ഡോ. യാസ്സർ അറഫാത്ത് പി. കെ.

പൗരാവകാശ സമരങ്ങൾ
​ബഹു അവകാശ സമരങ്ങളായി മാറുന്നില്ലെങ്കിൽ...

കർഷക സമരം പഞ്ചാബിലും, സിഖു കർഷകരിലും മാത്രം ഒതുങ്ങിയിരുന്നെങ്കിൽ, തിരഞ്ഞെടുപ്പ് പഞ്ചാബിൽ മാത്രമായിരുന്നെങ്കിൽ പ്രധാനമന്ത്രിക്ക് ഇത് പിൻവലിക്കേണ്ടിവരുമായിരുന്നോ എന്ന ചോദ്യമാണ്. സാധ്യത വളരെ കുറവാണ്.

കെ. കണ്ണൻ: മൂന്ന് കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ നരേന്ദ്രമോദി സർക്കാറിനെ നിർബന്ധിതമാക്കിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളിൽ പ്രധാനം, ആസന്നമായ യു.പി നിയമസഭാ തെരഞ്ഞെടുപ്പും പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്തവർഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും, ഏറ്റവുമൊടുവിൽ, 2024ലെ പൊതുതെരഞ്ഞെടുപ്പുമാണ്. മുഖ്യധാരാ രാഷ്ട്രീയത്തെ അകറ്റിനിർത്തിയതുമൂലം ഈ പ്രക്ഷോഭത്തിനുമേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരുതരം ‘അരാഷ്ട്രീയ' മുഖം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പുവിജയം സമ്മാനിച്ചേക്കാമെന്ന വിലയിരുത്തലുകളെ എങ്ങനെ കാണുന്നു? (പഞ്ചാബിലെ 31 കർഷക സംഘടനകളിൽ 18ഉം ‘നോൺ പൊളിറ്റിക്കൽ' സംഘടനകളാണ്). അതായത്, യു.പിയിലെയും പഞ്ചാബിലെയും കർഷകർ, പൊളിറ്റിക്കൽ ബാർഗൈനിങ് ശേഷിയുള്ള ഒരു രാഷ്ട്രീയ സംഘടനാ നേതൃത്വത്തിന്റെ അഭാവത്തിൽ, ‘രാജ്യത്തോട് ക്ഷമ ചോദിച്ച' ഒരു പ്രധാനമന്ത്രിയുടെ കീഴടങ്ങൽ തന്ത്രത്തോടൊപ്പം നിൽക്കാനുള്ള സാധ്യത എത്രത്തോളമാണ്?

ഡോ. യാസ്സർ അറഫാത്ത് പി. കെ.: കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളിൽ ലോകത്തുണ്ടായ പ്രക്ഷോഭങ്ങളിൽ ഏറ്റവും സുസ്ഥിരവും വലുതുമായതാണ് ഇന്ത്യയിലെ കർഷകരുടെ പ്രക്ഷോഭം എന്ന്​ വേണമെങ്കിൽ പറയാം. പങ്കെടുത്ത ആളുകളുടെ കണക്കിൽ മാത്രമല്ല, പങ്കെടുത്തവരുടെ ബഹുസ്വരത കൊണ്ടും ഏറ്റവും ശ്രദ്ധേയമായ പ്രക്ഷോഭമയാണ് ഞാനിതിനെ മനസ്സിലാക്കുന്നത്. കാർഷിക നിയമങ്ങൾ പെട്ടെന്ന് പിൻവലിച്ചത് ഉടനെ നടക്കാനിരിക്കുന്ന, പഞ്ചാബിലെയും യു.പിയിലെയും തിരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടുകൊണ്ടാണ് എന്ന യാഥാർഥ്യം ഓരോ കർഷകനും അറിയാം എന്നതുതന്നെയാണ്, ഈ പിൻവലിക്കലിനെ കൊണ്ട് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രത്യേക നേട്ടങ്ങളൊന്നും കിട്ടില്ലെന്നുപറയാൻ തോന്നുന്നത്.

പഞ്ചാബിലെ പല സംഘടനകളും പ്രത്യക്ഷമായി രാഷ്ട്രീയം പറയാത്തതാണെങ്കിലും, കൃത്യമായ രാഷ്ട്രീയബോധ്യത്തോടെയാണ് അവർ പ്രക്ഷോഭരംഗത്തേക്കുവരുന്നത്. മാത്രമല്ല, വളരെ ശക്തമായ ഇടതുപക്ഷസാന്നിധ്യം പഞ്ചാബിലെ കർഷകരുടെയിടയിൽ ദശാബ്ദങ്ങളായി നിൽക്കുന്നതുമാണ്. ഇടതുപക്ഷ തൊഴിൽപക്ഷ ചിന്തകളും, മതത്തിന്റെ നൈതികതയും ഒക്കെകെട്ടുപിണഞ്ഞുകിടക്കുന്ന വളരെ സങ്കീർണമായ രാഷ്ട്രീയ ഭൂമികയിൽനിന്ന് വർഷങ്ങളായി ഉയർന്നുവന്നുകൊണ്ടിരിക്കുന്ന അസംതൃപ്തിയുടെ ഒരു മൂർത്തരൂപം നമ്മൾ ഇന്ന് കാണുന്നു എന്നുമാത്രം.

‘ഒരിക്കലും പിന്മാറാത്തയാൾ' എന്ന സങ്കൽപ്പത്തിന്റെ തകർച്ച, മോദിയുടെ കരുത്തുമാത്രം പറഞ്ഞ്​ വോട്ടു ചോദിക്കാനുള്ള സാധ്യതക്കുണ്ടാക്കിയ പരിക്ക് ചില്ലറയല്ല. യു.പിയിൽ വേറെയൊന്നും അവകാശപ്പെടാനില്ലാത്ത അവസ്ഥയാണ് ബി.ജെ.പിക്ക്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് കർഷക സമരനേതാക്കൾ പ്രതികരിച്ചതുമാ​ത്രം നോക്കിയാൽ മതി, പഞ്ചാബിലെ തിരഞ്ഞെടുപ്പിൽ ഈ പിന്മാറ്റം കാര്യമായ ഒരുഗുണവും ബി.ജെ.പിക്ക് ഇതുകൊണ്ട് ഉണ്ടാവാൻ പോകുന്നില്ല എന്ന് മനസ്സിലാവാൻ. ബി.ജെ.പി നേതാക്കന്മാർക്ക്​ പല പ്രദേശത്തും പ്രസംഗിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് പഞ്ചാബിലെങ്ങും. ഹരിയാനയിലെ പല ഭാഗങ്ങളിലെ അവസ്ഥയും വ്യത്യസ്​തമല്ല. ബി.ജെ.പിയുമായി ഇപ്പോൾ സഖ്യമുണ്ടാക്കിയ അമരീന്ദർസിഗിന് പഞ്ചാബിൽ പ്രചാരണം നടത്താനെങ്കിലും ഈ പ്രഖ്യാപനം ഉപകരിക്കുമെന്ന് പറയാം. ആദ്യമായി നാലു മുന്നണികൾ മത്സരിക്കുന്ന പഞ്ചാബിൽ, ബി.ജെ.പി മുന്നണിക്കുള്ള സാധ്യത വളരെ ചുരുക്കമാണ്. സിങ്കു പോലുള്ള കർഷകപ്രക്ഷോഭ സ്ഥലങ്ങൾ പലപ്പോഴും ഒരു തുറന്ന സർവ്വകലാശാലയും ആയിരുന്നുവെന്ന് നമ്മൾ മനസ്സിലാക്കണം. കർഷകർ പത്രങ്ങൾ പോലും ആരംഭിച്ച സ്ഥലങ്ങളാണിതൊക്കെ. തങ്ങളെ തീവ്രവാദികളും, ദേശവിരുദ്ധരുമൊക്കെയായി മുദ്രകുത്തപ്പെട്ടത്​ അവർ പെട്ടെന്ന് മറക്കുമെന്നു തോന്നുന്നില്ല. എന്നുമാത്രമല്ല, ഇതെല്ലാം തെരഞ്ഞെടുപ്പിനുവേണ്ടിയുള്ളതാണ് എന്നത് ആദ്യം തിരിച്ചറിഞ്ഞത് അവർ തന്നെയാണ്.

മോദിയുടെ പ്രഖ്യാപനം യു.പിയിൽ വേറെ രീതിയിൽ സ്വാധീനം ചെലുത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. പാരമ്പര്യമായി എസ്​.പി, ബി.എസ്​.പി, ആർ.എൽ.ഡി തുടങ്ങിയ പാർട്ടികൾക്ക് ശക്തമായ സ്വാധീനമുള്ള പടിഞ്ഞാറൻ യു.പിയിൽ പോലും കഴിഞ്ഞ ഇലക്ഷനിൽ ഗണ്യമായ സീറ്റുകൾ നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. യാദവ, ദലിത്, ജാട്ട്, സമുദായങ്ങൾക്ക് ഗണ്യമായ സ്വാധീനമുള്ള ഈ പ്രദേശങ്ങളിൽ ബി.ജെ.പിയെ സഹായിച്ചത്​ മോദിയുടെ ‘അസാമാന്യ കരുത്തൻ' എന്ന മാധ്യമങ്ങൾ പടുത്തുയർത്തിയ ഇമേജായായിരുന്നു. അടുത്തിടെയുണ്ടായ അമേരിക്ക സന്ദർശനവും, സാമ്പത്തിക തകർച്ചയും, തൊഴിൽനഷ്ടവും ഒക്കെ ആ ഇമേജിനുണ്ടാക്കിയ തകർച്ച നിൽക്കുമ്പോഴാണ്, ഈ പ്രഖ്യാപനം. ‘ഒരിക്കലും പിന്മാറാത്തയാൾ' എന്ന സങ്കൽപ്പത്തിന്റെ തകർച്ച, മോദിയുടെ കരുത്തുമാത്രം പറഞ്ഞ്​ വോട്ടു ചോദിക്കാനുള്ള സാധ്യതക്കുണ്ടാക്കിയ പരിക്ക് ചില്ലറയല്ല. യു.പിയിൽ വേറെയൊന്നും അവകാശപ്പെടാനില്ലാത്ത അവസ്ഥയാണ് ബി.ജെ.പിക്ക്.

മാത്രമല്ല, ജാട്ടുകൾ ആർ.എൽ.ഡിയിലേക്കും മറ്റുള്ള സമുദായങ്ങൾ അവരുടെ പാരമ്പര്യപാർട്ടികളിലേക്കും വീണ്ടും വിശ്വാസമർപ്പിച്ചുകഴിഞ്ഞു. കർഷകരും പാരമ്പര്യ കർഷകരുമായി പട്ടേൽ സമുദായം എസ്​.പിക്ക്​പിന്തുണ കൊടുത്തുകൊണ്ടിരിക്കുന്നു. നിയമം പിൻവലിച്ചതു കൊണ്ടുമാത്രം, കഴിഞ്ഞ അഞ്ചു വർഷമായി ഉണ്ടായ പല മാറ്റങ്ങളും, കഴിഞ്ഞ രണ്ടു വർഷമായി കോവിഡ്​സമയത്ത്​ സംഭവിച്ച തൊഴിൽ- ജീവ നഷ്ടങ്ങളും ബി.ജെ.പിയെ ഇന്നും വേട്ടയാടുന്നുണ്ട്​, വലിയ അളവിൽ. പിന്നെ, കുത്തഴിഞ്ഞുകിടക്കുന്ന ക്രമസമാധാനവും.

ഇങ്ങനെയൊക്കെയാണെങ്കിലും, ചിലപ്പോൾ ചെറിയ ഭൂരിപക്ഷത്തിന്​ ചിലപ്പോൾ ബി.ജെ.പി തന്നെ അധികാരത്തിൽ വന്നേക്കാം, അതിന്​വിഘടിച്ചുനിൽക്കുകയും വോട്ടുകൾ ഭിന്നിപ്പിക്കുകയും ചെയ്യുന്ന പാർട്ടികളും നേതാക്കളുമാണ് ഉത്തരം പറയേണ്ടത്. അതേസമയം, ഉത്തരപ്രദേശിന്റെ രാഷ്ട്രീയ നിർണയങ്ങൾക്ക്​വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം വരെ നീണ്ടുനിൽക്കുന്ന ജാതി- രാഷ്ട്രീയ നീക്കുപോക്കലുകൾക്ക് നാം കാത്തിരിക്കേണ്ടിവരും. മുഖ്യമന്ത്രിയായിട്ടോ, പ്രധാനമന്ത്രിയായിട്ടോ, എടുത്ത ഒരു തീരുമാനവും, മഹാഅബദ്ധമായി അപ്പോൾ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയ നോട്ടുനിരോധമടക്കം, ഒന്നും പിൻവലിക്കാത്ത മോദി, കാർഷിക നിയമങ്ങൾ തിരഞ്ഞെടുപ്പിന് ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പിനുവേണ്ടി പിൻവലിക്കുമ്പോൾ, ബി.ജെ.പി ഭയന്നുകഴിഞ്ഞു എന്ന് കരുതാനാണ് എനിക്കിഷ്ടം. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. അധികാരാഹന്തയുടെ പരാജയവും.

രാകേഷ്​ ടിക്കായത്ത്​ കർഷക സമര പോരാട്ടത്തിന്റെ മുഖമായി മാറുന്നതോടുകൂടിയാണ്, അതുവരെ പരിവാർ സംഘടനകൾ നിർമിച്ചെടുത്ത ആഖ്യാനങ്ങൾക്ക്​അടിപതറുന്നത്​.

ഭരണഘടനയെപ്പോലും മറികടന്ന്, പാർലമെൻറിനെ നോക്കുകുത്തിയാക്കി ജനാധിപത്യവിരുദ്ധമായ നിയമങ്ങൾ പാസാക്കിയെടുത്ത ഒരു ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. ഇവയെ രാഷ്ട്രീയമായി നേരിടാൻ ശേഷിയുള്ള ഒരു പ്രതിപക്ഷത്തിന്റെ അഭാവത്തിൽ, രാജ്യമെങ്ങും ജനകീയ മുന്നേറ്റങ്ങൾ രൂപപ്പെട്ടത്, പൗരാവകാശം ഉയർത്തിപ്പിടിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു- വിദ്യാർഥികളുടെ, യുവാക്കളുടെ, തൊഴിലാളികളുടെ, കർഷകരുടെ, ഗ്രാമീണരുടെയെല്ലാം അസംഘടിതമായ ഒരു സംഘാടനം എന്നുപറയാം- പൗരത്വ ഭേദഗതി നിയമത്തിനെതിരായും മറ്റുമുള്ള പ്രതിഷേധങ്ങൾ ഓർക്കാം. വംശീയതയുടെയും സ്വേച്ഛാധിപത്യത്തിന്റെയും അപകടകരമായ അസ്തിത്വമുള്ള ഒരു ഭരണകൂടത്തിൻകീഴിൽ, ഇത്തരം പൗരാവകാശ സമരങ്ങളുടെ ഇന്ത്യയിലെ ഭാവി എന്തായിരിക്കും?

പൗരാവകാശ സമരങ്ങൾക്ക് ആവേശം പകരുന്നതുതന്നെയാണ്​ ഈ പിന്മാറ്റം. പക്ഷെ, ഇവിടെ ചോദിക്കാനുള്ളത്, കർഷക സമരം പഞ്ചാബിലും, സിഖു കർഷകരിലും മാത്രം ഒതുങ്ങിയിരുന്നെങ്കിൽ, തിരഞ്ഞെടുപ്പ് പഞ്ചാബിൽ മാത്രമായിരുന്നെങ്കിൽ പ്രധാനമന്ത്രിക്ക് ഇത് പിൻവലിക്കേണ്ടിവരുമായിരുന്നോ എന്ന ചോദ്യമാണ്. സാധ്യത വളരെ കുറവാണ്. നമ്മൾ മറക്കാതിരിക്കേണ്ടത്, കർഷകരെ ‘ഖാലിസ്ഥാൻ വാദികളും', ‘ദേശവിരുദ്ധരുമായി' കണ്ടുകൊണ്ടുകൊണ്ടുള്ള ഒരു ആഖ്യാനത്തിന് ​സോഷ്യൽ മീഡിയയിലും ദൃശ്യമാധ്യമങ്ങളിലും മൂർച്ച കൂടിയ ഒരുസമയത്താണ്, രാകേഷ്​ ടിക്കായത്ത്​കർഷക സമര പോരാട്ടത്തിന്റെ മുഖമായി മാറുന്നത്. അതോടുകൂടിയാണ്, അതുവരെ പരിവാർ സംഘടനകൾ നിർമിച്ചെടുത്ത ആഖ്യാനങ്ങൾക്ക്​അടിപതറുന്നത്​. സിഖ് കർഷകരുടെ കൂടെ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, മോദിയുടെ കരുത്തിന്റെ പേരിൽ ബി.ജെ.പിക്ക് ശക്തമായ പിന്തുണ നൽകിയ പല കാർഷിക സമുദായങ്ങളും, ടിക്കായത്തിന്റെ പിന്നിൽ അണിനിരന്നപ്പോഴാണ് ‘കർഷകസമരം' ഒരു ‘പൊതു'പ്രക്ഷോഭമായി മാറുന്നത്. അതുവരെ അത്​ സിഖുകാരുടേതു മാത്രമായി ചുരുക്കാൻ ബി.ജെ.പിയുടെ ആഖ്യാനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്, ഒരുപരിധി വരെ.

ഇപ്പോഴും ശക്തമായ മൈനോറിറ്റി ഫോബിക്കായി കാര്യങ്ങൾ നിലനിൽക്കുന്ന രാഷ്ട്രീയാവസ്ഥയിൽ, സ്ട്രാറ്റജിക്കല്ലാതെയുള്ള പൗരാവകാശ സമരങ്ങൾ- പ്രത്യേകിച്ച്​ മത സംഘടനകളുടെ- തങ്ങളുടെ രാഷ്ട്രീയം ശക്തിപ്പെടുത്താനുള്ള അവസരങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളായിരിക്കും ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാകുക

അതായത്​, ഭൂരിപക്ഷ സമുദായത്തിലെ കർഷകർ കർഷക നിയമങ്ങൾക്കെതിരെ തുറന്ന എതിർപ്പിനു മുന്നോട്ടുവന്നപ്പോഴാണ്, പ്രത്യേകിച്ച്, യു.പിയിലും, ബിഹാറിലും, അത്​ തങ്ങളുടെ തെരെഞ്ഞെടുപ്പ് വിജയങ്ങളെ ബാധിക്കാൻ പോകുന്നതായിരിക്കുമെന്ന വിചാരം ബി.ജെ.പിക്കുണ്ടാകുന്നത്​ എന്നുകാണാം.

അതുകൊണ്ടുതന്നെ, ഇതുപോലെയുള്ള
‘പൊതു'മുഖമില്ലാത്ത പ്രക്ഷോഭങ്ങളോട് ബി.ജെ.പി സർക്കാർ മൃദുവായ ഒരു സമീപനം സ്വീകരിക്കുമെന്ന്​ കരുതാൻ വയ്യ. ഇപ്പോഴും ശക്തമായ മൈനോറിറ്റി ഫോബിക്കായി കാര്യങ്ങൾ നിലനിൽക്കുന്ന രാഷ്ട്രീയാവസ്ഥയിൽ, സ്ട്രാറ്റജിക്കല്ലാതെയുള്ള പൗരാവകാശ സമരങ്ങൾ- പ്രത്യേകിച്ച്​ മത സംഘടനകളുടെ- തങ്ങളുടെ രാഷ്ട്രീയം ശക്തിപ്പെടുത്താനുള്ള അവസരങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളായിരിക്കും ബി.ജെ.പിയുടെ ഭാഗത്തുനിന്ന്, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, ഉണ്ടാകാൻ സാധ്യത.

അതുകൊണ്ടുതന്നെ, പൗരാവകാശ സമരങ്ങളെ, ബഹു അവകാശ സമരങ്ങളായി മാറ്റുക എന്ന രാഷ്ട്രീയ വിന്യാസം ഈ കാലഘട്ടത്തിൽ അനിവാര്യമാണ് എന്നു തോന്നുന്നു. കാർഷിക സമരരീതി ഇക്കാര്യത്തിൽ ഒരു വലിയ മാതൃക സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യകിച്ചും, സംഘാടനം, പ്രക്ഷോഭ വിദ്യാഭ്യാസം, സമരാച്ചടക്കം, നേതൃത്വം, സമാന്തര വിവരക്കൈമാറ്റങ്ങൾ, സോഷ്യൽ മീഡിയയുടെ ഉപയോഗം എന്നിവ. അധികാര പ്രണയത്തിലിരിക്കന്നവർക്കുമുന്നിൽ, അഹിംസയിലും ഭരണഘടനയിലും ഊന്നിയ, ആസൂ​ത്രണ മികവും ബുദ്ധിപരവുമായ പൗരാവകാശ സമരങ്ങൾക്ക് ഇനിയും സാധ്യതയുണ്ട് എന്നുതന്നെയാണ് കർഷക സമരവും അതിനെ തുടർന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും കാണിക്കുന്നത്.▮

​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

ഡോ. യാസ്സർ അറഫാത്ത് പി. കെ.

ഡൽഹി യൂണിവേഴ്സിറ്റിയിലെ അധ്യാപകനും ചരിത്ര ഗവേഷകനുമാണ്. കേംബ്രിഡ്ജ്‌ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഫെല്ലോയായിരുന്നു. മലയാളത്തിലും ഇംഗ്ളീഷിലും ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും എഴുതാറുണ്ട്

Comments