പെരിയാർ ഇ. വി. രാമസ്വാമി നായ്കർ

അന്നേ പെരിയാർ പ്രവചിച്ചു; ഇത്​ ഭാഷാ ബഹുസ്വരത
ഇല്ലാതാക്കാനുള്ള ഏകാധിപതികളുടെ കുതന്ത്രമാണ്

ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്നതുകൊണ്ട് മറ്റു ഭാഷകളുടെ അന്ത്യമാണ് ​അവർ ലക്ഷ്യമിടുന്നത് എന്ന്​, തമിഴ്​നാട്ടിൽ, 1930കളിൽ ഹിന്ദി വിരുദ്ധ സമരത്തിന്​ നേതൃത്വം നൽകിയ പെരിയാർ പ്രകടിപ്പിച്ച ആശങ്ക, ബി.​ജെ.പി സർക്കാറിന്റെ ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന മുദ്രാവാക്യത്തിലൂടെ യാഥാർഥ്യമാകുകയാണ്​.

രു വ്യക്തിയുടെ ആശയങ്ങൾ വിനിമയം ചെയ്യാൻ അല്ലെങ്കിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഭാഷ ഏറെ സഹായകരമാകുന്നു. അതുകൊണ്ടാണ്, ‘ലാംഗ്വേജ്​ ഈസ്​ എ മീഡിയം’ എന്ന് ഭാഷാപണ്ഡിതന്മാർ അഭിപ്രായപ്പെട്ടത്. പിന്നീട്, ഭാഷ സമൂഹത്തിന്റെ അടയാളമായി മാറി. വ്യക്തിക്ക് തന്റെ താല്പര്യവും ശേഷിയും അനുസരിച്ച് എത്ര ഭാഷ വേണമെങ്കിലും പഠിക്കാം. എത്രയേറെ ഭാഷകൾ പഠിക്കാൻ പറ്റുന്നുണ്ടോ അത്രയേറെ ജനങ്ങളുടെ ജീവിതവും സംസ്‌കാരവും മനസ്സിലാക്കാൻ പറ്റും എന്നാണ് സാംസ്‌കാരിക പഠനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ ഹിന്ദി എന്ന ഭാഷ ഇന്ത്യയിലെ എല്ലാ വ്യക്തികളും അറിഞ്ഞിരിക്കേണ്ട ഭാഷയാണ്. കാരണം, നമ്മുടെ ഔദ്യോഗിക ഭാഷയും കൂടിയാണത്.

ആരാണ് ആദ്യം ഇന്ത്യയിൽ കുടിയേറി പാർത്തത് എന്നതാണ് ഇപ്പോഴും നിലനിൽക്കുന്ന ചരിത്രപരമായ സംശയം. നാളിതുവരെ ഒരു ഗവേഷകർക്കും തെളിയിക്കാൻ പറ്റാത്ത കാര്യമാണിത്.

ഇന്ത്യയിൽ നാലു ഗോത്രഭാഷകളാണ് സംസാരിക്കപ്പെടുന്നത്. അവയെ ഇന്തോ-ആര്യൻ ഗോത്ര ഭാഷ, ഇന്തോ- യൂറോപ്യൻ ഗോത്ര ഭാഷ, ദ്രാവിഡ ഗോത്ര ഭാഷ, ചൈന- തിബറ്റൻ ഭാഷ എന്നാണ് ഭാഷാപണ്ഡിതർ തരം തിരിച്ചിട്ടുള്ളത്. ഭാഷകളിൽ ലിപിയുള്ളവ 22 എണ്ണം മാത്രമാണ്. അതിൽ ഏറ്റവും പഴക്കമേറിയ ഭാഷ സംസ്‌കൃതവും തമിഴുമാണ്. പണ്ടുതൊട്ടേ ഈ രണ്ടു ഭാഷാഗോത്ര വിഭാഗങ്ങൾക്കിടയിലും ഒരു വൈരുദ്ധ്യം നിലനിൽക്കുന്നു. ആരാണ് ആദ്യം ഇന്ത്യയിൽ കുടിയേറി പാർത്തത് എന്നതാണ് ഇപ്പോഴും നിലനിൽക്കുന്ന ചരിത്രപരമായ സംശയം. നാളിതുവരെ ഒരു ഗവേഷകർക്കും തെളിയിക്കാൻ പറ്റാത്ത കാര്യമാണിത്. ദേവനാഗരിയാണ് ആദ്യം ഇന്ത്യയിൽ എഴുതപ്പെട്ട ലിപി എന്ന വാദം നിലനിൽക്കുന്നു.

മധുരയ്ക്കടുത്ത കീഴടിയിൽ 2019ൽ, സിന്ധുനദീതട സംസ്‌കാരത്തിനേക്കാൾ പഴക്കമേറിയ സംസ്‌കാരം കണ്ടെത്തിയതിനെക്കുറിച്ച്​ ‘ദ ഹിന്ദു’വിൽ വന്ന റിപ്പോർട്ട്​
മധുരയ്ക്കടുത്ത കീഴടിയിൽ 2019ൽ, സിന്ധുനദീതട സംസ്‌കാരത്തിനേക്കാൾ പഴക്കമേറിയ സംസ്‌കാരം കണ്ടെത്തിയതിനെക്കുറിച്ച്​ ‘ദ ഹിന്ദു’വിൽ വന്ന റിപ്പോർട്ട്​

2019ൽ തമിഴകത്ത്​ മധുരയ്ക്കടുത്ത കീഴടിയിൽ സിന്ധുനദീതട സംസ്‌കാരത്തിനേക്കാൾ പഴക്കമേറിയ ഒരു സംസ്‌കാരം കണ്ടെത്തി. പക്ഷേ ആ ഗവേഷണത്തെ അന്നത്തെ കേന്ദ്രസർക്കാർ മനഃപൂർവം തമസ്​കരിച്ചു. ഇപ്പോഴും മധുരയിൽ നിന്നുള്ള പാർലമെൻറംഗം സു. വെങ്കിടേശൻ ചോദ്യോത്തര വേളയിൽ ഇക്കാര്യം ഉന്നയിക്കാറുണ്ട്. പക്ഷേ, ബ്രാഹ്മണിസത്താൽ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടം അദ്ദേഹത്തിന്​ കൃത്യമായ മറുപടി നൽകാറില്ല. അതുകൊണ്ടുതന്നെ നൂറിലേറെ കല്ലെഴുത്തുകൾ ഇപ്പോഴും പരിശോധിക്കപ്പെടാതെ കിടക്കുന്നു. വേണ്ടത്ര പഠനം നടത്തിയാൽ ആര്യർക്കുമുമ്പുതന്നെ ആഫ്രിക്കയിൽ നിന്ന് ദ്രാവിഡർ ഇവിടെ കുടിയേറി പാർത്തു എന്ന സത്യം ഗവേഷണപരമായി തെളിയിക്കപ്പെടും. ഇതിനെ ഭയക്കുന്നവരാണ് ​ഇത്തരം പഠനങ്ങളെയും അന്വേഷണങ്ങളെയും ഇല്ലാതാക്കുന്നത് എന്ന വാദം ചരിത്രപണ്ഡിതനും ശിലാ ലിഖിത- പുരാവസ്​തുശാസ്​ത്ര ഗവേഷകനുമായ ഐരാവതം മഹാദേവൻ തന്റെ പഠനങ്ങളിൽ വ്യക്തമാക്കുന്നു.

അറിവിലെ ‘യൂറോ സെൻട്രിക്’ എന്നതിനെപ്പോലെ, ഭാഷയിലെ ‘ബ്രാഹ്മണിക സെൻട്രിക്’ വാദത്തെയാണ് ദ്രാവിഡ കഴകം എതിർത്തത്.

ഭാഷാശുദ്ധിവാദം

ഇന്ത്യയിലെ പഴക്കമേറിയ ഭാഷ ഏതാണെന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം പറയാനാവില്ല, കാരണം ഇന്ത്യൻ ഭാഷകൾ ബഹുസ്വരതയിലധിഷ്​ഠിതമാണ്. ആ ബഹുസ്വരത ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് പണ്ടുതൊട്ടെ ഭാഷാദേശീയവാദം ഉയർത്തിപ്പിടിക്കുന്നത്. തമിഴ്​നാട്ടിലെ ദ്രവീഡിയൻ മൂവ്​മെൻറുകളും പെരിയോർ മൂവ്​മെൻറും രാഷ്​ട്രീയ പ്രസ്​ഥാനങ്ങളും ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ ജനകീയ സാംസ്​കാരിക പ്രതിരോധം കൂടിയായാണ്​ വികസിപ്പിച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരായ പ്രക്ഷോഭത്തിന്റെ പേരിൽ പെരിയാറും ദ്രാവിഡ കഴകവും ഭാഷാദേശീയവാദികൾ എന്നു മുദ്രകുത്തപ്പെട്ടു. തമിഴ് ദേശീയവാദം എന്നു പുച്ഛിച്ചു. പെരിയാർ അറിവിന്റെ നിറകുടമായിരുന്നു. ഭാഷയുടെ പരിണാമം ഒരു സംസ്‌കാരത്തിന്റെ അടയാളമാണെന്ന ബോധ്യം അവർക്കുണ്ടായിരുന്നു. എല്ലാം അവർ ദീർഘവിക്ഷണത്തോടെയാണ്​ കണ്ടത്​. അറിവിലെ ‘യൂറോ സെൻട്രിക്’ എന്നതിനെപ്പോലെ, ഭാഷയിലെ ‘ബ്രാഹ്മണിക സെൻട്രിക്’ വാദത്തെയാണ് ദ്രാവിഡ കഴകം എതിർത്തത്. എല്ലാ ഭാഷക്കും അതിന്റേതായ സവിശേഷതയുണ്ട്, അതിൽ വെള്ളം ചേർക്കലാണ് യഥാർത്ഥത്തിൽ ഭാഷാശുദ്ധീകരണം അല്ലെങ്കിൽ ഏകഭാഷ എന്ന സങ്കല്പം.

തമിഴകത്ത് മധുരയ്ക്കടുത്ത കീഴടിയിൽ 2019ൽ നടന്ന ഉദ്​ഘനനത്തിൽ കണ്ടെത്തിയ ചരിത്രാവശിഷ്​ടങ്ങൾ
തമിഴകത്ത് മധുരയ്ക്കടുത്ത കീഴടിയിൽ 2019ൽ നടന്ന ഉദ്​ഘനനത്തിൽ കണ്ടെത്തിയ ചരിത്രാവശിഷ്​ടങ്ങൾ

തമിഴ് സംസാരിക്കുന്നവർക്ക് ഹിന്ദിയോട് തീരാത്ത എതിർപ്പുണ്ട്​ എന്ന മട്ടിലാണ് ഫാഷിസ്റ്റുകൾ 1936 മുതൽ ഇന്നുവരെ പ്രചാരണം നടത്തുന്നത്. ഹിന്ദി എന്ന ഭാഷ വളരെ അടുത്താണ് രൂപപ്പെട്ടത്. ഹിന്ദിയേക്കാൾ എത്രയോ നൂറ്റാണ്ടുകൾക്കുമുമ്പാണ് തമിഴ് ഭാഷ രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ തമിഴകത്ത്​തമിഴ് ഒരു ഭാഷയായി മാത്രം കാണുന്നില്ല; മറിച്ച് ഒരു കൂട്ടം ജനതയുടെ വികാരമായിട്ടാണ് കാണുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷക്കാരും സ്വന്തം ഭാഷയെ അങ്ങനെയാണ് കാണുന്നത്.

ഹിന്ദി എതിർപ്പ്​ പോരാട്ടം

ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി കൊണ്ടുവരാനുള്ള നീക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മദ്രാസ് പ്രസിഡൻസിയിലായിരുന്നു ആദ്യമായി ഭാഷാദേശീയവാദം ഉയർന്നുവന്നത്. മുഖ്യമന്ത്രിയായിരുന്ന രാജഗോപാലാചാരി എന്ന രാജാജിയാണ്, 1937ൽ, ഹിന്ദി നിർബന്ധമായി പഠിക്കണം എന്ന ഉത്തരവിറക്കുന്നത്. ഹിന്ദി പഠിച്ചാൽ മാത്രമേ സർക്കാർ ജോലികളിൽ പ്രവേശിക്കാൻ കഴിയൂ എന്നായിരുന്നു ആ ഉത്തരവ്. മാത്രമല്ല, ഏഴു മുതൽ ഒമ്പതാം ക്ലാസുവരെ നിർബന്ധമായി ഹിന്ദി ഒരു ഭാഷയായി പഠിക്കണമെന്നും ഉത്തരവിട്ടു.

സംസ്‌കൃതം അമ്പലഭാഷയായി മാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഉറുദുവും സംസ്‌കൃതവും ചേർന്ന മിശ്രഭാഷയായ ഹിന്ദിയെ ദേശീയഭാഷയാക്കാൻ ശ്രമം നടത്തുന്നത്. ഈ ശ്രമം ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ബഹുസ്വര സ്വഭാവം ഇല്ലാതാക്കുമെന്ന്​ ഉറപ്പാണ്​.

ഇതേതുടർന്ന്​, അടിച്ചേൽപ്പിക്കുന്ന ഭാഷാദേശീയവാദം ഇന്ത്യൻ സാംസ്‌കാരികതയെ നശിപ്പിക്കും എന്ന് പെരിയാറും നീതി കക്ഷിയുടെ മറ്റു സഖാക്കളും മുന്നറിയിപ്പുനൽകി. അതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ ഹിന്ദി എതിർപ്പ് സമരം നടന്നു. പെരിയാറും നീതികക്ഷി നേതാക്കളും (Justice Party) കോൺഗ്രസ് ഇതര പാർട്ടികളുമായിരുന്നു പ്രക്ഷോഭത്തിനിറങ്ങിയത്​. ഈ സമരം ഹിന്ദി തിനിപ്പ് - എതിർപ്പ് പോരാട്ടം (Anti Hindi Imposition agitation) എന്ന പേരിൽ അറിയപ്പെട്ടു. നീതി കക്ഷിയുടെ അധ്യക്ഷതയിൽ ഈ സമരം മൂന്നുവർഷം നീണ്ടു. പാർട്ടി സഖാക്കൾ പെരിയാറിന്റെ നേതൃത്വത്തിൽ മൂന്നു വർഷത്തോളം നിരാഹാര സമരങ്ങളും പ്രകടനങ്ങളും ഹർത്താലുകളും തുടങ്ങി അനവധി പോരാട്ടങ്ങൾ നടത്തി. ആ പോരാട്ടത്തിൽ രണ്ട് സമരക്കാർ മരിച്ചു. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം 1198 ഓളം സമരക്കാർ അറസ്​റ്റിലായി. ഇതേതുടർന്ന് തമിഴ്‌നാട്ടിൽ ഹിന്ദി വിരുദ്ധ വികാരം ഒരു രാഷ്ട്രീയമായി ഉയർന്നുവന്നു.

ഹിന്ദിയേക്കാൾ എത്രയോ നൂറ്റാണ്ടുകൾക്കുമുമ്പാണ് തമിഴ് ഭാഷ രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ തമിഴകത്ത്​ തമിഴ് ഒരു ഭാഷയായി മാത്രം കാണുന്നില്ല / Photo : Abul Kalam Azad Pattanam, FB
ഹിന്ദിയേക്കാൾ എത്രയോ നൂറ്റാണ്ടുകൾക്കുമുമ്പാണ് തമിഴ് ഭാഷ രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ തമിഴകത്ത്​ തമിഴ് ഒരു ഭാഷയായി മാത്രം കാണുന്നില്ല / Photo : Abul Kalam Azad Pattanam, FB

1937 ൽ, ഈ സമരത്തിന്റെ പശ്ചാത്തലത്തിൽ, ജനങ്ങളുടെ പ്രക്ഷോഭത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ അന്നത്തെ മദ്രാസ് പ്രസിഡൻസി ഭരിച്ചിരുന്ന കോൺഗ്രസ് ഗവൺമെന്റിന് രാജിവെക്കേണ്ടിവന്നു. ചെന്നൈ ഗവർണർ ജനറലായിരുന്ന ലോഡ് എസ്‌കിൻ, നിർബന്ധിത ഹിന്ദി പഠനം എന്ന സർക്കാർ ഉത്തരവ് പിൻവലിച്ചു. സമരത്തിന്റെ കാതലായ ആവശ്യങ്ങൾ വിപുലീകരിച്ച് പെരിയാറും ദ്രാവിഡ കഴകവും നടത്തിയ ജനകീയസമരം വിജയം കണ്ടു. ആ സമരത്തിനൊടുവിൽ ഭാഷാ ബഹുസ്വരതക്കെതിരായ കടന്നുകയറ്റങ്ങളെക്കുറിച്ച് പെരിയാർ​ ജനങ്ങൾക്ക്​ മുന്നറിയിപ്പുനൽകി: ഇന്ത്യ, ബഹുസ്വര സംസ്‌കാരവും ഭാഷയും നിലനിൽക്കുന്ന രാജ്യമാണ്. ഇവിടെ ആയിരക്കണക്കിന് ഭാഷകൾ സംസാരിക്കപ്പെടുന്നു. അതിൽ ചില ഭാഷകൾക്കുമാത്രമാണ് ലിപിയുള്ളത്. ഇന്ത്യൻ ഭാഷകളിൽ ആധികാരികമായി പഴക്കമേറിയവയായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത് തമിഴും സംസ്‌കൃതവും ആണ് . സംസ്‌കൃതം നൂറ്റാണ്ടുകൾക്കുമുമ്പ്​​ ജനങ്ങളിൽ നിന്നകന്ന്​, അമ്പല ഭാഷയായി മാറി. സംസ്‌കൃതം, അമ്പലങ്ങളിലെ മന്ത്രങ്ങളായി മാത്രമാണ് നിലനിൽക്കുന്നത്. ബഹുജനതയെ ഒരിക്കലും ആ ഭാഷ ആകർഷിച്ചിട്ടില്ല. അതുകൊണ്ടാണ് ആ ഭാഷ മരിച്ചുപോയ അവസ്ഥയിൽ ബ്രാഹ്മണരുടെ അകമ്പടിയിൽ മാത്രം നിലനിൽക്കുന്നത്. സംസ്‌കൃതത്തെ പോലെ തന്നെ പഴക്കമേറിയ തമിഴ് ഭാഷ തെന്നിന്ത്യയിലെ 68 ഓളം ഉപഭാഷകളുടെ രൂപത്തിൽ നിലനിൽക്കുന്നുണ്ട്​. ആ ഭാഷകൾ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത വികാരമായി തുടരുന്നു. ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്നതുകൊണ്ട് മറ്റു ഭാഷകളുടെ അന്ത്യമാണ് ​അവർ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തമിഴ്‌നാട്ടിൽ തമിഴ് പഠിക്കുന്നവരെ സർക്കാർ ജോലികളിൽ പ്രവേശിപ്പിക്കണം. ഹിന്ദി പഠിക്കുന്നതുകൊണ്ടും നിർബന്ധിതമായി പഠിക്കണമെന്ന് ഉത്തരവിറക്കുന്നതു കൊണ്ടും മദ്രാസ് പ്രസിഡൻസിയിലെ ജനങ്ങൾക്ക് ഒരു ഗുണവുമുണ്ടാകില്ല. ഇത് ഒരു തരത്തിൽ സാംസ്‌കാരികമായ അടിച്ചമർത്തലാണ്. ഭാഷാ ബഹുസ്വരത ഇല്ലാതാക്കാനുള്ള ഏകാധിപതികളുടെ കുതന്ത്രമാണ്. അതുകൊണ്ട് നാം നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കണം. ​​​​​ പെരിയാറുടെ പ്രവചന സ്വഭാവമുള്ള ഈ പ്രസ്താവന സമകാലിക ഇന്ത്യയിൽ എന്തുമാത്രം പ്രസക്തമാണ് ​എന്നാലോചിച്ചുനോക്കുക. 1936 ൽ മദ്രാസ് പ്രസിഡൻസിയിൽ തുടങ്ങിയ ആ പ്രശ്‌നം ഇന്നും തീരാത്ത സാംസ്‌കാരിക അതിക്രമമായി തുടരുന്നു.

1965 ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്നതിനെതിരെ തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റകഴകവും കോൺഗ്രസിതര പാർട്ടികളും ചേർന്ന് നടത്തിയ രണ്ടാം ഹിന്ദി എതിർപ്പ് സമരത്തിൽനിന്ന്​
1965 ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്നതിനെതിരെ തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റകഴകവും കോൺഗ്രസിതര പാർട്ടികളും ചേർന്ന് നടത്തിയ രണ്ടാം ഹിന്ദി എതിർപ്പ് സമരത്തിൽനിന്ന്​

1965ലും സമാന പോരാട്ടത്തിലേക്ക്​ തമിഴ്​നാടിന്​ സഞ്ചരിക്കേണ്ടിവന്നു. ആ വർഷം, ലാൽ ബഹാദൂർശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ, ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന് ഉത്തരവിറങ്ങി. ഹിന്ദിയിതര സംസ്ഥാനങ്ങളെല്ലാം ഇതിനെതിരെ ഒറ്റക്കെട്ടായി നിന്നു. ദ്രാവിഡ മുന്നേറ്റ കഴകവും കോൺഗ്രസിതര പാർട്ടികളും ചേർന്നാണ് രണ്ടാം ഹിന്ദി എതിർപ്പ് പോരാട്ടം നടത്തിയത്​. എങ്കിലും തമിഴ്‌നാട്ടിലേതുപോലെ മറ്റെവിടെയും വലിയ രീതിയിൽ സമരമുണ്ടായില്ല. തമിഴക ജനത ഈ സമരത്തെ നെഞ്ചേറ്റി. സാംസ്‌കാരികമായ വിട്ടുവീഴ്ചക്ക്​ തയ്യാറല്ല എന്നവർ ഉറക്കെ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ തെരുവിടങ്ങളിലും റോഡുകളിലും സമരം തീ പോലെ പടർന്നു. 70ലേറെ പേരാണ് ഈ സമരത്തിൽ കൊല്ലപ്പെട്ടത്​. രാജ്യം ഒന്നു വിറച്ചു. തുടർന്ന്​, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാറിന്​ പിൻവലിക്കേണ്ടി വന്നു. 1967ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, ഇംഗ്ലീഷും ഹിന്ദിയും സർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗിക ഭാഷകളായി, ഹിന്ദി ഇതര സംസ്ഥാനങ്ങൾ സമ്മതിക്കുന്നതുവരെ തുടരും എന്ന ഭേദഗതി ഗവൺമെൻറ്​ എംപ്ലോയീസ് ആക്ടിൽ കൊണ്ടുവന്നു. അതോടെയാണ്​ സമരം കെട്ടടങ്ങിയത്​.

3000ത്തിലേറെ ഭാഷകൾ സംസാരിക്കപ്പെടുന്ന ഇന്ത്യയിൽ, ലിപികളുള്ള 22 ലേറെ ഭാഷകളുള്ള ഇന്ത്യയിൽ എങ്ങനെയാണ് ഹിന്ദിയെ മാത്രം ദേശീയഭാഷയായി അംഗീകരിക്കാൻ കഴിയുന്നത്.

ഭാഷാ ബഹുസ്വരതക്കെതിരായ പുറപ്പാട്​

അതിനുശേഷം ഇപ്പോഴാണ് ‘വൺ ഇന്ത്യ വൺ ലാംഗ്വേജ്’ പദ്ധതിയുമായി കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ മുന്നോട്ടുവരുന്നത്. ഹിന്ദുത്വ -ഹിന്ദി - ഇന്ത്യ എന്നതാണ് കാവിവൽക്കരണത്തിലേക്ക്​ സഞ്ചരിക്കുന്ന ‘നവഭാരത’ത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യം ഇന്ത്യൻ ബഹുസ്വരതയെ നശിപ്പിക്കാനുള്ള പുറപ്പാടുകൂടിയാണ്.

കേന്ദ്രസർക്കാർ ജോലിയിൽ പ്രവേശിക്കണമെങ്കിൽ ഹിന്ദി നിർബന്ധമായി പഠിച്ചിരിക്കണം എന്ന ആശയം, ഇന്ത്യയെ പോലെ ബഹുസ്വരതയിലധിഷ്​ഠിതമായ രാജ്യത്ത്​ ഏകാധിപത്യത്തിന്റെയും ഫാഷിസത്തിന്റെയും ശക്തികൾ ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്​. 3000ത്തിലേറെ ഭാഷകൾ സംസാരിക്കപ്പെടുന്ന ഇന്ത്യയിൽ, ലിപികളുള്ള 22 ലേറെ ഭാഷകളുള്ള ഇന്ത്യയിൽ എങ്ങനെയാണ് ഹിന്ദിയെ മാത്രം ദേശീയഭാഷയായി അംഗീകരിക്കാൻ കഴിയുന്നത്. ഇന്ത്യയിലെ ആദി ഭാഷകൾ എന്നറിയപ്പെടുന്ന സംസ്‌കൃതവും തമിഴും ലോക ക്ലാസിക്കൽ ഭാഷകളാണ്. സംസ്‌കൃതം അമ്പലഭാഷയായി മാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഉറുദുവും സംസ്‌കൃതവും ചേർന്ന മിശ്രഭാഷയായ ഹിന്ദിയെ ദേശീയഭാഷയാക്കാൻ ശ്രമം നടത്തുന്നത്. ഈ ശ്രമം ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ബഹുസ്വര സ്വഭാവം ഇല്ലാതാക്കുമെന്ന്​ ഉറപ്പാണ്​.

 ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നിർദ്ദേശങ്ങൾക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നിർദ്ദേശങ്ങൾക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

1936 മുതൽ തമിഴ്‌നാട്ടിൽ ദ്രാവിഡ ചിന്തകർ, ഹിന്ദി അടിച്ചേൽപ്പിക്കുന്നത്​, ഒരു ഭാഷയുടെ അടിച്ചേൽപ്പിക്കൽ മാത്രമല്ല, മറ്റു സംസ്​കാരങ്ങൾക്കുമേൽ ഒരു അധീശസംസ്​കാരത്തെ അടിച്ചേൽപ്പിക്കലാണ്​ എന്ന്​ നിരന്തരം വാദിക്കുന്നുണ്ട്​. എല്ലാ ഭാഷയ്ക്കും അതിന്റേതായ സവിശേഷതയുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭാഷയും ഉയർന്ന ഭാഷയല്ല, കുറഞ്ഞ ഭാഷയുമല്ല. ആശയവിനിമയങ്ങൾക്കപ്പുറം ഭാഷ എന്നത് ഒരു ജനതയുടെ സത്തയും സ്വത്വവും വികാരവുമായി മാറിയ കാലഘട്ടത്തിലാണ് ‘ഏക ഭാഷ’ എന്ന ആശയത്തിലൂടെ, ബ്രാഹ്മണ ഇന്ത്യ എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ശ്രമിക്കുന്നത്.

വാസ്തവത്തിൽ ഭാഷയിലൂടെ നമ്മൾ പരിഭാഷപ്പെടുകയാണ് ചെയ്യുന്നത്. ഇവിടെ എല്ലാ മനുഷ്യരും അവരുടെ തനതായ ഭാഷയിലൂടെ ആശയവിനിമയം നടത്താൻ പരിഭാഷപ്പെടുന്നു. ആ പരിഭാഷ മറ്റൊരു ഭാഷയിലേക്ക്​ പൂർണാർത്ഥത്തിൽ സാധ്യമാകുമോ? അതുകൊണ്ട് ഇന്ത്യയെപ്പോലെ ഭാഷാബഹുസ്വരത
നിലനിൽക്കുന്ന ഒരു രാജ്യത്ത്​ ‘വൺ നേഷൻ വൺ ലാംഗ്വേജ്’ എന്ന ആശയം ജനാധിപത്യവിരുദ്ധവും പൗരാവകാശത്തിന്​ എതിരുമാണ്​. ▮


പ്രഭാഹരൻ കെ. മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തി​ക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം.

Comments