പ്രോഗ്രസീവ് മെഡിക്കോസ് ആന്റ് സയന്റിസ്റ്റ്സ് ഫോറ (PMSF)ത്തിന്റെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) അഞ്ചു ഡോക്ടർമാർ, ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെ.എൻ.യു) യിലെ സെന്റർ ഫോർ സോഷ്യൽ മെഡിസിൻ ആന്റ് കമ്മ്യൂണിറ്റി ഹെൽത്ത് അസിസ്റ്റന്റ് പ്രഫസർ ഡോ. വികാസ് ബാജ്പൈ, എയിംസ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് ഹർജീത് ഭട്ടി, ഡൽഹിയിലെ ഒരു ഗവ. ആശുപത്രിയിലെ കൺസൽട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. സുമിത്രൻ എന്നിവർ, 2020 ഫെബ്രുവരിയിൽ കലാപം നടന്ന ഡൽഹിയിലെ പ്രദേശങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. സർക്കാറിന്റെ പ്രതികാരനടപടി ഭയന്നാണ് എയിംസ് ഡോക്ടർമാരുടെ പേരുവെളിപ്പെടുത്താത്തതെന്നും നിസ്വാർത്ഥവും നിസ്തുലവും ആയിരുന്നു അവരുടെ സേവനമെന്നും റിപ്പോർട്ട് എടുത്തുകാട്ടുന്നു.
വടക്കുകിഴക്കൻ ഡൽഹിയിലെ അതിഭീകരമായ വർഗീയ കലാപത്തിന്റെ സാഹചര്യത്തിലായിരുന്നു സംഘത്തിന്റെ സന്ദർശനം. ലക്ഷക്കണക്കിനു മുസ്‌ലിംകളുടെ പൗരത്വം കവർന്നെടുക്കാൻ ലക്ഷ്യമിട്ട് പാർലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) എന്നിവയ്ക്കെതിരെ ജനങ്ങൾക്കിടയിൽ നിന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു കലാപം.
കലാപം മൂലം ജനം നേരിട്ട ദുരിതങ്ങൾക്കൊപ്പം കലാപം കൈകാര്യം ചെയ്തതിൽ ഭരണ- രാഷ്ട്രീയ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവവും ജനങ്ങളുടെ വാക്കുകളിലൂടെ തുറന്നുകാട്ടുന്നതാണ് റിപ്പോർട്ട്.
ഭീകരം, ചികിത്സാ പ്രതിസന്ധി
2020 ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരമാണ് വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂർ, ഭജൻപുര, ചാന്ദ്ബാഗ് എന്നിവിടങ്ങളിൽ കലാപം തുടങ്ങിയത്. ജനങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും കുറേപേർ മരിച്ചെന്നും വ്യാപക തീവെപ്പും കൊള്ളയടിയും കല്ലേറും വീടുകൾ കത്തിക്കലും അരങ്ങേറിയെന്നും റിപ്പോർട്ടുകൾ വന്നു.
അടിയന്തര വൈദ്യ സഹായം തേടി ഒരുപാടുപേരുടെ കോളും സന്ദേശങ്ങളും വന്നു. കലാപബാധിത പ്രദേശത്തുള്ള ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും താങ്ങാനാവുന്നതിലും എത്രയോ അധികമായിരുന്നു ദുരന്തങ്ങൾ. പുറമെ നിന്ന് ആംബുലൻസും മരുന്നും അനുബന്ധ ഉപകരണങ്ങളും കലാപബാധിത മേഖലയിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല, സമീപ പ്രദേശത്ത് ഇത്തരം അടിയന്തരാവസ്ഥ നേരിടാൻ സൗകര്യങ്ങളുള്ള ഡൽഹി സർക്കാറിനുകീഴിലെ ഗുരുതേജ് ബഹാദൂർ ആശുപത്രി, കിഴക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനു കീഴിലെ സ്വാമി ദയാനന്ദ് ആശുപത്രി എന്നിവയെ ആശ്രയിക്കുന്നതിന് അനുകൂലമായ സാഹചര്യവുമുണ്ടായിരുന്നില്ല...ഇതെല്ലാം സ്ഥിതി വഷളാക്കി.
വടക്കുകിഴക്ക് ഡൽഹിയിലെ ഓൾഡ് മുസ്തഫാബാദ് പ്രദേശത്തുള്ള അൽ ഹിന്ദ് ഹോസ്പിറ്റലിന് തിരക്കുമൂലം അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനായില്ല. ആശുപത്രി ഉടമ ഡോ. എം.എ. അൻവറിന്റെ മൊഴി എടുത്തശേഷമാണ്, പരിക്കേറ്റവരെ സർക്കാർ ആശുപത്രികളിലേക്കു മാറ്റാൻ പൊലീസ് സുരക്ഷിത പാത ഒരുക്കണമെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജിമാരായ മുരളീധറും ഭംബാനിയും ഉത്തരവിറക്കിയത്.
കലാപം സൃഷ്ടിച്ച ഭീമമായ ചികിത്സാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഫോറം മെഡിക്കൽ സംഘത്തിന് രൂപം നൽകിയത്.
ഭീഷണിയുമായി ‘ജയ് ശ്രീറാം’ സംഘം
അക്രമങ്ങളും പരിക്കുകളും ആദ്യം റിപ്പോർട്ടു ചെയ്യപ്പെട്ട ഫെബ്രുവരി 24നു തന്നെ കലാപസ്ഥലത്തെത്താൻ ഈ സംഘം ശ്രമിച്ചിരുന്നു. എന്നാൽ സംഘം സഞ്ചരിച്ച സ്വകാര്യ ആംബുലൻസ് സിഗ്‌നേച്ചർ പാലത്തിൽ പൊലീസ് തടഞ്ഞ് സർക്കാർ വാഹനം മാത്രമേ അനുവദിക്കൂ എന്നറിയിച്ചു. സർക്കാർ ആംബുലൻസിനുവേണ്ടി 102 നമ്പറിൽ നിരന്തരം ശ്രമിച്ചതിനൊടുവിൽ ഒരെണ്ണം കിട്ടിയപ്പോൾ, അതും പൊലീസ് തടയുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
പിറ്റേന്ന്, ഫെബ്രുവരി 25ന്, അടിയന്തിരമായി ഡ്രസ്സിങ് സാധനങ്ങൾ, സ്റ്റാപ്‌ളർ സ്റ്റിച്ചസ് മരുന്നുകൾ മുതലായവ വേണമെന്ന സന്ദേശം കിട്ടിയപ്പോൾ അവ സംഭരിച്ച് ഓൾഡ് മുസ്തഫാബാദ് പ്രദേശത്തേക്ക് പോകാൻ ഞങ്ങൾ ശ്രമിച്ചു. എന്നാൽ ഡൽഹി- മീററ്റ് ഹൈവേയിൽ ബ്രിജ്പുരി ടി പോയിന്റിൽ വെച്ച് ഹിന്ദുവലതുപക്ഷത്തോട് ബന്ധമുള്ള അൻപതോ അറുപതോ പേരടങ്ങിയ സംഘം ഞങ്ങൾ സഞ്ചരിച്ച ആംബുലൻസ് തടഞ്ഞു. ‘ജയ് ശ്രീറാം' പോലുള്ള മുദ്രാവാക്യങ്ങൾ വിളിച്ചെത്തിയ അവർ, കലാപബാധിത പ്രദേശത്ത് കടന്നാൽ ഗുരുതര ഭവിഷ്യത്തുണ്ടാകുമെന്ന് പറഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി. ഭാഗ്യവശാൽ, ഞങ്ങൾക്ക് അൽ ഹിന്ദ് ഹോസ്പിറ്റലുമായി ബന്ധപ്പെടാൻ കഴിഞ്ഞു, അവർ മോട്ടോർ സൈക്കിളിൽ സന്നദ്ധസേവകരെ അയച്ച് ഹൈവേയുടെ മറ്റൊരു ഭാഗത്തുവെച്ച് മരുന്നുകൾ ഏറ്റുവാങ്ങി.
ഞങ്ങളുടെ സംഘത്തിന് ഫെബ്രുവരി 26നു മാത്രമേ കലാപബാധിത പ്രദേശത്ത് പ്രവേശിക്കുവാൻ കഴിഞ്ഞുള്ളൂ. പി.എം.എസ്.എഫ് നിയോഗിച്ച ഞങ്ങളായിരുന്നു പ്രദേശത്ത് എത്തിയ ആദ്യ മെഡിക്കൽ ടീം. എട്ടു ഡോക്ടർമാരടങ്ങിയ സംഘം ഫെബ്രുവരി 26ന് രാവിലെ 10.30ന് അൽഹിന്ദ് ഹോസ്പിറ്റലിലേക്കു പുറപ്പെട്ടു.
ഡോ. ഹർജീത് ഭട്ടി, ജാമിയ ഹംദർദ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരാൾ, എയിംസിൽ നിന്നുള്ള രണ്ടു സീനിയർ റസിഡന്റ് ഡോക്ടർമാർ എന്നിവരടങ്ങിയ സംഘം തുടക്കത്തിൽ അൽ ഹിന്ദ് ആശുപത്രിയിലുള്ള പരിക്കേറ്റവരെ പരിചരിക്കുകയും പിന്നീട് സമീപപ്രദേശമായ ശിവ് വിഹാറിലെ ഈദ് ഗാഹ് സന്ദർശിക്കുകയും ചെയ്തു. സി.എ.എ വിരുദ്ധ പ്രതിഷേധ പ്രകടനങ്ങൾ നടന്ന ഷഹീൻബാഗ്, ജാഫറാബാദ് എന്നിവിടങ്ങളിൽ പി.എം.എസ്.എഫിലെ ഡോക്ടർമാരും സന്നദ്ധപ്രവർത്തകരും രാപ്പകൽ വൈദ്യസേവനം എത്തിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് കലാപബാധിത പ്രദേശത്ത് നടത്തിയ പ്രവർത്തനങ്ങളുടേത് മാത്രമാണ്.
ഇരകൾ നൽകിയ തെളിവുകൾ
അൽഹിന്ദ് ഹോസ്പിറ്റലിൽ ഞങ്ങൾ കണ്ടതും ഡോക്ടർമാരിൽ നിന്നും രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും സമീപപ്രദേശത്തുനിന്നും ഹോസ്പിറ്റലിൽ എത്തിയവരിൽ നിന്നും ശേഖരിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. വ്യക്തികൾ നൽകിയ വിവരങ്ങളും, വീടുകൾക്കുനേരെയും അതിനുചുറ്റും അരങ്ങേറിയ അക്രമത്തിന്റെയും കൊള്ളിവെയ്പിന്റെയും ഫോട്ടോകളും വീഡിയോകളും തെളിവായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഇരകൾ തന്നെയെടുത്തതോ, അവരുടെ അയൽക്കാരോ സുഹൃത്തുക്കളോ എടുത്ത് അവർക്കു നൽകിയതോ ആണ്.
ഒരാൾ നൽകിയ വിവരം മറ്റുള്ളവർ വഴിക്കും ന്യൂസ് റിപ്പോർട്ട്, ആശുപത്രി രേഖകൾ എന്നിവ ചേർത്തുവെച്ചും സത്യമാണോയെന്ന് ഉറപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. വ്യാജ വാർത്തകളും ഊഹാപോഹങ്ങളും റിപ്പോർട്ടിൽ കടന്നുകയറാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.
പരിക്കേറ്റോ മരിച്ച നിലയിലോ ആശുപത്രികളിലെത്തിക്കപ്പെട്ടവരെപ്പറ്റിയും അവർക്കു നൽകിയ ചികിത്സ, പോസ്റ്റുമോർട്ടം എന്നിവയെപ്പറ്റിയും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചിട്ടുണ്ട്. സെക്കന്ററി സോഴ്സുകളിൽ ചിലരുമായി നെറ്റിൽ കൂടിയും അഭിപ്രായങ്ങൾ ആരാഞ്ഞു.
ഈ സന്ദർഭത്തിൽ ഓർക്കേണ്ട ഒരു വസ്തുത, ഞങ്ങൾ സന്ദർശിച്ച ദിവസങ്ങളിൽ ഈ മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നതിനാൽ, പൗരപ്രമുഖരുമായോ പൊലീസ് അധികൃതരുമായോ സംസാരിക്കുകയെന്നതും സഹായം തേടുകയെന്നതും സാധ്യമല്ലായിരുന്നു. അടിയന്തിര ആവശ്യം വരികയാണെങ്കിൽ വിളിക്കാൻ മേഖലയിലെ പൊലീസ് ഡെപ്യൂട്ടി കമീഷണറുടെ നമ്പർ തന്നുവെന്നത് മാത്രമാണ് പൊലീസ് സംരക്ഷണം എന്ന പേരിൽ ഞങ്ങൾക്കു ലഭിച്ച ഏകസഹായം. ഞങ്ങളുടെ പ്രവർത്തനം ആശുപത്രിയ്ക്കുള്ളിലൊതുങ്ങിയായിരുന്നു എന്നതുകൊണ്ടുതന്നെ ഈ കണ്ടെത്തലുകൾ കലാപബാധിതമായ എല്ലാ പ്രദേശങ്ങൾക്കും ബാധകമാണ് എന്ന അവകാശവാദമൊന്നും നടത്തുന്നില്ല. എന്നാൽ പൊതുഇടങ്ങളിൽ ലഭ്യമായ വിവരങ്ങൾ തട്ടിച്ചുനോക്കിയാൽ, ഞങ്ങൾ കണ്ടെത്തിയ വസ്തുതകൾ കലാപത്തിന്റെ ഒരു ലഘുചിത്രം മാത്രമേ നൽകുന്നുള്ളൂ എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
പരിക്കേറ്റവരുടെയും മറ്റും ബാഹുല്യം കാരണം അൽ ഹിന്ദ് ആശുപത്രിയിലെ ഡോക്ടർമാർക്കും സ്റ്റാഫിനും അവർ ചികിത്സിച്ച രോഗികളെ തിരിച്ചറിയാനും വരങ്ങളും മൃതശരീരങ്ങളുടെയോ ഗുരുതര പരുക്കുകളുടെയോ ഫോട്ടോഗ്രാഫുകൾ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്ന രേഖകൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലയെന്നതിന്റെ പോരായ്മ ഈ ഡാറ്റയ്ക്കുണ്ട്. ജി.ടി.ബി ആശുപത്രിയിലേക്കു മാറ്റിയ ചില രോഗികളുടെ മെഡിക്കോ ലീഗൽ കേസ് (എം.എൽ.സി) വിവരങ്ങൾ ലഭിക്കാൻ അൽ ഹിന്ദ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ശ്രമിച്ചെങ്കിലും അതും അപര്യാപ്തമായിരുന്നു. അൽ ഹിന്ദിലെ ഡോക്ടർമാർ പറഞ്ഞു: ‘നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ എമർജൻസി കൈകാര്യം ചെയ്യാൻ ആവശ്യമായ പരിശീലനമോ സൗകര്യങ്ങളോ ഇല്ലായിരുന്നിട്ടുകൂടി ഗുരുതര പരിക്കുകൾ ആവും വിധം ഞങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.'
വിവരങ്ങൾ നൽകിയ ഡോക്ടർമാരുടെ പേര് റിപ്പോർട്ടിൽ ചേർക്കുന്നില്ല. ഞങ്ങൾക്ക് വിവരങ്ങൾ തന്നതിന്റെ പേരിൽ അവർക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അവരെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിലാണിത്. ഹൈക്കോടതി ഓർഡറിൽ ഡോ. അൻവറിന്റെ പേര് പറഞ്ഞിട്ടുണ്ടെന്നതിനാൽ അദ്ദേഹത്തിന്റെ പേര് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പേടിച്ചുപേടിച്ച് പലയാനം ചെയ്യുന്ന ജനക്കൂട്ടം
മുസ്തഫാബാദ് അസംബ്ലി മണ്ഡലത്തിലെ ഓൾഡ് മുസ്തഫാബാദ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ഈ പ്രദേശത്തിനു ചുറ്റുമുള്ളത് ഹിന്ദുക്കളുമാണ്. യമുന നദിക്കു കുറുകേയുള്ള സിഗ്നേച്ചർ പാലം കടന്ന് ബ്രിജ്പുരി വഴി അൽ ഹിന്ദ് ഹോസ്പിറ്റലിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് പിക്കറ്റ് ഒഴിച്ചുനിർത്തിയാൽ വഴിയിൽ ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചത് ഭാണ്ഡങ്ങളും സഞ്ചികളും പേറി പേടിച്ചുപേടിച്ച്നീങ്ങുന്ന സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന ചെറുസംഘങ്ങളാണ്. രക്ഷപ്പെടാൻ പലായനം ചെയ്യുന്നവരാണെന്നു വ്യക്തം. വിവരം തിരക്കിയപ്പോൾ ‘ഞങ്ങളുടെ ഗ്രാമത്തിലേക്കു പോകുന്നു' അല്ലെങ്കിൽ ‘ബന്ധുക്കളുടെ അടുത്തേക്ക്' എന്നു മാത്രം പറഞ്ഞ് അവർ തിരക്കിട്ടു നീങ്ങി. അവർക്ക് പുറമെ കണ്ട ചെറുസംഘങ്ങൾ യുവതികളടക്കമുള്ള ചെറുപ്പക്കാരായ പത്രപ്രവർത്തകരുടേതായിരുന്നു.
ചാമ്പലായ വീടുകളും കടകളും വാഹനങ്ങളുടെ കരിഞ്ഞ ചട്ടക്കൂടുകളും ഗുണ്ടാ വിളയാട്ടത്തിന്റെ ബാക്കി പത്രങ്ങളായി തെളിഞ്ഞുനിന്നു. കുണ്ടും കുഴിയും നിറഞ്ഞ ഇടവഴികളും ഓടകളുടെ മൂടിക്കിടയിലൂടെ പുറത്തേക്കൊഴുകുന്ന അഴുക്കും എല്ലാംകൂടി ഇന്ത്യയെപ്പറ്റി ആരോപിക്കപ്പെടുന്ന വിപരീത വർണന തുറന്നുകാണിച്ചു. ഈ ദുരിതചിത്രത്തിനുനടുവിലാണ് പച്ചീസ് ഫുട്ടാ (25 അടി) റോഡിലെ 15ാം നമ്പർ ഗലിയിൽ സ്ഥിതി ചെയ്യുന്ന അൽഹിന്ദ് ഹോസ്പിറ്റൽ.
വീർപ്പുമുട്ടിയ അൽഹിന്ദ് ഹോസ്പിറ്റൽ
ഒരു നാലുനില കെട്ടിടത്തിന്റെ താഴത്തെ രണ്ടുനിലകളിൽ പ്രവർത്തിക്കുന്ന തീരെ ചെറിയ നഴ്‌സിങ് ഹോമാണ് അൽ ഹിന്ദ്. രണ്ടരവർഷം മുമ്പ് തുറന്ന ഹോസ്പിറ്റൽ സാധാരണ താഴത്തെ നിലയിൽ മാത്രമാണ് പ്രവർത്തിക്കാറുള്ളത്. രോഗികളെ സ്വീകരിക്കുന്ന സ്ഥലം, ഫാർമസി, ഡോക്ടറുടെ മുറി, പിന്നിൽ 15 കിടക്കകളുള്ള വാർഡ് എന്നിങ്ങനെയായി താഴത്തെ നില തരംതിരിച്ചിരിക്കുന്നു. കലാപവേളയിൽ മുറിവേറ്റവരുടെയും മരിച്ചവരുടേയും കുത്തൊഴുക്ക് നേരിടാൻ ഒന്നാം നിലയിൽ നിലത്ത് പായ വിരിച്ച് താൽക്കാലിക വാർഡുണ്ടാക്കി. എന്നാൽ ഫെബ്രുവരി 23, 24, 25 തിയ്യതികളിലുണ്ടായ തിരക്ക് കൈകാര്യം ചെയ്യാൻ സൗകര്യങ്ങളോ വൈദഗ്ധ്യമുള്ള ഡോക്ടർമാരോ ക്ലിനിക്കിൽ ഉണ്ടായിരുന്നില്ല.
ഡോ. അൻവറും അദ്ദേഹത്തിന്റെ മൂന്നു സഹോദരങ്ങളും- ഒരാൾ ഡെന്റിസ്റ്റ്, രണ്ടാമൻ യുനാനി മെഡിസിൻ ബിരുദധാരി, മൂന്നാമൻ ഫാർമസിസ്റ്റ്- ചേർന്ന് പ്രശംസാർഹമായ സേവനമാണ് കലാപകാലത്ത് ചെയ്തത്. സമീപപ്രദേശത്തെ ആറോ ഏഴോ ജനറൽ പ്രാക്ടീഷണർമാരും രാപ്പകലില്ലാതെ പണിയെടുത്ത 21 സന്നദ്ധ പ്രവർത്തകരും പരിക്കേറ്റവരെ പരിചരിക്കാൻ ഏറെ അദ്ധ്വാനിച്ചു. ഫെബ്രുവരി 26 ന് ഉച്ചതിരിഞ്ഞ് ഞങ്ങൾ കാണുമ്പോൾ അവർ ഉറങ്ങിയിട്ട് മൂന്നു ദിവസമായിരുന്നു. ആശുപത്രി സംവിധാനങ്ങളെ സഹായിക്കാനും വീടും കുടിയും നഷ്ടപ്പെട്ട പ്രദേശവാസികൾക്ക് അഭയം നൽകാനും സമീപ പ്രദേശത്തെ സാധാരണക്കാരും സഹായം ചെയ്തു.
38 കാരനായ ഡോ. അൻവർ ബിഹാറിലെ ഈസ്റ്റ് ചംപാരൻ ജില്ലക്കാരനാണ്. മീററ്റ് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം മൃദു ഭാഷിയാണ്.
ഡോക്ടർമാർ കരഞ്ഞുപോയ നിമിഷങ്ങൾ...
ഡോക്ടർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സാധാരണക്കാരുടെയും മൊഴികളും ഫോട്ടോഗ്രാഫിക് രേഖകളും നോക്കിയാൽ അൽ ഹിന്ദ് ഹോസ്പിറ്റലിൽ ഫെബ്രുവരി 23 വൈകിട്ടു മുതൽ എന്തൊക്കെയാണ് നടന്നതെന്ന് ഊഹിക്കാനേ കഴിയൂ. ആശുപത്രിയിലെ അന്തരീക്ഷത്തെപ്പറ്റി ഡോ. നസീർ അഹമ്മദ് വിവരിച്ചത് ഇങ്ങനെ: ഇരകളെ അവർ (അക്രമികൾ) അത്ര നീചമായി ആക്രമിച്ച്മൃതപ്രായമാക്കിയിരുന്നു. ഞങ്ങളുടെ പക്കലാവട്ടെ ഒന്നും ഉണ്ടായിരുന്നില്ല. ചിലരുടെ ഹൃദയം തുളഞ്ഞിരുന്നു, ശ്വാസകോശവും വൃക്കകളും തകർന്നിരുന്നു. തലയോട്ടി ഇരുവശത്തുനിന്നും കഠാരകൊണ്ട് കുത്തി പിളർന്നിരുന്നു. ചിലരുടെ തലച്ചോറിൽ ഇരുമ്പുപട്ട അടിച്ചു കയറ്റിയിരുന്നു. മൂന്നുമാസം ഗർഭിണിയായ ഒരു സ്ത്രീയെ പൊലീസ് അടിച്ചുവീഴ്ത്തി മാരകമായി പരിക്കേൽപ്പിച്ചു. ഫാറൂഖിയാ മസ്ജിദിലെ ഇമാമിനെ അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് പൊലീസ് വലിച്ചു പുറത്തിട്ടു തല്ലിച്ചതച്ചു. ശിവ് വിഹാർ മസ്ജിദിലെ ഇമാമിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. അദ്ദേഹത്തെ ചികിത്സിക്കാൻ ഞങ്ങളുടെ പക്കൽ ഒരു സൗകര്യവും ഇല്ലായിരുന്നു, എങ്കിലും അദ്ദേഹത്തിന് പ്രാഥമിക പരിചരണം നൽകി സ്വസ്ഥമാക്കിയ ശേഷമാണ് പറഞ്ഞയച്ചത്. അദ്ദേഹം ജീവിച്ചോ മരിച്ചോ എന്നറിയില്ല.
സാഹചര്യം വളരെ മോശമായിരുന്നു. രോഗികളെ കൊണ്ടുപോകാൻ ആംബുലൻസ് വിട്ടുതരാൻ ഒരു സർക്കാർ സംവിധാനവും മുന്നോട്ടുവന്നില്ല. മുസ്‌ലിം സംഘടനകളിൽ നിന്നും സഹായം കിട്ടിയില്ല. സാഹചര്യം അൽപം മെച്ചപ്പെട്ടപ്പോൾ പരിസരത്തെ സ്വാധീനശക്തിയുള്ളവർ ചുളിവുവീഴാത്ത വേഷം ധരിച്ച് സുഗന്ധം പ്രസരിപ്പിച്ചുകൊണ്ടുവന്നു. ഞങ്ങളവരെ അകത്തു കടത്തിവിട്ടില്ല; കാരണം അവരുടെ ആവശ്യം ഇല്ലായിരുന്നു. വേദനയിൽ പുളയുന്ന ജീവനുള്ള മനുഷ്യർ അൽ ഹിന്ദ് ഹോസ്പിറ്റലിലേക്കു വന്നു. അവരുടെ നേരെ നോക്കാൻ പോലുമുള്ള കരുത്ത് ഞങ്ങൾക്കുണ്ടായിരുന്നില്ല; ഞങ്ങൾ നിർവീര്യരായി മാറുകയായിരുന്നു. എന്നാൽ ചുറ്റുവട്ടത്തുള്ള മനുഷ്യർ ഞങ്ങൾക്ക് വീര്യം പകർന്നു; ‘ഡോക്ടർ സാഹിബ്, താങ്കൾക്കിങ്ങനെ ധൈര്യം ചോർന്നാൽ ഞങ്ങളുടെ വിധി മരണമാണ്; ഞങ്ങൾക്കും പ്രതീക്ഷ നഷ്ടപ്പെടും' എന്നാണവർ പറഞ്ഞത്. ഈ പ്രദേശത്തെ മനുഷ്യരാണ് ഞങ്ങൾക്ക് ധൈര്യം തന്നത്. ‘ഡോക്ടർ സാഹിബ്, ഞങ്ങൾ കൂടെയുണ്ട്. ഒട്ടേറെപ്പേർ മരിച്ചു. എന്നാൽ താങ്കൾ ചൊരിഞ്ഞ കണ്ണീരാണ് മനുഷ്യത്വത്തോടു താങ്കൾക്കുള്ള പ്രതിജ്ഞാബദ്ധതയുടെ സാക്ഷ്യപത്രം.'
മരിച്ചവർ ഹിന്ദുക്കളോ മുസ്‌ലിംകളോ എന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങൾ കരഞ്ഞത് അവരുടെ വേദന ശമിപ്പിക്കുന്നതിൽ ഞങ്ങൾ നിസ്സഹായരായതുകൊണ്ടാണ്. (ഹിന്ദിയിൽ നിന്ന് പരിഭാഷപ്പെടുത്തിയത്. )
തോക്കുകൾ, തോക്കുകൾ...
25ന് പൊതുപ്രവർത്തകരോട് സംസാരിച്ചു, അവർ ഇടപെട്ടാണ് ഞങ്ങൾക്ക് ഹൈക്കോടതി ജഡ്ജിമാരെ വിവരം ധരിപ്പിക്കാൻ സാധിച്ചത്. ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് പ്രദേശത്ത് ആംബുലൻസ് എത്തിയത്. ഗവൺമെന്റ് ആംബുലൻസ് വരുന്നില്ലെന്നു കണ്ടപ്പോൾ സ്വകാര്യ ആംബുലൻസ് സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അത് നിഷേധിക്കപ്പെട്ടു.
ഹോസ്പിറ്റലിൽ നിന്ന് 100 (പൊലീസ്), എല്ലാ അടിയന്തര ആവശ്യങ്ങൾക്കും വിളിക്കുവാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരംഭിച്ച 112 എന്നീ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചു. തുടക്കത്തിൽ ഈ വിളികൾക്ക് ഉദാസീന പ്രതികരണമാണുണ്ടായത്. പിന്നെ അവർ ഫോൺ എടുക്കാതെയായി. ക്യാറ്റ്‌സ് (CATS- സെൻട്രലൈസ്ഡ് ആംബുലൻസ് ആന്റ് ട്രോമ സർവീസസ്) അടിയന്തിര നമ്പറിൽ വിളിച്ചപ്പോഴും ഇതേ അനുഭവമാണുണ്ടായത്. ദുരിതാശ്വാസ പ്രവർത്തനത്തിൽ സഹായിച്ച പ്രദേശത്തെ ഒരു രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ (RMP) അൽ ഹിന്ദ് ഹോസ്പിറ്റലിലെ അവസ്ഥ വിവരിച്ചത് ഇങ്ങനെയാണ്: "ഞങ്ങളുടെ ഓക്‌സിജൻ സപ്ലൈ തീർന്നു. ഓക്‌സിജൻ അത്യാവശ്യമായ ഒരു രോഗി ഞങ്ങളെ സമീപിച്ചു. ഒരു ആംബുലൻസിനുവേണ്ടി ഡോ. അൻവർ രാവിലെ 11.30നുതന്നെ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇവിടേക്ക് എത്താൻ വഴിയുണ്ടായിട്ടും ആംബുലൻസ് ഒരു കിലോമീറ്റർ അകലെയാണ് നിർത്തിയിട്ടത്. ഒന്നര മണിക്കൂറിലേറെ ജീവനുമായി മല്ലിട്ടശേഷം ആ രോഗി മരിച്ചു.'
24ന് രാത്രി മുതൽ അൽ ഹിന്ദ് ഹോസ്പിറ്റലിൽ എത്തിയ രോഗികളുടെ എണ്ണം തന്നെ കഥ പറയുവാൻ പര്യാപ്തമാണ്. സാധാരണ ഒരു ദിവസം 30-40 രോഗികളെ മാത്രം കൈകാര്യം ചെയ്യാൻ സൗകര്യമുള്ള ആശുപത്രിയിൽ 24ന് ഗുരുതര പരിക്കുകളോടെ എത്തിയത് 200ലേറെ രോഗികളാണ്. 25ന് 350- 400 പേർ. രോഗികളുടെ ഫോട്ടോ കണ്ടാലാണ് ഈ ഹോസ്പിറ്റൽ അഭിമുഖീകരിച്ച ദുരന്തത്തിന്റെ ആഴം തിരിച്ചറിയുക. രോഗികളിൽ 75 ശതമാനത്തിനും പെല്ലറ്റുകൊണ്ട് ആഴത്തിൽ മുറിവുകളോ വെടിയുണ്ട കൊണ്ടുള്ള മുറിവുകളോ ആയിരുന്നു. ബാക്കിയുള്ളവരിൽ ഭൂരിപക്ഷത്തിനും കൈകാലുകൾ പൊട്ടുകയോ തലയോട്ടി തകരുകയോ പോലെ എല്ലുകൾക്കുള്ള പരിക്കുകളായിരുന്നു. ചെറിയ ശതമാനത്തിന് പൊള്ളൽ പോലുള്ള മുറിവുകളോ മൂർച്ച ഇല്ലാത്ത ഉപകരണം കൊണ്ടുണ്ടായ ചതവുകളോ ആയിരുന്നു. കലാപത്തിൽ തോക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് ഞങ്ങൾ സംസാരിച്ച ഏറെപ്പേർ സാക്ഷ്യപ്പെടുത്തി.
മുസ്‌ലിംകൾ, സംശയിക്കപ്പെടുന്നവർ
ഫെബ്രുവരി 26ന് ഞങ്ങൾ, ഡോക്ടർമാരുടെ സംഘം, ഓൾഡ് മുസ്തഫാബാദിൽ എത്തുമ്പോഴേക്കും കലാപം ഒട്ടൊന്ന് അടങ്ങിയിരുന്നു. എന്നാലും പരിക്കേറ്റ പുതിയ കേസുകൾ വന്നുകൊണ്ടിരുന്നു. അൽഹിന്ദ് ഹോസ്പിറ്റലിൽ അപ്പോഴുണ്ടായിരുന്ന ഡോക്ടർമാരിൽ നിന്നും മറ്റു മെഡിക്കൽ പ്രവർത്തകരിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ആംബുലൻസ് ലഭ്യമാക്കാൻ തുടങ്ങിയ ഫെബ്രുവരി 26 രാവിലെ തന്നെ ഗുരുതര പരിക്കുള്ള അൻപതോളം രോഗികളെ ഗവൺമെന്റ് ആശുപത്രികളിലേക്കു മാറ്റിയിരുന്നു. ഏറ്റവും കൂടുതൽ പേരെ ജി.ടി.ബി ആശുപത്രിയിലേക്കാണ് അയച്ചത്. അന്നുച്ചയ്ക്കുശേഷമാണ് സാധാരണ രോഗങ്ങളുമായി മൂന്നുദിവസമായി ചികിത്സ കിട്ടാതിരുന്ന മറ്റു രോഗികൾ അൽഹിന്ദ് ആശുപത്രിയിൽ വരാൻ തുടങ്ങിയത്.
ഞങ്ങൾ കണ്ട ചില പരിക്കുകളുടെ സ്വഭാവവും തീവ്രതയും പ്രദേശത്തു നിലനിന്ന ഭീകരാവസ്ഥ എടുത്തുകാട്ടുന്നവയായിരുന്നു. ദിവസക്കൂലി തൊഴിലാളികളായ രണ്ടു യുവാക്കൾ ശരീരത്തിൽ വെടിയുണ്ട തുളച്ചു കയറിയ പരിക്കുമായി വന്നു. രണ്ടുദിവസം മുമ്പാണ് അവർക്കു വെടിയേറ്റത്. പൊലീസിനെ പേടിച്ച് അവർ 48 മണിക്കൂറിലേറെയായി ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് അവരെ കലാപകാരികളായി കള്ളക്കേസിൽ കുടുക്കുമെന്നായിരുന്നു അവരുടെ പേടി. ഒരാളുടെ ഇടതുകക്ഷത്തിൽ (left axilla) ഉണ്ട തറഞ്ഞിരുന്നു. 22 കാരനായ അയാൾ 23ന് വൈകുന്നേരം ജോലി സ്ഥലത്തുനിന്നു മടങ്ങുമ്പോഴാണ് വെടിയേറ്റത്. രണ്ടാമന് വയറ്റിലാണ് വെടിയേറ്റത്.
വൈദ്യശാസ്ത്രമനുസരിച്ച് ചികിത്സ ഇത്രയും വൈകുന്നത്, സ്ഥിതി മാരകമായി മാറാൻ കാരണമാകാം. ഇക്കാര്യം ബോധ്യപ്പെടുത്തി ഉടൻ ജി.ടി.ബി ആശുപത്രിയെ സമീപിച്ച് ചികിത്സ തേടണമെന്ന് അവരെ ഉപദേശിച്ചു. എന്നാൽ കലാപത്തിൽ പരിക്കേറ്റവർക്ക് ആ ആശുപത്രിയിൽ നിന്നുണ്ടായ അനുഭവങ്ങളെപ്പറ്റി അയൽക്കാരിൽ നിന്നു കേട്ട അവർക്ക് ചികിത്സയിൽ ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല. ആശുപത്രിയിൽ നിന്ന് മോശം പരിചരണം കിട്ടുന്നതിനേക്കാൾ ഭേദം വീട്ടിൽ കിടന്നുള്ള അന്തസ്സോടെയുള്ള മരണമാണ് എന്നവർ പറഞ്ഞു. മുസ്ലിംകളായതിനാൽ തങ്ങൾ സംശയിക്കപ്പെടുമെന്ന് അവർ ഭയന്നു.
പി.എം.എസ്.എഫ് കൺവീനർ ഡോ. ഹർജീത് ഭട്ടി രോഗികളുടെ കൂടെ ആശുപത്രിയിൽ വന്ന് ഡോക്ടർമാരുമായി സംസാരിച്ച് നല്ല ചികിത്സ ലഭ്യമാക്കാമെന്ന് ഉറപ്പു നൽകി, അവരെ ആംബുലൻസിൽ കയറ്റി. അൽഹിന്ദ് ഹോസ്പിറ്റലിൽ നിന്ന് ജി.ടി.ബി ആശുപത്രിയിലേക്ക് തിരിയുന്ന ഹൈവേയിലേക്ക് ഒരു കിലോമീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളൂ. ഇതിനിടയിൽ ആംബുലൻസിനെ പൊലീസുകാർ നാലു സ്ഥലത്ത് തടയുകയും ഓരോ തവണയും രോഗികളുടെ മുറിവുകെട്ടിയ ബാൻഡേജ് തുറന്നു പരിശോധിക്കുകയും ചെയ്തു.
താൻ എയിംസിൽ സേവനം ചെയ്ത സ്‌പെഷ്യലിസ്റ്റ് ഡോക്ടർ ആണെന്ന് ഡോ. ഭട്ടി അറിയിച്ചിട്ടും പൊലീസ് പരിശോധന ഉപേക്ഷിച്ചില്ല എന്നുമാത്രമല്ല, രോഗികളെ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്നു പറഞ്ഞ് രോഗിയെ പരിചരിക്കാൻ കൂടെ വന്ന ബന്ധുവിനെ ഇറക്കിവിടുകയും ചെയ്തു. വയറ്റിയിൽ വെടിയുണ്ടയുമായി ശസ്ത്രക്രിയക്കു വിധേയനാവേണ്ട രോഗി പരസഹായമില്ലാതെ എങ്ങനെ ഈ കലാപദുരന്തകാലത്ത്, സ്വതവേതന്നെ തിരക്കുകൊണ്ടു വീർപ്പുമുട്ടുന്ന ആശുപത്രിയിലെ ദിവസങ്ങൾ തരണം ചെയ്യുമെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല.
ആംബുലൻസ് പിടിച്ചുവെച്ച പൊലീസ് ഗുണ്ടകൾ
പി.എം.എസ്.എഫ് സംഘം അൽ ഹിന്ദ് ഹോസ്പിറ്റലിൽ എത്താൻ വിഫലശ്രമം നടത്തിയ ആദ്യ ദിവസങ്ങളിൽ മാരക പരിക്കുകളോടെ അവിടെ പ്രവേശിപ്പിക്കപ്പെട്ട ചില രോഗികളുടെ ഫോട്ടോകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. നസീർ അഹമ്മദ് മുമ്പ് പരാമർശിച്ച ആസിഡ് ആക്രമണത്തിനു വിധേയനായ ശിവ് വിഹാറിലെ പൈശ് ഇമാമിന്റെ ഫോട്ടോയും ഇതിലുണ്ട്.
യമുനാ വിഹാറിലെ സി.ബ്ലോക്കുകാരനായ ഒരാൾ ആശുപത്രിയിലെത്തിയത് തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു. ഇജ്ത്തിമ പ്രദേശത്തുനിന്ന് മറ്റുപലരോടുമൊപ്പം തന്റെ വീട്ടിലേക്ക് വരുന്ന സമയത്താണ് ഇദ്ദേഹത്തെ R.S.S- B.J.P ഗുണ്ടകൾ ‘മുസൽമാൻ മൂർദാബാദ്, കത്‌വാ മൂർദാബാദ്, മുല്ല മൂർദാബാദ്' മുതലായ മുദ്രാവാക്യങ്ങൾ മുഴക്കി ആക്രമിച്ചത്. ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കപ്പെട്ട ഇദ്ദേഹത്തിന്റെ കൂടെയുള്ളവർക്കും പരിക്കേറ്റിരുന്നു. കൂടെയുള്ളവരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
ഇദ്ദേഹത്തെ ജി.ടി.ബി ആശുപത്രിയിലേക്കു മാറ്റാൻ ആംബുലൻസിനുവേണ്ടി ഡോ. അൻവർ നിരന്തരമായി പ്രാദേശിക ഭരണാധികാരികളെ ഫോണിൽ ബന്ധപ്പെട്ടു. ഒരു കിലോമീറ്ററിലും താഴെ അകലെ മെയിൻ റോഡിൽ ഒരു ആംബുലൻസ് പൊലീസ് ബാരിക്കേഡിനപ്പുറം നിറുത്തിയിട്ടിരുന്നു. അത് കടത്തിവിടുന്നതിനു പകരം രോഗിയെ അവിടെ എത്തിക്കാനായിരുന്നു നിർദേശം. രോഗിയെ ഒരു സ്ട്രച്ചറിൽ കിടത്തി ഉന്തുവണ്ടിയിൽ കയറ്റി കുണ്ടും കുഴിയും കല്ലും നിറഞ്ഞ റോഡിലൂടെ കൊണ്ടുപോകുകതന്നെ സാഹസികമായിരുന്നു.
എന്നാൽ തുടർന്നുണ്ടായ അനുഭവങ്ങൾ ഇതിലും ദൗർഭാഗ്യകരമായിരുന്നു. ഫിറോസ് ഖാനും ഡോ. നസീറും ഏതാനും ചെറുപ്പക്കാരുടെ സംഘവും ചേർന്നു ഉന്തുവണ്ടി തള്ളി പൊലീസ് ബാരിക്കേഡിനടുത്തെത്തിയപ്പോൾ രോഗിയെ ആംബുലൻസിലേക്ക് മാറ്റുന്നതിൽ നിന്നും അവരെ പൊലീസ് തടഞ്ഞു. മാത്രമല്ല, പരിക്കുകൾ ബാൻഡേജു കെട്ടിയാണെങ്കിലും രോഗിയെ സഹായിക്കാനെത്തിയ അവരെ പൊലീസ് കഠിനമായി മർദ്ദിച്ചു. ‘നമ്മുടെ രണ്ടു മൂന്നുപേരെ ഇവന്മാർ കൊന്നു; ഇവരുടെ പത്തുപന്ത്രണ്ടെണ്ണം ചാവട്ടെ' എന്ന് അവർ ആക്രോശിച്ചുകൊണ്ടിരുന്നു. ഡോ. മേഹ്‌രാജ് ഇടപെട്ട് ശക്തിയായി യാചിക്കുകയും സി.ആർ.പി.എഫ് സേനാംഗങ്ങൾ ഇടപെടുകയും ചെയ്തപ്പോൾ മാത്രമാണ് പൊലീസുകാർ രോഗിയെ ജി.ടി.ബി ഹോസ്പിറ്റലിലേക്കു കൊണ്ടുപോകാൻ അനുവദിച്ചത്. ഡോ. നസീറും ഫിറോസ് ഖാനും രോഗിയെ ആശുപത്രിവരെ അനുഗമിച്ചു.
ബീഭത്സമായ ആക്രമണം നടന്നതിന്റെ സാക്ഷ്യപത്രമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ മറ്റൊരു ചിത്രം. ഒരു ചെറുപ്പക്കാരന്റെ വൃഷണം ‘ജയ് ശ്രീറാം' എന്ന് ആക്രോശിക്കുന്ന ഒരു സംഘം വെട്ടിമാറ്റുകയായിരുന്നു. അക്രമികൾ രോഗിയുടെ കാലുകൾ പിടിച്ചു വലിച്ചുകീറി വൃഷണഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടാക്കി. പിന്നാലെ മൂർച്ചയുള്ള ആയുധംകൊണ്ട് വൃഷണം ചെത്തിമാറ്റി. രോഗിയുടെ രക്തവാർച്ച നിയന്ത്രിക്കാൻ 90 ലേറെ തുന്നിക്കെട്ടുകൾ വേണ്ടിവന്നു. ആംബുലൻസ് കിട്ടിയപ്പോൾ രോഗിയെ ജി.ടി.ബിയിലേക്ക് മാറ്റി.
റിപ്പോർട്ട് ചെയ്ത മരണങ്ങൾ
അതിക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 38 പേരാണ് GTB ആശുപത്രിയിൽ മരിച്ചത്. മൂന്നുപേർ ലോക് നായക് ഹോസ്പിറ്റലിലും ഒരാൾ ജഗ് പ്രവേശ് ചന്ദ്ര ഹോസ്പിറ്റലിലും നാലുപേർ ഡോ. രാം മനോഹർ ലോഹ്യ ആശുപത്രിയിലുമാണ് മരിച്ചത്. മാർച്ച് രണ്ടുവരെ മരിച്ചവരുടെ ലിസ്റ്റ് താഴെ.
ഇതിൽ 15 വയസുമാത്രം പ്രായമുള്ളയാളും 85 വയസു പ്രായമുള്ള മുത്തശ്ശിയും പെടും. മരിച്ചവരിൽ രണ്ടുപേർ മാത്രമാണ് സ്ത്രീകൾ.
അൽഹിന്ദ് ഹോസ്പിറ്റലിൽ മരിച്ച നിലയിൽ എത്തിച്ച രണ്ടുപേരുടെ ഫോട്ടോയാണ് മുകളിൽ. മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യം ഈ ആശുപത്രിയിലില്ല. എന്നിട്ടും ആംബുലൻസ് കിട്ടാതെ മൃതദേഹങ്ങൾ രണ്ടുദിവസത്തോളം ആശുപത്രിയിൽ കിടന്നു. രണ്ടു മൃതദേഹങ്ങളിലും വെടിയേറ്റ മുറിപ്പാടുകൾക്കു പുറമേ കത്തിക്കുത്തേറ്റ മുറിവുകളും ഉണ്ടായിരുന്നു. ഡൽഹി ഹൈക്കോടതി ഉത്തരവിനുശേഷം ഫെബ്രുവരി 26 ന് രാത്രി മൂന്നുമണിക്കുശേഷമാണ് ഈ മൃതദേഹങ്ങൾ ജി.ടി.ബി ആശുപത്രിയിലേക്കു മാറ്റിയത്.
ഇവരോടൊപ്പം ഇതേ ഏരിയയിൽ 35 ഫുട്ട്‌റോഡിൽ പ്രവർത്തിക്കുന്ന മറ്റൊരു നഴ്‌സിങ് ഹോമിൽ നിന്ന് ഒരു മൃതദേഹവും ബ്രിജ്പുരി കൽവെർട്ടിനടുത്ത് അഞ്ചാം നമ്പർ ഗലിയിൽ കിടന്ന മൃതദേഹവും, ഗുരുതരമായി പരിക്കേറ്റ 21 പേരെയും മൂന്ന് ആംബുലൻസുകളിൽ 25, 26 തിയതികളിൽ രാത്രി എഴെട്ട് സി.ആർ.പി.എഫ് ജവാന്മാരുടെയും മൂന്ന് ഡൽഹി പൊലീസ് ജിപ്‌സികളുടെയും അകമ്പടിയോടെ ജി.ടി.ബി ആശുപത്രിയിലേക്കു മാറ്റി.
ഹൈക്കോടതി ഉത്തരവിനുശേഷവും അൽഹിന്ദ് ആശുപത്രിയിലെ ഡോക്ടർമാരോട് പൊലീസ് പറഞ്ഞത് സ്വകാര്യ ആംബുലൻസുകൾ ലഭ്യമാക്കിയാൽ തങ്ങൾ സംരക്ഷണം നൽകാമെന്നാണ്. സമീപപ്രദേശമായ ഭജൻപുരയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും ആംബുലൻസ് ലഭ്യമാക്കുന്നതിലുള്ള നിസ്സഹായത അറിയിച്ചു. ആൾക്കൂട്ടം സ്വകാര്യ വാഹനങ്ങൾ ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുന്നുണ്ടെന്നതിനാൽ രോഗികളെ അതിൽ കൊണ്ടുപോകാനാവില്ലെന്ന് അൽഹിന്ദ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ഉറപ്പിച്ചു പറഞ്ഞതിനെ തുടർന്നാണ് രാത്രി മൂന്നുമണിക്ക് സർക്കാർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയത്.
ചികിത്സിക്കാൻ കഴിയാത്ത മുറിവുകൾ
ആശുപത്രികളിൽ മരിച്ചവരുടെ കണക്ക് മുകളിൽ പരാമർശിച്ചിരുന്നല്ലോ. അതിൽ ഇരകൾക്ക് ആവശ്യമായ സ്‌പെഷ്യലിസ്റ്റ് ചികിത്സ നൽകാൻ പ്രധാനമായും ആശ്രയിച്ചത് ഈസ്റ്റ് ഡൽഹിയിലെ ദിൽഷാദ് ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരു തേജ് ബഹദൂർ ഹോസ്പിറ്റൽ ആന്റ് യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസിനെയായിരുന്നു. ഈ ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പരിക്കേറ്റ 200 ലേറെ പേരെ കാഷ്വാലിറ്റിയിലും കൂടുതൽ ചികിത്സ വേണ്ടവരെ കിടത്തിയും ചികിത്സിച്ചിട്ടുണ്ട്. ഇവിടെ റിപ്പോർട്ടു ചെയ്ത 38 മരണങ്ങളിൽ 22 പേരെ (58%) മരിച്ചനിലയിലായിരുന്നു എത്തിച്ചത്.
ജി.ടി.ബി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെയും ഫെബ്രുവരി 27 വരെ റിപ്പോർട്ടു ചെയ്യപ്പെട്ട മരണങ്ങളുടെയും കണക്കാണ് മുകളിലെ പട്ടികയിൽ. ഇതിൽ ഭൂരിപക്ഷം പേർക്കും തലയ്ക്കായിരുന്നു പരിക്ക്. പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 70 ശതമാനം മരണപ്പെട്ടെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇത് ഇവരുടെ നേരെ നടന്ന ആക്രമണത്തിന്റെ തീവ്രത എടുത്തുകാട്ടുന്നു.
കലാപത്തിൽ പരിക്കേറ്റവർക്ക് ജി.ടി.ബി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയകളുടെ കണക്കാണിത്. എല്ലാം തന്നെ അത്യന്തം ആപൽ സാധ്യതയുള്ള ശസ്ത്രക്രിയകളായിരുന്നു. മിക്കവയിലും ജീവൻ നഷ്ടപ്പെടാനോ, അല്ലെങ്കിൽ ഏതെങ്കിലും അവയവത്തിന് സ്ഥിരമായ കോട്ടം വരാനോ ഉള്ള സാധ്യത ഏറെയായിരുന്നു. മൂന്നുദിവസം (24, 25, 26) കൊണ്ട് അത്തരം 24 ശസ്ത്രക്രിയകളാണ് നടത്തിയത്, എല്ലാം പുരുഷന്മാരിൽ.
ജി.ടി.ബി ഹോസ്പിറ്റലിലെ ഓർത്തോപീഡിക് ഡിപ്പാർട്ട്‌മെന്റിൽ ഫെബ്രുവരി 24 മുതൽ 27 വരെ പ്രവേശനം തേടിയവരിൽ എല്ലാവരും പുരുഷന്മാരാണ്. മിക്കയാളുകളുടെയും കൈകാലുകളിലെ രക്തധനമികളടക്കം പൊട്ടിയിട്ടുണ്ട്, സ്‌നായുക്കൾ തകർന്നു, എല്ലുകൾ പുറത്തുകാണുന്ന തരത്തിലുള്ള കോമ്പൗണ്ട് ഫ്രാക്ചറാണ്. ഇത്തരം സാഹചര്യത്തിൽ അണുബാധക്ക് സാധ്യത വളരെയധികമാണ്. ഓപ്പറേഷനു ശേഷം രോഗിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചാൽകൂടിയും, തുടർ ചികിത്സ ഏറെ പ്രയാസമുള്ളതാണ്. അത് രോഗിയുടെ പ്രവർത്തനശേഷിയേയും സാമ്പത്തിക സുരക്ഷിതത്വത്തേയും ഗുരുതരമായി ബാധിക്കും.
പരിക്കേറ്റവരിൽ ഒരുപാട് ആളുകൾ ചികിത്സ തേടിയ മറ്റൊരു ആശുപത്രി ലോക് നായക് ഹോസ്പിറ്റലാണ്. 56 പേരാണ് ഫെബ്രുവരി 27 ന് ഇവിടെ ചികിത്സ തേടിയത്. ഒരാളെ മരിച്ചനിലയിലാണ് കൊണ്ടുവന്നത്. രണ്ടുപേർ ചികിത്സക്കിടയിൽ മരിച്ചു. പത്തുപേരൊഴികെ ബാക്കി എല്ലാവരേയും കാഷ്വാലിറ്റിയിൽ ചികിത്സിച്ച് ഡിസ്ചാർജ് ചെയ്തു.
ജി.ടി.ബിയിൽ നിന്ന് എല്ലുസംബന്ധമായ പരിക്കുമായി നാലുപേരെ സഫ്ദർ ജങ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തിരുന്നു. ഇവരിൽ ആരും മരിച്ചതായി റിപ്പോർട്ടില്ല. എന്നാൽ ഇതേ ആശുപത്രിയിലെ ബേൺസ് വാർഡിൽ രണ്ടുപേർ മരിച്ചതായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ആസിഡുകൊണ്ടുള്ള പൊള്ളലേറ്റാണ് ഇവർ മരിച്ചത്.
ഫെബ്രുവരി 27 വരെ കലാപത്തിൽ പരിക്കേറ്റ അഞ്ചുപേരെയാണ് എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചത്. ഇതിൽ നാലുപേർക്ക് വെടിയേറ്റതുകൊണ്ടുള്ള പരിക്കായിരുന്നു; ഒരാൾക്ക് വയറ്റിൽ കുത്തേറ്റ പരിക്കും. ഇവരിൽ ആരെങ്കിലും മരിച്ചതായി റിപ്പോർട്ടില്ല. മാർച്ച് 3 ആയപ്പോഴേക്കും രോഗികളുടെ എണ്ണം വർധിച്ചു.
എന്തുകൊണ്ട് സർക്കാറുകൾ എത്തിനോക്കിയില്ല?
ജി.ടി.ബി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട രോഗികൾക്ക് ലഭിച്ച ചികിത്സയെപ്പറ്റി പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. പലപ്പോഴും നല്ല സമയത്തുപോലും ഇന്ത്യയിലെ സർക്കാർ ആശുപത്രികൾ അവിടെ എത്തുന്ന ഭൂരിപക്ഷവും സാധാരണക്കാരായ രോഗികളെ നല്ല രീതിയിൽ സ്വാഗതം ചെയ്യാറില്ല. അതിന്റെ കാരണങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ മനുഷ്യദുരന്തങ്ങൾ അധികാരത്തിലിരിക്കുന്നവരാൽ മനഃപൂർവ്വം സൃഷ്ടിക്കപ്പെട്ടതാവുമ്പോൾ, അത് സമൂഹത്തിന്റെ ആഴങ്ങളിലേക്ക് ഇഴുകിച്ചേരുകയും സാമൂഹിക സമീപനങ്ങളെ ബാധിക്കുകയും ചെയ്യും.
ജി.ടി.ബി ആശുപത്രിയിലെ ചില സീനിയർ ഡോക്ടർമാരെ ഫോൺ വിളിച്ച് കലാപത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ഏതാനും പേരോട് സംസാരിക്കാൻ സൗകര്യപ്പെടുത്താൻ പറ്റുമോ എന്നന്വേഷിച്ചപ്പോൾ അവർ ഞങ്ങളോട് പറഞ്ഞത് യൂണിഫോം ധരിക്കാത്ത പൊലീസുകാർ വാർഡിനകത്തും പുറത്തും ഇരുന്ന്, ആരൊക്കെയാണ് രോഗികളെ കാണാൻ വരുന്നത്, ആരെയൊക്കെ കാണുന്നു എന്നെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. മാധ്യമപ്രവർത്തകരെയും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. രോഗികളെ ഭയപ്പെടുത്തി അവർ മാധ്യമങ്ങളോടും പൊതുപ്രവർത്തകരോടും സംസാരിക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം.
ജി.ടി.ബി ഹോസ്പിറ്റലിലെ മോർച്ചറിയിൽ മൃതശരീരങ്ങൾ കുന്നുകൂടിക്കൊണ്ടിരുന്നിട്ടും അവർ പോസ്റ്റുമോർട്ടം നടപടി വൈകിപ്പിച്ചു. അധികൃതർ സർക്കാരിൽ നിന്ന് ‘നിർദേശ'ത്തിനായി കാത്തിരിക്കുകയായിരുന്നു. മരണകാരണം എന്താണെന്നു തെളിയിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നു സംശയിക്കപ്പെടുന്നു. ഈ സംശയം അസ്ഥാനത്തല്ലെന്നു തെളിയിക്കുന്നതായിരുന്നു ഫെബ്രുവരി 26ന് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ജി.ടി.ബി ആശുപത്രി സൂപ്രണ്ടിനു നൽകിയ നിർദേശം. ‘മൃതദേഹം കിട്ടി 24 മണിക്കൂറിനുള്ളിൽ അവയിലും ഇനി വരാനിരിക്കുന്ന മൃതദേഹങ്ങളിലും പോസ്റ്റുമോർട്ടം നടപടി എടുത്തിരിക്കണമെന്ന് താങ്കൾക്ക് നിർദേശം'
എല്ലുപൊട്ടി ഗുരുതരമായി പരുക്കേറ്റിട്ടും എല്ലുകൾ സ്വസ്ഥാനത്ത് സ്ഥാപിക്കാതെ പ്ലാസ്റ്ററിട്ട് പറഞ്ഞുവിട്ട പലരേയും ജി.ടി.ബി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിൽ ഞങ്ങൾ കണ്ടു. ഫെബ്രുവരി 28ന് ഞങ്ങളുടെ സംഘം, തുടയിൽ വെടിയുണ്ട തുളച്ചുകയറിയ ഒരാളെ ചികിത്സിക്കാനിടയായി. വെടിയുണ്ട ഇടത്തെ തുടയുടെ അകത്തുനിന്ന് തുളച്ചുകയറി മറുവശത്തു വലിയ മുറിവുണ്ടാക്കി പുറത്തുകടന്നിരുന്നു. ആ ഭാഗം വല്ലാതെ ചീർത്തിരുന്നു. മുറിപ്പാട് പഴുത്ത് ചലം ഒലിച്ചു ദുർഗന്ധം വമിച്ചിരുന്നു. സംഘത്തിലെ ഡോക്ടർമാർ ഉടൻ മുറിപ്പാടിലുള്ള മൃതപേശികൾ എടുത്തുമാറ്റി മുറിവ് തുന്നിച്ചേർത്തു. ഈ രോഗിയെ ജി.ടി.ബി ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സ നൽകിയശേഷം മറ്റു പരിചരണമൊന്നും നൽകാതെ ഡിസ്ചാർജ് ചെയ്യുകയാണുണ്ടായതെന്ന് രോഗി പറഞ്ഞു.
ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ക്ഷേമവിവരം അറിയാൻ ബന്ധുക്കൾ നെട്ടോട്ടമോടുന്നതിന്റെ ഒട്ടേറെ റിപ്പോർട്ടുണ്ട്. സ്വന്തം മകനോ മകളോ പിതാവോ ഒക്കെ ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നുപോലും അറിയാതെ രണ്ടുദിവസത്തിലേറെ നട്ടംതിരിയേണ്ടിവന്നവർ ഏറെയാണ്. ബന്ധുക്കളെ വേണ്ടവണ്ണം സഹായിക്കാൻ ആർക്കും സമയമില്ലായിരുന്നുവെന്നു തോന്നുന്നു. വിമാനം, ട്രെയിൻ അപകടത്തിൽപ്പെടുമ്പോൾ ചികിത്സയിലുള്ളവരുടെയും മരിച്ചവരുടെയും പേര് നോട്ടീസ് ബോർഡിൽ എഴുതി പതിപ്പിക്കുക പതിവാണ്. എന്നാൽ പരിക്കേറ്റവരും മരിച്ചവരും ഏറ്റവുമധികം പ്രവേശിപ്പിക്കപ്പെട്ട ജി.ടി.ബി ഹോസ്പിറ്റൽ എന്തുകൊണ്ടോ ഇത് ചെയ്തില്ല.
അതേസമയം, കലാപബാധിത മേഖലയിൽ കുടുങ്ങിയ ജനങ്ങൾ പരിമിത സൗകര്യങ്ങൾ മാത്രമുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുവാൻ നിർബന്ധിതരായ വസ്തുത പ്രമുഖ വനിതാ സംഘടന അറിയിച്ചപ്പോൾ ‘അവരെന്തിനാണ് അവിടേക്ക് (സ്വകാര്യ ആശുപത്രിയിലേക്ക്) പോയത്? അവർ ഡൽഹി സർക്കാറിന്റെ ആശുപത്രികളിൽ വന്നിരുന്നെങ്കിൽ ആവശ്യമായ സേവനം ഞങ്ങൾ നൽകുമായിരുന്നല്ലോ' എന്നു പറയാനുള്ള സാഹസം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കാണിച്ചു.
കുറച്ചുദിവസങ്ങൾക്കുശേഷം എല്ലാ കോണുകളിൽനിന്നും വിമർശനമുയർന്നപ്പോൾ മാത്രമാണ് ഡൽഹി സർക്കാർ ഒൻപത് നിശാ സങ്കേതങ്ങളെ (night-shelters) ദുരിതാശ്വാസ കേന്ദ്രങ്ങളാക്കിമാറ്റി കലാപബാധിതരെ പ്രവേശിപ്പിച്ചത്. അപ്പോഴും ആശുപത്രിയിൽ ടെന്റുകൾ കെട്ടിയോ പ്രത്യേക കൗണ്ടറുകൾ തുറന്നോ സന്നദ്ധ സേവകരെ ഉപയോഗിച്ച് ദുരിതാശ്വാസ പ്രവർത്തനം ത്വരതപ്പെടുത്തുവാൻ ഭരണകൂടം തുനിഞ്ഞില്ല.
നമ്മുടെ സമൂഹത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളും ആരോഗ്യപാലന വ്യവസ്ഥയും എത്തി നിൽക്കുന്ന നിർജ്ജീവാവസ്ഥ എടുത്തുകാട്ടിയ ഒന്നായിരുന്നു ഡൽഹി ഹൈക്കോടതിക്ക് ഈ വിഷയത്തിൽ ഇടപെടേണ്ടിവന്ന സാഹചര്യം. ഡൽഹി ഹൈക്കോടതിയിലെ മനഃസ്സാക്ഷിയുള്ള രണ്ടു ന്യായാധിപന്മാർ ഫെബ്രുവരി 26 രാത്രി 12.30ന് അവരുടെ വസതിയിൽവെച്ച് പ്രത്യേക പരാതി കേൾക്കാൻ തയ്യാറായി, തുടർന്ന് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് കലാപബാധിത മേഖലയിൽ ആശ്വാസം എത്തിക്കാൻ അധികൃതർ നിർബന്ധിതരായത്. സംക്ഷിപ്തമായ ആ ഉത്തരവിൽ ഇങ്ങനെ എടുത്തുകാട്ടി: "ഈ ഘട്ടത്തിൽ, പരിക്കേറ്റ് വൈദ്യസഹായം അത്യാവശ്യമായവരുടെ ജീവന്റെ സുരക്ഷ മാത്രമാണ് കോടതി പ്രാഥമികമായി പരിഗണിക്കുന്നത്. പരിക്കേറ്റവരെ ഏറ്റവും അടുത്ത സർക്കാർ ആശുപത്രിയിൽ സുരക്ഷിതമായി എത്തിക്കുവാൻ സംവിധാനം ഉറപ്പാക്കണം. അത് ഉറപ്പാക്കാൻ ഡൽഹി പൊലീസിനോട് ഈ കോടതി ആജ്ഞാപിക്കുന്നു. അതോടൊപ്പം പരിക്കേറ്റവർക്ക് അടിയന്തിര പരിചരണം ഉറപ്പാക്കുകയും വേണം.’
ഇരകൾക്ക് മെഡിക്കൽ സഹായം എത്തിക്കാൻ ശ്രമിച്ച ഞങ്ങളുടെ അനുഭവത്തിൽ നിന്നുപറയട്ടെ, ഈ തടസ്സങ്ങളൊന്നും തന്നെ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടുണ്ടായതല്ല. കേന്ദ്രഗവൺമെന്റിന്റെയോ ഡൽഹി ഭരണകൂടത്തിന്റെയോ പ്രതിനിധികളാരെങ്കിലും കലാപബാധിത പ്രദേശത്ത് അവിടുത്തെ മനുഷ്യരുടെ അവസ്ഥ അന്വേഷിച്ചറിയാൻ വന്നിരുന്നോ എന്ന് മുസ്തഫാബാദിലെ ഒട്ടേറെ പേരോട് ചോദിച്ചിരുന്നു. സംശയലേശമന്യേ, അവരൊന്നടങ്കം പറഞ്ഞത് അങ്ങിനെ ഒരു നീക്കവും നടന്നിട്ടില്ലെന്നു തന്നെയാണ്. ‘മൊഹല്ല ക്ലിനിക്' സംവിധാനം ലഭ്യമാണോയെന്ന് ചോദിച്ചപ്പോൾ അൽ ഹിന്ദ് ഹോസ്പിറ്റലിലെ സന്നദ്ധ സേവകനായ റഫീഖ് ആലം പറഞ്ഞത് മുസ്തഫാബാദിലൊരിടത്തും ഒരു ‘മൊഹല്ല ക്ലിനിക്' പോലും നിലവിലില്ല എന്നാണ്. അദ്ദേഹത്തിന്റെ അറിവിൽ, സർക്കാർ ഫണ്ടു ചെയ്തിട്ടുള്ള ഹെൽത്ത് ഇൻഷൂറൻസ് സ്‌കീമിന്റെ ഭാഗമായ ഏറെപ്പേരൊന്നും അവിടെയെങ്ങും ഇല്ല. താൻ അറിയുന്ന ആർക്കും ഇത്തരം ഹെൽത്ത് കവറേജ് ഇല്ല. മറ്റൊരു സന്നദ്ധ പ്രവർത്തകനായ ഷംസുദ്‌സമൻ ഇങ്ങിനെ പറഞ്ഞു: "ഈ പ്രദേശത്തുള്ള ഒട്ടേറെ പാവങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന കുടിയേറ്റ തൊഴിലാളികളാണ്. അവർക്ക് ഇത്തരം പദ്ധതികളിൽ ചേരാനാവശ്യമായ രേഖകളൊന്നും ഉണ്ടാവില്ല; അവരെ ആരും ചേർത്തിട്ടുമില്ല. ഏതുവഴിക്കായാലും, കലാപത്തിൽ പരിക്കേറ്റ് കഴിഞ്ഞ മൂന്നുദിവസമായി അൽഹിന്ദ് ഹോസ്പിറ്റലിൽ ഒഴുകി എത്തിയവർക്ക് ‘ലോകോത്തര നിലവാരത്തിലുള്ള ചികിത്സ' നൽകാൻ ഏതു സ്വകാര്യാശുപത്രി തയാറാവും?'
ഏറ്റവും പ്രത്യക്ഷവും പ്രകടവുമായ ചില കാര്യങ്ങൾ മാത്രമാണ് ഇതുവരെ ചർച്ച ചെയ്തത്. എന്നാൽ ഇതിലും ഗുരുതരമായ ഒരു പൊതുജനാരോഗ്യദുരന്തം വെളിവാകാതെ മറഞ്ഞുകിടക്കുന്നുണ്ട്. അതൊന്നും ഒരിക്കലും സർക്കാറിന്റെ ശ്രദ്ധ ആകർഷിക്കാറില്ല. അൽ ഹിന്ദ് ഹോസ്പിറ്റലിൽ ഫെബ്രുവരി 28ന് ഞങ്ങൾ തുറന്ന മെഡിക്കൽ ക്യാമ്പിൽ എത്തിപ്പെട്ട മിക്ക രോഗികൾക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക് anxiety ലക്ഷണങ്ങളായ അസ്വസ്ഥത, അമിതമായ ഹൃദയമിടിപ്പ് (palpitation) എന്നിവയുണ്ടായിരുന്നു. തങ്ങൾക്ക് അരക്ഷിതബോധമുണ്ടെന്നും എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയുണ്ടെന്നും അവർ ഞങ്ങളോടു പറഞ്ഞു. ഒട്ടേറെ പേർ രക്തസമ്മർദ്ദവും പ്രമേഹവും പോലുള്ള മാറാവ്യാധികളുള്ളവരും കലാപത്തെ തുടർന്ന് സ്ഥിരമായി കഴിക്കുന്ന മരുന്നു കിട്ടാതെ വിഷമിക്കുന്നവരുമായിരുന്നു. ഇവരനുഭവിക്കുന്ന മാനസിക വ്യഥ പരിധികളില്ല. എങ്കിലും അവരുടെ പ്രശ്‌നങ്ങൾ സർക്കാർ അവഗണിക്കാനാണ് സാധ്യത. പ്രത്യേകിച്ച്, ഗുരുതരമായ ശാരീരിക പരിക്കുകൾ ഉണ്ടാക്കുന്ന ‘നടുക്കവും അമ്പരപ്പും' ഇത്തരം വിഷയങ്ങളിൽ ഉണ്ടാവാനിടയില്ലാത്തിടത്തോളം കാലം.
സർക്കാർ ഏജൻസികൾ ദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങളിൽ ഇല്ലായിരുന്നുവെന്നതാണ് ചിന്തനീയമായ മറ്റൊരു വസ്തുത. ഫെബ്രുവരി 28ന് ഞങ്ങൾ ശിവ് വിഹാറിലെ ഈദ് ഗാഹ് സന്ദർശിക്കുമ്പോൾ അവിടെ കണ്ടത് ഡൽഹി വഖഫ് ബോർഡ് ടെന്റുകൾ കെട്ടി വലിയൊരു ദുരിതാശ്വാസ ക്യാമ്പ് സ്ഥാപിച്ചതാണ്. ഈ കോമ്പൗണ്ടിലാണ് ഞങ്ങൾ മെഡിക്കൽ ക്യാമ്പ് സ്ഥാപിച്ചത്. സെയ്ന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലും ഹോളി ഫാമിലി ഹോസ്പിറ്റലും മറ്റു സർക്കാറിതര സ്ഥാപനങ്ങളും ഇവിടെ ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു.
സർക്കാറും ബന്ധപ്പെട്ട ഏജൻസികളുമാകണം ഇത്തരം ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കേണ്ടതെന്നും മറ്റു പ്രസ്ഥാനങ്ങൾ തങ്ങളാലാവുന്ന പിന്തുണ നൽകുക മാത്രമാണ് വേണ്ടതെന്നുമാണ് ഞങ്ങളുടെ അഭിപ്രായം. മതനിരപേക്ഷവും വിവേചനരഹിതവുമായ ഭരണസംവിധാനത്തിൽ ഈ മൂല്യങ്ങളുടെ പ്രധാന സംരക്ഷകർ സർക്കാർ തന്നെയാണെന്ന് ജനം കരുതുന്നു. വെറും വാക്കുകൾക്കപ്പുറം മതനിരപേക്ഷ മൂല്യങ്ങൾ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുമ്പോഴാണ് സർക്കാർ ജനങ്ങളുടെ വിശ്വാസവും കൂറും നേടുക.
ഈ പശ്ചാത്തലത്തിൽ, സ്വകാര്യ മിഷണറി ആശുപത്രികളും പൊതുജന പ്രസ്ഥാനങ്ങളും സേവനനിരതരായപ്പോഴും എന്തുകൊണ്ടാണ് സർക്കാർ സ്വന്തം മെഡിക്കൽ ദുരിതാശ്വാസ സന്നാഹങ്ങളെ വിന്യസിക്കുന്നതിൽ ഉദാസീനത കാട്ടിയതെന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. അങ്ങിനെ ചെയ്യുമ്പോൾ അവർക്ക് സ്വകാര്യ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും സഹായവും പങ്കാളിത്തവും തേടുകയും ചെയ്യാമായിരുന്നു. ദുരിതാശ്വാസം മതസ്ഥാപനങ്ങളിലൂടെ വരുമ്പോൾ അത് അന്തിമമായി വിശ്വാസം ഉറപ്പിക്കാനാണ് വഴിവെക്കുക.
ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥക്ക് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേനിൽ നിന്ന് ചില നല്ല പാഠങ്ങൾ പഠിക്കാനുണ്ടെന്ന് ഞങ്ങൾ കരുതുന്നു. ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മോസ്‌കുകൾക്കു നേരെ ഒരുവർഷം മുമ്പുണ്ടായ അക്രമണത്തിൽ ഇരയായ കുടുംബങ്ങളെയും രക്ഷപ്പെട്ടവരെയും ചേർത്തുപിടിക്കുവാൻ അവർ സർവ്വാത്മനാ കർമനിരതയായി. രാജ്യത്തെ മുസ്‌ലിം സമുദായത്തെ ആശ്വസിപ്പിക്കുന്നതിൽ രാജ്യത്തെ നയിക്കുക മാത്രമല്ല, മുസ്‌ലിംകൾക്കുണ്ടായ വേദന മൊത്തം ന്യൂസിലാൻഡ് സമൂഹത്തിന്റെ വേദനയാണെന്നു കാണിക്കാനും അവർക്കു കഴിഞ്ഞു.
അന്ന് കോൺഗ്രസ്, ഇന്ന് ബി.ജെ.പി
കലാപത്തിന്റെ പിന്നിലെ രാഷ്ട്രീയ ഘടകങ്ങൾ അന്വേഷിക്കുക ഞങ്ങളുടെ സന്ദർശന ലക്ഷ്യമായിരുന്നില്ല. എന്നാൽ ഇവിടെ പരാമർശിച്ച മെഡിക്കൽ പ്രതിസന്ധികൾ ബയോമെഡിക്കൽ ആയ കാരണങ്ങൾകൊണ്ടുണ്ടായതല്ല, മറിച്ച് സാമൂഹികവും രാഷ്ട്രീയവുമാണ്. വളരെ സൂക്ഷ്മമായ അന്വേഷണം നടത്തിയെന്ന് അവകാശപ്പെടുന്നില്ലെങ്കിൽ പോലും ഞങ്ങൾ മനസിലാക്കിയ കാര്യങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നു.
1992ൽ, അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടശേഷം വടക്കുകിഴക്കൻ ഡൽഹിയിലെ ഈ മേഖലയിൽ വലിയ തോതിൽ അക്രമസംഭവങ്ങൾ നടന്നിരുന്നു. ആ സമയത്തും അന്നത്തെ ഡൽഹി മെഡിക്കോസ് ആന്റ് സയന്റിസ്റ്റ് ഫോറത്തിന്റെ (ഡി.എം.എസ്.എഫ്) ആഭിമുഖ്യത്തിൽ ഞങ്ങൾ മെഡിക്കൽ റിലീഫ് സംഘത്തെ അയച്ചു. ഒരാഴ്ച നീണ്ട മുസ്‌ലിം വിരുദ്ധ കലാപത്തിൽ വടക്കുകിഴക്ക് ഡൽഹിയുടെ വിവിധ ഭാഗങ്ങൾ തരിപ്പണമാക്കപ്പെട്ടിരുന്നു. എങ്ങിനെയെല്ലാമാണ് അക്രമം അരങ്ങേറിയത്, ദുരിതം വിതച്ചത് എന്നതു സംബന്ധിച്ച് അന്നത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊടുവിൽ ഞങ്ങൾ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ ഡി.എം.എസ്.എഫ് സംഘത്തിൽപ്പെട്ട ഡോക്ടർമാരെ വേട്ടയാടി. ഭൂരിപക്ഷ വർഗീയതയുടെ ചുഴിയിൽ സമൂഹം കുറച്ചുകൂടി ആഴത്തിൽ പൂഴ്ന്നുപോയി എന്നതിനപ്പുറം ഇരുപത്തെട്ടുവർഷങ്ങൾക്കിപ്പുറവും ഒന്നും മാറിയിട്ടില്ല.
ജീവനുകൾ പൊലിയുകയും വീടും കുടിയും നശിപ്പിക്കപ്പെടുകയും ചെയ്തശേഷമാണ് എ.എ.പി (ആം ആദ്മി പാർട്ടി) ‘പ്ലാസ്റ്റർ ബാഗു'കളുമായി അവതരിച്ചത്. മറ്റുള്ളവരുടെ അസാന്നിധ്യമാണ് ശ്രദ്ധേയമായതെങ്കിൽ, ഞങ്ങൾ ബന്ധപ്പെട്ടവർ പറഞ്ഞാകാര്യങ്ങളും ഈ അക്രമവുമായി ബന്ധപ്പെട്ട മറ്റുറിപ്പോർട്ടുകളും നിരീക്ഷണങ്ങളും നോക്കുകയാണെങ്കിൽ മുസ്‌ലിം വിരുദ്ധ കലാപം അഴിച്ചുവിട്ട സംഘ്പരിവാറുകാരുടെ എണ്ണയിട്ട വർഗീയ യന്ത്രത്തിന്റെ അടയാളങ്ങൾ നമുക്ക് കാണാനാവും.
ഈ കലാപം പെട്ടെന്നു പൊട്ടിപ്പുറപ്പെട്ടതല്ലെന്നു എടുത്തുപറയേണ്ടതുണ്ട്. മുൻകൂട്ടി ആസൂത്രണവും തയ്യാറെടുപ്പും നടന്നതിന്റെ വ്യക്തമായ തെളിവുണ്ട്. മുകളിലെ ചിത്രത്തിൽ നിന്ന് റോഡുകളെല്ലാം പൊട്ടിത്തകർന്ന് ഇഷ്ടികകൾ നിറഞ്ഞ ചെമ്പാതകളായി മാറിയ കാര്യം വ്യക്തമാകും. ഇത് ഒരു റോഡിന്റെ മാത്രം കാര്യമല്ല, ഞങ്ങൾ പോയ മിക്ക പ്രദേശങ്ങളുടെയും പൊതുവായ ചിത്രമാണ്. ഇഷ്ടിക എവിടെയെങ്കിലും ആവശ്യത്തിനു എത്തിയിട്ടില്ലെങ്കിൽ സ്ഥലത്തുനിന്നുതന്നെ പരമാവധി ലഭ്യമാക്കാൻ പൊലീസ് അക്രമികളെ സഹായിക്കും.
പൊട്ടിത്തെറികൾ സൃഷ്ടിക്കാൻ ആവശ്യമായ ഗ്യാസ് സിലിണ്ടറുകൾ, പുക ബോംബുകൾ, തോക്കുകൾ, മുതലയാവയാണ് വിതരണം ചെയ്ത മറ്റ് ആയുധങ്ങൾ. ഇതെല്ലാം ഒന്നിച്ചു, പെട്ടെന്നു ശേഖരിച്ചതല്ല. അൽ ഹിന്ദ് ഹോസ്പിറ്റലിൽ ഞങ്ങളോടു സംസാരിച്ച ഫിറോസ് ഖാൻ എന്ന മാസ്റ്റർ ടെയ്‌ലർ (ഇദ്ദേഹത്തെ പറ്റി മുമ്പ് പരാമർശിച്ചിട്ടുണ്ട്) പറഞ്ഞത് നോക്കൂ: ‘ആർ.എസ്.എസുകാർ കെട്ടിട നിർമാണ സ്ഥലത്തെ ഉപയോഗശൂന്യമായ സാധനങ്ങൾ ഉന്തുവണ്ടികളിൽ കൊണ്ടുവന്ന് ഭജൻപുര, മൗജ്പൂർ മേഖലയിലെ പലയിടങ്ങളിലുമായി തള്ളിയിരുന്നു. '
മോഡൽ ടൗൺ മണ്ഡലത്തിൽ പരാജയപ്പെട്ട ബി.ജെ.പി സ്ഥാനാർത്ഥിയായ കപിൽ മിശ്ര ഫെബ്രുവരി 23ന് ഉച്ചതിരിഞ്ഞ് വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂരിൽ നടത്തിയ പ്രസംഗത്തോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്.
ഡൽഹി പൊലീസ് കമീഷണർ വേദ്പ്രകാശ് സൂര്യയുടെ സാന്നിധ്യത്തിലാണ്, റോഡുപരോധിക്കുന്ന മുസ്‌ലിം പ്രകടനക്കാരെ ബലം പ്രയോഗിച്ച് നീക്കുമെന്ന് മിശ്ര ഭീഷണിപ്പെടുത്തിയത്. അതുപോലെ തന്നെ കലാപകാരികളിൽ ഏതാനും പ്രാദേശിക പ്രവർത്തകർ ഒഴിച്ചാൽ ഭൂരിപക്ഷവും പുറത്തുനിന്നുവന്നവരാണെന്ന് പ്രദേശവാസികൾ സംശയത്തിനിടയില്ലാതെ സാക്ഷ്യപ്പെടുത്തുന്നു.
പ്രദേശവാസികളോടു സംസാരിക്കുമ്പോൾ ഇടക്കിടെ പൊന്തിവന്ന ഒരു പേര് ജഗദീഷ് പ്രഥാൻ എന്ന മുസ്തഫാബാദിൽനിന്നുള്ള മുൻ എം.എൽ.എയുടേതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇദ്ദേഹം ഉത്തർപ്രദേശിലെ ബാഗ്പത് പ്രദേശത്തുനിന്ന് ഒട്ടനവധി പേരെ മുസ്തഫാബാദിലേക്ക് റിക്രൂട്ട് ചെയ്തതായി പലരുമായുള്ള സംഭാഷണത്തിൽ നിന്ന് വെളിവായി. ബിഫൻ ശർമ എന്ന മറ്റൊരു ബി.ജെ.പി നേതാവും മുസ്‌ലിംകളെ ആക്രമിക്കുവാൻ ഒട്ടേറെപ്പേരെ സംഘടിപ്പിച്ചു.
ഡൽഹി പൊലീസിന്റെ കലാപനിയന്ത്രണ പ്രവർത്തനങ്ങളെപ്പറ്റി ഞങ്ങൾ കൂടുതലൊന്നും പറയേണ്ടതില്ലെന്നു തോന്നുന്നു; അതിനെപ്പറ്റി ധാരാളം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഒരുകാര്യം മാത്രം ഊന്നിപ്പറയുന്നു- അവർ അക്രമത്തിനു കൂട്ടുനിൽക്കുകയായിരുന്നു. ബി.ജെ.പി അധികാരത്തിലുള്ള ഇടങ്ങളിൽ അക്രമസംഘത്തിനൊപ്പം കൂടാനോ അല്ലെങ്കിൽ അക്രമസംഘമാവാനോ അവർക്ക് അനുവാദം കിട്ടിയതുപോലെയായിരുന്നു.
പരസ്പരം സഹായിച്ച മുസ്ലിംകളും ഹിന്ദുക്കളും
ഞങ്ങളുടെ സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ വൈകുന്നേരം അഞ്ചു മണിയോടടുത്ത്, അൽ ഹിന്ദ് ഹോസ്പിറ്റലിനു മുമ്പിൽ ഒരു ബഹളം. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങിയ ഒരു ഡസനോളം പേരെ ശിവ് വിഹാറിലെ അവരുടെ വീട്ടിൽ നിന്ന് രക്ഷപ്പെടുത്തി ഓൾഡ് മുസ്തഫാബാദിലെ ഈ ആശുപത്രിയിൽ എത്തിച്ചതാണ്. മുസ്ലിംകളായ ഇവരെ അയൽക്കാരായ ഹിന്ദുക്കൾ അവരുടെ വീടുകളിൽ പാർപ്പിക്കുകയും ആക്രമണത്തിൽ നിന്നു സംരക്ഷിക്കുകയുമായിരുന്നു. അവരുടെ വീട് നശിപ്പിക്കപ്പെട്ടു.
സ്വന്തം വീട് ആക്രമിക്കപ്പെടുകയും ആസിഡുകൊണ്ടുള്ള ആക്രമണത്തിൽ മുഖത്ത് നിസാരമായ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്ത അദ്ദേഹം അവിടെ കൂടിയവരോട് പറയുകയായിരുന്നു: ‘സഹോദരങ്ങളേ, ഒരുകാര്യം നിങ്ങളെ അറിയിക്കാനാഗ്രഹിക്കുന്നു. ശിവ് വിഹാറിലെ ഹിന്ദു കുടുംബങ്ങൾ ഞങ്ങളെ ഏറെ സഹായിച്ചു. ഈ സ്ത്രീകൾ വീടുവിട്ടുപോരുമ്പോൾ ആ ഹിന്ദു സഹോദരിമാർ ഇവരെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. എന്തിനാണ് നിങ്ങൾ പോകുന്നത് എന്നു ചോദിച്ചുകൊണ്ട്'.
അതുപോലെ, ഹിന്ദു അയൽക്കാർക്കും നെഹ്‌റുവിഹാർ, ഭഗീരതി വിഹാർ, ഗുരു നാനാക് നഗർ എന്നിവിടങ്ങളിലുള്ള അവരുടെ ക്ഷേത്രങ്ങൾക്കും മുസ്‌ലിംകൾ സുരക്ഷയൊരുക്കിയ കഥ ന്യൂ മുസ്തഫാബാദിലെ രാജീവ് ഗാന്ധി നഗർ സ്വദേശിയായ ജാൻ മുഹമ്മദ് ഞങ്ങളോട് വിവരിച്ചു. സമീപപ്രദേശമായ നെഹ്‌റു വിഹാറിന്റെ ഇ- ബ്ലോക്കിലെ 15ാം നമ്പർ ഗലിയിൽ ഹിന്ദു കുടുംബങ്ങൾ മാത്രമേയുള്ളൂ. അവരെ സംരക്ഷിക്കാനെന്ന ഭാവേന ഹിന്ദുക്കളുടെ കൂട്ടം പുറത്തുനിന്നുവന്നു. എന്നാൽ ഇ- ബ്ലോക്കിലെ ഹിന്ദുക്കൾ തങ്ങൾ മുസ്‌ലിം അയൽക്കാരുടെ സംരക്ഷണത്തിൽ സുരക്ഷിതരാണെന്ന് അറിയിച്ചുകൊണ്ട് വന്നവരെ മടക്കി അയച്ചു. നെഹ്‌റുവിഹാറിലെ ക്ഷേത്രം തകർക്കാനുള്ള ശ്രമം അവിടെയുള്ള മുസ്‌ലിംകൾ പരാജയപ്പെടുത്തുകയായിരുന്നു.
ഈ വിവരണങ്ങൾ സംശയരഹിതമായും വളരെ ലളിതമാണ്. എന്നാൽ അതിനെ വ്യാഖ്യാനിച്ച് ലളിതവത്കരിക്കുന്നില്ല. എന്നാൽ ഈ മാതൃകകൾ സമൂഹത്തിൽ നിലനിന്ന സുന്ദരമായ മൂല്യങ്ങളെ വിഴുങ്ങാൻ തയ്യാറെടുത്തുവരുന്ന ക്രിമിനലുകളുടെ വെല്ലുവിളിയെ മാനുഷികത അതിജീവിക്കുമെന്നുള്ളതിന്റെ ദൃഷ്ടാന്തമായി എടുത്തുകാട്ടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
കൂടുതൽ പരിക്കും മരണവും വെടിയേറ്റ്
ഇത്രയേറെ മനുഷ്യജീവൻ ഈ രീതിയിൽ നഷ്ടപ്പെടാനിടയായത് ഏതൊരു പരിഷ്‌കൃത സമൂഹത്തിനും അത്യന്തം ലജ്ജാകരമായ കാര്യമാണെന്ന ഞങ്ങളുടെ ദൃഢവിശ്വാസം ഊന്നിപ്പറയുന്നു. വർഗീയ ലഹളകളിൽ എപ്പോഴും സംഭവിക്കുന്നതുപോലെ ഏറിയ പങ്ക് മരണവും പരിക്കും പറ്റിയിട്ടുള്ളത് ന്യൂനപക്ഷ സമുദായത്തിനാണ്.
വെടിയേറ്റാണ് കൂടുതൽ പരിക്കും മരണവും ഉണ്ടായിട്ടുള്ളതെന്നത് പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. തോക്കുകളും തിരകളും വലിയ തോതിൽ ലഭ്യമാക്കിയെങ്കിൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ. അത് പെട്ടെന്ന് ലഭ്യമാവുകയും ഉപയോഗിക്കപ്പെടുകയും ചെയ്തതിൽ നിന്നും ഈ കലാപത്തിന് ഒരുക്കം മുൻകൂട്ടി നടന്നിരുന്നുവെന്നാണ് കരുതേണ്ടത്.
സർക്കാർ ഏജൻസികൾ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന തോന്നലുണ്ടായാലുണ്ടാകുന്ന ഒരു വലിയ പ്രത്യാഘാതം, തങ്ങൾ എന്തു ചെയ്താലും സർക്കാർ തങ്ങളെ സംരക്ഷിക്കുമെന്ന തോന്നൽ അക്രമികൾക്കുണ്ടാവുകയും അവർ നിഷ്‌കളങ്കരായ ജനങ്ങളെ അനിയന്ത്രിതമായി പീഡിപ്പിക്കുകയും ചെയ്യുമെന്നതാണ്.
രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ടതും അന്താരാഷ്ട്ര പ്രശസ്തി നേടിയതും മെഡിക്കൽ ടൂറിസത്തിലൂടെ ഒട്ടേറെ വിദേശികളെ ആകർഷിക്കുന്നതുമായ ഒട്ടേറെ മെഡിക്കൽ സ്ഥാപനങ്ങൾ തലസ്ഥാനനഗരിയായ ഡൽഹിയിൽ ഉണ്ടെങ്കിലും അതൊന്നും ഒരു ദുരന്ത വേളയിൽ ഇരകൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുനൽകുന്നില്ല. ഇതിനുകാരണം ദുരന്തങ്ങളുടെ ഇരകൾ അനിവാര്യമായും സമൂഹത്തിലെ ഏറ്റവും ദരിദ്ര വിഭാഗത്തിൽ നിന്നുള്ളവരായതുകൊണ്ടാണ്.
മൊഹല്ല ക്ലിനിക്ക്, ആയുഷ്മാൻ ഭാരത് പോലെ കൊട്ടിഘോഷിക്കപ്പെട്ട സർക്കാർ പദ്ധതികൾ അത് അത്യാവശ്യമുള്ളവർക്ക് എത്തുന്നില്ലെന്നു മാത്രമല്ല, കൊടിയ ദുരന്തകാലത്ത് മരവിച്ചുപോകുകയും ചെയ്യുന്നു.
സ്വകാര്യ സ്ഥാപനങ്ങളുടെ കാര്യം പറയേണ്ടതില്ല. നിർണായക ഘട്ടത്തിൽ ജനങ്ങളുടെ രക്ഷയ്‌ക്കെത്തുന്നതിനു പകരം നമ്മുടെ പൊതുജനാരോഗ്യ സ്ഥാപനങ്ങൾ അവയുടെ ലക്ഷ്യം നിറവേറ്റുന്നതിൽ പരാജയപ്പെടുകയാണ്.
കലാപ ബാധിതമേഖലയിൽ നിന്ന് ജി.ടി.ബി ഹോസ്പിറ്റലിലേക്ക് ഏതാനും കിലോമീറ്റർ മാത്രം ദൂരമേയുണ്ടായിരുന്നുവെങ്കിലും ഇരകൾക്ക് അത് പ്രാപ്യമായ അവസ്ഥവെച്ചുനോക്കൂമ്പോൾ എത്തിപ്പെടാനാവാത്ത ദൂരത്തിലായിരുന്നു അതുണ്ടായിരുന്നെന്ന് തോന്നും. പ്രകടമായും മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ നടന്ന ഈ കലാപത്തിൽ നിന്നുള്ള അനുഭവങ്ങൾ പഠിപ്പിക്കുന്നത്, ജനങ്ങൾ ശാരീരികമായി ഇത്തരം സംവിധാനങ്ങൾക്ക് ഇടയിൽ ജീവിക്കുകയാണെങ്കിൽ പോലും സാമൂഹിക രാഷ്ട്രീയ അധികാരം കയ്യാളുന്നവർ വിചാരിച്ചാൽ ജനങ്ങൾക്ക് ഇത്തരം സൗകര്യങ്ങൾ അപ്രാപ്യമാക്കാൻ കഴിയുമെന്നതാണ്.
മുസ്‌ലിംകൾക്കെതിരെ സംഘടിപ്പിച്ച കലാപം; അതാണ് ഈ കലാപത്തിന്റെ പ്രത്യേകത. സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവയ്‌ക്കെതിരെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ സ്ത്രീകൾ നയിച്ച പ്രതിഷേധ സമരം ഭൂരിപക്ഷ വർഗീയ ശക്തികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
മുറിവുണക്കാൻ വേണം, സംഘടിത ശ്രമം
കലാപത്തിനിരയായവരുടെ ആത്മവിശ്വാസം വീണ്ടെടുക്കുക വലിയ വെല്ലുവിളിയാണ്. ഫലപ്രദമായ ദുരിതാശ്വാസ നടപടികൾക്കു പുറമേ, ആക്രമണകാരികളുടെയും അവർക്കു പിന്തുണ നൽകിയ രാഷ്ട്രീയ ശക്തികളുടെയും ലോകവീക്ഷണത്തെ പൊതുസമൂഹം അംഗീകരിക്കുന്നില്ലെന്ന സന്ദേശവും പ്രധാനമാണ്. കലാപഭൂമി സന്ദർശിച്ച ആർക്കും ബോധ്യമാകുന്ന വസ്തുതയാണ്, അവിടെ സംഭവിച്ച ദുരന്തം പൊതുസമൂഹത്തിന്റെ ശ്രമംകൊണ്ടുമാത്രം പരിഹരിക്കാനാവില്ലെന്ന്. ശാരീരികവും മാനസികവും സാമ്പത്തികവുമായ മുറിവുണക്കാൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് വിപുലവും സംഘടിതവുമായ ശ്രമം ആവശ്യമാണ്.
പരിക്കേറ്റവരെയും മാനസികവും മനഃശാസ്ത്രപരവുമായ ആഘാതം ഏറ്റവരെയും അവരുടെ തട്ടകങ്ങളിൽ ചെന്ന് കണ്ടെത്തി ഫലപ്രദമായ ചികിത്സ നൽകണം. ഇപ്പോഴുള്ളതോ അതിനുവേണ്ടി വീടിനടുത്ത് പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിലോ ചികിത്സാ സൗകര്യം ഏർപ്പെടുത്താം. വടക്കുകിഴക്കൻ ഡൽഹി കണ്ടതുമാതിരിയുള്ള കലാപത്തിൽ ഉണ്ടായേക്കാവുന്ന മരണം ഭയാനകമായ പകർച്ച വ്യാധികളുടെ വേളയിൽ ഉണ്ടാവുന്നതിലും എത്രയോ കൂടുതലാവാനുളള സാധ്യതയുണ്ട്. ഇതുവരെ സംഭവിച്ച മരണങ്ങളുടെ കണക്കുതന്നെ ഈ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. ആയതിനാൽ, പകർച്ച വ്യാധികൾ നേരിടാൻ ആശുപത്രികളിൽ പ്രത്യേക സൗകര്യം സ്ഥാപിക്കുന്നതുപോലെ വർഗീയ കലാപങ്ങളുടെ ഇരകളെ ചികിത്സിക്കാൻ പ്രത്യേക സൗകര്യം ആശുപത്രികളിൽ സ്ഥാപിക്കേണ്ടതാണ്.
ഇത്തരം കലാപങ്ങളിൽ അനിവാര്യമായും ഉയർന്നുവരുന്ന മാനസികവും മനശാസ്ത്രപരവുമായ പ്രശ്‌നങ്ങൾ ശാരീരിക പ്രശ്‌നങ്ങൾ പരിഹരിക്കുന്ന തിരക്കിൽ അവഗണിക്കപ്പെടുക സ്വാഭാവികമാണ്. അതിനാൽ മാനസികാരോഗ്യ വിദഗ്ധരും മനശാസ്ത്രവിദഗ്ധരും അടങ്ങിയ സംഘങ്ങളെ സംഘടിപ്പിച്ച് ആവശ്യമായ കൗൺസിലിങ്ങും മരുന്നും നൽകുവാൻ സ്ഥിരമായ സംവിധാനം ഒരുക്കണം. ▮