ആർ. രാജഗോപാൽ

പ്രധാനമന്ത്രി മുഖ്യ പുരോഹിതനായി
മാറുന്ന ഭയാനകാവസ്ഥ

ഇലക്ടറൽ തിയോക്രസിയും ബഹുജനാടിത്തറയുള്ള ജനാധിപത്യവും തമ്മിലുള്ള ദൂരം ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാകുന്ന അവസ്ഥയിൽ, അതിനെ നേരിടാനുള്ള പ്രയോഗിക രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് സംസാരിക്കുകയാണ് ‘ദ ടെലഗ്രാഫ്’ പത്രത്തിന്റെ എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ.

മനില സി. മോഹൻ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാപനം, സ്വതന്ത്ര്യ മതേതര റിപ്പബ്‌ളിക് എന്ന ഇന്ത്യയുടെ ഭരണഘടനാ നിര്‍വചനത്തെ, വ്യാഖ്യാനത്തെ ഇല്ലാതാക്കി എന്ന് പറയേണ്ടിവരും. സെക്യുലറായി നില്‍ക്കുന്ന മനുഷ്യര്‍ക്കു മുഴുവന്‍ നിരാശ തോന്നുന്ന ചരിത്ര സന്ദര്‍ഭം കൂടിയാണിത്. സംഘപരിവാര്‍ ഇന്ത്യയെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നാണ് കരുതുന്നത്? ഹിന്ദുത്വ പ്രത്യയശാസ്ത്രം എത്രത്തോളം വിനാശകരമായി ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ ശരീരത്തില്‍ പടര്‍ന്നിട്ടുണ്ട്?

ആർ. രാജഗോപാൽ: ജനുവരി 22ന്റെ അനിഷേധ്യമായ പ്രത്യാഘാതം, സ്റ്റേറ്റിനെയും ക്ഷേത്രത്തെയും വേർതിരിച്ചിരുന്ന, ഇതിനകം ദുർബലമായിക്കഴിഞ്ഞിരുന്ന, അവസാന മതിലും തകർക്കപ്പെട്ടു എന്നതാണ്. സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായി, ഭരണകൂടത്തിന്റെ തലവന്റെ പ്രധാന റോൾ എന്താണ് എന്നതിനെക്കുറിച്ച് നമുക്ക് ഒരുറപ്പില്ലാതായിരിക്കുന്നു: ഭരണകൂടത്തിന്റെ തലവന്റേത് പ്രധാനമന്ത്രിയുടെ റോളാണോ അതോ മുഖ്യ പുരോഹിതന്റെ റോളാണോ? ഒരു ഇലക്ടറൽ തിയോക്രസിയും ബഹുജനാടിത്തറയുള്ള ജനാധിപത്യവും തമ്മിലുള്ള ദൂരം ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാകുന്ന ഈ അവസ്ഥ, സെക്യുലർ റിപ്പബ്ലിക് എന്ന നിലയ്ക്കുള്ള ഇന്ത്യയെ സംബന്ധിച്ച് ഭയാനകമായ സ്ഥിതിവിശേഷമാണ്.

തെരഞ്ഞെടുപ്പുകൾ നടക്കും, പക്ഷെ, ന്യൂനപക്ഷങ്ങളുടെ അഭിപ്രായങ്ങൾ ഒരു വിഷയമാകുകയോ അവ പരിഗണിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇത് ന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്ന ഒരു വിഷയമായി കാണുന്നത് തെറ്റായിരിക്കും. ഒരു പ്രധാനമന്ത്രി തന്നെ ഒരു മുഖ്യ പുരോഹിതനായി സ്വയം പ്രതിഷ്ഠിക്കുമ്പോൾ, ഭരണഘടനാപ്രക്രിയകളിലൂടെ നിലവിൽ വന്ന, കാലഘട്ടങ്ങളിലൂടെ പാകപ്പെട്ട വിവേകപൂ​ർണമായ ചില സംവിധാനങ്ങൾക്കു പുറത്താകുന്നു, അവർ.

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

അയോധ്യയിലെ രാമക്ഷേത്ര​പ്രതിഷ്ഠ നടന്ന ജനുവരി 22 കഴിഞ്ഞ്, രണ്ടു ദിവസത്തിനുശേഷം, 24ന് ബുധനാഴ്ച, കേന്ദ്ര മന്ത്രിസഭ ഞെട്ടിപ്പിക്കുന്ന ഒരു പ്രമേയം കൊണ്ടുവന്നു: ‘എല്ലാവർക്കും ആത്മീയമായ സംതൃപ്തി അനുഭവിക്കാനായി’ എന്ന് ആ പ്രമേയം അവകാശപ്പെടുന്നു. രാമജന്മഭൂമിയുടെ പാശ്ചാത്തലത്തിൽ കൂടിയാണ്, ‘എല്ലാവർക്കും’ എന്ന വാക്ക് കേന്ദ്ര മന്ത്രിസഭ ആവർത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ജനുവരി 22-നുശേഷം രാജ്യം എത്ര ആഴമേറിയ കുഴിയിലേക്കാണ് പതിച്ചത് എന്ന് വിശദീകരിക്കാൻ എനിക്ക് വാക്കുകളില്ല.

ഇത് ചില കാര്യങ്ങൾ വ്യക്തമാക്കുന്നു. ബാബറി മസ്ജിദ് തകർത്തതിനെ എതിർത്തവരും രാമക്ഷേത്ര കാമ്പയിനെ വർഗീയമായി കണ്ടവരും വിവേകികളായ പൗരസമൂഹമായി നിലനിൽക്കുന്നില്ല എന്നാണ് ഇതിനർഥം. ഈ പൗരർ, 2014 മുതൽ നിലവിൽ വന്ന ‘മറ്റുള്ളവർ’ എന്ന ഗണത്തിൽ പെട്ടവർ മാത്രമല്ല, കേന്ദ്ര മന്ത്രിസഭയുടെ, അതുവഴി, കേന്ദ്ര സർക്കാറിന്റെ തന്നെ, പൊതുബോധത്തിൽനിന്നുകൂടി അവർ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. ജനുവരി 22-ലേക്കുള്ള ഓട്ടത്തിൽ നമ്മുടെ ചില ‘സാംസ്കാരിക ഐക്കണുകൾ’ ഈ തുടച്ചുമാറ്റലുകളോട് നടത്തിയ ഐക്യപ്പെടലും ഭയപ്പെടുത്തുന്നതാണ്. ലക്ഷക്കണക്കിനുവരുന്ന സഹപൗരരുടെ മുറിവുകളെ, എത്ര ക്രൂരമായാണ് അവർ മറന്നുകളഞ്ഞത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടത് റിപ്പബ്ലിക്കിനേൽപ്പിച്ച ആഴമേറിയ വിച്ഛേദമാണെന്ന് വിശ്വസിക്കുന്ന മനുഷ്യരുടെ​ വേദനകളെ ആഘോഷമാക്കി മാറ്റുന്നതിൽ അവർ ഒരു അശ്ലീലവും കണ്ടില്ല.

ജനുവരി 22-നുശേഷം രാജ്യം എത്ര ആഴമേറിയ കുഴിയിലേക്കാണ് പതിച്ചത് എന്ന് വിശദീകരിക്കാൻ എനിക്ക് വാക്കുകളില്ല.

2016-ൽ പുറത്തിറങ്ങിയ ബെൻ- ഹർ (പുതിയ വേർഷൻ) എന്ന സിനിമയിൽ, ന്യൂസ് റൂമുകളിൽനിന്ന് ബോർഡ് റൂമുകളിലേക്കും അവിടെനിന്ന് സ്വീകരണമുറികളിലേക്കും പടർന്ന്, രാജ്യമാകെ എത്തിനിൽക്കുന്ന ആശങ്കാകുലമായ അവസ്ഥയെ പ്രതിനിധീകരിക്കുന്ന ദൃശ്യമുണ്ട്. ബെൻ- ഹർ ഓട്ടമത്സരത്തിൽ വിജയിച്ച ശേഷം, സ്പോൺസറായ ​ശൈഖ് ഇൽഡെറിം, വിജയമുദ്രകൾ സ്വീകരിക്കാൻ പോണ്ടിയസ് പിലേറ്റിനെ സമീപിക്കുന്നു.
പിലേറ്റ് ശൈഖിനെ അഭിനന്ദിക്കുന്നു.
‘‘നിങ്ങളുടെ തോൽവിയിൽ അനുശോചനങ്ങൾ’ എന്നു പറഞ്ഞാണ് ശൈഖ് പിലേറ്റിനെ ആശ്വസിപ്പിക്കുന്നത്.
‘തോൽവിയോ, അവിടേക്കുനോക്കൂ’ എന്ന് പിലേറ്റ് പറയുന്നു. തോൽപ്പിക്കപ്പെട്ട, മുറിവേറ്റ, റോമൻ ജനറൽ മസ്സലയെ എടുത്തുയർത്തുന്ന, രക്തദാഹികളായ പീഡിയ ജൂതജനക്കൂട്ടത്തെ ചൂണ്ടിക്കാട്ടി പിലേറ്റ് പറയുന്നു, ‘അവർക്കാവശ്യം രക്തമാണ്’
എന്നിട്ട്, നിന്ദയും ശാപവും കലർന്ന വാക്കുകളുമായി പിലേറ്റ് പിന്തിരിഞ്ഞുനടന്നു; ‘അവരെല്ലാവരും ഇപ്പോൾ റോമക്കാരായിരിക്കുന്നു.’

ഇതാണ്, മോദി നടത്തുന്ന മഹത്തായ കുറ്റമുക്തമാക്കൽ പ്രക്രിയ.

ഒരു ദീർഘകാല പദ്ധതിയിലൂടെ, അതിവിദഗ്ധമായ സോഷ്യൽ എഞ്ചിനീയറിങ്ങിലൂടെയാണ് സംഘപരിവാർ ഭരണകൂടാധികാരവും സാമൂഹികാധികാരവും നേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, അപ്പോഴും എൻ.ഡി.എയ്ക്ക് വോട്ടുചെയ്യാത്തവരാണ് 60 ശതമാനവും. ഇന്ത്യൻ ജനാധിപത്യത്തിൽ നമ്മുടെ പ്രതീക്ഷ എന്താണ്?

ബി.ജെ.പിക്ക് 37 ശതമാനം വോട്ടുവിഹിതമുണ്ടെന്നു പറയുന്നത് എത്രമാത്രം ശരിയായിരിക്കുമെന്ന് എനിക്ക് സംശയമുണ്ട്. മറുവശത്തുള്ള 63 ശതമാനം തീർച്ചയായും നല്ല സംഖ്യയാണ്. എന്നാൽ, അത് നമ്മുടെ ‘ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ്’ എന്ന വോട്ടിംഗ് സമ്പ്രദായത്തിൽ എത്രമാത്രം ഫലപ്രദമായിരിക്കും? മാത്രമല്ല, 2019-ൽ ബി.ജെ.പി നേടിയ 37.3 ശതമാനം, 1989-നുശേഷം അവർ നേടിയ ഏറ്റവും വലിയ വോട്ടുവിഹിതങ്ങളിൽ ഒന്നാണ് എന്നും ഓർക്കണം.

എന്തുകൊണ്ടാണ് പ്രതിപക്ഷത്തുള്ള 62 ശതമാനം വോട്ടിൽ എനിക്ക് ഉറപ്പില്ലാത്തത്? എങ്ങനെയാണ് ഇത്രയും ശതമാനം വോട്ടുകൾ വിതരണം ചെയ്യപ്പെടുക എന്നതിൽ ഒരുറപ്പുമില്ലാത്തതിനാലാണ് ഈ സംശയം. ഒരു ധ്രുവീകരണം നടന്നാൽ ചില പോക്കറ്റുകളിൽ ബി.ജെ.പി വിരുദ്ധവോട്ടുകൾ കേ​ന്ദ്രീകരിക്കും, അത്ര വിപുലമായല്ലാതെ. അതിനർഥം, പ്രതിപക്ഷത്തുള്ള മൊത്തം വോട്ടുവിഹിതം ആകർഷകമായ ഒരു നമ്പറാണെങ്കിലും പ്രത്യേകമായി ഓരോ സീറ്റിലും മാറ്റമുണ്ടാക്കുംവിധം അത് വിതരണം​ ചെയ്യപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെ, ഒരു പ്രതിപക്ഷസഖ്യ സ്ഥാനാർഥി വന്നാൽ, കോൺഗ്രസ് വിരുദ്ധ, തൃണമൂൽ വിരുദ്ധ, ഇടതുവിരുദ്ധ വോട്ടർമാർ, ബി.ജെ.പിക്ക് അനുകൂലമാകും എന്നൊരു വാദമുണ്ടെങ്കിൽ തന്നെയും

പ്രതിപക്ഷഐക്യം വളരെ പ്രധാനമാണ്. അതേസമയം, വോട്ട് വിഹിതത്തിൽ ഇങ്ങനെയൊരു ​വിഭജനം സംഭവിച്ചാൽ അതിന്റെ നേട്ടം ബി.ജെ.പിക്കായിരിക്കും. ഇത്തരം നേരിയ വ്യത്യാസങ്ങളാണ് ആശങ്കയുണ്ടാക്കുന്നത്. ഒരു സാധാരണ ഇലക്ഷനെ സംബന്ധിച്ച് ഇത്തരം മൈക്രോ മാനേജുമെന്റ് മതിയാകും. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ ഒരു സാധാരണ തെരഞ്ഞെടുപ്പായി മാത്രം കാണാനാകില്ല. ഈ തെരഞ്ഞെടുപ്പ്, ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിൽ കുറഞ്ഞ ഒന്നല്ല എങ്കിൽ, നാം അതിനെ ഇങ്ങനെത്തന്നെയാണോ നേരിടേണ്ടത് എന്നത് ഒരു ചോദ്യമാണ്.

പാർശ്വവൽകൃത- പീഡിത വിഭാഗങ്ങളുടെ ആശങ്കകൾ ഹിന്ദു എന്നു വിളിക്കപ്പെടുന്ന ഒരു ആവരണത്താൽ സമ്പൂർണമായി മറയ്ക്കപ്പെട്ടിരിക്കുന്നു.

ബ്രിട്ടീഷ് ഭരണം അവസാനിച്ചുവെങ്കിലും, ഇന്ത്യയിലെ ജനങ്ങളുടെ പ്രതിനിധാനമായി ഭരണകൂടം മാറിയിട്ടില്ല. പ്രതിനിധാനം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു തത്വം കൂടിയാണ്. സമൂഹത്തിലെ ഒരു വലിയ വിഭാഗം, തങ്ങൾക്ക് ഭരണകൂടത്തിലോ നയരൂപീകരണത്തിലോ ഒരു പ്രാതിനിധ്യവുമില്ല എന്ന് സ്വയം തിരിച്ചറിയുന്നവരാണ്. ഇവരിൽ ന്യൂനപക്ഷങ്ങൾ മാത്രമല്ല, അരികുവൽക്കരിക്കപ്പെട്ട നിരവധി വിഭാഗങ്ങൾ ഇവരിലുണ്ട്. ഈ പാർശ്വവൽകൃത- പീഡിത വിഭാഗങ്ങളുടെ ആശങ്കകൾ ഹിന്ദു എന്നു വിളിക്കപ്പെടുന്ന ഒരു ആവരണത്താൽ സമ്പൂർണമായി മറയ്ക്കപ്പെട്ടിരിക്കുന്നു.

പ്രതിപക്ഷ നറേറ്റീവുകളിൽ ഈ പ്രാതിനിധ്യമില്ലായ്മയെക്കുറിച്ച് പറയുന്നില്ല എന്നത് ഇതിനെ അടിയന്തര പ്രാധാന്യമുള്ളതാക്കി മാറ്റുന്നു. ഈ പ്രതിസന്ധിയെ വ്യക്തതയോടെ കൈകാര്യം ചെയ്താൽ, സാധാരണ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നടത്തുന്ന വോട്ട് വിഹിതചർച്ചകൾ ഇത്തവണ സെക്കൻഡറിയായി മാറും.

മതം, രാഷ്ട്രീയാധികാരം, മൂലധനാധികാരം എന്നിവയുടെ ആനുപാതിക സങ്കലനമാണ് സംഘപരിവാറിൻ്റെ ഫോർമുല. ഇതിന് ഒരു ബദൽ ഫോർമുല എങ്ങനെ സാധ്യമാക്കാക്കാം എന്നാണ് കരുതുന്നത്?

ജനം അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്നങ്ങളായ തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയിൽ പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ശക്തമായ വാദമുണ്ട്. അങ്ങനെയെങ്കിൽ, മുമ്പുള്ള തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി എങ്ങനെയാണ് ഈ വിഷയങ്ങൾ ഉയർത്തേണ്ടത്? ഇന്ത്യയെ സംബന്ധിച്ച് എന്നത്തെയും പ്രശ്നമാണ് തൊഴിലില്ലായ്മ. കുറച്ച് വർഷങ്ങളായി, വലിയ വിഭാഗം ജനങ്ങളെ സംബന്ധിച്ച് ഏറെ ദയനീയമായ ഒരവസ്ഥ കൂടിയാണിത്. സ്ഥിരമായി ഒരു ജോലിയില്ലാത്തത്, ജോലിയില്ലാത്ത അവസ്ഥ തന്നെയാണെന്ന്, നമ്മൾ അവരോട് പറയേണ്ടതില്ലേ? ഇവിടെ തൊഴിലില്ലായ്മയുണ്ടെന്ന് നമ്മൾ ആരെയാണ് ബോധ്യപ്പെടുത്തേണ്ടത്? ഈ വർഷങ്ങളിലെല്ലാം സഹപൗരരുടെ കാര്യത്തിൽ ഒരു ശ്രദ്ധയും നൽകാൻ കഴിയാത്തവരോടോ? നൂറ്റാണ്ടുകളായി നിശ്ശബ്ദമായി എല്ലാ ദുരിതങ്ങളും സഹിച്ചുജീവിക്കുന്നവരോട് പറയുന്ന വസ്തുതകളും അവർക്കുമുന്നിൽ അവതരിപ്പിക്കുന്ന കണക്കുകളും എന്തുകൊണ്ട് സത്യസന്ധമായിരിക്കണം?

സമ്പത്തിന്റെ പുനർവിതരണത്തിലും സമത്വപൂർണമായ വളർച്ച ഉറപ്പുവരുത്തുന്നതിലും തങ്ങൾ പരാജയമായിരുന്നുവെന്ന് കോൺഗ്രസ് തിരിച്ചറിയുകയും സമ്മതിക്കുകയും​ ചെയ്യുന്നുണ്ട്.

ഇതിന് ഒരു ഹ്രസ്വകാല പരിഹാരമുണ്ടെന്ന് ഞാൻ കരുതുന്നില്ല. സമ്പത്തിന്റെ പുനർവിതരണത്തിലും സമത്വപൂർണമായ വളർച്ച ഉറപ്പുവരുത്തുന്നതിലും തങ്ങൾ പരാജയമായിരുന്നുവെന്ന് കോൺഗ്രസ് തിരിച്ചറിയുകയും സമ്മതിക്കുകയും​ ചെയ്യുന്നുണ്ട്. അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും അതിനെ അഡ്രസ് ചെയ്യുന്നതിനുമുള്ള നയപരിപാടികൾ കൊണ്ടുവരുന്നതിൽ തങ്ങൾ പരാജയപ്പെട്ടതായി സോഷ്യലിസ്റ്റ് പാർട്ടികൾ സമ്മതിക്കുന്നു.
ഒരിക്കൽ ഇതെല്ലാം തിരിച്ചറിയാനായാൽ, സാമൂഹിക അന്യായങ്ങൾ അടക്കമുള്ള അനീതികൾ പരിഹരിക്കാനുള്ള നയപരിപാടികൾ കൊണ്ടുവരാൻ കഴിയും. ഇതാണ്, അടിസ്ഥാനപരമായ മാറ്റമുണ്ടാക്കാൻ നമ്മുടെ രാഷ്ട്രീയപാർട്ടികൾ ആലോചിക്കുകയും പ്രയോഗത്തിൽ വരുത്തേണ്ടതുമായ ഏറ്റവും ലളിതമായ മാർഗം. അടിസ്ഥാനപരമായ സാമ്പത്തിക- സാമൂഹിക മാറ്റങ്ങളെ പിന്തുണക്കാത്ത നയപരിപാടികളില്ലെങ്കിൽ, വർഗീയയെയും ആധിപത്യരാഷ്ട്രീയത്തെയും യോജിച്ച് നേരിടാനാകില്ല. ഇതിനുള്ള വഴി ദീർഘവും കഠിനവുമാണ്. ഒരു എളുപ്പ പരിഹാരമുണ്ടെന്ന് എനിക്കുതോന്നുന്നില്ല.

Comments