ഡോ. ശിവപ്രസാദ് പി.

ബാബറിപ്പള്ളി തകർക്കപ്പെടുമ്പോൾ കുട്ടിയായിരുന്നുവെന്ന ന്യായം ഇപ്പോഴെനിക്ക് മതിയാകാതെ വന്നിരിക്കുന്നു…

വാസ്തവത്തിൽ നാമെല്ലാം കേവലരായ സാക്ഷികൾ മാത്രമല്ല. നമ്മുടെ മൗനത്തിന് കർതൃത്വത്തോളം പോന്ന സമ്മതിയുടെ സ്വഭാവമുണ്ട്.

നിക്ക് ഒമ്പതുവയസ്സുളളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. അന്ന് അച്ഛന്റെ മരണം അത്രയൊന്നും ഞെട്ടിക്കുന്നതായിരുന്നില്ല എന്നതാണ് സത്യം. ഞാൻ ജനിച്ചതിൽപിന്നെ അച്ഛൻ സ്വന്തം അമ്മയെ നോക്കി സ്വന്തം വീട്ടിലാണ് കഴിഞ്ഞത്. ഞങ്ങളെ - ഭാര്യയേയും മക്കളേയും - കാണാൻ വല്ലപ്പോഴുമൊക്കെ വരാറുണ്ട്. പക്ഷെ സഹോദരങ്ങളെപ്പോലെ അത്തരം നല്ല ഒരോർമയും എനിക്കില്ല. ‘നീയുണ്ടായതോടെ നല്ലതെല്ലാം കെട്ടു’ എന്ന് ചേച്ചിമാർ അടക്കം പറഞ്ഞു. നിറയെ തുണികളും കാരസാമാനങ്ങളുമായി അച്ഛൻ വന്നു പോയിരുന്നതിന്റെ ഓർമ അവരുടെ കണ്ണുകളിൽ കെടാതെ തെളിഞ്ഞു. ഭാഗ്യമില്ലാത്ത കുട്ടിയെന്ന് അമ്മയെന്നെ ചേർത്തുപിടിച്ചു. അച്ഛനുപകരം കാര സാമാനങ്ങൾ എനിക്കുമാത്രമായി വാങ്ങിത്തന്നു, അമ്മമ്മ. ചീനിക്കടവ് പുഴ പാണ്ടിയിലിരുന്ന് കടന്നതും അച്ഛന്റെ വെള്ളപുതച്ച രൂപത്തിനുമുന്നിൽ കരയാതെ നിന്നതുംമാത്രം ഇന്നും ഓർമയുണ്ട്. അച്ഛൻ ഇനിയില്ല എന്നതിൽ എന്റെ നഷ്ടമെത്രയെന്നോ അമ്മയുടെ നഷ്ടമെത്രയെന്നോ കുടുംബത്തിന്റെ നഷ്ടമെത്രയെന്നോ എനിക്കന്ന് അറിയില്ലായിരുന്നു. സ്നേഹമാണ്, താങ്ങാണ്, ധൈര്യവും സമാധാനവുമാണ്, ഒരു കുടുംബത്തിന്റെ കാതലോളം പോന്ന ഉൺമയാണ് അന്ന് വെള്ളപുതച്ച് കിടന്നതെന്ന് ഒരു ഒമ്പതു വയസ്സുകാരൻ എങ്ങനെ ചിന്തിക്കാനാണ്?

മുടങ്ങാതെ രാമാനന്ദ് സാഗറിന്റെ രാമായണം കണ്ടതായി ഓർക്കുന്നു. ഞങ്ങൾ കുട്ടികൾ യുദ്ധം മാത്രം ആവർത്തിച്ചു. അമ്പും വില്ലും ഉണ്ടാക്കി. ഈർക്കിൽകൊണ്ട്‌ ലക്ഷ്യം കണ്ടു. രാജ്യത്താകമാനം ആയിരത്തിനുമേൽ കുട്ടികൾക്ക് അക്കാലത്ത് ഭൗതികമായ കാഴ്ചനഷ്ടമുണ്ടായതായി എവിടെയോ വായിച്ചത് ഓർക്കുന്നു.

പറഞ്ഞുവരുന്ന കഥ ഇത്തിരി പഴയതാണ്. 1982-ൽ ജനിച്ച ഒരാളുടെ കഥയും അയാളെ പെറ്റുപോറ്റിയ നാടിന്റേയും. എന്റെ വ്യക്തിപരമായ നഷ്ടമായിപ്പോലും അച്ഛന്റെ മരണം എന്നെ ബാധിക്കാത്തതിനാലാവണം തൊട്ടടുത്ത ദിവസങ്ങൾപോലും -സ്കൂളില്ലാത്ത ദിവസങ്ങളിലൊക്കെയും- ടി.വി.യുള്ള അയൽവീടുകൾക്കുമുമ്പിൽ കൂട്ടുകാരോടൊപ്പം ഭിക്ഷക്കാരെപ്പോലെ ചെന്നുനിന്നു. അവർ ഉള്ളിലേക്ക് കയറാൻ അനുമതി നല്കിയാൽ കണ്ണുനിറയെ കാഴ്ചകൾ കണ്ട് ആനന്ദിച്ചു. ഏതാണ്ട് അഞ്ചുവയസ്സുമുതൽ ആ ശീലമുണ്ട്. അമ്മമ്മയോടും ഏട്ടന്മാരോടും ഒപ്പം ടി.വി.യുള്ള വീടുകളിലേക്കുള്ള നടത്തങ്ങൾ. അക്കാലത്ത് പരമാവധി മുടങ്ങാതെ രാമാനന്ദ് സാഗറിന്റെ രാമായണം കണ്ടതായി ഓർക്കുന്നു. ഉപേക്ഷിക്കാൻ ഭാര്യയില്ലാത്തതുകൊണ്ടും അനുകരിക്കാൻ മറ്റൊന്നും കാണാത്തതിനാലും ഞങ്ങൾ കുട്ടികൾ യുദ്ധം മാത്രം ആവർത്തിച്ചു. അമ്പും വില്ലും ഉണ്ടാക്കി. ഈർക്കിൽകൊണ്ട്‌ ലക്ഷ്യം കണ്ടു. ഒരിക്കൽ കണ്ണിന്റെ തൊട്ടടുത്ത് ഈർക്കിൽ തറച്ചത് ഓർക്കുന്നു. ഭാഗ്യം, ആരുടേയും കാഴ്ച പോയില്ല. രാജ്യത്താകമാനം ആയിരത്തിനുമേൽ കുട്ടികൾക്ക് അക്കാലത്ത് ഭൗതികമായ കാഴ്ചനഷ്ടമുണ്ടായതായി എവിടെയോ വായിച്ചത് ഓർക്കുന്നു. ഇല്ല, അതിൽ ഞങ്ങളാരും പെട്ടില്ല. പക്ഷെ ഞങ്ങളുടേയും കാഴ്ച പോയി. ഞങ്ങളെ സാക്ഷിയാക്കി, ഞങ്ങൾ കുട്ടികളെ അന്ധരാക്കി അവരത് ചെയ്തു.

88- ൽ പ്രക്ഷേപണം പൂർത്തിയാക്കിയ രാമായണം പരമ്പര ‘ഫലപ്രദ’മായ നാല് വർഷമാണ് പൂർത്തിയാക്കിയത്.
88- ൽ പ്രക്ഷേപണം പൂർത്തിയാക്കിയ രാമായണം പരമ്പര ‘ഫലപ്രദ’മായ നാല് വർഷമാണ് പൂർത്തിയാക്കിയത്.

88- ൽ പ്രക്ഷേപണം പൂർത്തിയാക്കിയ രാമായണം പരമ്പര ഫലപ്രദമായ നാല് വർഷം പൂർത്തിയാക്കിയത് അങ്ങനെയാണ്. രാമാനന്ദ് സാഗറും അയാൾക്കും പതിറ്റാണ്ടുകൾക്കുമുന്നേ ആസൂത്രണം നടത്തിയവരും ആഗ്രഹിച്ചതുപോലെ അത് സംഭവിച്ചു. അയോധ്യയിലെ ബാബറി പള്ളി അക്രമികൾ പൊളിച്ചു.

1992 ഡിസംബർ 6 ന് പത്തുവയസ്സുമാത്രം പ്രായമുള്ള ഞാനും ഫൈസലും സലാമും ശിവനുമൊക്കെ രാമായണം കളിച്ച് ചിരിച്ചുനടന്നപ്പോൾ എന്റെ നാട്ടിൽനിന്നുപോലും കർസേവകർ തീവണ്ടി കയറി. അയോധ്യയിൽപോയി അക്രമത്തിൽ പങ്കെടുക്കുകയോ കണ്ട് കയ്യടിച്ച് തിരിച്ചുവരികയോ ചെയ്ത അവരെ ആദരവോടെയാണ് നാട് സ്വീകരിച്ചതെന്ന് ഇന്നെനിക്ക് വ്യക്തമായും അറിയാം. ഹിന്ദി അക്ഷരങ്ങൾ ആലേഖനം ചെയ്ത, കടുത്ത കാവിനിറമുള്ള തോർത്തുമുണ്ടുകൾ അന്നാദ്യമായി കണ്ടതും എന്റെ ഓർമയിലുണ്ട്. അവരത് ഏറെക്കാലും തോളിൽ പുതച്ചാണ് നടന്നത്. അതവരെ എല്ലായിടത്തും കൂടുതൽ സ്വീകാര്യരാക്കിയപോലെ. അവർ ഹീറോകളായി. ഫൈസലും സലാമും പോലും അവരെ ശത്രുക്കളായി കണ്ടില്ല. അവരന്ന് ഫൈസലും സലാമും ആയിരുന്നില്ല. രാമനും ലക്ഷ്മണനും ആയിരുന്നു.

87- ലെ ഞായറാഴ്ചകൾക്കുശേഷവും രാമായണം വന്നു. 2020- ൽ കൊറോണ വന്നപ്പോൾ വൈറസിൽനിന്ന് രക്ഷപ്പെടാൻ വീട്ടിലൊളിച്ചവരെ രാമായണം വീണ്ടും പിടികൂടി. ഏറ്റവും പുതിയ തലമുറയും ആ പിടിയിലെത്തിയെന്ന് അധികാരം ഉറപ്പിച്ചെടുത്തത് അങ്ങനെയാണ്. ദൂരദർശൻ സംപ്രേഷണക്ഷണം ചെയ്ത രാമായണവും മഹാഭാരതവുമൊക്കെ ഹൈന്ദവവും ഹിന്ദിയിൽ അധിഷ്ഠിതവും വടക്കേ ഇന്ത്യയോട് ചേർന്നതുമായ ഒരു സംസ്കാരത്തെ ഇന്ത്യയുടെ പൊതുസംസ്കാരമാക്കി അവതരിപ്പിച്ചതെങ്ങനെയെന്ന് 1993- ൽ വന്നിട്ടുള്ള ഒരു പഠനം വ്യക്തമാക്കുന്നുണ്ട് (Ananda Mithra 1993). അത് കുറേക്കൂടി ഉറപ്പിച്ചെടുക്കുകയാണ് വ്യാധിക്കാലംപോലും ഉണർന്നിരുന്ന ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം ലോക്ഡൗണിന്റെ മറവിൽ ചെയ്തത്.

അച്ഛൻ മരിച്ചപ്പോൾ കുടുംബത്തിന് നഷ്ടമായത് എന്തായിരുന്നു എന്നറിയാത്തതുപോലെ പള്ളി പൊളിച്ചപ്പോൾ നാടിന് നഷ്ടമായത് എന്തായിരുന്നു എന്നും എനിക്കന്ന് മനസ്സിലായില്ല. പക്ഷെ അന്നും സ്കൂളിൽവച്ച് ദിനവും പ്രതിജ്ഞ ചൊല്ലുമായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെക്കുറിച്ചും നാനാത്വത്തെക്കുറിച്ചും ബാലിശമെങ്കിലുമായ ധാരണകളുണ്ടായിരുന്നു. അവയൊക്കെയുമാണ് തകർക്കപ്പെട്ടതെന്ന്, വിഭജനകാലത്തുപോലും മറ്റൊരു ആലോചനയ്ക്കും വഴങ്ങാതെ പിറന്ന മണ്ണിൽ ഉറച്ചുനിന്നവരുടെ വിശ്വാസങ്ങളാണ് അട്ടിമറിക്കപ്പെട്ടതെന്ന്, രാഷ്ട്രം ആദ്യമായി ഒരു മതരാഷ്ട്രത്തിന്റെ കുപ്പായം അന്ന് ഇട്ടു നോക്കുകയായിരുന്നു എന്ന് പിന്നീടുമാത്രമാണ് അറിഞ്ഞത്. അപ്പോഴേക്കും അനീതി വാഴ്ച തുടങ്ങിയിരുന്നു. നീതി പൂർണമായും തകർക്കപ്പെട്ടിരുന്നു.

2020- ൽ രാമായണം സീരിയല്‍ പുനസംപ്രേക്ഷണം ചെയ്ത സമയത്ത് അന്നത്തെ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ സമുഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം
2020- ൽ രാമായണം സീരിയല്‍ പുനസംപ്രേക്ഷണം ചെയ്ത സമയത്ത് അന്നത്തെ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ സമുഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം

ഇന്നിപ്പോൾ ആ മണ്ണിൽ, ഇന്ത്യകണ്ട ഏറ്റവും വലിയ അക്രമങ്ങളിലൊന്ന് നടന്ന ആ മണ്ണിൽ രാമക്ഷേത്രം ഉയർന്നിരിക്കുന്നു. അതെ, പള്ളി പൊളിച്ച അതേ അക്രമികൾ അതേയിടത്ത് അമ്പലം പണിഞ്ഞിരിക്കുന്നു. പള്ളി പൊളിച്ച് അക്രമം നടത്തിയവർ കുറ്റവിമുക്തരായി അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നു. അവർ ദിനംപ്രതി രാഷ്ട്രത്തിന്റെ പലയിടങ്ങളിലായി സ്വീകരിക്കപ്പെടുന്നു. ആളും അർഥവും അധികാരവുമുള്ളവരായി വിലസുന്നു. കോടതിപോലും രാമനന്ദ സീരിയലിന്റെ അബോധസാഗരത്തിലും ബോധത്തിലും ഭക്ത്യാനന്ദരായി ജയ് ശ്രീരാം വിളികൾക്ക് വഴിയൊരുക്കുന്നു. സത്യം ജയിക്കട്ടെ എന്ന ഇന്ത്യയുടെ എക്കാലത്തേയും ബഹുസ്വരമൂല്യം ആ പള്ളിയ്ക്കൊപ്പം തകർക്കപ്പെട്ടിരിക്കുന്നു. അതിൻമുകളിൽ ഇന്ന് രാംലല്ല സ്വയമൊരു രാഷ്ട്രമായി അവരോധിക്കപ്പെട്ടിരിക്കുന്നു. നമുക്ക് തലകുനിക്കാം.

സമൂഹം വിശ്വാസികളുടെ വിളനിലമാകുന്നു. വൈകാതെയത് യുദ്ധക്കളമാകും. എപ്പോഴും പൊട്ടിത്തെറിക്കാവുന്ന മൈനുകൾകൂടിയാണ് നമ്മെ സാക്ഷിയാക്കി അവർ കുഴിച്ചിടുന്നത്.

മോദി സർക്കാർ അധികാരമേറ്റശേഷം രാഷ്ട്രമൊട്ടുക്ക് ശൗചാലയങ്ങൾ നിർമിക്കാനാണ് ആഹ്വാനം ചെയ്തത്. വന്നതാകട്ടെ ആരാധനാലയങ്ങളും. കഴിഞ്ഞ 10 വർഷത്തിനിടയിൽ നമുക്കുചുറ്റും എത്രയെത്ര അമ്പലങ്ങൾ ഉയർന്നു. (അന്നത്തെ ശിവൻ എന്ന കൂട്ടുകാരൻ ഇക്കാലത്ത് രാഷ്ട്രീയം തെളിച്ചുകാണിക്കുന്നുണ്ട്. അവന്റെ തനിയെ പൊളിഞ്ഞുവീണ കുടുംബക്ഷേത്രം റോഡുവക്കിലെ ആകെ സമ്പാദ്യമായുള്ള സ്ഥലമപ്പാടെയപഹരിച്ച് വീണ്ടും ഉയർന്നുവന്നത് ഈ അടുത്ത വർഷമാണ്! അങ്ങനെ എത്രയെത്ര അമ്പലങ്ങൾ കൺമുന്നിൽ തന്നെ വന്നു.) ജോത്സ്യൻമാർ മുതൽ ശാഖോപജീവികൾവരെ ധാരാളം മനുഷ്യരാണ് ഈ അമ്പലനിർമിതികളിൽ കൈകോർത്തത്. മത്സരത്തിന് വേറെയും കൂട്ടർ തയ്യാറായതോടെ ആകെ ആരാധനാലയങ്ങൾ കൂണുപോലെ മുളച്ചുപൊന്തി. അവ പക്ഷെ കൂണുപോലെ ഇല്ലാതാവില്ല എന്ന് നമുക്കറിയാം. ആവശ്യത്തിന് മൂത്രപ്പുരകളോ വിശ്രമകേന്ദ്രങ്ങളോ കാത്തിരിപ്പുകേന്ദ്രങ്ങളോപോലും ഇല്ലാത്ത ഒരു നാട് കണ്ണടച്ചുതുറക്കുംമുമ്പ് ദേവാലയങ്ങൾക്കൊണ്ട് നിറയുന്നു. ആരാധനാലയങ്ങളുടെ ശബ്ദമലിനീകരണത്തിൽനിന്ന്, ആഘോഷക്കോപ്രായങ്ങളിൽനിന്ന് ഇനി നമുക്ക് മോചനമുണ്ടാവില്ല. സമൂഹം വിശ്വാസികളുടെ വിളനിലമാകുന്നു. വൈകാതെയത് യുദ്ധക്കളമാകും. എപ്പോഴും പൊട്ടിത്തെറിക്കാവുന്ന മൈനുകൾകൂടിയാണ് നമ്മെ സാക്ഷിയാക്കി അവർ കുഴിച്ചിടുന്നത്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

വാസ്തവത്തിൽ നാമെല്ലാം കേവലരായ സാക്ഷികൾ മാത്രമല്ല. നമ്മുടെ മൗനത്തിന് കർതൃത്വത്തോളം പോന്ന സമ്മതിയുടെ സ്വഭാവമുണ്ട്. നമ്മളെ അതിന് പ്രേരിപ്പിക്കുന്ന ഭാഷയും മാധ്യമങ്ങളുമാണ് നമുക്കുള്ളത്. എൻ.എസ്. മാധവന്റെ തിരുത്തിലേതു പോലൊരു ഇരുത്തം നമ്മുടെ പത്രാധിപന്മാരൊന്നും ഇന്നേവരെ ജനായത്തത്തിൽ ഇരുന്നിട്ടില്ല. മതേതരം എന്നത് അവർക്ക് ഒരു മതത്തിന്റെ സാമാന്യവത്കരണവും പൊതുത്വവും അപരങ്ങളുടെമേലുള്ള സഹതാപാർദ്രമായ ഔദാര്യവുമാണ്. പള്ളി പൊളിച്ച മണ്ണിൽ ക്ഷേത്രമുയരുമ്പോൾ ആ വാർത്തകൾക്ക് മാധ്യമങ്ങൾ നല്കിവരുന്ന പ്രാധാന്യവും പക്ഷവും നോക്കുക. 'സരയു സാക്ഷി; ആധാരശില തൊട്ട് അയോധ്യ' എന്ന് (2020 ഓഗസ്റ്റ് 6 ലെ മനോരമ. മാതൃഭൂമി ഈ ദിവസം അയോധ്യയിൽ ക്ഷേത്രത്തിന് ശിലയിട്ടു എന്നാണ് വലിയതെങ്കിലും തലക്കെട്ട് കൊടുക്കുന്നത്.) ഒന്നാംപേജിൽ എട്ടുകോളം വെണ്ടക്ക നിരത്തിവരുന്ന പത്രങ്ങളാണ് നമുക്കുള്ളത്. ലക്ഷ്മണരേഖയും അശ്വമേഥവും ലങ്കാദഹനവുമൊക്കെ എന്നുമെന്നും എഴുതിയെഴുതി മാനകമാക്കിമാറ്റിയതിന്റെ അനുഭവമുണ്ടവർക്ക്.

ഭൂമിപൂജ പോലുള്ള ഹൈന്ദവമായ, മതാത്മകമായ ഒരു ചടങ്ങിൽ ഒരു മതേതരരാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുക്കുന്നതിലെ അനൗചിത്യവും ഭരണഘടനാവിരുദ്ധതയും അന്നുതൊട്ടിന്നുവരെ ഒരു പത്രവും മാധ്യമവും മലയാളത്തിൽ ഉന്നയിച്ചിട്ടില്ല. അത്രയ്ക്കുണ്ട് ഹൈന്ദവതയോടും അതിന്റെ വിജയങ്ങളോടുമൊക്കെ അവർക്കുള്ള മമത. അത് സ്വാഭാവികമെന്നോണം മലയാളിയും മലയാളവും പൊതുബോധമാക്കിയും സാധാരണമാക്കിയും സ്വീകരിച്ചിട്ടുമുണ്ട്. ഈവിധം ആകെ ചെളിയാക്കി വെച്ചിരിക്കുന്ന മണ്ണിലാണ് ഞാനും നിങ്ങളും ജീവിക്കുന്നത്. നാളെ ഏത് പൂവ് വിരിഞ്ഞാലും ആരെല്ലാം രാജ്യദ്രോഹികളായാലും അത്ഭുതപ്പെടാനില്ല. നാമെല്ലാം മൗനംകൊണ്ടും സഹനംകൊണ്ടും നൽകിവരുന്ന സമ്മതികളാണ് രാഷ്ട്രത്തെ ഫാഷിസത്തിലേക്കും മതാത്മകതയിലേക്കും നയിക്കുന്നത്.

നമ്മുടെ മൗനത്തിന് കർതൃത്വത്തോളം പോന്ന സമ്മതിയുടെ സ്വഭാവമുണ്ട്. നമ്മളെ അതിന് പ്രേരിപ്പിക്കുന്ന ഭാഷയും മാധ്യമങ്ങളുമാണ് നമുക്കുള്ളത്.
നമ്മുടെ മൗനത്തിന് കർതൃത്വത്തോളം പോന്ന സമ്മതിയുടെ സ്വഭാവമുണ്ട്. നമ്മളെ അതിന് പ്രേരിപ്പിക്കുന്ന ഭാഷയും മാധ്യമങ്ങളുമാണ് നമുക്കുള്ളത്.

ബാബറിപ്പള്ളി തകർക്കപ്പെടുമ്പോൾ കുട്ടിയായിരുന്നുവെന്ന ന്യായം ഇപ്പോഴെനിക്ക് മതിയാകാതെ വന്നിരിക്കുന്നു. അന്നത്തെ കുട്ടിയ്ക്ക് പിന്നെയും മൂന്നു പതിറ്റാണ്ടിന്റെ മൂപ്പെത്തിയിരിക്കുന്നു. നെല്ലും പതിരും മാത്രമല്ല വിഷവും വിഷ്വലും തിരിച്ചറിയാറായിരിക്കുന്നു. മൗനം ഇന്നെനിക്ക് കവചമോ രക്ഷയോ നല്കില്ല.

പറയാതെ വയ്യ,
ജനുവരി 22 ന് പ്രധാനമന്ത്രി തുറന്നിടുന്ന പള്ളിമണ്ണിലെ രാമക്ഷേത്രത്തിന് എന്റെ പിന്തുണയില്ല.

ദലിതരെ വധിക്കാനും ഭാര്യയെ ഉപേക്ഷിക്കാനും അധികാരം മാത്രം പ്രധാനമായി കാണാനും അതിനായി എന്ത് ചതിയും ചെയ്യാൻ മടിയില്ലാത്തവനായി മുതിരാനും അവിടെ പ്രതിഷ്ഠിക്കുന്ന ആ രാംലല്ലയ്ക്ക് ഇനിയും കഴിഞ്ഞേക്കും എന്നതിനാൽ...

ഏറ്റവും ദുർബലരേയും ന്യൂനപക്ഷങ്ങളെയും ഒറ്റപ്പെട്ട ഏതൊരാളെയും ഉൾക്കൊള്ളാനുള്ള ഇന്ത്യൻമനസ്സിനെ അത് കാര്യമായിത്തന്നെ പരിക്കേല്പിക്കും എന്നതിനാൽ...

ആ അർഥത്തിൽതന്നെ നമ്മുടെ ജനായത്തം കളങ്കപ്പെടും എന്നതിനാൽ...

അതൊരു അമ്പലം മാത്രമല്ലെന്നും രാഷ്ട്രത്തിന്റെ വൈവിധ്യങ്ങൾക്കുമേൽ ദീർഘകാലത്തേക്ക് പ്രഹരശേഷിയുണ്ടാക്കാൻ ശേഷിയുള്ള ഒരു ഫാഷിസ്റ്റ് പ്രത്യയശാസ്ത്രസൂചകമാണ് എന്നതിനാൽ...

മതേതരജനായത്തം എന്ന നമ്മുടെ പ്രഖ്യാപിത രാഷ്ട്രാദർശത്തിനുമേൽ തുടർച്ചയായി അടിച്ചുതറയ്ക്കപ്പെടുന്ന ആണികളിൽ ഏറ്റവും ശക്തമാണിത് എന്നതിനാൽ...

ഭരണകൂടമൊന്നടങ്കം മറയേതുമില്ലാതെ ക്ഷേത്രനിർമ്മാണത്തിൽ പങ്കാളിയായിക്കൊണ്ട് ഭരണഘടനയേയും സത്യപ്രതിജ്ഞകളേയും ഉളുപ്പേതുമില്ലാതെ കാറ്റിൽ പറത്തുന്നു എന്നതിനാൽ...

‘ജയ് ശ്രീറാം’ വിളികൾകൊണ്ട് തടിച്ചുകൂടുന്നവർ ഏതു നിമിഷവും വെറും ആൺകൂട്ടമായി ആരെയും തല്ലികൊല്ലാം എന്നതിനാൽ...

അങ്ങനെയങ്ങനെ അനേകം കാരണങ്ങളാൽ ഞാൻ പള്ളി പൊളിച്ച മണ്ണിലെ രാമക്ഷേത്രത്തെ എന്നാലാവുംവിധം നിരാകരിക്കുന്നു. ഭാവിയിൽ ആ ക്ഷേത്രം ഉണ്ടാക്കിയെടുക്കാനിടയുള്ള ആൾക്കൂട്ടത്തിലും വോട്ടുബാങ്കിലും ജയ് ശ്രീറാം ആക്രോശങ്ങളിലും ആധിയും ആശങ്കയും പങ്കുവെയ്ക്കുന്നു.

Comments