മനില സി. മോഹൻ: പാർലമെന്റിന്റെ വർഷകാല സമ്മേളനം, ജൂലൈ 18ന് തുടങ്ങാനിരിക്കേ, എം.പിമാർ സഭയിൽ ചർച്ചക്കിടെ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നിരവധി വാക്കുകൾക്ക് വിലക്കേർപ്പെടുത്തി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കിയിരിക്കുകയാണ്. സാധാരണ, സർക്കാർ നടപടികളെ വിമർശിക്കാൻ പ്രതിപക്ഷവും മറുപടി പറയാൻ ഭരണപക്ഷവും ഉപയോഗിക്കുന്ന വാക്കുകളെ പോലും ‘അൺ പാർലമെന്ററി' (സഭ്യേതരം) ആയി ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ കൈപ്പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. കോൺഗ്രസ് എം.പി എന്ന നിലയ്ക്ക് ഈ നടപടിയെ എങ്ങനെയാണ് കാണുന്നത്?
എം.കെ. രാഘവൻ: പാർലമെന്റിൽ ഇത്രയും കാലം പ്രതിപക്ഷം വിമർശനാത്മകമായി പ്രയോഗിച്ചുകൊണ്ടിരുന്ന 65 വാക്കുകൾക്ക് ചരിത്രത്തിലാദ്യമായിട്ടാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ജനാധിപത്യ സംവിധാനത്തെ തീർത്തും നിഷ്പ്രഭമാക്കുന്ന, സ്വേച്ഛാധിപത്യപാതയിലേക്കുള്ള ചുവടുവെപ്പാണിതെന്ന് പറയേണ്ടിവരും. ഇത്തരം വാക്കുകളെ ഈ സർക്കാർ ഭയപ്പെടുകയാണ് എന്നാണ് ഇതിനർഥം. പാർലമെന്റിനെ ഏകാധിപത്യപരമായ രീതിയിൽ വരുതിയിലാക്കാനും പ്രതിപക്ഷ ശബ്ദങ്ങളെ നിഷ്‌കരുണം അടിച്ചമർത്താനുമുള്ള നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 65 വാക്കുകളുടെ നിരോധനം. സഭക്കകത്ത് പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷ എം.പിമാരും സ്വഭാവികമായി ഉപയോഗിക്കുന്ന വാക്കുകളാണിവ. സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പദങ്ങളോടുള്ള അസഹിഷ്ണുത വളരെ കൃത്യമായി ഈ നടപടിയിൽ ദൃശ്യമാണ്.
ഇത്തരം ഏകാധിപത്യ നടപടികളുടെ സൂചന നേരത്തെതന്നെയുണ്ട്. ജനാധിപത്യ സംവിധാനത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെയാണ്. എന്നാൽ, പാർലമെന്റിൽ നടക്കുന്ന പല ചർച്ചകളിലും പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യങ്ങളിൽ മറുപടി പോലും പറയാറില്ല. പല ബില്ലുകളും അവതരിപ്പിക്കുമ്പോൾ ഞങ്ങൾക്ക് ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്. ശബ്ദവോട്ടോടെയാണ് പലപ്പോഴും ബില്ലുകൾ പാസാക്കുക. കാര്യങ്ങൾ ഇവിടെവരെയെത്തുമെന്ന് അന്നേ ഞങ്ങൾക്കെല്ലാം തോന്നിയിരുന്നു. ചുരുക്കിപ്പറഞ്ഞാൻ പ്രതിപക്ഷരഹിത പാർലമെന്റാണ് ബി.ജെ.പിയുടെ ലക്ഷ്യം. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തെ ബി.ജെ.പി സർക്കാർ പ്രതിപക്ഷമുക്ത ഭാരതം എന്നാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം നാളെ എങ്ങനെ സംസാരിക്കണം, എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നെല്ലാം ഞങ്ങൾ തീരുമാനിക്കും എന്ന നിലയിലേക്കാണ് പോകുന്നത്. ഇത് വലിയ വെല്ലുവിളിയായി കാണണം. കാരണം, ഈ ലോകത്ത് ജനാധിപത്യം അസ്തമിക്കാത്ത രാജ്യം ഇന്ത്യയാണ് എന്ന് എല്ലാവരും പറയാറുണ്ട്. പക്ഷെ, ആ ജനാധിപത്യം ഓരോ ദിവസം കഴിയുംതോറും അസ്തമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറയേണ്ട ദൗർഭാഗ്യകരമായ അവസ്ഥയാണ്.
ഇത്തരം ഏകാധിപത്യ നടപടികൾ നേരിടാൻ ആദ്യം വേണ്ടത്, എല്ലാ പ്രതിപക്ഷ പ്രസ്ഥാനങ്ങളും യോജിക്കുകയാണ്. പ്രതിപക്ഷ ഐക്യമില്ലായ്മയാണ് ഇതിന് വളംവക്കുന്നത്. പ്രതിപക്ഷഐക്യമുണ്ടായിരുന്നുവെങ്കിൽ ഇതിന് സർക്കാറിന് ധൈര്യമുണ്ടാകുമായിരുന്നില്ല. വോട്ടിന്റെ ശതമാനം നോക്കിയാൽ കേവലം 34 ശതമാനത്തിൽ താഴെ മാത്രമാണ് ഭരണകക്ഷിയുടെ വോട്ടുവിഹിതം എന്നാലോചിക്കണം. ബാക്കി പ്രതിപക്ഷത്തിന് 60 ശതമാനത്തിനുമേലെയുണ്ട്. സ്വഭാവികമായും പ്രതിപക്ഷ ഐക്യമില്ലായ്മ തന്നെയാണ് ഇത്തരം സ്വേച്ഛാധിപത്യ നടപടികൾക്ക് ഇടം നൽകുന്നത്. "ഞങ്ങളുടെ രീതിയിലുള്ള ഞങ്ങളുടെ പ്രവർത്തനമാണ് ജനാധിപത്യം' എന്നുപറയുന്ന തലത്തിലേക്കാണ് കാര്യങ്ങളെ കൊണ്ടുപോകുന്നത്. ഒന്നിച്ചല്ല, ഓരോ ദിവസവും നിയന്ത്രണം കൊണ്ടുവരികയാണ്. ഉദാഹരണത്തിന്, കഴിഞ്ഞദിവസം പാർലമെന്റ്? മന്ദിരത്തിനുമുകളിൽ സ്ഥാപിച്ച അശോകസ്തംഭവുമായി ബന്ധപ്പെട്ട വിഷയം എടുക്കുക. ഇത് ഏതെങ്കിലും പാർട്ടിയുടെ സ്തംഭമല്ല, പൊതുവിൽ, ഇന്ത്യയുടെ പ്രതീകമാണല്ലോ. അങ്ങനെയൊന്ന് സ്ഥാപിക്കുന്ന ഘട്ടത്തിൽ കക്ഷിനേതാക്കളെയോ രാജ്യസഭയിലെ പ്രതിപക്ഷനേതാവിനെയോ വിളിച്ചില്ല. ഇതെല്ലാം കാണിക്കുന്നത്, ജനവിരുദ്ധമായ പാതയിലേക്കുള്ള ഒരു സഞ്ചാരത്തെയാണ്. ഇത്തരം ഘട്ടങ്ങളിൽ എല്ലാ പ്രതിപക്ഷ കക്ഷികളും യോജിച്ചേ മതിയാകൂ. അതല്ലെങ്കിൽ ജനാധിപത്യ സംവിധാനം തന്നെ തകരുന്ന സ്ഥിതിയുണ്ടാകും. പ്രതിപക്ഷ പ്രസ്ഥാനങ്ങൾ യോജിച്ച് യുവാക്കളിലേക്കും സ്ത്രീകളിലേക്കും തൊഴിലാളികളിലേക്കുമെല്ലാം ഈ അപകട സന്ദേശം നൽകണം.ഹൈദരാബാദിൽ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ്, പാർട്ടിയെ വിപുലപ്പെടുത്താനുള്ള തന്ത്രപരമായ ചില പ്ലാനുകൾ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. ഹിന്ദുക്കളല്ലാത്ത വിഭാഗങ്ങളിലേക്കും ന്യൂനപക്ഷങ്ങളിലേക്കുമെല്ലാം കടന്നുകയറാനുള്ള ഒരു പ്ലാനാണിത്. ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ 'ഫലം' കണ്ട ഈ പ്ലാനിനെ കോൺഗ്രസ് എങ്ങനെയാണ് സമീപിക്കാൻ പോകുന്നത്?
കോൺഗ്രസ് നയം ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ്, ബി.ജെ.പി നയമാകട്ടെ ഭിന്നിപ്പിക്കുക എന്നതും. ബി.ജെ.പിക്ക് രാഷ്ട്രീയം പറയേണ്ട കാര്യമില്ല, ആശയപ്രചാരണം നടത്തേണ്ട, ഭരണനേട്ടം പറയേണ്ട, മറിച്ച് കമ്യൂണൽ ആംഗിളിലൂടെ, വർഗീയതയിലൂടെ, ജനങ്ങളെ കൂടെ നിർത്തുകയാണ് ചെയ്യുന്നത്. ഹൈന്ദവ വർഗീയത എന്തുമാത്രം എൻകാഷ് ചെയ്യാൻ പറ്റും എന്ന് വളരെ ബുദ്ധിപൂർവം അവർ ആലോചിക്കുന്നു. അവർക്ക് അറിയാവുന്ന ഏകമാർഗം ഇതാണ്, ജാതീയവും മതപരവും വർഗീയവുമായി ജനങ്ങളെ കൂടെനിർത്താനുള്ള തന്ത്രങ്ങൾ. അതുകൊണ്ടായിരിക്കാം, നാൽപതു വർഷം ബി.ജെ.പി ഭരിക്കും എന്ന് അമിത് ഷാ പറയുന്നത്. ഭൂരിപക്ഷ ഹിന്ദു കമ്യൂണിറ്റിയാണല്ലോ ഇന്ത്യയിലുള്ളത്. ആ വികാരത്തിന്റെ ചാമ്പ്യൻഷിപ്പ് തങ്ങൾക്കാണെന്ന് വെളിപ്പെടുത്തുന്ന ഒരു തന്ത്രമാണിത്. സംസ്ഥാനങ്ങളിലെല്ലാം അവർ ഈ തന്ത്രമാണ് പയറ്റുന്നത്. ഹിജാബ് വിവാദം പോലുള്ളവ നോക്കുക, ഇത്തരം പ്രശ്നങ്ങൾ അവരാണ് തുടങ്ങിവക്കുന്നത്, ഇത് ദേശീയതലത്തിൽ പ്രയോജനം ചെയ്യും എന്നും അവർ പ്രതീക്ഷിക്കുന്നു.
തങ്ങളുടെ കൂടെ നിർത്താവുന്നവർ ആരെല്ലാം എന്നതിനെക്കുറിച്ച തീരുമാനമാണ് ദേശീയ എക്സിക്യൂട്ടീവിലുണ്ടായത്. ഒരു കാര്യം വ്യക്തമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതുവരെയുണ്ടായിരുന്ന പൊളിറ്റിക്കൽ സ്പേസിനെ ഒരു കമ്യൂണൽ സ്പേസ് എന്ന രീതിയിലേക്ക് മാറ്റിക്കൊണ്ടാണ് ബി.ജെ.പി ഇന്ത്യ കീഴടക്കാൻ ശ്രമിക്കുന്നത്. എല്ലാ കാര്യങ്ങൾക്കും നിയന്ത്രണം വരികയാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാർ സകല മെഷിനറിയും ഉപയോഗിക്കുകയാണ്. അറസ്റ്റ്, ജയിൽ, രാജ്യദ്രോഹക്കുറ്റം എന്നിവ വ്യാപകമാകുന്നു. ഇത്രയും കാലം ഇന്ത്യ ഭരിച്ചതല്ലേ, പക്ഷേ രാഷ്ട്രീയ എതിരാളികളെ കോൺഗ്രസ് ഒരിക്കലും ഇങ്ങനെ നേരിട്ടിട്ടില്ല. കേന്ദ്ര ഏജൻസികളെ ഇത്തരത്തിൽ ഉപയോഗിച്ചിട്ടില്ല. ചരിത്രത്തിൽ ആദ്യമായിട്ടാണ് എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് എതിരാളികൾ ഇല്ലാത്ത ഒരവസ്ഥയുണ്ടാക്കുന്നത്. സ്വാതന്ത്ര്യസമരത്തിലൂടെ നേടിയെടുത്ത പൗരസ്വാതന്ത്ര്യം, ജനാധിപത്യം, അഭിപ്രായസ്വാതന്ത്ര്യം ഇതെല്ലാം നഷ്ടപ്പെടുന്ന അവസ്ഥ. ഇതിന്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷ ഐക്യം അനിവാര്യമാണ്.
കോൺഗ്രസ് നേതൃത്വം വളരെ ഗൗരവമായി ഈ പ്രശ്നം കാണുന്നുണ്ട്. കോൺഗ്രസിന് ഒരിക്കലും വർഗീയത പറയാൻ കഴിയില്ല, വിഭാഗീയതയിൽ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യുന്ന ബി.ജെ.പിക്ക് കഴിയും. ഇക്കാര്യം തിരിച്ചറിഞ്ഞ് ജനകീയ ബദൽ നയം രൂപപ്പെടുത്തിയെടുക്കാനാണ് ഉദയ്പൂർ ചിന്തൻ ശിബിരിലുൾപ്പെടെ പാർട്ടി ശ്രമിച്ചത്. ഇത് കോൺഗ്രസിനെ മാത്രം ബാധിക്കുന്ന വിഷയമല്ല, ഒരു രാജ്യത്തിന്റെ ആത്മാവിനെയും ജനങ്ങളുടെ ആത്മാഭിമാനത്തെയും പോറലേൽപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ നേതൃത്വപരമായി തന്നെ, യോജിക്കാവുന്ന എല്ലാവരുമായി സംസാരിക്കാൻ തയ്യാറാവണം. എല്ലാ സംസ്ഥാനങ്ങളിലും അടിത്തറയുള്ള രാഷ്ട്രീയ സംവിധാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്; ബിജെപി വിരുദ്ധ പ്രാദേശിക രാഷ്ട്രീയ കക്ഷികളെ ഒപ്പം ചേർത്ത് ബിജെപിയെ നേരിടുവാൻ സാധിക്കും. അതിന് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. രാജ്യത്തിന്റെ വിശാല താത്പര്യം മുൻനിർത്തി പാർട്ടി അതിന് തയ്യാറാവുകയാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡാ യാത്ര രാജ്യത്ത് പുതിയ മുന്നേറ്റത്തിനുള്ള കാഹളമാകും. ലോകത്ത് ഒരിടത്തും ഫാസിസ്റ്റ് വാഴ്ച അധികകാലം നീണ്ടുനിന്നില്ലെന്നതാണ് ചരിത്രം. ഇന്ത്യയിലും ആ ചരിത്രം ആവർത്തിക്കും. ഇന്ത്യൻ പാർലമെന്റിന്റെ രാഷ്ട്രീയ പവിത്രത വീണ്ടെടുക്കാൻ കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണ്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.