Photo : Wikimedia Commons

ബംഗാൾ; വിഭജിക്കപ്പെട്ട ഭൂപടത്തിലെ മണ്ണും മനുഷ്യരും

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലും രൂപീകരണത്തിലും ത്യാഗങ്ങൾ സഹിക്കേണ്ടിവരികയും അതിർത്തികൾ ഭേദിക്കുകയും ചെയ്ത മനുഷ്യരുടെ വ്യഥ പ്രമേയമാക്കുന്ന സുനിൽ ഗംഗോപാധ്യായയുടെ ‘ഈസ്​റ്റ്​ വെസ്റ്റി’ന്റെ സമകാലിക വായന

Unbiased at least he was when he arrived on his mission,Having never set eyes on the land he was called to partitionBetween two peoples fanatically at odds,With their different diets and incompatible gods.'Time,' they had briefed him in London, 'is short. It's too lateFor mutual reconciliation or rational debate:The only solution now lies in separation.- Partition; W H Auden.

ഒന്ന്

വിഭജനത്തിന്റെ മുറിപ്പാടുകൾ, അഭയാർഥികളുടെ നീണ്ടനിരകൾ, പലായനത്തിന്റെ പ്രത്യാഘാതമായ ഉള്ളുരുക്കങ്ങൾ എന്നിവയൊക്കെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഇന്ത്യയുടെ ചരിത്രം. ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന ലോർഡ് കഴ്‌സൺ 1905ൽ ബംഗാളിനെ വിഭജിച്ചതിനെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു. ഒടുവിൽ 1911ൽ വീണ്ടും ബംഗാളിനെ ഏകീകരിച്ചു. എന്നാൽ വർഷങ്ങൾക്കുശേഷം, അതേ സാഹചര്യം ആവർത്തിക്കുകയാണുണ്ടായത്. അധീനതയിലുള്ള രാജ്യങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നതിന്റെ പാഠങ്ങൾ നടപ്പിലാക്കുക എന്നത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കാര്യപരിപാടിയായിരുന്നു. ഇതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ദൃഷ്ടാന്തങ്ങൾ ചരിത്രത്തിലുണ്ട്. വിഭജനം അശാന്തിയുടെ ഭൂവിടങ്ങൾക്ക് രൂപം കൊടുക്കുകയും സംഘർഷത്തിന്റേതായ പ്രത്യയശാസ്ത്രം ബലപ്പെടുത്തുകയും ചെയ്തു. രാഷ്ട്രത്തെ കീറിമുറിക്കാനുള്ള തീരുമാനം ജീവിതസാഹചര്യങ്ങളെ അപ്രതീക്ഷിതമായ വിധത്തിൽ ബാധിക്കുന്നതിന്റെ അധ്യായങ്ങളാണ് സ്വാതന്ത്ര്യം ഒരുകൂട്ടം മനുഷ്യർക്ക് നൽകിയത്. ഭാഷ, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയ ഘടകങ്ങൾ രണ്ടു മതങ്ങളുടെ നിയതമായ ചട്ടക്കൂടിലൂടെ നിയന്ത്രിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിലൂടെ സംജാതമായത്. ബംഗാളിനെ പശ്ചിമ ബംഗാളും പൂർവ ബംഗാളുമാക്കി മാറ്റിക്കൊണ്ട്, കിഴക്കേ ബംഗാളിനെ കിഴക്കേ പാകിസ്ഥാനായി രൂപപ്പെടുത്തുന്നതോടെ കിഴക്കേ ബംഗാളിന്റെ സ്വത്വചിഹ്നങ്ങൾ അലങ്കോലപ്പെടുകയായിരുന്നുവത്രേ. പൂർവ ബംഗാളിൽ നിന്ന് പ്രാണരക്ഷാർത്ഥം പശ്ചിമബംഗാളിൽ എത്തിച്ചേർന്ന അഭയാർത്ഥികൾ അന്നത്തെ പശ്ചിമബംഗാളിന്റെ ജനസംഖ്യയുടെ നാലിലൊന്നുണ്ടായിരുന്നു. അതിരുകൾ ഭേദിച്ചെത്തുന്നവർക്ക് ലഭ്യമാക്കേണ്ടിയിരുന്ന, മാനുഷികവ്യവഹാരങ്ങളാൽ കെട്ടിയുയർത്തേണ്ട രാഷ്ട്രസംവിധാനത്തിന്റെ അസ്തിത്വത്തിനു ബലക്ഷയമുണ്ടായി എന്നതിൽ സംശയമില്ല.

ഭൂപടത്തിലെ ഏതാനും വരകളിലൂടെ ഇന്ത്യ- പാക് വിഭജനം സാധ്യമാക്കിയ ബ്രിട്ടീഷ് അഭിഭാഷകനായിരുന്ന സിറിൽ റാഡ്ക്ലിഫ് ‘ഇന്ത്യ' യെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് അത് നിർവഹിച്ചത്. അഞ്ചാഴ്ച കൊണ്ടാണ് ഈ കർമം അദ്ദേഹം സാധ്യമാക്കിയത്. കിഴക്കും പടിഞ്ഞാറുമുള്ള അതിർത്തിരേഖകൾ നിർണയിക്കാൻ അദ്ദേഹം ഇന്ത്യയിലെത്തിച്ചേർന്നത് 1947 ജൂലായിലായിരുന്നു. കാൽനടയായും കാളവണ്ടികളിലും അതിർത്തികൾ താണ്ടുന്ന ലക്ഷക്കണക്കിന് അഭയാർഥികളുടെ ദുരിതങ്ങളും അനന്തരഫലങ്ങളും റാഡ്ക്ലിഫ് മുൻകൂട്ടി മനസിലാക്കിയിരുന്നുവെന്നു വേണം കരുതേണ്ടത്. ഇതിന്റെ പേരിൽ ഇന്ത്യക്കാർ തന്നെ വെറുക്കുമെന്നും അദ്ദേഹത്തിന് ഉറപ്പായിരുന്നു. വേണ്ടത്ര വീണ്ടുവിചാരമില്ലാതെ വരയ്ക്കപ്പെട്ട റാഡ്ക്ലിഫ് രേഖയുടെ സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ ആഘാതം കനത്തതായിരുന്നു. സാമൂഹികാവസ്ഥകൾക്ക് ഉച്ചനീചത്വമേകുക വഴി ഉരുണ്ടുകൂടുന്ന പ്രതിലോമകരമായ സാഹചര്യങ്ങളിലേക്ക് മതം സമൂഹത്തെ വലിച്ചിഴക്കുന്നതിന്റെ പരിണതഫലമാണ് വിഭജനത്തിൽ കലാശിച്ചത്. സാമ്രാജ്യത്തിന്റെ മൂഢതക്ക് സാക്ഷ്യം വഹിക്കുകയും സാമുദായികപരിണാമത്തെ തകർക്കുകയും ചരിത്രപരമായ പാതകളെ വളച്ചൊടിക്കുകയും സമൂഹത്തെ അക്രമാസക്തമായ ഭരണകൂട രൂപീകരണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന' പ്രതിഭാസമായി വിഭജനം മാറിയത് ‘The Great Partition - The Making of India and Pakistan' എന്ന പുസ്തകത്തിൽ യാസ്മിൻ ഖാൻ ചൂണ്ടിക്കാട്ടിയത് തികച്ചും പ്രസക്തമാണ്. സ്വാതന്ത്ര്യം എന്നതിന്റെ മറ്റൊരു പദമായി വിഭജനം കൂടെ പ്രാബല്യത്തിൽ വരുന്നതിന്റെ വൈഷമ്യം കഠിനമാണെന്ന് പില്ക്കാലാനുഭവം നമ്മെ പഠിപ്പിച്ചു. മതത്തിന്റെ അടിസ്ഥാനത്തിലാണ് വിഭജനം എന്ന ആശയം രൂപപ്പെട്ടതെങ്കിലും മതം കേന്ദ്രീകരിച്ചുള്ള വിഭജനവും ഐക്യവും സമൂഹത്തിന്റെ ഭദ്രതയ്ക്ക് ആധാരശില പാകുന്ന ഘടകമായി കാണാനാവില്ല എന്ന തിരിച്ചറിവ് പിന്നീട് ഉണ്ടാകുകയാണ്.

ഹുസൈൻ സുഹ്രവാഡി

ബംഗാളിനെ സംബന്ധിച്ച് യാതനകൾ മറ്റൊരു രൂപത്തിലും നടമാടി. രോഗവും പട്ടിണിയും കടുത്ത ഭക്ഷണക്ഷാമവും പ്രതിസന്ധി സൃഷ്ടിച്ചു. മൂന്ന് ദശലക്ഷത്തോളം ആളുകൾ മരിക്കാനിടയായ അതിരൂക്ഷമായ ക്ഷാമം 1943 ൽ ബംഗാളിനെ ദുരിതത്തിലാഴ്ത്തി. അധികം വൈകാതെയുള്ള മറ്റൊരു ദുരന്തം ബംഗാളികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിത്തീർന്നു. 1946 ആഗസ്‌ററ് 16 ന് കൽക്കട്ടയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയലഹള ബംഗാളിൽ ആകമാനം പടർന്നു. പാകിസ്ഥാന് വേണ്ടിയുള്ള മുറവിളിയും ഇതോടൊപ്പം കരുത്താർജ്ജിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ നാലായിരം ജീവൻ കവർന്നെടുത്ത ആസൂത്രിത കലാപം ഒരു പ്രത്യേകരാഷ്ട്രം എന്ന ആവശ്യം സിദ്ധിക്കാനുള്ള അടിയന്തര യത്‌നമായിരുന്നു. ബംഗാൾ പ്രവിശ്യ മുസ്‌ലിം ലീഗിന്റെ (BPML) ന്റെ നേതാവും പിന്നീട് പാകിസ്ഥാന്റെ പ്രധാനമന്ത്രിയുമായ, അന്നത്തെ ബംഗാൾ മന്ത്രിസഭയുടെ അമരക്കാരനായ (1946-1947) ഹുസൈൻ സുഹ്രവാഡിയാണ് കലാപത്തിന് ചെല്ലും ചെലവുമേകിയത്. നിത്യവൃത്തിക്കായി ജോലിക്ക് പോയിരുന്ന സാധാരണക്കാർ ഈ ലഹളയുടെ രക്തസാക്ഷികളായി. ഭാഷയെ മുൻനിർത്തിക്കൊണ്ടുള്ള വർഗീയ പ്രചാരണവും ഇതിനിടയിൽ നടന്നു. ബംഗാളിയെ ഹിന്ദുക്കളുടെ ഭാഷയായി ഉയർത്തിക്കാട്ടാനുള്ള ശ്രമം തല്പരകക്ഷികളിൽ നിന്നുണ്ടായി.

യഥാർത്ഥ ബംഗാളിയായും യഥാർത്ഥ മുസ്‌ലിമായും നീതിപുലർത്താനാവുമോ എന്ന ചോദ്യം അന്തരീക്ഷത്തിൽ അലയടിച്ചു. അധികം വൈകാതെ വേട്ടക്കാർക്കും ഇരകൾക്കും ജാതിയും മതവുമില്ലെന്ന കാഴ്ചപ്പാടിൽ ചിലരെങ്കിലും ഉറച്ചുനിന്നു. നിഷ്പക്ഷമതികൾ ഈ വാദഗതിയിൽ വിശ്വസിച്ചു.

വിഖ്യാത കവികളായ ടാഗോറും നസ്രുൽ ഇസ്​ലാമും പ്രതിനിധാനം ചെയ്തത് ബംഗാളിന്റെ അടരുകളുടെ സാംസ്‌കാരിക മൂലധനമാണ്. വിഭജനത്തിൽ നഷ്ടമാവാത്ത ഫലഭൂയിഷ്ഠമായ മണ്ണിന്റെ ധാതുബലമാണ് അതുപകർന്നു തരുന്നത്.

ബംഗാളിന്റെ മൂന്നിൽ രണ്ടു ഭാഗം കിഴക്കേ ബംഗാൾ ആണെന്നത് വിഭജനത്തിന്റെ ആക്കം കൂട്ടുന്നു. ബംഗാളിന്റെ വിസ്തൃതിയിൽ മൂന്നിൽ രണ്ടു ഭാഗമുള്ള കിഴക്കേ ബംഗാൾ മുറിച്ചെടുക്കുന്നത് ബംഗാളിന്റെ ജീവസുറ്റ ഒരു അവയവം മുറിച്ചുമാറ്റുന്നതുപോലെയായി. കിഴക്കേ ബംഗാൾ പാകിസ്ഥാന്റെ ഭാഗമാകുന്നതും പിന്നെ ബംഗ്ലാദേശായി പിറവി കൊള്ളുന്നതും മുറിവേറ്റ ജനതയുടെ മിടിപ്പിനെ നിശ്ചലമാക്കിക്കൊണ്ടാണെന്നത് ഓർക്കണം. ആഭ്യന്തരമായ അച്ചടക്കമില്ലായ്മ ഒരു രാഷ്ട്രം എന്ന നിലയ്ക്കുള്ള കടമയും ഉത്തരവാദിത്തവും നിർവഹിക്കുന്നതിൽ പാകിസ്ഥാൻ പരാജയമാകുന്ന സൂചനകൾ തുടക്കംതൊട്ടേ ദൃശ്യമായി.

പഞ്ചാബിൽ സംഭവിച്ചതുപോലെ വലിയ തിരക്കോടുകൂടിയുള്ള കൂട്ടപ്പലായനം ബംഗാളിൽ ഉണ്ടായില്ല. പതുക്കെ വ്യാപിക്കുന്ന തരത്തിലുള്ളതായിരുന്നു ബംഗാളിലേക്കുള്ള അഭയാർഥികളുടെ പ്രവാഹം. ബന്ധുക്കളുടെ വീടുകളിലും റെയിൽവേ സ്റ്റേഷനുകളിലും പൊതുനിരത്തുകളിലും അവർ അഭയം തേടി. പുറമ്പോക്കുകളിലേക്കും ആൾത്താമസമില്ലാത്ത ഇടങ്ങളിലേക്കുമുള്ള അധിനിവേശം സാധാരണമായി. കിഴക്കേബംഗാളിൽ നിന്നുള്ള അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയെ കുറിച്ച് അധികൃതർ കൃത്യമായി ആലോചിച്ചിരുന്നില്ല എന്ന് കരുതണം. താത്കാലികമായ ഒരു സ്ഥിതിവിശേഷമായി ഇതിനെ കണ്ട്, പ്രശ്‌നങ്ങൾ അടങ്ങുമെന്നും അഭയാർത്ഥികൾക്ക് മടങ്ങിപ്പോകാമെന്നുമുള്ള വിചാരവും ചില കോണുകളിൽ സജീവമായിരുന്നു. എന്നാൽ തീർത്തും അസ്ഥാനത്തുള്ള ഒരു ചിന്തയായി അതുമാറി.

അഭയാർത്ഥികൾക്ക് തിരിച്ചുചെല്ലാൻ ഒരിടം ഇല്ലെന്ന വസ്തുത പതുക്കെ അവർക്കും പൊതുസമൂഹത്തിനും വ്യക്തമായി. 1951-ലെ സെൻസസ് പ്രകാരം, കിഴക്കേ ബംഗാളിൽ നിന്നുള്ള അഭയാർത്ഥികളുടെ എണ്ണം 2,099,000- എന്നാണു കണ്ടെത്തിയത്. അതിൽ 1,387,000 ആളുകൾ പശ്ചിമബംഗാളിലെ മൂന്ന് ജില്ലകളായ -കൽക്കട്ട, നാദിയ, 24 പർഗാനാസ് എന്നിവിടങ്ങളിൽ അഭയം പ്രാപിച്ചു. പത്തുവർഷത്തിനുശേഷം, (1961-ലെ സെൻസസ് പ്രകാരം) പശ്ചിമബംഗാളിൽ അഭയാർഥികൾ മൂന്നു ദശലക്ഷത്തിലധികമായി. 1973-ൽ അവരുടെ എണ്ണം വീണ്ടും ഇരട്ടിയായി. ദൈനംദിന ചെലവുകൾക്കായി അവർക്ക് കടുത്ത ബുദ്ധിമുട്ടനുഭവപ്പെട്ടതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

ഒരു ദേശത്തെ രണ്ടായി കീറിമുറിച്ച് രണ്ടു രാഷ്ട്രങ്ങളിലാക്കുകയും അവയിൽ ഒരുഭാഗം പുതിയൊരു രാജ്യമായി പരിണമിക്കുന്നതും സാങ്കേതികമായ രൂപമാറ്റമായി മാത്രം കാണാൻ കഴിയില്ല. ആകുലതകളുടെ തുറക്കപ്പെടാത്ത പുസ്തകത്തിലെ താളുകളിൽ ആ അന്തരം രേഖപ്പെടുത്താനും സാധിക്കില്ലെന്ന് പറയേണ്ടിവരും. രാഷ്ട്രീയഭാഗധേയങ്ങൾക്ക് വിധിക്കപ്പെട്ടു ഒരു സമൂഹത്തിന്റെ ജീവിതചക്രം പരുവപ്പെടുന്നതിന്റെ കാഴ്ചയാണ് വിഭജനാന്തര ബംഗാൾ പ്രദാനം ചെയ്യുന്നത്. ഇങ്ങനെ പാകപ്പെടുന്ന, സ്ഥാനാന്തരം സംഭവിച്ച മനുഷ്യരുടെ ആഖ്യാനമാണ് വിഖ്യാത ബംഗാളി എഴുത്തുകാരൻ സുനിൽ ഗംഗോപാദ്ധ്യായയുടെ "ഈസ്റ്റ് വെസ്റ്റ്' എന്ന നോവൽ (ബംഗാളിയിൽ ‘പൂർബൊ -പശ്ചിം'). രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബലി കഴിക്കപ്പെടുന്ന വികാരവിചാരങ്ങളുടെ പ്രതിഫലനമായി നോവലിലെ കഥാപാത്രങ്ങളുടെ വിറങ്ങലിച്ച മുഖങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ഫരീദ്പുരിലാണ് നോവലിസ്റ്റ് ജനിച്ചത്. എന്നാൽ വിഭജനത്തിനു മുമ്പ് തന്നെ കൽക്കട്ടയിലേക്ക് എത്തിച്ചേർന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ബാല്യത്തിലെ കൽക്കട്ടയിലേക്ക് ജീവിതം പറിച്ചുനട്ട അദ്ദേഹം പിൽക്കാലത്തു വിഭജനത്തിന്റെ തിക്തത നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്തു. ഈ വേദനയാണ് അദ്ദേഹത്തിന്റെ ബൃഹദാഖ്യായികയായ ‘ഈസ്​റ്റ്​ വെസ്​റ്റ്​’ എന്ന നോവലിന്റെ അടിസ്ഥാനം. ഏണാക്ഷി ചാറ്റർജി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഈ നോവൽ സാഹിത്യ അക്കാദമിയാണ് പ്രസിദ്ധീകരിച്ചത്.

പാക്- ബംഗ്ലാദേശ് വിഷയത്തോടനുബന്ധിച്ച് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്‌സണുമായുള്ള കൂടിക്കാഴ്ച അലസിപ്പോകുന്നതും ലോകനേതാക്കളെ ഇന്ദിരാഗാന്ധി സമവായത്തിനായി സമീപിക്കുന്നതുമൊക്കെ നോവലിൽ വിശദീകരിക്കുന്നു.

‘‘ബംഗാളിന്റെ വിഭജനം ഇപ്പോഴും എനിക്ക് വലിയ വേദന നൽകുകയാണ്. പൂർവ-പശ്ചിമ ജർമനികൾ ഏകീകരിക്കപ്പെട്ടതിനു ശേഷം ഞാൻ ജർമ്മനിയിലേക്ക് പോയിരുന്നു. അതുപോലെ കിഴക്കേ ബംഗാളും പടിഞ്ഞാറേ ബംഗാളും ഒന്നിച്ചുച്ചേരുമോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ അതിനുള്ള സാധ്യതയില്ലെന്ന് എനിക്ക് തീർച്ചയായി. അപ്പോഴാണ് ഞാൻ വരുംതലമുറയ്ക്ക് വേണ്ടിയെങ്കിലും എന്തെങ്കിലും എഴുതണം എന്ന തീരുമാനത്തിലെത്തിയത്'' എന്ന് സച്ചിദാനന്ദനുമായുള്ള ഒരു സംഭാഷണത്തിൽ സുനിൽ ഗംഗോപാദ്ധ്യായ പറയുന്നുണ്ട് (Wasafiri, 25:1, 49-56). അദ്ദേഹത്തിന്റെ നോവലുകളായ First Light, East West എന്നിവ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേയും അതുകഴിഞ്ഞുമുള്ള ബംഗാളിന്റെ വിഭജനത്തിന്റെ ആഖ്യാനങ്ങളാണ്. അപ്രതീക്ഷിതമായി എടുത്ത രാഷ്ട്രീയ തീരുമാനത്താൽ ശിഷ്ടജീവിതം അലയേണ്ടി വരുന്നവരുടെ, അഭയാർഥികളുടെ പരിപൂർണ ചിത്രമാണ് സുനിൽ ഗംഗോപാദ്ധ്യായ അവതരിപ്പിക്കുന്നത്. സ്വന്തം ഭൂമിയും കിടപ്പാടവും ഉപേക്ഷിക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത മനുഷ്യർ അഭയം അന്വേഷിച്ചു മറ്റൊരു ദിക്കിലെത്തുകയാണ്. അവിടെ ജീവിതം കരുപിടിപ്പിക്കുന്നത് എളുപ്പമാവാതെ വരുന്നു. ചുരുക്കത്തിൽ അഭയാർഥികളുടെ പുനരധിവാസം കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എണ്ണമറ്റ ആളുകൾ സർക്കാർ അധീനതയിലുള്ള ക്യാമ്പുകളിലെ അന്തേവാസികളായി മാറുന്നു. അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന അഭയാർത്ഥികൾക്ക് തങ്ങൾ നേരിടുന്ന മതപരവും വംശപരവുമായുള്ള സമസ്യകൾ അപരിഹാര്യമാവുകയാണോ എന്ന സംശയം ഉടലെടുക്കുകയാണ്. ഈ ഘട്ടത്തിൽ, ധാക്കയിൽ സമാനമായ അവസ്ഥകളിലൂടെ കടന്നു പോകുന്നവരെ കുറിച്ചും പറയേണ്ടതുണ്ട്. കൽക്കട്ടയും ധാക്കയും പ്രതീകാത്മകസ്വഭാവം കൈക്കൊള്ളാനും ജനങ്ങൾ അതാതിടങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന വിധത്തിൽ പെരുമാറാനും ആരംഭിച്ചു.
പശ്ചിമബംഗാളിൽ ആവാസസ്ഥാനം കണ്ടുപിടിക്കുന്നതിനു വേണ്ടി ഒഴിഞ്ഞ വീടുകളും മറ്റും കൈവശപ്പെടുത്തി താമസിക്കാനും അഭയാർത്ഥികൾ ശ്രമിച്ചിരുന്നു. കാശിപ്പൂരിലെ ഒരു കെട്ടിടം ഏറ്റെടുക്കുന്നത് സംബന്ധിച്ച് അഭയാർത്ഥികളും തൊഴിലാളികളുമായി ഒരു വഴക്കുണ്ടായി. പ്രസ്തുത കെട്ടിടത്തിന്റെ ഉടമസ്ഥനായ അസിത്ഭരൻ കൊല്ലപ്പെടുകയും തുടർന്നുണ്ടായ പൊലീസ് വെടിവെയ്പ്പിൽ ഒരു ഏഴുവയസ്സുകാരനടക്കം മൂന്ന് അഭയാർത്ഥികൾ മരണപ്പെടുകയും ചെയ്തു. എന്നാൽ ഈ കെട്ടിടം അഭയാർഥികളുടെ അധീനതയിൽ തന്നെ വന്നുപെട്ടു. ഇവരുടെ നേതാവായിരുന്നു ഹരിത് മണ്ഡൽ.

സുനിൽ ഗംഗോപാധ്യായ

കിഴക്കേ ബംഗാളിൽ നിന്നുള്ള അഭയാർഥിയായ ഹരിത് മണ്ഡൽ നോവലിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. വളരെ വിദഗ്ധമായി കഥാപാത്രങ്ങളെ ബന്ധിപ്പിക്കുന്ന രചനാരീതിയാണ് നോവലിസ്റ്റിന്റേത് എന്ന് വെളിവാക്കുന്ന രംഗങ്ങളാണ് നോവലിലുടനീളമുള്ളത്. അസിതിന്റെ കുടുംബവും ഹരിത് മണ്ഡലുമൊക്കെ പിന്നീട് പല സന്ദർഭങ്ങളിൽ കെട്ടുപിണഞ്ഞുകിടക്കുന്നതിന്റെ കൗതുകം ആഖ്യാനത്തിലുണ്ട്. ഒരവസരത്തിൽ മണ്ഡലിനെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തുന്ന ത്രിദീപിനോടും സുലേഖയോടും, അധ:കൃതനായ മനുഷ്യനാണ് താനെന്നു അയാൾ പറയുന്നുണ്ട്; ‘ഏറ്റവും താഴെത്തട്ടിലുള്ള ഒരാളാണ് ഞാൻ, നിങ്ങളുടെയൊക്കെ കാൽക്കീഴിൽ ജീവിക്കാനുള്ള അവകാശമേ ഞങ്ങൾക്കുള്ളു. ഞങ്ങൾ അഭയാർത്ഥികളാണ്' എന്ന അയാളുടെ വാക്കുകൾ അഭയാർഥിയെ സാമൂഹികശ്രേണിയിലെ ഏറ്റവും താഴെ പ്രതിഷ്ഠിക്കുന്ന നിലപാട് ആരാണെടുത്തത് എന്ന ചോദ്യം ഉന്നയിക്കുന്നു. പുനരധിവാസത്തിനായി ആൻഡമാൻ ദ്വീപുസമൂഹത്തിലേക്കോ ദണ്ഡകാരണ്യത്തിലേക്കോ ഇവർക്ക് പോകേണ്ടി വരുകയാണ്. ഇവിടെയും ബംഗാളികൾ വിവേചനം അനുഭവിച്ചിരുന്നു എന്നാണ് വസ്തുതകൾ സൂചിപ്പിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് പലായനം ചെയ്ത അഭയാർത്ഥികൾക്ക് ലഭ്യമായ സൗകര്യങ്ങൾ ബംഗാളികൾക്ക് അനുവദിച്ചിരുന്നില്ല എന്ന പരാതി പൊതുവെ നിലനിന്നിരുന്നു. പഞ്ചാബിവംശജരായ അഭയാർത്ഥികൾക്ക് നിർമിച്ചുനൽകിയ വീടുകളും മറ്റു അടിസ്ഥാന സംവിധാനങ്ങളും കിഴക്കേ ബംഗാളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ലഭിച്ചില്ല.

സമരങ്ങളുടെ നീണ്ട ചരിത്രം ബംഗാളികളുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. ദേശവും ഭാഷയും സംസ്‌കൃതിയും കാത്തുസൂക്ഷിക്കാനുള്ള യത്‌നങ്ങൾ നിരന്തരം ചെയ്തുകൊണ്ടിരുന്ന ജനതയാണ് അത്

ആസൂത്രണം ചെയ്യാത്തതോ ഭാവനയിൽ പോലും കാണാത്തതോ ആയ തിരക്കഥയ്ക്കനുസൃതമായി പ്രത്യക്ഷപ്പെടുന്ന രംഗങ്ങളിൽ അഭിനയിച്ചുജീവിക്കേണ്ട ചുമതലയാണ് കലാപഭൂമിയിലെ ജനങ്ങൾക്കുമേൽ പതിക്കുന്നത്. നോവലിൽ പരാമർശിക്കുന്ന ബാബുൽ സിദ്ദിഖിയെ ഒരു മാതൃകയായി എടുക്കാം. രാഷ്ട്രീയാധികാരവും മതമേൽക്കോയ്മയും തെരുവുകളിൽ തീമഴ പെയ്യിക്കുന്നതോടെ അത്താണി നഷ്ടപ്പെടുന്ന ബാബുൽ വിഭജനത്തിന്റെ ഇരയാണ്. മതത്തിന്റെ തീവ്രമായ ചിട്ടകളിൽ നിന്നുരക്ഷപ്പെടാനായി കുഞ്ഞുന്നാളിൽത്തന്നെ വീട് വിട്ടിറങ്ങിയ ബാബുൽ പലയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞു ഒടുവിൽ കൽക്കട്ടയിൽ എത്തിപ്പെട്ടു. ജീവിതകലയുടെ തന്ത്രങ്ങൾ അഭ്യസിക്കാനോ നിഗൂഢതത്വങ്ങൾ ഉപാസിക്കാനോ തയ്യാറാകാതിരുന്ന അയാൾ കഠിനാധ്വാനം ചെയ്തുകൊണ്ട് കുടുംബം പുലർത്താനാരംഭിച്ചു. എന്നാൽ 1950ൽ അയാളുടെ സ്ഥാവരജംഗമ വസ്തുക്കളെല്ലാം ഹിന്ദുക്കൾ അഗ്‌നിക്കിരയാക്കി. കാലിനു പൊള്ളലേറ്റ അയാൾ കുടുംബവുമൊത്ത് കിഴക്കേ പാകിസ്ഥാനിലേക്കു യാത്രയാവുന്നു. പക്ഷെ, മാർഗ മധ്യേ കോളറ പിടിപെട്ടു മകൾ മരിക്കുകയാണ്. ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാൻ കഴിയാത്ത അയാളുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായി നശിക്കുകയും ചെയ്തു. ഇതൊരു ഒറ്റ തിരിഞ്ഞ സംഭവമല്ല. ഇങ്ങനെയുള്ള അധ്യായങ്ങളിലൂടെ പീഡിതരായി നീങ്ങിയിരുന്ന അനേകരുടെ പ്രതിനിധിയാണ് ബാബുൽ. ഒരുവശത്ത് മുസ്​ലിം കുടുംബങ്ങൾ കലാപത്തീയിൽ എരിയുന്നവരാവുമ്പോൾ മറ്റൊരുവശത്ത് ഹിന്ദുക്കൾക്കും അതേ ദുര്യോഗം ആവർത്തിക്കുന്നു. മൂലകാരണവും വിശകലനവും ഇല്ലാതെ ഒരു കൂട്ടർ മറ്റേ കൂട്ടരെ കുറ്റപ്പെടുത്തുന്ന വിധത്തിൽ ഈ കലഹപരമ്പര തുടർന്നുകൊണ്ടിരുന്നുവെന്നു വേണം അനുമാനിക്കേണ്ടത്.

സ്വാതന്ത്ര്യം എന്നതിന്റെ മറ്റൊരു പദമായി വിഭജനം കൂടെ പ്രാബല്യത്തിൽ വരുന്നതിന്റെ വൈഷമ്യം കഠിനമാണെന്ന് പില്ക്കാലാനുഭവം നമ്മെ പഠിപ്പിച്ചു.

നിക്ഷിപ്ത താല്പര്യങ്ങളും രാഷ്ട്രീയേച്ഛകളും ആഖ്യാന നിർവഹണം വഹിച്ച വിഭജനം പരിചിതമല്ലാത്ത ‘അപര'യിടങ്ങളിലേക്ക് ബംഗാളികളെ വലിച്ചിഴച്ചു. അക്കാദമികസമൂഹം ഇതുനോക്കിക്കണ്ട രീതിയിലും ചില വൈരുധ്യങ്ങളുണ്ടായി. കൽക്കട്ട കൂട്ടക്കൊലയുടെ ഒന്നാം വാർഷികത്തിന്, ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടടുത്ത നാൾ ചരിത്രകാരനായ ജദുനാഥ് സർക്കാർ ബംഗാളികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്. "അഭയാർഥികളുടെ പിന്തുണയോടെ പശ്ചിമബംഗാളിനെ നമ്മൾ ജൂതഭരണത്തിനു കീഴിലുള്ള പലസ്തീൻ എന്നതുപോലെയാക്കണം. കൂരിരുട്ടിൽ ഒരു പൊട്ടുവെളിച്ചമെന്ന പോലെയും മധ്യകാലത്തെ അജ്ഞതയുടെയും കാലഹരണപ്പെട്ട മതഭ്രാന്തിന്റെയും മരുഭൂമിയിലെ നാഗരികതയുടെ ഒരു മരുപ്പച്ച പോലെയുമായി ഇത് പരിണമിക്കട്ടെ' എന്നാണ് അദ്ദേഹം അന്ന് പ്രസ്താവിച്ചത്. അദ്ദേഹത്തിന്റെ ഈ നിലപാട് അക്കാലത്ത് ചർച്ചയായിരുന്നു. തൊഴിലന്തരീക്ഷത്തെ കുറിച്ചും തൊഴിലിലെ വിവേചനം സംബന്ധിച്ചുമുള്ള കിഴക്കേ പാകിസ്ഥാനിലെ സ്ഥിതിയെ പറ്റി നോവലിൽ വിവരിക്കുന്നുണ്ട്. സർക്കാരിന്റെ വിവിധ വകുപ്പുകളിലും കാര്യാലയങ്ങളിലുമുള്ള തൊഴിൽ സാദ്ധ്യതകൾ ഉദ്യോഗാർഥികളുടെ മതത്തെ ചുറ്റിപ്പറ്റിയായിരുന്നു. 1951ലെ സ്ഥിതിവിവരപ്പട്ടിക അനുസരിച്ച് പാകിസ്ഥാൻ സെക്രട്ടറിയേറ്റിൽ ഏറിയപങ്കും പശ്ചിമ പാകിസ്ഥാനിൽ ജനിച്ചുവളർന്നവരായിരുന്നു എന്നത് കാണാതിരുന്നുകൂടാ. എന്നാൽ ഇതിന്റെ മറുവശം കൂടെ പരിശോധിക്കേണ്ടതുണ്ട്.

തങ്ങളുടെ ആവാസവ്യവസ്ഥയെ ഉപേക്ഷിച്ച് ഒരുകൂട്ടം മനുഷ്യർ അതിർത്തികൾ മുറിച്ചുകടക്കുമ്പോൾ സമാനമായ മനഃസ്ഥിതിയിലുള്ള മറ്റൊരു കൂട്ടർ അതേ അതിർത്തിയിലൂടെ കടന്നുവരികയും ചെയ്യുന്നു.

അഭയാർത്ഥിക്യാമ്പിലെ പരിമിതമായ സാഹചര്യങ്ങളിൽ വസിക്കുന്നവർ എന്തുജോലിയും ചെയ്യാൻ സന്നദ്ധരായിരുന്നു. അഭയാർത്ഥികളെ അവരുടെ തൊഴിൽ നൈപുണ്യമധിഷ്ഠിതപ്പെടുത്തി അധിവസിപ്പിക്കുക എന്ന സർക്കാർ നയം പാളുന്ന കാഴ്ചകളാണ് നോവലിൽ അവതരിപ്പിക്കുന്നത്. അക്കാലത്തു വീട്ടുജോലിക്കായി മധ്യവയസ്‌കകളായ അഭയാർത്ഥി സ്ത്രീകളെ പരിഗണിച്ചിരുന്നു എന്നത് പ്രസക്തമാണ്. വേശ്യാവൃത്തിക്ക് അഭയാർത്ഥിക്യാമ്പിലെ പെൺകുട്ടികളെ നിയോഗിക്കാറുണ്ടെന്ന്​ ബിശ്വനാഥ് എന്ന കഥാപാത്രം വെളിപ്പെടുത്തുന്നുണ്ട്. ക്യാമ്പുകളിലെ സ്ത്രീകളിൽ പലരും വീട്ടുജോലിക്ക് പോകുക പതിവായിരുന്നുവത്രെ. സ്വദേശം വിട്ടെത്തിയവരുടെ കൈവശം സമ്പാദ്യം ഒട്ടും ഇല്ലായിരുന്നതിനാൽ പിച്ചയെടുക്കാൻ വരെ അവർ തയ്യാറായിരുന്നുവന്നത് അതിശയോക്തിയല്ല. അന്നുവരെ ശീലിച്ചിരുന്ന വരേണ്യഭാവങ്ങളും കുലീനത്വവും വെടിഞ്ഞ പുരോഹിതർ ചുമട്ടുകാരാവുന്നതും ഹോട്ടലിലെ ജീവനക്കാരാവുന്നതും സാധാരണമായിക്കഴിഞ്ഞു. അഭയാർത്ഥികൾക്ക് വേണ്ടിയുള്ള സർക്കാർ സെറ്റിൽമെന്റുകളിലെ പരിതാപകരമായ സ്ഥിതിയാണ് പ്രായേണ നോവലിൽ വെളിപ്പെടുത്തുന്നത്. ഗോഡൗണുകളിലും മറ്റുമായാണ് അവരെ പാർപ്പിച്ചിരുന്നത്. വളരെ മനുഷ്യത്വരഹിതമായ ജീവിതമാണ് അഭയാർത്ഥികളെ കാത്തിരുന്നത്. മരണം സർവസാധാരണമായ സംഭവമായിരുന്നു. ആഴ്ച തോറും രണ്ടോ മൂന്നോ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടുതുടങ്ങി. രോഗം മാറാനുള്ളമരുന്നിനു പകരം എല്ലാ രോഗികൾക്കും ഒരേ മരുന്ന് നൽകുക എന്ന സമ്പ്രദായം പതിവായി. ഇങ്ങനെ അല്ലലുകളുടെ നീണ്ട ഇടനാഴികളിലാണ് അവർ ജീവിതം കഴിച്ചുകൂട്ടിയത്.

രണ്ട്​:

സമരങ്ങളുടെ നീണ്ട ചരിത്രം ബംഗാളികളുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. ദേശവും ഭാഷയും സംസ്‌കൃതിയും കാത്തുസൂക്ഷിക്കാനുള്ള യത്‌നങ്ങൾ നിരന്തരം ചെയ്തുകൊണ്ടിരുന്ന ജനതയാണ് അത്. ബംഗാളി ഭാഷയ്ക്ക് പ്രാധാന്യം നഷ്ടപ്പെടാതിരിക്കാനും അതിനെ ഔദ്യോഗിക ഭാഷയുടെ പദവിയിൽ നിന്ന് ഒഴിവാക്കാതിരിക്കാനും 1952ൽ കിഴക്കേ പാകിസ്ഥാനിൽ പ്രതിഷേധങ്ങൾ കൊടുമ്പിരിക്കൊണ്ടു. ഇന്ത്യയിൽ ഹിന്ദിയും പാകിസ്ഥാനിൽ ഉറുദുവും ദേശീയഭാഷയായി തെരഞ്ഞെടുക്കാനുള്ള തീരുമാനം കിഴക്കേ പാകിസ്ഥാൻവാസികളെ സമ്മർദ്ദത്തിലാക്കി. ബംഗാളിസ്വത്വം വെടിഞ്ഞുകൊണ്ടുള്ള ജീവിതം അവർക്ക് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു. അതുപോലെ ‘പൂർവപ്രദേശ്' എന്ന പേരിൽ പശ്ചിമബംഗാളും ബീഹാറും സംയോജിപ്പിക്കാനുള്ള സർക്കാർ നിർദേശം അസ്വാസ്ഥ്യങ്ങൾക്കും വിക്ഷോഭങ്ങൾക്കും വഴിയൊരുക്കി. എന്തിരുന്നാലും അവസാനം ജനകീയമുന്നേറ്റങ്ങൾ ഫലം കണ്ടെന്നു പറയണം. പ്രശസ്തനായ ജ്യോതിശ്ശാസ്ത്രജ്ഞനും ഇന്ത്യൻ പാർലമെന്റിലെ അംഗവുമായ മേഘനാഥ് സാഹ ആയിടയ്ക്കാണ് മരണപ്പെട്ടത്. അതേത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെട്ടു. അങ്ങനെ ബംഗാൾ- ബീഹാർ സംയോജനം സർക്കാറിന് മറക്കേണ്ടിവന്നു പൂർവപ്രദേശ് കടലാസിൽ മാത്രം ഒതുങ്ങുകയും ഉറുദുവിനൊപ്പം പാകിസ്ഥാനിൽ ബംഗാളി കൂടെ ഔദ്യോഗികഭാഷയായി പ്രാബല്യത്തിൽ വരുകയും ചെയ്തു.

വിഭജനത്തിന്റെ മുറിപ്പാടുകൾ, അഭയാർഥികളുടെ നീണ്ടനിരകൾ, പലായനത്തിന്റെ പ്രത്യാഘാതമായ ഉള്ളുരുക്കങ്ങൾ എന്നിവയൊക്കെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഇന്ത്യ ചരിത്രം

ഭാഷയും സംസ്‌കാരവും മറക്കപ്പെടാൻ നിർബന്ധിതമായി പ്രേരിപ്പിക്കപ്പെട്ടുകൊണ്ട് അതിരുകൾ ഭേദിക്കുന്ന മനുഷ്യരാണ് വിഭജനത്തിന്റെ ബാധ്യത. ഇവിടെയാകട്ടെ തങ്ങളുടെ ആവാസവ്യവസ്ഥയെ ഉപേക്ഷിച്ച് ഒരുകൂട്ടം മനുഷ്യർ അതിർത്തികൾ മുറിച്ചുകടക്കുമ്പോൾ സമാനമായ മനഃസ്ഥിതിയിലുള്ള മറ്റൊരു കൂട്ടർ അതേ അതിർത്തിയിലൂടെ കടന്നുവരികയും ചെയ്യുന്നു. ഇപ്പറഞ്ഞ ചുറ്റുപാടിൽ, ഒരു യുട്ടോപ്യൻ സാങ്കല്പികലോകത്ത് അഭിരമിക്കാതെ, മണ്ണിൽ ചുവട് ഉറപ്പിയ്ക്കാൻ പ്രയാസപ്പെടുന്നവരുടെ വിനിമയങ്ങളെ കുറിച്ച് ആലോചിക്കുന്ന എഴുത്തുകാരനെയാണ് നോവലിൽ കാണാൻ കഴിയുന്നത്. ബംഗാളിനെയും ബംഗാളിവംശത്തെയും വേർതിരിക്കുന്ന രേഖ അടയാളപ്പെടുത്താനാണോ പാകിസ്ഥാൻ ജന്മം കൊണ്ടതെന്നു നോവലിലെ കഥാപാത്രമായ മാമുൻ രോഷത്തോടെ ചോദിക്കുന്നുണ്ട്. കാസി നസ്രുൽ എന്ന കവിയുടെ കാൽപാദങ്ങൾ സ്പർശിച്ച തഴക്കത്തിൽ തന്റെ പിതാവിനെ സ്പർശിക്കാനൊരുങ്ങുന്ന ഉറ്റസുഹൃത്തായ പ്രതാപിനെ, മാമുൻ വിലക്കുന്നുണ്ട്​; ‘കവികൾക്ക് ജാതിയില്ല. പക്ഷെ എന്റെ അച്ഛന് ജാതിയും മതവും ഉണ്ട്.' സയ്യദ്​ ആയ അദ്ദേഹത്തിന് ഒരു ഹിന്ദുവിന്റെ സ്പർശം ഏൽക്കാനാവുമെന്നു തോന്നുന്നില്ല. കായസ്ഥവിഭാഗത്തിൽ പെടുന്ന പ്രതാപിനെ വീട്ടിൽ അന്തിയുറങ്ങാനും മാമുന്റെ പിതാവായ സയ്യദ് മൊജമ്മൽ ഹഖ് അനുമതി കൊടുക്കുന്നില്ല. അതുപോലെ കായസ്ഥർ തൊട്ടുപെരുമാറിയ ആഹാരപദാർത്ഥങ്ങൾ ബ്രാഹ്മണരും കഴിച്ചിരുന്നില്ല എന്ന് സ്ഥാപിക്കപ്പെടുമ്പോൾ ജാതിയുടെ അസമവാക്യങ്ങൾ എത്രകണ്ട് തീക്ഷ്ണമാണെന്നു തെളിയുന്നു.

അഭയാർത്ഥികൾ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ തുടർക്കഥ പോലെ നീണ്ടുകൊണ്ടിരുന്നു. മുസ്​ലിംകളും ഹിന്ദുക്കളും സാന്താൾ ഗോത്രവംശക്കാരും കിഴക്കേബംഗാളിൽ നിന്നുള്ള അഭയാർഥികളും ഒറിസ്സയിൽ നിന്നുള്ളവരും പാർക്കുന്ന സുന്ദർബന്റെ അടുത്തുള്ള മൊല്ലഖാലിയിൽ ഏതാനും ദിവസം ഹരിത് താമസിക്കാനിടയായി. അങ്ങനെയാണ് ദ്വീപുകളിൽ തന്റെ ക്യാമ്പിൽ താമസിക്കുന്നവർക്കൊപ്പം പാർപ്പുറപ്പിക്കണമെന്ന് അയാൾ തീരുമാനിക്കുന്നത്. 1977ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി പരാജയപ്പെടുകയും പശ്ചിമബംഗാളിൽ ഇടതുപക്ഷം അധികാരമേൽക്കുകയും ചെയ്തു. ഇതേ സമയത്താണ് ദണ്ഡകാരണ്യത്തിൽ നിന്ന് അഭയാർത്ഥികൾ പശ്ചിമബംഗാളിലേക്കുള്ള യാത്ര ആരംഭിച്ചത്.കോൺഗ്രസ്സ് മന്ത്രിസഭ വീണതിന് ശേഷം അധികാരത്തിൽ വന്ന ഇടതുപക്ഷ ഭരണകൂടം അനുതാപപൂർവമായ നിലപാട് കൈക്കൊള്ളുമെന്ന് ആശിച്ചുകൊണ്ട് ദണ്ഡകാരണ്യത്തിലെ ക്യാംപുകളിൽ ജീവിച്ചിരുന്ന അഭയാർത്ഥികൾ പശ്ചിമബംഗാളിലേക്ക് ഒഴുകാൻ തുടങ്ങി. എന്നാൽ, പ്രതിപക്ഷത്തിരിക്കുമ്പോൾ അഭയാർത്ഥികളോടുള്ള ചായ്​വ്​ പ്രകടമാക്കിയ ഇടതുപക്ഷത്തിന്റെ പിന്നീടുള്ള നിലപാട് രാഷ്ട്രീയത്തിന്റെ ലളിതസമവാക്യമായി മാറി. വിചാരിച്ചതു പോലെയുള്ള പിന്തുണ സർക്കാരിൽ നിന്ന് ലഭിക്കാത്തതുകൊണ്ട് അഭയാർഥികൾ ബംഗ്‌ളാദേശിനെ ലാക്കാക്കി അതിർത്തിയിലേക്ക് യാത്ര ആരംഭിക്കുകയാണ്. മുജീബുർ റഹ്മാന്റെ വധത്തിനു ശേഷം അധികാരമേറ്റ സിയാവുർ റഹ്മാൻ ഇത് ഇന്ത്യയുടെ ആസൂത്രിത നീക്കമെന്ന് തെറ്റിദ്ധരിച്ചു. എന്നാൽ അഭയാർത്ഥികൾ ബംഗ്ലാദേശിലേക്ക് പോകാതെ സുന്ദർബൻ ദ്വീപുസമൂഹത്തിലേക്ക് യാത്രയുടെ ദിശ തിരിച്ചു. വനമേഖലയായ സുന്ദർബനിലെ മാരിച്ച്ജാപ്പി ദ്വീപിലേക്കാണ് ഏതാണ്ട് മുപ്പതിനായിരത്തിനു മേലുള്ള അഭയാർത്ഥികൾ നീങ്ങിയത്. ബംഗാളിലെ മനുഷ്യവാസമില്ലാത്ത ദ്വീപുകളിൽ കാർഷികവൃത്തിയിലേർപ്പെട്ടുകൊണ്ട് ശിഷ്ടകാലം ജീവിക്കണമെന്ന ഇച്ഛ അഭയാർത്ഥികളെ അവിടേക്കെത്തിക്കുന്നു. നോവലിന്റെ രണ്ടാം ഭാഗത്തിലാണ് ഹരിത്തിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം അഭയാർത്ഥികൾ ഈ ദ്വീപിൽ എത്തിപ്പെടുന്ന കാര്യം വിവരിക്കുന്നത്. എന്നാൽ നിർഭാഗ്യവശാൽ സർക്കാരിന്റെ ‘പ്രൊജക്റ്റ് ടൈഗറി'ന്റെ ഭാഗമായ സ്ഥലത്ത് സംഘടിതമായ ആക്രമണം പൊട്ടിപ്പുറപ്പെടുകയാണ്. ബംഗാൾ കടുവകളെ വംശനാശത്തിൽ നിന്ന് രക്ഷിക്കുക എന്ന പ്രാഥമിക ലക്ഷ്യം വെച്ചുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ഭരണകൂടം രൂപകൽപ്പന ചെയ്ത ‘പ്രൊജക്റ്റ് ടൈഗറി’ന്റെ ഭാഗമായ ഇടത്തിൽ നിന്ന് അഭയാർത്ഥികളെ ഒഴിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ദുരന്തത്തിൽ കലാശിച്ചത്. ദ്വീപിൽ 1979ൽ നടന്ന കൂട്ടക്കൊലയിൽ മരിച്ചവരുടെ എണ്ണം കൃത്യമായി പുറത്തേക്കു വന്നിട്ടില്ല. ആയിരത്തോളം പേര് മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. അഭയാർഥികളുടെ നേതാവായ ഹരിത്തിനെ പൊലീസിനു പിടിക്കാനായില്ല. ഹരിത്തിന്റെ ‘തല'യ്ക്ക് അധികൃതർ പതിനായിരം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ, കുട്ടിക്കാലം മുതൽക്കേ അയാളിൽ നിന്നു വിട്ടുകഴിയുന്ന, മുതിർന്നപ്പോൾ വാടകക്കൊലയാളിയായിത്തീർന്ന മകനായ സുചരിത് അയാളെ കൊന്നുവെന്നുള്ള കിംവദന്തിയും പ്രചാരത്തിലുണ്ടായി.

തങ്ങളുടെ ആവാസവ്യവസ്ഥയെ ഉപേക്ഷിച്ച് ഒരുകൂട്ടം മനുഷ്യർ അതിർത്തികൾ മുറിച്ചുകടക്കുമ്പോൾ സമാനമായ മന:സ്ഥിതിയിലുള്ള മറ്റൊരുകൂട്ടർ അതെ അതിർത്തിയിലൂടെ കടന്നുവരികയും ചെയ്യുന്നു. / Photo : wikimedia commons

ബ്രിട്ടീഷുകാരുടെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച വേളയിൽ തന്നെ വിഭജനത്തിന്റെ സംഘർഷങ്ങളിലേക്ക് പോയ കിഴക്കേബംഗാൾ ജനത പാകിസ്ഥാനിൽ നിന്നുള്ള മോചനം കാംക്ഷിച്ചു. വിവേചനത്തിന്റെ മുറിപ്പാടുകൾ അവരെ അതിനു വേണ്ടിയുള്ള പ്രവർത്തനത്തിലേക്കും പ്രക്ഷോഭത്തിലേക്കും നയിച്ചു. നോവലിലെ റൂമി എന്ന കഥാപാത്രം കിഴക്ക്-പടിഞ്ഞാറു പാകിസ്ഥാൻ ലഹളയെ പോളണ്ടുകാർ നാസികൾക്കെതിരെ നടത്തിയ പ്രതിരോധവുമായി താരതമ്യം ചെയ്തുസംസാരിക്കുന്നുണ്ട്. ജൂതന്മാരെ കീടങ്ങളെപ്പോലെ ഗണിച്ചു അവരെ കൊന്നൊടുക്കുന്ന ഹിറ്റ്‌ലറിന്റെ സൈന്യത്തെ പോലെയായേക്കും പടിഞ്ഞാറേ പാക്‌സൈന്യത്തിന്റെ പെരുമാറ്റം എന്ന് അയാൾക്ക് ഉത്കണ്ഠയുണ്ട്. അക്കാലത്ത് പ്രകൃതിക്ഷോഭങ്ങൾ ബംഗ്ലാദേശിനെ നിരന്തരം അലട്ടിയിരുന്നു. കൃഷിയിടം ഉപേക്ഷിച്ചു, നിലയ്ക്കാത്ത പെരുമഴയത്ത് ഇന്ത്യയിലേക്കുള്ള വിവിധ അതിർത്തികളിൽ തമ്പടിച്ചിരിക്കുന്ന അഭയാർഥികളുടെ ചിത്രം മാനവികതയുടെ മൂല്യഭ്രംശത്തെയാണ് സൂചിപ്പിക്കുന്നത്. പരമ്പരാഗതമായി കൈവന്ന കൃഷിഭൂമിയോട് നിർമമത കാണിക്കേണ്ടി വരുക എന്നത് ദുഃഖകരമാണ്. എങ്കിലും അവ ഉപേക്ഷിക്കാതെ മറ്റു തരമില്ലാതായി. അതിർത്തികൾ കലാപത്തിന്റെ അസ്വസ്ഥതകൾ പുകയുന്ന നെരിപ്പോടുകളായി തീർന്നതിൽ ഒട്ടും അത്ഭുതമില്ലല്ലോ. അതിർത്തി കടന്നു പശ്ചിമബംഗാളിലേക്ക് പോകാനൊരുമ്പെടുന്ന നിരാലംബരായവരെ വെടിവെച്ചു കൊല്ലുന്നതിൽ പാക്പട്ടാളം മടി കാണിച്ചിരുന്നില്ല. സുരക്ഷിതമായ ഇടം തേടി രാത്രികാലങ്ങളിൽ നടക്കുകയും പകൽവെളിച്ചത്തിൽ ഒളിച്ചിരിക്കുകയും ചെയ്യുന്നത് ജീവിതചര്യയാക്കിയ ഒരുപറ്റം മനുഷ്യരാണ് അതിർത്തികളിലുള്ളത്.

അപ്രതീക്ഷിതമായി പട്ടാള സംഘത്തിന്റെ മുന്നിലകപ്പെട്ട അഭയാർഥിസംഘത്തിലെ ഒരു ചെറിയ കുട്ടി, എന്തോ പ്രാണി കടിച്ചിട്ടെന്ന പോലെ പെട്ടെന്ന് കരയുന്ന ഒരു രംഗം നോവലിൽ ചിത്രീകരിച്ചിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ, അമ്മ അവന്റെ മുഖം ശക്തിയിൽ അടച്ചുപിടിക്കുന്നു. പട്ടാളം അവരുടെ കണ്മുന്നിൽ നിന്ന് അപ്രത്യക്ഷമായപ്പോഴേക്കും അവനെ ആ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു കഴിഞ്ഞിരുന്നു. അക്കൂട്ടത്തിലെ ആർക്കും ആ സംഭവത്തിൽ ഖേദമുണ്ടായി എന്ന് തോന്നുന്നില്ല. അത്രയും ആളുകളുടെ രക്ഷയ്ക്കായി കുഞ്ഞിന്റെ ജീവൻ ബലികൊടുക്കേണ്ടി വന്നത് അവർക്ക് ന്യായീകരിക്കാൻ കഴിഞ്ഞു. തൊട്ടടുത്തുള്ള ചണത്തിന്റെ പാടത്തിൽ കുഞ്ഞിന്റെ ശവശരീരത്തെ ഉപേക്ഷിക്കാൻ അവർ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും എന്തുചെയ്യണമെന്നറിയാതെ അമ്മ ജീവനില്ലാത്ത കുഞ്ഞിനെ എടുത്തുകൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു. ഇങ്ങനെയുള്ള ഹൃദയഭേദകമായ രംഗങ്ങൾ പുതുമയല്ലാതായിക്കഴിഞ്ഞ അതിർത്തികളിൽ, സ്വന്തം ഭാവി അനുമാനിക്കാൻ സാധിക്കാത്ത ജനങ്ങളുടെ അടക്കിപ്പിടിച്ച വേദനകളുടെയും ഗദ്ഗദത്തിന്റെയും സമഗ്രതയാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ ജനനത്തിനു വഴിയൊരുക്കിയത്. ഈ കാലയളവിൽ നടന്ന ഭീകരമായ ബലാത്സംഗങ്ങളുടെ ചരിത്രം ‘The Rape of Bangla Desh' (Anthony Mascarenhas) എന്ന പുസ്തകത്തിലൂടെ ലോകമറിഞ്ഞു.
ഭാഷ അതിവൈകാരികമായ ഒരു ഘടകമായി വിമോചനത്തിന്റെ ഉത്‌പ്രേരകമായി വർത്തിക്കുന്നതിന്റെ സന്ദർഭം കൂടെയാണ് ഈ കലാപത്തിൽ കാണുന്നത്.

ഭാഷാപരമായ ഭിന്നത നിമിത്തം പാക് ഭരണത്തെ അനുകൂലിച്ചവരുമായിരുന്നു ബീഹാറിലെ മുസ്​ലിംകൾ. കണക്കുകൾ പ്രകാരം ഏതാണ്ട് അഞ്ചുലക്ഷത്തിനു മുകളിൽ ബീഹാർ മുസ്​ലിംകൾ കൊല്ലപ്പെടുകയും ചെയ്തു.

ബംഗാളിയെ പൂർണമായ തരത്തിൽ അംഗീകരിക്കാത്ത പാകിസ്ഥാന്റെ നിലപാടിനോടുള്ള എതിർപ്പ് 1950കൾ മുതലേ ഉരുവം കൊണ്ടിരുന്നു. സ്വന്തം രാജ്യത്തിന്റെ പിറവിക്കായി പ്രവർത്തിക്കുന്ന വിമതസംഘമായ മുക്തിബാഹിനിയുടെ ബീജാവാപത്തിലും ഭാഷ പ്രധാനമായ അംശമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പാകിസ്ഥാനിൽ 1970ലാണ് പാർലമെൻറ്​ തെരഞ്ഞെടുപ്പ് നടക്കുന്നത്. 162 മണ്ഡലങ്ങൾ കിഴക്കേ പാകിസ്ഥാനിലും 138 മണ്ഡലങ്ങൾ പടിഞ്ഞാറേപാകിസ്ഥാനിലുമായി നിലവിലുണ്ടായിരുന്നു. ഷെയ്ഖ് മുജീബുർ റഹ്മാൻ നേതാവായ അവാമി ലീഗിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും സർക്കാർ രൂപീകരണത്തിൽ നിന്ന് അദ്ദേഹത്തെ തടയുകയാണ് ഉണ്ടായത്.

അഞ്ചുലക്ഷത്തോളം മനുഷ്യരുടെ ജീവനെടുത്ത 1970ലെ ഭോല കൊടുങ്കാറ്റിൽ ബംഗാളാകമാനം പരിഭ്രാന്തിയലകപ്പെട്ട സമയത്ത് ഉചിതമായ വിധത്തിൽ പ്രവർത്തിക്കാത്ത പാക് ഭരണകൂടത്തിനെതിരെയുള്ള തീരുമാനം കൂടിയായിരുന്നു തെരഞ്ഞെടുപ്പിൽ കണ്ടത്. കിഴക്കേപാകിസ്ഥാനിലെ 162 മണ്ഡലങ്ങളിൽ 160ലും അവാമി ലീഗ് ജയിച്ചു. ‘ബംഗ ബന്ധു' എന്ന പേരിലറിയപ്പെട്ട മുജീബുർ റഹ്മാൻ 1971 മാർച്ച് 7 ന്​ ‘ഇത്തവണത്തെ പോരാട്ടം നമ്മുടെ വിമോചനത്തിന് വേണ്ടിയാണ്, ഇത്തവണത്തെ പോരാട്ടം നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ്' എന്ന് ശക്തമായി ആഹ്വാനം ചെയ്തു. അടിച്ചമർത്തപ്പെട്ട വികാരം അണപൊട്ടിയ രംഗങ്ങളായിരുന്നു പിന്നെ ദൃശ്യമായത്. പാകിസ്ഥാന്റെ ദേശീയദിനമായ മാർച്ച് 23 നു പാക് പതാകയ്ക്ക് പകരം എങ്ങും ബംഗ്ലദേശിന്റെ പച്ചയും ചുവപ്പും നിറമുള്ള പതാകയാണ് കാണപ്പെട്ടത്. അതോടൊപ്പം കൊലപാതകത്തിന്റെയും വിലാപത്തിന്റെയും പ്രതിഷേധസൂചകമായി കറുത്ത പതാകയും ഉണ്ടായിരുന്നു. അനവധി സംഘർഷങ്ങൾക്കൊടുവിൽ 1971 മാർച്ച് 26 നു മുജീബുർ റഹ്മാൻ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. ഇന്ത്യൻപട്ടാളത്തിന്റെ പിന്തുണ മുക്തിബാഹിനിക്ക് ലഭിക്കുകയും കിഴക്കേ പാകിസ്ഥാനിലെ സന്നദ്ധസംഘം ഇന്ത്യയിലേക്ക് നീങ്ങുകയും മുക്തിബാഹിനിയെ കരുത്തുറ്റതാക്കുകയും ചെയ്തു.
പാക് ഭരണകൂടം അർത്ഥവും ആയുധവും കൊടുത്ത് പിന്തുണച്ച റസാക്കർ, അൽബദ്ർ എന്നിങ്ങനെയുള്ള സംഘങ്ങളിലേക്കു ചെറുപ്പക്കാർ ആകൃഷ്ടരായിരുന്നു. എന്താണ് അവയുടെ ശരിയായ പ്രത്യശാസ്ത്രമെന്തെന്നു പോലും അറിയാതെ ഭക്ഷണം, പണം, ആയുധം എന്നീ ലക്ഷ്യങ്ങൾ വെച്ചാണ് ‘അചഞ്ചലമായ വിപ്ലവവീര്യം' പ്രകടമാക്കിയ യുവാക്കൾ അവയിൽ ചേർന്നത്. കിഴക്കേ പാകിസ്ഥാനിലെ മുസ്ലിംങ്ങൾ തീവ്രമായ മതാഭിമുഖ്യം വെച്ചുപുലർത്തുന്നില്ല എന്ന പടിഞ്ഞാറേപാകിസ്ഥാനിലെ മുസ്​ലിംകളുടെ പരാതിയും അവർക്കിടയിൽ വിടവ് വലുതാക്കി.

സിയാവുർ റഹ്മാൻ, മുജീബുർ റഹ്‌മാൻ

ജനാധിപത്യത്തിന്റെ ഉണർവിന് വേണ്ടി ആഗ്രഹിക്കുന്നവരായിരുന്നു കിഴക്കേ പാകിസ്ഥാൻ നിവാസികൾ. സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾ ഏറ്റവും സജീവമായ 1970കളിൽ ഹിംസയുടെ തേരോട്ടമായിരുന്നു ബംഗ്ലാദേശിൽ നടമാടിയത്. ബീഹാറിൽ നിന്നുള്ള മുസ്​ലിംകൾക്കെതിരെയുള്ള അക്രമം ഇക്കാലത്ത് ഏറ്റവും രൂക്ഷമായി. ഉറുദു സംസാരിച്ചിരുന്ന അവർക്കും ബംഗാളികൾക്കും തമ്മിൽ യാതൊരു അടുപ്പവുമില്ലായിരുന്നു. എന്നുമാത്രമല്ല ഭാഷാപരമായ ഭിന്നത നിമിത്തം പാക് ഭരണത്തെ അനുകൂലിച്ചവരുമായിരുന്നു ബീഹാറിലെ മുസ്​ലിംകൾ. കണക്കുകൾ പ്രകാരം ഏതാണ്ട് അഞ്ചുലക്ഷത്തിനു മുകളിൽ ബീഹാർ മുസ്​ലിംകൾ കൊല്ലപ്പെടുകയും ചെയ്തു. ബീഹാറികൾക്കെതിരെ നടന്ന കലാപങ്ങൾക്ക് മറുപടിയായി പാക് ഭരണകൂടം ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് എന്ന പേരിലൊരു സൈനിക നടപടിക്ക് ഉത്തരവിട്ടു. വംശഹത്യയുടെ ദിനങ്ങളായിരുന്നു പിന്നീട് കിഴക്കേപാകിസ്ഥാനിൽ അരങ്ങേറിയത്. ഇതേത്തുടർന്ന് ലക്ഷക്കണക്കിന് (മൂന്നുലക്ഷത്തിനും മുപ്പതുലക്ഷത്തിനും ഇടയ്ക്കെന്നാണ് കണക്കുകൾ) ബംഗാളികൾ കൊല്ലപ്പെട്ടു. എണ്ണം തിട്ടപ്പെടുത്താൻ കഴിയാത്ത വിധം അനവധി ആളുകൾ അയൽരാജ്യമായ ഇന്ത്യയിലേക്ക് അഭയാർത്ഥികളായി പലായനം ചെയ്തു. പാക്കിസ്ഥാന്റെ ‘ഓപ്പറേഷൻ സെർച്ച്​ലൈറ്റി’ന്റെ ഫലമായുണ്ടായ വ്യാപകമായ അക്രമം ബംഗ്ലാദേശ് വിമോചനപോരാട്ടം അനിവാര്യമാക്കി. യുദ്ധമല്ലാതെ മറ്റൊരു പരിഹാരവുമില്ലാത്ത തരത്തിലായി കാര്യങ്ങൾ. ഇന്ത്യൻ പിന്തുണയുള്ള മുക്തിബാഹിനി സൈന്യം പാകിസ്ഥാൻ സേനയെ കീഴ്പ്പെടുത്താൻ പോരാടി. 1971 അവസാനം വരെ നീണ്ടുനിന്ന കലാപങ്ങൾക്കും രക്തച്ചൊരിച്ചിലിനും അറുതിയായത്, ഇന്ത്യ ഡിസംബർ മാസത്തോടെ യുദ്ധമുന്നണിയിലേക്ക് വരുകയും ഡിസംബർ പതിനാറിന് ധാക്ക വീഴുകയും ചെയ്തതോടെയാണ്.

മൂന്ന്​

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലും രൂപീകരണത്തിലും ത്യാഗങ്ങൾ സഹിക്കേണ്ടിവരികയും തങ്ങളുടേതല്ലാത്ത കുറ്റത്തിന് അതിർത്തികൾ ഭേദിക്കുകയും ചെയ്ത ജനതയുടെ ആത്മസംഘർഷങ്ങളുടെ നീണ്ട അധ്യായങ്ങളാണ് ചരിത്രം ബാക്കിവെക്കുന്നത്. പ്രസ്തുത ചരിത്രത്തോട് കൃത്യമായി നീതി പുലർത്തിക്കൊണ്ട്, സ്വാർത്ഥരാഷ്ട്രീയം പലായനം ചെയ്യിക്കുകയും ഹോമിക്കുകയും ചെയ്ത മനുഷ്യരുടെ വ്യഥയാണ് സുനിൽ ഗംഗോപാധ്യായ ‘ഈസ്​റ്റ്​ വെസ്​റ്റി’ൽ ചിത്രീകരിക്കുന്നത്. വേരുകൾ മുറിച്ചുമാറ്റപ്പെട്ട ദുഃസ്ഥിതിയോർത്തുകൊണ്ട് ജീവിതം ഹോമിക്കേണ്ടിവന്നവരുടെ വിലാപഗാഥയായി ആഖ്യായിക പരിണമിക്കുന്നു. സ്വതവേ പ്രക്ഷുബ്ധമായിരുന്ന ഒരുകാലത്ത്​, കാലുഷ്യത്തിന്റെ നിഴൽമൂടിയ അന്തരീക്ഷത്തിൽ സ്വന്തം വിശ്വാസപ്രമാണങ്ങൾക്കു വേണ്ടി പോരാടിയ കഥാപാത്രങ്ങളുടെ സച്ഛീലങ്ങളും അപഭ്രംശങ്ങളുമാണ് നോവലിന്റെ സത്ത. നക്‌സൽബാരിയിൽ പൊട്ടിപ്പുറപ്പെടുന്ന പ്രക്ഷോഭവും ചാരു മജൂംദാറിന്റെ ആകർഷണവലയത്തിൽപ്പെടുന്ന ചെറുപ്പക്കാരെ സംബന്ധിച്ചുമൊക്കെ നോവലിൽ വിശദമായി വിവരിക്കുന്നുണ്ട്. രാഷ്ട്രീയമായി തീവ്രച്ചേരിയിലേക്ക് നീങ്ങിയ അതിൻ മജുംദാർ (ബബ്ലു) ഒരു സംഘർഷത്തിനിടയിൽ സുഹൃത്തുക്കളെ രക്ഷിക്കാൻ വേണ്ടി കൊലപാതകത്തിന്റെ ഭാഗമായി തീരുകയാണ്. അങ്ങനെ അപ്രതീക്ഷിതമായി അയാൾക്ക് രാജ്യം വിടേണ്ടി വരുന്നു. മറ്റൊരു ജീവിതം അമേരിക്കയിൽ നയിക്കാൻ നിർബന്ധിതനായ അയാൾക്ക് കാമുകിയായ ഒലിയെ മറക്കാൻ സാഹചര്യങ്ങൾ സമ്മർദ്ദം ചെലുത്തുകയും ശർമിള അയാളുടെ ജീവിതത്തിലേക്ക് കടന്നുവരികയും ഭാര്യയായി തീരുകയും ചെയ്യുകയാണ്. ബബ്​ലുവിന്റെ അസാന്നിധ്യത്തിൽ, അയാളുടെ സഹവിപ്ലവകാരികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചിരുന്ന ഒലി ബബ്ലുവിൽ വന്ന മാറ്റം നേരിൽ കണ്ടറിഞ്ഞുകൊണ്ട് അമേരിക്കയിലെ ഉപരിപഠനം ഉപേക്ഷിച്ച് കൽക്കട്ടയിൽ മടങ്ങിയെത്തുന്നു. മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ജീവിതം മുന്നോട്ടുനീക്കുന്ന പരോപകാരിയും ധീരയുമായ കഥാപാത്രമായാണ് ഈ യുവതിയെ നോവലിൽ വാർത്തെടുത്തിട്ടുള്ളത്.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലും രൂപീകരണത്തിലും ത്യാഗങ്ങൾ സഹിക്കേണ്ടിവരികയും തങ്ങളുടേതല്ലാത്ത കുറ്റത്തിന് അതിർത്തികൾ ഭേദിക്കുകയും ചെയ്ത ജനതയുടെ ആത്മസംഘർഷങ്ങളുടെ നീണ്ട അധ്യായങ്ങളാണ് ചരിത്രം ബാക്കിവെക്കുന്നത്

ബബ്ലുവിന്റെയും ശർമിളയുടെയും ജീവിതത്തിൽ കരടാവാതിരിക്കാൻ വേണ്ടി ഒരു സാങ്കൽപ്പിക കാമുകൻ തനിക്കുണ്ടെന്ന് സ്ഥാപിച്ചുകൊണ്ടാണ് ഇവർ അവിവാഹിതയായി ജീവിതം തുടർന്നത്. ഇങ്ങനെയുള്ള രംഗങ്ങളിലൂടെ, പല തരത്തിൽ ഇരകളായവരുടെ ആഖ്യാനമാണ് നോവലിസ്റ്റ് നിർവഹിക്കുന്നത്.
പാക്- ബംഗ്ലാദേശ് വിഷയത്തോടനുബന്ധിച്ച് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്‌സണുമായുള്ള കൂടിക്കാഴ്ച അലസിപ്പോകുന്നതും ലോകനേതാക്കളെ ഇന്ദിരാഗാന്ധി സമവായത്തിനായി സമീപിക്കുന്നതുമൊക്കെ നോവലിൽ വിശദീകരിക്കുന്നു. കിഴക്കേ പാകിസ്ഥാനിൽ പാക് ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന കുൽസിതനീക്കങ്ങളെ കുറിച്ചുള്ള ഇന്ദിരയുടെ സൂചനയെ നിക്‌സൺ പരിഗണിക്കുന്നില്ല. ഇന്ത്യയും പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ പ്രസ്തുത രാജ്യങ്ങളുടെ ആഭ്യന്തരവിനിമയമാണെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു. കേവലം ആഭ്യന്തരപ്രശ്‌നമായി ഇതിനെ സമീപിക്കരുതെന്നും പാകിസ്ഥാൻ തിരക്കഥ രചിച്ച് നടപ്പാക്കുന്ന വംശഹത്യയെ കാണാതെ പോകരുതെന്നും ഇന്ദിര അമേരിക്കൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുണ്ട്. ഈ ശ്രമം പരാജയപ്പെട്ട ഇന്ദിര നേരിട്ട് അമേരിക്കയിലെ ജനങ്ങളോട് സംവദിക്കാൻ തീരുമാനിച്ചു. പ്രസ്‌ക്ലബ്ബുകളിലും പള്ളികളിലും സർവകലാശാലകളിലും ടെലിവിഷൻ അഭിമുഖത്തിലും അവർ പാകിസ്ഥാന്റെ നരവേട്ടയെ പറ്റി വാചാലയായി. ടെലിവിഷൻ അഭിമുഖത്തിൽ പാകിസ്ഥാനെ പിന്തുണക്കുന്ന അമേരിക്കയെ ഇന്ദിര വിമർശിക്കുന്നുണ്ട്. ഇതിനു ശേഷം ഫ്രാൻസിലെത്തുന്ന ഇന്ദിര അവിടത്തെ പ്രധാനമന്ത്രിയെയും നേതാക്കളെയും നെഹ്രുവിന്റെ സുഹൃത്ത് കൂടിയ എഴുത്തുകാരൻ ആന്ദ്രേ മലഹോയെയും (André Malraux) സന്ദർശിച്ച്​ തന്റെ നിലപാട് വ്യക്തമാക്കുന്നു. തുടർന്ന് പശ്ചിമ ജർമനിയിലേക്കാണ് അവർ പോകുന്നത്. ഇങ്ങനെ പല വിധത്തിൽ മുന്നൊരുക്കങ്ങൾ നടത്തിയിട്ടാണ് 1971 ലെ പാകിസ്ഥാനുമായുള്ള യുദ്ധമെന്ന തീരുമാനം ഇന്ദിര കൈക്കൊള്ളുന്നത്. പാകിസ്ഥാനെ യുദ്ധത്തിൽ തോൽപ്പിച്ച്​ഇന്ത്യ കിഴക്കൻ പ്രദേശങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിക്കുമെന്ന് ധരിച്ചവരും ഉണ്ടായിരുന്നു.

സുരക്ഷിതമായ ഇടം തേടി രാത്രികാലങ്ങളിൽ നടക്കുകയും പകൽവെളിച്ചത്തിൽ ഒളിച്ചിരിക്കുകയും ചെയ്യുന്നത് ജീവിതചര്യയാക്കിയ ഒരുപറ്റം മനുഷ്യരാണ് അതിർത്തികളിലുള്ളത്.

കൽക്കട്ടയിലേക്ക് കുടിയേറിയ കിഴക്കേ ബംഗാളിലെ ഹിന്ദു കുടുംബങ്ങളുടെയും കിഴക്കേബംഗാളിലേക്ക് പലായനം ചെയ്ത ബംഗാളിലെ മുസ്​ലിംകളുടെയും പിന്നീടുള്ള ജീവിതത്തിലെ വ്യതിയാനങ്ങളും അപഭ്രംശങ്ങളും പശ്ചിമ ബംഗാളിന്റെ വിവിധയിടങ്ങളിലേക്ക് ചിതറിപ്പോയ അഭയാർഥികളുടെ ദുരവസ്ഥ, നക്‌സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടരായ ചെറുപ്പക്കാർ, ബംഗ്ലാദേശിന്റെ വിമോചനത്തിനായി പ്രവർത്തിക്കുന്ന വിപ്ലവകാരികൾ, സമൂഹത്തിൽ നിലനിന്നിരുന്ന ജാതി-മത വ്യത്യാസങ്ങൾ, വിവിധ കാരണങ്ങളാൽ പ്രണയനഷ്ടം സംഭവിച്ച കാമുകീകാമുകന്മാർ, ഭാര്യയെ നഷ്ടപ്പെട്ട ഭർത്താക്കന്മാർ, മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാർ, തീവ്രദേശീയതയും സ്വാതന്ത്ര്യവാഞ്ഛയും, കലയും സാഹിത്യവും ഉപാസിച്ച് ധ്യാനലീലയിൽ ലയിക്കാൻ ആഗ്രഹിച്ചവരുടെ വ്യക്തിസത്ത, സർവോപരി മനുഷ്യരുടെ വിറങ്ങലിച്ച വികാരവിചാരങ്ങൾ എന്നിങ്ങനെ മനുഷ്യത്വത്തിന്റെ മൂല്യവിചാരമാണ് 1800ഓളം താളുകളിലായി പരന്നുകിടക്കുന്ന ഈ ബൃഹദാഖ്യായിക.

ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള പറിച്ചുനടൽ സഹനത്തിന്റെയും സഹിഷ്ണുതയുടെയും പുറങ്ങളിലൂടെയാണ് സാധ്യമാവുന്നത്. ബംഗാളിലെ ജനങ്ങൾ അനുഭവിച്ചിരുന്നതിന്റെ ആഴം ഇതിൽ നിന്ന് ഒരു തലം കൂടെ മുകളിലാണ്. കിഴക്കേ ബംഗാളിന്റെ മണ്ണും കിഴക്കേ പാകിസ്ഥാന്റെ മണ്ണും പകരുന്നത് ഒരേ വളക്കൂറും ഗന്ധവും ആണോ എന്ന സന്ദേഹം അവരെ അലട്ടുന്നു. വിഖ്യാത കവികളായ ടാഗോറും നസ്രുൽ ഇസ്​ലാമും പ്രതിനിധാനം ചെയ്തത് ബംഗാളിന്റെ അടരുകളുടെ സാംസ്‌കാരിക മൂലധനമാണ്. വിഭജനത്തിൽ നഷ്ടമാവാത്ത ഫലഭൂയിഷ്ഠമായ മണ്ണിന്റെ ധാതുബലമാണ് അതുപകർന്നു തരുന്നത്. അലച്ചിലുകളുടെ അച്ചിൽ കൊത്തിയെടുത്ത ഗാഢാക്ഷരങ്ങളാൽ എഴുതിയ രണ്ടു വാല്യങ്ങളുള്ള നോവലിലൂടെ അഭയാർഥികളുടെ അവസ്ഥകൾ സാർവലൗകികമാണെന്നു സ്ഥാപിക്കപ്പെടുകയാണ്. വിഭജനത്തിന്റെ പ്രത്യാഘാതങ്ങൾ തലമുറകളിലേക്ക് പല തരത്തിൽ വ്യാപിക്കുന്നതിന്റെ ചരിത്രം കൂടെയാണ് സുനിൽ ഗംഗോപാദ്ധ്യായ ഈ നോവലിൽ ചൂണ്ടിക്കാട്ടുന്നത്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


രാഹുൽ രാധാകൃഷ്ണൻ

എഞ്ചിനീയർ. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.

Comments