ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള ജനതാപരിവാർ കക്ഷികളുടെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെട്ട നിരവധി സന്ദർഭങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായിട്ടുണ്ട്. നിതീഷ്‍കുമാർ ബീഹാറിലെ മഹാഗഡ്ബന്ധൻ എന്ന മതേതരമുന്നണി വിട്ട് സംഘപരിവാർ പക്ഷത്തേക്ക് ഇപ്പോൾ വീണ്ടും നീങ്ങുമ്പോൾ അത്തരം ചോദ്യങ്ങൾ ഒരിക്കൽകൂടി ഉയർന്നുവരുന്നു.
ഗാന്ധിജിയുടേയും രാം മനോഹർ ലോഹ്യയുടേയും ജയപ്രകാശ് നാരായണന്റേയും ജനാധിപത്യ ആശയങ്ങളും ധാർമികതയുമാണ് തങ്ങൾ പിൻപറ്റുന്നത് എന്നാണ് ജനതാദൾ കുടുംബത്തിലെ പാർട്ടികൾ ജനങ്ങളോട് പറയാറുള്ളത്. പ്രത്യേകിച്ചും ആ കടുംബത്തിലെ സോഷ്യലിസ്റ്റ് കക്ഷിക്കാർ. എന്നാൽ ഹിന്ദുത്വ ഫാഷിസത്തിന്റെ അടിത്തറ വിശകലനം ചെയ്യാനോ അതിനെ ചെറുക്കാനുള്ള രാഷ്ട്രീയം മുന്നോട്ടുവെക്കാനോ ആ പാർട്ടികൾക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോൾ വീണ്ടും അതിലൊരു രാഷ്ട്രീയകക്ഷി രാജ്യത്തെ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ ഹിന്ദുരാഷ്ട്രനിർമിതിയുടെ അടുത്തെത്തിയിരിക്കുന്ന നിർണ്ണായകഘട്ടത്തിൽ നിർലജ്ജം ഒറ്റുകാരുടെ റോളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
നിതീഷ്‍കുമാറും ജെ ഡി യു കക്ഷിയും കൂറുമാറിയ ഈ സന്ദർഭം വളരെ പ്രധാനമാണ്. മറ്റൊരു സന്ദർഭത്തിലെ മുന്നണിമാറ്റവുമായി ഇതിനെ സമീകരിക്കാൻ കഴിയില്ല. സംഘപരിവാർ ഫാഷിസ്റ്റ് ഭരണത്തെ താഴെയിറക്കാനും ഇന്ത്യ എന്ന ജനാധിപത്യ മതേതര ഭരണഘടനയുള്ള രാഷ്ട്രത്തെ സംരക്ഷിക്കാനും മതേതരജനാധിപത്യ ശക്തികൾ ശ്രമിക്കുന്നൊരു നിർണ്ണായക അവസരത്തിലാണ് ഈ ഒറ്റുകൊടുക്കൽ നടന്നിട്ടുള്ളത്. തന്റേയും തന്റെ പാർട്ടിയുടേയും രാഷ്ട്രീയലാഭത്തിന് ഏത് പാളയത്തിലേക്കും നിഷ്‍പ്രയാസം പോകാൻ കഴിയുന്ന നേതാവായി നിതീഷ്‍കുമാർ മാറി എന്നത് ജനതാപരിവാർ രാഷ്ട്രീയത്തിന്റെ ജീനിൽ നിഹിതമായ വലതുപക്ഷാഭിമുഖ്യം മനസ്സിലാക്കിയവരെ സംബന്ധിച്ച് അത്ഭുതം ഉളവാക്കുന്ന കാര്യമല്ല.
ചെറിയ കാലഘട്ടത്തിലേക്കാണെങ്കിൽ പോലും കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും സംഘപരിവാറിന് അധികാരത്തിലെത്താനായത് പലപ്പോഴും ജനതാകക്ഷികളുടെ സഹായത്താലായിരുന്നു.
1991- ൽ വി.പി. സിംഗ് മന്ത്രിസഭ രാജിവച്ചപ്പോൾ അതുവരെ ശത്രുപാളയത്തിലായിരുന്ന കോൺഗ്രസിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാൻ ചന്ദ്രശേഖറിനൊപ്പമുണ്ടായിരുന്നത് അന്നത്തെ ജനതാദൾ നേതാക്കളിൽ ഒരാൾ നിതീഷ്‍കുമാർ ആയിരുന്നു. പിന്നാക്ക സമുദായ സംവരണം നടപ്പാക്കിയ വി.പി. സിംഗിനെ വഞ്ചിച്ച് താഴെയിറക്കിയവരിൽ ലോഹ്യയിസ്റ്റുകൾ എന്നറിയപ്പെടുന്ന ഇവരൊക്കെയുണ്ടായിരുന്നു എന്നത് ചരിത്രമാണ്.
ആർ എസ് എസിന്റെ നേതൃത്വത്തിൽ ഒരു നൂറ്റാണ്ടോളം കാലമായി നടപ്പാക്കിവരുന്ന സംഘപരിവാറിന്റെ അധികാരാരോഹണത്തിനുള്ള ദീർഘകാല സ്ട്രാറ്റജിയിൽ ഉപകരണമാക്കപ്പെടാൻ പല തവണ നിന്നുകൊടുത്തിട്ടുണ്ട് ജനതാപരിവാറിലെ പല കക്ഷികളും. ചെറിയ കാലഘട്ടത്തിലേക്കാണെങ്കിൽ പോലും കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും സംഘപരിവാറിന് അധികാരത്തിലെത്താനായത് പലപ്പോഴും ജനതാകക്ഷികളുടെ സഹായത്താലായിരുന്നു. ഈ കക്ഷികളുടെ കോൺഗ്രസ് വിരോധത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു അത്തരം സർക്കാരുകൾ രൂപീകരിക്കപ്പെട്ടത്. അടിയന്തരാവസ്ഥയ്ക്കു ശേഷം, 1977- ൽ നിലവിൽവന്ന ജനതാപാർട്ടി സർക്കാർ മുതൽ സംഘപരിവാറിന് ഇത്തരം സർക്കാരുകളെ വിവിധ സമയങ്ങളിൽ അധികാരത്തിലേറ്റാൻ കഴിഞ്ഞു. രാജ്യത്ത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ആത്യന്തികലക്ഷ്യത്തിലേക്കുള്ള പാതയിൽ സംഘപരിവാറിന് ഈ സർക്കാറുകളോരോന്നും നിർണ്ണായകമായ പടികളായി മാറി. അത്തരം സർക്കാറുകളുടെ രൂപീകരണത്തിനു വേണ്ടി പരമാവധി വിട്ടുവീഴ്ചകൾ ചെയ്യാൻ അവർ തയ്യാറായി. ഇപ്പോഴും അത് തുടരുന്നു.
സംഘപരിവാറിന്റെ രാഷ്ട്രീയത്തെ ശക്തിയായി എതിർക്കുന്ന ഇടതുപക്ഷത്തിനുപോലും പല സന്ദർഭങ്ങളിലും ജനതാകക്ഷികളുടെ പുരോഗമനവിരുദ്ധതയേയും അവരുടെ ഉള്ളിലുള്ള വലതുപക്ഷസ്വഭാവത്തേയും വിലയിരുത്താൻ കഴിയാതെ വന്നിട്ടുണ്ട്. 'ഇൻഡ്യ' മുന്നണിയുടെ പ്രധാനമന്ത്രി ആരെന്ന ചർച്ചയുടെ ഘട്ടത്തിൽ നിതീഷികുമാറിന്റെ പേരാണ് സീതാറാം യെച്ചൂരിയുടെ മനസ്സിലുണ്ടായിരുന്നത് എന്നത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്കുമുമ്പുവരെ ബി ജെ പിയോടൊത്തു ഭരണം കൈയാളുകയും അനവധി തവണ ചാഞ്ചാട്ടങ്ങൾ പ്രകടിപ്പിക്കുകയും കൂറുമാറ്റങ്ങൾ നടത്തുകയും ചെയ്ത ഒരു നേതാവിനേയും പാർട്ടിയേയും രാഷ്ട്രത്തിലെ ഏറ്റവും ഉന്നത പദവിയിലേക്ക് നിർദ്ദേശിക്കാൻ ഇടതുപക്ഷത്തിന് തോന്നിയെതെന്തുകൊണ്ടായിരിക്കും എന്നത് ഭാവിയിൽ വിലയിരുത്തപ്പെടും.
ഇന്നിപ്പോൾ മതേതരവാദികൾ വിദ്യാഭ്യാസരംഗമുൾപ്പെടെ കാവിവൽക്കരിക്കുന്നതിനെ എതിർത്തു സംസാരിക്കുകയും പ്രക്ഷോഭങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ആദ്യ കോൺഗ്രസ് ഇതര മന്ത്രിസഭയുടെ കാലത്ത് തന്നെ കാവിവൽക്കരണം തുടങ്ങിയിരുന്നു.
1977- ലെ ജനതാപാർട്ടി ഭരണത്തിന്റെ കാലയളവിലാണ് ഹിന്ദുത്വശക്തികൾക്ക് തങ്ങളുടെ പതിറ്റാണ്ടുകളായുള്ള ശ്രമങ്ങൾക്ക് ചെറിയ തോതിൽ രാഷ്ട്രത്തിന്റെ പാർലമെന്ററി വേദിയിൽ വിജയം നേടാനായതും ഭരണത്തിൽ പങ്കാളിത്തം ലഭിച്ചതും. രണ്ട് ക്യാബിനറ്റ് മന്ത്രിമാരിലൂടെ കാവിവൽക്കരണ ശ്രമങ്ങൾ നേരിട്ട് സർക്കാർ തലത്തിൽ തന്നെ ആരംഭിക്കാനുള്ള അവസരമായിരുന്നു അവർക്ക് അതുവഴി കൈവന്നത്. ഭാരതീയ ലോക്‍ദളിനും സോഷ്യലിസ്റ്റ് പാർട്ടിക്കും സംഘടനാ കോൺഗ്രസിനും ഒപ്പം ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള വേദി എന്ന നിലയിൽ ജനതാപാർട്ടി എന്ന ഏകീകൃത രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള ശ്രമം സംഘപരിവാറിന്റെ ഭാഗത്തുനിന്നുള്ള സമർത്ഥമായ നീക്കമായിരുന്നു. ആ പരിക്ഷണം പൂർണവിജയമാകാതെ അവസാനിച്ചെങ്കിലും വലിയ പാഠങ്ങളും ആത്മവിശ്വാസവും അത് സംഘപരിവാറിന് നൽകി. അതിൽനിന്ന് ലഭിച്ച പാഠങ്ങൾ ഉൾക്കൊണ്ടാണ് അതിനുശേഷം സംഘപരിവാർ പുതുതന്ത്രങ്ങൾ ആവിഷ്കരിച്ചത്. ഭാരതീയ ജനസംഘം എന്ന പാർട്ടിപേര് ഉപേക്ഷിച്ച് ജനതാപാർട്ടിയുടെ പൈതൃകം ഉൾക്കൊള്ളുന്നു എന്ന് ഇന്ത്യൻ ജനതയ്ക്ക് സന്ദേശം കൊടുക്കത്തക്കവിധത്തിൽ അതിനൊപ്പം ഭാരതീയ എന്ന വാക്ക് കൂടി ചേർത്ത് അവർ ഭാരതീയ ജനതാപാർട്ടി രൂപീകരിച്ചു. ഏകാത്മക മാനവവാദം (Integral Humanism) എന്ന ദർശനത്തിനുള്ളിൽ ഹിന്ദുത്വ ഐഡിയോളജി കൂടുതൽ സമർത്ഥമായ രീതിയിൽ ഗോപ്യമാക്കി ജനങ്ങളിലേക്കിറങ്ങുന്ന ഒരു തന്ത്രമായിരുന്നു അത്.
ഇന്നിപ്പോൾ മതേതരവാദികൾ വിദ്യാഭ്യാസരംഗമുൾപ്പെടെ കാവിവൽക്കരിക്കുന്നതിനെ എതിർത്തു സംസാരിക്കുകയും പ്രക്ഷോഭങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ആദ്യ കോൺഗ്രസ് ഇതര മന്ത്രിസഭയുടെ കാലത്ത് തന്നെ കാവിവൽക്കരണം തുടങ്ങിയിരുന്നു. 1977-79 കാലഘട്ടത്തിൽ ജനതാപാർട്ടി അധികാരത്തിലിരുന്ന അവസരത്തിലാണ് എൻ സി ഇ ആർ ടി ചരിത്രപുസ്തകങ്ങൾ തയ്യാറാക്കുന്നതിൽ നിന്ന് പ്രശസ്ത ചരിത്രമെഴുത്തുകാരായ റൊമില ഥാപ്പർ, ബിപൻ ചന്ദ്ര, സതീഷ് ചന്ദ്ര, ആർ. ശർമ, അർജുൻദേവ് എന്നിവരെ ഒഴിവാക്കണമെന്ന് സർക്കാരിലുള്ള സ്വാധീനം വച്ച് സംഘപരിവാർ ശക്തികൾ ആവശ്യപ്പെട്ടത്. മാധ്യമങ്ങളും അക്കാദമിക് ലോകവും ശക്തമായി എതിർത്തതുകൊണ്ട് അന്ന് ആ ശ്രമം വിജയിച്ചില്ല എന്നു മാത്രം.
പിന്നീട് 1999- ലെ വാജ്പേയി മന്ത്രിസഭയുടെ കാലത്ത് ആ ശ്രമം വിജയത്തിലെത്തിക്കാൻ അവർക്ക് കഴിഞ്ഞു. ഇത് കാണിക്കുന്നത്, ജനതാപരിവാറിന്റെ മറവിൽ ഒളിഞ്ഞിരുന്ന് സംഘപരിവാറിന് കടന്നുവരാനും ശക്തിയാർജിക്കാനും കഴിഞ്ഞു എന്നതാണ്. ഇത്തരം കടന്നുവരവുകളെ തടയാനുള്ള പരോഗമനപരമായ ആശയങ്ങൾ ജനതാപരിവാർ സംഘടനകൾക്കില്ല എന്നതാണ് വാസ്തവം. ജനതാ പരീക്ഷണകാലത്ത് ഏറ്റവും ബദ്ധശ്രദ്ധരായി തങ്ങളുടെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞത് സംഘപരിവാറിന് തന്നെയാണ് എന്നാണിത് കാണിക്കുന്നത്.
കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിൽ മെയ്‍വഴക്കത്തോടെ ഇടപെട്ട് ബന്ധുക്കളെ കണ്ടെത്തി സഖ്യങ്ങൾ പണിതുയർത്താൻ സംഘ്പരിവാറിന് തുണയായത് ജനതാപാർട്ടി പിരിഞ്ഞുണ്ടായ വിവിധ കക്ഷികളും സംഘങ്ങളും വ്യക്തികളും ആയിരുന്നു.
അടിയന്താവസ്ഥക്കെതിരായി വിശാല സഖ്യവും പാർട്ടിയുമെല്ലാം സ്ഥാപിക്കാൻ അത്യുത്സാഹം കാണിച്ച ജനത / സോഷ്യലിസ്റ്റ് കക്ഷികൾക്കൊന്നിനും ഇന്ത്യ ഹിന്ദുത്വ ഫാഷിസ്റ്റ് തുടർഭരണത്തിലേക്ക് നീങ്ങുന്നു എന്ന ഭീഷണി നിലനിൽക്കുന്ന ഇന്ന് ക്രിയാത്മകമായി പ്രതികരിക്കാനോ മുന്നണികൾ കെട്ടിപ്പെടുക്കാനോ ജനങ്ങളെ അണിനിരത്താനോ കഴിയുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് പ്രതിരോധത്തിന്റെ സോഷ്യലിസ്റ്റ് മുഖമായിരുന്ന ജോർജ് ഫെർണാണ്ടസിനെ പിന്നീട് കാലം പിന്നിട്ടപ്പോൾ നാം കണ്ടത് സംഘപരിവാർ താവളത്തിലാണ്. കോൺഗ്രസ് നേതാക്കൾ സംഘപരിവാരത്തിലേക്ക് കൂടുമാറുന്നത് മുഖ്യമായും വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയും വ്യക്തിപരമായുള്ള മൃദുഹിന്ദുത്വാഭിമുഖ്യം മൂലവും ആയിരിക്കുമ്പോൾ ഇത്തരം കക്ഷികൾ പാർട്ടി എന്ന നിലയ്ക്കുതന്നെ സംഘപരിവാർ പാളയത്തിലേക്ക് പോകുന്നത് നേതാക്കളുടെ രാഷ്ട്രീയനേട്ടം എന്നതിലുപരി സംഘപരിവാർ ആശയങ്ങളുമായി പങ്കുവെക്കാൻ കഴിയുന്ന പൊതുസ്ഥലികൾ അവർക്കിടയിൽ ഉണ്ടെന്നുള്ളതുകൊണ്ടുകൂടിയാണ്. അതുകൊണ്ടാണ് ജനതാപാർട്ടിയിൽ ലയിച്ച ഭാരതീയ ജനസംഘം ജനതാപാർട്ടിയെ 'ഭാരതീയത' ചേർത്ത് മുന്നോട്ടുകൊണ്ടു പോകാൻ ആത്മവിശ്വാസത്തോടെ ശ്രമിച്ചത്.
ഇന്ത്യൻ രാഷ്ട്രീയ ചക്രവാളത്തിലെ നെടുനായകത്വത്തിലേക്ക് സംഘപരിവാർ കാലെടുത്തുവച്ചത് 1977-79ലെ ആദ്യ കോൺഗ്രസിതര സർക്കാറിന്റെ കാലത്തുതന്നെ ആയിരുന്നു. 15 വർഷങ്ങൾക്കുശേഷം ഒരു കോൺഗ്രസ് സർക്കാറിന്റെ കാലത്തുതന്നെ ബാബറി മസ്ജിദ് തകർക്കാനുള്ള കരുത്ത് സംഘപരിവാർ ആർജിച്ചു. ആ പതിനഞ്ച് വർഷങ്ങൾ ഇന്ത്യയിലെ ഹിന്ദുത്വ വലതുപക്ഷം ശ്രമിച്ചത് കോൺഗ്രസിന് വെല്ലുവിളി ഉയർത്തുന്ന ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി തീരാനായിരുന്നു. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിൽ മെയ്‍വഴക്കത്തോടെ ഇടപെട്ട് ബന്ധുക്കളെ കണ്ടെത്തി സഖ്യങ്ങൾ പണിതുയർത്തിയാണ് അവരിത് സാധിച്ചത്. അതിലവർക്ക് തുണയായത് ജനതാപാർട്ടി പിരിഞ്ഞുണ്ടായ വിവിധ കക്ഷികളും സംഘങ്ങളും വ്യക്തികളും ആയിരുന്നു. അതിന്റെ ഫലമായി 1980- ലെ രണ്ട് സീറ്റിൽ നിന്ന് 1989- ലെ 85 സീറ്റിലേക്ക് വളർന്നതിനുശേഷമാണ് രാമക്ഷേത്രനിർമാണം എന്ന അജണ്ട സംഘപരിവാർ സജീവമാക്കുന്നത്.
ജനതാപാർട്ടി കുടുംബത്തിൽ മതേതരത്വത്തോട് പ്രതിബദ്ധത പുലർത്തുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. അത് കാണാതിരുന്നുകൂടാ. ഇന്ന് രാഷ്ട്രീയ ജനതാദൾ ആണ് ആ പാരമ്പര്യം നിലനിർത്തുന്ന പാർട്ടി. അദ്വാനിയുടെ രാമക്ഷേത്ര രഥയാത്രയെ ബീഹാറിൽ തടയാനുള്ള ധൈര്യം കാണിച്ചു ആ പാർട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ്. കോൺഗ്രസ് വിരോധത്താൽ മാത്രം നിലനിൽക്കുന്ന അധികാരമോഹികളായ മറ്റു വിഭാഗങ്ങൾക്ക് അതിനുള്ള നിലപാട് അന്നും ഇന്നും ഇല്ല. ആ വിഭാഗത്തെ നേടിയെടുക്കാൻ എന്നും ബി ജെ പി കരുക്കൾ നീക്കിയിട്ടുണ്ട്. പടിവാതിൽക്കലെത്തിയ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബീഹാറിൽ സംഘപരിവാർ അപകടം മണത്തപ്പോൾ സ്വാഭാവികമായും സംഘപരിവാർ ദാസ്യത്തിന് മുമ്പ് തയ്യാറായ വിഭാഗത്തെ ഓർത്തു. എപ്പോഴുമെന്നപോലെ ഇപ്പോഴും കരുവാക്കപ്പെടാൻ നിന്നുകൊടുക്കുന്നതിന് നിതീഷ്കുമാർ തയ്യാറായിരുന്നു. ജനതാപാർട്ടി പാരമ്പര്യമില്ലാത്ത, കോൺഗ്രസിൽ നിന്നുവന്ന വി.പി. സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക്, ബദ്ധവൈരികളെന്ന് കരുതപ്പെടുന്ന ഇടതുപക്ഷം അതിനെ പിന്തുണച്ചിട്ടുപോലും ബി ജെ പി 1989- ൽ പിന്തുണ കൊടുത്തു എന്നത് അർത്ഥവത്താണ്. വി. പി. സിംഗ് തങ്ങളുടെ ബന്ധുക്കളടങ്ങുന്ന ജനതാദളിലായിരുന്നു അപ്പോൾ എന്നതാണ് അതിന് കാരണമായി വിലയിരുത്താനാവുക.
വലതുപക്ഷ അജണ്ടകളോട് കണക്കുതീർത്ത്, സന്ധി ചെയ്യാതെ സ്ഥൈര്യത്തോടെ പൊരുതാനുള്ള ഒരാശയ പശ്ചാത്തലവും ഇല്ലാത്ത നേതാവാണ് നിതീഷ്‍കുമാർ എന്ന് മുൻകാല ചെയ്തികളുടെ അടിസ്ഥാനത്തിൽ നിഗമനത്തിൽ എത്താവുന്നതേയുണ്ടായിരുന്നുള്ളൂ ഇടതുപക്ഷത്തുള്ളവർക്കെങ്കിലും.
തൊണ്ണൂറുകളിൽ പല ഗ്രൂപ്പുകളായും പാർട്ടികളായും പിരിഞ്ഞ ജനതാദൾ വീണ്ടും ഒരു കൂട്ടായ്മയായോ അല്ലാതെയോ സംഘപരിവാർ വിരുദ്ധ മുന്നേറ്റത്തിന്റെ ചാലകശക്തിയാകും എന്നു നിരീക്ഷിച്ചവരുണ്ട്. മോദിക്കെതിരെയുള്ള ഏറ്റവും ഉചിതമായ പ്രധാനമന്ത്രി സ്ഥാനാർത്ഥി നിതീഷ്‍കുമാർ ആവുന്നതാകും നല്ലത് എന്നാണ് അത്തരം നിരീക്ഷകർ കരുതിയിട്ടുണ്ടാവുക. ജനതാദൾ യു, ജനതദൾ എസ്, സമാജ്‍വാദി പാർട്ടി, ഐ എൻ എൽ ഡി, രാഷ്ട്രീയ ജനതാദൾ, ആർ എൽ ഡി തുടങ്ങിയ ജനതാപാർട്ടി/ദൾ പൊതുപശ്ചാത്തലമുള്ള പാർട്ടികളെ സംഘപരിവാർ ഫാഷിസത്തിനെതിരെ ഏകോപിച്ചണിനിരത്താൻ നിതീഷ്‍കുമാർ നേതൃത്വം നൽകും എന്നാണ് അത്തരക്കാർ പ്രതീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ വലതുപക്ഷ അജണ്ടകളോട് കണക്കു തീർത്ത്, സന്ധി ചെയ്യാതെ സ്ഥൈര്യത്തോടെ പൊരുതാനുള്ള ഒരാശയ പശ്ചാത്തലവും ഇല്ലാത്ത നേതാവാണ് നിതീഷ്‍കുമാർ എന്ന് മുൻകാല ചെയ്തികളുടെ അടിസ്ഥാനത്തിൽ നിഗമനത്തിൽ എത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ ഇടതുപക്ഷത്തുള്ളവർക്കെങ്കിലും.
നിതീഷ്‍കുമാറിന്റെ സ്വാഭാവിക സഖ്യമുന്നണി എൻ ഡി എ ആണ് എന്ന് അദ്ദേഹത്തെ വീണ്ടും മുന്നണിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബി ജെ പി അധ്യക്ഷൻ ജെ.പി. നഡ്ഡ രണ്ടുദിവസം മുമ്പ് പറഞ്ഞത് അർത്ഥവത്താണ്. ജനതാദളിന്റെ രാഷ്ട്രീയജീനുകളെക്കുറിച്ചുള്ള സംഘപരിവാറിന്റെ വിലയിരുത്തൽ കൃത്യമാണ്. ഇന്ത്യയുടെ ജാതിശ്രേണീകൃത സാമൂഹ്യസ്ഥിതിയെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞുള്ള സോഷ്യലിസ്റ്റ് കാര്യപരിപാടി ഉണ്ടെന്ന് തോന്നിച്ച ലോഹ്യയുടെ രാഷ്ട്രീയത്തിൽ പോലും സംഘപരിവാറിനാൽ ഉപയോഗപ്പെടുത്തപ്പെടാനുള്ള എന്തോ ഒന്ന് ഉൾച്ചേർന്നിരുന്നു എന്നു വേണം കരുതാൻ. നെഹ്റുവിന്റെ മതേതര രാഷട്രീയ ആശയാവലികളെക്കാൾ വികസിതമായ ഒരു രാഷ്ട്രീയദർശനം മുന്നോട്ടുവെക്കാൻ പ്രായോഗികമായി അതിന് കഴിഞ്ഞില്ല എന്നത് അതാണ് സൂചിപ്പിക്കുന്നത്. നിതീഷ്‍കുമാറിനെപ്പോലെ ലോഹ്യയുടെ രാഷ്ട്രീയം പിൻപറ്റുന്നവരെന്ന് അവകാശപ്പെടുന്ന ഏറെപ്പേർ സംഘപരിവാർ ക്യാമ്പിലേക്ക് പോയതിനും ഇപ്പോഴും പോകുന്നതിനും ഈ അഭാവം ഒരു കാരണമാണെന്ന് നിരീക്ഷിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.