മനോരമയുടെയും മാതൃഭൂമിയുടെയും ഒപ്പീനിയൻ പോൾ ആരുടെ ഒപ്പീനിയനാണ്?

പ്രീ പോൾ ഫലങ്ങൾക്ക് വോട്ടറെ എത്ര കണ്ട് സ്വാധീനിക്കാവും? ഒരു പ്രീ പോൾ അനലിസിസിന് എങ്ങനെ ഒരു വെപ്പനൈസ്ഡ് ഒപ്പീനിയൻ പോളായി മാറാനാകും? ഇന്ത്യയിലെ പ്രീ പോൾ ചർച്ചകളും വിശകലനങ്ങളും ചിത്രവധങ്ങളും വോട്ടറുടെ ഹിതത്തെ സ്വാധിനിക്കാനുള്ള സാധ്യത എത്ര ശതമാനമുണ്ട്? ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഈ നിർണമായ പൊതു തെരഞ്ഞെടുപ്പിൽ പ്രസക്തി ഏറെയാണ്. ഇവിടത്തെ പല ഫല പ്രവചന ചർച്ചകളും ലോകത്തെ പ്രശസ്ത സെഫോളജിസ്റ്റുകളോ പോൾ സ്ട്രാറ്റജിസ്റ്റുകളോ കാണാനിടയായാൽ അവർ ഈ പണി നിർത്തി നാടുവിടാനിടയുണ്ട്. ഡാറ്റ അനലിസിസോ ആഴമോ ഇല്ലാത്ത, വിചിത്രമായ ചർച്ചാ സാഹസങ്ങളാണ് പലതും.

'Between sense and non sense' ഓസ്ട്രേലിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാറ്റേഴ്സിലെ, ഡെമോക്രസി ആന്റ് അക്കൗണ്ടബിലിറ്റി ഡയറക്ടർ ബിൽ ബ്രൗണിന്റെ ഇലക്ട്രൽ പെൻഡുലത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ രസകരമാണ്.

1955 മുതൽ 2017 വരെയുള്ള തെരഞ്ഞെടുപ്പുകളിലെ ബി.ബി.സി. ബ്രോഡ്കാസ്റ്റുകളെക്കുറിച്ചും എക്സിറ്റ് പോൾ ചർച്ചകളെക്കുറിച്ചും സ്റ്റുവർട്ട് വിൽക് ഹീഗും പീറ്റർ ആൻഡേഴ്സണും നടത്തിയ മറ്റൊരു പഠനമുണ്ട്. പൊളിറ്റിക്കൽ സ്റ്റഡീസ് അസോസിയേഷന്റെ ജേർണലിൽ അത് വായിക്കാം. സേജ് പബ്ലിഷേഴ്സ് ഇത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എത്ര കണ്ട് സമഗ്രവും സൂക്ഷ്മവും ആയിരിക്കണം ഇത്തരം പഠനങ്ങളും വിശകലനങ്ങളും എത്രമേൽ ശാസ്ത്രീയവും മൈക്രോസ്കോപ്പിക് സമീപനം വേണ്ടതുമാണ് അവ എന്നും അവരെല്ലാം പറയുന്നു.

കാരണം ഇത് ചെറിയ ശതമാനം വോട്ടറെയെങ്കിലും സ്വാധീനിച്ചേക്കാനിടയുണ്ട്. അങ്ങനെ വരുമ്പോൾ അവരെ മിസ് ലീഡ് ചെയ്യാനിടയാകരുത് വിശകലനം എന്നതാണ് ഇവ കൃത്യതയോടെ ആയിരിക്കണമെന്ന ചിന്തയ്ക്ക് ആധാരം.

ആധികാരമായ പഠനരീതികളും സാംപിൾ സർവ്വേകളിലെ മൾട്ടി ഡൈമൻഷനൽ രീതികളുമെല്ലാം വിൽക് ഹീഗും ആൻഡേഴ്സണും എടുത്തുപറയുമ്പോഴും അതിലെല്ലാം സംഭവിക്കാറുള്ള പ്രശ്നങ്ങളേയും പിശകുകളേയും ഒരു മടിയുമില്ലാതെ സ്വയംവിമർശനപരമായി എടുത്തുപറയാനും അവർക്ക് സാധിക്കുന്നുണ്ട്.

പോൾ സ്റ്റഡീസിന്റെ ലോകം നിരവധി രസകരമായ പഠനങ്ങളാൽ സമ്പന്നമാണ്. ഗൗരവതരമായും ആധികാരികമായും പഠിക്കുന്ന ധാരാളം നിരീക്ഷകരുള്ള, വിദഗദ്ധരും സ്ഥാപനങ്ങളുമുള്ള ലോകമാണിത്. സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റാ പഠനങ്ങൾക്കായി ലോകപ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്. പറഞ്ഞുവന്നത് ഇതൊരു ഗൗരവപ്പെട്ട സംഗതിയാണ്.

എന്നാൽ ഇന്ത്യൻ മീഡിയയുടെ അല്ലെങ്കിൽ മലയാളം മാധ്യമലോകത്തിലെ, വിശേഷിച്ച് ചാനലുകളിലെ പ്രീ പോൾ ഫലങ്ങളുടെ സ്ഥിതിയെന്താണ്? കേരളത്തിലെ, പൊതുവിൽ ഇന്ത്യയിലെ മാധ്യമങ്ങളുടെ പോൾ ഫല പ്രവചന പരിപാടികൾ കണ്ടാൽ, വിശേഷിച്ച് ചാനലുകളുടേത്, നാം അത്ഭുതപ്പെട്ടുപോകുമെന്നതാണ് സത്യം. ഗ്രോയിങ് വെപ്പനൈസേഷൻ ഓഫ് ഒപീനിയൻ പോൾസ് എന്നാണ് ഇതിനെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിൽ പ്രവീൺ ചക്രവർത്തി എഴുതിയ ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്.

ഇതിപ്പോ ഓർക്കാൻ കാരണം കഴിഞ്ഞ ദിവസം മനോരമ ചാനലിന്റേതടക്കമുള്ള പ്രീ പോൾ പ്രവചനങ്ങളും വിശകലനങ്ങളും കണ്ടപ്പോഴാണ്. അവരുടെ ചാനൽ എഡിറ്റർ അടക്കമുള്ളവർ പോൾ നീരാളിയായി സ്വയം മാറി നടത്തുന്ന കണ്ടെത്തലുകൾ ന്യൂടൽ വോട്ടുകളെയടക്കം സ്വാധീനിച്ചേക്കാമെന്നതാണ് മറ്റൊരു കാര്യം. മനോരമയുടെ കണ്ണിൽ ഒരിടത്ത് പോലും എൽ.ഡി.എഫിന് അവർക്ക് മേധാവിത്വം കണ്ടെത്താൻ കഴിയുന്നില്ല. അതിനർത്ഥം പഠിച്ച ഏജൻസിയ്ക്ക് അത് കണ്ടെത്താനായില്ല എന്നാണോ മനോരമയ്ക്ക് ഇതാണ് താല്പര്യമെന്നാണോ?

മനോരമ ന്യൂസ് ചാനലിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രീപോൾ സർവ്വേ ഫലത്തിന്റെ അവതരണത്തില്‍ നിന്ന്‌

ഹാർഡ്കോർ പാർട്ടി വർക്കർമാർ അല്ലാത്ത സാധാരണ വോട്ടർമാരിൽ 75 ശതമാനത്തിൽ കൂടുതൽ ആർക്കുവോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ ആണെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ റീച്ച് ഉള്ള ചാനലുകൾ അഥവാ മാധ്യമങ്ങൾ പറയുന്ന പല വിശകലനങ്ങളും അർധസത്യങ്ങളും ട്രെൻഡുകളും ന്യൂട്രൽ വോട്ടർമാർ വിശ്വസിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇതൊരു അജണ്ട സെറ്റ് ചെയ്യലാണ് അഥവാ ഒപ്പീനിയൻ സെറ്റിങ് ആണിത്. അതുകൊണ്ടാണ് വെപ്പനൈസ്ഡ് ഒപ്പീനിയൻ പോൾസ് എന്ന പ്രയോഗം വരുന്നത് തന്നെ. മാധ്യമസ്ഥാപനങ്ങളുടെ താല്പര്യ നിർമ്മിതിയും രാഷ്ട്രീയ-സാമ്പത്തിക, ആഗ്രഹ നിവർത്തികളും ഫലസൂചനയെന്ന പേരിൽ അവതരിപ്പിച്ച് കൺഫ്യൂസ്ഡ്-ന്യൂട്രൽ വോട്ടേഴ്സിനെ ആശയക്കുഴപ്പത്തിലാക്കുകയോ സ്വാധീനിക്കുകയോ ചെയ്യുക എന്ന വ്യക്തമായ അജണ്ടയും ഇത്തരം പോൾ പ്രചവനങ്ങളിലും അവതരണങ്ങളിലുമുണ്ട്.

മാത്രമല്ല സാംപിൾ സർവെ പോലും തിരക്കിട്ട് ചെറിയ നമ്പർ വെച്ചുള്ള അനലിസിസായാണ് പല ഏജൻസികളും നടത്തുന്നത്. കാരണം ഇതൊരു ബിസിനസും മാധ്യമങ്ങൾക്ക് ഇത്തരം സർവെകൾ ഒരുതരം പബ്ലിസിറ്റി മെറ്റീരിയലും മാത്രമാണ്. അതിനാൽ തന്നെ പലപ്പോഴും ഒരു മണ്ഡലത്തിലെ പല മേഖല, പല സ്ട്രീമിൽ നിന്നുള്ള അഭിപ്രായങ്ങൾ ഡാറ്റാ സർവെയർമാർ എടുക്കുമെന്നോ കണ്ടെത്തുമെന്നോ യാതൊരു ഉറപ്പുമില്ല.

സെബാസ്റ്റ്യൻ കുർസ്

ഓസ്ട്രേലിയൻ ചാൻസലറായിരുന്ന സെബാസ്റ്റ്യൻ കുർസ് രാജിവെക്കേണ്ടിവന്നത് ഫേക്ക് ഒപ്പീനിയൻ പോൾ വഴി തനിക്ക് അനുകൂലമാണ് കാര്യങ്ങളെന്ന പ്രതീതി സൃഷ്ടിക്കാൻ ഏജൻസികളെ കൊണ്ട് ശ്രമിച്ച കുറ്റത്തിനെ തുടർന്നാണ്, പിന്നീട് അഴിമതിയുടെ പേരിൽ പുറത്തുപോകേണ്ടിയും രാഷ്ട്രീയം വിട്ട് ബിസിനസ്സിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുകയും ചെയ്തു സെബാസ്റ്റ്യൻ.

ഒപ്പീനിയൻ പോൾ ജെനുവിനാണ് എന്ന് കാണിക്കാൻ പണം നൽകുകയും അത് തനിക്ക് അനുകൂലമെന്ന് വരുത്താൻ ശ്രമിച്ചുവെന്നതുമായിരുന്നു കുറ്റം. സർക്കാർ ഫണ്ട് ഉപയോഗിച്ച് തനിക്കാവശ്യമായ മീഡിയ കവറേജുണ്ടാക്കിയെന്നത് വലിയ കേസായി ഓസ്ട്രേലിയൻ സമൂഹവും നീതിന്യായ വ്യവസ്ഥയും ഇടപെടുകയും ചെയ്തുവെന്നതാണ് വസ്തുത.

ഇത്തരം പല അനുഭവവും നമ്മുടെ മുന്നിലുണ്ട്. പല നേതാക്കൾക്കും ചില പാർട്ടികൾക്കും വേണ്ടി പല രാജ്യങ്ങളും ഇത്തരം പരിപാടികൾ ചെയ്യുന്നുണ്ട്. ഫേക്ക് വാർത്തകൾ, ഇല്ലാത്ത അവകാശവാദങ്ങൾ എന്നിവ ഇതിന്റെ ഭാഗവുമാണ്. എല്ലാവരും ഇങ്ങനെയാണ് എന്നല്ല പറഞ്ഞുവരുന്നത്. പല ഏജൻസികളും നീതിപൂർവ്വമായി ഡാറ്റ കളക്ട് ചെയ്ത് പഠിച്ച് അവതരിപ്പിക്കുന്നതിൽ ശ്രദ്ധയുള്ളവരാണ്.

മാതൃഭൂമി ചാനലിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രീപോൾ സർവ്വേ ഫലത്തിന്റെ അവതരണത്തില്‍ നിന്ന്‌

അടുത്തത് എന്താണ് നടക്കാൻ പോകുന്നത് എന്ന് ഏറ്റവുമധികം ധാരണയില്ലാത്തവർ മാധ്യമപ്രവർത്തകരാണ് എന്ന് പല വിഷയങ്ങളിലും ചിലപ്പോ തോന്നാറുണ്ട്. അഥവാ മാധ്യമങ്ങളാണ് ഇന്ത്യയിൽ പൊതുവേ, രാഷ്ട്രീയ പ്രവചനം നടത്തുന്നതിൽ ഏറ്റവും പിഴയ്ക്കുന്നവരെന്നാണ് തോന്നുന്നത്, ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്ക് സ്വയംവിമർശനപരമായാണ് ഇത് പറയുന്നത്.

എന്റേതടക്കമുള്ള വിലയിരുത്തലുകൾ പിഴയ്ക്കാറുണ്ട്. അതേസമയം മറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരോ അല്ലെങ്കിൽ സാധാരണ വോട്ടറോ ജനമോ പലപ്പോഴും തെരഞ്ഞെടുപ്പ് ട്രെൻഡ് കൃത്യമായി മനസ്സിലാക്കാറുമുണ്ട്. 2004 മുതലുള്ള എക്സിറ്റ് പോൾ കണക്കുകളുടെ ചരിത്രം പരിശോധിച്ചാൽ 40 ശതമാനത്തിലും താഴെയാണ് പ്രവചനത്തിലെ ആക്കുറസി റേറ്റ് എന്ന് കാണാൻ കഴിയും. ചില ഉദാഹരണങ്ങൾ പറയാം.

2004 ലേയും 2009 ലേയും തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച പ്രീ പോൾ പ്രവചനങ്ങൾ പരിശോധിക്കുക. 2004 ൽ യു.പി.എ മുന്നണിയ്ക്ക് സീ ന്യൂസ് പ്രവചിച്ചത് 176 സീറ്റും ബി.ജെ.പിയുടെ മുന്നണിയ്ക്ക് പ്രവചിച്ചത് 249 സീറ്റുമാണ്. യഥാർത്ഥത്തിൽ നടന്നത് എന്തെന്ന് എല്ലാവർക്കുമറിയാം. യു.പി.എ സർക്കാർ 2004 ലും 2009 ലും ഇടതുപിന്തുണയോടെ ഭരിച്ചു. ആജ്തക് പ്രവചിച്ചത് എൻ.ഡി.എയ്ക്ക് 248 സീറ്റാണ്, കിട്ടിയത് 189 സീറ്റും. ഇത്തരം നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.

2004 ലും 2009 ലും നടത്തിയ 80 ശതമാനം പ്രവചനവും പാളിപ്പോകുകയായിരുന്നു. എന്ന് കാണാം. അതേസമയം ഈ രണ്ട് തെരഞ്ഞെടുപ്പിലേയും പ്രീ പോൾ ഫലം പാളിയതിനാൽ പിന്നീട് വന്ന 2014 ൽ അതിന്റെ തുടർച്ചയായ ട്രെൻഡാണ് പ്രവചിക്കപ്പെട്ടത്. അതും പാളിപ്പോയി. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് നരേന്ദ്രമോദിയും എൻഡി.എയും അധികാരത്തിലെത്തുകയും ചെയ്തു. 2012 ലെ യു.പി. ഇലക്ഷനിൽ തൂക്കുമന്ത്രിസഭയാണ് പ്രവചിക്കപ്പെട്ടത് അവിടെ സമാജ് വാദി സർക്കാർ നല്ല ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടതായി കാണാം.

അരവിന്ദ് കെജ്രിവാളിന്റെ വിജയവും സർക്കാർ രൂപീകരണവും മുതൽ ട്രംപ് അമേരിക്കയിൽ ജയിച്ചുവരുമെന്നത് പോലും അപ്രവചനീയമായിരുന്നു എന്നതാണ് സത്യം. ആരും പ്രതീക്ഷിക്കാത്ത രീതിയിലാണ് അതെല്ലാം സംഭവിച്ചത്. സെഫോളജിസ്റ്റുകളുടെ അക്കാദമിക് ധാരണയെ റെസ്പ്ക്ട് ചെയ്തുകൊണ്ടുതന്നെയാണ് ഇതെഴുതുന്നത്.

പക്ഷേ ഇന്ത്യൻ കോണ്ടക്സ്റ്റിൽ എത്ര കണ്ട് പ്രീപോളിന് സ്ഥാപനങ്ങളുടെ കൂടി താല്പര്യങ്ങളോ ഏജൻസി വിലയിരുത്തലിനെ തങ്ങളുടേതായ രീതിയിൽ കൺവെർട്ട് ചെയ്ത് അവതരിക്കലോ നടക്കുന്നുവെന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണോ പല വിലയിരുത്തലുകളും എന്ന് ജനത്തിന് തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. അതേസമയം എക്സിറ്റ് പോൾ ഫലം ശരിയായിരുന്ന തെരഞ്ഞെടുപ്പുകളുമുണ്ട്. ഉദാഹരണത്തിന് ബിഹാർ ഇലക്ഷൻ. 2010 ൽ ജെ.ഡി.യു വരുമെന്ന് പ്രവചിച്ചു, 186 മുതൽ 203 സീറ്റ് വരെയായിരുന്നു പ്രവചനം. നേടിയത് 206 സീറ്റ്. എക്സിറ്റ് പോൾ ആക്കുറസി റേറ്റ് കൂടുതലാണ് എന്ന് പറയാനാകും.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ഒരുദാഹരണം കൗതുകത്തിന് പറയാം. മനോരമ ചാനൽ അവരുടെ പ്രീ പോൾ സർവ്വെയുടെ ഭാഗമായി ആലത്തൂർ മണ്ഡലത്തെ സംബന്ധിച്ച വിലയിരുത്തലുകൾ കണ്ടതിൽ പല നിഗമനങ്ങളും വിചിത്രമായാണ് തോന്നിയത്, പ്രത്യേകിച്ച് ഇതെഴുന്നയാൾ ആ മണ്ഡലത്തിൽ തന്നെയായതുകൊണ്ടും അവിടത്തെ പല ഗ്രൗണ്ട് ലെവൽ പ്രതികരണങ്ങൾ അറിയാവുന്നതുകൊണ്ടും. അതിനാൽ മനോരമയുടെ എഡിറ്ററുടേത് അടക്കമുള്ള വിശകലനം കേട്ടിട്ട് ചിരിക്കണോ കരയണോ എന്ന സംശയത്തിലായിപ്പോയി.

ആലത്തൂര്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി ടി.എന്‍. സരസു

അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല, തല്ക്കാലം. പക്ഷേ ഒരു ഉദാഹരണം പറയാവുന്നത്. ബി.ജെ.പി. സ്ഥാനാർത്ഥിയായ മുൻ കോളേജ് അധ്യാപിക സരസു വന്നതോടെ അവരുടെ വോട്ട് ഷെയർ പകുതിയോളം കൂടുമെന്നതാണ് മനോരമയുടെ വിലയിരുത്തൽ. മാത്രമല്ല സരസുവിന് കളം പിടിക്കാനായിട്ടുണ്ട് ഇപ്പോൾ എന്നാണ് അവർ കണ്ടെത്തുന്നത്. ഇത് അവിടത്തെ ബി.ജെ.പി. പ്രവർത്തകർ പോലും സമ്മതിക്കുമോ എന്ന് സംശയമാണ് എന്നതാണ് സത്യം. കഴിഞ്ഞ ദിവസം മാതൃഭൂമി ഫലം നോക്കുക. മാതൃഭൂമിയുടെ ഫലപ്രവചനം അടക്കം, ആലത്തൂർ അടക്കമുള്ള മണ്ഡലങ്ങളിൽ അതുപോലെ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂർ, രാജീവ് ചന്ദ്രശേഖറിന്റെ തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളിലെല്ലാം അമിതമായ പ്രാധാന്യവും മേൽക്കൈയും ബി.ജെ.പിയ്ക്ക് പല ചാനലുകളും കൊടുക്കുന്നുണ്ട്.

പലപ്പോഴും പ്രീ പോൾ സർവ്വേകൾക്കായി ഏൽപ്പിക്കപ്പെടുന്ന ഏജൻസികൾ പഠനമെന്ന വ്യാജേന (സാംപിൾ സർവെ നടത്തിയിരിക്കാം, എങ്കിലും) അത് നടത്തുന്ന സ്ഥാപനങ്ങളുടെ പൊളിറ്റിക്കലായ വെസ്റ്റഡ് ഇന്ററസ്റ്റിനെ, അവരുടെ ആഗ്രഹനിവർത്തികളെ എങ്ങനെയെല്ലാം തൃപ്തിപ്പെടുത്തും എന്നതിന്റെ കൂടി നല്ല ഉദാഹരണമാണ് മനോരമ ഫലപ്രവചനമെന്ന് തോന്നിപ്പോയി. രാജ്യത്തിന്റെ ട്രെൻഡ് സാധാരണ മനുഷ്യന് അറിയുന്ന പോലെ പല മാധ്യമപ്രവർത്തകർക്കും മനസ്സിലാകാറില്ല എന്ന് തോന്നാറുണ്ട്. അതുകൊണ്ടാണല്ലോ അവര് സംസാരിക്കുന്ന അഞ്ചോ പത്തോ ആളിന്റെ പ്രതികരണമം വെച്ച് വലിയ വിശകലനങ്ങളിലേക്ക് പോകുന്നതും അത് പാളിപ്പോകുന്നതും.

പലപ്പോഴും ജയിക്കാൻ സാധ്യതയുള്ള ആളിന് വോട്ടുചെയ്യുക എന്ന മാനസികാവസ്ഥയുള്ള ധാരാളം ന്യൂട്രൽ അരാഷ്ട്രീയ വോട്ടർമാരുള്ള കേരളത്തിൽ അത്തരം വിശകലനങ്ങൾ വോട്ടർമാരെ സ്വാധീനിക്കാൻ ഇടയാകും എന്നതാണ് വസ്തുത. രാഷ്ട്രീയമുള്ള നല്ലൊരു ശതമാനം മനുഷ്യരുടെ കാര്യമല്ല പറയുന്നത്. ഇത്തരം ന്യൂട്രൽ വോട്ടുകളാണ് പലപ്പോഴും ഓരോ മണ്ഡലത്തിലേയും ഗതി നിർണയിക്കുന്നതും. മാത്രമല്ല നല്ലൊരു ശതമാനം ഫ്ളോട്ടിങ്-ന്യൂട്രൽ വോട്ടർമാരും അവസാന ലാപിലാണ് തങ്ങളുടെ വോട്ട് ആർക്ക് കുത്തണമെന്ന് തീരുമാനിക്കുന്നത് എന്നിരിക്കെ ഇങ്ങനെയുള്ള സ്വാധീനമുള്ള മാധ്യമങ്ങളുടെ പ്രീ പോൾ സർവ്വെയ്ക്ക് സ്വാധീനിക്കാൻ കഴിയുമെന്നത് അറിഞ്ഞുതന്നെയാണ് പല മാധ്യമങ്ങളും ഇത്തരം അജണ്ട സെറ്റ് ചെയ്യുന്നതും.

Comments