മോദി മുതൽ വി. മുരളീധരൻ വരെ: ഫാസിസത്തോടുള്ള ഉദാരമായ ചില പൊരുത്തപ്പെടലുകൾ

ഭരണഘടനാ സ്ഥാപനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങൾ ഉൾപ്പെടുന്ന സിവിൽ സമൂഹവും കാണിക്കുന്ന 'ലിബറൽ ടോളറൻസിന്റെ' ഉദാരമായ പിന്തുണയോടെയാണ് ഫാസിസം പിടിമുറുക്കുന്നത്. അതിന്റെ ഉദാഹരണങ്ങളാണ് കോവിഡ് കാലത്തും ചുറ്റും കാണുന്നത്.

ഫാസിസത്തെക്കുറിച്ചും അത് വരുന്നുവെന്നതിന്റെ സൂചനകൾ ഏങ്ങനെയൊക്കെയാണ് പ്രയോഗിക്കപ്പെടുകയെന്നതിനെയും കുറിച്ചുള്ള എന്തെല്ലാം കഥകൾ നമ്മൾ കേട്ടിരിക്കുന്നു. ഇഷ്ടമല്ലാത്തതെന്തിനെയും വിൽക്കാനുള്ള ഏറ്റവും പ്രഹരശേഷിയുള്ള തെറിയായാണ് ഫാസിസം എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. കുഞ്ഞുകുഞ്ഞു രാഷ്ട്രീയ തർക്കങ്ങളിലെ എതിരാളികളെ അപഹസിക്കാൻ പോലും ഫാസിസം എന്ന വാക്ക് യഥേഷ്ടം ഉപയോഗിക്കപ്പെട്ടു. അതിനിടയിൽ ഫാസിസത്തിന്റെ ഇക്കാലത്തെ ലക്ഷണമൊത്ത മോഡൽ ഭരണകൂടത്തിലെ പ്രജകളായി നമ്മൾ മാറ്റപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.

അതോടൊപ്പം മുസോളിനി തന്നെ ഫാസിസത്തിന് നൽകിയ നിർവചനവും ഇടയ്ക്കൊക്കെ ഈ നാട്ടിൽ പ്രയോഗിക്കപ്പെട്ടു. എങ്കിലും ഒരു സന്ദേഹമുണ്ടായിരുന്നു. ജനാധിപത്യപരമായി അഞ്ചു വർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന ഒരു രാജ്യത്തെ ക്രമവുമായി ഫാസിസവുമായി ബന്ധപ്പെട്ട നിർവചനങ്ങൾ പൊരുത്തപ്പെടുന്നില്ലല്ലോ എന്ന്. ഇപ്പോഴും ആ സന്ദേഹം പൂർണമായി മാറിയിട്ടില്ല. ബാക്കിയെല്ലാ ആശയങ്ങളുടെ പ്രയോഗത്തിനും കാലികമായ മാറ്റമുണ്ടാകുന്നത് പോലെ ഫാസിസ്​റ്റ്​ നൃശംസതയും പുതിയ കോലത്തിൽ വരുമെന്ന കാര്യത്തിന് ചില സന്ദേഹികൾ പ്രാധാന്യം നൽകിയില്ല. അതല്ലാത്ത ചിലർ അഞ്ച് വർഷം കൂടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പെന്ന ഗേറ്റ് കീപ്പറെ കടന്ന് ഇങ്ങോട്ട് ഒരു ഫാസിസവും വരില്ലെന്ന് ജനാധിപത്യത്തിനുവേണ്ടി ആവേശം കൊണ്ടു. ആ ആലസ്യത്തിലായിരുന്നു കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളിൽ ഒരു ശരാശരി രാഷ്ട്രീയ ഇന്ത്യക്കാരന്റെ രാഷ്ട്രീയ ജീവിതം.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അതീജീവന ശേഷിയെക്കുറിച്ചുള്ള കൽപിത കഥകളായിരുന്നു അവരുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ. അടിയന്തരവസ്ഥയും സിഖ് കൂട്ടക്കൊലയും ബാബറി പള്ളി പൊളിച്ചതും ഗുജാറത്തിലെ മുസ്‌ലിം വംശഹത്യയുമെല്ലാം അപവാദങ്ങളായി മാത്രം കരുതി ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്യന്തിക നന്മയിൽ വിശ്വസിച്ചു. ആ ജനതയാണ് മോദിയെ തെരഞ്ഞെടുത്തത്. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ജനാധിപത്യ പരിഹാരമായി മോദി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ വോട്ടർമാരിൽ ചെറിയൊരു വിഭാഗത്തിന്റെ പിന്തുണയോടെ മോദിയ്ക്കും ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പിയ്ക്കും അധികാരത്തിലെത്താൻ കഴിഞ്ഞു.

പൊരുത്തപ്പെടൽ

ചൂടുവെള്ളത്തിൽ വീണ തവളയുടെയും വെളളം ചൂടാക്കുമ്പോൾ അതിനോട് പൊരുത്തപ്പെട്ട് സാവധാനം ചത്തുപോകുന്ന തവളയുടെയും ഉദാഹരണം നമ്മൾ കേട്ടിട്ടുണ്ട്. ചൂടുവെള്ളത്തിൽ വീണ തവള ചൂട് സഹിക്കാനാവാതെ പെട്ടെന്ന് ചാടി രക്ഷപ്പെടുന്നു. തണുത്ത വെളളത്തിൽ വീണ് ആ വെള്ളത്തിലെ ചൂട് സാവധാനം ഉയരുന്നത് അറിയാതെ അതിനോട് പൊരുത്തപ്പെട്ട് അവസാനം ചൂട് അസഹനീയമാകുമ്പോൾ ചാടി രക്ഷപ്പെടാൻ പോലും ആവാതെ ചത്തുപോകുന്ന തവളയുമുണ്ട്. ഇതിനെ വിശാലാർത്ഥത്തിൽ ‘റിപ്രസീവ് ടോളറൻസ്’ എന്ന് പദം കൊണ്ടും വിശേഷിപ്പിക്കാം. ഹെർബർട് മാർക്യൂസാണ് അതെ കുറിച്ച് പറഞ്ഞത്. ഫാസിസം പിടിമുറുക്കുന്ന സമൂഹങ്ങളുടെ ഒരു സ്വഭാവമായും ‘റിപ്രസീവ് ടോളറൻസി’നെ കാണാം. ഒരു ബഹുസ്വര ജനാധിപത്യ രാജ്യം ആർ.എസ്.എസും ബിജെപിയും, നടത്തിയ അതിക്രമങ്ങളൊട് എങ്ങനെയൊക്കെയാണ് പ്രതികരിച്ചതെന്ന് നോക്കിയാൽ ജനാധിപത്യ വിരുദ്ധതയെ, ന്യൂനപക്ഷ വിരുദ്ധതയോടൊക്കെ നമ്മൾ എങ്ങനെയാണ് സഹിഷ്ണുത കാണിച്ചതെന്ന് മനസ്സിലാകും. ഈ സഹിഷ്ണുത കാണിക്കലാണ്, മഹാമാരി പിടിപെട്ട് പ്രാണവായുപോലും കിട്ടാതെ മരിക്കുന്നവരുടെ ബന്ധുക്കൾ പരാതിപ്പെടുമ്പോൾ അവർക്കെതിരെ കേസെടുക്കാൻ, ബി.ജെ.പി സർക്കാരിനെ പ്രാപ്തമാക്കിയത്. ഇത്തരം പരാതികളിൽ രാജ്യവിരുദ്ധത അടങ്ങിയിട്ടുണ്ടെന്ന് ആർ.എസ്.എസിന്​ പ്രസ്താവന നടത്താൻ കഴിയുന്നത്.

2002 ലെ ഗുജറാത്ത് കലാപത്തിനിടെ
2002 ലെ ഗുജറാത്ത് കലാപത്തിനിടെ

ഏത് നീതിരാഹിത്യത്തോടും ജനവിരുദ്ധതയോടും സഹിഷ്ണുതയുള്ളവരാകുകയെന്നതും ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമാണോ എന്ന് തീർത്ത് പറയാൻ കഴിയില്ല. അടിയന്തരാവസ്ഥയോട് അസഹിഷ്ണുതയോടെ പെരുമാറി അതിനെ തിരുത്തിച്ച ഒരു ജനത എങ്ങനെയാണ് നാലര പതിറ്റാണ്ടിനടുത്തു നിൽക്കുന്ന സമയത്ത്​, അതേക്കാൾ ഭീകരമായ ഒരു സംവിധാനത്തോട് സഹിഷ്ണുതള്ളവരായി മാറ്റപ്പെട്ടുവെന്നത്​അത്ഭുതകരമാണ്.

ഹെർബർട് മാർക്യൂസ് പറയുന്നത് പ്രകാരം സഹിഷ്ണുത, അസഹിഷ്ണുതയും ജനാധിപത്യപരമോ ജനാധിപത്യവിരുദ്ധമോ ആകാം. രണ്ട് തരം സഹിഷ്ണുതയെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. ഏതുതരം നിലപാടിനോടും സഹിഷ്ണുതയുള്ളവരാകുകയെന്നതാണ് ഒന്ന്. അത് ജനാധിപത്യ വിരുദ്ധ നിലപാടിനോടും സമത്വത്തിനും നീതിയ്ക്കും വേണ്ടി ശക്തമായ നിലപാടെടുക്കുന്നവരോടും ഒരേ അളവിൽ സഹിഷ്ണുത കാണിക്കുന്നു. എന്നാൽ ചിലത് അനീതി നിറഞ്ഞ ആശയങ്ങളോടും നയങ്ങളോടും അസഹിഷ്ണുത കാണിക്കുന്നു. ഒരു സമൂഹത്തിലെ തീവ്ര വലതിനോടും തീവ്ര ഇടതിനോടും ഒരേ സമീപനമല്ല അത് പുലർത്തുന്നത്. ഉദാര നിലപാടിൽനിന്നുള്ള സഹിഷ്ണുത ഭൂരിപക്ഷത്തിന്റെ ഭീകരതയ്ക്ക് കാരണമായേക്കാമെന്നും ജനാധിപത്യത്തിൽനിന്ന് ഫാസിസത്തിലേക്കുള്ള പതനത്തിന് കാരണമാകുവെന്നും മാർക്യൂസ് പറയുന്നു.

ഫാസിസ്റ്റ് സംവിധാനം അനുവദിക്കുന്ന ചില സംഗതികൾ ജനാധിപത്യത്തിൽ അനുവദിക്കപ്പെടില്ലെന്ന് കാണാം, തിരിച്ചും. കഴിഞ്ഞ മൂന്ന് നാല് ദശകങ്ങളായി പൊതുവിലും ഏഴ് വർഷമായി പ്രത്യേകിച്ചും ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ സഹിഷ്ണുതയെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഇന്ത്യ ഫാസിസത്തിലേക്ക് വഴുതിവീണുകൊണ്ടിരുക്കുന്നത് എങ്ങനെയാണെന്ന് കാണാം. ജനാധിപത്യത്തിന്റെ തന്നെ സംവിധാനങ്ങൾ, വെറുപ്പിന്റെ, മനുഷ്യത്വ വിരുദ്ധതയുടെ ആശയങ്ങളോട് പൊരുത്തപ്പെട്ടത്തിന്റെ, സഹിഷ്ണുത കാണിച്ചതിന്റെ കൂടി ഫലമാണ് മോദി കാലത്തെ ഇന്ത്യയെന്നതാണ് വസ്തുത.

വിദ്വേഷ ആശയങ്ങളോട് ഉദാരത

ആരൊക്കെയാണ് ആദ്യം ജനാധിപത്യ വിരുദ്ധത ആശയങ്ങളോടും പിന്നീട് പതുക്കെ സമഗ്രാധിപത്യ നിലപാടുകളോടും പൊരുത്തപ്പെട്ടത്?. ഭൂരിപക്ഷാധിപത്യ വാദത്തോട് പൊരുത്തപ്പെട്ടത്? ഇന്ത്യയുടെ ഭരണഘടന സംവിധാനങ്ങളും ലിബറൽ സ്വഭാവം പുലർത്തുന്ന രാഷ്ട്രീയ പാർട്ടികളുമെല്ലാം ഈ ഫാസിസത്തോടുള്ള സഹിഷ്ണുതയ്ക്ക് കൂട്ടുനിൽക്കുകയാണ് ചെയ്തത്. അസഹിഷ്ണുതയുടെ അടിത്തറയിൽ പണിത ആശയങ്ങളോട് സഹിഷ്ണുത പുലർത്തുന്ന ഇന്ത്യൻ ഭരണ രാഷ്ട്രീയ സംവിധാനത്തിന്റെ പ്രവണത 1980 കളുടെ പകുതിയോടെ ശക്തിപ്പെടുന്നതായി കാണാം. ബാബ്റി മസ്ജിദ് എന്ന മുസ്‌ലിം ആരാധാനലായം തകർക്കുന്നതിന് ഇന്ത്യയെമ്പാടും ചോരക്കളമാക്കി യാത്ര നടത്തിയ എൽ. കെ. അദ്വാനി രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയാകുന്നതിൽ ഇത് കാണാം. പിന്നീട് ഇന്ത്യൻ രാഷ്ട്രീയം മുന്നോട്ടുപോയത് ഇതേ പാതയിലൂടെയായിരുന്നു. 2002 ൽ ഗുജറാത്തിലെ വംശഹത്യയോട് ആ നാടും രാജ്യവും പൊരുത്തപ്പെടുന്നതാണ് കണ്ടത്. മോദി ഗുജറാത്തിൽ ആധിപത്യം സ്ഥാപിച്ചത് വംശീയ കലാപത്തിനുശേഷമാണ്.

ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസം രാവിലെ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി രാമജന്മഭൂമി  മൂവ്മെൻറ് പ്രവർത്തകരെ കാണുന്നു. / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.
ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസം രാവിലെ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി രാമജന്മഭൂമി മൂവ്മെൻറ് പ്രവർത്തകരെ കാണുന്നു. / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

വെട്ടിയും കുത്തിയും തീവെച്ചും, ബലാൽസംഗം ചെയ്തും മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരെ കൊലപ്പെടുത്തിയതിന്റെ പേരിൽ, അത്തരമൊരു വംശഹത്യ സാധ്യമാക്കിയ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരൊന്നും വിചാരണ ചെയ്യപ്പെട്ടില്ല. ആ രാഷ്ട്രീയ നേതൃത്വത്തോടും അവർ അടിസ്ഥാനമാക്കിയ വിദ്വേഷത്തിന്റെ ആശയങ്ങളോടും ഉദാരമായ സമീപനമാണ് ഇന്ത്യൻ രാഷ്ട്രീയം സ്വീകരിച്ചത്.

എല്ലാ അതിക്രമങ്ങളും ‘സ്വഭാവികം’

2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതോടെ ഈ പൊരുത്തപ്പെടൽ കൂടുതൽ തീവ്രതയാർജ്ജിച്ചു. അംസഘടിത മേഖലയിലെ ലക്ഷകണക്കിന് തൊഴിലാളികളെയും ചെറുകിട ഉത്പാദകരെയും അനിശ്ചിത്വത്തിലേക്കും പൂർണമായ തൊഴിലില്ലായ്മയിലേക്കും തള്ളിവിട്ട് നാല് മണിക്കൂറിന്റെ ഇടവേളയിൽ നരേന്ദ്ര മോദി, 86 ശതമാനത്തോളം കറൻസി മൂല്യരഹിതമാക്കിയതായിരുന്നു തുടക്കം. റിസർവ് ബാങ്കിനെ നോക്കുകുത്തിയാക്കി സമ്പദ്‌വ്യവസ്ഥയിൽ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ ദുരിതങ്ങൾ ഇന്നും അവസാനിച്ചിട്ടില്ല. അമ്പത് ദിവസം കൊണ്ട് എല്ലാ പ്രശ്നങ്ങളും തീർത്തില്ലെങ്കിൽ ജീവനോടെ കത്തിച്ചുകളയൂ എന്നുപറഞ്ഞ നേതാവിന്റെ ‘സ്വീകര്യത' സാമ്പത്തിക ദുരിതം വർധിക്കുന്നതിന് ആനുപാതികമായി കൂടുകയാണ് ചെയ്തത്.

തീവ്ര വലതുപക്ഷം ഇന്ത്യയുടെ ഭരണഘടനാ സംവിധാനത്തിലേക്ക് നടത്തിയ എല്ലാ ആക്രമണങ്ങളോടും നമ്മൾ സഹിഷ്ണുത കാണിക്കുകയായിരുന്നു. പശുസംരക്ഷകരുടെ മുസ്‌ലിം -ദളിത് വിരുദ്ധ ആക്രമണങ്ങളായാലും, ഭരണഘടന സ്ഥാപനങ്ങളെ നിർവീര്യമാക്കിയ പ്രവർത്തനങ്ങളായാലും എല്ലാം വളരെ സ്വാഭാവികതയോടെ അംഗീകരിച്ചു.

ഒന്നാം കോവിഡ് വ്യാപനത്തിന്റെ സമയത്തുതന്നെയാണ് ഭീമാ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട സുപ്രധാന വാർത്ത പുറത്തുവന്നത്. കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന റോണാ വിൽസന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് അതിൽ ചില ഡോക്യുമെൻറുകൾ അദ്ദേഹം അറിയാതെ കയറ്റിവിട്ടാണ്​ തെളിവുണ്ടാക്കാൻ ശ്രമിച്ചതെന്നാണ് വാഷിങ്ടൺ പോസ്റ്റ് ഫോറൻസിക് പരിശോധനയുടെ സഹായത്തോടെ റിപ്പോർട്ട് ചെയ്തത്. സാധാരണ ഗതിയിൽ ഇത്രയും വലിയ അനീതിക്കെതിരെ വലിയ പ്രതിഷേധം ഉണ്ടാകേണ്ടതയിരുന്നു. നീതിന്യായ സംവിധാനങ്ങൾ ഇടപെടേണ്ടതായിരുന്നു. അങ്ങനെയൊന്നും ഉണ്ടായില്ല. ഇടതുപാർട്ടികൾ നടത്തിയ ചില പ്രസ്താവനകൾ മാത്രമാണ് ഈ സംഭവവുമായി ബന്ധപ്പെട്ടുണ്ടായത്. ഇതിനോടും ഇന്ത്യൻ സമൂഹം പൊതുവിൽ പൊരുത്തപ്പെടുകയാണ് ചെയ്തത്. ഒരു പ്രശ്നവും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കുമുണ്ടായില്ല. റോണാ വിൽസൺ ഇപ്പോഴും ജയിലിൽ തുടരുകയും ചെയ്യുന്നു.

ദുരന്തകാലത്തും കോർപറേറ്റ് സേവ

മിക്ക രാജ്യങ്ങളിലും ഉണ്ടായി കൊണ്ടിരുന്ന കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം ഇന്ത്യയിൽ ഉണ്ടാവുമെന്ന് കരുതാനോ അതിന് ആവശ്യമായ നടപടി സ്വീകരിക്കാനോ തയ്യാറല്ലാതിരുന്ന ഒരു സർക്കാറാണ് മോദിയുടെത് എന്നതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരികയാണ്. ലോക ഇക്കോണമിക്ക് ഫോറം നടന്ന ദാവോസിൽ കോവിഡിനെ ഇന്ത്യ കീഴടക്കിയതിന്റെ ഇല്ലാക്കഥകൾ പറയുന്നതിലായിരുന്നു പ്രധാനമന്ത്രി താൽപര്യം കാണിച്ചത്.

കോവിഡിന്റെ തുടക്കം മുതൽ ഇന്ത്യ കണ്ടത് ദുരന്തകാലത്തും കോർപ്പറേറ്റ് താൽപര്യം സംരക്ഷിക്കാാൻ ശ്രമിക്കുന്ന സർക്കാരിനെയാണ്. നാല് മണിക്കൂറിന്റെ മാത്രം ഇടവേളയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കുടിയേറ്റ തൊഴിലാളികളെ മരണത്തിലേക്ക് തളളിയിട്ട കേന്ദ്ര സർക്കാർ, പിന്നീട് പല പല സാമ്പത്തിക നയ പ്രഖ്യാപനങ്ങളിലൂടെ എങ്ങനെയാണ് ഇത് സാധ്യമാക്കിയതെന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ വന്നതാണ്. കാർഷിക മേഖലകളിൽ നടപ്പിലാക്കിയ നയങ്ങൾക്കെതിരെ മാത്രമാണ് കാര്യമായ പ്രതിരോധമുണ്ടായത്.

2020 ലെ കേന്ദ്രസർക്കാറിൻറെ അപ്രതീക്ഷിത ലോക്ക്ഡൗണിൽ വലഞ്ഞ കുടിയേറ്റ  തൊഴിലാളികൾ. 

രാജസ്ഥാനിൽ നിന്നുള്ളൊരു ദൃശ്യം
2020 ലെ കേന്ദ്രസർക്കാറിൻറെ അപ്രതീക്ഷിത ലോക്ക്ഡൗണിൽ വലഞ്ഞ കുടിയേറ്റ തൊഴിലാളികൾ.

രാജസ്ഥാനിൽ നിന്നുള്ളൊരു ദൃശ്യം

ഈ സമീപനത്തിന്റെ തുടർച്ചയായി വേണം വാകിസിൻ ഉൽപ്പാദന കമ്പനികൾക്ക് ദുരിത കാലം മുതലെടുക്കാൻ അനുവദിക്കുന്ന തരത്തിലുള്ള നയങ്ങൾ പ്രഖ്യാപിച്ചതിനെ കാണേണ്ടത്. പ്രതിരോധ കുത്തിവെപ്പുപോലും സൗജന്യമായി നൽകേണ്ടതില്ലെന്ന നിലയിലേക്കുള്ള കോർപ്പറേറ്റ് ദാസ്യത്തിലേക്കാണ് മോദി സർക്കാരിന്റെ നയം എത്തി നിൽക്കുന്നത്. കോവിഡ് തുടങ്ങിയപ്പോൾ തന്നെ നരേന്ദ്രമോദി സർക്കാർ ചെയ്ത ഒരു കാര്യം പി. എം. കെയർസ് ഫണ്ട് രൂപികരിക്കുകയായിരുന്നു. ഈ ഫണ്ടിലേക്ക് എത്ര തുക വന്നുവെന്നോ ആരൊക്കെ സംഭാവന ചെയ്തുവെന്നോ ജനങ്ങൾക്കറിയില്ല. 2020 മാർച്ച് 28 ന് രൂപീകരിക്കപ്പെട്ടിട്ടിട്ട് അതിൽനിന്ന് ലഭിച്ച തുക കോവിഡ് നേരിടാൻ എങ്ങനെ ഉപയോഗിച്ചുവെന്നും ആർക്കുമറിയില്ല. കഴിഞ്ഞായാഴ്ചയാണ് ഇതിൽനിന്ന് പണം ഉപയോഗിച്ച് ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞത്.

ചുരുക്കത്തിൽ ദുരിതകാലത്തും അല്ലാത്തപ്പോഴും ജനങ്ങളുടെ മേൽ ഈ തീവ്രവലതുപക്ഷ സർക്കാർ നടത്തിയ കൈയേറ്റങ്ങളോട് പൊരുത്തപ്പെടുകയാണ് നമ്മൾ പൊതുവിൽ ചെയ്തത്. കാര്യമായ പ്രതിഷേധങ്ങളോ പ്രതിരോധങ്ങളോ ഉണ്ടായില്ല. ലോകം കണ്ട ഏറ്റവും ജനവിരുദ്ധമായ ലോക്ക്ഡൗണിൽ തെരുവിലാക്കപ്പെട്ട കുടിയേറ്റ തൊഴിലാളികളിൽ എത്രയോ പേർ മരിച്ചിട്ടും അങ്ങനെ ഒരു പ്രശ്നം പോലുമില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ഇപ്പോൾ വടക്കെ ഇന്ത്യയിലെ നിരവധി ആശുപത്രികളിൽ ഓക്സിജൻ കിട്ടാതെ രോഗികൾ മരിക്കുമ്പോഴും കേന്ദ്ര സർക്കാർ കോടതിയിൽ പറയുന്നത് ഓക്സിജൻ ക്ഷാമം ഇല്ലെന്നാണ്. ജോർജ്ജ് ഓർവല്ലിന്റെ 1984 നെ ഓർമ്മിപ്പിക്കുന്ന സംഭവങ്ങളാണ് മഹാമാരിയുടെ കാലത്തും ഇന്ത്യയിലുണ്ടാകുന്നത്.

രാത്രി ഒരുമണിക്കും ഓക്‌സിജൻ സിലിണ്ടർ റീഫിൽ ചെയ്തുകിട്ടാനായി ഡൽഹിയിലെ ഒരു റീഫില്ലിങ് കേന്ദ്രത്തിനു മുമ്പിൽ കാത്തുകിടക്കുന്നവർ. / Photo: Hemant Rajaura, Twitter
രാത്രി ഒരുമണിക്കും ഓക്‌സിജൻ സിലിണ്ടർ റീഫിൽ ചെയ്തുകിട്ടാനായി ഡൽഹിയിലെ ഒരു റീഫില്ലിങ് കേന്ദ്രത്തിനു മുമ്പിൽ കാത്തുകിടക്കുന്നവർ. / Photo: Hemant Rajaura, Twitter

ഓക്സിജൻ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാൽ സ്വത്ത് മരവിപ്പിക്കുമെന്ന് ഉത്തരവിടുമെന്ന് പറയുന്നതിലേക്ക് ഇന്ത്യൻ ജനാധിപത്യം മാറിയെന്ന് ബോധ്യപ്പെടുത്തുകയാണ് മോദിയും യോഗിയും ചെയ്യുന്നത്. വിമർശനങ്ങൾ രാജ്യത്തിന്റെ യശസ്സിനെ കളങ്കപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അതിനെതിരെ ജാഗ്രതവേണമെന്നും ആർ.എസ്.എസ് വ്യക്തമാക്കി കഴിഞ്ഞിട്ടുമുണ്ട്.

ഒരു മലയാളി ‘സഹിഷ്ണുത'

ഇത് കേരളത്തിന് പുറത്തുനടക്കുന്ന, വലതുപക്ഷ രാഷ്ട്രീയത്തോട് പൊരുത്തപ്പെടുന്ന ഒരു ജനത സ്വീകരിക്കുന്ന ‘അരാഷ്ട്രീയതയാണൈ'ന്ന് കരുതുക വയ്യ. കേരളത്തിൽ സംഘ്പരിവാറുമായി ബന്ധപ്പെട്ട് കഴിഞ്ഞകാലങ്ങളിൽ നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളോട് കേരളം പ്രതികരിച്ചതെങ്ങനെയെന്ന് നോക്കിയാൽ ഫാസിസത്തോടുള്ള സഹിഷ്ണുതയുടെ കാര്യത്തിലും മലയാളികളുടെ മുന്നേറ്റം വ്യക്തമാണ്. എത്ര തീവ്രമായി മുസ്‌ലിം വിരുദ്ധ പ്രസ്താവന നടത്തിയാലും കേരളത്തിന്റെ മുഖ്യധാരയിൽ പരിലാളനകളോടെ സംഘ്പരിവാർ നേതാക്കൾ പരിഗണിക്കപ്പെടുന്നുവെന്നത് ചെറിയ കാര്യമല്ല. കാശ്മീരിന്റെ ഭരണഘടനാ അവകാശങ്ങൾ എടുത്തുകളഞ്ഞശേഷം നടന്ന ചർച്ചയിൽ കേരളത്തിലെ ബി.ജെ.പി വക്താവ് പറഞ്ഞത്, പ്രതിഷേധിക്കുന്ന കാശ്മീരികളുടെ കഴുത്തിൽ ടയറിട്ട് കത്തിക്കണമെന്നാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തോടും മുസ്‌ലിംകളോടുമുള്ള തന്റെ വെറുപ്പ് പരസ്യപ്പെടുത്തിയിട്ടും അയാൾക്ക് ചിലരിൽനിന്ന് വിമർശനം ഏൽക്കേണ്ടിവന്നതല്ലാതെ, മാധ്യമങ്ങളിൽനിന്നും പൊതു സമൂഹങ്ങളിൽനിന്നുമുള്ള പരിഗണനയ്ക്ക് ഒരു കുറവുമുണ്ടായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബി.ജെ.പി നേതാവും തൃശ്ശൂരിലെ സ്ഥാനാർത്ഥിയുമായിരുന്ന ആൾ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരെ കണ്ട് എന്തുകൊണ്ട് മുസ്‌ലിംകൾ എതിർക്കപ്പെടണം എന്ന് പറയുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒന്നും സംഭവിച്ചില്ല.

അദ്ദേഹത്തിന്റെത് മറ്റൊരു രാഷ്ട്രീയ അഭിപ്രായം എന്ന നിലയിൽ പരിഗണിച്ചു പോരുകയാണ് കേരളത്തിന്റെ മുഖ്യധാര ചെയ്തത്. തെരഞ്ഞെടുപ്പ് കമീഷനും പൊലീസും അയാളുടെ വിദ്വേഷ പ്രസംഗത്തിൽ ഒരു പ്രശനവും കണ്ടില്ല. അയാൾ പിന്നീടും ടെലിവിഷൻ റൂമുകളിലെ നിത്യസാന്നിധ്യമായി.

ഇപ്പോൾ കേന്ദ്രമന്ത്രി വി. മുരളീധരൻ ദിവസവും നടത്തുന്ന പൊതുപ്രസ്താവനകളു ഇതിന്റെ ഭാഗമായി കാണാം. കേരളം പോലുള്ള ഒരു സംസ്ഥാനത്തുവന്നാണ് കോർപ്പറേറ്റുകൾക്ക് അനുകൂലമായ മോദി സർക്കാരിന്റെ വാക്‌സിൻ നയത്തെ തന്റെ അസംബന്ധ വ്യാഖ്യാനങ്ങളാൽ ന്യായികരിച്ചത്. വാക്സിൻ നയം മൂലം ആരോഗ്യകരമായ മൽസരമാണ് ഉണ്ടാകാൻ പോകുന്നതെന്നായിരുന്നു ആയിരങ്ങൾ മരിച്ചുവീഴുമ്പോഴും അദ്ദേഹത്തിന്റെ നിലപാട്.

അതിതീവ്ര വലതുപക്ഷത്തോട് കാണിക്കുന്ന ഈ സഹിഷ്ണുത, സമത്വത്തെയും നീതിയേയും കുറിച്ച് പറയുന്നവരോട് സമൂഹം കാണിക്കുന്നുണ്ടോ എന്നതാണ് മറ്റൊരു പ്രശ്നം. ഇല്ലെന്നുമാത്രമല്ല, ഇവിടെയും ഭരണകൂട വ്യാഖ്യാനങ്ങൾക്കാണ് സ്വീകാര്യത കിട്ടുന്നത്. പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള ജനാധിപത്യവിരുദ്ധ സമീപനങ്ങളോട് സ്വീകരിച്ച് കർക്കശമായ തീരുമാനങ്ങളിൽ ഈ അസഹിഷ്ണുത കാണാം. ഈ നാട്ടിലെ ഭരണഘടന സ്ഥാപനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങൾ ഉൾപ്പെടുന്ന സിവിൽ സമൂഹവും കാണിക്കുന്ന ‘ലിബറൽ ടോളറൻസിന്റെ' ഉദാരമായ പിന്തുണയുടെ കൂടി സഹായാത്താലാണ് ഫാസിസം പിടിമുറുക്കുന്നത്. അതിന്റെ ഉദാഹരണങ്ങളാണ് കോവിഡ് കാലത്തും ചുറ്റും കാണുന്നത്.



Summary: ഭരണഘടനാ സ്ഥാപനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങൾ ഉൾപ്പെടുന്ന സിവിൽ സമൂഹവും കാണിക്കുന്ന 'ലിബറൽ ടോളറൻസിന്റെ' ഉദാരമായ പിന്തുണയോടെയാണ് ഫാസിസം പിടിമുറുക്കുന്നത്. അതിന്റെ ഉദാഹരണങ്ങളാണ് കോവിഡ് കാലത്തും ചുറ്റും കാണുന്നത്.


Comments