‘നാവടക്കിൻ പണിയെടുക്കിൻ’ എന്ന പ്രഖ്യാപിത മുദ്രാവാക്യത്തോടെയാണ് അടിയന്തരാവസ്ഥ നടപ്പാക്കപ്പെട്ടത്. പൗരാവകാശങ്ങൾ എടുത്തുകളഞ്ഞ് സർക്കാർ ജനങ്ങൾക്ക് മുഖാമുഖം നിന്നാണത് നടപ്പാക്കിയത്.
ഇന്നങ്ങനെയൊരു പ്രഖ്യാപിത അടിയന്തിരാവസ്ഥയില്ല. എന്നാൽ ബ്രഹ്ത് പറഞ്ഞതു പോലെ അടിയന്തരാവസ്ഥയെക്കാൾ ഭയമാണിന്ന് ഭരണം. സംശയത്തിന്റെയും വെറുപ്പിന്റെയും വ്യാപകമായിക്കൊണ്ടുവരുന്ന ഒരുതരം സാമൂഹ്യ മനോരോഗമാണിന്ന് ചുറ്റും. അയൽവാസി തന്നെയോ, ഒരപരവേഷധാരിയോ, രാവിലെ കോളിങ് ബെല്ലടിക്കുന്ന ഒരു സന്ദർശകനോ, അടുത്തിരിക്കുന്ന അപരിചിതനായ യാത്രക്കാരനോ ആരുടെ രൂപത്തിലും മരണമെത്താമെന്ന സംശയം, ആരുടെ സഞ്ചിയിലും ഒരു വാളോ തോക്കോ ഒരു കന്നാസ് പെട്രോളോ ഉണ്ടാകാമെന്ന സംശയം. എവിടെയും എപ്പോഴും ഇങ്ങനെ ഭരണകൂടം തന്നെ സൃഷ്ടിച്ചു വിട്ട ഭൂതങ്ങളുണ്ടാകാമെന്ന പേടി. ഈ ഭയമാണിന്ന് ഭരിക്കുന്നത്.
നിങ്ങളൊരന്യമതസ്തനാകണമെന്നില്ല. ഒരവിശ്വാസിയോ സന്ദേഹിയോ രാമനിലും റഹിമിലുമെല്ലാം ബ്രഹ്മത്തെക്കാണുന്ന ബ്രഹ്മവാദിയോ ആരുമാകാം. മതത്തിനകത്തു തന്നെ മതഭേദമുളളവനാകാം. സ്വതന്ത്ര ചിന്തയുള്ളവരാകാും. ഇത് നിങ്ങളുടേതല്ലാത്ത ഒരപരിചിത ദേശമാണെന്ന ഭയം. അതാണിന്നിന്ത്യ.
ജാതിയും മതവും നാട്ടുഭേദങ്ങളും പരസ്പരം തിരിച്ചറിയാത്ത ഭാഷാവേഷഭേദങ്ങളുമെല്ലാമായി ശിഥിലമായിരുന്ന രാജ്യമാണ് കൊളോണിയൽ അടിമത്തത്തിന് സാഹചര്യമൊരുക്കിയത്. ഈ ഭേദങ്ങളെയെല്ലാം ഒരു ചരടിൽ കോർത്ത് ഒരു രാഷ്ട്രത്തെ ഉദ്ഗ്രഥിച്ചെടുക്കുന്നതായിരുന്നു ദേശീയ പ്രസ്ഥാനവും ഗാന്ധിയും ഏറ്റെടുത്ത ദൗത്യം. ബഹുലതകൾ കോർത്തെടുത്ത ദേശീയ ഐക്യത്തെയാണിന്ന് ഏകപക്ഷീയമായി ശിഥിലമാക്കുന്നത്. ഈ ഏകതയുടെ പ്രതീകമായി ദേശീയപ്രസ്ഥാനം രൂപപ്പെടുത്തിയെടുത്ത ഭരണഘടനയെയും ഭരണഘടനാസ്ഥാപനങ്ങളെയും ജനാധിപത്യത്തെത്തന്നെയും മാത്രമല്ലാതെ ഒരു രാഷ്ട്രത്തെക്കുടെയാണത് തകർക്കുന്നത്.
ഇതൊരു വെറും വാക്കല്ല. ഒരു വശത്ത് ദേശീയത അലറിവിളിക്കുമ്പോൾ തന്നെ സമ്പദ്ശാസ്ത്ര സൂചികകളിലെല്ലാം ഇന്ത്യ റാങ്കിങ്ങിൽ പുറകോട്ടാണ്. കൊട്ടിഘോഷിക്കുന്ന ജി.ഡി.പി യുടെ കണക്കിൽ കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യ നാലിൽനിന്ന് 5ാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ചൈന ഏതാണ്ട് ആറിരട്ടിയോളമാ ണ്. ആളോഹരി വരുമാനത്തിലും ദാരിദ്ര്യ സൂചികയിലുമെല്ലാമത് ബഹുദൂരം പിറകിലിഴയുന്നു. ഏഷ്യയിലെ സമാന സമ്പദ്ഘടനകളായിരുന്ന ദക്ഷിണ കൊറിയക്കും ചീനക്കും മാത്രമൊന്നുമല്ലാതെ ശ്രീലങ്കക്കുവരെ പിറകിൽ.
തീർച്ചയായും, മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളും ഇന്ത്യയിലെ തന്നെ സാഹചര്യങ്ങളും ഈ ദേശീയപമാനത്തെ അധിക കാലം താങ്ങിനിർത്തില്ലെന്നുതന്നെ പ്രത്യാശിക്കാം.