളിലൂടെ. ആത്യന്തികമായി ഈ നിർമിതി, ബഹുമത സംസ്‌കാരത്തിൽ ജീവിക്കുന്ന ഇന്ത്യയുടെ വൈവിധ്യത്തെ തന്നെയാണ് നിഷേധിക്കുന്നത്.

ഹിന്ദു എന്ന ഏകശിലാ നിർമിതി ഇന്ത്യയെന്ന ദേശ രാഷ്ട്ര നിർമിതിയോടനുബന്ധിച്ച് ബ്രിട്ടീഷ് കൊളോണിയൽ അധിനിവേശത്തോടെ മാത്രം സ്ഥാപിതമായ ഒന്നാണെന്ന്​ കാണാം.

ആരാണ്​ ഹിന്ദു?

ഏകശിലാത്മകമായി ഒരു ഹിന്ദു പൊതുബോധം നിർമിക്കപ്പെട്ട സമകാല വ്യവഹാരങ്ങൾ രൂപപ്പെട്ട സവിശേഷ സാഹചര്യത്തിലാണ് ആരാണ് ഹിന്ദു എന്ന അന്വേഷണത്തിന് പ്രാധാന്യം കൈവരുന്നത്. അനാദികാലം മുതൽ നിലനിന്ന സനാതനമായ മതരൂപമായി ഹിന്ദു എന്ന സ്വത്വത്തെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു കാലത്ത്​, വേദങ്ങൾ മുതൽ ഇതിഹാസ പുരാണ പാഠ പാരമ്പര്യങ്ങളും ധർമശാസ്ത്ര കൃതികളും താന്ത്രിക ഗ്രന്ഥങ്ങളും ചരിത്രപരമായി അതീവ പ്രാധാന്യമുള്ള ശിലാലിഖിതങ്ങളും ഗ്രന്ഥവരികളും മറ്റും പരിശോധിക്കുമ്പോൾ ഹിന്ദു എന്ന ഏകശിലാ നിർമിതി ഇന്ത്യയെന്ന ദേശ രാഷ്ട്ര നിർമിതിയോടനുബന്ധിച്ച് ബ്രിട്ടീഷ് കൊളോണിയൽ അധിനിവേശത്തോടെ മാത്രം സ്ഥാപിതമായ ഒന്നാണെന്ന്​ കാണാം. ആധുനിക കാലത്ത് നിലവിൽ വന്ന ഹിന്ദു പൊതുബോധ നിർമിതിയുടെ അടിയടരായ ബ്രാഹ്മണ്യ വ്യവഹാരങ്ങൾക്ക് പ്രാഗാധുനിക കാലത്തുതന്നെ വേരുകളുണ്ടെങ്കിലും അത് ചരിത്രപരമായി പുതിയ ഭാവം കൈവരിച്ചത് ഇന്ത്യാ നിർമിതിയുടെ ഘട്ടത്തിലാണ്. സംസ്‌കൃത ജ്ഞാനമണ്ഡലത്തിലെ നിരവധിയായ തെളിവു രൂപങ്ങൾ പരിശോധിക്കുമ്പോൾ ഇപ്പോൾ നിർമിച്ചെടുത്ത ഹിന്ദുവിനെ അവിടെ കണ്ടെത്താൻ കഴിയാതെ വരുന്നു. ചരിത്രത്തിൽ നിലനിന്നിട്ടില്ലാത്ത ഒരു ഹിന്ദു പിന്നീട് എങ്ങനെയാണ് ഉണ്ടായി വന്നതെന്ന് സാംസ്‌കൃതികമായ ഗ്രന്ഥരൂപങ്ങളെയും നിരവധി ചരിത്ര ലിഖിതങ്ങളെയും അടിസ്ഥാനപ്പെടുത്തി പരിശോധിക്കേണ്ടത് സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ നിർവഹിക്കേണ്ട അടിയന്തിര ദൗത്യമാണ്.

മോഹൻ ഭാഗവത്
മോഹൻ ഭാഗവത്

സനാതനമെന്നും ശാശ്വതമെന്നും വ്യവഹരിക്കുന്ന ഹിന്ദു മതത്തിന്റെ ആദിമ രേഖയായി കരുതപ്പെടുന്നവയാണ് വേദങ്ങൾ. ഇതിൽ ഏറ്റവും പ്രാചീനമായത്​ഋഗ്വേദമാണ്. ഇന്ന് പറയപ്പെടുന്ന രൂപത്തിലുള്ള ഹിന്ദു മതത്തിന്റെ ഭാവപ്രകാശങ്ങളൊന്നും വേദങ്ങളിൽ നിന്ന്​ കണ്ടെടുക്കുവാൻ കഴിയുകയില്ല. ഹിന്ദു എന്ന വാക്കു പോലും വൈദിക സാഹിത്യങ്ങളിലെങ്ങും രേഖപ്പെടുത്തിയിട്ടില്ല. ഇന്നത്തെ സവർണ ഹിന്ദു സംസ്‌കാരത്തിന്റെ ആദിപിതാക്കളായി ഹിന്ദുത്വം സ്ഥാനപ്പെടുത്തുന്ന ആര്യന്മാർ സ്വയം ഹിന്ദുക്കളാണെന്ന് അവകാശപ്പെടുന്ന യാതൊരു വിധ തെളിവു രൂപങ്ങളും വേദങ്ങളിൽ പരാമർശിക്കപ്പെടുന്നില്ല. ഇന്നു കാണുന്ന ഹൈന്ദവ സംസ്‌കാരത്തിന്റെ ആധാരശിലയായി ഹിന്ദുത്വ ശക്തികൾ അടയാളപ്പെടുത്തുന്ന ക്ഷേത്രാരാധനകളോ ബിംബാരാധനകളോ ഋഗ്വേദത്തിൽ പരാമർശിതമാവുന്നേയില്ല. ഇതു കാണിക്കുന്നത്, ഇന്ന് വ്യവച്ഛേദിക്കുന്ന രൂപത്തിലുള്ള ഹിന്ദു സ്വത്വരൂപീകരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ വൈദിക സാഹിത്യത്തിലേക്ക് പിന്നീട് ആരോപിക്കുകയാണ് ചെയ്യുന്നതെന്നാണ്.

ഹിന്ദുത്വ ബ്രാഹ്മണ്യ ശക്തികൾ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനത്തിനായി ഉപയോഗിച്ചു പോരുന്ന ഇതിഹാസങ്ങളിൽ ഒരു സനാതന ഹിന്ദുവിനെ കണ്ടെത്തുക അസാധ്യമാണ്.

വേദങ്ങളിലേക്ക് മടങ്ങണമെന്ന് ആഹ്വാനം ചെയ്ത ദയാനന്ദ സരസ്വതി പിൽക്കാല ഹിന്ദുമതം അതിന്റെ ധ്വജ സ്തംഭങ്ങളായി കരുതിയിരുന്ന ഇതിഹാസ പുരാണങ്ങളെയും ബിംബാരാധനയെയും സത്യാർത്ഥപ്രകാശത്തിൽ നിശിത വിമർശനത്തിനാണ് വിധേയമാക്കുന്നത്. ഏറ്റവും ശുദ്ധമായ ഒരു സംസ്‌കാരത്തെ വൈദിക മതത്തിൽ കണ്ടെത്താനാണ് ദയാനന്ദ സരസ്വതി ശ്രമിച്ചത്. പൂണൂലിട്ട് ഉപനയിച്ച് ശുദ്ധി കർമം ചെയ്ത് സർവരെയും ആര്യജനങ്ങളാക്കി മാറ്റാൻ ശ്രമിച്ചതിലൂടെ ദയാനന്ദ സരസ്വതി ഹിന്ദുവിന്റെ പൂർവപിതാക്കളായി ആര്യന്മാരെ സ്ഥാനപ്പെടുത്തുകയാണ് ചെയ്തത്. ഇതാകട്ടെ പല നിലക്കും അന്നത്തെ ദേശീയ വാദത്തെ മുൻനിർത്തി രൂപപ്പെട്ടു വരുന്ന ഹിന്ദു സ്വത്വനിർമിതിയുടെ ഭാഗമായിരുന്നുവെന്നും കാണാം.

​ബ്രാഹ്​മണർ മാത്രമുള്ള രാമരാജ്യം

ഹിന്ദുത്വ ബ്രാഹ്മണ്യ ശക്തികൾ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനത്തിനായി ഉപയോഗിച്ചു പോരുന്ന ഇതിഹാസങ്ങളിൽ ഒരു സനാതന ഹിന്ദുവിനെ കണ്ടെത്തുക അസാധ്യമായ കാര്യമാണ്. വാല്മീകി രാമായണത്തിൽ തെളിയുന്നത് മറ്റൊരു കാഴ്ചയാണ്. ഗാന്ധിയും മറ്റും ആദർശാത്മകമായി വിവരിച്ച രാമരാജ്യം എന്ന സങ്കല്പം മുൻനിർത്തി പരിശോധിക്കുമ്പോൾ വാല്മീകി രാമായണത്തിലെ രാമരാജ്യം പൂർണമായി ത്രൈവർണിക ബ്രാഹ്മണ പുരുഷ കേന്ദ്രിതമാണെന്ന് വായിക്കാം. ശൂദ്രന്മാർ എക്കാലവും പാദസേവ ചെയ്യുന്ന, ബ്രാഹ്മണന് സവിശേഷ അധികാരങ്ങളും അവകാശങ്ങളും ലഭിക്കുന്ന ബ്രാഹ്മണേതരരായ മുഴുവൻ മനുഷ്യരെയും ഹീനശരീരങ്ങളായി അവതരിപ്പിക്കുന്ന ഒന്നായിട്ടാണ് വാല്മീകി രാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തിൽ രാമരാജ്യ സങ്കല്പം അവതരിപ്പിക്കുന്നത്. ഈ രാമരാജ്യത്തിലാണ് ശംബുകൻ എന്ന ശൂദ്രൻ തപസ് ചെയ്തതിന് വധിക്കപ്പെട്ടത്. വാല്മീകി ഭാവന ചെയ്ത ആദർശ രാമരാജ്യം ബ്രാഹ്മണ ആൺകോയ്മയിലധിഷ്ഠിതമായ അസമത്വ ശ്രേണീകരണ വ്യവസ്ഥക്കനുസൃതമാണെന്നാണ് ഇത് തെളിയിക്കുന്നത്. വാല്മീകി രാമായണവും മനുഷ്യരായി ബ്രാഹ്മണരൊഴികെയുള്ള ആരെയും പരിഗണിച്ചിരുന്നില്ല. ദാനം നൽകുകയാണെങ്കിൽ അത് ബ്രാഹ്മണർക്ക് മാത്രമായിരിക്കണം എന്ന നിരവധി പ്രസ്താവനകൾ വാല്മീകി രാമായണത്തിൽ കാണാം. യാഗവേദിയിൽ ചണ്ഡാളൻ പ്രവേശിക്കുമ്പോൾ അശുദ്ധമാകുന്ന പോലെ രാവണൻ പ്രവേശിച്ചപ്പോൾ താൻ അശുദ്ധയായതായി വാല്മീകിയുടെ സീത പറയുന്നുണ്ട്. ജാതി കേന്ദ്രിതമായ ജീവിതക്രമത്തെയാണ് വാല്മീകി ആദർശാത്മകമായി സ്ഥാനപ്പെടുത്തുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

ഇന്ത്യയുടെ ആധുനികമായ പൗര രാഷ്ട്ര സങ്കല്പത്തെ ഏകശിലാ നിർമിതവും ഹിംസാത്മകവുമായ ചാതുർവർണ്യ ഹിന്ദുസങ്കല്പത്തിലേക്ക് ഉപനയിക്കുകയാണ് അഭിമാനി- സന്ദേഹി - വിരോധി - അജ്ഞാനി ഹിന്ദു സങ്കല്പങ്ങളിലൂടെ /Photo : Indiafacts.org
ഇന്ത്യയുടെ ആധുനികമായ പൗര രാഷ്ട്ര സങ്കല്പത്തെ ഏകശിലാ നിർമിതവും ഹിംസാത്മകവുമായ ചാതുർവർണ്യ ഹിന്ദുസങ്കല്പത്തിലേക്ക് ഉപനയിക്കുകയാണ് അഭിമാനി- സന്ദേഹി - വിരോധി - അജ്ഞാനി ഹിന്ദു സങ്കല്പങ്ങളിലൂടെ /Photo : Indiafacts.org

വാല്മീകി രാമായണം ഹിന്ദു ഗ്രന്ഥമാണെന്നും, വാല്മീകി വിവരിച്ച രാമരാജ്യം എല്ലാ ഹിന്ദുവിനെയും ഉൾക്കൊള്ളുന്നതാണെന്നും വാദിച്ചാൽ അത് ബ്രാഹ്മണനെ മാത്രം കേന്ദ്രീകരിച്ചുള്ളതും ബ്രാഹ്മണർ ഒഴികെയുള്ള മുഴുവൻ മനുഷ്യരെയും പുറന്തള്ളുന്നതുമാണെന്ന്, വായനയിൽ ബോധ്യപ്പെടും. ‘യുദ്ധകാണ്ഡ’ത്തിന്റെ ഫലശ്രുതിയിൽ രാമായണം വായിക്കേണ്ടത് ബ്രാഹ്മണരാണെന്ന വ്യക്തമായ പരാമർശവും വാല്മീകി രാമായണത്തിലുണ്ട്. ഏകശിലാ നിർമിതിയായ ഹിന്ദുസ്വത്വ രൂപീകരണത്തിന് വാല്മീകി രാമായണത്തെ ആശ്രയിക്കുമ്പോൾ അതിൽ ബ്രാഹ്മണൻ മാത്രമേ അവശേഷിക്കുകയുള്ളൂ. മറ്റു മുഴുവൻ മനുഷ്യരും ഈ വർണ ജാതി വ്യവസ്ഥക്ക് പുറത്താണ്. വാല്മീകി രാമായണം മുഴുവൻ കമ്പോടുകമ്പ് വായിച്ചാലും ഹിന്ദുവായി അതിൽ ആരെയും കണ്ടെത്താൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. കാരണം അവിടെ ഹിന്ദു എന്ന മതമില്ല, ജാതികളേയുള്ളൂ. ബ്രിട്ടീഷ് ഇന്ത്യയുടെ ദേശ രാഷ്ട്ര നിർമാണത്തിന്റെ സവിശേഷ ഘട്ടത്തിൽ വ്യത്യസ്തങ്ങളായ ജാതി വിഭാഗങ്ങളെ ഹിന്ദു എന്ന മത വിഭാഗത്തിന്റെ കുടക്കീഴിൽ അണിനിരത്തുകയായിരുന്നു. സത്യത്തിൽ, ഇന്ത്യയിൽ ഓരോ ജാതിയും ഓരോ മതമായിരുന്നു. ഇങ്ങനെ പല വഴികളിൽ വേർപിരിഞ്ഞ് പടർന്നു കിടന്ന ജാതി വിഭാഗങ്ങളെ ഹിന്ദുവായി സ്ഥാനപ്പെടുത്തുകയാണുണ്ടായത്.

സനാതന ധർമമെന്ന് വ്യവഹരിക്കുന്ന മതം കേവലം ജാതികളുടെ ശ്രേണീകരിക്കപ്പെട്ട പല അറകൾ മാത്രമാണന്നാണ് മനുസ്മൃതിയുടെ പാരായണം ബോധ്യപ്പെടുത്തുക. സ്ത്രീകളെ പുരുഷന്റെ ദാസിയായി മാത്രം കാണുന്ന ചാതുർവർണ്യ ക്രമം, അവരെ സവിശേഷ വ്യക്തിത്വമുള്ളവരായി പരിഗണിക്കുന്നേയില്ല.

മനുസ്മൃതി മുതലായ ധർമശാസ്ത്ര ഗ്രന്ഥങ്ങളാവട്ടെ ചാതുർവർണ്യ നിഷ്ഠമായ സാമൂഹ്യ വ്യവസ്ഥയാണ് ഉയർത്തിപ്പിടിക്കുന്നത്. ഇതിൽ ബ്രാഹ്മണൻ ഏറ്റവും മുകളിലും മറ്റ് വർണത്തിൽ പെട്ടവർ തൊട്ടു താഴെയായും സ്ഥാനപ്പെടുന്ന ശ്രേണീ വ്യവസ്ഥയാണ് രേഖപ്പെട്ടു കിടക്കുന്നത്. ഇവിടെയും ഹിന്ദു ഇല്ല. നാലു വർണങ്ങളും അനേകായിരം ജാതികളുമേയുള്ളൂ. വിവാഹത്തിനുതന്നെ സങ്കീർണ നിയമാവലികൾ അവതരിപ്പിക്കുന്ന മനു, ജാതി വ്യവസ്ഥയെയാണ് ഉയർത്തി പിടിക്കുന്നത്. സനാതന ധർമമെന്ന് വ്യവഹരിക്കുന്ന മതം കേവലം ജാതികളുടെ ശ്രേണീകരിക്കപ്പെട്ട പല അറകൾ മാത്രമാണന്നാണ് മനുസ്മൃതിയുടെ പാരായണം ബോധ്യപ്പെടുത്തുക. സ്ത്രീകളെ പുരുഷന്റെ ദാസിയായി മാത്രം കാണുന്ന ചാതുർവർണ്യ ക്രമം, അവരെ സവിശേഷ വ്യക്തിത്വമുള്ളവരായി പരിഗണിക്കുന്നേയില്ല. മനുസ്മൃതി അനുസരിച്ചാണ് ഹിന്ദു സ്വത്വം നിർണയിക്കുന്നതെങ്കിൽ അതിൽ ആദ്യം ബ്രാഹ്മണനും പിന്നീട് ത്രൈവർണിക പുരുഷന്മാരും മാത്രമേ ഉൾപ്പെടുകയുള്ളൂ. മറ്റ് മുഴുവൻ ജനവിഭാഗങ്ങളും ഈ വ്യവസ്ഥക്ക് പുറത്തായിരിക്കും. വാദത്തിന് ഇത് അംഗീകരിച്ചാൽ തന്നെയും മനുസ്മൃതി ജാത്യനുഷ്ഠാനങ്ങൾ വിവരിക്കുന്ന ഒരു ഗ്രന്ഥം എന്ന നിലക്ക് അത് ഒരു ഏകമതത്തിന്റെ ദർശനമല്ല, മറിച്ച് അത് ജാതിക്കൂട്ടങ്ങളെ പല അറകളായി തിരിച്ച് മേൽക്കീഴായി അണിനിരത്തുന്ന അസമത്വത്തിന്റെ ഗ്രന്ഥമാണെന്ന വസ്തുതയാണ് തെളിഞ്ഞു കിട്ടുക.

വാല്മീകി രാമായണം ഹിന്ദു ഗ്രന്ഥമാണെന്നും, വാല്മീകി വിവരിച്ച രാമരാജ്യം എല്ലാ ഹിന്ദുവിനെയും ഉൾക്കൊള്ളുന്നതാണെന്നും വാദിച്ചാൽ അത് ബ്രാഹ്മണനെ മാത്രം കേന്ദ്രീകരിച്ചുള്ളതും ബ്രാഹ്മണർ ഒഴികെയുള്ള മുഴുവൻ മനുഷ്യരെയും പുറന്തള്ളുന്നതുമാണെന്ന്, വായനയിൽ ബോധ്യപ്പെടും / Photo : Velivada.com
വാല്മീകി രാമായണം ഹിന്ദു ഗ്രന്ഥമാണെന്നും, വാല്മീകി വിവരിച്ച രാമരാജ്യം എല്ലാ ഹിന്ദുവിനെയും ഉൾക്കൊള്ളുന്നതാണെന്നും വാദിച്ചാൽ അത് ബ്രാഹ്മണനെ മാത്രം കേന്ദ്രീകരിച്ചുള്ളതും ബ്രാഹ്മണർ ഒഴികെയുള്ള മുഴുവൻ മനുഷ്യരെയും പുറന്തള്ളുന്നതുമാണെന്ന്, വായനയിൽ ബോധ്യപ്പെടും / Photo : Velivada.com

അസമത്വങ്ങളുടെ ഹിന്ദു സ്വത്വം

മനുസ്മൃതിക്കുമുൻപ് രചിക്കപ്പെട്ട ധർമസൂത്രങ്ങളാവട്ടെ മനുവിനേക്കാളും കഠിനഹൃദയരാണ് രചിച്ചതെന്ന് പരിശോധിച്ചാൽ അറിയാം. അതിഥിയായി ഒരു ബ്രാഹ്മണനെ മാത്രമേ ധർമസൂത്രങ്ങൾ പരിഗണിക്കുന്നുള്ളൂ. ഒരു ശൂദ്രൻ ബ്രാഹ്മണ സ്ത്രീയെ പ്രാപിച്ചാൽ ശൂദ്രനെ തീയിലെറിയുകയും ബ്രാഹ്മണ സ്ത്രീയെ തലമുണ്ഡനം ചെയ്ത് ശരീരത്തിൽ നെയ്യും ചെളിയും പുരട്ടി നഗ്‌നയാക്കി നഗരപ്രദക്ഷിണം ചെയ്യിക്കണമെന്നുമാണ് ആപസ്തംബ ധർമസൂത്രം വിധിക്കുന്നത്. ചണ്ഡാളനെ കണ്ടാൽ കുളിക്കണമെന്ന് വിധിയുള്ള ധർമസൂത്രങ്ങളിൽ തെളിയുന്നത് ക്രൂരമായ ജാതിയുടെ മതമാണ്. കൗടില്യന്റ അർത്ഥശാസ്ത്രത്തിൽ ചണ്ഡാളരെ ഗ്രാമത്തിൽ പ്രവേശിപ്പിക്കാൻ പാടില്ല എന്നാണ് വിധിക്കുന്നത്. മനുവാകട്ടെ ചണ്ഡാളർക്ക് പൊട്ടിയ പാത്രത്തിലേ ഭക്ഷണം നൽകാവൂ എന്നും വിധിക്കുന്നു. ഇതെല്ലാം സ്പഷ്ടമാക്കുന്നത് ഹിന്ദു എന്ന ഒരു ഏക മതം നിലനിന്നിരുന്നില്ല എന്നും ജാതിക്കൂട്ടങ്ങൾ മാത്രമാണ് ചരിത്രത്തിൽ പല അറകളായി മേൽക്കീഴായി വ്യവസ്ഥ ചെയ്യപ്പെട്ടത്​ എന്നുമാണ്. ഇങ്ങനെ ശ്രേണീകരിക്കപ്പെട്ട, അസമത്വത്തിന് അടിപ്പെട്ട ജാതിക്കൂട്ടങ്ങളാണ് കൊളോണിയൽ വാഴ്ചാക്രമത്തിൽ ഹിന്ദുവായി രൂപം ധരിപ്പിക്കപ്പെട്ടത്. എന്നാൽ എല്ലാവർക്കും ബാധകമായതും ഏകീകരിക്കപ്പെട്ടതും തുല്യമായതുമായ ജീവിത വ്യവസ്ഥയോ അനുഷ്ഠാന ക്രമമോ സമുദായ ഭാവനയോ ഈ ഹിന്ദു സ്വത്വത്തിന് അവകാശപ്പെടാൻ ഉണ്ടായിരുന്നുമില്ല. അത് അസമത്വങ്ങളുടെ ഒരു ഭണ്ഡാകാരമായി ഇന്നും തുടരുന്നു.

പ്രത്യേകമായ ഒരു നാമമില്ലാതെ, ഒരു വ്യവസ്ഥിത സമ്പ്രദായമില്ലാതെ, ഒത്തു കൂടിയ ജാതികളുടെയും മതങ്ങളുടെയും ആശയങ്ങളുടെയും ചട്ടങ്ങളുടെയും ചടങ്ങുകളുടെയും കൂട്ടമായ ഒന്നിനെ ഏകമതമായി അവതരിപ്പിക്കുന്നത് ചരിത്രപരമായ വൈരുദ്ധ്യമാണ്.

സംസ്‌കൃതത്തിലുള്ള ‘സ 'കാരമെല്ലാം പ്രാചീന പേഴ്‌സ്യൻ ഭാഷയിൽ ‘ഹ'കാരമായി മാറിയതായും, അങ്ങനെ സിന്ധു ഹിന്ദുവായി എന്നും സ്വാമി വിവേകാനന്ദൻ തന്നെ പറയുന്നുണ്ട്. ‘സിന്ധുവിന്റെ ഇക്കരെ പാർക്കുന്നവർ’ എന്ന അർത്ഥത്തിൽ ഹിന്ദു എന്ന പദം മുഹമ്മദീയർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ, ബൗദ്ധർ, ജൈനർ എന്നിവരെയെല്ലാം ഉൾക്കൊള്ളേണ്ടതാണെങ്കിലും ഇവരെയൊക്കെ ഹിന്ദുക്കൾ എന്ന് വിളിക്കുന്നത് ശരിയല്ല എന്നായിരുന്നു വിവേകാനന്ദന്റെ അഭിപ്രായം (വിവേകാനന്ദ സാഹിത്യ സർവസ്വം, ഭാഗം 3, പുറം. 120). ‘ഹിന്ദു മതം എന്നൊരു മതമേ ഇല്ലല്ലോ ' എന്നായിരുന്നു നാരായണ ഗുരു സുചിന്തിതമായി വ്യക്തമാക്കിയത്. പ്രത്യേകമായ ഒരു നാമമില്ലാതെ, ഒരു വ്യവസ്ഥിത സമ്പ്രദായമില്ലാതെ, ഒരു സംഘടനയില്ലാതെ, ഒത്തു കൂടിയ ജാതികളുടെയും മതങ്ങളുടെയും ആശയങ്ങളുടെയും ചട്ടങ്ങളുടെയും ചടങ്ങുകളുടെയും കൂട്ടമായ ഒന്നിനെ ഏകമതമായി അവതരിപ്പിക്കുന്നത് ചരിത്രപരമായ വലിയ വൈരുദ്ധ്യമാണ്.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments