ആ രാജാവ് ഹിന്ദുവല്ല, വെറ്റിമാറനും കമൽ ഹാസനും പറയുന്നതിലെ ശരികൾ

പുരാവസ്തു ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ തമിഴകത്തിലെ ജനങ്ങൾ ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല എന്നാണ് ഗവേഷകർ പറയുന്നത്. അതിനുള്ള ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല. അങ്ങനെയിരിക്കെ തമിഴകത്തെ ഭരിച്ച രാജരാജ ചോഴൻ എങ്ങനെയാണ് ഹൈന്ദവ രാജാവ് ആവുന്നത് ?

ണിരത്നം ചിത്രം "പൊന്നിയിൻ സെൽവൻ' കൂടുതൽ ചരിത്രചർച്ചകളിലേയ്ക്ക് വഴി തുറക്കുകയാണ്. രാജരാജ ചോഴൻ ഹിന്ദു രാജാവായിരുന്നില്ല എന്ന പ്രസ്താവനയുമായി സംവിധായകൻ വെറ്റിമാറൻ രംഗത്തെത്തിയിരുന്നു. കമൽഹാസനും വെറ്റിമാറന്റെ അഭിപ്രായത്തെ പിന്തുണച്ചു. രാജരാജ ചോഴന്റെ കാലത്ത് ഹിന്ദു മതം ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാരാണ് "ഹിന്ദു' എന്ന പദം ആദ്യം ഉപയോഗിച്ചത് എന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ ചോഴഭരണകാല ചരിത്രത്തെകുറിച്ച് പ്രഭാഹരൻ കെ. എഴുതുന്നു...

രാജരാജ ചോഴൻ എന്തുകൊണ്ട് ഹിന്ദുവല്ല എന്ന വാദമാണ് തമിഴ്നാട്ടിൽ ഇന്ന് ഉയർന്നുകേൾക്കുന്നത്. ചോഴരുടെ ഭരണകാലത്തെ മൂന്നായി തിരിക്കാം. സംഘകാല ചോഴർ, മധ്യകാല ചോഴർ, പിൽക്കാല ചോഴർ. തമിഴകം ഭരിച്ചിരുന്ന ചോഴ രാജാക്കൻമാർ സർവ്വശക്തിയുള്ള രാജവംശമായിരുന്നു. വടക്കേ ഇന്ത്യയിലെ ബാലരാജവംശത്തെ പരാജയപ്പെടുത്തി ഗംഗാതടം പിടിച്ചടക്കി അവിടെ നിന്നും നാവിക സേനയെ വിപുലീകരിച്ച് ഏഷ്യയിലെ ശ്രീലങ്ക, വിയറ്റ്നാം, കമ്പോഡിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെ പിടിച്ചെടുത്തവരാണ് പിൽകാലചോഴന്മാർ. എ.ഡി. ഒമ്പതാം നൂറ്റാണ്ടോടുകൂടിയാണ് പിൽക്കാല ചോഴരുടെ ആധിപത്യം തുടങ്ങുന്നത്. വിജയല ചോഴനാണ് മുദ്ര രാജാക്കന്മാരിൽ നിന്നും തഞ്ചാവൂർ പിടിച്ചെടുത്തത്.

എ.ഡി 850-71 വിജയാല ചോഴൻ ഭരിച്ചിരുന്നു. പിന്നീട് പരാന്തക ചോഴൻ, സുന്ദരച്ചോഴൻ, രാജരാജ ചോഴൻ, രാജേന്ദ്രൻചോഴൻ, കുലോത്തുങ്കചോഴൻ തുടങ്ങി കോപ്പേരുഞ്ചിങ്കൻ വരെയുള്ളവർ 1278 വരെ ചോഴർ തമിഴകം ഭരിച്ചു. തിരുവലങ്കാട്ടു ശാസനവും, അൻപിൽ ശാസനവും ചോഴരെ കുറിച്ചു പരമർശിക്കുന്നു. ചരിത്രപണ്ഡിതൻമാരായ ഐരാവതം മഹാദേവനും കെ.കെ. പിള്ളയും ചോഴരാജവംശത്തെക്കുറിച്ച് ഒരുപാട് ഗവേഷണങ്ങൾ നടത്തിയിട്ടു മുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കെ.കെ. പിള്ള തമിഴക വരലാറു - മക്കളും പൺപാടും (തമിഴക ചരിത്രം ജനതയും സംസ്കാരവും ) എന്ന പുസ്തകം രചിച്ചു. ജയലളിത മുഖ്യമന്ത്രിയായിരിക്കെ International institute of Tamil studies എന്ന സ്ഥാപനമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. പിന്നീട് 2019 ൽ മധുരൈ അടുത്തുള്ള പുതുക്കോട്ട എന്ന ജില്ലയിൽ കീഴടി എന്ന സ്ഥലത്ത് പുരാവസ്തു ഗവേഷണം നടത്തിയപ്പോൾ നൂറിലേറെ വസ്തുക്കളാണ് കണ്ടുകിട്ടിയത്. ഇതിൽ ഒരു മൺപാത്രം കണ്ടുകിട്ടി. അത്​ കാർബൺ ഡേറ്റിംഗ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ 2300ലേറെ വർഷങ്ങൾ പഴക്കമുണ്ടെന്നറിയാൻ കഴിഞ്ഞു.

കിട്ടിയ വസ്തുക്കളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ തമിഴകത്തെ ജനങ്ങൾ ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല എന്നാണ് ഗവേഷകർ പറയുന്നത്. അതിനുള്ള ഒരു തെളിവും കണ്ടെത്തിയിട്ടില്ല. അങ്ങനെയിരിക്കെ തമിഴകം ഭരിച്ച രാജരാജ ചോഴൻ എങ്ങനെയാണ് ഹൈന്ദവ രാജാവ് ആവുന്നത്? ജൈനർ (സമണം), ബൗദ്ധർ (ബുത്തം ), ശൈവർ, വൈഷ്ണവർ(വൈണവർ) തുടങ്ങിയവർ തമിഴകത്തുണ്ടായിരുന്നു. അവർ തമിഴ് സാഹിത്യത്തിന് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട് എന്നും തമിഴ് സാഹിത്യ ചരിത്രത്തിലൂടെ അറിയാൻ കഴിയുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തിയപ്പോൾ മേൽപ്പറഞ്ഞ ഒരു മതത്തിലും പെടാത്തവരെ ഹിന്ദുക്കൾ എന്ന് രേഖപ്പെടുത്തി. മാത്രമല്ല, ശൈവർക്കും വൈഷ്ണവർക്കും എപ്പോഴും ദൈവത്തെക്കുറിച്ച് തർക്കമുണ്ടായിരുന്നു എന്ന് തമിഴ് അമ്പലങ്ങളിലെ തലപുരാണങ്ങൾ പറയുന്നു.

രാജരാജ ചോഴൻ ഉൾപ്പെടെയുള്ള ചോഴരാജാക്കന്മാർ ശൈവസിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. വൈഷ്ണവ ആരാധനയുമായി ഒരു ബന്ധവും പുലർത്താത്ത ചോഴരാജാക്കന്മാർ തങ്ങൾ ഭരിച്ചിരുന്ന എല്ലാ സ്ഥലങ്ങളിലും ശിവന്റെ ആരാധനാലയങ്ങൾ പണിയുമായിരുന്നു. തേവാരം എന്ന ശിവനെക്കുറിച്ചുള്ള സ്തുതി രാജരാജ ചോഴന്റെ ഇഷ്ടഗ്രന്ഥമായിരുന്നു. ശിവനും വിഷ്ണുവും ഒന്നല്ല എന്ന വാദം തെക്കേ ഇന്ത്യയിൽ പ്രചാരത്തിലുണ്ട്.

വീരശൈവം എന്ന പ്രസ്ഥാനം, തങ്ങൾ ഹിന്ദുക്കൾ അല്ല എന്ന വാദം ഇപ്പോഴും ഉന്നയിക്കാറുണ്ട്. ചുടുകാട്ടിൽ താണ്ഡവമാടുന്ന ശിവൻ എങ്ങനെയാണ് ഹൈന്ദവ ദൈവമാകുന്നത്?. വെറ്റിമാറനും കമൽഹാസനും ഉന്നയിക്കുന്ന വാദങ്ങൾക്ക് ചരിത്രപ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ബ്രാഹ്മണചരിത്രവും ദ്രാവിഡ ചരിത്രവും തമ്മിൽ എപ്പോഴും വൈരുദ്ധ്യം നിലനിൽക്കുന്നു. എല്ലാം തന്റേതാക്കുക എന്ന ആധിപത്യം ചോഴരെയും ഹൈന്ദവരാക്കാൻ ശ്രമിക്കുന്നു.

Comments