Sabyasachi Das

സബ്യസാചി ദാസിന്റെ പഠനത്തെ
ബി.ജെ.പി. പേടിക്കാൻ കാരണമുണ്ട്

അശോക സർവകലാശാല അധ്യാപകനായ സബ്യസാചി ദാസ്, 2019-ലെ പൊതുതെരഞ്ഞെടുപ്പിനെ കുറിച്ച് നടത്തിയ പഠനവുമായി ബന്ധപ്പെട്ടുനടന്ന പ്രതികാര നടപടികൾ, ആ കണ്ടെത്തലുകൾ ശരിയാണെന്ന് സ്ഥാപിക്കുന്നതാണ്.

"ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ, ജനാധിപത്യത്തിന്റെ പിൻവാങ്ങൽ[Democratic Backsliding in the World’s Largest Democracy]" എന്ന ലേഖനത്തിലൂടെ ഇന്ത്യയിലെ 2019-ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന ജനാധിപത്യക്കശാപ്പിനെ കുറിച്ച് ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തിൽ ഒരു ലേഖനം എഴുതുന്നു, അശോക സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറായ സബ്യസാചി ദാസ്. ഈ ലേഖനം, ഭരിക്കുന്ന സർക്കാരിന്റെ വിജയത്തെ സംശയത്തിന്റെ മുൾമുനയിൽ കൊണ്ടുവരുന്നു എന്ന കാരണത്താൽ, ലേഖകനെതിരെ നടപടിയെടുക്കാൻ അശോക യൂണിവേഴ്സിറ്റിക്ക് കേന്ദ്ര ഗവൺമെന്റിന്റെ തിട്ടൂരം വരുന്നു. ഇതിന്റെ ഭാഗമായി സബ്യസാചി ദാസിന് സാമ്പത്തിക ശാസ്ത്ര അധ്യാപകൻ എന്ന പോസ്റ്റിൽ നിന്ന് നിർബന്ധിത രാജി സമർപ്പിക്കേണ്ടിവന്നു.

രാജി സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് അവിടെ പ്രൊഫസറായിരുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ പുലാപ്ര ബാലകൃഷ്ണൻ രാജിക്കത്ത് എഴുതിക്കൊടുക്കുന്നു. സബ്യസാചിയെ തിരിച്ചെടുത്തില്ലെങ്കിൽ തങ്ങളെല്ലാം രാജിവെക്കുമെന്ന് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ അധ്യാപകർ ഭരണസമിതിക്ക് കത്ത് നൽകുന്നു. ഇംഗ്ലീഷ്, ക്രിയേറ്റീവ് റൈറ്റിങ്, പൊളിറ്റിക്കൽ സയൻസ്, ആന്ത്ര​പ്പോളജി, സോഷ്യോളജി വകുപ്പുകളും സബ്യസാചിക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. വിദ്യാർഥികളും അലുംമിനേയും അക്കാദമിക വിദഗ്ധരുമടങ്ങുന്നവർ, അക്കാദമിക് സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണത്തിൽ പ്രതിഷേധിക്കുന്നു.

ഈ പഠനം, അക്കാദമിക് ലോകത്തുനിന്ന് ഇത്ര വിപുലമായ പ്രതിഷേധമുയർത്തിയത് എന്തുകൊണ്ടായിരിക്കും?

ഇലക്ഷനിൽ വിശ്വാസമില്ല?

ലോകത്താകമാനം ഇലക്ഷനുമായി ബന്ധപ്പെട്ട ജനങ്ങളുടെ വിശ്വാസത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി പഠനങ്ങളെ ഉദ്ധരിച്ച് ഈ ലേഖനത്തിന്റെ ആമുഖത്തിൽ ലേഖകൻ സമർത്ഥിക്കുന്നുണ്ട്. 2007 -13 ഗ്യാലപ്പ് വേൾഡ് പോളിന്റെ അഭിപ്രായത്തിൽ ലോകത്തിലെ 50 ശതമാനം വോട്ടർമാരും തെരഞ്ഞെടുപ്പുകളിൽ വിശ്വാസമില്ല എന്ന് അഭിപ്രായപ്പെടുന്നതായി ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നു.

ലോകത്താകമാനം ഇലക്ഷനുമായി ബന്ധപ്പെട്ട ജനങ്ങളുടെ വിശ്വാസത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി പഠനങ്ങളുണ്ട് / Photo: Public.Resource.Org
ലോകത്താകമാനം ഇലക്ഷനുമായി ബന്ധപ്പെട്ട ജനങ്ങളുടെ വിശ്വാസത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി പഠനങ്ങളുണ്ട് / Photo: Public.Resource.Org

ജനാധിപത്യ പ്രക്രിയയുടെ ശോഷണത്തെയും അധികാര കേന്ദ്രീകരണത്തെയും കുറിച്ചുള്ള പഠനങ്ങൾ ഈ ലേഖനം അവലോകനം ചെയ്യുന്നുണ്ട്. ഹംഗറി, തുർക്കി, പോളണ്ട്, സെർബിയ, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങൾ ഏകാധിപത്യ രാജ്യങ്ങളായി മാറിയെന്ന് റിപ്പോർട്ടുകൾ ഉദ്ധരിച്ച് ലേഖനം ചൂണ്ടിക്കാണിക്കുന്നു. ഇത്തരം വിഷയങ്ങൾ ജനങ്ങളുടെ ആത്മനിഷ്ഠമായ അളവുകോലുകൾ വച്ചാണ് പഠിച്ചിട്ടുള്ളതെന്നും വസ്തുനിഷ്ഠ പഠനങ്ങൾ നടന്നിട്ടില്ലെന്നും അതുകൊണ്ട് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന പഠനം അത്യാവശ്യമാണെന്നും സബ്യസാചി ദാസ് പറയുന്നുണ്ട്.

തെരഞ്ഞെടുപ്പുകൾ ഷെഡ്യൂൾ ചെയ്യുന്നതിന്റെ പക്ഷപാതിത്വത്തെക്കുറിച്ച് 2022- ൽ രാമചന്ദ്രൻ എഴുതിയ പേപ്പറും മുസ്‍ലിം വോട്ടർമാരുടെ പേരുകൾ ഒഴിവാകുന്നതുമായി ബന്ധപ്പെട്ട് 2019-ൽ നടന്ന മൽഹോത്രയുടെ പഠനവും 2019-ലെ തന്നെ ത്രിവേദിയുടെ പഠനവും 2022-ലെ നാക്ക്വിയുടെ പഠനവും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.

സ്വീഡനിലെ ഗോതെൻബർഗ് യൂണിവേഴ്സിറ്റിയിലെ ‘V- Dem’ (വെറൈറ്റീസ് ഓഫ് ഡെമോക്രസി) ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈയിടത്തെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഇലക്ഷൻ കമീഷന്റെ സ്വയംഭരണാവകാശം കുറഞ്ഞുവരുന്നതായി ഈ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ, ഇന്ത്യയുടെ അവസ്ഥ ‘ഫ്രീ’ എന്നതിൽനിന്ന് ‘പാർട്ടി ഫ്രീ’ എന്ന തരത്തിലേക്ക് മാറിയതായും 2021- ലെ റിപ്യൂട്ടി ആൻഡ് സ്ലിപ്പോ വിറ്റ്സിന്റെ പഠനം ഉദ്ധരിച്ച് ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നു. 2023-ലെ ഒരു സുപ്രീംകോടതി ജഡ്ജ്മെന്റിൽ കമ്മീഷന്റെ സ്വയംഭരണാവകാശക്കുറവ് ഉണ്ടാക്കാവുന്ന അപകടങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നതായും ഈ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Representational Image / Photo:  Public.Resource.Org
Representational Image / Photo: Public.Resource.Org

തെരഞ്ഞെടുപ്പുകളോടുള്ള ജനങ്ങളുടെ വിശ്വാസം ലോകത്താകമാനം കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ 2019-ൽ നടന്ന തെരഞ്ഞെടുപ്പിന്റെ കണക്കുകളിൽ ക്രമക്കേടുണ്ട് എന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കാൻ ശ്രമിക്കുന്നത്.

സംഖ്യാശാസ്ത്ര മാതൃകകളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, 2019-ൽ ഭരണകക്ഷിക്ക് ലഭിച്ച ഭൂരിപക്ഷത്തിൽ ചില അസ്വാഭാവികതകൾ കാണാമെന്ന് പഠനം പറയുന്നു. ബി.ജെ.പിയും എതിർ പാർട്ടികളും വാശിയോടെ മത്സരിച്ച പല മണ്ഡലങ്ങളിലും ബി.ജെ.പി ആനുപാതികമല്ലാത്ത വിധം ജയിച്ചു. രാഷ്ട്രീയ സാമ്പത്തികശാസ്ത്രത്തിൽ ഉപയോഗിക്കുന്ന "റിഗ്രഷൻ ഡിസ്കണ്ടിന്യൂവിറ്റി" (RDD) പ്രകാരമുള്ള മാക് ക്രാറി ടെസ്റ്റ് ആണ് ഈ പഠനത്തിൽ ഉപയോഗിച്ച വിശകലന ഉപകരണം. മുമ്പുണ്ടായിരുന്ന ജനറൽ ഇലക്ഷനുകളിൽ ബി.ജെ.പി, കോൺഗ്രസ് എന്നീ പാർട്ടികളിലോ 2019-ൽ തന്നെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലോ കാണാത്തതരം തുടർച്ചയില്ലായ്മയുടെ കുതിച്ചുചാട്ടം 2019-ലെ ജനറൽ ഇലക്ഷനിൽ സംഭവിച്ചതായി ഈ ലേഖനം കണ്ടെത്തുന്നുണ്ട്. ബി.ജെ.പിയുടെ അസ്വാഭാവികമായ, സംശയം ജനിപ്പിക്കുന്ന വിജയം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് എന്നതാണ് സംശയകരം.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പുകളിലെ കുതിച്ചു ചാട്ടത്തെ വിശകലനം ചെയ്യുന്ന മാക് ക്രാറി പരിശോധന ഫലം / Graph: Sabyasachi Das
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പുകളിലെ കുതിച്ചു ചാട്ടത്തെ വിശകലനം ചെയ്യുന്ന മാക് ക്രാറി പരിശോധന ഫലം / Graph: Sabyasachi Das

ഇങ്ങനെയുള്ള കുതിച്ചുചാട്ടം പ്രിസൈസ് കൺട്രോൾ പ്രതിഭാസം വഴിയും വരാമെന്ന് പഠനം തിരിച്ചറിയുന്നുണ്ട്. വളരെ കൃത്യമായ സംഘാടന മികവോടെ തെരഞ്ഞെടുപ്പുകളിൽ കാമ്പയിനുകൾ നടത്തുകയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തന്നെ ഭരണസ്വാധീനം ഉപയോഗിച്ച് ബൂത്തുകളിൽ വോട്ടർമാരുടെ മനോഭാവം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഇത്തരം ഒരു പ്രിസൈസ് കൺട്രോൾ സാധ്യമാണെങ്കിലും നാഷണൽ ഇലക്ഷൻ സർവേയിലെ 2019- ൽ കൂട്ടിച്ചേർക്കപ്പട്ട ചോദ്യം വിശകലനം ചെയ്തതിൽ നിന്ന് അത്തരമൊരു കാര്യക്ഷമമായ, പഴുതടച്ച ഇലക്ഷൻ പ്രചാരണം ഒരു പാർട്ടിയും നടത്തിയിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ബി.ജെ.പി ജയിക്കാൻ സാധ്യതക്കുറവുള്ള മണ്ഡലങ്ങളിൽ അട്ടിമറിവിജയം ലഭിച്ചത് പ്രിസൈസ് കൺട്രോൾ സിദ്ധാന്തം ഉപയോഗിച്ച് വിശദീകരിക്കാൻ സാധ്യമല്ല എന്ന് പഠനം പറയുന്നു.

2019-ലെ ഇലക്ഷനുമായി ബന്ധപ്പെട്ട് രണ്ടുതരം കള്ളത്തരങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് ഈ പഠനം പഠിക്കാൻ ശ്രമിക്കുന്നത്:
1. വോട്ടർപട്ടികയിൽ നിന്ന് ബോധപൂർവം മുസ്‍ലിം പേരുകൾ നീക്കം ചെയ്തിട്ടുണ്ടോ?
2. വോട്ടു രേഖപ്പെടുത്തുന്ന സമയത്ത് കൃത്രിമത്വം നടത്തിയിട്ടുണ്ടോ?


ഈ രണ്ടു കാര്യങ്ങൾ പഠിക്കുന്നതിന് 1977 മുതൽ 2019 വരെയുള്ള പൊതുതെരഞ്ഞെടുപ്പുഫലങ്ങളും 2019 മുതൽ 21 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും പഠനം ഉപയോഗിക്കുന്നുമുണ്ട്. പ്രിസൈസ് കൺട്രോൾ സാധ്യത മനസ്സിലാക്കാൻ നാഷണൽ ഇലക്ഷൻ സർവ്വേയുടെ 2019-ലെ പോസ്റ്റ് പോൾ സർവേ റിസൽട്ടാണ് ഉപയോഗിക്കുന്നുത്.

ഡാറ്റയിലെ കൃത്രിമത്വം മനസ്സിലാക്കുന്നതിന് സർക്കാരിന്റെ തന്നെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നൽകിയ കണക്കുകൾ ഉപയോഗിക്കുന്നുണ്ട്. ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റിൽ 2019-ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 373 അസംബ്ലി നിയോജകമണ്ഡലത്തിൽ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം ആദ്യ ഘട്ടത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ ഓരോ നിയോജകമണ്ഡലത്തിലെയും നിയോജകമണ്ഡലങ്ങളിൽ ഇ വി എം മെഷീൻ പ്രകാരം എണ്ണിയ വോട്ടുകളുടെ എണ്ണവും പ്രസിദ്ധീകരിച്ചു. ഇവ തമ്മിൽ പ്രകടമായ വ്യത്യാസം ഉണ്ടായിരുന്നു. മാധ്യമങ്ങൾ ഈ വ്യത്യാസം ചൂണ്ടിക്കാണിച്ചപ്പോൾ ഇലക്ഷൻ കമ്മീഷൻ ആദ്യം പ്രസിദ്ധീകരിച്ച കണക്കുകൾ വെബ്സൈറ്റിൽനിന്ന് പിൻവലിച്ചു. പിൻവലിക്കുന്നതിനുമുമ്പുള്ള ഡാറ്റ ശേഖരിച്ച് അവ ഈ ലേഖനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, 2019-ലെ ഇലക്ഷനിൽ കൗണ്ടിംഗ് നിരീക്ഷകരായി നിയമിച്ചവരുടെ ലിസ്റ്റുകൾ ഉപയോഗിച്ച് അവരുടെ സർവീസ് വിവരങ്ങൾ പഠനത്തിനായി ശേഖരിച്ചു. ഓരോ സംസ്ഥാനത്തിലെയും 2019-ലെ ജനറൽ ഇലക്ഷനുമായി ബന്ധപ്പെട്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളും ശേഖരിച്ചു.

പോള്‍ ചെയ്ത ആകെ വോട്ടുകളുടെ എണ്ണവും ഇ.വി.എം. പ്രകാരം എണ്ണിയ വോട്ടുകളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം വന്നതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ച പട്ടിക. [Click to Download Full List as HD PDF]
പോള്‍ ചെയ്ത ആകെ വോട്ടുകളുടെ എണ്ണവും ഇ.വി.എം. പ്രകാരം എണ്ണിയ വോട്ടുകളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം വന്നതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ച പട്ടിക. [Click to Download Full List as HD PDF]

പേരുകൾ ഒഴിവാക്കി കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ നിയോജക മണ്ഡലത്തിലെയും മുസ്‍ലിം പ്രാതിനിധ്യത്തെ സംഖ്യാ ശാസ്ത്രത്തിന്റെ ശാസ്ത്രീയ മാർഗമുപയോഗിച്ച് കണക്കുകൂട്ടി. ഈ ഡാറ്റകളാണ് പ്രധാനമായും ഈ പഠനം ഉപയോഗിച്ചത്. മുസ്‍ലിം വോട്ടർമാരെ ബോധപൂർവ്വം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചത്, 2014- ലെ വോട്ടർമാരുടെ എണ്ണത്തെ അപേക്ഷിച്ച് 2019- ലെ വോട്ടർ പട്ടികയിലെ എണ്ണത്തിനുണ്ടായ വളർച്ച ഉപയോഗിച്ചാണ്. അതായത് മുസ്‍ലിം പ്രാതിനിധ്യം കൂടുതലുള്ള (ബി.ജെ.പിക്ക് ജയിക്കാൻ സാധ്യത കുറഞ്ഞ) പോളിംഗ് സ്റ്റേഷനുകളിലുള്ള വോട്ടർ പട്ടികയുടെ വളർച്ചാനിരക്കും ബി.ജെ.പി ജയിക്കാൻ സാധ്യത കൂടിയ (മുസ്‍ലിം പ്രാതിനിധ്യം കുറഞ്ഞ) പോളിംഗ് സ്റ്റേഷനുകളിലെ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ വളർച്ചാനിരക്കും തമ്മിൽ സാംഖ്യശാസ്ത്രപരമായി എടുത്തുപറയാവുന്ന വ്യത്യാസമുണ്ടോ എന്ന് പരിശോധിച്ചു.

വോട്ടർ പട്ടികയിൽ കള്ളത്തരം കാണിച്ചിട്ടില്ലെങ്കിൽ ഇവ തമ്മിൽ എടുത്തു പറയത്തക്ക വ്യത്യാസമുണ്ടാവില്ല. എന്നാൽ മുസ്‍ലിം പ്രാതിനിധ്യം കൂടുതലുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ വോട്ടർപട്ടികയിലെ എണ്ണത്തിൽ മുസ്‍ലിം പ്രതിനിധ്യത്തിൽ 5 ശതമാനം കുറവ് കാണിച്ചു. ഇത് യാദൃച്ഛികമല്ലാത്ത വിധം പ്രകടമായ വ്യത്യാസമാണെന്നും സംഖ്യാശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ഈ ലേഖനം തെളിയിക്കാൻ ശ്രമിക്കുന്നു. അതായത് മുസ്‍ലിം വേട്ടർമാരുടെ പേരുകൾ ബോധപൂർവ്വമായി നീക്കി എന്ന നിഗമനത്തിലേക്ക് ഈ ലേഖനം എത്തിച്ചേരുന്നു.

പോൾ ചെയ്ത വോട്ടുകളും വോട്ടിംഗ് മെഷീനിൽ എണ്ണിയ വോട്ടുകളും തമ്മിലുള്ള അന്തരം സ്വാഭാവികമായ ക്ലറിക്കൽ എറർ ആണെങ്കിൽ, ബി.ജെ.പി ജയിക്കാൻ സാധ്യതയില്ലാത്ത പോളിംഗ് സ്റ്റേഷനിലും ജയിക്കാൻ സാധ്യത കൂടിയ സ്റ്റേഷനുകളിലും സമാനമായ എററായിരിക്കും ഉണ്ടാവുക. എന്നാൽ ബി.ജെ.പി ജയിക്കാൻ സാധ്യത കുറഞ്ഞ ഇടവുമായി താരതമ്യം ചെയ്താൽ, ബി.ജെ.പി ജയിച്ച ഇടങ്ങളിൽ പോൾ ചെയ്തതും എണ്ണിയതുമായ വോട്ടുകളുടെ കാര്യത്തിൽ ഗണ്യമായ വിധം വ്യത്യാസമുണ്ടായിരുന്നു. ഇത്തരം സ്ഥലങ്ങളിലെ നിയമിക്കപ്പെട്ട തെരഞ്ഞെടുപ്പ് നിരീക്ഷകർ ഭൂരിഭാഗവും സംസ്ഥാന സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ്.
ഇത്തരം അപാകതകൾ കണ്ട എല്ലാ പോളിംഗ് സ്റ്റേഷനുകളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് എന്നതും വോട്ടിൽ കൃത്രിമത്വം കാണിച്ചാണ് ബി.ജെ.പി 2019- ലെ തെരഞ്ഞെടുപ്പിൽ ജയിച്ചതെന്ന നിഗമനം ഈ വസ്തുതകൾ ശരിവക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

സബ്യസാചി ദാസിനെതിരായ കേന്ദ്ര സർക്കാറിന്റെ പ്രതികാര നടപടിയുടെ കാരണം ഈ കണ്ടെത്തലുകളിൽ വ്യക്തമാണ്. സാധാരണ ഒരു പഠനലേഖനത്തിനെതിരെ വിയോജിപ്പുണ്ടെങ്കിൽ അതിന്റെ രീതിശാസ്ത്രത്തിലെ പിഴവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് മറ്റ് ലേഖനങ്ങളെഴുതുകയോ ഉപയോഗിച്ച ഡാറ്റയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി ചർച്ച നടത്തുകയോ ചെയ്യുക എന്നതാണ് അക്കാദമിക രീതി. എന്നാൽ ഇവിടെ ലേഖകനെതിരെ സർക്കാർ സംവിധാനം നേരിട്ട് ഇടപെടുന്നു എന്നതു തന്നെ ഈ പഠനം ശരിയാണ് എന്ന തിരിച്ചറിവിലേക്ക് നയിക്കുന്നത്.

ലേഖനത്തിന്റെ
രാഷ്ട്രീയ പ്രസക്തി

2024-ലെ പൊതുതെരഞ്ഞെടുപ്പിനെ മതേതര കക്ഷികൾ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ ദിശാബോധം നൽകുന്നു എന്നതാണ് ഈ ലേഖനത്തിന്റെ രാഷ്ട്രീയ പ്രസക്തി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, പാർട്ടിക്ക് ശക്തി കുറഞ്ഞ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് ന്യായമായ രീതിയിൽ വോട്ടർ പട്ടികയുണ്ടാക്കാനും ശരിയായ രീതിയിൽ വോട്ടിംഗ് നടക്കുന്നുണ്ട് എന്നുറപ്പാക്കാനും ശ്രമമുണ്ടാകേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിയമിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കാനും ഇ വി എം മെഷീൻ സീൽ ചെയ്ത് സൂക്ഷിക്കുന്ന ഇടങ്ങളിലും വോട്ടിംഗ് സമയത്തും കർശന ശ്രദ്ധ ചെലുത്താനും കഴിയുന്ന തരത്തിൽ സംഘടനാശക്തി വിപുലമാക്കേണ്ടതുണ്ട്. ജനപിന്തുണയില്ലാതിരുന്നിട്ടും ജയിച്ചു കയറുന്നവരുടെ കുതന്ത്രങ്ങളെ കൃത്യമായ തന്ത്രങ്ങളിലൂടെ മറികടക്കാൻ കഴിയുമോ എന്നതാണ് 2024-ലെ തെരഞ്ഞെടുപ്പിന്റെ റിസൽട്ടും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയും തീരുമാനിക്കുകയെന്ന് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു.

Comments