ദില്ലി ചലോ മാർച്ചിൽ പങ്കെടുത്ത കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു

വെടിവെച്ചുകൊന്ന്​ മൃതദേഹത്തിൽ നൃത്തം ചവിട്ടുന്ന ഭീകരത
​ബി.ജെ.പി ഒറ്റപ്പെടുന്നതിന്റെ പരിഭ്രാന്തിയിൽനിന്നാണ്

തൊഴിലാളി- കർഷക പ്രക്ഷോഭങ്ങളുടെ മുദ്രാവാക്യങ്ങളിലൂടെ ഒരു പുതിയ രാഷ്ട്രീയ ബദൽ രൂപപ്പെട്ടുവരികയാണ്. ഒരു ദേശദ്രോഹ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ദുർബലപ്പെടുകയായിരിക്കും ബി.ജെ.പിയുടെ ഭാവി.

കെ. കണ്ണൻ: ആഗോളതലത്തിലെ തന്നെ ഏറ്റവും ശക്തമായ കർഷക സമരത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. കേന്ദ്ര സർക്കാറും കർഷകരും തമ്മിൽ 11 വട്ടം ചർച്ച നടന്നുകഴിഞ്ഞു, നിരവധി കർഷകർ സമരത്തിനിടെ രക്തസാക്ഷികളായി, എന്നിട്ടും കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാതെ പുറകോട്ടില്ല എന്ന തീരുമാനത്തിൽ കർഷക സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. പ്രക്ഷോഭം ഒന്നാം വാർഷികത്തിലേക്ക് അടുക്കുകയാണ്. തുടക്കത്തിൽ കേന്ദ്ര സർക്കാറിന്റെ തന്നെ ഒത്താശയോടെ നടന്ന ദുഷ്​പ്രചാരണങ്ങൾ, കള്ളക്കേസുകൾ, കായിക ആക്രമണങ്ങൾ, മുഖ്യധാരാ മാധ്യമങ്ങളുടെ തമസ്‌കരണം, പ്രക്ഷോഭകരുടെ വർഗപ്രാതിനിധ്യം മുതലുള്ള ഐഡന്റിറ്റികളെ പ്രശ്‌നവൽക്കരിച്ചുകൊണ്ടുള്ള ബൗദ്ധികാക്രമണങ്ങൾ തുടങ്ങി ഇന്ത്യയിൽ ഒരു സമരവും നേരിടാത്ത പ്രതിസന്ധികളാണ് കർഷകസമരം അതിജീവിച്ചുകൊണ്ടിരിക്കുന്നത്. ഒരു വർഷം നീണ്ട കാലയളവിലേക്കും ഒരുപക്ഷേ, അതിനപ്പുറത്തേക്കും ഈ സമരത്തെ തുടരാൻ സഹായിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

പി. കൃഷ്ണപ്രസാദ്: കർഷക സമരം ഇന്നൊരു പ്രശ്‌നാധിഷ്ഠിത സമരമായി രൂപപ്പെട്ടിട്ടുണ്ട്. കരുത്ത് നിലനിർത്തിക്കൊണ്ടുതന്നെ ഇത്ര ദീർഘമായി മുന്നോട്ടുപോകാനും, കൂടുതൽ പ്രദേശങ്ങളിലേക്കും ജനവിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനും കഴിയുന്നത്, ഇതൊരു "ഇഷ്യൂ ബേസ്ഡ് സ്ട്രഗ്ൾ' എന്നതുകൊണ്ടാണ്.
ഇത്തരം സമരങ്ങൾക്ക് ചരിത്രത്തിൽ ഉദാഹരണങ്ങളുണ്ട്. 1936ലാണ് അഖിലേന്ത്യ കിസാൻ സഭ ലക്‌നോയിൽ രൂപം കൊള്ളുന്നത്. ആ കർഷക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, ഇന്ത്യ സ്വതന്ത്രമാകുന്ന കാലഘട്ടം വരെ നിരവധി സമരങ്ങൾ നടന്നു. കൃഷിഭൂമി കർഷകന് എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ പ്രശ്‌നം. ജമീന്ദാരീ വ്യവസ്ഥ നിലനിർത്തുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമരമായിട്ടാണ് കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം വരുന്നത്. ആ മുദ്രാവാക്യമാണ് ജനങ്ങളെ ഒരുമിപ്പിച്ചത്. കയ്യൂർ, പുന്നപ്ര- വയലാർ, തെലങ്കാന, മഹാരാഷ്ട്രയിലെ വർളി, സുർനേവാലി, അവിഭക്ത ബംഗാളിലെ തേഭാഗ, ബീഹാർ, പഞ്ചാബ്, യു.പി എന്നിവിടങ്ങളിൽ അക്കാലത്ത് നടന്ന സമരങ്ങളെല്ലാം പ്രശ്‌നിധിഷ്ഠിതമായിരുന്നു, ഈ സമരങ്ങൾ സ്വാതന്ത്ര്യ സമരങ്ങളെ ബഹുജന സമരങ്ങളാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിച്ചു. ആ ഒരു സമാനത, ഇപ്പോൾ നടക്കുന്ന കർഷക സമരത്തിനുമുണ്ട്. ഏതെങ്കിലും നേതാവോ വ്യക്തിയോ അല്ല, പ്രശ്‌നങ്ങളാണ് ജനങ്ങളെ ഒരുമിപ്പിക്കുന്നത്.
വ്യക്തികൾ, നേതാക്കൾ, സംഘടന, രാഷ്ട്രീയ പാർട്ടി, ജാതി, മതം എന്നിവക്കെല്ലാം അതീതമായി വർഗപ്രശ്‌നം എന്ന നിലയ്ക്ക്, വർഗ രൂപങ്ങളെയാകെ ഒരുമിപ്പിക്കാൻ പ്രശ്‌നാധിഷ്ഠിത സമരങ്ങൾക്ക് കഴിയും. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ കർഷക സമരങ്ങളുടെ പങ്ക് എന്തായിരുന്നുവോ ആ പങ്കാണ് ഇന്ത്യയെ സാമ്രാജ്യത്വത്തിന്റെ നവ കോളനിയാക്കി മാറ്റുന്ന നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിനുള്ളത്.

23 കോടിയോളം വരും ഇന്ത്യയിലെ പ്രവാസി തൊഴിലാളികൾ. കേരളത്തിലടക്കം വരുന്ന പ്രവാസിതൊഴിലാളികൾ, ഇന്ത്യയിലെ ഗ്രാമീണമേഖലയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന, ആട്ടിയോടിക്കപ്പെടുന്ന വിഭാഗമാണ്

കാർഷിക പ്രതിസന്ധിയാണ് ഇന്ന് കർഷകർ നേരിടുന്ന വലിയ പ്രശ്‌നം. കൃഷി നഷ്ടത്തിലാണ്, ഉൽപാദനച്ചെലവ് വർധിക്കുന്നു, വരുമാനം കുറയുന്നു, കർഷകർ കടക്കെണിയിലാകുന്നു. ഭൂമിയും കന്നുകാലികളെയും നഷ്ടപ്പെട്ട് ഇടത്തരം- ചെറുകിട കർഷകർ പ്രവാസി തൊഴിലാളികളായി മാറുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിൽ മാർക്‌സും ഏംഗൽസും വിശദീകരിക്കുന്നുണ്ട്; എന്താണ് മുതലാളിത്തത്തിൽ കൃഷിക്ക് സംഭവിക്കുന്നത് എന്നത്. കൃഷിക്കാരുടെ തൊഴിലാളിവൽക്കരണം എന്നാണ് അവരുപയോഗിക്കുന്ന പദം.
23 കോടിയോളം വരും ഇന്ത്യയിലെ പ്രവാസി തൊഴിലാളികൾ. കേരളത്തിലടക്കം വരുന്ന പ്രവാസി തൊഴിലാളികൾ, ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന, ആട്ടിയോടിക്കപ്പെടുന്ന വിഭാഗമാണ്. ഇത് ഒരു ചരിത്രപ്രക്രിയയാണ്. ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിയതിനെതുടർന്ന് കാർഷികോൽപ്പന്നങ്ങൾക്ക് വിലയിടിഞ്ഞു, അനുബന്ധമായ കടക്കെണി നാലുലക്ഷത്തിലേറെ കർഷകരുടെ ആത്മഹത്യയിലേക്കുനയിച്ചു. ഇത് രേഖപ്പെടുത്തപ്പെട്ടതാണ്. എന്നാൽ, ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം ഇതിന്റെ നാലോ അഞ്ചോ ഇരട്ടി വരും. 15 ലക്ഷത്തിലേറെ പേർ കടക്കെണിയിലും മറ്റും ആത്മഹത്യ ചെയ്തിരിക്കും എന്നാണ് കണക്കാക്കുന്നത്. ഈ കാർഷിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ പ്രാധാന്യം. എല്ലാ വിളകൾക്കും മിനിമം സപ്പോർട്ട് വില കിട്ടണം, അത് ഉൽപാദനച്ചെലവിന്റെ 50 ശതമാനം അധികരിച്ച തുകയായിരിക്കണം, അത് നിയമനിർമാണത്തിലൂടെ ഉറപ്പുവരുത്തണം. മാത്രമല്ല, സംഭരണത്തിന് നിയമപരമായ സംവിധാനമുണ്ടാകണം. മറ്റൊന്ന്, കർഷക തൊഴിലാളിക്ക് മിനിമം തൊഴിലും കൂലിയും ലഭിക്കണം.
യഥാർഥ വർഗപ്രശ്‌നം എന്ന നിലയിലാണ് ഈ ആവശ്യങ്ങൾ മുന്നോട്ടുവക്കപ്പെട്ടത്. അതാണ് തൊഴിലാളികളെയും കർഷകരെയും വൻതോതിൽ ഈ സമരത്തിലേക്ക് വരുന്നതിന് നിർബന്ധിതമാക്കിയത്.

ദില്ലി-ഹരിയാന അതിർത്തിയായ സിൻഘുവിലെ സമരത്തിൽ കിസാൻ സഭ നേതാക്കളായ ഹനൻ മൊല്ല, അശോക് ധവാളെ എന്നിവർക്കൊപ്പം കൃഷ്ണപ്രസാദ്

സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത രാജ്യങ്ങളെ വൻ തോതിൽ ബാധിച്ചിട്ടുണ്ട്. 1930കളിലെ മഹാ മാന്ദ്യം പോലെ, 2008ൽ അമേരിക്കയിലെ ബാങ്കുകളും ഇൻഷൂറൻസ് സ്ഥാപനങ്ങളുമെല്ലാം തകർന്ന പോലെ, ലോക രാജ്യങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇത് വ്യവസ്ഥാ പ്രതിസന്ധിയാണ് എന്നും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. വ്യവസ്ഥാ പ്രതിസന്ധിയാകുമ്പോൾ തീർച്ചയായും മുതലാളിത്തത്തിന് അതിൽനിന്ന് പെട്ടെന്ന് പുറത്തുവരാൻ കഴിയില്ല. അതായത്, മുതലാളിത്തത്തിന്റെ തകർച്ചയിലേക്കാണ് ലോകവ്യാപകമായി ഈ പ്രതിസന്ധി പോകുന്നത്. ഒരു ഭാഗത്ത് സാമ്രാജ്യത്വവും മറുഭാഗത്ത് സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം. അതുപോലെ, സാമ്രാജ്യത്വവും മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങളും തമ്മിലുള്ള വൈരുധ്യം. ഈ രണ്ട് വൈരുധ്യങ്ങളും രൂക്ഷമാകുകയാണ്.

റെയിൽവേ സ്‌റ്റേഷനുകളിൽ ചായ വിറ്റിരുന്ന ഒരു കൗമാരക്കാരൻ ഇന്ന് റെയിൽവേ സ്‌റ്റേഷനുകളെ തന്നെ വിൽക്കുന്നവരായി വളർന്നിരിക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്.

ഈ പ്രതിസന്ധിയിൽനിന്ന് പുറത്തുവരാൻ ഇന്ത്യ അടക്കമുള്ള മുതലാളിത്ത രാജ്യങ്ങൾക്ക് കഴിയുന്നില്ല. ഇന്ത്യയുടെ ഫെഡറൽ സ്വഭാവം തകർക്കുന്ന രീതിയിൽ ജി.എസ്.ടി നടപ്പാക്കി. സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന നികുതി നിർണയ അവകാശം നിഷേധിച്ചു. സംസ്ഥാനങ്ങൾക്ക് നികുതി ലഭിക്കാൻ കേന്ദ്രത്തിനുമുന്നിൽ കൈകൂപ്പേണ്ട സ്ഥിതിവിശേഷത്തിലേക്കുവരുന്നത് ഫെഡറൽ ഇന്ത്യയുടെ തകർച്ചക്കാണ് ഇടയാക്കുക. ഇന്ന് പല സംസ്ഥാന സർക്കാറുകളും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത പ്രതിസന്ധിയിലാണ്, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം. തീർന്നില്ല, 2018ൽ ജി.എസ്.ടി നടപ്പാക്കി നാലുവർഷം പിന്നിടുമ്പോൾ കേന്ദ്ര സർക്കാറും കടുത്ത സാമ്പത്തിക തകർച്ചയിലേക്കാണ്, കടബാധ്യതയിലേക്കാണ് പോകുന്നത്. അതുകൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്രം നിർബന്ധിക്കപ്പെടുന്നത്. വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബാങ്കുകൾ, ഇൻഷൂറൻസ് മേഖല എന്നിവയെല്ലാം സ്വകാര്യവൽക്കരിക്കുകയും നാഷനൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ എന്നു പറഞ്ഞ് "ഇന്ത്യ ഫോർ സെയിൽ' എന്ന രൂപത്തിലെത്തുകയുമാണ്.

റെയിൽവേ സ്‌റ്റേഷനിൽ ചായ വിറ്റിരുന്ന ആൾ എന്ന നിലക്കാണ് ആർ.എസ്.എസും ബി.ജെ.പിയും നരേന്ദ്രമോദിയെ അവതരിപ്പിച്ചത്, അദ്ദേഹത്തിന്റെ ലാളിത്യത്തെ കാണിക്കാനാണെങ്കിലും. എന്നാൽ, റെയിൽവേ സ്‌റ്റേഷനുകളിൽ ചായ വിറ്റിരുന്ന ഒരു കൗമാരക്കാരൻ ഇന്ന് റെയിൽവേ സ്‌റ്റേഷനുകളെ തന്നെ വിൽക്കുന്നവരായി വളർന്നിരിക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. ബി.ജെ.പി പറയുന്ന എല്ലാവരുടെയും വികസനം എന്നത് വസ്തുതയല്ല എന്ന് ബോധ്യമായിരിക്കുന്നു; മറിച്ച്, അംബാനിയെയും അദാനിയെയും പോലുള്ള വൻകിട കുത്തകകൾക്കാണ് വികസനം. തൊഴിലാളികളും കർഷകരും ചെറുകിട ഉൽപാദകരും കച്ചവടക്കാരുമെല്ലാം അടങ്ങുന്ന തൊണ്ണൂറുശതമാനം കടുത്ത തകർച്ച നേരിടുന്നു. ഇതിനെ ആഗോള സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെടുത്തി കാണണം. വരാനിരിക്കുന്ന നാളുകളിൽ കേന്ദ്ര സർക്കാർ കൂടുതൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുക. അതുകൊണ്ടുതന്നെ തൊഴിലാളികളും കർഷകരും ആവശ്യപ്പെടുന്ന ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നടപടികളിലേക്ക് പോകാൻ സർക്കാറിന് കഴിയുന്നില്ല. കാരണം, അവർക്ക് വൻകിട മൂലധനശക്തികൾക്ക്, കുത്തക കമ്പനികൾക്ക്, സാമ്രാജ്യത്വ- ബഹുരാഷ്ട്ര കുത്തകകൾക്ക് കീഴടങ്ങേണ്ടിവരും, അവർക്ക് അനുകൂലമായ നയങ്ങളാണ് സർക്കാറിന് നടപ്പാക്കാൻ കഴിയുക. ഇതെല്ലാം, ഈ പ്രക്ഷോഭത്തെ ഇനിയും വിപുലമാക്കുകയാണ് ചെയ്യുക.

ബി.ജെ.പി മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടിലൂടെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ലെന്നും അത് വിലക്കയറ്റവും തൊഴിലില്ലായ്മയും ഉണ്ടാക്കുമെന്നുമുള്ള തിരിച്ചറിവുകൾ ഈ പ്രക്ഷോഭം ജനങ്ങൾക്കുനൽകി.

ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ചേർന്ന മഹാപഞ്ചായത്തിലാണ് സപ്തംബർ 27ലെ ഭാരത് ബന്ദിന് ആഹ്വാനമുണ്ടായത്. കർഷകരടക്കം പത്തുലക്ഷത്തിലേറെ പേരുടെ ആവേശകരമായ സാന്നിധ്യം മഹാപഞ്ചായത്തിനെ വേറിട്ടതാക്കിയിരുന്നു. യു.പിയിലെ ബി.ജെ.പി സർക്കാറിനെതിരെ കൂടിയായിരുന്നു അവരുടെ പ്രതിഷേധം. വരുന്ന യു.പി, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തിൽ മഹാപഞ്ചായത്തിലെ പങ്കാളിത്തം പ്രത്യേക ശ്രദ്ധയുമാകർഷിക്കുന്നു. പടിഞ്ഞാറൻ, കിഴക്കൻ യു.പിയിൽ പ്രക്ഷോഭം കരുത്താർജിക്കുകയാണ്. ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, തെലങ്കാന, മണിപ്പുർ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കർഷക പ്രക്ഷോഭത്തിന് പിന്തുണയേറിവരികയാണ്. സംയുക്ത കിസാൻ മോർച്ചയുടെ പ്രതിഷേധവും സർക്കാർ വിരുദ്ധ കാമ്പയിനുകളും ഒരു രാഷ്ട്രീയ മാറ്റത്തിലേക്ക് നയിക്കാനുള്ള ഇടപെടലായി യു.പിയിലടക്കമുള്ള സംസ്ഥാനങ്ങളിൽ മാറാനുള്ള സാധ്യത എത്രത്തോളമാണ്?

കർഷക- തൊഴിലാളി പ്രക്ഷോഭം, രാഷ്ട്രീയ മാറ്റത്തിനിടയാക്കുമോ എന്ന ചോദ്യം പ്രധാനമാണ്. ബി.ജെ.പി മുന്നോട്ടുവെക്കുന്നത് നെഗറ്റീവ് രാഷ്ട്രീയമാണ്. 2014ലെ തെരഞ്ഞെടുപ്പിൽ അവർ പറഞ്ഞത്, സ്വാമിനാഥൻ കമീഷൻ പറഞ്ഞ മിനിമം സപ്പോർട്ട് പ്രൈസ് നടപ്പാക്കുമെന്നാണ്. ഏഴുവർഷം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല. രണ്ടുകോടി വെച്ച് തൊഴിലവസരം ഉണ്ടാക്കുമെന്നു പറഞ്ഞു, എന്നാൽ, തൊഴിലവസരം വെട്ടിച്ചുരുക്കപ്പെടുകയാണുണ്ടായത്. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന നയം പ്രഖ്യാപിച്ചു. എന്താണ് നടന്നത്? മൂന്ന് കാർഷിക വിരുദ്ധ നിയമങ്ങൾ, ഭൂമി ഏറ്റെടുക്കൽ നിയമം, തൊഴിലാളികൾക്ക് എട്ടുമണിക്കൂർ പണിയെടുക്കാനുള്ള, ട്രേഡ് യൂണിയനുണ്ടാക്കാനുള്ള, സമരം ചെയ്യാനുള്ള അവകാശങ്ങളെല്ലാം നിഷേധിക്കുന്ന ലേബർ കോഡ്... ഇങ്ങനെ ബ്രിട്ടീഷ് കാലത്തുപോലുമുണ്ടായിരുന്ന അവകാശങ്ങളാണ് മോദിയുടെ ഭരണം നമ്മിൽനിന്ന് തട്ടിയെടുക്കാൻ ശ്രമിക്കുന്നത്. അതിനെതിരായ പ്രതിഷേധം നാട്ടിലാകെ രൂപപ്പെടുത്തിയെടുക്കുന്നതിൽ കർഷക പ്രക്ഷോഭം വലിയ പങ്കാണ് വഹിച്ചത്.

ബി.ജെ.പി മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടിലൂടെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ലെന്നും അത് വിലക്കയറ്റവും തൊഴിലില്ലായ്മയും ഉണ്ടാക്കുമെന്നുമുള്ള തിരിച്ചറിവുകൾ ഈ പ്രക്ഷോഭം ജനങ്ങൾക്കു നൽകി. മാത്രമല്ല, സമരം ചെയ്യുന്നവരെ തലക്കടിച്ചും വെടിവെച്ചും കൊല്ലുന്ന സമീപനം ആസാമിലും ഹരിയാനയിലുമെല്ലാം കാണുന്നു. അസമിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവെച്ചുകൊന്ന കർഷകന്റെ മൃതദേഹത്തിൽ പൊലീസ് ഒത്താശയോടെ ചവിട്ടുന്ന ഭയാനക ദൃശ്യങ്ങൾ പുറത്തുവരുന്നു. ഇതെല്ലാം ബി.ജെ.പിയുടെ തകർച്ചക്ക് കാരണമാക്കുന്ന ഘടകങ്ങളാണ്.

"ഞങ്ങൾക്ക് എതിരാളികളില്ല, ഞങ്ങൾക്ക് ബദലില്ല' എന്നു പറഞ്ഞിരുന്ന ബി.ജെ.പിക്കും മോദി സർക്കാറിനും അതങ്ങനെയല്ല എന്നും കർഷക- തൊഴിലാളി ജനവിഭാഗം ഒരുമിച്ചാൽ തൊണ്ണൂറുശതമാനം ജനങ്ങൾ ഒരുമിക്കുമെന്ന് കാണിച്ചുകൊടുക്കുകയാണ് ഈ സമരം ചെയ്യുന്നത്.

ബി.ജെ.പിയുടെ അതേ വർഗാടിത്തറയാണ് കോൺഗ്രസിനുള്ളത് എന്നതുകൊണ്ടുതന്നെ ബി.ജെ.പി കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള പ്രവർത്തനമാണ് നടത്തുന്നത്. കോൺഗ്രസിനെ ദുർബലപ്പെടുത്തുകയും അതിലെ നേതാക്കളെ കോർപറേറ്റുകളുടെ സഹായത്തോടെ മാറ്റാനും ശ്രമം നടത്തുമ്പോൾ അതിനെതിരെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ പ്രതിപക്ഷത്തുണ്ട്. പക്ഷേ, ഈ സമരം പ്രതിപക്ഷത്തും ഒരു പ്രശ്‌നാധിഷ്ഠിത ഐക്യമുണ്ടാക്കിയിട്ടുണ്ട്. തൊഴിലാളി- കർഷക സമരങ്ങൾക്ക് പ്രതിപക്ഷത്തുനിന്ന് പിന്തുണ ലഭിക്കുന്നുമുണ്ട്. ആ അർഥത്തിൽ ഇന്ന് ദേശീയ രാഷട്രീയത്തിലെ ഏറ്റവും പ്രധാന പ്രശ്‌നമായി കർഷക സമരം മാറിയിട്ടുണ്ട്. "ഞങ്ങൾക്ക് എതിരാളികളില്ല, ഞങ്ങൾക്ക് ബദലില്ല' എന്നു പറഞ്ഞിരുന്ന ബി.ജെ.പിക്കും മോദി സർക്കാറിനും അതങ്ങനെയല്ല എന്നും കർഷക- തൊഴിലാളി ജനവിഭാഗം ഒരുമിച്ചാൽ തൊണ്ണൂറുശതമാനം ജനങ്ങൾ ഒരുമിക്കുമെന്ന് കാണിച്ചുകൊടുക്കുകയാണ് ഈ സമരം ചെയ്യുന്നത്. അത്രയും വലിയ ശതമാനം ജനങ്ങളുടെ വർഗ- ബഹുജന പ്രസ്ഥാനങ്ങൾ സ്വതന്ത്രമായി ഈ പോരാട്ടത്തിൽ അണിചേരുന്നു, അത് ഒരു വർഷം കടന്നുള്ള സമരമായി ഉയർന്നുവരുന്നു, അത് ഒരു പ്രതിപക്ഷത്തിന്റെ കടമ കൂടി നിർവഹിക്കുന്നു എന്നതാണ് ഈ സമരത്തിന്റെ പ്രാധാന്യം.

അസമിൽ കുടിയൊഴിക്കലിനിടെ പൊലീസ് വെടിവെച്ചുകൊന്ന കർഷകന്റെ മൃതദേഹത്തിൽ ചവിട്ടുന്ന ദൃശ്യം.

1970കളിലെ ജെ.പി മൂവ്‌മെന്റിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുണ്ടായിരുന്നവർ ചേർന്നാണ് ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ ജനതാപാർട്ടി എന്ന രാഷ്ട്രീയ പരീക്ഷണം നടത്തിയത്. പുതുതായി രൂപപ്പെട്ട പ്ലാറ്റ്‌ഫോം കോൺഗ്രസിനെ പരാജയപ്പെടുത്തുകയും ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ളവരുടെ തോൽവിക്കിടയാക്കുകയും ചെയ്തു. അന്നുണ്ടായത് ജനാധിപത്യം സംരക്ഷിക്കുന്നതിലുള്ള നിർണായക പരീക്ഷണമായിരുന്നു. സോഷ്യലിസ്റ്റുകളും ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരും മാത്രമല്ല, ജനസംഘമുൾപ്പെടെ അടിയന്തരാവസ്ഥക്കും ഏകാധിപത്യത്തിനും എതിരെ വരികയും അത് കോൺഗ്രസിന്റെ പരാജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഇന്നിപ്പോൾ ഇടതുപക്ഷവും സോഷ്യലിസ്റ്റ് പാർട്ടികളും കോൺഗ്രസും പ്രശ്‌നാധിഷ്ഠിത സമരങ്ങൾക്ക് നൽകുന്ന പിന്തുണ, അടിയന്തരാവസ്ഥക്കാലത്ത് ഉയർന്നുവന്ന പൊതുഐക്യത്തേക്കാളും വിപുലമാണ്. കാരണം, കർഷക സമരത്തിലൂടെ കർഷകരും തൊഴിലാളികളും ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ വർഗമെന്ന നിലയിൽ ഒന്നിച്ചുവരികയാണ്.

കിസാൻ മോർച്ചയുടെയും ഐക്യ ട്രേഡ് യൂണിയന്റെയും നേതൃത്വത്തിൽ പ്രക്ഷോഭങ്ങളിലൂടെ ഒരു ബദൽ, തൊഴിലാളി- കർഷക ഐക്യം രൂപപ്പെട്ടുവരുന്നു എന്നതാണ് പുതിയ രാഷ്ട്രീയ സാഹചര്യം. അതിനെ ഉൾക്കൊള്ളാനും അംഗീകരിക്കാനും കഴിഞ്ഞാലേ ബി.ജെ.പിക്കെതിരായി അണിനിരക്കുന്ന ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ കഴിയൂ എന്ന നിർബന്ധിത സാഹചര്യം കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ ഇന്ന് നേരിടുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമീരന്ദർ സിങ്ങും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ട്രാക്ടറിനു മുകളിലിരുന്ന് തൊഴിലാളി- കർഷക ഐക്യം സിന്ദാബാദ് എന്നു വിളിക്കുന്ന സ്ഥിതി, ഈ കർഷക സമരത്തിന്റെ സാഹചര്യത്തിൽ നാം കണ്ടു. തൊഴിലാളി- കർഷക ഐക്യം, ഫ്യൂഡൽ പാശ്ചാലത്തലമുള്ള കോൺഗ്രസിന്റെ ഔദ്യോഗിക നേതൃത്വം അംഗീകരിക്കാൻ നിർബന്ധിതമാകുന്ന സാഹചര്യം ഇന്നുണ്ട്. ഇന്ത്യയിലാകെ രൂപപ്പെട്ടുവരുന്ന ബദലിന്റെ വർഗസ്വഭാവത്തിന് തെളിവാണിത്.

മുസഫർ നഗറിൽ നടന്ന റാലി പ്രധാന നീക്കമായിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിൽ വർഗീയ കലാപം നടന്ന, നിരവധി പേർ കൊല്ലപ്പെട്ട പ്രദേശമാണിത്. ജാട്ട്- മുസ്‌ലിം വിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന ഒരു സാഹചര്യം ഈ റാലിയിലൂടെയുണ്ടായി

ഈ സമരം, ശക്തിപ്പെടാനാണ് പോകുന്നത്. കാരണം, ആഗോള മുതലാളിത്ത പ്രതിസന്ധി, ഇന്ത്യയിൽ കേന്ദ്ര സർക്കാർ നേരിടുന്ന സാമ്പത്തിക തകർച്ച, അവർ നടപ്പാക്കുന്ന കുത്തകകൾക്കനുകൂലമായ നയങ്ങൾ, അതിനെതിരായ രാഷ്ട്രീയ ചെറുത്തുനിൽപ്, അതിൽ തൊഴിലാളി- കർഷക വിഭാഗങ്ങൾ ഒരുമിച്ചുവരുന്ന സാഹചര്യം ഇവ ഒരു പുതിയ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയാണ്. കാർഷിക മേഖലയിലെ വിവിധ വർഗങ്ങളും കുത്തക മുതലാളിത്ത വർഗങ്ങളുമായുള്ള വൈരുധ്യം ശക്തിപ്പെടുന്നുണ്ട്. ധനിക കർഷകർ, മുതലാളിത്ത ഭൂവുടമകൾ, അവരെ പ്രതിനിധാനം ചെയ്യുന്ന പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ഇവർക്കുൾപ്പെടെ ബി.ജെ.പിയോടും അവരുടെ നയങ്ങളോടും ഒപ്പം നിൽക്കാൻ കഴിയില്ല എന്ന സ്ഥിതി വരികയാണ്. ബി.ജെ.പിക്കൊപ്പം നിന്നിരുന്ന നിരവധി പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ- അകാലിദൾ, ശിവസേന എന്നിവരും തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ആർ.ജെ.ഡിയും- കർഷക സമരത്തിന് ഏറിയും കുറഞ്ഞും പിന്തുണ നൽകുകയാണ്. കാരണം, ഈ പാർട്ടികളുടെ അടിത്തറ തൊഴിലാളികളും കർഷകരുമാണ്.

ഒരു വർഷം തികയുമ്പോഴേക്കും ഈ സമരത്തെ ഇന്ത്യയിലുടനീളം എത്തിക്കാൻ കഴിഞ്ഞു. ഈ മാസം അഞ്ചിന് മുസഫർ നഗറിൽ നടന്ന റാലി പ്രധാന നീക്കമായിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിൽ വർഗീയ കലാപം നടന്ന, നിരവധി പേർ കൊല്ലപ്പെട്ട പ്രദേശമാണിത്. ജാട്ട്- മുസ്‌ലിം വിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന ഒരു സാഹചര്യം ഈ റാലിയിലൂടെയുണ്ടായി. വർഗീയതക്കെതിരായ സന്ദേശമാണ് ആ റാലി നൽകിയത്. മറുവശത്ത്, സംസ്ഥാനങ്ങളിൽ എന്താണ് നടക്കുന്നത്? അക്രമം അഴിച്ചുവിട്ട് കർഷക സമരത്തെ നേരിടുക എന്ന നയമാണ് ഹരിയാനയിലെയും അസമിലെയും ബി.ജെ.പി മുഖ്യമന്ത്രിമാർ സ്വീകരിക്കുന്നത്. ബി.ജെ.പി ഒറ്റപ്പെടുന്നതിന്റെ സൂചനയാണിതെല്ലാം.

ഈ സമരങ്ങളുടെ മുദ്രാവാക്യങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകുന്ന ഒരു രാഷ്ട്രീയ മുന്നണിക്കുമാത്രമേ ഇനി രാജ്യത്ത് അധികാരത്തിലെത്താൻ കഴിയൂ. അതാണ് ഈ സമരങ്ങൾ തെളിയിക്കുന്നത്. അതിന് ഇന്ത്യൻ ജനത തയാറെടുക്കുകയാണ്.

പഴയ പാറ്റേണിൽ ഇനി നമുക്ക് രാഷ്ട്രീയത്തെ കാണാനാകില്ല. വരുന്ന പത്തുപതിനഞ്ച് വർഷങ്ങൾ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. തൊഴിലാളി- കർഷക പിന്തുണയോടെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം ദേശീയ തലത്തിൽ ശക്തിപ്പെടും. ഇപ്പോൾ, ഇടതുപക്ഷം ദുർബലമായിരുന്ന സംസ്ഥാനങ്ങളിലുൾപ്പെടെ കൂടുതൽ കർഷകരും ഉയർത്തിപ്പിടിക്കുന്നത് ചെങ്കൊടിയാണ്. അത് കിസാൻ സഭയുടെ ചെങ്കൊടിയാണ്, ഇടതുപക്ഷ കർഷക സംഘടനകളുടെ ചെങ്കൊടിയാണ്. ഇടതുപക്ഷ ജനാധിപത്യ ശക്തികൾ, ഈ സമരത്തിലൂടെ ദേശീയതലത്തിൽ പ്രാധാന്യമാർജിക്കുകയാണ്.
ഈ രാഷ്ട്രീയ മാറ്റത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങളും കർഷക പ്രസ്ഥാനങ്ങളും വർഗ പ്രസ്ഥാനങ്ങളെന്ന നിലയ്ക്ക് വലിയൊരു പങ്കു വഹിക്കുന്നു. അവയ്ക്ക് സ്വാധീനിക്കാൻ കഴിയുന്നുവെന്ന തലത്തിലേക്ക് ദേശീയ രാഷ്ട്രീയം മാറുന്നു. ഈ സമരങ്ങളുടെ മുദ്രാവാക്യങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകുന്ന ഒരു രാഷ്ട്രീയ മുന്നണിക്കുമാത്രമേ ഇനി രാജ്യത്ത് അധികാരത്തിലെത്താൻ കഴിയൂ. അതാണ് ഈ സമരങ്ങൾ തെളിയിക്കുന്നത്. അതിന് ഇന്ത്യൻ ജനത തയാറെടുക്കുകയാണ്. ഒരു ദേശദ്രോഹ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ദുർബലപ്പെടുകയായിരിക്കും ബി.ജെ.പിയുടെ ഭാവി.

ഇടതുപക്ഷം ദുർബലമായിരുന്ന സംസ്ഥാനങ്ങളിലുൾപ്പെടെ കൂടുതൽ കർഷകരും ഉയർത്തിപ്പിടിക്കുന്നത് ചെങ്കൊടിയാണ്. അത് കിസാൻ സഭയുടെ ചെങ്കൊടിയാണ്

കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ഒരു ബദൽ മുന്നോട്ടുവരിക എന്ന് കാണേണ്ടതില്ല. കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും അവരുടെ അടിത്തറയായി നിൽക്കുന്ന തെറ്റായ നയങ്ങൾ തിരുത്താൻ തയാറാകാതിരിക്കുന്നതുകൊണ്ടുതന്നെ അവർക്ക് രാഷ്ട്രീയ ബദൽ മുന്നോട്ടുവെക്കാൻ കഴിയുന്നില്ല എന്ന പ്രതിസന്ധി നേരിടുകയാണ്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഭേദമില്ലാതാകുന്നു. അപ്പോൾ, ഒരു ബദൽ മുന്നോട്ടുവെക്കാൻ കഴിയുന്നത് ആർക്ക് എന്ന ചോദ്യം പ്രധാനമകുന്നു. ഇടതുപക്ഷ ജനാധിപത്യശക്തികൾക്ക് അതിന് കഴിയുന്നുണ്ട്. തൊഴിലാളി- കർഷക പ്രക്ഷോഭങ്ങളുടെ മുദ്രാവാക്യങ്ങളാണ് ആ ബദലിന്റെ തുടക്കം. അതിനുകീഴിൽ രൂപപ്പെട്ടുവരുന്ന രാഷ്ട്രീയ ചേരിയുടെ വളർച്ച വരും നാളുകളിലുണ്ടാകും. ജനങ്ങളുടെ വർഗപരമായ ഐക്യത്തിലാണ് അതിന്റെ ഊന്നൽ.
ക്ഷേത്രം പണിയുക, ഗോവധം നിരോധിക്കുക തുടങ്ങിയ വർഗീയ മുദ്രാവാക്യങ്ങൾക്കപ്പുറത്ത് അനിമൽ ഇക്കോണമി സംരക്ഷിക്കുക തുടങ്ങിയ അടിസ്ഥാന മുദ്രാവാക്യങ്ങളുയരുകയാണ്. കന്നുകാലി സമ്പദ്ഘടനയെ തകർക്കുകയാണ് ബി.ജെ.പി ചെയ്തത്, അത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സംഘർഷത്തിന്റെ പ്രധാന കാരണമായി മാറുകയാണ്. 27 ശതമാനം വരുമാനവും കന്നുകാലികളിൽനിന്നാണ്. കന്നുകാലികളെ വിൽക്കാനും വാങ്ങാനുമുള്ള അധികാരം ഇല്ലാതാക്കുകയാണ് ബി.ജെ.പി സർക്കാറുകൾ ചെയ്യുന്നത്.

ഇന്നത്തെ വർഗീയ- സ്വത്വ രാഷ്ട്രീയത്തിന്റെ ശക്തികൾക്ക് കൃത്യമായ മറുപടി കൊടുക്കാനും വർഗപരമായ ഐക്യത്തിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും കഴിയുന്ന ഒരു മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

പുതുതായി രൂപപ്പെടുന്ന കുത്തക വിരുദ്ധ മുന്നണിയുടെ പ്രതിഫലനം യു.പിയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും നടക്കുന്ന തെരഞ്ഞെടുപ്പുകളിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കേണ്ടത്. കർഷക പ്രസ്ഥാനങ്ങൾ ശരിയായ നിലപാടെടുത്ത് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം എടുത്തിട്ടുണ്ട്. അതിനനുസൃതമായ മാറ്റം ഈ തെരഞ്ഞെടുപ്പുകളിലുണ്ടാകും. തെരഞ്ഞെടുപ്പു സമരവും തെരഞ്ഞെടുപ്പിതര സമരവും ഒരേപോലെ മുന്നോട്ടുകൊണ്ടുപോയി വർഗ ബഹുജന പ്രസ്ഥാനങ്ങളുടെയും കർഷക പ്രസ്ഥാനങ്ങളുടെയും സ്വതന്ത്ര സ്വഭാവം സംരക്ഷിച്ചുകൊണ്ടുള്ള പരീക്ഷണമാണ് ഇന്ത്യയിലിപ്പോൾ നടക്കുന്നത്. ഈ പരീക്ഷണം പരിപാകമാകാൻ സമയമെടുത്തേക്കാം. എന്തായാലും ഇന്നത്തെ വർഗീയ- സ്വത്വ രാഷ്ട്രീയത്തിന്റെ ശക്തികൾക്ക് കൃത്യമായ മറുപടി കൊടുക്കാനും വർഗപരമായ ഐക്യത്തിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും കഴിയുന്ന ഒരു മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ആന്റി കോർപറേറ്റ് പീപ്പിൾസ് ഫ്രണ്ട് എന്ന നിലക്കാണത് വരുന്നത്. ഈ മുന്നണിയായിരിക്കും ഇന്ത്യയുടെ ഭാവി രാഷ്ട്രീയം തീരുമാനിക്കുക, അവയെ ആശ്രയിക്കാതെ ദേശീയ- പ്രദേശിക പാർട്ടികൾക്ക് നിൽക്കാനാകില്ല എന്ന രൂപത്തിലേക്ക് വർഗ രാഷ്ട്രീയം ശക്തിപ്പെടുന്നതാണ് ഇന്ത്യയിൽ ഇന്ന് നടക്കുന്ന സമരങ്ങളുടെ രാഷ്ട്രീയമായ അടിത്തറ. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

Comments