മനില സി. മോഹൻ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാപനം, സ്വതന്ത്ര്യ മതേതര റിപ്പബ്‌ളിക് എന്ന ഇന്ത്യയുടെ ഭരണഘടനാ നിർവചനത്തെ, വ്യാഖ്യാനത്തെ ഇല്ലാതാക്കി എന്ന് പറയേണ്ടിവരും. സെക്യുലറായി നിൽക്കുന്ന മനുഷ്യർക്കു മുഴുവൻ നിരാശ തോന്നുന്ന ചരിത്ര സന്ദർഭം കൂടിയാണിത്. സംഘപരിവാർ ഇന്ത്യയെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നാണ് കരുതുന്നത്? ഹിന്ദുത്വ പ്രത്യയശാസ്ത്രം എത്രത്തോളം വിനാശകരമായി ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ ശരീരത്തിൽ പടർന്നിട്ടുണ്ട്?
ടി.എൻ. സീമ: രാമക്ഷേത്ര നിർമാണവും ശ്രീരാമ വിഗ്രഹപ്രതിഷ്ഠയും കുറെ ദശകങ്ങളായി സംഘപരിവാർ സംഘടനകളും വിശേഷിച്ച്, 2014 മുതൽ മോദി സർക്കാരും നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായും ഒരു ഘട്ടത്തിന്റെ പരിസമാപ്തിയായിട്ടും വേണം കാണാൻ. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന വേളയിൽ ഹിന്ദുത്വ വർഗീയവാദികൾ പുതിയ രാഷ്ട്രത്തെപ്പറ്റി മുന്നോട്ടുവച്ച സങ്കൽപ്പങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമല്ല അവർ ഇന്നും പറയുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും. അന്ന് മഹാത്മാഗാന്ധിയെ കൊലപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. പക്ഷെ അവരുടെ ആശയഗതിയെ എതിർത്തു തോൽപ്പിക്കാനും മതനിരപേക്ഷ ഭരണഘടനക്ക് രൂപം കൊടുക്കാനും മറ്റു രാഷ്ട്രീയ പാർട്ടികൾക്കും ഭരണഘടനാശിൽപികൾക്കും കഴിഞ്ഞു. എന്നാൽ 45 വർഷം കഴിഞ്ഞപ്പോൾ തന്നെ ബാബറി മസ്ജിദ് ബലമായി തകർക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് അവർക്ക് രാജ്യത്തെ എത്തിക്കാൻ കഴിഞ്ഞു. ഒരുപക്ഷെ ആ ഡിസംബർ ആറിനാണ് സെക്യുലറായ ഇന്ത്യൻ ജനതക്ക് കൂടുതൽ നിരാശ തോന്നിയിട്ടുണ്ടാകുക.
ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ഒരു പടി കൂടി കടന്നു എന്നു തന്നെയാണ് സംഘപരിവാർ ഇതിനെ കാണുന്നത്. ഇപ്പോൾ ആ ലക്ഷ്യത്തിനുവേണ്ടി പരമോന്നത കോടതി ഉൾപ്പെടെയുള്ള ഭരണകൂടത്തെയാകെ ഏകോപിപ്പിക്കുന്നതിന് അവർക്ക് കഴിയുന്നു എന്നത് ആശങ്കാജനകമാണ്. ജനങ്ങളുടെ മനസ്സുകളിൽ ഭിന്നിപ്പും വെറുപ്പും സൃഷ്ടിച്ചു കൊണ്ടാണ് അവർ അധികാരം കൈയാളുന്നത്. മുസ്‍ലിം ന്യൂനപക്ഷത്തോടു മാത്രമല്ല, തങ്ങൾക്കെതിരെ നില്ക്കുന്ന ആർക്കെതിരെയും വെറുപ്പിന്റെയും ഹിംസയുടെയും വിഷം പ്രസരിപ്പിച്ചാണ് അവർ പ്രവർത്തിക്കുന്നത്. ഇതിനു വേണ്ടി സാധാരണ ജനങ്ങളെ തന്നെയാണ് അവർ പടയാളികളായി ഒരുക്കിനിർത്തിയിരിക്കുന്നത് എന്നതാണ് കൂടുതൽ ഭീതിജനകമായ അവസ്ഥ,
ഒരു ദീർഘകാല പദ്ധതിയിലൂടെ, അതിവിദഗ്ധമായ സോഷ്യൽ എഞ്ചിനീയറിങ്ങിലൂടെയാണ് സംഘപരിവാർ ഭരണകൂടാധികാരവും സാമൂഹികാധികാരവും നേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, അപ്പോഴും എൻ.ഡി.എയ്ക്ക് വോട്ടുചെയ്യാത്തവരാണ് 60 ശതമാനവും. ഇന്ത്യൻ ജനാധിപത്യത്തിൽ നമ്മുടെ പ്രതീക്ഷ എന്താണ്?
ദേശീയാടിസ്ഥാനത്തിൽ നോക്കിയാൽ രാജ്യത്തെ 60 ശതമാനം ജനങ്ങളും ബി ജെ പിക്കോ എൻ ഡി എ കക്ഷികൾക്കോ അല്ല വോട്ടു ചെയ്തത് എന്നത് ശരിയാണ്. എന്നാൽ സംസ്ഥാനങ്ങൾ തിരിച്ചു നോക്കുമ്പോൾ സ്ഥിതി ഒരുപോലെയല്ല. വടക്കും പടിഞ്ഞാറുമുള്ള ഹിന്ദി സംസ്ഥാനങ്ങളിലും ഗുജറാത്തിലും 50 ശതമാനത്തിനടുത്തോ അതിനു മേലെയോ ആണ് ബി ജെ പിയുടെ വോട്ടുവിഹിതം എന്നും കാണേണ്ടതുണ്ട്. പ്രാതിനിധ്യരീതിയിലല്ല തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാൽ അവർക്ക് സ്വന്തം വോട്ടു കൊണ്ടുതന്നെ ഈ സ്ഥലങ്ങളിൽ പ്രതിപക്ഷത്തെ മറികടക്കാൻ കഴിയും.
എന്നാൽ 2019- ലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ കർണാടകം, മഹാരാഷ്ട്ര, ബീഹാർ, തെലങ്കാന തുടങ്ങി പല സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിന് മേൽക്കൈ നേടാൻ കഴിയും. പശ്ചിമബംഗാളിലും ബി ജെ പിക്ക് സീറ്റു കുറയാനാണ് സാധ്യത. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ബി ജെ പിക്ക് ഒരു സീറ്റും കിട്ടാനിടയില്ലല്ലോ. അതിനാൽ വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ പുറത്താക്കാൻ കഴിയും എന്ന പ്രതീക്ഷയുണ്ട്. അതുതന്നെയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയും.
മതം, രാഷ്ട്രീയാധികാരം, മൂലധനാധികാരം എന്നിവയുടെ ആനുപാതിക സങ്കലനമാണ് സംഘപരിവാറിൻ്റെ ഫോർമുല. ഇതിന് ഒരു ബദൽ ഫോർമുല എങ്ങനെ സാധ്യമാക്കാക്കാം എന്നാണ് കരുതുന്നത്?
മതാധിഷ്ഠിത രാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ രാഷ്ട്രീയം, ബി ജെ പിയുടെ ഏകാധിപത്യത്തിനെതിരെ ജനാധിപത്യമൂല്യങ്ങളിലൂന്നിക്കൊണ്ടുള്ള പ്രതിപക്ഷപാർട്ടികളുടെ യോജിച്ച പ്രവർത്തനം, കുത്തകമൂലധനാധികാരത്തിനെതിരെ അതിന്റെ കെടുതികൾ അനുഭവിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളുടെയും സമരൈക്യം എന്നിവ തന്നെയാണ് സംഘപരിവാറിനെതിരെയുള്ള പ്രതിരോധത്തിന്റെ കാതൽ. മോദിസർക്കാർ കൊണ്ടു വന്ന കാർഷിക ബില്ലുകൾക്കെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി കർഷകർ നടത്തിയ ധീരമായ സഹനസമരവും, സി എ എ യ്ക്കെതിരായും പൗരാവകാശസംരക്ഷണത്തിനു വേണ്ടിയും ജനങ്ങൾ തെരുവിലിറങ്ങി നടത്തിയ ശക്തമായ പ്രതിരോധങ്ങളും ചെറുതും വലുതുമായ സംഘടിത തൊഴിലാളി സമരങ്ങളും എല്ലാം ഈ കെട്ട കാലത്തും ചെറുത്തുനിൽപ്പിന് ഊർജ്ജം പകരുന്ന ബദൽ മാതൃകകളാണ്.