വിജയം ഇടതുപക്ഷത്തിനുതന്നെ,
എന്നാൽ, പൊതുസമൂഹം അത് അംഗീകരിക്കാൻ
ഇനിയും സമരം ചെയ്യേണ്ടിവരും

‘ഇന്ത്യ’ മുന്നണി നേടിയ തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിനെക്കാൾ രാഷ്ട്രീയമായും ആശയപരമായും വിജയമുണ്ടായത് ഇടതുപക്ഷത്തിനാണ്. അതാണ് ബി ജെ പിയുടെയും നരേന്ദ്രമോദിയുടെയും തകർച്ചക്ക് വഴിയൊരുക്കിയത്. എന്നാൽ കേരളത്തിലെയും ഇന്ത്യയിലാകെയും പൊതുസമൂഹം അത് അംഗീകരിക്കാൻ ഇടതുപക്ഷത്തിന് ഇനിയും സമരം ചെയ്യേണ്ടതായി വരും.

‘ഇടതില്ലെങ്കിൽ ഇന്ത്യയില്ല’;
വിജയിച്ച മു​ദ്രാവാക്യം

ലോക്സഭാ തെരഞ്ഞെടുപ്പിൽ, കേരളത്തിൽ എൽ ഡി എഫ് പരാജയപ്പെട്ടു എന്നത് വസ്തുതയാണ്. എന്നാൽ ഇടത്തുപക്ഷത്തിനെതിരായ ജനവിധിയായി അതിനെ വിലയിരുത്തേണ്ടതില്ല. നരേന്ദ്ര മോദി സർക്കാറിനെതിരെയുള്ള ജനവിധിയാണ് കേരളത്തിലുണ്ടായത്. കേരളത്തിൽ അത് യു ഡി എഫിന് അനുകൂലമായി എന്നതാണ് വസ്തുത. ബി ജെ പിക്കും മോദിക്കുമെതിരെയാണ് 80% പേർ വോട്ടു ചെയ്തത്. ദേശീയതലത്തിൽ എൽ ഡി ഫും യു ഡി എഫും പിന്തുണച്ചത് ‘ഇന്ത്യ’ മുന്നണിയെയാണല്ലോ.

ഇടതുപക്ഷം അല്ലെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നതിന് രാഷ്ട്രീയമായ അർത്ഥം ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളുടെ തെരെഞ്ഞെടുപ്പുമുന്നണി എന്നു മാത്രമല്ല. രാജ്യത്താകെയുള്ള തൊഴിലാളികൾ, കർഷകർ, അദ്ധ്വാനിച്ചു ജീവിക്കുന്ന ഇതര വിഭാഗങ്ങളുടെ സമരപ്രസ്ഥാനങ്ങൾ എല്ലാം അടങ്ങുന്നതാണ് ഇടതുപക്ഷം. രാജ്യത്തെ കർഷകരുടെ എണ്ണം 11.5 കോടി വരും. തൊഴിലാളികളുടെ എണ്ണം 45 കോടിയെന്നാണ് കണക്ക്. അതിൽ 42.5 കോടി പേർ അസംഘടിത മേഖലയിലാണ്. അതായത് മിനിമം കൂലിയും തൊഴിൽസ്ഥിരതയും പെൻഷനും ലഭ്യമാകാത്തവർ. അവരിൽ വലിയ വിഭാഗം വലതുപക്ഷ നയങ്ങൾക്കെതിരെ സമരരംഗത്ത് വന്നിട്ടുണ്ട്. ഈ വിശാലമായ കാഴ്ചപ്പാടിലാണ് ‘ഇടതില്ലാതെ ഇന്ത്യയില്ല’ എന്ന രാഷ്ട്രീയ മുദ്രാവാക്യത്തെ മനസിലാക്കേണ്ടത്.

രാജ്യത്തെ കർഷകരുടെ എണ്ണം 11.5 കോടി വരും. തൊഴിലാളികളുടെ എണ്ണം 45 കോടിയെന്നാണ് കണക്ക്. അവരിൽ വലിയ വിഭാഗം വലതുപക്ഷ നയങ്ങൾക്കെതിരെ സമരരംഗത്ത് വന്നിട്ടുണ്ട്. ഈ വിശാലമായ കാഴ്ചപ്പാടിലാണ് ‘ഇടതില്ലാതെ ഇന്ത്യയില്ല’ എന്ന രാഷ്ട്രീയ മുദ്രാവാക്യത്തെ മനസിലാക്കേണ്ടത്.

കേരളത്തിൽ ഇടതുപക്ഷത്തിന് കൂടുതലായി വോട്ടുകൾ ലഭിച്ചപ്പോൾ നേരത്തെ ലഭിച്ചിരുന്ന വോട്ടുകളിൽ വലിയ തോതിൽ കുറവ് വന്നിട്ടുണ്ട്. ഇതാണ് പ്രതീക്ഷിക്കാത്ത പരാജയം നേരിടാൻ കാരണമായത്.

അടിസ്ഥാന ഉല്പാദന മേഖലയിലെ ജനവിഭാഗങ്ങളിൽ - ചെറുകിട - ദരിദ്ര കർഷകർ, കർഷക തൊഴിലാളികൾ, മൽസ്യതൊഴിലാളികൾ, പരമ്പരാഗത വ്യവസായ തൊഴിലാളികൾ, ആദിവാസികൾ, ദിവസവേതനക്കാർ - ഇടതുപക്ഷത്തിനുണ്ടായിരുന്ന രാഷ്ട്രീയ സ്വാധീനം ദുർബലപ്പെടുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. പൊതുസമൂഹത്തിലെ അരാഷ്ട്രീയവൽക്കരണം സ്ത്രീകൾ-വിദ്യാർഥികൾ- യുവാക്കൾ എന്നീ വിഭാഗങ്ങളെ സ്വാധീനിക്കുന്നതടക്കം മറ്റ് ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ട്. അതിൽ ആവശ്യമായ തിരുത്തൽ വരുത്തി ജനപിന്തുണ വർദ്ധിപ്പിക്കുകയാണ് ഇനി ഇടതുപക്ഷ ജനാധിപത്യ മുന്നണി ചെയ്യുക.

ജനങ്ങളുടെ ജീവിതോപാധികളെ ബാധിക്കുന്ന വിഷയങ്ങളാണ് തെരഞ്ഞെടുപ്പിനെ നിർണായകമായി സ്വാധീനിച്ചത്. അതിനുള്ള മുഖ്യ കാരണം കഴിഞ്ഞ 10 വർഷവും കർഷക സംഘടനകളും ട്രേഡ് യൂണിയനുകളും രാജ്യവ്യാപകമായി ഉയർത്തികൊണ്ടുവന്ന പ്രക്ഷോഭങ്ങളാണ്.

303 സീറ്റുണ്ടായിരുന്ന ബി ജെ പിക്ക് 240 സീറ്റാണ് ലഭിച്ചത്. നഷ്ടമായത് 63 സീറ്റ്. അതിൽ 38 എണ്ണവും കർഷക പ്രക്ഷോഭം ശക്തമായി ഉയർന്നുവന്ന പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ്. സമരത്തിന് നേതൃത്വം നൽകിയ കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അമ്രാ റാം രാജസ്ഥാനിലെ സിക്കറിൽ സി പി ഐ-എം സ്ഥാനർത്ഥിയായി കോൺഗ്രസ് പിന്തുണയോടെ ജയിച്ചു. സി പി ഐ-എം 4, സി പി ഐ- 2, സി പി ഐ-എം എൽ- 2 അടക്കം ഇടതുപക്ഷ എം പി മാരുടെ എണ്ണം മുൻ തെരെഞ്ഞെടുപ്പിലെ അഞ്ചിൽ നിന്ന് എട്ടായി വർദ്ധിച്ചു.

ബി ജെ പിയും മോദിയും ഉന്നയിച്ച മുസ്‍ലിം വിദ്വേഷവും ഹിന്ദു വർഗീയതയും കൂടുതൽ വോട്ടും സീറ്റും നേടാൻ സഹായിച്ചില്ല. അയോദ്ധ്യ ഉൾപ്പെടുന്ന, 85% ഹിന്ദുക്കൾ ജീവിക്കുന്ന ഫൈസാബാദിൽ ബി ജെ പി തോറ്റു. ഉത്തർപ്രദേശിൽ ബി ജെ പിക്ക് വോട്ട് കുറഞ്ഞു. പകുതിയിലേറെ സീറ്റുകളിൽ പരാജയപ്പെട്ടു. ആർ എസ് എസ് 100ാമത് വാർഷികം ആഘോഷിക്കുമ്പോഴാണ് അവർ മുന്നോട്ടുവെച്ച ഹിന്ദുത്വ രാഷ്ട്രീയ അജണ്ട ജനം തള്ളിക്കളഞ്ഞത്.

തൊഴിലാളി - കർഷക സമരങ്ങളാണ് ബി ജെ പിയുടെ വർഗീയ അജണ്ടയെ അടിസ്ഥാന ജനവിഭാഗങ്ങളെ അണിനിരത്തി തടഞ്ഞുനിർത്തിയത്.

തൊഴിലില്ലായ്മ, കാർഷിക വിളകൾക്ക് ആദായവില, കൃഷിഭൂമിയുടെ സംരക്ഷണം, തൊഴിൽ, മിനിമം കൂലി, വായ്പയും കടത്തിൽ നിന്നുള്ള മോചനവും, വിലക്കയറ്റം, പെൻഷൻ എന്നിങ്ങനെ ജനങ്ങളുടെ ജീവിതോപാധികളെ ബാധിക്കുന്ന വിഷയങ്ങളാണ് തെരഞ്ഞെടുപ്പിനെ നിർണായകമായി സ്വാധീനിച്ചത്. അതിനുള്ള മുഖ്യ കാരണം കഴിഞ്ഞ 10 വർഷവും കർഷക സംഘടനകളും ട്രേഡ് യൂണിയനുകളും രാജ്യവ്യാപകമായി ഉയർത്തികൊണ്ടുവന്ന പ്രക്ഷോഭങ്ങളാണ്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭമാണ് മോദി സർക്കാർ പാസാക്കിയ മൂന്ന് കോർപ്പറേറ്റ് കൃഷി നിയമങ്ങൾ പിൻവലിപ്പിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് നടന്ന കർഷക സമരം. അതിനെ രാജ്യവ്യാപകമായ സമരമാക്കി മാറ്റിയത് ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാണ്. തൊഴിലാളി - കർഷക സമരങ്ങളാണ് ബി ജെ പിയുടെ വർഗീയ അജണ്ടയെ അടിസ്ഥാന ജനവിഭാഗങ്ങളെ അണിനിരത്തി തടഞ്ഞുനിർത്തിയത്.

‘ഇന്ത്യ’ മുന്നണി രൂപീകരിക്കാനും ബി ജെ പിയെ പരാജയപ്പെടുത്താനുമുള്ള ആത്മവിശ്വാസം ആർജ്ജിക്കാനും പ്രതിപക്ഷ കക്ഷികളെ സജ്ജമാക്കിയതുപോലും തുടർച്ചയായി നടന്ന വർഗസമരങ്ങളും അതിൽ നേടിയ നിർണായക വിജയങ്ങളുമാണ്.

2014 മുതൽ തൊഴിലാളികളുടെയും കർഷകരുടെയും വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും യുവജനങ്ങളുടെയുമെല്ലാം സമര പ്രസ്ഥാനങ്ങളാണ് മുഖ്യ പ്രതിപക്ഷമായി പോരാടിയത്. കർഷകരുടെ വിശാലമായ മുന്നണി - സംയുക്ത കിസാൻ മോർച്ച - ആ സമരങ്ങളിലൂടെ ഉയർന്നുവന്നു. അവർ തൊഴിലാളികളുടെ വിപുലമായ മുന്നണിയുമായി കൈകോർത്ത് തൊഴിലാളി- കർഷക ഐക്യം രൂപപ്പെടുത്തി. ഇടതുപക്ഷം മുഖ്യ പങ്ക് വഹിച്ച ഈ വർഗസമരങ്ങളാണ് ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് മരവിപ്പിക്കാനും, ലേബർ കോഡുകൾ നടപ്പാക്കാതിരിക്കാനും മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനും ബി ജെ പിയെയും മോദി സർക്കാരിനെയും നിർബന്ധിതമാക്കിയത്.

കഴിഞ്ഞ 33 വർഷവും ഉദാരവൽക്കരണനയങ്ങളെ എതിർത്തത് ട്രേഡ് യൂണിയനുകളാണ്. ഒരു ഘട്ടത്തിൽ ബി എം എസ് അതിൽ പങ്കാളിയായി. മോദി സർക്കാർ അധികാരത്തിൽ വന്ന ഘട്ടത്തിൽ അവർ വിട്ടുപോയി. ഐ എൻടി യു സി അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രക്ഷോഭത്തിൽ തുടരുന്നു. കഴിഞ്ഞ 33 വർഷത്തിൽ അവർ 22 അഖിലേന്ത്യാ പണിമുടക്കുകൾ നടത്തി. കർഷകരുടെ പ്രക്ഷോഭത്തിൽ തൊഴിലാളികൾ പൂർണപിന്തുണ നൽകി.

ആ അർത്ഥത്തിൽ ഇടതുപക്ഷമാണ് ബി ജെ പിയെ പരാജയപ്പെടുത്തുന്നതിൽ നീർണായക പങ്ക് വഹിച്ചത് എന്നതാണ് വസ്തുത. ഇടതുപക്ഷവും കോൺഗ്രസും ചേർന്ന ‘ഇന്ത്യ’ മുന്നണി രൂപപ്പെട്ടത് 2023 ജൂലൈയിലാണ്. ഒരു വർഷം പോലും ആയിട്ടില്ല. ‘ഇന്ത്യ’ മുന്നണി രൂപീകരിക്കാനും ബി ജെ പിയെ പരാജയപ്പെടുത്താനുമുള്ള ആത്മവിശ്വാസം ആർജ്ജിക്കാനും പ്രതിപക്ഷ കക്ഷികളെ സജ്ജമാക്കിയതുപോലും തുടർച്ചയായി നടന്ന ഈ വർഗസമരങ്ങളും അതിൽ നേടിയ നിർണായക വിജയങ്ങളുമാണ്.

രാജസ്ഥാനിലെ സിക്കറിൽ കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച സി പി ഐ-എം സ്ഥാനർത്ഥിയും കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ അമ്രാ റാം

കഴിഞ്ഞ 10 വർഷവും ഇടതുപക്ഷം ഇന്ത്യയിലാകെ വളർത്തിയെടുത്ത വർഗ-ബഹുജന സമരങ്ങളെ കോൺഗ്രസ് പിന്തുണച്ചിരുന്നുവെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ ബി ജെ പിയും നരേന്ദ്ര മോദിയും അധികാരത്തിൽ വരുന്നത് തടയാമായിരുന്നു. ഇതാണ് ‘ഇടതില്ലെങ്കിൽ ഇന്ത്യയില്ല’ എന്ന മുദ്രവാക്യത്തിനുപിന്നിലെ ആശയം. ഇന്ന് കേരളത്തിൽ അതിനെ പരിഹസിക്കുന്നവർ നാളെ അത് അംഗീകരിക്കാൻ നിർബന്ധിതരാകും.

കേരളത്തിൽ എങ്ങനെ
ബി.ജെ.പി അക്കൗണ്ട് തുറന്നു?

കേരളത്തിൽ ബി ജെ പി ചരിത്രത്തിലാദ്യമായി ഒരു ലോക്സഭാ സീറ്റിൽ വിജയിച്ചു. 11 അസംബ്ലി സീറ്റുകളിൽ ഒന്നാം സ്ഥാനം നേടി.
യു ഡി എഫിനും എൽ ഡി എഫിനും വോട്ട് കുറഞ്ഞു. ബി ജെ പി സഖ്യത്തിന് 4.3% വോട്ട് വർദ്ധിച്ചു. ഇതാണ് കേരളത്തിൽ തെരെഞ്ഞെടുപ്പിൽ ദൃശ്യമായ മുഖ്യ പ്രവണത. അതിൽ യു ഡി എഫിനുണ്ടായ വോട്ടു കുറവാണ് തൃശ്ശൂരിൽ ബി ജെ പി വിജയിക്കാൻ കാരണമായത്.

സിനിമാതാരം എന്ന നിലയിലുള്ള ആകർഷണവും കേരളത്തിൽ വർദ്ധിച്ചുവരുന്ന അരാഷ്ട്രീയതയുടെ സ്വാധീനവും വിജയത്തെ സഹായിച്ചു എന്നത് ബി ജെ പിയുടെ വിജയത്തിന്റെ രാഷ്ട്രീയമാറ്റ് കുറക്കുന്നതാണ്. എന്നാൽ ബി ജെ പിയുടെ വർഗീയ രാഷ്ട്രീയത്തിന് രാജ്യത്താകെ തിരിച്ചടി നേരിട്ടപ്പോൾ കേരളത്തിൽ സ്വാധീനം വർദ്ധിച്ചു എന്നത് അതീവ ഗൗരവത്തോടെ വിലയിരുത്തണം. ബി ജെ പിയുടെ വർഗീയതയെ നേരിടാനുള്ള ഉത്തരവാദിത്തം എൽ ഡി എഫ് മാത്രമല്ല യു ഡി എഫും ഏറ്റെടുക്കണ്ടതുണ്ട്.

രാജ്യത്താകെ ബി ജെ പിക്ക് നേരിട്ട തിരിച്ചടി കേരളത്തിൽ ബി ജെ പിക്ക് വോട്ടു ചെയ്തവരെ നിരാശപ്പെടുത്തിയതും പ്രധാനമാണ്. അതിനെ കാണാതിരിക്കരുത്. ബി ജെ പിയെ ദുർബലപ്പെടുത്തേണ്ടത് അടിസ്ഥാന ജനവിഭാഗങ്ങളെ വർഗസമരത്തിൽ അണിനിരത്തുന്നതിലൂടെയാണ് എന്നതാണ് അഖിലേന്ത്യാ തലത്തിലെ അനുഭവത്തിലൂടെ തെളിയുന്നത്. വർഗസമരങ്ങളെ ആശ്രയിക്കാതെ വർഗീയതയെ മാത്രം എതിർത്ത് ബി ജെ പിയെ പരാജയപ്പെടുത്താൻ സാധിക്കില്ല.

യു ഡി എഫിനുണ്ടായ വോട്ടുകുറവാണ് തൃശ്ശൂരിൽ ബി ജെ പി വിജയിക്കാൻ കാരണമായത്.

കേരളത്തിലെ ഇടതുപക്ഷം ദുർബലമല്ല എന്നു മാത്രമല്ല കേരളം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ ജനങ്ങളെ സഹായിക്കുന്ന ഏക മുന്നണി എൽ ഡി എഫാണ് എന്നതാണ് വസ്തുത. കേരളത്തിലെ ഉല്പാദനമേഖലയിലെ അടിസ്ഥാന വർഗങ്ങളുടെ - ചെറുകിട -ദരിദ്ര കർഷകർ, പരമ്പരാഗത വ്യവസായ തൊഴിലാളികൾ, ആദിവാസികൾ, ദലിതർ, മൽസ്യതൊഴിലാളികൾ, നഗരങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങൾ- തൊഴിലും വരുമാനവും സംരക്ഷിക്കാനുള്ള സമരങ്ങളെ വളർത്തിയെടുക്കാനാവണം. അതിലുള്ള വീഴ്ചകൾ പരിഹരിക്കുന്നതിൽ മുൻഗണന നല്കണം.

മോദി സർക്കാർ അവതരിപ്പിച്ച ലേബർ കോഡുകൾ നിയമങ്ങളാക്കാൻ വോട്ടു ചെയ്തവരാണ് 17- മത് ലോക്സഭയിൽ അംഗങ്ങളായിരുന്ന രാഹുൽ ഗാന്ധിയടക്കമുള്ള കേരളത്തിൽ നിന്നുള്ള 19 യു ഡി എഫ് എം പിമാരും.

‘ഇന്ത്യാ’ രാഷ്ട്രീയ മുന്നണിയുടെ ഭാവി?

പ്രതിപക്ഷത്തായിരുന്ന ഘട്ടത്തിൽ ബി ജെ പിയും ആർ എസ് എസും നവ ഉദാരവൽക്കരണ നയങ്ങളെ എതിർത്ത് സ്വദേശി സാമ്പത്തിക നയമാണ് പ്രചരിപ്പിച്ചത്. കാർഷിക മേഖലയിലെ അന്താരാഷ്ട്ര മൂലധന നിക്ഷേപത്തെയും സ്വതന്ത്ര വ്യാപാര കരാറുകളെയും വിമർശിച്ചു. തങ്ങൾ അധികാരത്തിൽ വന്നാൽ സ്വാമിനാഥൻ കമീഷൻ ശുപാർശ നടപ്പാക്കി കർഷകർക്ക് ആദായവില നൽകുമെന്ന് ഉറപ്പുനൽകി. എന്നാൽ അധികാരത്തിൽ വന്ന ശേഷം തൊഴിലാളികളെയും കർഷകരെയും ചൂഷണം ചെയ്ത് കുത്തകകളായി വളരാൻ കോർപ്പറേറ്റുകൾക്കു പിന്തുണ നൽകാനാണ് കഴിഞ്ഞ 10 വർഷം മോദി സർക്കാർ തയ്യാറായത്.

ഇന്ത്യയിൽ നവ ഉദാരവൽക്കരണനയങ്ങളെ പിന്തുണച്ചതും അവ നടപ്പിലാക്കാൻ നേതൃത്വം നൽകിയതും കോൺഗ്രസാണ്. നരസിംഹ റാവു, മൻമോഹൻ സിങ് സർക്കാറുകൾ പൊതുമേഖലയുടെ സ്വകാര്യവൽക്കരണം, ഓഹരി വിൽപ്പന, നിയമന നിരോധവും തൊഴിൽ മേഖലയുടെ കരാറുവൽക്കരണവും എന്നീ നയങ്ങൾ നടപ്പാക്കി.

കാർഷിക മേഖലയിൽ അന്താരാഷ്ട്ര ധന മൂലധന - കുത്തക മൂലധന നിക്ഷേപം അനുവദിച്ചു. ആസിയാൻ അടക്കം സ്വതന്ത്ര വ്യാപാര കരാറുകൾ നടപ്പിലാക്കി. കാർഷിക വിളകൾക്ക് സി2 + 50% നിരക്കിൽ വില നൽകി സംഭരിക്കണമെന്ന സ്വാമിനാഥൻ കമീഷൻ ശുപാർശ കോൺഗ്രസ് നയിച്ച ഒന്നും രണ്ടും യു പി എ സർക്കാറുകൾ നടപ്പാക്കിയില്ല.

ഇന്ത്യയിൽ നവ ഉദാരവൽക്കരണനയങ്ങളെ പിന്തുണച്ചതും അവ നടപ്പിലാക്കാൻ നേതൃത്വം നൽകിയതും നരസിംഹ റാവു, മൻമോഹൻ സിങ് സർക്കാറുകളാണ്.

ഈ നയങ്ങളാണ് കാർഷിക പ്രതിസന്ധി രൂക്ഷമാക്കുകയും കർഷകരെ കടക്കെണിയിലാക്കുകയും ചെയ്തത്. ഫലം നാലു ലക്ഷത്തിലേറെ കർഷകരുടെയും മൂന്നു ലക്ഷത്തോളം ദിവസ വേതന തൊഴിലാളികളുടെയും ആത്മഹത്യ. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 23 കോടി വരും. പ്രധാനമായും കാർഷിക പ്രതിസന്ധിയും സ്വകാര്യവൽക്കരണവും അഴിമതിയുമാണ് കോൺഗ്രസ് തുടർച്ചയായി തെരഞ്ഞെടുപ്പ് പരാജയം നേരിടുന്നതിന് കാരണമായത്. അതോടൊപ്പം കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി ജെ പിയിലേക്ക് കൂറുമാറുകയും ചെയ്യുന്നു.

അധികാരത്തിലിരുന്ന പത്തു വർഷവും ആർ എസ് എസും ബി ജെ പിയും സ്വദേശിനയത്തെ കുറിച്ച് മൗനം പാലിച്ചു. അമേരിക്കയുമായി ചേർന്ന് നവ ഉദാരവൽക്കരണ നയങ്ങളെ പിന്തുണച്ചു. സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പിട്ടു. പൊതുമേഖല സ്വകാര്യവൽക്കരിച്ചു. നിയമനനിരോധനം നടപ്പിലാക്കി. തൊഴിലുകളെ കരാർവൽക്കരിച്ചു. കോൺഗ്രസ് ഭരണം മാറി ബി ജെ പി ഭരണം വന്നപ്പോഴും നയങ്ങളിൽ മാറ്റമുണ്ടായില്ല. പൊതുമേഖലയുടെ സ്വകാര്യവൽക്കരണം, ഓഹരി വിൽപന എന്നിവയിലും ബി ജെ പിയെ കോൺഗ്രസ് പിന്തുണച്ചു. വർഗീയതക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതിനുപകരം മൃദു ഹിന്ദുത്വ നയമാണ് കോൺഗ്രസ് സ്വീകരിച്ചത്.

ബി ജെ പിയോട് ഏറ്റുമുട്ടിയത് പ്രതിപക്ഷ കക്ഷികൾ മാത്രമല്ല. തങ്ങളുടെ ജീവിതോപാധികളെയും ജനാധിപത്യം, മതേതരത്വം, ഫെഡറലിസം ഉൾപ്പെടെ ഇന്ത്യയെ ഒരുമിപ്പിച്ച് നിർത്തുന്ന രാഷ്ട്രീയ ആശയങ്ങളെ ഉയർത്തിപ്പിടിച്ച ഭരണഘടനയെയും സംരക്ഷിക്കാനായി മുന്നോട്ടുവന്ന മുഴുവൻ ജനവിഭാഗങ്ങളുമാണ്.

തൊഴിലാളികൾക്ക് മിനിമം കൂലി നിഷേധിക്കുക, 8 മണിക്കൂർ ജോലി അവകാശം ഇല്ലാതാക്കി 12 മണിക്കൂർ വരെ ജോലി സമയം നീട്ടുക, വിലപേശാനും പണിമുടക്കാനുമുള്ള അവകാശം ഇല്ലാതാക്കുക, സ്ഥിരജോലിയും പെൻഷനും സാമൂഹ്യ സുരക്ഷയും ഇല്ലാതാക്കുക, തൊഴിലാളി സംഘടന രൂപീകരിക്കാനുള്ള അവകാശം ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ മോദി സർക്കാർ അവതരിപ്പിച്ച ലേബർ കോഡുകൾ നിയമങ്ങളാക്കാൻ വോട്ടു ചെയ്തവരാണ് 17- മത് ലോക്സഭയിൽ അംഗങ്ങളായിരുന്ന രാഹുൽ ഗാന്ധിയടക്കമുള്ള കേരളത്തിൽ നിന്നുള്ള 19 യു ഡി എഫ് എം പിമാരും.

കോർപ്പറേറ്റ് നയങ്ങൾ നടപ്പിലാക്കാനായി ജനങ്ങളെ മതപരമായി വിഭജിച്ച് ദുർബലപ്പെടുത്താൻ ഇലക്ഷൻ കമീഷൻ, ഇ.ഡി, സി ബി ഐ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളെപോലും രാഷ്ട്രീയമായി ദുരുപയോഗിച്ചു. ഭരണഘടനയെ മാറ്റി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 400 സീറ്റ് എന്ന ലക്ഷ്യം മോദി പ്രഖ്യാപിച്ചത്. എന്നാൽ, തെരെഞ്ഞെടുപ്പിൽ ബി ജെ പിയോട് ഏറ്റുമുട്ടിയത് പ്രതിപക്ഷ കക്ഷികൾ മാത്രമല്ല. തങ്ങളുടെ ജീവിതോപാധികളെയും ജനാധിപത്യം, മതേതരത്വം, ഫെഡറലിസം ഉൾപ്പെടെ ഇന്ത്യയെ ഒരുമിപ്പിച്ച് നിർത്തുന്ന രാഷ്ട്രീയ ആശയങ്ങളെ ഉയർത്തിപ്പിടിച്ച ഭരണഘടനയെയും സംരക്ഷിക്കാനായി മുന്നോട്ടുവന്ന മുഴുവൻ ജനവിഭാഗങ്ങളുമാണ്.

അധികാരത്തിലിരുന്ന പത്തു വർഷവും ആർ എസ് എസും ബി ജെ പിയും സ്വദേശിനയത്തെ കുറിച്ച് മൗനം പാലിച്ചു. അമേരിക്കയുമായി ചേർന്ന് നവ ഉദാരവൽക്കരണ നയങ്ങളെ പിന്തുണച്ചു. സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പിട്ടു. പൊതുമേഖല സ്വകാര്യവൽക്കരിച്ചു.

കിസാൻ സഭയും സി ഐ ടി യുവും ഉൾപ്പെടെയുള്ള വർഗസംഘടനകളും എസ് എഫ് ഐയും ഡി വൈ എഫ് ഐയും മഹിളാ അസോസിയേഷനും ഉൾപ്പെടുന്ന ബഹുജന സംഘടനകളും സാമൂഹ്യ സാംസ്ക്കാരിക സംഘടനകളും തങ്ങളുടെ മേഖലകളിൽ വിപുലമായ ഐക്യം രൂപപ്പെടുത്തി രാജ്യവ്യാപകമായി നടത്തിയ പ്രചാരണമാണ് രാഷ്ട്രീയ പാർട്ടികൾ മുഖ്യമായും ഏറ്റുമുട്ടിയിരുന്ന തെരഞ്ഞെടുപ്പിനെ ജനങ്ങളാകെ ഏറ്റെടുത്ത സമരമായി വികസിപ്പിച്ചത്. അതാണ് മോദിയുടെ ഏകാധിപത്യ ഭരണം തടയാനുള്ള ആത്മവിശ്വാസം നേടാൻ പൊതുസമൂഹത്തെ പ്രാപ്തമാക്കിയത്. സുപ്രീംകോടതിയിലെ ജഡ്ജിമാരെ പോലും ശരിയും സത്യസന്ധവുമായി ഉത്തരവുകൾ പുറപ്പെടുവിപ്പിക്കാൻ കർഷക സമരമടക്കമുള്ള വർഗ സമരങ്ങൾ സ്വാധീനിച്ചു എന്നതാണ് വസ്തുത.

കോൺഗ്രസ് തങ്ങളുടെ തെരെഞ്ഞെടുപ്പ് പത്രികയിൽ ലേബർ കോഡുകളുടെ ഭേദഗതി, കരാർവൽക്കരണം അവസാനിപ്പിക്കൽ, കർഷകർക്ക് വില നൽകാൻ സ്വാമിനാഥൻ കമീഷൻ ശുപാർശ നടപ്പിലാക്കൽ, കർഷകരുടെ കടബാധ്യതകൾ ഏറ്റെടുക്കൽ, തൊഴിലില്ലായ്മ പരിഹരിക്കൽ എന്നീ ഇടതുപക്ഷ നയങ്ങളെ ഉൾപ്പെടുത്തിയത് പ്രധാനമാണ്. കർഷകരുടെയും തൊഴിലാളികളുടെയും സമരങ്ങളുടെ സ്വാധീനമാണ് അതിനു കാരണമാകുന്നത്.

ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ മുൻനിർത്തിയുള്ള വർഗസമരങ്ങളാണ് ബി ജെ പിയെയും അത് മുന്നോട്ടുവെക്കുന്ന വർഗീയ രാഷ്ട്രീയത്തെയും ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയപാത. ഈ ദിശയിൽ ദേശീയ തലത്തിൽ വളർത്തിയെടുക്കുന്ന വർഗസമരങ്ങളിൽ തങ്ങൾക്ക് സ്വാധീനമുള്ള കേരളവും പശ്ചിമ ബംഗാളും ത്രിപുരയും ഉൾപ്പെടെ രാജ്യത്താകെയുള്ള കർഷകരെയും തൊഴിലാളികളെയും അടിസ്ഥാന ജനവിഭാഗങ്ങളേയും കൂടുതൽ കൂടുതൽ അണിനിരത്തുകയും ദേശീയ രാഷ്ട്രീയത്തിലെ നേതൃത്വമായി സ്വയം ഉയരുകയുമാണ് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ സഹായിക്കുക.

രാജ്യത്താകെ ‘ഇന്ത്യ’ മുന്നണി നേടിയ തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിനെക്കാൾ രാഷ്ട്രീയമായും ആശയപരമായും വിജയമുണ്ടായത് ഇടതുപക്ഷത്തിനാണ്

രാജ്യത്താകെ ‘ഇന്ത്യ’ മുന്നണി നേടിയ തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിനെക്കാൾ രാഷ്ട്രീയമായും ആശയപരമായും വിജയമുണ്ടായത് ഇടതുപക്ഷത്തിനാണ്. അതാണ് ബി ജെ പിയുടെയും മോദിയുടെയും തകർച്ചക്ക് വഴിയൊരുക്കിയത്. എന്നാൽ കേരളത്തിലെയും ഇന്ത്യയിലാകെയും പൊതുസമൂഹം അത് അംഗീകരിക്കാൻ ഇടതുപക്ഷത്തിന് ഇനിയും സമരം ചെയ്യേണ്ടതായി വരും.

Comments