സീതാറാം യെച്ചൂരി

യെച്ചൂരിയൻ ഇടതുപക്ഷം

‘‘ഇന്ത്യയിൽ ഇന്ന് സാവധാനം നാമ്പിട്ടുവരുന്ന ജനാധിപത്യശക്തികളുടേയും മതേതര ശക്തികളുടെയും ഐക്യമുന്നണി സംവിധാനത്തിന്റെ ശാസ്ത്രവും കലയും ഉൾക്കൊള്ളാൻ ഏറ്റവും കഴിവുള്ള ഒരാൾ ഇന്ത്യൻ പ്രതിപക്ഷനിരയിൽ ഇന്നുള്ളത് സീതാറാം യെച്ചൂരിയാണെന്ന് കരുതാൻ ന്യായങ്ങളേറെയുണ്ട്’’- വി.കെ. ബാബു എഴുതുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുഖ്യ പ്രതിപക്ഷമായി തീരാൻ ശ്രമിച്ചുകൊണ്ടാണ് ഇന്ന് ഇന്ത്യയുടെ സമഗ്രാധികാരം കൈയാളുന്ന സംഘപരിവാർ ശക്തികൾ തങ്ങളുടെ രാഷ്ട്രീയ പദ്ധതികൾ ആസൂത്രണം ചെയ്തത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭരണകാലയളവിലുടനീളം പ്രതിപക്ഷത്തിന്റെ സ്വരവും പ്രതീകവുമായിത്തീരാൻ അവർ ശ്രമിച്ചു. കോൺഗ്രസ് ഭരണത്തിന്റെ വീഴ്ചകളെ തുറന്നുകാട്ടിയും ഭരണവൈകല്യങ്ങളുടെ ഫലമായി അസംതൃപ്തരായി മാറിക്കൊണ്ടിരുന്ന ജനവിഭാഗങ്ങളെ തങ്ങളുടെ ചിന്താധാരയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രവും അടവും കാലാകാലങ്ങളിൽ സ്വീകരിച്ചുമാണ് ആർ എസ് എസ് നേതൃത്വം നൽകുന്ന സംഘപരിവാർ അത് സാധ്യമാക്കിയത്. ഇന്ത്യൻ പാർലിമെന്റിലെ മുഖ്യപ്രതിപക്ഷമാകും എന്ന് ഒരു കാലത്ത് കരുതപ്പെട്ടിരുന്ന ഇടതുപക്ഷം ഈ സംഘ്പരിവാർ ജൈത്രയാത്രയിൽ ദുർബലമാവുകയാണുണ്ടായത്.

കോൺഗ്രസ് ഭരണത്തിന്റെ ജനവിരുദ്ധ നിലപാടുകളെ ശാസ്ത്രീയമായി സമീപിക്കാനും ബദൽ നയങ്ങളാവിഷ്കരിച്ച് ജനങ്ങളെ അണിനിരത്തി എല്ലാ അർത്ഥത്തിലും പ്രതിപക്ഷമായി തീരാനും അർഹമായിരുന്നത് ഇടതുപക്ഷം, വിശേഷിച്ചും കമ്യൂണിസ്റ്റ് പ്രസ്ഥാനം ആയിരുന്നു. 1952- ൽ രൂപീകൃതമായ ആദ്യ ലോകസഭയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് 16- ഉം അന്നത്തെ സംഘപരിവാർ രാഷ്ട്രീയപ്രസ്ഥാനമായ ഹിന്ദുമഹാഭയ്ക്ക് നാലും അംഗങ്ങളാണുണ്ടായിരുന്നത്. ‘ജവഹർലാൽ നെഹ്‍റുവിനു ശേഷം എ കെ ജി’ എന്ന ഇന്ത്യൻ രാഷ്ട്രീയവൃത്തങ്ങളിലെ സംസാരം പക്ഷേ, സാധിതപ്രായമായില്ല. കോൺഗ്രസിലെ നെഹ്റുയിസ്റ്റ് ധാരയുമായി എൻഗേജ് ചെയ്ത് അതിനെ ഇടതുപക്ഷവുമായി അടുപ്പിച്ചുനിർത്തി ഇന്ത്യൻ മതേതര ജനാധിപത്യ പ്രസ്ഥാനത്തെ ബലപ്പെടുത്താൻ ഇടതുപക്ഷത്തിന് കഴിയാതിരുന്നത് എന്തുകൊണ്ട് എന്നത് ഇന്നും ചോദ്യമായി അവശേഷിക്കുന്നു.

1952- ൽ രൂപീകൃതമായ ആദ്യ ലോകസഭയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് 16- ഉം അന്നത്തെ സംഘപരിവാർ രാഷ്ട്രീയപ്രസ്ഥാനമായ ഹിന്ദുമഹാഭയ്ക്ക് നാലും അംഗങ്ങളാണുണ്ടായിരുന്നത്. ‘ജവഹർലാൽ നെഹ്‍റുവിനു ശേഷം എ കെ ജി’ എന്ന ഇന്ത്യൻ രാഷ്ട്രീയവൃത്തങ്ങളിലെ സംസാരം പക്ഷേ, സാധിതപ്രായമായില്ല.

ഇതിപ്പോൾ ഓർമി(പ്പി)ക്കേണ്ടിവരുന്നത് നിലവിലെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിനെയിരെ ഇന്ത്യൻ രാഷ്ട്രീയ സമരഭൂമികയിൽ ദൃശ്യത നേടിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തിനായുള്ള സംരംഭങ്ങളെ വിലയിരുത്താൻ മുതിരുന്ന സന്ദർഭത്തിലാണ്. ഇന്ന് പക്ഷേ, ഭരണാധികാരം കയ്യാളുന്ന സംഘപരിവാർ ഭരണത്തിനെതിരെ എണ്ണം കൊണ്ട് മുഖ്യ പ്രതിപക്ഷമായി തീരുക എന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കോ ഇടതുപക്ഷത്തിനാകെയോ സ്വപ്നം കാണാൻ കഴിയുന്ന ഒരവസ്ഥയില്ല. എന്നാൽ കക്ഷിരാഷ്ട്രീയത്തിനും അപ്പുറം വളരാൻ വെമ്പുന്ന ഇത്തരമൊരു പ്രതിപക്ഷവേദിക്ക് ആശയങ്ങളുടെ കാര്യത്തിൽ ആരുറപ്പ് നൽകുന്നതിൽ ഇടതുപക്ഷത്തിന് ഏറെ സാധ്യതകളുണ്ട്. ജനാധിപത്യശക്തികളുടെ വിശാലവേദിയാണ് ഇന്നത്തെ ഇന്ത്യൻ ജനതയുടെ പ്രതീക്ഷയും ആവശ്യവും. അത്തരമൊരു വേദിയെ ചലനാത്മകമാക്കാനും അതിന് ശാസ്ത്രീയമായ ദിശാബോധം നൽകാനും ഇന്ത്യൻ ഇടതുപക്ഷത്തിന് കഴിയുമോ എന്നതാണ് സംഘപരിവാർ ഭരണം അവസാനിച്ചുകാണാൻ ആഗ്രഹിക്കുന്ന ഇടതുജനാധിപത്യവാദികൾ ആകാംക്ഷയോടെ നോക്കുന്നത്. ഇന്ത്യയിലെ ഇടതുപക്ഷനിരയിലെ ഏറ്റവും വലിയ പ്രസ്ഥാനം എന്ന നിലയിൽ സി പി ഐ- എം തങ്ങളുടെ ഇടപെടലുകൾ എത്രമാത്രം സമഗ്രമാക്കും എന്നതിനെ ആശ്രയിച്ചാണ് അതിന് ഉത്തരം പറയാനാവുക. ആ പ്രസ്ഥാനത്തിന്റെ ഇന്നത്തെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ ജനാധിപത്യശക്തികൾ ഈ അവസരത്തിൽ ഉറ്റുനോക്കുന്നത്.

ആസന്നമായ ഹിന്ദുത്വ ഫാഷിസത്തിന്റെ അപകടങ്ങളെ തന്റെ രാഷ്ട്രീയജീവിതത്തിന്റെ ആരംഭം മുതൽ സൂക്ഷ്മമായി കണ്ടറിഞ്ഞ് വിശകലനം ചെയ്ത ഇടതുനേതാവാണ് സീതാറാം​ യെച്ചൂരി.

ഇന്ത്യയിൽ ഇന്ന് സാവധാനം നാമ്പിട്ടുവരുന്ന ജനാധിപത്യശക്തികളുടേയും മതേതര ശക്തികളുടെയും ഐക്യമുന്നണി സംവിധാനത്തിന്റെ ശാസ്ത്രവും കലയും ഉൾക്കൊള്ളാൻ ഏറ്റവും കഴിവുള്ള ഒരാൾ ഇന്ത്യൻ പ്രതിപക്ഷനിരയിൽ ഇന്നുള്ളത് സീതാറാം യെച്ചൂരിയാണെന്ന് കരുതാൻ ന്യായങ്ങളേറെയുണ്ട്. അതിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ പൂക്കലിനും കായ്ക്കലിനും യെച്ചൂരിയൻ ഇടതാശയങ്ങളുടെ നനകൾ ആവശ്യമുണ്ട്. ഹിന്ദുത്വ രാഷ്ട്രീയ പ്രൊജക്റ്റുകളെപ്പറ്റിയുള്ളതുൾപ്പെടെ ഒരു ഡസനിലധികം പുസ്തകങ്ങളുടെ രചയിതാവായ യെച്ചൂരി ദശകങ്ങളായി സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ നിശിത വിമർശകനാണ്. ആസന്നമായ ഹിന്ദുത്വ ഫാഷിസത്തിന്റെ അപകടങ്ങളെ തന്റെ രാഷ്ട്രീയജീവിതത്തിന്റെ ആരംഭം മുതൽ സൂക്ഷ്മമായി കണ്ടറിഞ്ഞ് വിശകലനം ചെയ്ത ഇടതുനേതാവാണദ്ദേഹം. കമ്യൂണിസ്റ്റ് ആശയസംഹിതയെ ജനാധിപത്യത്തിന്റെേയും ബഹുസ്വരതയുടേയും വികസിതമായ ദർശനമായി വായിച്ചെടുക്കാനുള്ള സന്നദ്ധത സീതാറാം യച്ചൂരിയുടെ ബൗദ്ധിക ജീവിതത്തിലുണ്ട്. തൊഴിലാളിവർഗ്ഗ രാഷ്ട്രീയ പ്രയോഗങ്ങളെ ഇത്തരം കാഴ്ചപ്പാടിനനുസൃതമായി വികസിപ്പിക്കാനുള്ള ജാഗ്രത അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് പ്രക്ഷോഭജീവിതത്തിലും കാണാം. ജനാധിപത്യപരമായ സംവാദമണ്ഡലങ്ങൾ വികസിപ്പിക്കുന്നതിനുള്ള രാഷ്ട്രീയാഭിലാഷവും പൊതുയോജിപ്പുകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിശാലവേദികളെ സ്വപ്നം കാണാനുള്ള ഭാവനാശേഷിയും അദ്ദേഹത്തിനുണ്ട്.

1977 സെപ്റ്റംബർ 5 ന് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരിക്കെ സീതാറാം യെച്ചൂരി ഇന്ദിരാഗാന്ധിയ്ക്ക് മുൻപിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വായിച്ചുകേൾപ്പിക്കുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ വസതിയ്ക്ക് മുന്നിൽ നിന്നാണ് ചിത്രം. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ലെ പൊതുതെരഞ്ഞെടുപ്പിൽ ഗാന്ധി പരാജയപ്പെട്ടെങ്കിലും സർവകലാശാലയുടെ ചാൻസലറായി തുടർന്നു. ഇതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കേൾക്കാൻ വസതിയിൽ നിന്ന് ഇറങ്ങിയ അവർ അടുത്ത ദിവസം സ്ഥാനം രാജിവച്ചു.

അടിയന്തരാവസ്ഥാ ദിനങ്ങളിൽ ഡൽഹിയിലെ പ്രശസ്തമായ ജവഹർലാൽ നെഹ്‍റു സർവ്വകലാശാലയിൽ എസ് എഫ് ഐ നേതാവെന്ന നിലയിൽ പ്രവർത്തിച്ച് ആ സമഗ്രാധിപത്യ ഭരണത്തെ അദ്ദേഹം ചെറുത്തിട്ടുണ്ട്. ഇന്നിപ്പോൾ അതിനേക്കാൾ അപകടകരമായ ഒരവസ്ഥയെയാണ് രാഷ്ട്രം അഭിമുഖീകരിക്കുന്നത് എന്ന ഭീതിദമായ യാഥാർത്ഥ്യത്തെ മനസ്സിലാക്കാൻ കെൽപ്പുള്ളയാളാണ് യെച്ചൂരി. I.N.D.I.A എന്ന പേരിൽ രൂപീകൃതമായിട്ടുള്ള പ്രതിപക്ഷ മുന്നണിയെ ക്രിയാത്മകമായ ഒരു ബദലായി മാറ്റുന്ന വിധത്തിൽ മുമ്പോട്ട് നയിക്കാനുള്ള ഉത്തരവാദിത്തമാണ് യെച്ചൂരിക്കുള്ളത്. ഈ പൊതുവേദിയുടെ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള സഖാവാണ് സീതാറാം എന്ന് നമുക്കറിയാം. അതിന്റെ നിർവഹണത്തിൽ ഏറെ ജാഗ്രത ആവശ്യമാക്കുന്ന തരത്തിലുള്ള തടസ്സങ്ങൾ സ്വന്തം പാർട്ടിയിൽ നിന്നുൾപ്പെടെ നേരിട്ടാണ് അദ്ദേഹം അതിൽ പങ്കാളിയായത്. അതിനെ മുമ്പോട്ട് കൊണ്ടുപോകുക എന്നത് ഇന്ത്യ എന്ന ജനാധിപത്യ മതേതര രാഷ്ട്രം നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരുടേയും ആഗ്രഹമാണ്. കോൺഗ്രസ് ഉൾപ്പെടുന്ന ഒരു മുന്നണിയെ അകത്തുനിന്നും പുറത്തുനിന്നും നേരിടുന്ന ഭീഷണികൾക്കിടയിലൂടെ ശരിയായ പാതയിലേക്ക് തിരിച്ചുവിടുന്നതിനുള്ള ശ്രമകരമായ ഉദ്യമമാണ് യെച്ചൂരിക്ക് നിർവഹിക്കാനുള്ളത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്നത് ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ട I.N.D.I.A സഖ്യം ജനകീയത കൈവരിക്കുന്നുണ്ട് എന്ന് ഈയിടെ പി ടി ഐ ക്ക് നൽകിയ ഒരു അഭിമുഖത്തിൽ യെച്ചൂരി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത് പ്രസ്തുത ദൗത്യവുമായി അദ്ദേഹം മുമ്പോട്ടുതന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ സൂചനയായി കരുതാം.

ശൈശവാവസ്ഥയിലുള്ള വിശാല ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ കൂട്ടായ്മയെ പ്രബലമായ മതേതര ജനാധിപത്യ ജനപക്ഷ രാഷ്ട്രീയ സഖ്യമായി പരിവർത്തിപ്പിക്കാനുള്ള ഉത്തരവാദിത്തം വന്നുചേരുന്ന പ്രധാന സ്തംഭങ്ങളിലൊന്ന് യെച്ചൂരിയൻ ഇടതുപക്ഷമാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധികാരക്കുത്തക സ്ഥിരമായി നഷ്ടപ്പെട്ട എൺപതുകളുടെ അവസാനം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുന്നണികളുടേയും സഖ്യങ്ങളുടേയും കാലമായിരുന്നു. 1980- ൽ ബി ജെ പി രൂപീകരിക്കപ്പെട്ടശേഷം ആ പാർട്ടി നിരവധിയായ സഖ്യശ്രമങ്ങളിലൂടെയാണ് ഹിന്ദുത്വ ഫാഷിസ്റ്റ് വാഴ്ചയിലേക്കുള്ള അതിന്റെ രാഷ്ട്രീയയാത്ര സംവിധാനം ചെയ്തത്. ഇടതുപക്ഷവും ഇക്കാലയളവിൽ മുന്നണികളുടെ രൂപപ്പെടലുകളിൽ പങ്കാളിയായിട്ടുണ്ട്. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജനവിരുദ്ധമായ നയങ്ങളോടെയുള്ള ഭരണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം മുന്നണികളുടെ രൂപീകരണത്തിന് അക്കാലത്ത് ശ്രമിച്ചത്. ഹർകിഷൻ സിംഗ് സുർജിത് സി പി ഐ- എം ജനറൽ സെക്രട്ടറിയായ കാലത്താണ് ഇടതുപക്ഷത്തിന് അത്തരം മുന്നണികളുടെ പ്രധാന വക്താക്കളും സ്റ്റിയറിംഗ് ഫോഴ്സും ആയിത്തീരാൻ കഴിഞ്ഞത്. മുന്നണിയിലെ അംഗം എന്ന നിലയിലോ സർക്കാറിലെ പങ്കാളി എന്ന നിലയിലോ പദവി ഏറ്റെടുക്കാതെ തന്നെ സി പി ഐ- എമ്മിന് മുന്നണിക്കുപുറത്തുനിന്ന് അവയെ ആശയപരമായി നിയന്ത്രിക്കാൻ കഴിഞ്ഞിരുന്ന കാലഘട്ടമായിരുന്നു അത്. സീതാറാം യെച്ചൂരി പല സന്ദർഭങ്ങളിലും ഇത്തരം സഖ്യസമവായശ്രമങ്ങളിൽ സുർജിത്തിനെ അസിസ്റ്റ് ചെയ്ത പാർട്ടിനേതാവാണ്. അതുപോലെ യു പി എ രൂപീകരണകാലഘട്ടത്തിൽ കോൺഗ്രസ് നേതാക്കളോടൊത്ത് മുന്നണിയുടെ പൊതു മിനിമം പരിപാടി തയ്യാറാക്കുന്നതിലും യെച്ചൂരി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ന് ഇന്ത്യയിൽ രൂപപ്പെട്ടുവരുന്ന കൂട്ടായ്മ സംഘപരിവാർ ഭരണകൂടത്തിന്റെ ചെയ്തികൾക്കെതിരായുള്ളതാണ്. സാമ്രാജ്യവിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന രാഷ്ട്രശരീരത്തിന്റെ ഓരോ കോശസ്ഥലിയേയും തകർക്കുന്ന ഹിന്ദുത്വ പ്രൊജക്ടിനെതിരെയാണ് അത് ഉന്മുഖമായിട്ടുള്ളത്. മുമ്പ് മുഖ്യാധാരാ ഇടതുപക്ഷം വിഭാവനം ചെയ്ത് നടപ്പാക്കാൻ ശ്രമിച്ചിരുന്നതുപോലെ കോൺഗ്രസിനെതിരെയുള്ളതോ, ബി ജെ പിക്കും കോൺഗ്രസിനും ഒരുപോലെ എതിര് എന്ന നിലയിലുള്ളതോ അല്ല അത്. സാമൂഹ്യജീവിതത്തിന്റെ നാനാ കോണുകളിലും നിന്ന് ഉയർന്നുവരുന്ന ജനാധിപത്യത്തിനുവേണ്ടിയുള്ള സർഗ്ഗാത്മക പ്രതിരോധങ്ങളുടെ പ്രകാശനവേദി എന്ന നിലയിലാണ് ഈ പ്രതിപക്ഷസഖ്യം തിടംവെയ്ക്കുന്നത്. ശൈശവാവസ്ഥയിലുള്ള അത്തരമൊരു വിശാല ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ കൂട്ടായ്മയെ പ്രബലമായ മതേതര ജനാധിപത്യ ജനപക്ഷ രാഷ്ട്രീയ സഖ്യമായി പരിവർത്തിപ്പിക്കാനുള്ള ഉത്തരവാദിത്തം വന്നുചേരുന്ന പ്രധാന സ്തംഭങ്ങളിലൊന്ന് യെച്ചൂരിയൻ ഇടതുപക്ഷമാണ്.

വിവിധ പ്രാദേശിക പ്രസ്ഥാനങ്ങളുടേയും ജനവിഭാഗങ്ങളുടേയും ഒരു കൂട്ടായ്മയുടെ സ്വഭാവം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവരുന്ന പ്രതിപക്ഷത്തിന് തീർച്ചയായും ഉണ്ട്. അത്തരമൊരു കൂട്ടായ്മയെ ഇണക്കുന്ന കണ്ണിയായി വർത്തിക്കാൻ ഇടതുപക്ഷത്തിനും അതിന്റെ നേതാവായ യെച്ചൂരിയ്ക്കുമായിരിക്കും കഴിയുക.

അത്തരമൊരു മുന്നണിയെ കേവലം തിരഞ്ഞടുപ്പു സന്ദർഭത്തിലുള്ള രാഷ്ട്രീയപാർട്ടികൾ മാത്രമടങ്ങിയ ഒരു സഖ്യമായി വിഭാവനം ചെയ്തുകൂടാ. ഹിന്ദുത്വ ഫാഷിസത്തിന്റെ നാനാവിധ കടന്നുകയറ്റങ്ങളോട് പ്രതിഷേധിക്കുന്ന കീഴാള സാമൂഹ്യപ്രസ്ഥാനങ്ങൾ, ന്യൂനപക്ഷാവകാശ പ്രസ്ഥാനങ്ങൾ, എഴുത്തുകാർ, ആർട്ടിസ്റ്റുകൾ, മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ, സ്ത്രീപ്രസ്ഥാനങ്ങൾ തുടങ്ങി വിശാലമായ ഒരു കൂട്ടായ്മയാണത്. അത്തരമൊരു ബൃഹത് കൂട്ടായ്മയ്ക്ക് രാഷ്ട്രീയമായ ദിശാബോധം നൽകി അതിന്റെ കാതലായി വർത്തിക്കാൻ കഴിയുക ഇടതുപക്ഷ ആശയങ്ങൾക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുമാണ്. ഇന്നത്തെ സാഹചര്യത്തിൽ ഒരു വ്യക്തിയെ ആ ഇടതുപക്ഷത്തിന്റെ പ്രതിനിധി എന്ന നിലയിൽ ചൂണ്ടിക്കാണിക്കണമെങ്കിൽ പ്രാഥമികമായി പരിഗണനയിൽ വരുന്ന പേര് സീതാറാം യെച്ചൂരിയുടേതാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘപരിവാർ വിരുദ്ധ രാഷ്ട്രീയകക്ഷികളിലെ പ്രവർത്തകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടതുനേതാവും യെച്ചൂരി തന്നെയാണ്. പരസ്പരം ഏറ്റുമുട്ടുന്ന ഇന്നത്തെ കേരളീയ തിരഞ്ഞെടുപ്പ് സന്ദർഭത്തിൽ യു എഡി എഫു കാർക്കുപോലും സി പി ഐ- എം കാരനായ യെച്ചൂരി സമ്മതനാണ്.

ഹർകിഷൻ സിംഗ് സുർജിത്

ഇന്ത്യൻ ഫെഡറലിസത്തിന്റെ സാധ്യതകളെ വികസ്വരമാക്കുന്ന ഒരു രാഷ്ട്രീയപ്രക്രിയ കൂടിയായിരിക്കും ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള പ്രതിപക്ഷമെന്ന ആശയം. വിവിധ ദേശീയ ജനവിഭാഗങ്ങളുടെ പങ്കാളിത്തവും വിഭവങ്ങളുടെ നീതിപൂർവ്വകമായ വിതരണവും അധികാരത്തിന്റെ കൂടുതലായുള്ള വികേന്ദ്രീകരണവും ഉറപ്പുവരുത്തപ്പെടുന്ന ജനാധിപത്യത്തിന്റെ അടിത്തട്ടിലേക്കുള്ള പ്രയാണം അതിൽ ഉള്ളടങ്ങിയിട്ടുണ്ട്. സാമൂഹ്യനീതിയിലധിഷ്ഠിതമായി കീഴാളജനവിഭാഗങ്ങളെ വിഭവാധികാരത്തിലേക്ക് നയിക്കാനും ഈ വികേന്ദ്രീകൃ സമീപനത്തിന് കഴിയേണ്ടതുണ്ട്. ഇൻക്ലൂസിവായ ഒരു രാഷ്ട്രീയ സമീപനം കൈമുതലായിട്ടുള്ള ഒരു പ്രസ്ഥാനത്തിനേ അത്തരമൊരു രാഷ്ട്രീയപ്രക്രിയയ്ക്ക് തുടക്കമിടാനും പ്രായോഗികമാക്കാനും കഴിയൂ. വിവിധ പ്രാദേശിക പ്രസ്ഥാനങ്ങളുടേയും ജനവിഭാഗങ്ങളുടേയും ഒരു കൂട്ടായ്മയുടെ സ്വഭാവം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവരുന്ന പ്രതിപക്ഷത്തിന് തീർച്ചയായും ഉണ്ട്. അത്തരമൊരു കൂട്ടായ്മയെ ഇണക്കുന്ന കണ്ണിയായി വർത്തിക്കാനും ഇടതുപക്ഷത്തിനും അതിന്റെ നേതാവായ യെച്ചൂരിയ്ക്കുമായിരിക്കും ഏറ്റവും കൂടുതലായി ഇന്ന് ആശയതലത്തിലെങ്കിലും കഴിയുക.

സാർവ്വദേശീയ കാഴ്ചപ്പാടും ലോകത്തെങ്ങും നടക്കുന്ന ജനാധിപത്യപ്രതിപക്ഷത്തിന്റെ മുന്നേറ്റങ്ങളോട് സഹഭാവവും ഉള്ളടങ്ങിയ ആശയപരമായ നേതൃത്വം ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള ഇന്ത്യൻ പ്രതിപക്ഷത്തിന് ആവശ്യമുണ്ട്. വിവിധ രാഷ്ട്രങ്ങളിലുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായും ജനാധിപത്യ കൂട്ടായ്മകളുമായും അടുത്ത ബന്ധവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന അന്താരാഷ്ട്രകാര്യ വിദഗ്ധൻ കൂടിയായ നേതാവാണ് സീതാറാം യെച്ചൂരി. പൊരുതുന്ന ജനതകളോടുള്ള ഐക്യദാർഢ്യവും യുദ്ധവിരുദ്ധതയും വിശാലമായ ആഗോള മാനവിക കാഴ്ചപ്പാടിന്റെ ദൃഢതയും ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള ഇന്ത്യൻ ജനകീയമുന്നണി എന്ന ആശയത്തിൽ ഉൾച്ചേരേണ്ടുന്ന അവശ്യ ഘടകങ്ങളാണ്. ഇടതുപക്ഷത്തിന് സഹജമായ സാർവ്വദേശീയ വീക്ഷണത്തിന് ഇതിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയും. വംശീയതയും സാമ്രാജ്യതാത്പര്യങ്ങളും വരേണ്യബോധവും യുദ്ധോത്സുകമാക്കുന്ന അന്താരാഷ്ട്ര അന്തരീക്ഷത്തെ സമാധാനത്തിന്റെ പക്ഷത്തുനിന്ന് വിലയിരുത്തി നയങ്ങൾ രൂപപ്പെടുത്തിമാത്രമേ ജനകീയ സഖ്യത്തിന് മുമ്പോട്ട് പോകാനാവൂ. പാർട്ടിയുടെ അന്താരാഷ്ട്രവിഭാഗത്തിന്റെ ചുമതല പലതവണ വഹിച്ചിട്ടുള്ള സീതാരാം യെച്ചൂരിക്ക് ഇത്തരം കാര്യങ്ങളിൽ നിലപാടുകൾ പ്രദാനം ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷിക്കാം.

Comments